‘വല്യേമ്പ്രാട്ട്യേ … കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാര്‍ന്നു.’
ചങ്ങമ്പറയന്‍ നീണ്ട മരക്കൊമ്പുകള്‍ പോലുള്ള കൈകള്‍ വീശി പടിപ്പുരയില്‍ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച ഓട്ടുപാത്രം ഉടുത്ത മുണ്ടുകൊണ്ട് തുടച്ച് നീട്ടുമ്പോഴേയ്ക്കും, ആര്‍ത്തകാട്ട് കളത്തിലെ മാളോമ്മ ഒരു മൊന്ത കഞ്ഞിവെള്ളവുമായി വന്ന് നീട്ടിയ ഓട്ടുപാത്രത്തില്‍ പാര്‍ന്ന് തിരിഞ്ഞു നടന്നിട്ടുണ്ടാവും. ചങ്ങമ്പറയന്‍ ഒറ്റ മോന്തിന് കഞ്ഞിവെള്ളം അകത്താക്കി ഏമ്പക്കം വിട്ട് പാത്രത്തിനടിയിലുളള വറ്റ് തൊഴുത്തിനരികില്‍ വെച്ചിട്ടുള്ള കുറുവട്ടിയിലിട്ട് പശുക്കളെ നോക്കി കിന്നാരം പറയുന്നത് പതിവായിരുന്നു.
കുറുവട്ടിയിലുള്ള പഴത്തോലും പഴഞ്ചോറും എല്ലാമെടുത്ത് പശുവിനുള്ള തവിടും കഞ്ഞി വെള്ളത്തിലിട്ട് മരക്കോലിട്ടിളക്കിക്കഴിയുന്നതു വരെ മാത്രമല്ല, പശുക്കളെ ഊട്ടുന്നതു വരെ അവയോട് സല്ലപിക്കുന്നത് ചങ്ങമ്പറയന്റെ ദിനചര്യകളിലൊന്നാണ്.
ആര്‍ത്തകാട്ട് കളത്തിലെ പയ്ക്കളെ മേയ്ക്കുന്ന പണി ചങ്ങമ്പറയന്റേതായിരുന്നു. ചോത്ര പശുവിന്റെ മുന്നില്‍ കഞ്ഞിവെള്ളച്ചെമ്പ് വെച്ച് നിമിഷങ്ങള്‍ക്കകം ക്രമത്തില്‍ കറുമ്പി, വെളുമ്പി, പാണ്ടി, ചെമ്പി, ചിരുതേയി, കല്യാണി തുടങ്ങിയ പയ്ക്കളെ സ്‌നേഹത്തലോടലുകളോടെ തീറ്റി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്ന ചങ്ങമ്പറയന്‍ ഒറ്റയാനായി ജീവിക്കുന്ന കഥാപാത്രമാണ്.
ചങ്ങമ്പറയന്‍ കൊല്ലങ്കോട്ട് പാറയുടെ സമീപം പടിഞ്ഞാറ്റു മുറിയിലുള്ള ഒരാല്‍ത്തറയിലാണ് അന്തിയുറങ്ങിയിരുന്നത്. എവിടെ നിന്ന് ആ ഗ്രാമത്തിലെത്തിപ്പെട്ടു എന്നത് അജ്ഞാതമാണ്.
ഒരിക്കല്‍ ജനവാസമില്ലാത്ത കൊളപ്പാറയില്‍ മലമ്പള്ളത്തില്‍ ഒറ്റയ്ക്ക് കുടില്‍ കെട്ടുന്ന ഒരു സ്ത്രീയെ കണ്ട് നാട്ടുകാര്‍ അമ്പരന്നു വിരട്ടിയോടിക്കാന്‍ ശ്രമിച്ചതാണ് പോലും! അതിലൊന്നും ഭയപ്പെടാതെ പുറമ്പോക്കില്‍ മലയുടെ പാര്‍ശ്വത്തില്‍ കുടില്‍ കെട്ടി താമസമാക്കിയ നല്ലമ്പറച്ചി കുടിലിനു മുന്നിലിരുന്ന് വട്ടി, കൊട്ട മെടഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി വിറ്റു. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കൊളപ്പാറയില്‍ കഴിഞ്ഞുകൂടാന്‍ തുടങ്ങി.
