പലജാതി പക്ഷിക്കൂട്ടങ്ങളുടെ കിടപ്പുമുറിയായ ചീനി മരത്തിന്റെ ചുവട്ടില്‍നിന്ന് തകരം മേഞ്ഞ ബസ്റ്റോപ്പിലേക്ക് തന്നെ കയറിനിന്നു. അതിരാവിലെ ആ ദിഗംബരന്മാരുടെ അമേദ്യം പേറേണ്ടതില്ലല്ലോ ……അനുഭവം തന്നെയാണ് ഗുരു. ഉള്ളതില്‍ ഏറ്റവും നല്ല മഞ്ഞ ചുരിദാറിട്ട് കോളേജിലെ ഫ്രഷേഴ്‌സ് ഡേക്ക് വേണ്ടി ആവേശത്തില്‍ ബസ്സ് കാത്തു നിന്നപ്പോഴാണ് ചീനിചില്ലയിലെ ഒരുത്തന്റെ ശോധനക്രിയ. തലയിലൂടെ വെള്ളക്കറുപ്പ് ഒലിച്ചിറങ്ങി ….. വീട്ടില്‍ ചെന്നതും, അമ്മ അപശകുനം പറഞ്ഞ് ആദ്യത്തെ ദിവസം തന്നെ കോളേജില്‍ പോക്ക് മുടക്കി. ഒരു തവണ വീണ കുഴിയില്‍ വീണ്ടും വീഴാന്‍ മാത്രം പോങ്ങയല്ല ഞാന്‍…. രാമഴയിലെ തൂവാനങ്ങള്‍ പടര്‍ന്ന ബസ് സ്റ്റോപ്പിലെ ഇരുമ്പ് തൂണില്‍ മനപ്പൂര്‍വ്വം ഒന്ന് കൈവെച്ചു. തണുപ്പ് ഇരച്ചു കയറുമ്പോഴുള്ള ആ മേനിഞെട്ടല്‍ എനിക്ക് പണ്ടേ ഇഷ്ടമാണ്. ശരീരം ഒന്നു കുടഞ്ഞു. മനസ്സുണര്‍ന്നു….എത്ര നേരം കാത്തു നില്‍ക്കണം എന്നറിയില്ല ….. പണ്ട് ഈ ചെറു റോഡിലൂടെ പറയാന്‍ ഒരു ബസ്സെങ്കിലും ഉണ്ടായിരുന്നു. അന്നത്തെ ആവേശത്തിന് സിമന്റ് പാകി തകരമേഞ്ഞ് ഒരു ബസ്റ്റോപ്പ് നാട്ടുകാര്‍ ഉണ്ടാക്കുകയും ചെയ്തു. ആ ബസ്സാണെങ്കിലോ……. നഷ്ടം സഹിക്കാന്‍ കഴിയാതെ കുറെക്കാലം ശ്വാസംമുട്ടി ഓടി… അവസാനം ആ ഓട്ടം എന്നെന്നേക്കുമായി നിലച്ചു. വയലോരത്തെ യുവാക്കള്‍ക്ക് ക്യാരംസ് കളിക്കാനും, പന്തുകളി കാണാനുമുള്ള ക്ലബ്ബായി ഇപ്പോഴത് പുനര്‍ജനിച്ചിരിപ്പുണ്ട്. വല്ല ഓട്ടോയും കിട്ടിയാലായി…..കോളേജിലെ പരീക്ഷയ്ക്ക് ഒമ്പതര മണിക്കുള്ളില്‍ ഹാജരാകണം. അതിരാവിലെ ബസ്റ്റോപ്പില്‍ എത്തിയെങ്കിലും എപ്പോഴാണ് അങ്ങാടിയിലേക്ക് എത്താന്‍ കഴിയുക എന്നറിയില്ലല്ലോ…..?
