സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയില്‍, ഊബര്‍ ഈറ്റ്‌സ് കമ്പനി സീനിയര്‍ മാനേജറായ രവിശങ്കര്‍ അന്നത്തെ ഡെലിവറി റിപ്പോര്‍ട്ട് ചെക്ക് ചെയ്യുമ്പോഴായിരുന്നു മേശപ്പുറത്തിരുന്ന ഫോണില്‍ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ ബെല്‍ തുടര്‍ച്ചയായി ക്ലും, ക്ലും എന്ന ശബ്ദത്തോടെ ചെവിയിലേക്ക് വീണത്.
ഫോട്ടോയിലെ ആളെ കണ്ട് ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും തിരിച്ചറിഞ്ഞ സമയം തന്നെ രവിശങ്കര്‍ ഞെട്ടി വിയര്‍ത്തു. ഒട്ടൊരു നേരം നിശ്ചലമായിപ്പോയ വിരലുകളെ അയാള്‍ വേഗത്തില്‍ ചലിപ്പിച്ച് നിരുപമയുടെ വാട്സ്സാപ്പ് തുറന്ന് അതിലേക്ക് മെസ്സേജും ഫോട്ടോയും ഫോര്‍വേഡ് ചെയ്തു.
വാട്ട്‌സ് റോങ്ങ് നിരുപമ?
അപ്‌ഡേറ്റ് ദ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോള്‍ മി.
നാട്ടിലപ്പോള്‍ തിരുവനന്തപുരം നഗരം പത്മനാഭസ്വാമിയെ വന്ദിച്ചുണര്‍ന്നു. വിതുരയില്‍ നിന്ന് കൃത്യം പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള തൊളിക്കോട് വെള്ളായണിക്കുന്ന് വീട്ടില്‍ രണ്ടാം നിലയിലുള്ള റൂമിലിരുന്ന് ലാപ്‌ടോപ്പില്‍ സൂം മീറ്റ് അറ്റന്‍ഡ് ചെയ്യുകയായിരുന്നു നിരുപമ. പകുതി ഉറങ്ങിയും, പകുതി ഉണര്‍ന്നും കേട്ട ക്ലാസില്‍ ക്ലിനിക്കല്‍ സൈക്ക്യാട്രിയുടെ പേഷ്യന്റ് ഡോക്ടര്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് അസൈന്‍മെന്റ് തയ്യാറാക്കാന്‍ നോട്ട്‌സ് പറഞ്ഞു കൊടുക്കുകയായിരുന്നു സൂം മീറ്റില്‍ ടീച്ചറപ്പോള്‍.
തന്റെ ഫോണില്‍ രവിയങ്കിളിന്റെ വീഡിയോകോള്‍ വന്ന് മിന്നി മറഞ്ഞതും താഴത്തെ നിലയില്‍ നിന്ന് അമ്മയുടെ സാംസങ്ങില്‍, ആറ്റോമിക് ബെല്‍ റിങ്ങ്‌ടോണ്‍ അടിച്ചതും ഒരുമിച്ചായിരുന്നു. താഴെ നിന്നുയരുന്ന വര്‍ത്തമാനത്തെ അവഗണിച്ച് നിരുപമ മൊബൈല്‍ നോക്കിയപ്പോഴാണ്, ഉത്തരത്തില്‍ തല തട്ടി തരിച്ച പോലെ ഒരവസ്ഥ ഉണ്ടായത്. ഞെട്ടല് കൊണ്ട് കണ്ണ് രണ്ടും മിഴിഞ്ഞ് പുറത്തേക്ക് തളളി. നാഭിയില്‍ നിന്ന് ഒരലര്‍ച്ച പുറപ്പെട്ട് പാതി വഴിയില്‍ തടഞ്ഞ് നെഞ്ചില്‍ ഭാരമായ് നിന്നു. പാതിയും കീറിയ വസ്ത്രത്തില്‍ ദിശയാന്റി. ഒപ്പം കുറച്ച് യുവാക്കളും. ഉല്ലാസയാത്രയ്‌ക്കെത്തിയ യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും കാട്ടുമൃഗത്തിന്റെ ആക്രമണം.
നിരുപമ എല്ലാ ഗ്രൂപ്പിലൂടെയും ചൂണ്ടുവിരല്‍ താഴേക്കോടിച്ചു.
ഒരേ മെസ്സേജ്. മൊബൈലിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ ശേഷം, മരവിച്ച കാലുകളെ വലിച്ച് പറിച്ച് താഴത്തെ നിലയിലേക്ക് നടയിറങ്ങുമ്പോള്‍ അമ്മയുടെ ഉറക്കെയുള്ള സംസാരം കേള്‍ക്കാം. ഒരുമ്പെട്ടോള്…
അന്യദേശക്കാരീനെ വേളി കഴിക്കണ്ടാന്ന് ഞാമ്പറഞ്ഞപ്പോ ശങ്കരേട്ടന്‍ കേട്ടില്ല. ആ ഫോട്ടോയില് നീ ശരിക്കും നോക്കീലേ രവീ.
നമ്മടെ പ്രവി ഇല്ലല്ലോ അയില് എന്താ ചീയ്യാന്റെ പത്മനാഭസ്വാമീ.
