അങ്ങനെ പതിവില്ലാത്തതാണ്. നിശബ്ദത പുതച്ച തെരുവ് എന്നാണ് ക്ലീറ്റസ് ഇവിടെക്കുറിച്ച് പറയാറ്. അതാണത്രെ അവനിവിടെ താമസിക്കാന്‍ ഭയം. ഇരുട്ടിത്തുടങ്ങിയാല്‍ എട്ടെട്ടരയാവും വരെ സാധാരണമോപ്പഡുകളും ബൈക്കും ഓട്ടോയുമൊക്കെയായി ചെറു വാഹനങ്ങളേ പോകാറുള്ളൂ. അതും ഇടയ്ക്കുമാത്രം. അവസാനത്തേത് ഒമ്പതുമണിക്കുള്ള സദാശിവന്റെ ഓട്ടോറിക്ഷയാണ്. അതും എല്ലാ ദിവസവുമില്ല. ഭാര്യവീട്ടില്‍ പോകാത്ത ദിവസങ്ങളില്‍ മാത്രം. ഇതിപ്പോള്‍ പതിനൊന്നര കഴിഞ്ഞല്ലോ. പേടിച്ചതുപോലെ സംഭവിക്ക്വാണോ? ഉള്ളില്‍ ചെലപ്പോഴൊക്കെ തോന്നുന്ന പേടിപോലെ ചെലതെല്ലാം ഒത്തു വരാറുണ്ട്. ഒഴിഞ്ഞു പോവാറൂംണ്ട്. ജീപ്പിന്റെയിരമ്പല്‍ തീര്‍ച്ചയായും മറ്റൊന്നാകാന്‍ വഴിയില്ല. പോലീസല്ലാതെ വേറെയാരാണ് ജീപ്പില്‍ വരാന്‍? പഴയകാലം പോലല്ലല്ലോ. ഇപ്പോഴെല്ലാവരുടെയും പക്കല്‍ കാറും ബൈക്കുമെയുള്ളൂ. എക്‌സൈസിനും ഫോറസ്റ്റിനും പോലീസിനും മാത്രേ ജീപ്പൊള്ളൂ. അടിവയറ്റില്‍ നിന്നുമുരുണ്ടുകേറുന്ന അസ്വസ്ഥതയ്‌ക്കൊപ്പം ഇരമ്പലിന്റെ ശബ്ദമൊന്നുകൂടെയുയര്‍ന്നുച്ചസ്ഥായിയിലായി സാവധാനം താഴ്ന്നു നിലച്ചു. പിന്നാലെ വെളിച്ചവും കെട്ടു. നെഞ്ചിടിപ്പു നിലച്ചതുപോലെയായി. കൈ ചേര്‍ത്തുനോക്കിയപ്പോള്‍ മിടിക്കുന്നുണ്ട്. ഭാഗ്യം.
വെറുതെയങ്ങനെ പോലീസ് പിടിച്ചോണ്ട്വോവ്വോ?
ആലീസിന്റെ ചെവികടിച്ചുതിന്നുമ്പോലെയുള്ള പതിഞ്ഞ ചോദ്യം ചെറിയൊരു നനവുണ്ടാക്കി. അവളുടെ ചുണ്ടിന്റെ നനവാണ്. ഭക്ഷണം കഴിക്കുമ്പോഴും അവളങ്ങനെയാണ്. സാവധാനത്തില്‍ ചവച്ചരച്ച് വെള്ളപ്പരുവമാക്കിയേ എന്തും വിഴുങ്ങൂ. സംസാരിക്കുമ്പോഴും അങ്ങനെത്തന്നെ.
ചെലപ്പോ കൊണ്ടോവും. കാലതല്ലേ? എന്തെങ്കിലും കാരണംണ്ടായിട്ടാണോ വടക്കൂന്നൊരു പട്ടണത്തീന്ന് രണ്ട് കിഴങ്ങുപോലെ കനംവെച്ച ചെറുപ്പക്കാരെ പിടിച്ചോണ്ട് പോയത്? അവരാണെങ്കില്‍ ഭരണപ്പാര്‍ട്ടീടെ സ്വന്തം ആള്‍ക്കാര്. കുടുംബം മൊത്തം കമ്മ്യൂണിസ്റ്റാര്. എന്നിട്ടും..
അയിനൊക്കെ എന്തെങ്കില്വൊര് കാരണംണ്ടല്ലോ.
എന്ത് കാരണം? പിടിച്ചോണ്ട്വോവുന്നതുവെരെ കാരണോന്നൂല്ലാരു ന്നല്ലോ. അത് കഴിഞ്ഞിട്ടല്ലേ കാരണങ്ങളിണ്ടാക്ക്ന്നത്! പേട്യാവുന്നു.