അങ്ങാടിയില്‍ എത്തിക്കഴിഞ്ഞാല്‍ എപ്പോഴും കോളേജ് മുറ്റം വരെ ബസ് കിട്ടും. പത്രക്കെട്ടുമായി ധൃതിപൂണ്ട ചെറുക്കന്മാരുടെ ബൈക്കുകള്‍ പോകുന്നതല്ലാതെ മറ്റു വാഹനങ്ങളൊന്നും എന്നെ വകഞ്ഞു പോയില്ല. ഓട്ടോ വന്നതുകൊണ്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് കനിവു വേണം. അല്ലെങ്കില്‍ വല്ല ചെറുക്കന്മാരും ആയിരിക്കണം. എങ്കിലേ വണ്ടി നിര്‍ത്തൂ…… റോഡിനു കുറുകെയുള്ള തെങ്ങിന്‍ തുമ്പില്‍ ഒന്നുരണ്ടു കാക്കകള്‍ തുറിച്ചു നോക്കിയിരിപ്പുണ്ട്. ഇങ്ങിരിക്കുന്ന ഞാന്‍ അവര്‍ക്കെന്തോ ശല്ല്യം ചെയ്യുന്ന പോലെ കനപ്പിച്ച നോട്ടം. അതിനിടെ കാക്കക്കൂട്ടത്തിലൊരു ധൈര്യവാന്‍ ഓലയില്‍ നിന്ന് പറന്നിറങ്ങി റോഡില്‍നിന്ന എന്നെ ആഞ്ഞൊന്നു നോക്കിയശേഷം ചാടിചാടി കുറ്റിക്കാട്ടില്‍ നിന്ന് എന്തിന്റെയോ ശവം കൊത്തി പുറത്തെടുത്തു. നീണ്ട രണ്ടു കുടല്‍മാലയുമായി ഓലമടലിലേക്ക് തന്നെ ധൈര്യവാന്‍ ആഞ്ഞു പാറി. കാക്ക കൂട്ടങ്ങളെല്ലാം അപ്പോള്‍ കുതൂഹലം മുഴക്കി ചിറകടിച്ചു. സൂക്ഷ്മ ദൃഷ്ടിയില്‍ അതൊരു പൂച്ചയുടെ ശവമാണെന്ന് മനസ്സിലായി. ഇന്നലെ രാത്രി മഴയത്ത് ഏതോ വാഹനം ഇടിച്ചിട്ടതാവാം…. കാരണം ശവം ചീഞ്ഞിട്ടില്ല. അഴുകിയാല്‍ മൂക്ക് അസ്വസ്ഥമാവേണ്ടതാണല്ലോ….. പാവം…. മഴ കൊണ്ട്, കൊണ്ട് അതിന്റെ ശരീരം മൃദുവായതിനാല്‍ കാക്കകള്‍ക്ക് കൊത്തിച്ചീന്താന്‍ സുഖം…. വീണ്ടും വിദൂരതയിലേക്കൊന്നു നോക്കി….. ഇല്ല ഒരു വാഹനവുമില്ല. അച്ഛന് കാടാറുമാസങ്ങള്‍ ഒഴിഞ്ഞ നേരമേയില്ല. കുടിച്ചുറങ്ങി വീണ്ടും കുടിക്കാനായി എണീക്കുന്നതാണ് അച്ഛന്റെ പ്രകൃതം. ഒരു സ്‌കൂട്ടറുള്ളത് നേര് തന്നെ, പക്ഷേ അതുകൊണ്ട് എന്ത് പ്രയോജനം…? കാക്ക കൂട്ടങ്ങള്‍ അങ്ങിങ്ങായി നിരീക്ഷിച്ചു തന്നെ ഇരിപ്പുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുസൃതിക്കാലങ്ങള്‍ ഓര്‍മ്മവരും. ചില ആളൊഴിഞ്ഞ ഇടങ്ങളില്‍ ചില കുസൃതികള്‍ ഞാന്‍ പയറ്റാറുമുണ്ട്. കൈകുമ്പിളില്‍ ഒരു കല്ല് സങ്കല്‍പ്പിച്ച് വായുവിലേക്കായി ഒരേറങ്ങ് കൊടുത്തതും അങ്ങിങ്ങായി കൂട്ടം കൂടിയ ശവംതീനികള്‍ ഒന്നിച്ചു കൂട്ടംതെറ്റി പാറി. എനിക്ക് ചിരി വന്നു….. ഞാന്‍ ഉറക്കെ ചിരിച്ചു……. കൈ കൊട്ടാന്‍ തോന്നി……ഉറക്കെ കൈകൊട്ടി….. തകര ഇടയ്ക്കിടെ പതിയെ ശബ്ദിക്കുന്നുണ്ട്…. ചില തലതിരിഞ്ഞ വിരുതന്മാരുടെ കാഷ്ടം തകരയില്‍ വീഴുന്നതാവാം ആ ശബ്ദം. അതിന്റെ നീരസം കൊണ്ട് കവിള്‍ വലിയുന്നു.