കൊച്ചു കുടിയില്‍ കഴിയുന്ന നല്ലമ്പറച്ചിയോട് ആദ്യ കാലത്ത് ചങ്ങമ്പറയന് തോന്നിയ അനുതാപം ഇഷ്ടമായി, പിന്നീടത് ഗോപ്യമായ പ്രണയമായി വളര്‍ന്നു. നല്ലമ്പറച്ചിയോട് അതിരുകവിഞ്ഞ സ്‌നേഹം അയാള്‍ക്കുണ്ടായിരുന്നു.
നല്ലമ്പറച്ചി പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നല്ലവളായിരുന്നു. കാഴ്ചയില്‍ ഒരാകര്‍ഷണവും തോന്നത്തക്ക സൗന്ദര്യമോ, മറ്റു പ്രത്യേകതകളോ ഉണ്ടായിരുന്നില്ല. പഠിപ്പില്ലെങ്കിലും നാലക്ഷരം കൂട്ടി വായിക്കാനറിയില്ലെങ്കിലും ജീവിതത്തെക്കുറിച്ച് വളരെയേറെ അറിവുളളവളായിരുന്നു. അവളുടെ നന്മയറിഞ്ഞ നാട്ടുകാര്‍ പിന്നീടവളെ ആട്ടിപ്പായിച്ചില്ല. വില്‍ക്കാനായി നെയ്ത കുട്ടകളുടെ പ്രത്യേകതകളും ഈടുറപ്പും അവള്‍ വാചാലമായി പറയുമ്പോള്‍ നാട്ടുകാര്‍ അതെല്ലാം വാങ്ങുകയും ചെയ്തുപോന്നു.
ചങ്ങമ്പറയന്‍ കന്നിട്ട്‌ള് വഴി പശുക്കളെ പേരെടുത്തു ചൊല്ലി വിളിച്ച് മേയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ സുന്ദരികളായ അടിയാളപ്പെണ്ണുങ്ങള്‍ വഴിയരികില്‍ കാത്തു നില്‍ക്കുമായിരുന്നു. നെല്ലായി, ചെമ്പായി, മയ്യായി, കണ്ടത്തി തുടങ്ങിയവര്‍ക്കെല്ലാം കാക്കക്കറുപ്പാണെങ്കിലും ഏഴഴകുള്ളവരാണ്.
പടിഞ്ഞാറ്റു മുറിയില്‍ തന്നെ താമസമാക്കിയിട്ടുള്ള പാറാനും അരിയനും നഞ്ഞന്‍ ചെല്ലപ്പുവും വശീകരണ തന്ത്രങ്ങളുമായി നിന്നാലും അടിയാത്തികളുടെ ശ്രദ്ധാകേന്ദ്രം ചങ്ങമ്പറയനില്‍ തന്നെയായിരുന്നു.
ചങ്ങമ്പറയന്റെ ഉയരം അളക്കണമെങ്കില്‍ തോട്ടി വെച്ച് നോക്കണമെന്ന് നാട്ടുകാര്‍ പറയുമായിരുന്നു. അയാളുടെ വിരിഞ്ഞ നെഞ്ചില്‍ നോക്കി നെല്ലായി കണ്ടത്തിയോട് പറയുമായിരുന്നത്രെ.
‘ആ നെഞ്ചില് ഞാനാ കണ്ടത്തിപ്പെണ്ണേ …’
മയ്യായി നെല്ലായിയെ പുച്ഛിച്ച് പറയുന്നതും കേമമായിരുന്നു.’മൂട്ട പോലെ അടി പറ്റിക്കിടക്കണ നിന്നെ ആ വിരിഞ്ഞ മാറില്‍ ചേര്‍ക്കണമെങ്കില്‍ ചങ്ങമ്പറയന്‍ ചത്തു മലയ്ക്കണം.’
ചെമ്പായി ഇതെല്ലാം കേട്ട് കുണുങ്ങി ചിരിക്കും.
നഞ്ഞന്‍ ചെല്ലപ്പു ഒരു വയ്യാവേലിയാണെന്ന് നാട്ടുകാര്‍ക്കറിയാം.
