ഭാരത ഭരണഘടനയിലെ 370-ാം വകുപ്പ് ഭരണഘടനാ നിര്‍മ്മാണസഭയുടെ സൃഷ്ടിയാണ്. ‘താല്‍ക്കാലികവും മാറ്റപ്പെടാവുന്നതും’ എന്ന ശീര്‍ഷകത്തിലാണ് ഭരണഘടനയില്‍ അത് ഉള്‍പ്പെടുത്തിയിരുന്നത്. അതു മാറ്റാന്‍ അവകാശമുള്ളത് ഭാരത പാര്‍ലമെന്റിനാണ്. അവരത് വന്‍ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മാറ്റുകയും ചെയ്തു. അതിന്റെ കാരണങ്ങള്‍ അക്കമിട്ടു നിരത്തി ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കുകയും ചെയ്തു.
എന്തിനെയും എതിര്‍ക്കുക എന്നത് വ്രതമായി സ്വീകരിച്ചിട്ടുള്ള ചില പാര്‍ട്ടികളും നേതാക്കളും പത്രങ്ങളും പതിവനുസരിച്ചുള്ള ആശങ്കകളും പ്രതിഷേധവും പ്രകടിപ്പിച്ചതില്‍ അത്ഭുതമില്ല.
എന്നാല്‍ പാകിസ്ഥാന്റെ ഹാലിളക്കം മനസ്സിലാകുന്നില്ല. അവര്‍ ആദ്യം പ്രതിഷേധക്കുറിപ്പിറക്കി. പിന്നീട് നയതന്ത്രബന്ധം വെട്ടിക്കുറച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കി. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു. വ്യോമാതിര്‍ത്തി അടച്ചു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവച്ചു. ദല്‍ഹി-ലാഹോര്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവച്ചു. സംഝോധാ ട്രെയിന്‍ നിര്‍ത്തി. പാകിസ്ഥാന്‍ പട്ടാളത്തിനു ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിയിലുടനീളം പോര്‍വിമാനങ്ങളെയും സൈന്യത്തേയും വിന്യസിച്ചു. സാംസ്‌കാരിക വിനിമയ പരിപാടികള്‍ നിര്‍ത്തി. കരാറുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 15 കരിദിനമായി ആചരിക്കാനും തീരുമാനിച്ചു.
കൈലാസ്-മാനസ സരോവര്‍ യാത്രയ്ക്ക് ഭാരതീയര്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ട് ചൈനയും പാകിസ്ഥാനോട് അനുതാപം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ് പാകിസ്ഥാന്‍.
ഒരു ലളിതമായ ചോദ്യം: ഈ പാകിസ്ഥാന്‍ എന്നൊരു രാജ്യം 1947 ആഗസ്റ്റ് 14-ാം തീയതി ജന്മമെടുത്തതല്ലേ? ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍ 1947-ല്‍ വരുത്തിയ ഭേദഗതി അനുസരിച്ചാണ് പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടത്. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് പാകിസ്ഥാന്റെ പ്രദേശങ്ങള്‍ വാര്‍ത്തെടുത്തത്. അതില്‍ ജമ്മു-കാശ്മീര്‍ എന്നൊരു പ്രദേശമുണ്ടായിരുന്നോ? റാഡ് ക്ലിഫ് എന്നൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് പാകിസ്ഥാന്റെ അതിര്‍ത്തികള്‍ വരച്ചത്. അതിനുള്ളില്‍ ജമ്മു-കാശ്മീര്‍ ഉണ്ടായിരുന്നോ?
ഇല്ലെന്നുള്ളതാണ് സത്യം. ജമ്മു-കാശ്മീര്‍ ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു. ഗവ.ഇന്ത്യാ ആക്ടില്‍ നാട്ടുരാജ്യങ്ങളുടെ ഭാവിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് സ്വതന്ത്രമായി നില്‍ക്കുകയോ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കുകയോ ചെയ്യാം. നാട്ടുരാജ്യത്തിന്റെ വര്‍ത്തമാനകാലത്തെ ഭരണാധികാരിക്ക് ലയനപ്രഖ്യാപനം നടത്താം. ഗവര്‍ണ്ണര്‍ ജനറല്‍ അതംഗീകരിച്ചിരിക്കണം.
ജമ്മു-കാശ്മീര്‍ ഭരണാധികാരിയായ രാജാ ഹരിസിംഗ് ഇന്ത്യാ ഗവണ്‍മെന്റുമായി ലയനപ്രമാണം ഒപ്പുവച്ചു. ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു അതംഗീകരിക്കയും ചെയ്തു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലയനത്തെ അംഗീകരിക്കുന്ന കക്ഷികള്‍ തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തിരുവിതാംകൂറും കൊച്ചിയുമടക്കം 500-ല്‍പരം നാട്ടുരാജ്യങ്ങള്‍ ഇതേ രീതിയില്‍ ഇന്ത്യയില്‍ ലയിച്ചിട്ടുണ്ട്. ഓരോ രാജാവിനും അവരാവശ്യപ്പെട്ട ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്തു.
