ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പറ്റി പണ്ടുമുതലേ നാം കേള്‍ക്കുന്നതാണ്. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും. എന്നാല്‍ ഭൗമാന്തര്‍ഭാഗത്തുള്ള മണ്ണൊലിപ്പിനെപ്പറ്റിയും അതിന്റെ ഭീകരതയെപ്പറ്റിയും അത് ഭൂസ്ഥിതിയ്ക്ക് ഏല്പ്പിക്കുന്ന ആഘാതത്തെപ്പറ്റിയും നാം അത്രകണ്ട് മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്.
നദീതീരത്തുള്ള മണ്ണിടിച്ചില്‍ നാം വാര്‍ത്തകളില്‍ കാണുകയും നദി അതിന്റെ സ്വാഭാവിക പാത വീണ്ടെടുക്കുന്നു എന്ന് കാവ്യാത്മകമായിപ്പറഞ്ഞ് അതിനെ നിസ്സാരമാക്കി തള്ളിക്കളയുകയും ചെയ്യുന്നു. ഒരു വെള്ളപ്പൊക്കകാലത്തിനുശേഷം അതിനു വാര്‍ത്താപ്രാധാന്യം ലഭിക്കുന്നുമില്ല. നദിയുടെ വീതി വര്‍ദ്ധിക്കുന്നുവെന്നും നദിക്കരയില്‍ വസ്തുവുള്ളവര്‍ക്ക് വസ്തു നഷ്ടപ്പെടുന്നു എന്നുമുള്ള ഉപരിപ്ലവമായ ചര്‍ച്ചയ്ക്കും ആശങ്കയ്ക്കുമപ്പുറം അതിനുപിന്നിലെ അപകടത്തെപ്പറ്റി നാം അത്രമേല്‍ ബോധവാന്മാരാണോ? ഈ പ്രതിഭാസത്തെ ഒരു വെള്ളപ്പൊക്കകാല വാര്‍ത്തയ്ക്കപ്പുറം ഗൗരവത്തോടെ കാണേണ്ടതില്ലേ?
2018ലെ പ്രളയത്തിനുശേഷം ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം നടത്തിയ പഠനഗവേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സമീപകാല മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പ്രളയം എന്നീ പ്രകൃതിദുരന്തങ്ങള്‍ക്ക് പിന്നില്‍ ഭൗമാന്തര്‍ഭാഗത്തുള്ള മണ്ണൊലിപ്പിനുള്ള (Soil Piping) പ്രാധാന്യത്തിലേക്കാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ അടുത്ത ദുരന്തഭേരി മുഴക്കിക്കൊണ്ട് സോയില്‍ പൈപ്പിങ്ങ് നിശബ്ദമായി ശക്തമായിക്കൊണ്ടിരിക്കയാണെന്ന ദേശീയ ഭൗമശാസ്ത്രഗവേഷണകേന്ദ്രത്തിലെ ഡോ. ജി.ശങ്കറിന്റെ ആധികാരിക കണ്ടെത്തല്‍ ഈ വഴിക്ക് നാം എത്രമേല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നതിന്റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്.