ചെല്ലപ്പുവിന്റെ കെട്ടിയവള്‍ കുഞ്ച ചങ്ങമ്പറയന്റെ സ്‌നേഹത്തിന് കൊതിച്ച്, മന്ത്രിച്ച കുടം കൊല്ലങ്കോട്ട് പാറയുടെ സമീപമുള്ള പടിഞ്ഞാറ്റു മുറിയിലെ ആല്‍ത്തറയുടെ വക്കില്‍ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. ചെല്ലപ്പു ഇതെല്ലാം കാണുന്നുണ്ടായിരുന്നു പോലും ! പക്ഷേ കുഞ്ചയോടുള്ള സ്‌നേഹം വര്‍ദ്ധിച്ചത് ആ വഴി നടന്നിരുന്ന പാറാനും അരിയനുമാണെന്ന് ചെല്ലപ്പുവിന് തോന്നി. ചെല്ലപ്പുവും പാറാനും അരിയനും തമ്മില്‍ ഇതിന്റെ പേരിലുള്ള കലഹം നിത്യസംഭവമായിരുന്നു.ചെല്ലപ്പുവിന്റെ ഇത്തരം വഴക്ക് വീട്ടുകാരിക്കും നാട്ടുകാര്‍ക്കും ശല്യമായിരുന്നു. ചങ്ങമ്പറയന്‍ അത്തരക്കാരനല്ലെന്നും ചെല്ലപ്പുവിനറിയാം.
എന്തൊക്കെ സംശയങ്ങള്‍ ഉണ്ടായാലും നഞ്ഞന്‍ ചെല്ലപ്പു കുഞ്ചയെ വിട്ടു പോയില്ല. പത്താണുങ്ങള്‍ ചെയ്യുന്ന ശാരീരികാധ്വാനം കുഞ്ച ഒറ്റയ്ക്ക് നിര്‍വഹിക്കുമായിരുന്നു. കുഞ്ചയുടെ മുതുകത്തും തലയിലുമുള്ള ചാക്കു കെട്ടുകളുടെ എണ്ണം കണ്ട് ഗ്രാമത്തിലെ തടിമിടുക്കുള്ളവര്‍ അത്ഭുതപ്പെടുക തന്നെ ചെയ്തു.
ചങ്ങമ്പറയന്‍ നല്ലമ്പറച്ചിയോടുള്ള തന്റെ പ്രണയം ഉള്ളിലൊതുക്കി ജീവിച്ചവനായിരുന്നു.
നല്ലമ്പറച്ചിയെ അറിയിക്കാതെ കരളിനുള്ളില്‍ ആ ഇഷ്ടം കൊണ്ടു നടന്നു. ഒരു പെണ്ണിനോട് ഇഷ്ടം അറിയിക്കാനുള്ള നെഞ്ചുറപ്പ് ഇല്ലാതെ പോയതാണോ എന്നറിയില്ല. ആല്‍ത്തറയില്‍ ശയിക്കുന്നവന് എന്തിന് കൂടും കുടുംബവും എന്ന് അയാള്‍ അടുത്ത ചങ്ങാതിമാരോട് പറയുമായിരുന്നത്രെ.
നഞ്ഞന്‍ ചെല്ലപ്പുവിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവനെന്ന് നാട്ടുകാര്‍ പറയും. അതുകൊണ്ടു തന്നെ ആരും അടുപ്പിക്കില്ല. പല കുണ്ടാമണ്ടിത്തരങ്ങളും അയാളുടെ കയ്യിലിരുപ്പാണ്.
ഒരിക്കല്‍…
നല്ലമ്പറച്ചിയുടെ കൊളപ്പാറയിലെ കുടിലില്‍ രണ്ട് പരമ്പ് വാങ്ങാനായി ചെല്ലപ്പു അവിടെ പോയി. പരമ്പില്‍ നെല്ലു പരത്തലൊന്നുമായിരുന്നില്ല ഉദ്ദേശ്യം. പരമ്പു കൊണ്ട് മറച്ച് പാറാന്റെയും അരിയന്റെയും കുടിയിലേക്കുള്ള നോട്ടം നിര്‍ത്തണം. കുഞ്ച പാറാന്റെയും അരിയന്റെയും കൂടെ പൊറുത്തുകൂടാ.