കൊച്ചി രാജാവ് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ പഞ്ചാംഗത്തിന്റെ രണ്ടു കോപ്പികള്‍ മുടങ്ങാതെ കിട്ടണമെന്നാണ്. തിരുവിതാംകൂര്‍ രാജാവ് ആവശ്യപ്പെട്ടത് തന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണവും ഗ്രാന്റും വേണമെന്നാണ്. ജമ്മു-കാശ്മീര്‍ രാജാവ് ആവശ്യപ്പെട്ടത് ഉള്‍ഭരണ സ്വാതന്ത്ര്യമാണ്. ഈ കരാറുകള്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലാണ്. ബാഹ്യശക്തികള്‍ക്ക് അതിലൊരു കാര്യവുമില്ല. 370-ാം വകുപ്പും അങ്ങിനെയാണുണ്ടായത്. അതെടുത്തു കളയുന്നതിനെപ്പറ്റി ഒരഭിപ്രായം പറയാന്‍പോലും പാകിസ്ഥാനവകാശമില്ല. ഭാരതവും പാകിസ്ഥാനുമായി കാശ്മീരിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരുകാര്യം മാത്രമുണ്ട്. അത് അവര്‍ ആക്രമിച്ചു കൈയടക്കിവച്ചിരിക്കുന്ന ആസാദ് കാശ്മീരിനെപ്പറ്റി മാത്രമാണ്. അത് ചര്‍ച്ചകൊണ്ടു തീരുന്ന പ്രശ്‌നമല്ലെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. ‘ശഠനോട് ശാഠ്യം’ തന്നെ വേണം. കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഭാരതത്തിനവകാശമുണ്ട്. അത്‌നിഷ്പ്രയാസം ചെയ്യാന്‍ കഴിയുമായിരുന്ന അനേകം അവസരങ്ങള്‍ നാം നഷ്ടപ്പെടുത്തി. അതിനുത്തരവാദികള്‍ മുന്‍ ഭരണാധികാരികളാണ്.
370-ാം വകുപ്പ് രാജാവിന്റെ നിര്‍ദ്ദേശമല്ല. രാജാവ് ജയിലിലടച്ചിരുന്ന ഷേക് അബ്ദുള്ളയെ മോചിപ്പിച്ചു പ്രധാനമന്ത്രിയാക്കണമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ദ്ദേശം രാജാവ് അംഗീകരിച്ചു നടപ്പാക്കി. പ്രസ്തുത ഷേക് അബ്ദുള്ളയുടെ നിര്‍ദ്ദേശമാണ് 370-ാം വകുപ്പ് വേണമെന്നുള്ളത്. നെഹ്‌റു അത് അംഗീകരിക്കുകയും തന്റെ സ്വാധീനമുപയോഗിച്ച് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതോടെ കാശ്മീരിന്റെ പ്രതിനിധികളുള്‍പ്പെടുന്ന പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്ക് കാശ്മീരില്‍ സ്ഥാനമില്ലാതായി. കാശ്മീരികള്‍ക്ക് ഇന്ത്യ മുഴുവനും വിലയ്ക്കുവാങ്ങാം. കാശ്മീരികള്‍ ഒഴിച്ചുള്ള ഭാരതീയര്‍ക്ക് കാശ്മീരില്‍ ഒരു സെന്റു ഭൂമിപോലും വാങ്ങാനവകാശമില്ല. രാഷ്ട്രപതിക്കുപോലും രാഷ്ട്രത്തിനുവേണ്ടി കാശ്മീരില്‍ ഭൂമി വാങ്ങാനാവില്ല. കാശ്മീരില്‍ പ്രവേശിക്കാന്‍ ഭാരത പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷ മുന്നണിയുടെ നേതാവിനുപോലും അനുവാദമില്ലാത്തതുകൊണ്ടാണല്ലോ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ജയിലിലിട്ട് വധിക്കാന്‍ സാധിച്ചത്. രണ്ടു പ്രധാനമന്ത്രിമാരും രണ്ടു ഭരണഘടനയുമുള്ള ഒരു വിചിത്ര സാഹചര്യം സൃഷ്ടിച്ചു. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭീകരന്മാരുടെ വിഹാരകേന്ദ്രമായി കാശ്മീര്‍ മാറി. 50,000ത്തോളം കാശ്മീരികളെ ഭീകരര്‍ കൊന്നൊടുക്കി. 2,00,000ത്തോളം പണ്ഡിറ്റുകളെ നായ്ക്കളെപ്പോലെ തല്ലിയോടിച്ചു. ഇതൊക്കെ 370-ാം വകുപ്പിന്റെ തണലിലുണ്ടായതാണ്.