എന്താണ് സോയില്‍ പൈപ്പിങ്ങ്? ഭൂമിയ്ക്കടിയിലെ ഇളകിയ മണ്ണിലേക്ക് വെള്ളം ഒഴുകിയിറങ്ങി, വെള്ളത്തിനു കടന്നുപോകാനുള്ള ഒരു പാതയുണ്ടാകലാണ് സോയില്‍ പൈപ്പിങ്ങ് എന്നു ചുരുക്കത്തില്‍ പറയാം. സ്വാഭാവികമായ അത്തരം ജലപ്രവാഹങ്ങള്‍ ഭൂമിയിലെ ജലസംരക്ഷണത്തിനും ജലലഭ്യതയ്ക്കും ആവശ്യമായ വിധത്തില്‍ പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ടുതാനും. അത്തരം ചെറിയ ജലപ്രവാഹങ്ങളാണ് ഉറവകള്‍. കിണറില്‍ ജലമെത്തിക്കുന്ന ഉറവകള്‍! മഴപെയ്ത് ഭൂമിയില്‍ ആഴത്തില്‍ ഇറങ്ങുന്ന വെള്ളം മറ്റു പലസ്ഥലത്തേക്കും ഭൂമിയുടെ അടിയില്‍ക്കൂടെ ഒഴുകിപ്പരന്ന് ഉറവകളായി കിണറുകളില്‍ ജലമെത്തിക്കുന്നു. ഉയര്‍ന്ന മലനിരകളുടെ താഴെയുള്ള പാറകളിലുള്ള നനവുപോലും ഭൂമിക്കടിയിലുള്ള അത്തരം ജലപ്രവാഹത്താലാണ് സംഭവിക്കുന്നത്.
സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമ്പോള്‍ മഴപെയ്തുണ്ടാകുന്ന വെള്ളം ഭൂമിക്കടിയിലേക്കു പോകുന്നു. വലിയ മരത്തിന്റെ കുറ്റികള്‍ ജീര്‍ണ്ണിച്ചുണ്ടാകുന്ന കുഴികള്‍, (വ്യാപക മരംമുറിച്ചുകടത്തല്‍ സാധാരണ പ്രക്രിയയായ ഉള്‍വനങ്ങളില്‍, അത്തരം കുഴികള്‍ ഏറെ!), എലി, പാമ്പ് എന്നിവയുണ്ടാക്കുന്ന കുഴികള്‍, പച്ചപ്പോ മരവേരുകളോ ബലംകൊടുക്കാത്ത ഭൗമോപരിതലത്തിലെ ഇളകിയ, മഴപെയ്യുമ്പോള്‍ കുഴഞ്ഞുചിതറുന്ന മണ്ണ് എന്നിവയൊക്കെ വെള്ളത്തിനെ അനിയന്ത്രിതവേഗതയില്‍ (മഴ അതിതീവ്രസ്വഭാവത്തിലുള്ളതാണെങ്കില്‍) ഭൂമിക്കുള്ളിലേയ്ക്കു കടത്തിവിട്ട് ആന്തരിക നീരൊഴുക്കിനെ ത്വരിതഗതിയിലാക്കുന്നു.
ഭൂമിയ്ക്കടിയിലൂടെയുള്ള ജലപ്രവാഹം നാം കരുതുന്നതിനേക്കാള്‍ ശക്തമാകുകയും, അതു അവിടുത്തെ മണ്ണിനെ ഒഴുക്കിക്കളഞ്ഞ് വലിയ ദ്വാരങ്ങള്‍ സൃഷ്ടിക്കുകയും കാലാന്തരത്തില്‍ അത്തരം ശൂന്യസ്ഥലങ്ങള്‍ ധാരാളമായി ഉണ്ടാകുകയും ചെയ്യുന്നതോടെ മേല്മണ്ണിനുതാഴെ താങ്ങ് ഇല്ലാതെവരികയും ആ ഭാഗത്തെ മണ്ണ് താഴേയ്ക്ക് ഇരുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി മണ്ണിടിച്ചില്‍, കിണര്‍ ഇടിയുക എന്നതൊക്കെ സംഭവിക്കുന്നു. സാധാരണഗതിയില്‍ ഉറപ്പുള്ളതെന്നു നാം കരുതുന്ന സ്ഥലത്തുപോലും കിണര്‍ ഇരുത്തുന്നതിന്റെ കാരണമിതു കൂടെയാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠനഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലനിരകളെന്നോ പരിസ്ഥിതി ലോലപ്രദേശമെന്നോ ഉരുള്‍പൊട്ടലിനു പണ്ടേ സാദ്ധ്യതയുള്ള പ്രദേശമെന്നോ ഉള്ള വേര്‍തിരിവില്ലാതെ എവിടെയും ഇതു സംഭവിച്ചേക്കാം.