കൊളപ്പാറയിലെ കുടിലിനു മുന്നില്‍ കുണ്ടു മുറം മെടയുന്ന നല്ലമ്പറച്ചി ചെല്ലപ്പുവിന്റെ ആവശ്യം മാനിച്ച് രണ്ടു വലിയ പരമ്പ് ചുരുട്ടി ചൂടികെട്ടി മലയടിവാരത്തിലിട്ടു. ആ സമയത്ത് പാറാനും അരിയനും മലമ്പള്ളത്തിലുള്ള പുല്ലരിഞ്ഞെടുക്കാന്‍ അരിവാളുമായി ആ വഴി കയറിയിരുന്നു.
ഇതു തന്നെ പറ്റിയ തക്കം …
തന്റെ കെട്ടിയവള്‍ കുഞ്ചയ്ക്ക് ചങ്ങമ്പറയനോടുള്ള സ്‌നേഹമോര്‍ത്ത് ചെല്ലപ്പുവിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ചങ്ങമ്പറയന്‍ നല്ലവന്‍ തന്നെ. ചങ്ങമ്പറയന് ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കില്‍ അത് നല്ലമ്പറച്ചിയോടു മാത്രമാണ്. അതും ചെല്ലപ്പുവിനറിയാം. എങ്കിലും അയാളുടെ ഉള്ളില്‍ അസൂയ മൂത്തു.
ചതിക്കുള്ള കളമൊരുങ്ങി. നല്ലമ്പറച്ചിയ്ക്ക് നൊന്താല്‍ ചങ്ങമ്പറയന്റെ മനസ്സു വേവും. പാറാനും അരിയനും കേള്‍ക്കെ അയാള്‍ മലമ്പള്ളത്തില്‍ നിന്ന് വിളിച്ചു കൂവി…
‘നല്ലമ്പറച്ച്യേ… എന്തിനാടീ ഈ പരമ്പൊക്കെ മെടഞ്ഞ് നീ ഇല്ലാതാവണ് … നിന്നെ പോറ്റാന്‍ ഞാനില്ലേ ?’
പാറാനും അരിയനും ശ്വാസമടക്കി കൊളപ്പാറയ്ക്കരികില്‍ മറഞ്ഞു നിന്ന് ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ചതിയന്‍ ചെല്ലപ്പു വീണ്ടും പറഞ്ഞു.
‘എടീ പെണ്ണേ …കുമുകുമാന്നുള്ള നിന്റെ മണങ്ങട്ട് പോണില്ല.’പാറാനും അരിയനും കൊളപ്പാറയില്‍ വലിഞ്ഞു കയറി പറ്റിച്ചേര്‍ന്നു കിടന്ന് കേള്‍ക്കാന്‍ തുടങ്ങി.
ഇതു തന്നെ തഞ്ചം … അയാളുടെ ദുര്‍മുഖം കുതന്ത്രത്താല്‍ കറുത്തു. നഞ്ഞന്‍ ചെല്ലപ്പു വീണ്ടും ആര്‍ത്തു.
‘നാളെ ഞാന്‍ വരുമ്പോ ഈ നാണമൊക്കെയങ്ങ് മാറ്റണെടിയേ… കുളിച്ചാല്‍ കുളിരും നശിച്ചാല്‍ നാണവും തീരുംന്നല്ലേ തമ്പ്രാക്കന്‍മാര് പറയാറ്.’
ഇനി ഇവിടെ നിന്ന് തടിതപ്പാം…
ചുരുട്ടി കെട്ടിയ പരമ്പെടുത്ത് അയാള്‍ ആനന്ദതുന്ദിലനായി കൊളപ്പാറയിറങ്ങി.
കുതികാല്‍ വെട്ടുന്നവനാണ് ചെല്ലപ്പുവെന്നറിയാമായിരുന്ന നല്ലമ്പറച്ചി കുടിലിനു പുറത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പാറാനും അരിയനും കൊളപ്പാറ വഴി നടന്നു പോകുന്നതാണ്.
സന്ധ്യ ചുവന്നു. രാത്രിയായി. സത്സ്വഭാവിയായ നല്ലമ്പറച്ചിയുടെ മനസ്സ് പിടഞ്ഞു.