ഇപ്പോള്‍ ഇന്ത്യയിലെ ചില സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ ചോദിക്കുന്നു 370-ാം വകുപ്പില്ലെങ്കില്‍ ഭാരതത്തിന്റെ ഫെഡറല്‍ ഘടനയുടെ സ്ഥിതി എന്താവും? മുസ്ലീം ഭൂരിപക്ഷമുള്ളതുകൊണ്ടല്ലെ കാശ്മീരില്‍ ഇടപെട്ടത്? കാശ്മീര്‍ വ്യക്തിത്വം എങ്ങിനെ സംരക്ഷിക്കും? ഇത്തരം അസംബന്ധങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ ഇടമനുവദിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു കാര്യം മനസ്സിലാക്കുക, ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്നൊരു വാക്കില്ല. യൂണിയന്‍ എന്നാണു പറഞ്ഞിട്ടുള്ളത്. യൂണിയനിലെ അംഗസംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനമുണ്ടാക്കുന്നതാണ് 370-ാം വകുപ്പ്. അതെടുത്ത് കളഞ്ഞ് സമത്വം കൊണ്ടുവരുന്നതിനെന്താണ് തെറ്റ്? മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിട്ടുള്ള സംസ്ഥാനങ്ങളിലും അവര്‍ക്ക് സംരക്ഷണം കൊടുക്കുന്ന ഇന്ത്യ, ഭൂരിപക്ഷമുള്ള സംസ്ഥാനത്തോട് എന്തെങ്കിലും അനീതി കാട്ടുമെന്ന ചിന്ത തന്നെ അനാവശ്യവും യുക്തിക്കു നിരക്കാത്തതുമാണ്. കാശ്മീരിയത്താണ് മറ്റൊരു വിഷയം. കാശ്മീരിനുമാത്രമല്ല വ്യക്തിത്വം.
ഓരോ സംസ്ഥാനത്തിനും അതിനുള്ളിലുള്ള പ്രദേശങ്ങള്‍ക്കും വ്യക്തിത്വമുണ്ട്. തമിഴനും മലയാളിക്കും തെലുങ്കനുമെല്ലാം വ്യക്തിത്വമുണ്ട്. അതില്‍ കൂടുതലായി എന്താണ് കാശ്മീര്‍ ജനതയുടെ വ്യക്തിത്വം? മുസ്ലീം ഭൂരിപക്ഷമാണ് കാശ്മീര്‍ എന്നതില്‍ എന്താണത്ഭുതം. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഭൂരിപക്ഷമതവിഭാഗങ്ങള്‍ക്കില്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലീം. ഈ സഹായങ്ങള്‍ കാശ്മീരി മുസ്ലീങ്ങള്‍ക്കും കിട്ടുമെന്നതാണ് ഏകീകരണത്തിലൂടെ സംഭവിക്കുന്നത്.
പ്രശ്‌നത്തോടുള്ള കോണ്‍ഗ്രസ്സിന്റെ സമീപനം ആത്മഹത്യാപരമാണ്. ഏതൊരു ഷേക് അബ്ദുള്ളയാണോ 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ പണ്ഡിറ്റ് നെഹ്‌റുവില്‍ സ്വാധീനം ചെലുത്തിയത്, ആ മനുഷ്യനെ 1954-ല്‍ അധികാരഭ്രഷ്ടനാക്കി അറസ്റ്റു ചെയ്തു തടവിലിട്ടതും അതേ ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1964-ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും രാംമനോഹര്‍ ലോഹ്യ ഉള്‍പ്പെട്ട പ്രതിപക്ഷനേതൃനിരയും ആവശ്യപ്പെട്ടത് 370-ാം വകുപ്പ് നീക്കം ചെയ്യണമെന്നാണ്. അതേസമയം കാശ്മീര്‍ മുഖ്യമന്ത്രി സാദിക്കും 370-ാം വകുപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പത്രങ്ങളില്‍ ലേഖനമെഴുതിയിരുന്നു.
മറ്റൊരു കാര്യം എല്ലാവരും ഓര്‍ക്കണം. മതരാഷ്ട്രവാദമാണ് പാകിസ്ഥാന്റെ അടിസ്ഥാനം. സര്‍വ്വമത സമഭാവമാണ് ഭാരതത്തിന്റേത്. ഇതില്‍ ആരുടെ കൂടെയാണ് നിങ്ങള്‍ എന്ന് 370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കണം.