(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണപ്രഭാഷണത്തിന്റെ പൂര്‍ണരൂപം)
ഞാന്‍ സംഘപ്രചാരകനായ സമയത്ത്, അനുഭവസമ്പന്നരായ ശ്രീ വസന്തറാവു ഓകിനെപ്പോലുള്ളവര്‍ ദില്ലിയില്‍ സക്രിയ പ്രവര്‍ത്തനത്തിലായിരുന്നു. ആബാജി ഥത്തെ, ബാബുറാവു ചൗഥായിവാലെ എന്നിവര്‍ക്ക് ശ്രീ ഗുരുജിയുമായി വളരെ അടുപ്പമുണ്ടായിരുന്നു. മാത്രമല്ല, സാമൂഹിക തലത്തില്‍ അവര്‍ക്ക് കൂടുതല്‍ ആദരവും ലഭിച്ചിരുന്നു. എന്നാല്‍ മഹാന്മാര്‍ക്കൊപ്പം നിരന്തരം ജീവിച്ചു എന്ന കാരണത്താല്‍ അവരുടെ വ്യക്തിത്വത്തെ പൂര്‍ണമായും മനസ്സിലാക്കാനായി എന്ന് പറയാനാവില്ല. ഒരു ചൊല്ലുതന്നെയുണ്ട്: താമരയും തവളയും ചേറില്‍ ഒരുമിച്ചു കഴിയുന്നു എന്നതുകൊണ്ട് തവളക്ക് താമരയെ ഗുണനിരൂപണം ചെയ്യാനാവും എന്നവകാശപ്പെടാനാവില്ല. അബ്രഹാം ലിങ്കന്റെ പത്‌നി ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം ജീവിച്ചുവെങ്കിലും അദ്ദേഹം വധിക്കപ്പെട്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ പത്‌നിയെ ഒഴിപ്പിക്കാന്‍ ബലപ്രയോഗം വേണ്ടിവന്നു!
കീര്‍ത്തി പരാങ്മുഖത
സംഘത്തിന്റെ ആന്തരിക യോഗങ്ങളില്‍ ശ്രീ ഗുരുജി, സ്വയംസേവകന്റെ ജീവിതാദര്‍ശത്തെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അലക്‌സാണ്ടര്‍ പോപ്പിന്റെ കവിതയിലെ വരികള്‍ ഇപ്രകാരം ഉദ്ധരിക്കുമായിരുന്നു:
”ആരോരും കാണാതെ, ആരോരുമറിയാതെ വേണമെനിക്ക് ജീവിക്കാന്‍
വിലപിക്കാന്‍ ആരോരുമില്ലാതെവേണം എനിക്ക് മരിക്കാന്‍ ഞാന്‍ ലോകത്തോട് വിടപറഞ്ഞ് പിരിഞ്ഞാല്‍,
ഞാന്‍ എവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നറിയിക്കാന്‍ ഒരു കല്ലുപോലും ഉണ്ടാകരുത്”.
ഇതായിരുന്നു സ്വയംസേവകരുടെ മുന്നില്‍ അദ്ദേഹം വെച്ച ആദര്‍ശം. തന്റെ മരണാനന്തരം തനിക്ക് യാതൊരു സ്മാരകവും നിര്‍മ്മിക്കരുതെന്ന് അദ്ദേഹം വില്‍പ്പത്രം എഴുതിവെച്ചിരുന്നു. തന്റെ ജീവിതാന്ത്യം വരെ അണുവിട വ്യതിചലിക്കാതെ അദ്ദേഹം ഈ ആദര്‍ശത്തില്‍ അടിയുറച്ച് നിലകൊണ്ടു എന്ന് നിശ്ചയമായും പറയാനാകും. സ്വയം മാഞ്ഞ് ഇല്ലാതാകുന്ന ഇത്തരം വ്യക്തികള്‍ക്ക് ഒരിക്കലും സ്ഥാനവലിപ്പത്തെ കുറിച്ചുള്ള ചിന്ത ഉണ്ടാവുകയില്ല. സ്ഥാനചിന്തയുടെ അഭാവം ലോകപ്രസിദ്ധി തേടാന്‍ അവരെ ഒട്ടും അനുവദിക്കില്ല. സ്ഥാനചിന്ത വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. നമ്മുടെ മുതിര്‍ന്ന ഒരു മാര്‍ഗ്ഗദര്‍ശി പറയുന്നത്, ഒരു പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ പുറമെനിന്ന് യാതൊന്നും ചെയ്യേണ്ടതില്ല; അനുയായികള്‍ സുഖകാംക്ഷികളും നേതാക്കന്മാര്‍ സ്ഥാനചിന്തയുള്ളവരുമായി മാറാന്‍ ആവശ്യമായത് മാത്രം ചെയ്താല്‍ മതി! പ്രസ്ഥാനം താനെ നശിച്ചുകൊള്ളും! അതേസമയം വ്യക്തിത്വത്തിന്റെ പ്രകൃതം സ്വയം തേഞ്ഞില്ലാതാകുന്നതാണെങ്കില്‍ സ്ഥാനചിന്ത ഉണ്ടാകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഒരു സ്വയംസേവകന് പെട്ടെന്ന് എവിടേക്കെങ്കിലും യാത്ര തിരിക്കേണ്ടതുണ്ടെങ്കില്‍, ശ്രീ ഗുരുജി സ്വയം അയാളുടെ പെട്ടിയും സാധനങ്ങളുമെല്ലാം ഒരുക്കി അയാളെ സഹായിക്കും. ഇത് പലരും കണ്ടിട്ടുണ്ട്. താന്‍ താമസിക്കുന്ന വീട്ടില്‍ ഗൃഹനായിക ഇല്ലാതിരിക്കുകയും സ്ഥലത്തെ പ്രചാരകന് അടുപ്പിലൊ സ്റ്റൗവിലോ തീകൂട്ടാന്‍ അറിയില്ലെന്ന് വരികയും ചെയ്യുന്ന അവസരത്തില്‍ ശ്രീ ഗുരുജി സ്വയം ആ കാര്യം ചെയ്യുമായിരുന്നു. ഇത്തരം ഔന്നത്യമാര്‍ന്ന വ്യക്തിത്വങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ വിലമതിക്കാനോ സാധാരണക്കാരായ ആളുകള്‍ക്കാവില്ല.