കൊളപ്പാറയിറങ്ങാന്‍ താമസമുണ്ടായില്ല.
പാറാനും അരിയനും ചങ്ങമ്പറയന്റെ ചെവിയില്‍ ചെല്ലപ്പുവിന്റെ ഗീര്‍വാണങ്ങള്‍ അതിശയോക്തിയോടെ വിവരിച്ചു.
ചങ്ങമ്പറയന്റെ കരള് നുറുങ്ങി. നല്ലമ്പറച്ചിയെഅങ്ങനെയായിരുന്നില്ല അയാള്‍ കണ്ടിരുന്നത്. നല്ലമ്പറച്ചിയോടു ചോദിക്കാനും വയ്യ.
പാറാനും അരിയനും ചേര്‍ന്ന് കൊട്ടിഘോഷിച്ച ചെല്ലപ്പുവിന്റെ രഹസ്യ ബന്ധം നെല്ലായി, ചെമ്പായി, കണ്ടത്തി, മയ്യായി തുടങ്ങിയ പെണ്ണുങ്ങളും രായ്ക്കുരാമാനം വിളംബരപ്പെടുത്തി നടന്നു.
പിറ്റേന്ന് …
നല്ലമ്പറച്ചിയുടെ കുടിലിനു മുന്നില്‍ ചങ്ങമ്പറയന്‍ പോയി നിന്നു.
‘നീ … നീ നശിച്ചോ പെണ്ണേ…’ അയാള്‍ ഗദ്ഗദകണ്ഠനായി ചോദിച്ചു.
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് കുടിലിനുള്ളിലേക്കു പോയി.
കൊളപ്പാറയും കൊല്ലങ്കോട്ട് പാറയും പടിഞ്ഞാറ്റു മുറിയും അടുത്ത ദിവസം പുലര്‍ന്നത് ഒരുനടുക്കത്തോടെയായിരുന്നു. അരിയനാണത്രെ കണ്ടത് !
നല്ലമ്പറച്ചി കൊളപ്പാറയിലുള്ള മലമ്പള്ളത്തിലെ ഇരുള്‍ മരത്തില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നു…
ചങ്ങമ്പറയന്‍ ആര്‍ത്തക്കാട്ട് കളത്തിലെത്തി. മാളോമ്മ ഒരു മൊന്ത കഞ്ഞിവെള്ളം ഓട്ടുപാത്രത്തില്‍ പാര്‍ന്നു. അയാള്‍ അത് ഒറ്റ മോന്തിന് കുടിച്ച് ഒന്നും മിണ്ടാതെ
മലമ്പള്ളത്തിലേക്ക് ഇരച്ചുകയറി, ഇരമ്പിയാര്‍ത്തു. അയാളുടെ കൈകള്‍ എഴുന്നു നിന്നു. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നല്ലമ്പറച്ചിയെ ജനക്കൂട്ടത്തിനിടയില്‍ നിന്നയാള്‍ കണ്ടു.
ഏവരും നോക്കി നില്‍ക്കേ അയാള്‍ മരത്തില്‍ കയറി. കയറിന്റെ കെട്ടഴിച്ചു. നല്ലമ്പറച്ചിക്ക് പോറലേല്‍ക്കാത്ത വിധം താഴെയിറക്കി. ആ ദേഹം നെഞ്ചില്‍ ചുമന്നു നടന്നു.
നാട്ടുകാര്‍ പരിതപിച്ചു.
കഷ്ടം… ആ നെഞ്ചിലെന്നും നല്ലമ്പറച്ചിയായിരുന്നു പോലും !
ചങ്ങമ്പറയന്റെ ആത്മരോദനം പോലെ കൊളപ്പാറയിലെ മലമ്പള്ളത്തില്‍ ആഞ്ഞടിക്കുന്ന കാറ്റ്… ആ കാറ്റിന്റെ ഇരമ്പല്‍ ചങ്ങമ്പറയന്റെ ഇടനെഞ്ചുപൊട്ടിയ തേങ്ങലാണത്രേ! ഇന്നും കൊളപ്പാറ പ്രദേശം അത് കേള്‍ക്കുന്നുണ്ടത്രെ!