നാണക്കേടായീലോ? അമേരിക്കേല് നെണക്ക് പൊര്‍ത്തെക്കിറങ്ങാന്‍ നാണക്കേടാണേല് നാട്ടില് ഇന്റവസ്ഥ ഒന്ന് വിചാരിക്ക് രവീ.
മറുപടി കാക്കാതെയുള്ള അമ്മയുടെ സംസാരത്തില് ദിശയാന്റിയെ ജീവനോടെ കുഴിച്ച് മൂടാനുള്ള ദേഷ്യം അടങ്ങിയിരുന്നു.
നീ ഫോണ്‍ വച്ചോ രവീ..
ഞാനും പപ്പേട്ടനും കൂടെ തറവാട്ടിലേക്കിറങ്ങാണ്.
അവിടെ ശങ്കരേട്ടന്‍ അറിഞ്ഞിട്ടുണ്ടാവാന്‍ വഴീല്ല. പ്രവി കൊങ്ങിണിച്ചീന്റൊപ്പം ബാഗ്ലൂരായെപ്പിന്നെ ശങ്കരേട്ടന്‍ മൊബൈല്‍ നോക്കാറില്ല.
എടുപിടീന്ന് അമ്മ അച്ഛനേം തന്നേം കൂട്ടി കാറിലേക്ക് കയറാന്‍ നേരത്താണ് മീങ്കാരന്‍ അപ്പുണ്ണി സൈക്കിളുമായ് വന്നത്.
പൊരപൂട്ടി എര്‍ങ്ങാല്ലെ ഭവാനിയേച്ചീ. ഇനീപ്പോ കുറച്ചീസം മാറി നിക്കണതാ നല്ലയ്. നാണക്കേടൊന്ന് മാറട്ടെ. പാലും, പത്രോക്കെ ഒരാഴ്ചത്തേക്ക് വേണ്ടാന്ന് പറഞ്ഞിട്ടില്ല്യേ? പൂച്ചട്ടീലൊക്കെ ആരാ വെള്ളൊഴിയ്ക്ക്യാ? നാണക്കേടോണ്ട് പൊരപൂട്ടി മാറി നില്‍ക്കാന്‍ എന്റേട്ടന്റെ മോളല്ല തെണ്ടാനെറങ്ങീത്. തൊടലും, പൂട്ടുമില്ലാതെ എവിടുന്നോ വലിഞ്ഞേറി വന്ന ഒരെന്ധ്യാനിച്ചിക്ക് കുത്തോണ്ടതിനി എനിക്കൊരു വെഷമോല്ല അപ്പുണ്ണ്യയ്.
ഞാനോള്‍ടെ കാര്യം അറിയാനല്ല. എന്റേട്ടനെക്കൊണ്ട്, ഓളേ പടിയടച്ച് പിണ്ഡം വെപ്പിക്കാനാണ് തറവാട്ടില്‍ക്ക് പോണത്.
ഭവാനിയേച്ചി വെഷമിക്കണ്ട.
കുത്തോണ്ട പെണ്ണ് കല്ലിശ്ശേരീലെ കുട്ട്യാന്ന് ഇന്നാട്ടര്‍ക്കൊന്നും അറീല്ല.
വഴീകെടക്കണ പെണ്ണിനെ എടുത്ത് ഇന്റ കുടുമ്മത്തില് കയറ്റിവെക്കണ്ടപ്പുണ്ണീ.
നീ പോയാട്ടെ. ഞങ്ങള്‍ക്ക് പോണം.
കാര്‍ വിതുരയിലേക്ക് പുറപ്പെട്ടപ്പോഴേയ്ക്കും എട്ട് മണി കഴിഞ്ഞിരുന്നു. വക്കീലായത് കൊണ്ട് അച്ഛന്റെ വണ്ടി എല്ലാവര്‍ക്കുമറിയാം. നിരത്തില്‍ കാണുന്ന ഒരോ മുഖത്തും, ആയിരം ചോദ്യചിഹ്നങ്ങള്‍ ഒട്ടിച്ചിരിക്കുന്നു.
ഓരോ നോട്ടത്തിലും പരിഹാസശരങ്ങള്‍. പ്രഭാതത്തില്‍ പറവകളും പക്ഷികളും പറക്കുന്നതിനോടൊപ്പം, അസ്വസ്ഥമായ ഏതോ ഒരു വാര്‍ത്തയും പരക്കുന്നു. പരിസരങ്ങളില്‍ വെറുപ്പുളവാകുന്നത് എത്ര പെട്ടെന്നാണ്.
മൊബൈലോഫാക്കാം..
കൊറെ നേരത്തേക്ക് അതായിരിക്കും നല്ലത്. രജിസ്ട്രര്‍ മാര്യേജ് ആയതു കൊണ്ട് സേവ് ദി ഡേറ്റും കല്യാണ ഫോട്ടോയുമൊന്നും സ്റ്റാറ്റസിടേണ്ടി വന്നിട്ടില്ല. അതു കാരണം ദിശയാന്റിയെ തന്റെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. തറവാട്ടിലെ മുറ്റത്ത് കാര്‍ ചെന്ന് നില്‍ക്കുമ്പോള്‍ കണ്ടത്, ഇറയത്ത് തല കുനിച്ചിരിക്കുന്ന ശേഖരമ്മാമയെ ആണ്. സങ്കടം തോന്നി.