വ്യാപക സമ്പര്‍ക്കം
ശ്രീ ഗുരുജിയുടേത് സ്വയംനിരാകരിക്കുന്ന വ്യക്തിത്വമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, സമ്പര്‍ക്കവലയം എന്നിവയെക്കുറിച്ച് പൂര്‍ണമായും അറിയുക പ്രയാസമാണ്. നമുക്ക് ഒരൊറ്റ ഉദാഹരണം നോക്കാം. സംഘത്തിന്റെ നാഗപ്പൂര്‍ സംഘചാലക് ബാബാ സാഹബ് ഘട്ടാട്ടെയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രീഗുരുജി തന്റെ ജീവിതത്തില്‍ ആദ്യവും അവസാനവുമായി ഒരു സ്ഥാപനത്തിന്റെ ചെയര്‍മാനാകാന്‍ സമ്മതിച്ചു. അതായിരുന്നു ഡോ. മുംഝെ സ്മാരക സമിതി. സമിതിയില്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ശ്രീ ജഗ്ജീവന്‍ റാംജിയെ അംഗമായി ക്ഷണിക്കണമെന്ന ഒരു നിര്‍ദ്ദേശം വന്നു. അദ്ദേഹം സര്‍വാത്മനാ സമ്മതിക്കുകയും ചെയ്തു. ധനസമാഹരണത്തിനുവേണ്ടി തയ്യാറാക്കിയ അഭ്യര്‍ത്ഥനയില്‍ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ശ്രീ ഗുരുജിയുടെയും അംഗമായി ജഗ്ജീവന്‍ റാംജിയുടെയും പേരുകള്‍ ഒരുമിച്ചുവന്നത് അവര്‍ക്കിടയിലുണ്ടായ ഗാഢമായ ബന്ധംകൊണ്ടു മാത്രമായിരുന്നു.
വ്യത്യസ്ത രാജനൈതിക കക്ഷികളിലുള്ളവരുമായി ശ്രീ ഗുരുജിക്ക് വളരെയടുത്ത ബന്ധമുണ്ടായിരുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇതില്‍ പെടുന്നു. 1965ല്‍ സ്ഥാപിക്കപ്പെട്ട ആ ബന്ധം വളരെ ഹൃദ്യമായിരുന്നു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് പ്രിയപ്പെട്ടവരുമായി ഗുരുജിക്ക് ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് ദല്‍ഹിക്കാര്‍ക്ക് അറിവുള്ളതാണ്. ആ ബന്ധം എത്ര ഗാഢമായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലായിരുന്നിരിക്കാം. സര്‍ദാര്‍ പട്ടേലിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാഗപ്പൂരില്‍ നിന്ന് മുംബൈയിലെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് പണ്ഡിറ്റ് രവിശങ്കര്‍ ശുക്ലയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി. തന്റെ വിമാനത്തില്‍ ശ്രീ ഗുരുജിയെ തന്നോടൊപ്പം കൊണ്ടുപോകുവാന്‍ അദ്ദേഹം സന്നദ്ധനായി. ഇത്തരം ബന്ധങ്ങളുടെ ആഴം എല്ലാവരും അറിഞ്ഞിരിക്കില്ല. എന്നാല്‍ ബന്ധങ്ങള്‍ നിലനിന്നിരുന്നു എന്ന് വ്യക്തമാണ്. ഒരു വിശേഷാവസരത്തില്‍ നേപ്പാള്‍ രാജാവ് ഒരിക്കല്‍ നാഗപ്പൂരിലേക്ക് ക്ഷണിക്കപ്പെട്ടു. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ശുഭ കാര്യങ്ങള്‍ നടക്കുന്ന അവസരത്തില്‍ തടസ്സം സൃഷ്ടിക്കുന്നത് സ്വഭാവമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഈ പരിപാടിക്ക് അനുമതി നിഷേധിച്ചു. ഇത്തരമൊരു പരിപാടി നിശ്ചയിക്കല്‍, അതില്‍ പങ്കെടുക്കാന്‍ രാജാവിനെ ക്ഷണിക്കല്‍ മുതലായ കാര്യങ്ങള്‍ ആകസ്മികമായൊന്നും നടത്താനാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്!