അപ്പോഴാണ് വാസര മര്‍മരങ്ങള്‍ക്കിടയിലൂടെ ഒരു വാഹന മുഴക്കം ചെവിയില്‍ പതിയെ അരിച്ചെത്തിയത്. ഉടനെ എന്റെ പ്രതീക്ഷകള്‍ കടിഞ്ഞാണ്‍ വിട്ടു. പിന്നീട് വിദൂരതയിലേക്ക് കണ്‍പാര്‍ത്തിരിപ്പായി. പക്ഷേ ഓട്ടോയുടെ തൃക്കണ്ണു പ്രതീക്ഷിച്ചിടത്തോ…….! ഇരു കണ്ണുകള്‍….. ഉള്ളം വീണ്ടും പെരുത്തു. അതിന്റെ ഫലമായി ആരോടെന്നില്ലാതെ ഉള്ളില്‍ ശാപവാക്കുകള്‍ ഒഴുകി വറ്റി. ഒരു വെള്ളക്കാറ് അരിച്ചടുക്കുന്നുണ്ട്. കണ്ണുകള്‍ വീണ്ടും കാക്കകളെ തന്നെ പരതിയെങ്കിലും ഒന്നിനെ പോലും കണ്ടുകിട്ടിയില്ല. എന്റെ കുസൃതിയില്‍ അവറ്റകള്‍ ശരിക്കും ഭയന്നിരിക്കണം. ഒറ്റയും തെറ്റയുമായി എവിടെയെങ്കിലും നിരീക്ഷിച്ചിരിപ്പുണ്ടാവും. കാറ് അടുത്തടുത്തു വന്നു. ജലകണങ്ങള്‍ പതിഞ്ഞ മുന്‍കണ്ണാടിയിലൂടെ ഡ്രൈവറെ മങ്ങി കാണാം. വീണ്ടും ഉള്ളം വിറക്കാന്‍ വേണ്ടി തൂവാനങ്ങള്‍ ഞെക്കി പിഴിഞ്ഞ് തൂണില്‍ മുഷ്ടിചുരുട്ടി. ഹൃദയം ഉദ്ധൃതമായി…. കണ്ണുകള്‍ ഇമവെട്ടി…. സര്‍വ്വ പേശികളും പിടഞ്ഞെണീറ്റു…
അപ്പോഴേക്കും തീര്‍ത്തും അപ്രതീക്ഷിതമായി ആ വെളുത്ത കാര്‍ എന്റെ മുന്നിലായി ഒതുങ്ങി നിന്നുന്നു. വെള്ളക്കാറിന്റെ പുറകിലെ കറുപ്പാവരണ കണ്ണാടി പാതി താഴ്ത്തി രണ്ടു കണ്‍മഷി കണ്ണുകള്‍ സ്‌നേഹാര്‍ദ്രമായി മുഖത്തേക്ക് നോക്കി നില്‍ക്കുന്നു.