മാധവ് ഗാഡ്ഗിലിന്റെ ‘പരിസ്ഥിതിലോലപ്രദേശങ്ങള്‍’ എന്ന വാക്കില്‍ അധിഷ്ഠിതമാണ് പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ പരിസ്ഥിതി ചിന്തകളില്‍ ഏറിയപങ്കും. ഉയര്‍ന്ന മലനിരകള്‍ മാത്രമാണ് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നീ ഭീഷണികള്‍ നേരിടുന്നതെന്ന വിശ്വാസത്തില്‍ മറ്റുള്ളിടമെല്ലാം സുരക്ഷിതമെന്നും നാം ഒരു പരിധിവരെ കണക്കുകൂട്ടുന്നു. സമീപകാലങ്ങളില്‍ കിണറുകള്‍ ഇടിഞ്ഞുതാഴുന്നതും ഭൂമിയില്‍നിന്ന് തിളച്ചവെള്ളം പൊന്തിവരുന്നതുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിക്കണ്ട് ഒരു ചാനല്‍ചര്‍ച്ചയ്ക്കപ്പുറം പ്രാധാന്യമില്ലാതെ മാഞ്ഞുമറഞ്ഞുപോകുന്നതിന്റെ കാരണവുമിതാകാം. ഇവിടെയാണ് ഇതിന്റെയെല്ലാം പിന്നില്‍, പരിസ്ഥിതിലോലമെന്നു മുദ്രകുത്തപ്പെടാത്ത സ്ഥലത്തുപോലും സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളുടെയൊക്കെ പിന്നില്‍, സോയില്‍ പൈപ്പിങ്ങ് എന്നതിനു സാരമായ പങ്കില്ലേയെന്ന് ചിന്തിക്കേണ്ടത്.
അതിമര്‍ദ്ദത്തില്‍ ഒരുവശത്തു വെള്ളം കെട്ടിനിറുത്തിയിരിക്കുന്ന ഡാമുകളെ അതിന്റെ ജലനിരപ്പുയര്‍ന്നോ, വെള്ളം തുറന്നുവിടേണ്ട സ്ഥിതിയുണ്ടോ എന്ന നിലയില്‍ മാത്രമാണ് നാം പരിഗണിക്കുന്നത്. അവിടെയും സോയില്‍ പൈപ്പിങ്ങ് എന്ന വില്ലന്‍ എന്നാണ് പ്രവര്‍ത്തിക്കുകയെന്നത് ഭീതിയോടെയേ ഓര്‍ക്കാനാകൂ. അമേരിക്കയിലെ 30% ഡാമുകളും തകര്‍ച്ച നേരിട്ടത് ഭൗമാന്തര്‍ഭാഗത്തെ നീരൊഴുക്കുമൂലം അടിമണ്ണൊലിപ്പിന്റെ ഫലമായി മേല്മണ്ണ് താഴ്ന്നുപോയതിനാലാണെന്ന് അവരുടെ ആഭ്യന്തര പുനരുപയോഗവിഭാഗം നടത്തിയ പഠനങ്ങള്‍ അടിവരയിടുന്നു. ഡാമുകളില്‍നിന്നുള്ള ജലമൂറല്‍ (seepage) ഗൗരവമായികാണുകയും അതിനെ പ്രതിരോധിക്കാന്‍ ഡാമിന്റെ വിള്ളലുകള്‍ യഥാകാലം അറ്റകുറ്റപ്പണികള്‍ക്കു വിധേയമാക്കുകയും ചെയ്യണം.