ദാദാ ധര്‍മ്മാധികാരിയുടെ ശ്രദ്ധാഞ്ജലി
ശ്രീ ഗുരുജിയെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തോട് അങ്ങേയറ്റം ആദരവ് പുലര്‍ത്തിയവരുടെ ഉദാഹരണങ്ങളും ധാരാളമുണ്ട്. അദ്ദേഹം അന്തരിച്ചതിന്റെ മൂന്നാം ദിവസം നാഗപ്പൂരില്‍ ഒരു അനുശോചനയോഗം നടന്നു. യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ആചാര്യ ദാദാ ധര്‍മ്മാധികാരിജിയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”പ്രസംഗിക്കുമ്പോഴും എഴുതുമ്പോഴും ദേശീയ താല്പര്യങ്ങളൊഴിച്ച് മറ്റൊരു കാര്യത്തെക്കുറിച്ചും യാതൊരു വിധത്തിലും പരാമര്‍ശിക്കാത്ത ഒരൊറ്റയാളെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. ഉദാഹരണത്തിന്, വിശാല മഹാരാഷ്ട്രക്ക് വേണ്ടി നടന്ന പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍, ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടന ദേശീയ ഐക്യത്തിന് ഭാവിയില്‍ വിഘാതം സൃഷ്ടിക്കുമെന്ന് മുംബൈയില്‍ വച്ച് പരസ്യമായി പ്രഖ്യാപിക്കാന്‍ അസാമാന്യമായ ധൈര്യം ഉണ്ടെങ്കിലെ കഴിയൂ. പഞ്ചാബിലും പഞ്ചാബിഭാഷ സംസാരിക്കുന്നവര്‍, പഞ്ചാബിഭാഷക്ക് പകരം ഹിന്ദി തങ്ങളുടെ മാതൃഭാഷയായി രേഖപ്പെടുത്തണം എന്ന് ശഠിച്ചപ്പോള്‍, പഞ്ചാബി ഭാഷ സംസാരിക്കുന്നവര്‍ പഞ്ചാബി തന്നെ തങ്ങളുടെ മാതൃഭാഷയായി രേഖപ്പെടുത്തണമെന്ന് ശക്തമായ അഭിപ്രായമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതും അനിതരസാധാരണമായ ധൈര്യം ആവശ്യമായ ഒരു നടപടിയായിരുന്നു. ദേശീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ ജനപ്രീതിയില്ലാത്ത കാര്യങ്ങള്‍പോലും സത്യസന്ധമായി തുറന്നുപറയാനുള്ള ചങ്കൂറ്റം ഗുരുജിക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു!” ശ്രീഗുരുജിയുടെ ചരമത്തിനുശേഷം ശ്രദ്ധാഞ്ജലിയുടെ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളില്‍ വെച്ച് ഏറ്റവും വൈകാരികവും കാര്യമാത്രപ്രസക്തവുമായ ശ്രദ്ധാഞ്ജലി, ശ്രീ ഗുരുജി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നഖശിഖാന്തം, നിശിതമായി വിമര്‍ശിച്ച ‘ബ്ലിറ്റ്‌സ്’ വാരികയുടേതായിരുന്നു.
”അദ്ദേഹം പല തവണ എത്താത്ത ഏതെങ്കിലും പ്രദേശം ദേശത്ത് ഉണ്ടോ എന്ന് സംശയമാണ്. മുഴുവന്‍ കുലത്തേയും നോക്കി നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന കുലപതിമാരുടെ വിശിഷ്ട പരമ്പരയില്‍ പെട്ട വ്യക്തിയായിരുന്നു അദ്ദേഹം… അദ്ദേഹത്തിന്റെ വൈയ്യക്തിക ജീവിതം ലളിതമായിരുന്നു. സംഘടനാപാടവം അദ്വിതീയമായിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായ യാതൊരു സ്വാര്‍ത്ഥതയും ഉണ്ടായിരുന്നില്ല. തന്റെ ആദര്‍ശപാലനത്തിന്റെ കാര്യത്തില്‍ യാതൊരു ദൗര്‍ബല്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളും ദുര്‍ബലമായിരുന്നില്ല. അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. വഴിതെറ്റി പോകുന്നവരെ തിരിച്ചുകൊണ്ടുവന്ന് അദ്ദേഹം വീണ്ടും അവര്‍ക്ക് പ്രേരണ നല്‍കി. രാജനൈതിക രംഗത്തെ കുറച്ചു നേതാക്കളെങ്കിലും സമര്‍പ്പിതമായ അദ്ദേഹത്തിന്റെ ജീവിതത്തെ മാതൃകയാക്കി സ്വന്തം അനുയായികളുടെ ആദരവും വിശ്വാസവും നേടിയെടുക്കുന്നത് നന്നായിരിക്കും!