‘മോളെ ….. കയറിക്കോളൂ അങ്ങാടിയില്‍ ഇറങ്ങാം….. ഇവിടെ ഇന്നേരം ബസ്സ് ഇല്ലല്ലോ……’
അപരിചിതത്വം തോട് പൊട്ടിച്ചാടിയ എന്റെ കണ്ണുകളെ കണ്ടിട്ടാവണം ചേച്ചി ഒന്നു ചിരിച്ചു.
‘ഞങ്ങളെ രണ്ടുപേരെയും ഇവര്‍ കയറ്റിയതാ ….. ഞങ്ങളും അങ്ങാടിയിലേക്കാണ് ….. മോള് വേണമെങ്കില്‍ പോന്നോളൂ……’
അകത്തേക്ക് കണ്ണോടിച്ചപ്പോള്‍ നടുവില്‍ ഒരാളകന്ന് മറുവശത്ത് മറ്റൊരു ചേച്ചി എന്റെ കണ്ണുകളെ ഉടക്കി ചിരിച്ചിരിപ്പുണ്ട്.
‘ചേച്ചി….. വേദനിച്ചോ……? സോറിട്ടോ….’ കണ്മഷി പൂശിയ കണ്ണുകളുള്ള ചേച്ചിയോട് ക്ഷമാപണം നടത്തി അമര്‍ന്നിരുന്നു. രണ്ടു ചേച്ചിമാരുടെയും നടുവിലായി ഒരുക്കിയ ഇരിപ്പിടത്തിലേക്കുള്ള ദ്രുതഗതിയില്‍ ചേച്ചി കാലുവലിച്ച് എരുകൊണ്ടത് ഞാന്‍ കേട്ടിരുന്നു.
‘ഹേയ് സാരല്യാ…. അതിനെന്തിനാ സോറി …..’
അവര്‍ കുലീനയായി. ഞാന്‍ ഇളിഭ്യയായി ഒത്ത നടുവില്‍ ചാരിയിരുന്നു. രണ്ടു ദിക്കിലെ ആവരണങ്ങളും ഉയര്‍ത്തപ്പെട്ടതോടു കൂടി വണ്ടി ചലിക്കാന്‍ തുടങ്ങി.
‘ഹായ്…….എവിടെ പഠിക്കുന്നെ ……..’ ഡ്രൈവര്‍ വണ്ടിയോടിക്കുന്നതിനിടെ ഒരു കൈ മുകളിലേക്ക് ഉയര്‍ത്തി ചോദിച്ചു. കവുങ്ങിന്‍ തണ്ടുപോലെ കറുപ്പില്‍ വെളുത്ത പാടുവീണ തടിച്ച ഒരു കൈയ്യായിരുന്നു അത്.
‘അങ്ങാടിയില്‍ ഇറങ്ങിയേച്ചാല്‍ മതി ചേട്ടാ…..’ പറയുമ്പോള്‍ വാക്കു വിക്കുന്ന പോലെ തോന്നി.
‘കൈ കണ്ടു പേടിക്കേണ്ടെന്നെ….. വെള്ളപ്പാണ്ടാ… പാവം…..’
ഇതുവരെ ഒന്നും ഉരിയാടാതെ അടുത്തിരുന്ന ചേച്ചി തന്റെ കൈകൊണ്ട് എന്റെ തോളിളക്കി പറഞ്ഞു. പറയും നേരം അവരുടെ ചുണ്ടുകളില്‍ ഒരു ചിരി തെളിഞ്ഞിരുന്നു. ഘോരാന്ധ കാരത്തിലേക്കുള്ള ഗുഹാകവാടം പോലെ തോന്നിക്കുന്ന ഒരു ചിരി. ഭയം ഇരച്ചു കയറാന്‍ തുടങ്ങി. നാലു മൂലയിലേയും കറുത്ത കണ്ണാടിയില്‍ നിന്ന് അനേകം കരിങ്കണ്ണുകള്‍ അന്നേരം ഹൃദയത്തിലേക്ക് ആഴ്ന്നു നോക്കി നില്‍ക്കുന്നു. പാതയോരത്തെ മഴക്കെട്ടിലൂടെ ഊക്കോടെ ചക്രം പായുമ്പോള്‍ ഈര്‍ച്ചവാള്‍ മൂളുന്ന ശബ്ദം നേര്‍ത്ത പോലെ ചെവിയില്‍ ഇടക്കിടക്ക് മുഴങ്ങുന്നുണ്ട്. ചേച്ചിമാര്‍ നിശബ്ദരായി ഡ്രൈവറുടെ സീറ്റിലേക്ക് കണ്‍പാര്‍ത്തിരിപ്പാണ്. ഇറങ്ങാന്‍ പറയണമെന്നുണ്ട് പക്ഷേ സ്വരം മൂകതയുടെ കാരാഗ്രഹ വാസിയായിരിക്കുന്നു. മാത്രമല്ല ചുണ്ടു പതിയെ വിറക്കാനും തുടങ്ങി. കുറച്ചു സമയത്തിനു ശേഷം ഡ്രൈവറുടെ കൈ ഒരാവര്‍ത്തികൂടി ഉയര്‍ന്നു. കാറിനു മുകളിലെ ലോഹ ഭിത്തിയില്‍ അയാളുടെ നാലുവിരലാല്‍ കുതിര മണ്ടി. ഒരു നിര്‍ദേശ പാലകയായി കണ്‍മഷിക്കണ്ണുള്ള ചേച്ചി തന്റെ നനുത്ത ചുണ്ടുകള്‍ എന്റെ ചെവി കുറ്റിയില്‍ പതിയെ ചാര്‍ത്തിയതും, ഞാന്‍ ചെവിടടച്ചു. സ്വരം തടവുചാടി…….
‘എനിക്ക് ഇറങ്ങണം’…….
‘അങ്ങാടി കഴിഞ്ഞെന്ന് എനിക്ക് അറിയാം….. എനിക്ക് ഇറങ്ങണം വണ്ടി നിര്‍ത്തൂ ……’ എന്റെ കൈ പിടിച്ചു മാറ്റി വീണ്ടും ചേച്ചിയുടെ ചുണ്ട് ചെവിയോടുചേര്‍ന്നു. ചെവികൊടുക്കാതെ അലറി ….
‘എനിക്ക് ഇറങ്ങണം …… അങ്ങാടി കഴിഞ്ഞു …… അച്ഛനോട് പറയും ഞാന്‍ …… എന്നെ ഇറക്കൂ ……’
ലോഹ ഭിത്തിയില്‍ ഒരാവര്‍ത്തികൂടി അശ്വങ്ങള്‍ പാഞ്ഞു….. ശാന്തമായി ഇരിക്കുന്ന ചേച്ചിയുടെ കരിങ്കൂവളം വിടര്‍ന്ന കണ്ണുകളില്‍ താമ്ര വര്‍ണം തിളച്ചു. അവരുടെ കൈത്തടം കനത്ത രീതിയില്‍ എന്റെ ചുണ്ടോടു ചേര്‍ന്നതും ഉമിനീരില്‍ നിണംവിടര്‍ന്നു …..