അനിയന്ത്രിതമായ രീതിയില്‍ ഭൂമിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കുകയല്ലാതെ ഇത്തരം ദുരന്തങ്ങള്‍ക്കോ പ്രതിഭാസങ്ങള്‍ക്കോ തടയിടാനാകില്ല. ഭൂമിയുടെ ഉപരിതല തല്‍സ്ഥിതിയും അതില്‍ക്കൂടെയുള്ള ബാഹ്യനീരൊഴുക്കും മാത്രം കണക്കിലെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്കു ശ്രമിക്കാതെ ആ സ്ഥലത്തിന്റെ ഭൗമാന്തര നീരൊഴുക്കും ആ പ്രദേശത്തിന്റെ പിന്‍കാല ഭൗമസ്ഥിതിയും ആഴത്തിലുള്ള വിശകലനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. നദികളും നീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും തരിശാക്കുന്നതിനെതിരേയും വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൂമിയുടെ പ്രകൃത്യാ ഉള്ള സ്വാഭാവികതയ്ക്ക് ഭംഗം വരുത്തുന്നതിനെതിരേയും ഏവരും ഒരുമിച്ചു ചിന്തിക്കുകയും അവയ്‌ക്കൊക്കെയും പകരമായി പ്രകൃതിസൗഹൃദമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണം. പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഇനിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെങ്കിലും അതീവജാഗ്രത പുലര്‍ത്തേണ്ട സമയം സമാഗതമായിരിക്കുന്നു.
നദീതീരസംരക്ഷണത്തിനായി അതിര്‍ത്തിഭിത്തികള്‍ കെട്ടുന്നതും ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരങ്ങളില്‍ സീപേജിന്റെ അളവുനിര്‍ണയിച്ച് സംരക്ഷണഭിത്തികള്‍ ബലപ്പെടുത്തുന്നതും സോയില്‍ പൈപ്പിങ്ങിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഇതേ വഴികള്‍ തന്നെ ഡാമുകളിലും കൂടുതല്‍ ഗൗരവത്തോടെ അനുവര്‍ത്തിക്കേണ്ടതുണ്ട്. പാറഖനനത്തിനും ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും നാം ശ്രദ്ധിച്ചേ മതിയാകൂ. ഭൗമാന്തര്‍ഭാഗത്തേക്കുളള ജലത്തിന്റെ കുത്തൊഴുക്കിന്റെ ശക്തി കുറയ്ക്കാനും അതുവഴിയായി ആന്തരിക മണ്ണൊലിപ്പിനെ പ്രതിരോധിക്കാനും കയര്‍ ഭൂവസ്ത്രവിരിപ്പിനു ഗണ്യമായ പങ്കുവഹിക്കാനാകും എന്ന് എം.ബി നാസറിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം കണ്ടെത്തിയത്, ശ്രമിച്ചാല്‍ സോയില്‍ പൈപ്പിങ്ങിനു ചെറിയ രീതിയിലെങ്കിലും തടയിടാനാകുമെന്ന ആശ്വാസം നമുക്കുനല്‍കുന്നു. ഊഷരമായ സ്ഥലങ്ങളിലും വൃക്ഷരഹിതപ്രദേശങ്ങളിലും ആഴത്തില്‍ വേരുകളും പുല്ലുകളും മരങ്ങളും വച്ചുപിടിപ്പിക്കുന്നതും ഭൂമിക്കുള്ളിലേക്കു ജലത്തിന്റെ ശക്തമായ ഒഴുക്കിനെ നിയന്ത്രിക്കും.