ശ്രീ ഗുരുജി ഹിന്ദുധര്‍മ്മം, സംസ്‌കൃതം എന്നിവയെ സംബന്ധിക്കുന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ വ്യാപകമായും ബുദ്ധിപൂര്‍വ്വകമായും അദ്ധ്യയനം ചെയ്തിരുന്നു. അദ്ദേഹം അത്യന്തം വിനീതനും മൃദുഭാഷിയുമായിരുന്നു. അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിയെ അദ്ദേഹത്തിന്റെ ഉത്തരാധികാരിയായി അംഗീകരിക്കുന്നത് ഒരുപക്ഷെ സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണമായി തോന്നാമെങ്കിലും വാസ്തവത്തിലത് സംഘത്തിലെ സുദൃഢമായ അച്ചടക്കത്തിന്റെയും അതിന്റെ ജനപിന്തുണയുടെയും തെളിവാണെന്ന് വേണം പറയാന്‍. ഇന്നത്തെകാലത്ത് കുറച്ചൊക്കെ അച്ചടക്കമുണ്ടെങ്കിലെ ദേശത്തിന് കാര്യമായി എന്തെങ്കിലും നേടാനാകൂ”.
ഏതായാലും, അദ്ദേഹത്തിന്റെ സമ്പര്‍ക്കം എങ്ങനെ, എവിടെ എന്നെല്ലാം മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുജീവിതത്തില്‍, ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ ശരിയും തെറ്റുമൊന്നും നോക്കാതെ അപകീര്‍ത്തിപ്പെടുത്തുന്ന രീതി പൊതുവെ കണ്ടുവരുന്നതാണ്. ”ഒരു കളവ് നൂറ് വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരും” എന്നാണ് ഗീബല്‍സ് പറഞ്ഞത്. ഹിറ്റ്‌ലര്‍ ഒരുപടികൂടി മുന്നോട്ടു പോയി പറഞ്ഞു: ”നിങ്ങള്‍ക്ക് കള്ളം പറഞ്ഞ് ഫലിപ്പിക്കണമെങ്കില്‍ സരളമായ കള്ളം പറയരുത്; പറയുന്നത് കളവാണെന്ന് ആര്‍ക്കും തോന്നാതിരിക്കാന്‍ പാകത്തിന് വമ്പന്‍ ഭോഷ്‌ക്കാണ് പറയേണ്ടത്!”
പ്രചാരണത്തിന്റെ ഇര
ഭാരതത്തില്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും ശ്രീ ഗുരുജി അതിന്റെ ഇരയായിത്തീരുകയുമാണ് ഉണ്ടായത്. പലതരത്തിലുള്ള ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, പുരോഗമനവാദികളെന്ന് പറയപ്പെടുന്ന, ഉത്തരവാദിത്തബോധമില്ലാത്ത സോഷ്യലിസ്റ്റുകാര്‍ അദ്ദേഹം ഒരു പാരമ്പര്യവാദിയാണെന്ന തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണം നടത്തി. ഇതുകേട്ടാല്‍ തോന്നും അവര്‍ പാരമ്പര്യവാദികളല്ലെന്ന്! ഭാരതത്തെ 14-ാം നൂറ്റാണ്ടിലെ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ ശ്രമം; വര്‍ണവ്യവസ്ഥ, ജാതിവ്യവസ്ഥ എന്നിവയുടെ പേരിലുള്ള വര്‍ഗ്ഗീകരണത്തിലാണ് അദ്ദേഹത്തിന് വിശ്വാസം, എന്നിങ്ങനെ പോയി അവരുടെ വാദം. തൊഴിലാളി മേഖലയില്‍ മറ്റ് തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ഞങ്ങള്‍ ഐക്യമുന്നണി രൂപീകരിക്കാറുണ്ട്. ഞങ്ങളുടെ ഐക്യമുന്നണിക്ക് രാജനൈതിക സ്വഭാവം ഉണ്ടാകില്ല. ഐക്യമുന്നണി രൂപീകരിക്കപ്പെട്ടു എന്നതിന്റെ അര്‍ത്ഥം എക്കാലവും നിലനില്‍ക്കുന്ന വൈദിക വിവാഹബന്ധം പോലെയാണെന്ന് തെറ്റിദ്ധരിക്കരുത്. തൊഴിലാളി രംഗത്തെ ഐക്യമുന്നണികള്‍ ബന്ധം വേര്‍പ്പെടുത്താവുന്ന വിവാഹം പോലെയാണ്. ആരുമായും കൂട്ടുകൂടി ഞങ്ങള്‍ ഇത്തരം ഐക്യമുന്നണികള്‍ ഉണ്ടാക്കാറുണ്ട്. ഒരിക്കലത് സോഷ്യലിസ്റ്റുകളുമായി ചേര്‍ന്നുകൊണ്ടായിരുന്നു. അങ്ങനെ, ഒരു യോഗത്തിനുശേഷം ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു.