വാതില്‍പ്പടിയ്ക്ക് ഒരു വശത്തായി ചില്ല് കൂട്ടിലിപ്പോഴും മഹാത്മജി, മുത്തച്ഛന് കൊടുത്തത് എന്ന് അവകാശപ്പെടുന്ന വെളുത്ത ഖാദിത്തുണി സൂക്ഷിച്ചിരിക്കുന്ന ചില്ല് പെട്ടി കാണാം. തൊട്ടടുത്തായി മഹാത്മജിയുടെ ചിത്രവും. വീട്ടിലാരുവന്നാലും ശേഖരമ്മാമ ആദ്യം പറയുന്ന കാര്യമതാണ്. പറഞ്ഞ് കൊടുക്കുകയല്ലാതെ ചില്ല് പെട്ടി തുറന്ന് ആരേം അത് തൊട്ടു നോക്കാന്‍ കക്ഷിയൊട്ട് സമ്മതിക്കത്തുമില്ല. ഗാന്ധിയനായത് കാരണം സ്വാതന്ത്ര്യ സമരമൊക്കെ ശേഖരമ്മാമയ്ക്ക് മന:പാഠമാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ വന്ന് പോവുന്നവരും അതിന്റെ ചുരുക്കെഴുത്ത് പഠിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയേഴില് ഗാന്ധിജി പത്മനാഭസ്വാമി ക്ഷേത്രത്തില് വന്നപ്പോഴാണത്രെ ആ ചരിത്ര സംഭവം കല്ലിശ്ശേരി തറവാട്ടില്‍ എഴുതപ്പെട്ടത്. ജനുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച. ദിവസങ്ങള്‍ക്കു മുന്നേ ഗാന്ധിജിയുടെ ക്ഷേത്രസന്ദര്‍ശനം അറിഞ്ഞ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് എന്തുകൊണ്ടോ അത് രഹസ്യമാക്കി വെക്കാന്‍ ആദ്യം തീരുമാനിച്ചു. ആ സമയത്ത് കൊട്ടാരത്തിലെ കണക്കെഴുത്തുകാരന്റെ സഹായി ആയിരുന്നു മുത്തച്ഛന്‍. മഹാരാജാവിന്റെ വിശ്വസ്ത സേവകരില്‍ നിന്നും വിവരമറിഞ്ഞ മുത്തച്ഛന്‍ അക്കാലത്ത് പറമ്പിലുണ്ടായിരുന്ന പഴുത്ത ചക്ക (അന്ന് ചക്കയ്ക്ക് ‘പനസം’’ എന്നാണത്രെ പറയുക) പറിച്ചരിഞ്ഞ് വഴറ്റി വരട്ടിയെടുത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന്റന്നത്തെ ജാഥയില് ഗാന്ധിജിക്ക് കൊടുത്തുവത്രെ. പൊതുയോഗ പ്രസംഗത്തിനിടേല് തിക്കിലും, തിരക്കിലും പെട്ട് മണ്ണും ചെളിയുമായ് വന്ന മുത്തച്ഛനെ കണ്ട് ഗാന്ധിജി തന്റെ കഴുത്തില്‍ കിടന്ന ഖാദിത്തുണിയെടുത്ത് തുടച്ചുവെന്നും പനസം വിളയിച്ചത് കഴിച്ചതിന്റെ സന്തോഷമായി തനിക്കത് നല്കിയെന്നും അന്നു മുതല്ക്കാണ് കല്ലിശ്ശേരിത്തറവാടിന് ചരിത്ര പാരമ്പര്യം ഉണ്ടായതെന്നുമാണ് ശേഖരമ്മാമയുടെ വാദം, അങ്ങനെ എല്ലാവരുടെയും മുന്നില്‍ ചരിത്രവും പറഞ്ഞ് തലയുയര്‍ത്തി നിന്നിരുന്ന ശേഖരമ്മാമയാണിപ്പോ…
പെട്ടെന്നാണ് രമവല്ല്യമ്മേടെ മക്കളായ ശിഖയും ദ്യുതിയും അകത്തൂന്ന് ഇറങ്ങി വന്നത്.
എന്റേട്ടാ…
ന്നാലും ഇങ്ങനൊന്ന് നമ്മടെ കുടുമ്മത്ത് വന്ന് പെട്ടൂലോ? അമേരിക്കേന്ന് രവി വിളിച്ചപ്പോഴാ ഞാനറിയുന്നേ.
ഞാനും രമേട്ത്തീം അന്നേ പറഞ്ഞതല്ലേ ഈ ബന്ധം വേണ്ടാന്ന്. ആള്‍ക്കാര്‌ടെ മൊഖത്തിനി എങ്ങനെ നോക്കും.
അമ്മ ആരോടെന്നില്ലാതെ പറഞ്ഞോണ്ട് അകത്തേക്ക് കയറി അടുക്കളയിലെത്തി.
നീ എപ്പോഴാ രമേ എത്തീത്?
ഞാന്‍ വെളുപ്പിനേ ഇങ്ങ് പോന്നു. രാത്രി ദൃശ്യം 2 കാണുന്നേന്റെടെലാ മനു ഈ ഫോട്ടോ കണ്ടത്. തുണി കൊറവായോണ്ടായിരിക്കും
ചെക്കന് എന്നെ കാണിക്കാനൊരു മടി. ഇനി അറിയാനാരൂല്ല.
ഏട്ടനെ ആരേലും കാണിച്ചോ?