ഇടുക്കിയിലെ ചെറുതോണിയില്‍ ഒരു ഇരുനിലക്കെട്ടിടം അതിന്റെ സ്ഥാനത്തുനിന്ന് 12 അടിയോളം ദൂരേയ്ക്കു മാറിപ്പോയി; കണ്ണൂരില്‍ ഭൂമിക്കടിയില്‍നിന്ന് ഭൗമോപരിതലത്തിലേക്ക് ശക്തമായ ജലപ്രവാഹമുണ്ടായി; ചിലയിടത്ത് നാം ആദ്യം പരാമര്‍ശിച്ചതുപോലെ കിണറുകള്‍ ഇടിഞ്ഞുതാണു. 80-കളുടെ തുടക്കത്തില്‍ തേയിലത്തോട്ടനിര്‍മ്മാണത്തിനായി വലിയതോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റി ഭൂശക്തി അസ്ഥിരപ്പെട്ട ഒരു സ്ഥലമാണ് പുത്തുമലയെന്നത് പുത്തുമലയിലെ ദുരന്തത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്. കോഴിക്കോട് പൈക്കാടന്‍ – കാരശ്ശേരി മല, പുത്തുമല, കവളപ്പാറ എന്നീ സ്ഥലങ്ങളിലെ ദുരന്തങ്ങള്‍ക്കുപിന്നില്‍ സോയില്‍ പൈപ്പിങ്ങിനുള്ള സ്വാധീനം തള്ളിക്കളയാനാവില്ലെന്ന ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളെ നാം നിസ്സാരമായിക്കാണുന്നത് ഇതുപോലെയുള്ള ഭാവിദുരന്തങ്ങള്‍ക്കു വഴിവെയ്ക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തില്‍ അടുത്തയിടെ മാത്രം കണ്ടുതുടങ്ങിയ സോയില്‍ പൈപ്പിങ്ങും ഭൂമി വിണ്ടുകീറുന്നതും വരാനിരിക്കുന്ന വന്‍ദുരന്തങ്ങളുടെ മുന്നോടിയാണെന്ന ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ.വി. നന്ദകുമാറിന്റെ വാക്കുകളും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി പ്രകൃതിസൗഹാര്‍ദപരമായ നടപടികളെടുത്തില്ലെങ്കില്‍ അനിയന്ത്രിതമായ പ്രകൃതിദുരന്തങ്ങളായിരിക്കും ഫലമെന്ന പാരിസ്ഥിതിക ശാസ്ത്രജ്ഞനായ ഡോ.വി.എസ്. വിജയന്റെ വാക്കുകളും അകറ്റിനിറുത്താവുന്ന ആസന്ന സന്നിഗ്ദ്ധാവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ്.
പ്രകൃതിയെ സംരക്ഷിച്ചു നിറുത്തേണ്ടതിന്റെ ആവശ്യകത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെപ്പറ്റിയൊക്കെ സംസാരിക്കുന്നവരെ വികസനവിരുദ്ധര്‍, വംശനാശം സംഭവിച്ച ലോലഹൃദയര്‍ എന്നൊക്കെ പരിഹസിച്ച് അകറ്റുന്നവരാണ് ഏറെയും എന്നറിയാതെയല്ല ഇക്കാര്യത്തെപ്പറ്റി പറയുന്നത്.
പ്രകൃതിയുടെ സ്വാഭാവിക ഭൂപ്രകൃതിക്കുമേല്‍, മനുഷ്യന്‍ തന്റെ ഭൗതികാവശ്യങ്ങള്‍ക്കായി നിയന്ത്രണരേഖ വിട്ടു പെരുമാറാന്‍ തുടങ്ങിയതോടെ ക്രമാനുഗതമായി പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തിയും പരപ്പും കൂടാന്‍ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോഴെല്ലാം അതു കുടിയേറ്റ കര്‍ഷകരുടെ വാസസ്ഥലവും അവരുടെ ജീവിതപുരോഗതിയും ഇല്ലാതെയാക്കാനുള്ള സംഘടിതമായ ശ്രമമാണെന്നും ജീവിതഭദ്രതയുള്ളവര്‍ അതില്ലാത്തവര്‍ക്കുനേരേ പ്രകൃതിസംരക്ഷണമെന്നപേരില്‍ നടത്തുന്ന കടന്നുകയറ്റമാണെന്നും വ്യാഖ്യാനിച്ച് മതരാഷ്ട്രീയസംഘടനകള്‍ നിര്‍ഭാഗ്യവശാല്‍ രംഗത്തുവന്നു. എന്നാല്‍ അവര്‍ക്കു വേണ്ടിക്കൂടിയാണ്, അവരിലൊരാള്‍ക്കും പ്രകൃതിദുരന്തംമൂലം ജീവഹാനിയുണ്ടാകാതിരിക്കാനാണ് ഇതുപറയുന്നതെന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചു നേര്‍വഴി നടത്താന്‍ ഒരു സംഘടനയും രംഗത്ത് വന്നില്ല. പശ്ചിമഘട്ടം മാത്രമല്ല ഏതിടവും ദുരന്തഭൂമിയായേക്കാമെന്ന സത്യം ആരും അറിയുന്നില്ല. കുന്നിനെ കുന്നായും തണ്ണീര്‍ത്തടങ്ങളെ അങ്ങിനേയും പ്രകൃതി കാത്തുവെച്ചതിന്റെ പിന്നില്‍ പ്രകൃതിക്കുണ്ടായിരുന്ന ഭൗതികബോധം മനുഷ്യര്‍ അറിയാന്‍ ശ്രമിച്ചതേയില്ല. കുന്നിടിച്ചു നിരപ്പാക്കിയും, നീര്‍ത്തടങ്ങള്‍ വികസനത്തിന്റെ പേരില്‍ നികത്തിയും പ്രകൃതിക്കുമേല്‍, പ്രകൃതിയില്‍ നിര്‍ലീനമായ സത്തയ്ക്കുമേല്‍ നാം കൈയേറ്റം തുടര്‍ന്നു. രസതന്ത്രത്തിലെ പ്രശസ്തമായ ലേ ഷാറ്റ്‌ലിയര്‍ സിദ്ധാന്തം പറയുന്നത് നാം ഒരു വ്യവസ്ഥയ്ക്കുമേല്‍ ആ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അതിനെ ക്രമപ്പെടുത്താന്‍ ആ വ്യവസ്ഥ സ്വയമേവ മറ്റൊരു സമതുലനാവസ്ഥ കൈവരിക്കും എന്നാണ്.
അത്തരത്തില്‍ ഏറെ അലോസരപ്പെട്ട പ്രകൃതി സ്വയമേവ ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനു മുന്നോടിയാണോ ഇത്തരം ദുരന്തങ്ങള്‍ എന്ന് മറ്റുപരിഗണനകള്‍ക്കതീതമായി ഏവരും ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. തുച്ഛമായ ലാഭത്തിനും താന്‍പോരിമയ്ക്കും വേണ്ടി പ്രകൃതിക്കുമേലുള്ള കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ ഗവേഷണഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പരിസ്ഥിതി സംരക്ഷണമെന്നത് ആണ്ടിലൊരിക്കല്‍ പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നടുന്ന വെറും പ്രകടനാത്മകതയിലേക്കു ചുരുക്കാതെ ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ സമീപകാലദുരന്തങ്ങളും ഇനി വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നമുക്ക് മാര്‍ഗ്ഗദീപമാകട്ടേ.
ആശ്രയിച്ച രേഖകള്‍:
1. Fadi Saliba; Ronald Bou Nassar; Naji Khoury; and Yara Maalouf, Internal Erosion and Piping Evolution in Earth Dams Using an Iterative Approach, Geo-Congress 2019
2. Afsal K P, Anjali Peter, Peter Jobe , Vinaya S M , Binoy Alias M. Dam Break Analysis of Idukki Dam Using FLDWAV River Mechanics, International Research Journal of Engineering and Technology, May 2016
3. Hindustan Times news dated Aug 16, 2019
4. Wan, C.F., & Fell, R., Investigation of internal erosion and piping of soils in embankment dams by the slot erosion test and the hole erosion test. UNICIV Report No R-412, The University of New South Wales Sydney ISSN 0077 880X, 2002.
5. Muhammed Bazith Nassar, Muhsina PM, Nakul Shaju, Shihin AN, Basil Jaimon, EFFECT OF COIR FIBER ON THE PIPING BEHAVIOUR OF SOIL , International Research Journal of Engineering and Technology, April 2019