സ്വാഭാവികമായും ശ്രീ ഗുരുജിക്ക് എതിരായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനം ഉന്നയിച്ചവരുടെ നിലപാട് ശരിയല്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അദ്ദേഹം ജാതിസമ്പ്രദായത്തിന്റെ പക്ഷത്താണെന്ന് അവര്‍ ശക്തമായി വാദിച്ചു. ധാര്‍മ്മിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ആ വിഷയം വളരെക്കാലം മുമ്പ് ഒരു പക്ഷെ നിലനിന്നിരിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ വര്‍ണങ്ങളോ ജാതികളോ നിലനില്‍ക്കുന്നില്ല എന്നാണ് ശ്രീ ഗുരുജിയുടെ നിലപാടെന്ന് ഞങ്ങള്‍ വിശദീകരിച്ചു. ഇന്ന് ഒരു വര്‍ണം (ജാതി) മാത്രമെയുള്ളു; അത് ഹിന്ദുവാണ്. അതുകൊണ്ട് ഇപ്പോള്‍ വര്‍ണത്തെക്കുറിച്ച് പറയുന്നത് തികച്ചും അപ്രസക്തമാണ്. ശ്രീ ഗുരുജി ഇഷ്ടപ്പെടില്ലെന്നതിനാല്‍ സാമൂഹ്യ തലത്തിലെ കൂട്ടിക്കലര്‍ത്തലിന് സംഘത്തിലെ ആളുകള്‍ എതിരാണെന്ന് ഇടതുപക്ഷക്കാര്‍ പ്രചരിപ്പിക്കുമായിരുന്നു. അവരിത്തരം അപ്രസക്തമായ കാര്യങ്ങള്‍ പറയുമ്പോള്‍, അവര്‍ സോഷ്യലിസ്റ്റുകള്‍ ആണെന്നതിനാല്‍ ഞങ്ങള്‍ അവരോട് സഹിഷ്ണുത കാണിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞത് വാസ്തവമല്ലെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ശ്രീ ഗുരുജി ഒരുപക്ഷെ മിശ്രവിവാഹത്തിന് അനുകൂലമായി പ്രചാരണമൊന്നും നടത്തിയിട്ടില്ലായിരിക്കാം. എന്നാല്‍ മിശ്രവിവാഹം കഴിച്ചവരെ അദ്ദേഹം തീര്‍ച്ചയായും അനുഗ്രഹിക്കാറുണ്ടായിരുന്നു.
അപ്പോള്‍ അവര്‍ മറ്റൊരു വാദമാണുന്നയിച്ചത്. രണ്ടിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ അര്‍ത്ഥം അതിന്റെ ആവശ്യകതയില്‍ വിശ്വാസമര്‍പ്പിക്കലാണ്. ഇതിന്, സ്‌നേഹബന്ധങ്ങള്‍ മേലെ നിന്ന് അടിച്ചേല്‍പ്പിക്കുക സാധ്യമല്ല എന്നതായിരുന്നു ശ്രീ ഗുരുജിയുടെ അഭിമതമെന്ന് ഞങ്ങള്‍ വിശദീകരിച്ചു. ഏതായാലും വ്യത്യസ്ത ജാതികളില്‍ പെട്ടവര്‍ മിശ്ര വിവാഹം കഴിക്കുമ്പോള്‍ ശ്രീ ഗുരുജിയുടെ അനുഗ്രഹം തീര്‍ച്ചയായും അവര്‍ക്ക് ലഭിച്ചിരുന്നു. അപ്പോള്‍, ഒരൊറ്റ ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാമോ എന്നായി അവര്‍.
അത് ഞങ്ങളുടെ തന്നെ കുടുംബത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഞാനവരോട് പറഞ്ഞു. ഭാഗ്യവശാല്‍, അതിന്റെ രേഖാമൂലമുള്ള തെളിവ് എന്റെ പക്കല്‍ ഉണ്ടായിരുന്നു. മിശ്രവിവാഹം കഴിച്ച ആ ദമ്പതികള്‍ക്ക് പ്രശസ്തരായ മഹാത്മാഗാന്ധി, സാവര്‍ക്കര്‍ജി, ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍, ശ്രീ ഗുരുജി എന്നിങ്ങനെ പലരുടെയും അനുഗ്രഹം ലഭിച്ചിരുന്നു. ഈ വാര്‍ത്ത അച്ചടിച്ചുവന്ന പത്രം 1945 ഒക്‌ടോബര്‍ 7-ന്റെത് ആയിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ തയ്യാറാക്കിയതായിരുന്നില്ല അത്. ശ്രീ ഗുരുജിയുടെ അനുഗ്രഹസന്ദേശം ഇപ്രകാരമായിരുന്നു:
”വിശാലമായ സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി, ഉദാത്തമായ ഒരു ലക്ഷ്യത്തോടെ, ഭാവനയോടെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ജീവിതപദ്ധതി നിങ്ങളുടെ ജീവിതം നിരന്തരം സുഖസമ്പൂര്‍ണ്ണവും നിങ്ങളുടെ സാമൂഹ്യ ജീവിതം വിദ്വേഷരഹിതവും സ്‌നേഹവും ഐക്യവും വളര്‍ത്തുന്നതുമായി തീരട്ടെ. നിങ്ങള്‍ക്ക് എല്ലാ വിജയവും നല്‍കി അനുഗ്രഹിക്കാന്‍ ഞാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ധാര്‍മ്മിക ചിന്തയോടെ വ്യക്തമായ ഉന്നതദൗത്യത്താല്‍ പ്രേരിതരായിട്ടാണ് നിങ്ങള്‍ ഈ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ കാരണത്താലും, സാമൂഹിക ഉന്നമനമാണ് നിങ്ങളുടെ കേന്ദ്രബിന്ദു എന്നതിനാലും, ഈ വിവാഹം അത്യന്തം ശുഭകരമായിത്തീരും എന്നതില്‍ യാതൊരു സംശയവുമില്ല”.
ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അവര്‍, ഞാന്‍ കെട്ടുകഥ ചമയ്ക്കുകയാണെന്ന് കരുതിയിരുന്ന അവര്‍, ഞാന്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചത് അച്ചടിച്ച കടലാസണെന്ന് കണ്ടപ്പോള്‍ ജാഗരൂകരായി തീരുകയും അത് കാണാന്‍ അതീവ താല്പര്യം കാണിക്കുകയും ചെയ്തു. അതോടെ ചായകുടി സഭ തടസ്സപ്പെടുകയും പിന്നില്‍ നിന്ന് കുത്തുന്ന പതിവ് അവസാനിക്കുകയും ചെയ്തു! ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ബോധപൂര്‍വ്വം തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണം ശ്രീ ഗുരുജിക്ക് എതിരായി കാലങ്ങളായി നടന്നുവരുന്നു എന്നാണ്.
അംബേദ്കറെക്കുറിച്ച്
ഡോ. ബാബാ സാഹേബ് അംബേദ്കറും സമ്പൂര്‍ണ സമാജത്തിന്റെയും ഏകോപനമാണ് ആഗ്രഹിച്ചത് എന്നതോടൊപ്പം ആ കാലത്തു നടന്നുവന്ന ഉല്‍കൃഷ്ടമായ സാമൂഹ്യപ്രവര്‍ത്തനങ്ങളോട് സഹാനുഭൂതിയും പ്രകടിപ്പിച്ചിരുന്നു. ഈ കാരണത്താലാണ് അദ്ദേഹത്തിന് എതിരായും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം നടത്തിയ ശ്രമങ്ങളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തവര്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒരു വ്യത്യസ്താഭിപ്രായമുണ്ട്. ആളുകള്‍ ബാബാ സാഹബ് അംബേദ്കറെ കുറിച്ചുള്ള ശ്രീ ഗുരുജിയുടെ കാഴ്ചപ്പാടിനെയും മനസ്സിലാക്കിയിട്ടില്ല. പക്ഷെ, 1962-ല്‍ ഡോ. അംബേദ്കറുടെ 73-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ഗൗരവി’ന്റെ വിശേഷാല്‍പ്പതിപ്പില്‍ അച്ചടിച്ചു വന്ന ശ്രീ ഗുരുജിയുടെ സന്ദേശം ജനങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി! അതിപ്രകാരമായിരുന്നു:
”അഭിവന്ദ്യനായ ഡോ. അംബേദ്കറുടെ പാവനസ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടത് എന്റെ സഹജമായ കര്‍ത്തവ്യമാണ്. വിനയശീലരും ദുര്‍ബ്ബലരും നിരപരാധികളുമായ ഭാരതീയരാണെന്റെ ഈശ്വരന്‍ എന്ന വിവേകാനന്ദ സ്വാമികളുടെ ഗര്‍ജ്ജന സദൃശമായ ദിവ്യസന്ദേശം ലോകത്തെമ്പാടും പ്രതിധ്വനിച്ചു കൊണ്ടിരിക്കയാണ്. അവരെ സേവിക്കലാണ് യഥാര്‍ത്ഥ ഈശ്വരസേവനം. ആരെയെങ്കിലും അസ്പൃശ്യരായി കാണാനുള്ള പ്രവണതയെ ഹീനമെന്ന് വിശേഷിപ്പിച്ച് ഭര്‍ത്സിച്ച വിവേകാനന്ദ സ്വാമികള്‍, മ്ലേച്ഛമായ ഈ പ്രവണതയെയും അതിന്റെ അനുബന്ധമായ പാരമ്പര്യവാദത്തെയും നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട്. സമാജത്തെ ഉണര്‍ത്താനും നവനിര്‍മ്മാണ പ്രവര്‍ത്തനത്തിന് സന്നദ്ധമാക്കാനും വേണ്ടിയുള്ള കാഹളം അദ്ദേഹം മുഴക്കിയിട്ടുണ്ട്; രാജനൈതികവും സാമൂഹ്യവുമായ അവഗണനയില്‍ നൊന്ത് അതേ ആഹ്വാനം ശക്തമായി നല്‍കിയിട്ടുണ്ട്. അജ്ഞതയിലും വേദനയിലും അവഗണനയിലും കഴിയുന്ന നമ്മുടെ സമാജത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ അദ്ദേഹം ആത്മാഭിമാനം ഉണര്‍ത്തിയിട്ടുണ്ട്. ഈ മേഖലയില്‍ അദ്ദേഹം കൈവരിച്ച നേട്ടം അനിതരസാധാരണമാണ്. ഈ പ്രവര്‍ത്തനം കൊണ്ട് ബാബാസാഹേബ് വലിയൊരു നന്മയാണ് ചെയ്തത്. ഒരു വിധത്തിലും സമൂഹത്തിന് വീട്ടാനാകാത്ത കടപ്പാട് സൃഷ്ടിച്ച മഹത് കാര്യമാണത്. ശ്രീമദ് ശങ്കരാചാര്യരുടെ ബുദ്ധികൂര്‍മ്മതയുടെയും ബുദ്ധന്റെ അനുകമ്പയുള്ള ഹൃദയവിശാലതയുടെയും സംയോഗമാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ മോക്ഷത്തിനുള്ള മാര്‍ഗ്ഗം എന്ന് വിവേകാനന്ദ സ്വാമികള്‍ നമ്മെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. ബുദ്ധന്റെ ദര്‍ശനം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ബാബാ സാഹേബ് അംബേദ്കര്‍ ആ കൃത്യത്തിന്റെ ഭീമഭാഗം പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള ഒരു പ്രസ്ഥാനത്തിനാണ് രൂപം നല്‍കിയത് എന്ന് നമുക്ക് നിര്‍ണയിക്കാനാവും. അദ്ദേഹത്തിന്റെ തീക്ഷ്ണവും വിശ്ലേഷണാത്മകവുമായ ബുദ്ധി ബൗദ്ധദര്‍ശനത്തിന്റെ ആദര്‍ശപരവും ആദ്ധ്യാത്മികവുമായ സങ്കല്പങ്ങളിലെ പോരായ്മകളും കണ്ടെത്തുമെന്ന് കരുതാം. പക്ഷെ, സാമൂഹിക വ്യവഹാരത്തിലെ സമത്വത്തിന്റെ പാരമ്പര്യങ്ങള്‍, സഹാനുഭൂതിയിലധിഷ്ഠിതമായ പരസ്പര സ്‌നേഹം എന്നിവയാണ് ബൗദ്ധദര്‍ശനത്തോടുള്ള ആഭിമുഖ്യത്തില്‍ അന്തര്‍ലീനമായിട്ടുള്ള വൈശിഷ്ട്യം എന്നതോടൊപ്പം, മാനവരാശിയെ സേവിക്കുന്നതിന് പ്രചോദനമാകുന്ന ശക്തിയെന്ന നിലക്ക് ദേശത്തിന്റെയും സമ്പൂര്‍ണ മാനവരാശിയുടെയും യഥാര്‍ത്ഥ പുരോഗതിയുടെ മുന്‍ ഉപാധി കൂടിയാണ്. ഇതെല്ലാം പൂര്‍ണമായും മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ഈ ദര്‍ശനത്തെ സ്വീകരിച്ചതും പ്രചരിപ്പിച്ചതെന്നും വേണം കരുതാന്‍”.
”സാമൂഹ്യ പരിഷ്‌കരണത്തിനുവേണ്ടിയും മതാചാരങ്ങള്‍ സംശുദ്ധമാക്കി തീര്‍ക്കാനും വേണ്ടിയാണ് ഭഗവാന്‍ ബുദ്ധന്‍ മുന്‍കാല സമൂഹത്തെക്കുറിച്ച് മൂര്‍ച്ചയുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഭിന്നതയുണ്ടാക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം. ഇതുപോലെ, ഡോ.ബാബ സാഹേബ് അംബേദ്കറും ആനുകാലിക സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടിയും മതത്തെ നവീകരിക്കാനും പുരാതനമായ നമ്മുടെ സമൂഹത്തെ ശുദ്ധീകരിക്കാനും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, മറിച്ച് തന്നെ സമൂഹത്തില്‍ നിന്ന് വേര്‍പെടുത്താനും വേറിട്ട ഒരു മതശാഖ ആരംഭിക്കാന്‍ വേണ്ടിയുമായിരുന്നില്ല. ഇതെന്റെ അടിയുറച്ച വിശ്വാസമാണ് എന്നതിനാല്‍ അദ്ദേഹത്തെ ബുദ്ധന്റെ അനന്തരാവകാശിയായി പരിഗണിച്ച് അദ്ദേഹത്തിന്റെ പാവനസ്മരണക്ക് മുന്നില്‍ ഞാന്‍ പൂര്‍ണഹൃദയത്തോടെ ആദരാഞ്ജലികളര്‍പ്പിക്കുന്നു”.