ഇല്ല. ഏട്ടന്‍ മാത്രം കണ്ടിട്ടില്ല്യ.
ഏട്ടത്തീനെ ഞാനാ കാണിച്ചത്.
കണ്ടൊടനെ ഏട്ത്തി കട്ടിലിമ്മേ കേറിക്കെട്ന്നു. പിന്നൊരക്ഷരം മിണ്ടീട്ടില്ല്യ.
മിണ്ടാണ്ടിരുന്നാ ശര്യാവോ..
മാരാനെ വരുത്തി പടിയടച്ചു പിണ്ഡം വെക്വാ വേണ്ടേ?
ഫോട്ടോ കണ്ടപ്പോ പ്രവിക്കും മത്യായിട്ടുണ്ടാവും. അവനെ ആരേലും വിളിച്ചോ?
അറീല്ല. വല്ല്യച്ഛന്‍ തമ്പാനൂര്ന്ന് പൊറപ്പെട്ടിട്ടുണ്ടെന്നാ ഏട്ത്തി പറഞ്ഞത്? ഇനീപ്പോ വല്ല്യച്ഛന്‍ വന്നിട്ടായ്‌ക്കോട്ടെ തീരുമാനങ്ങളൊക്കെ.
വല്ല്യമ്മ പറഞ്ഞു.
അവര്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ താനും ശിഖയും ദ്യുതിയും കൂടി പിറകു വശത്തെ മുറ്റത്തേയ്ക്ക് നടന്നു.ഫോട്ടോയുടെ വിശദാംശങ്ങളിലേയ്ക്കും, അതിനു താഴെയായി വന്ന കമന്റുകളിലേയ്ക്കും സൂക്ഷ്മമായി ഇറങ്ങാന്‍ തുടങ്ങീപ്പഴായിരുന്നു ആട്ടുപൊരേന്ന് രണ്ട് പരിചയമില്ലാത്ത സ്വരം കേട്ടത്.
എന്നാ പീസാല്ലേടാ,
നീയ്യൊന്ന് സൂം ചെയ്ത് ഓള്‍ടെ പയറും പരിപ്പൊക്കെ ഒന്ന് വലുതാക്ക്.
കാണട്ട്.
ഒരാള്‍ അടുത്തയാളോട് ആവശ്യപ്പെടുന്നു.
ഇത് മറ്റേ കേസ് തന്നെ.
ഇനി പോത്ത് കുത്ത്യേന് പകരം ലവന്‍മാര് മൂന്ന് പേരും കൂടി കുത്തി തകര്‍ത്തതാണോന്നാ എന്റെ സംശയം.
നല്ല പൊളപ്പന്‍ സാധനമല്ലെ.
അസ്സല് മൊതല് തന്നെ.
ദേ.. കൂട്ടത്തിലൊരു വയസ്സനുമുണ്ട്.
കെളവന്റെ ഭാഗ്യം.
ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ മൂന്നു പേരും തിരിച്ചു നടന്നു.
ശ്ശോ… കേട്ടിട്ട് തൊലിയുരിയുന്നു.
ഈ ദിശയാന്റി എന്ത് വിചാരിച്ചിട്ടാ ഇത്രേം പേര്‌ടെ കൂടെ ഇറങ്ങി പൊറപ്പെട്ടത്.
ഇവര്‍ക്ക് വല്ല ഊട്ടീലോ, കൊടൈക്കനാലോ പോയ്ക്കൂടായിരുന്നോ? ഈ പൊന്മുടീല് വന്നോണ്ടല്ലെ നമുക്കൊക്കെ നാണക്കേടായ്ത്. ബോയ് ഫ്രണ്ടൊന്നൊക്കെ പറഞ്ഞാ പിന്നേം മനസ്സിലാക്കാം. ഇത് മൂന്നാല് പേര്…
ശിഖ വര്‍ത്തമാനം കടുപ്പിക്കാന്‍ നോക്കി.
ഞാന്‍ പറേന്നത് ഒരു സെല്‍ഫ് ഫ്രീഡം എല്ലാര്‍ക്കും കൊടുക്കണം ന്നാ..
മൂന്നാണുങ്ങളോട് കൂട്ടാവാമ്പാടില്ലേ.
അവര് പൊറത്ത് ജനിച്ചു വളര്‍ന്നതല്ലെ.
അപ്പോ ആ കള്‍ച്ചറിനെ റെസ്‌പെക്റ്റ് ചെയ്യണംന്നാ എന്റെ അഭിപ്രായം. ചെല്‍പ്പോ വല്ലാത്തൊരെക്‌സ്പീരിയന്‍സായിരിക്കും. ദ്യുതിയെ രൂക്ഷമായൊന്ന് നോക്കിയ ശേഷം ശിഖ തുടര്‍ന്നു.
-ഇനി പ്രവിയേട്ടനുമായി തെറ്റീട്ടെങ്ങാനും ഇറങ്ങിപ്പോയതാണോന്നാ എന്റെ സംശയം.
എന്തെട്ക്കാ അവിടെ മൂന്നുപേരും?
മൊബൈല്‍ നോക്കിയിനി തോന്ന്യാസ വര്‍ത്താനത്തിന് നിക്കണ്ട. ഓഫാക്കി വച്ചോളു ഒരു ഭാഗത്ത്. വല്യമ്മാവന്‍ വന്നിട്ടുണ്ട്. അകത്തേക്ക് കേറി പോരെ.