‘എങ്കില്‍ വേണ്ട ….ഈ മാംഗോ ജ്യൂസ് കുടിക്കൂ……’
ഒരു ഗ്ലാസ്സ് എന്റെ നേരെ നീട്ടി പറയുമ്പോള്‍…. ഒരാവര്‍ത്തി കൂടി ആ കണ്‍മഷി കണ്ണുകളില്‍ ദയാവായ്പ് കണ്ടു. ഭയം ഉറഞ്ഞ മേനിയില്‍ ദാഹം വാ വിടും, പക്ഷേ അര ഗ്ലാസ് മാംഗോ ജ്യൂസിന് അണക്കാനാവുന്നതാണോ എന്റെ ദാഹക്കനല്‍…..? ഗ്ലാസ്സ് തട്ടിമാറ്റി നിരസിച്ചു. ഉടനെ പുത്തനുടുപ്പില്‍ ഒന്ന് രണ്ടു മഞ്ഞ തുള്ളികള്‍ വീണലിഞ്ഞു. വീണ്ടും മുകളിലെ ലോഹ ഭിത്തിയിലൂടെ അശ്വങ്ങള്‍ പരക്കം പായാന്‍ തുടങ്ങി. മറു സീറ്റിലെ ചേച്ചി കൈ ഓങ്ങിയതും, ഗ്ലാസ് വാങ്ങി ഒറ്റ മോന്തല്‍. തല്‍ക്ഷണം തലയില്‍ മാവുപൂത്തു. സിരകള്‍ ഉദ്ദീപിച്ചു…….. ഞാന്‍ ഡോറിലെ വലിപ്പിലേക്കായി കയ്യോങ്ങി. ചേച്ചിമാര്‍ നിശബ്ദരായി എന്നെ നോക്കിയിരിക്കുന്നേയുള്ളൂ. ഉപദ്രവിക്കുന്നില്ല. ഇനി എനിക്ക് ഇറങ്ങാം…. ലോഹ ഭിത്തിയില്‍ കുതിരപ്പോരില്ല. സര്‍വ്വം നിശ്ചലമായിരിക്കുന്നു. വാഹനം പതുപതുങ്ങിയിരിക്കുന്നു… ഒത്ത അവസരം തന്നെ. എനിക്ക് ചാടി ഇറങ്ങാം….. വാവിളിച്ചോടാം…. ഇരിപ്പിടത്തില്‍ നിന്ന് കുതറി എണീറ്റതും കൊടുങ്കാറ്റിലെ മരവീഴ്ച്ച പോലെ കണ്മഷിക്കണ്ണുള്ള ചേച്ചിയുടെ മടിക്കുത്തിലേക്ക് എന്റെ ശിരസ്സടങ്ങിയ ശരീരം ലംബമായി പതിച്ചു. അന്നേരം തലയില്‍ തേനീച്ച മൂളി. എപ്പൊഴോ ഓര്‍മകെട്ടു.
ഒരു ദിവസം പഴക്കം ചെന്നിട്ടും കാക്കകള്‍ ബാക്കിവെച്ച പൂച്ചയുടെ ശവം നാറുന്നേയില്ല. എന്നാലും അതിന്റെ കിടപ്പ് അലോസരം തന്നെ. കുടലുചാടി, കണ്ണുന്തി, വിറങ്ങലിച്ച്…….. കാക്കകള്‍ പാദം തൊട്ടു ഇക്കിളി കൂട്ടുന്നുണ്ട്. തീരുമാലിത്തരത്തില്‍ പേടിച്ചവയെല്ലാം അഹങ്കാരത്തോടെ ചിരിക്കുകയും കൂടി ചെയ്യുന്നു. ചീനിച്ചില്ലയില്‍ നിന്ന് പുരീഷ1ങ്ങള്‍ വീഴുന്നതിന് ഒരറുതിയുമില്ല. അതും മുഖത്തോട്ട്. നശൂലങ്ങള്‍ …..
മന്നിടത്തരിപ്പ് ഏറ്റപ്പോഴാണ് ശ്രദ്ധിച്ചത് ഏതോ വണ്ടി വരുന്നുണ്ട്… ഹാവൂ… ദൈവമേ ഒറ്റക്കണ്ണന്‍ തന്നെ ……മുച്ചക്രംതന്നെ….. സാക്ഷാല്‍ ഓട്ടോറിക്ഷ … പക്ഷേ കഷ്ടം അല്ലാതെന്തു പറയാനാ…
ഓട്ടോ എന്റെ അടുത്ത് നിര്‍ത്തിയതും ഹമ്മോ എന്ന് നിലവിളിച്ച്…….! ഡ്രൈവര്‍ ദൂരത്തേക്കുപാഞ്ഞു. അന്നേരം തന്നെ ജീവനറ്റ ഒരു ചീനിയില എന്റെ കണ്ണിനേ പാടെ മൂടുകയും ചെയ്തു……..
1.പുരീഷം – കാഷ്ഠം