ശ്രീഗുരുജിയുടെ ഈ നിരീക്ഷണങ്ങളെക്കുറിച്ച് ഞങ്ങള്‍ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതമാണ് തോന്നിയത്. ഡോ. അംബേദ്കറുടെ സംഭാവനകളെക്കുറിച്ചുള്ള ശ്രീ ഗുരുജിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ഡോ.അംബേദ്കറെ കുറിച്ചുള്ള ശ്രീഗുരുജിയുടെ വിലയിരുത്തലിനെ ചൊല്ലി തെറ്റിദ്ധാരണ പരത്തുകയും മറ്റെന്തോ കാരണങ്ങളുടെ പേരില്‍ അതിനെ യാഥാസ്ഥിതികമെന്ന് ചിത്രീകരിക്കുകയും ചെയ്തു. ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചതെങ്ങനെ എന്ന് കാണിക്കാന്‍ ഞാന്‍ ചില ഉദാഹരണങ്ങള്‍ നല്‍കാം. സത്യം പറഞ്ഞാല്‍, അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് ആളുകള്‍ക്ക് മനസ്സിലായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മതേതര ഭരണകൂടത്തെക്കുറിച്ച് ഡോ.അംബേദ്കര്‍ പറഞ്ഞു: ”അതിന്റെ (മതേതര ഭരണകൂടം) അര്‍ത്ഥം ജനങ്ങളുടെ മതവികാരങ്ങളെ ഞങ്ങള്‍ പരിഗണിക്കില്ല എന്നല്ല. മതേതര ഭരണകൂടം എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം, ഏതെങ്കിലുമൊരു മതത്തെ അവശേഷിക്കുന്ന മറ്റെല്ലാവരിലും അടിച്ചേല്പിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടാകില്ലെന്നാണ്.”
രണ്ടാമത്തെ ഉദ്ധരണി ഇപ്രകാരമാണ്:
”ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവശ്യമായ വ്യവസ്ഥകള്‍ ഭരണഘടനയുടെ ഭാഗമാക്കാതിരുന്നാല്‍, ജാതികളുടെയും ആരാധനാസമ്പ്രദായങ്ങളുടെയും പേരില്‍ വിഭജിക്കപ്പെട്ട ഈ രാജ്യത്തെ സ്വയംഭരണ സമൂഹമായി ഉദ്ഗ്രഥിക്കാനാവില്ലെന്ന കാര്യം നിഷേധിക്കാനാവില്ല. പക്ഷെ, ഇന്ന് നാം ലിംഗഭേദത്തിന്റെ പേരില്‍ വിഭജിക്കപ്പെടുകയും ജാതികള്‍ നമ്മെ അണുപ്രായമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ആദര്‍ശം സംഘടിത ഭാരതമാണെന്ന് ന്യൂനപക്ഷങ്ങളെയും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ഈ ആദര്‍ശം ഉപേക്ഷിക്കണമെന്ന ആവശ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനും പാടില്ല”.
സംവരണ നയം കുറച്ചു കാലത്തേക്ക് നടപ്പാക്കിയാല്‍ പ്രസ്തുത ജനവിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നും പിന്നീട് അത് ആവശ്യമില്ലെന്ന് അവര്‍ മനസ്സിലാക്കുമെന്നും സര്‍ദാര്‍ പട്ടേല്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഉറപ്പുതന്നിരുന്നു. അതോടെ സംവരണം ഉപേക്ഷിക്കും. ഡോ. അംബേദ്കറുടെ അഭിപ്രായം മറിച്ചായിരുന്നു. ഒരു വ്യവസ്ഥ കുറെക്കാലം തുടര്‍ന്നാല്‍ അതോടൊപ്പം ഒരു തരത്തിലുള്ള നിക്ഷിപ്ത താല്പര്യങ്ങളും വളര്‍ന്നുവരും. അതുകൊണ്ടാണ് പട്ടേല്‍ പറഞ്ഞപോലെ, 1949 സപ്തംബര്‍ 11ന് നിയമനിര്‍മ്മാണ സഭയില്‍, സംവരണതത്വം, സംവരണം തുടരണമെങ്കില്‍ ഉപക്ഷേപം അനിവാര്യവും തുടരേണ്ടതില്ലെങ്കില്‍ ഉപക്ഷേപം ആവശ്യമില്ലാത്തതുമായ വിധം ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോ.അംബേദ്കര്‍ ഊന്നിപ്പറഞ്ഞത്. സംവരണം തുടരാന്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ തുടരണമെന്നില്ലെങ്കില്‍ നിര്‍ദ്ദേശം ആവശ്യമുണ്ടാകരുത്. സംവരണം സകാരാത്മകമായിരിക്കണം. ഈ സംവാദം വളരെ പ്രശസ്തമാണ്. ആരും അതിനെ വിമര്‍ശിച്ചിട്ടില്ല.
ഭഗവക്കൊടിയെക്കുറിച്ച് അംബേദ്കറുടെ അഭിപ്രായം
ഭഗവക്കൊടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ (അംബേദ്കറുടെ) അഭിപ്രായം അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തിലുണ്ട്. ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയായി സംസ്‌കൃതത്തെ നിര്‍ദ്ദേശിച്ചവരില്‍ ഭാരതത്തിന്റെ നിയമമന്ത്രിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സര്‍ഡെ സ്റ്റാന്‍ഡേര്‍ഡ് പത്രം 1940 സപ്തംബര്‍ 11ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഡോ. അംബേദ്കര്‍ മഹത്വമാര്‍ന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് തെളിയിക്കാനാണ് ഞാന്‍ ഈ കാര്യങ്ങള്‍ ഉദ്ധരിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ മഹാനായി കണക്കാക്കുമായിരുന്നില്ല! ഏതായാലും അത്തരം തെറ്റിദ്ധാരണകള്‍ നീക്കാനാണ് ഞാന്‍ ചില ഉദാഹരണങ്ങള്‍ നല്‍കിയത്.
(തുടരും)
വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