രമ വല്ല്യമ്മ വിളിച്ചു പറഞ്ഞു.
കാറില്‍ നിന്നിറങ്ങിയ ഉടനെ വല്ല്യമ്മാവനും ശേഖരമ്മാമയും കൂടി അകത്തേക്ക് കയറി ഇരുന്നു. അച്ഛനും ചിറ്റപ്പനും അവരോടൊപ്പം സ്വീകരണമുറിയിലും അമ്മയും രമ വല്ല്യമ്മയും അവര്‍ക്ക് പുറകിലായും സ്ഥാനം പിടിച്ചു.
അമ്മായി എണീറ്റതേ ഇല്ല. ഞങ്ങളെല്ലാവരും തീന്‍ മുറിയിലെ ഇരിപ്പിടത്തില്‍ കാത് കൂര്‍പ്പിച്ചിരുന്നു.
വാതിലെല്ലാം അടച്ചിട്ടേക്ക്..
പണിക്കാരറിയണ്ട..
അമ്മയുടെ മുഖത്തേക്ക് നോക്കി വല്ല്യമ്മാവന്‍ പറഞ്ഞു.
ഇനീപ്പോ അറിയാനാരൂല്ല വല്ല്യേട്ടാ. ഓരോരുത്തരുടെ മോന്ത കാണണം.
ശേഖരാ…
കഴിഞ്ഞത് കഴിഞ്ഞു.
പ്രവീണെന്റെ ഒറ്റ മോനായത് കൊണ്ടാ നമ്മളെല്ലാം ഇതു വരെ ക്ഷമിച്ചത്.
എവിടെയേലും ജീവിച്ചോട്ടെന്ന് കരുതി.
ഇനി ഓന്റെ ഭാര്യ എന്ന നെലേല് ഓളിവിടെ വേണ്ട. നീയും നളിനീം ഇപ്പോ കടുംപിടുത്തം പിടിച്ചാ അവന്‍ ഓളേം ഇട്ടിങ്ങ് പോന്നോളും.
പ്രവി വന്നശേഷം ചടങ്ങൊക്കെ നടത്തി ഓളെ പൊറത്താക്കാ.
വല്യേട്ടന്‍ ഉദ്ദേശിക്കണത്?
ചിറ്റപ്പന്‍ പകുതി ചോദ്യത്തില്‍ നിര്‍ത്തി. പടിയടച്ച് പൊറത്താക്കല് തന്നെ.
അല്ലാണ്ടെന്താ…
ഇത്തവണ ശിഖയും ദ്യുതിയും താനും ഒരുമിച്ച് ഞെട്ടി. ഒപ്പം പഠിക്കുന്ന ഡല്‍ഹിക്കാരനൊരുത്തനെ ഇപ്പഴേ മനസ്സിന്റുള്ളീന്ന് പറിച്ചെറിഞ്ഞാലോന്ന് ദ്യുതിക്ക് തോന്നി.
അപ്പോഴേയ്ക്കും മറ്റൊരു ചരിത്ര സ്മാരകമായ ലാന്‍ഡ് ഫോണ്‍ ബെല്ലടിച്ചു.
ശേഖരമ്മാമേ…
ബാംഗ്ലൂര്ന്ന് പ്രവിയേട്ടനാണ്.
ദ്യുതി വിളിച്ച് പറഞ്ഞു.
ശേഖരമ്മാമ പരിക്ഷീണിതനായി നടന്നു വരുന്നത് കണ്ടു. കാതങ്ങള്‍ക്ക് അകലെ നിന്നും തന്റെ ഏകമകന്‍ ഒരാണ്ടിനുശേഷം വിളിക്കുന്നു. ചാരക്കണ്ണും സ്വര്‍ണ്ണത്തലമുടിയുമുള്ള ഒരുവളെയും കൊണ്ട് തമ്പുരാന്‍ദേവികാവില് ഉത്സവത്തിന്റന്ന് വന്നതും, താനും നളിനിയുമായി പിണങ്ങി അവര്‍ തിരികെ ബാംഗ്ലൂര്‍ക്ക് പോയതും വൃദ്ധനോര്‍ത്തു. മലയാളിയല്ലാത്ത അവളെ എങ്ങനെ മകന്റെ ഭാര്യയായ് സങ്കല്പിക്കും?
അച്ഛാ..
മകന്‍ തനിക്കറിയില്ലാത്ത ഏതോ ഭൂഖണ്ഡത്തീന്ന് വിളിക്കുന്നത് പോലെ തോന്നി.
അച്ഛാ.. ദിശ പൊന്മുടി ഹോസ്പിറ്റലില്‍ ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. അവളെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റണം. ഞാനിവിടുന്ന് വരാന്‍ സമയമെടുക്കും, അച്ഛനൊന്നു പോവ്വോ ആശുപത്രി വരെ. കഴിഞ്ഞതൊക്കെ ഒന്ന് മറക്കച്ഛാ..
ഒന്ന് ചെല്ലച്ഛാ…
പ്രവീണ്‍ കരഞ്ഞു തുടങ്ങിയിരുന്നു.
മറുപടി പറയാന്‍ തോന്നിയില്ല. ഫോണ്‍ താഴെ വെച്ച് സ്വീകരണമുറിയിലേക്ക് നടക്കുമ്പോള്‍ വഴുവഴുത്തൊരു കഫം പൊറത്തേക്കാട്ടി തുപ്പാന്‍ കണക്കിന് തൊണ്ടയില്‍ സ്ഥാനം പിടിച്ചു.
എന്താണവന്‍ പറഞ്ഞതേട്ടാ…
അമ്മയ്ക്കാണ് തിടുക്കം.
ശേഖരമ്മാമയുടെ സ്വരം പെട്ടെന്നുയര്‍ന്നു.
ഓള് പൊന്മുടീ ആശുപത്രീല് ചാവാന്‍ കെടക്കാത്രെ.. എന്നോട് പോയി വേണ്ടത് ചെയ്യാന്‍. ഞാന്‍ വേണ്ടത് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഓള്‍ടെ അഴിഞ്ഞാട്ടം അവന് നിസ്സാരമായിരിക്കും. കണ്ടും കേട്ടും പരിചയമില്ലാത്ത ഇത്തരം ദുര്‍നടത്തിപ്പുകള്‍ എന്നെക്കൊണ്ട് ഇനി താങ്ങാന്‍ വയ്യ. ഭര്‍ത്താവുള്ളപ്പോ അന്യപുരുഷന്‍മാരോടൊപ്പം..
ഇതുവരെ നാട്ടുകാരുടെ മുന്നില്‍ തലയുയത്തിയേ നിന്നിട്ടുള്ളൂ.
ഇങ്ങനത്തൊരു മോനും മോളും എനിക്കിനീല്ല. അവന്‍ പെണങ്ങി പോയിട്ടും അവനോട് ആ പെണ്ണിനെ ഉപേക്ഷിക്കാന്‍ ഞാനോ, നളിനിയോ ഇതുവരെ പറഞ്ഞിട്ടില്ല്യ. അവനിഷ്ടപ്പെട്ട കുട്ട്യല്ലേന്ന് കരുതി. പത്മനാഭസ്വാമിക്ക് അഹിതമായതൊന്നും ഞാനും നളിനീം ഇതുവരെ ചെയ്തിട്ടില്ല്യ. നമ്മുടെ ആചാരങ്ങളുമായി ചേര്‍ന്നു പോകാത്ത ഒരു മകനും മകളും എനിക്ക് വേണ്ട. അതോണ്ട് ഏട്ടനെന്തു തീരുമാനിച്ചാലും ഞാനിനി മറുത്തു പറയില്ല്യ. എനിക്കിങ്ങനെയൊരു മകനില്ല്യ. അള്‍ട്ടിമേറ്റ്‌ലി അയാം എലോണ്‍.
വൃദ്ധന് തൊണ്ടയിടറി.
എന്നാ ചടങ്ങ് വൈകിക്കണ്ട.
മാരാനെ വിളിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യാം. വല്ല്യമ്മാവന്‍ അച്ഛനും ചിറ്റപ്പനുമായും സംസാരിച്ചോണ്ട് മുറ്റത്തേക്കിറങ്ങി.
ദിശയാന്റിയുമായ് തനിക്ക് ഫേസ്ബുക്ക് റിലേഷനെ ഉള്ളൂ. അവര്‍ക്കിത്തരമൊരു മുഖമുണ്ടോ. ചില വാര്‍ത്തകള്‍ മദ്യപിച്ച് ബോധംകെട്ട നിലയില്‍ യുവതിയും സുഹൃത്തുക്കളും എന്നാണ്.
വല്ല്യമ്മാവന്‍ എന്താണോ കണ്ടത്? സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഇനി ആരെങ്കിലും ദിശയാന്റിയെ അപായപ്പെടുത്തിയതായിരിക്കുമോ? അങ്ങനെയാണെങ്കില്‍ പ്രവിയേട്ടന്‍ എങ്ങനെ ഒപ്പമില്ലാതായി?
ഉച്ചയായപ്പോഴേയ്ക്കും തറവാട്ടില്‍ ആളുകള്‍ കൂടി.
അടക്കം പറച്ചിലുകളും വിമര്‍ശനങ്ങളും ചിതപോലെ ആളിക്കത്തുന്നു.
ഒരു ഭാഗത്ത് കര്‍മ്മം നടത്താനുള്ള സ്ഥലമൊരുങ്ങുകയാണ്. കറുകയും ചെറൂളയും തപ്പി അമ്മയും വല്ല്യമ്മയും ഏഴരയേക്കറിലൂടെ അലഞ്ഞു നടന്നു. തെക്കേ മുറ്റത്ത് പുറത്താക്കപ്പെടാന്‍ പോകുന്ന ആളെ സങ്കല്പിച്ച് കോലം വരയ്ക്കാന്‍, വാല്ല്യക്കാരന്‍ ദാമു പുഴുങ്ങിയുണക്കിയ നെല്ല് അട്ടത്ത്ന്ന് ചിക്കിയെടുത്തു. ചിറ്റപ്പനാണ് മാരാനെയും, അമ്പലത്തീന്ന് പൂജാരിയെയും കൂട്ടാന്‍ ഭഗവതിക്കാവിലേക്ക് പുറപ്പെട്ടത്. അസ്വസ്ഥമായ മനസ്സുമായ് ശേഖരമ്മാമയ്ക്ക് ജീരകവെള്ളം എടുക്കാന്‍ വേണ്ടി അടുക്കളയിലേക്ക് നടന്നപ്പോഴാണ് മുറ്റത്തൊരു വാഹനം വന്ന് നിന്ന ശബ്ദം കേട്ടത്.
പോലീസ് ജീപ്പാണ്. കാക്കി ധാരികളോടൊപ്പം വേറെ ഒന്നു രണ്ടു പേരെയും കണ്ടു. മിസ്റ്റര്‍ ശേഖരമേനോനല്ലെ?
അതെ.
ഞാന്‍ സുദേവ് ചന്ദ്രന്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ്.
ഇത് ഡോക്ടര്‍ രാമവര്‍മ്മ.
ഞങ്ങള്‍ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്.
നിങ്ങള്‍ ഈ കുട്ടിയെ അറിയുമോ?
ഇല്ല്യ.
നിങ്ങള്‍ടെ മകന്റെ ഭാര്യയല്ലെ ഇവര്‍.
എന്ററിവില്‍ അല്ല. അവര്‍ രണ്ടു പേരും കഴിഞ്ഞ വര്‍ഷം ഇവിടെ വന്നിരുന്നു.
വേറിട്ട ജീവിത ശൈലി പുലര്‍ത്തുന്നവരുമായി ബന്ധം തുടരണോ എന്നാലോചിക്കാന്‍ ഞാന്‍ പറഞ്ഞു. അതോടെ അവര്‍ പോയി. പിന്നെ ഞാനവനെ വിളിച്ചിട്ടൂല്ല. മിണ്ടീറ്റൂല്ല.
മിസ്റ്റര്‍ മേനോന്‍. നിങ്ങളൊക്കെ വലിയ വിദ്യാഭ്യാസമുള്ളവരല്ലെ, സമൂഹത്തെ നന്നാക്കേണ്ടവര്‍. ബാംഗ്‌ളൂരില്‍ ജനറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ആരാണെന്നോ, എന്താണെന്നോ, എന്തിനാണ് കേരളത്തില്‍ വന്നതെന്നോ നിങ്ങള്‍ ഇതുവരെ അന്വേഷിച്ചോ?
തുടര്‍ന്ന് കേട്ട കഥകളില്‍ ശേഖരമ്മാമ വിയര്‍ത്തൊഴുകി.
അമ്മായി കെടന്നിടത്ത്ന്ന് എണീറ്റു.
വല്ല്യമ്മാവനും അച്ഛനും പുഴവെള്ളത്തില്‍ മുങ്ങിയത് പോലെ ശ്വാസം മുട്ടി നെഞ്ച് തിരുമ്മി. അമ്മയും വല്ല്യമ്മയും മൂര്‍ധാവിലടി കിട്ടിയതുപോലെ തലയ്ക്ക് കൈ വച്ചിരുന്നു. പുറക് വശത്ത് ഫോട്ടോ കണ്ട് രസിച്ച പണിക്കാര്‍ പോലീസ് ജീപ്പ് കണ്ടപ്പോള്‍ തിടുക്കത്തില്‍ തേങ്ങ പൊളിക്കുന്ന ജോലിയിലേര്‍പ്പെട്ടു.
സ്വീകരണമുറിയില്‍ ശേഖരമ്മാമയ്ക്ക് എതിര്‍വശത്തായി ഇരിപ്പുറപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടര്‍ന്നു.
ഞങ്ങളും കണ്ടിരുന്നു ഫേസ്ബുക്കിലെ ന്യൂസ്. ഏതോ കച്ചറക്കേസാന്നാ ആദ്യം കരുതിയത്.
അന്വേഷിക്കാന്‍ തുടങ്ങുമ്പോഴാണ് മന്ത്രി വിളിക്കുന്നത്. അപ്പഴാണ് ഞാന്‍ സത്യമറിഞ്ഞത്.
അപകടത്തില്‍ പെട്ട് ഹോസ്പിറ്റലില്‍ വന്നപ്പോള്‍ കഴുത്തിലുണ്ടായിരുന്ന ടാഗില്‍ നിന്നാണ് ദിശ ആരാണെന്ന് ഡോക്ടര്‍ക്ക് മനസ്സിലായത്. ഉടന്‍ അവര്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിച്ച് ദിശയുടെ പ്രൊഫൈല്‍ എന്താണെന്ന് വ്യക്തമായി അറിഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അവരാണ് കേരളത്തിലെ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ഉടനടി വേണ്ടത് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മന്ത്രി നേരിട്ടെന്നെ വിളിച്ച് പറഞ്ഞതനുസരിച്ചാണ് ഞാനിത്രയും കാര്യങ്ങള്‍ ചെയ്തത്.
ഇനി ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കും.
ഇദ്ദേഹം തിരുവനന്തപുരത്ത് വൈറല്‍ വാക്‌സിന്‍ വിഭാഗത്തിന്റെ ഹെഡ്ഡാണ്.
മൗനം വിഴുങ്ങി നില്‍ക്കുന്ന നിശബ്ദരുടെ ലോകത്തേയ്ക്ക് ഡോക്ടര്‍ പതിയെ സംസാരിച്ചു തുടങ്ങി.
പുതിയൊരു കോവിഡ് വാക്‌സിനുവേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായി, കേരളത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ഏറെ കാണപ്പെടുന്ന ഉരഗവര്‍ഗത്തിലെ വെള്ളിക്കെട്ടനെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി, ഇന്ത്യന്‍ ജനറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എത്തിയതായിരുന്നു ദിശ.
കോറോണ വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം ചൈനയില്‍ കാണപ്പെടുന്ന ചൈനീസ് വെള്ളിക്കെട്ടനിലാണോ എന്നുള്ള സംശയം ഉടലെടുത്തപ്പോള്‍ ആണ് ഇത്തരത്തിലുള്ളൊരു ഗവേഷണത്തിന് വൈറോളജി വിഭാഗം തുടക്കമിട്ടത്.
മധ്യ തെക്കന്‍ ചൈനയിലും,കേരളത്തിലെ സഹ്യപര്‍വ്വതങ്ങളിലും കാണപ്പെടുന്ന വെള്ളിക്കെട്ടന്‍ ഒന്നു തന്നെയാണോ എന്നും, അതിന്റെ ആര്‍.എന്‍.എ പരിശോധനാ വിധേയമാക്കി ഗവേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതുമായിരുന്നു ദിശയില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം.
രാജ്യത്തെയും ലോകത്തെയും വിഴുങ്ങുന്ന മഹാമാരിയെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തെ സഹായിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ദിശയും സംഘവും. അതുകൊണ്ട് ദിശ ഇപ്പോ രാജ്യത്തിനും നമുക്കും ഒരുപോലെ വിലപ്പെട്ടതാണ്.
ഇരുണ്ട ഭൂപടത്തിന്റെ മറ നീക്കി ഡോക്ടര്‍ പറഞ്ഞു നിര്‍ത്തിയിടത്ത് നിന്ന്, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ തുടര്‍ന്നു.
ഞങ്ങള്‍ ഡോക്ടറെ കണ്ടിരുന്നു. കാട്ടുപോത്തിന്റെ ആക്രമണമാണ് ഉണ്ടായത്. വനത്തില്‍ കൂടി നടന്നപ്പോ സംഭവിച്ചതായിരിക്കാം. വാരിയെല്ല് തകര്‍ന്നാണ് ദിശ ഹോസ്പിറ്റലില്‍ എത്തിയത്, ഇന്റേണല്‍ ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലായിരുന്നു. ഹെഡ് ഇന്‍ജ്യുറിയും ഉണ്ട്.
ഇനിയൊന്നും ചെയ്യാനില്ല എന്നാണ് അറിയാന്‍ സാധിച്ചത്. മന്ത്രിയും എം.എല്‍.എയും ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. മകനെ വിവരമറിയിക്കും മുന്‍പ് നിങ്ങളെ ഇത്രയും കാര്യങ്ങള്‍ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്.
അയാം സോറി.
പറഞ്ഞു തീരും മുമ്പ് നിലവിളിയോട് കൂടി ഒരാംബുലന്‍സ് മുറ്റത്ത് വന്നു നിന്നു.
ഒപ്പം പിറകിലായ് ഒരു കാറും. കാറില്‍ നിന്ന് ചിറ്റപ്പനൊപ്പം മാരാനും പൂജാരിയും ഇറങ്ങി.
കാറ്റില്‍ കടപുഴകി വീണ മരങ്ങള്‍ പോലെ, വേരറ്റു നില്‍ക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് പോലീസും വല്ല്യച്ഛനും ചേര്‍ന്ന് ദിശയാന്റിയുടെ ചലനമറ്റശരീരം ആംബുലന്‍സില്‍ നിന്നും പുറത്തേക്കെടുത്തു വച്ചു.
അമ്മയുടെയും, വല്ല്യമ്മയുടെയും പിടുത്തം വിടുവിച്ച് നളിനിയമ്മായി, തണുത്ത് ഈറന്‍ പിടിച്ച ചില്ല് പെട്ടിയുടെ മീതേക്ക്, എന്റെ പൊന്നുമോളെ എന്നലറിക്കരഞ്ഞുകൊണ്ട് വീണപ്പോള്‍ ശേഖരമ്മാമ അകത്തേക്ക് നടന്നു.
വെള്ള പുതച്ച് അതില്‍ തന്റെ സ്വര്‍ണ്ണ തലമുടിയും, ചാരക്കണ്ണുകളും ഒളിപ്പിച്ചു വച്ച്, ഒരിക്കല്‍ മാത്രം തന്നെ നോക്കി അച്ഛാ എന്ന് വിളിച്ച പെണ്‍കുട്ടിയുടെ ജീവനില്ലാത്ത ശരീരത്തിലേക്ക്, താന്‍ നിധി പോലെ സൂക്ഷിച്ച മഹാത്മജിയുടെ ചൂടും, ചൂരും പറ്റിയ കല്ലിശ്ശേരി തറവാടിന്റെ അഭിമാന പതാക പുതപ്പിച്ച് തിരിഞ്ഞ് നടക്കുമ്പോള്‍ ശേഖരമ്മാമയോട് മാരാന്‍ ചോദിച്ചു.
ഇതാരാണ്?
നെഞ്ചോളം വന്ന് കുടുങ്ങിയ ഒരു നിലവിളിയാഴത്തെ കണ്ണുനീരിലൊതുക്കിപ്പിടിച്ച് ശേഖരമ്മാമ പറഞ്ഞു.
*എന്റെ മകള്‍*