ഇങ്ങളെന്തിനാ പേടിക്ക്‌ന്നേ? അവരൊക്കെ ഒന്നൂല്ലെങ്കില്‍ രാഷ്ട്രീയക്കാരല്ലേ? മരപ്പണിക്കാരായ നെങ്ങള്‍ക്കെന്താ?
ആലീസിന് സൗന്ദര്യം മാത്രേയുള്ളൂ, ലോകവിവരമില്ലെന്ന് പണ്ടേ ബോധ്യപ്പെട്ടതാണ്. അല്ലെങ്കിലും സൗന്ദര്യവും ലോകവിവരവും തമ്മിലെന്ത്? കഴിഞ്ഞ രണ്ടാഴ്ചയായി മുങ്ങിനില്‍ക്കുന്ന ആശങ്കകളെ ആലീസിനെ അറിയിച്ചിരുന്നതാണ്. അതെങ്ങനെയാണ്? പറഞ്ഞു തുടങ്ങി പകുതിയാവുമ്പോഴേക്കും കൂര്‍ക്കം വലി കേള്‍ക്കാം. കൊച്ചാണെങ്കില്‍ പതിവു വലിയും ചുമയുമായി അപ്പുറത്ത് ഉറക്കാണോ, ഉണര്‍ച്ചയാണോന്നു തിരിച്ചറിയാത്ത ഭാവത്തില്‍ ചുരുണ്ടു കിടക്കുന്നുമുണ്ടാകും. ആരെയും ശല്യപ്പെടുത്തുന്നത് പണ്ടേ ശീലമില്ലാത്തകൊണ്ട് തിരിഞ്ഞു കിടന്ന് കൂട്ടിയും കിഴിച്ചും നേരം വെളുക്കുംവരെ രാപ്പുള്ളുകളുടെ കൂവലും ദൂരെയെവിടുന്നൊക്കെയോ പൊട്ടുന്ന പടക്കങ്ങളുടെ ഞെട്ടലും ശ്രദ്ധിച്ചു കിടക്കും.
മ്പ..മ്പ..മ്പ..ടാ.. ഇതെന്ത് സാധനം? ആനകള്‌ടെ മറ്റേ പരിപാടിയല്ലേ? ഇത് വീട്ടില് വെക്കാന്‍ കൊള്ളൂല. സംഗതി ചീറീട്ട്‌ണ്ടെങ്കിലും മാനം മര്യാദയ്ക്ക് ജീവിക്കുന്ന ഡീസന്റ് പാര്‍ട്ടികള് ഇത് വേടിക്കൂല്ല. ഒര് എട്ടുറുപ്പ്യ തരാം. വേണേല് വേടിച്ച് കൊണ്ട്വോയിക്കോ.
മട്ടാഞ്ചേരീലെ ആനകളെ മാത്രം വില്‍ക്കുന്ന കടേല് അന്ന് ഏസീടെ തണുപ്പില് വിറങ്ങലിച്ചു നിന്നുപോവ്വായിരുന്നു. ആനക്കട മൊതലാളിച്ചെക്കന്‍ ടിറ്റോ ഫ്രാന്‍സിസ് അശ്ലീലച്ചിരി നിര്‍ത്തുന്നില്ല. വിറയല് ദേഷ്യമായി പടര്‍ന്നു. അപ്പന്റെ മോന്‍ തന്ന്യല്ലേ ഇവന്‍? അപ്പന്‍ ഫ്രാന്‍സിസച്ചായന് കച്ചോടക്കണ്ണ് നല്ലോണംണ്ടായിര്‌ന്നെങ്കിലും നേരും നെറീമുണ്ടാരുന്നു. തലമുറ മാറുമ്പോ നേരും നെറീമൊക്കെ മാറ്വായിരിക്കും. എണ്ണായിരം രൂപ. കണക്കുകൂട്ടി നോക്കിയപ്പോള്‍ മരം വാങ്ങിയതുമുതലുള്ള ചെലവുകള്‍ നോക്കിയാല്‍ത്തന്നെ പന്തീരായിരം രൂപ വരും. പണിക്കൂലി പുറമെ. ഇങ്ങോട്ട് വണ്ടി വിളിച്ച് കൊണ്ടുവന്നതിന്റെ ചെലവ് വേറെ. എല്ലാം ചേര്‍ത്താ ഇരുപത്തിയയ്യായിരം പറഞ്ഞത്. വില വായീന്ന് വീണപ്പോ തന്നെ കുറഞ്ഞുപോയോന്നൊരാധി തികട്ടി വന്നിട്ടുണ്ടായിരുന്നു.
ഒറ്റ നോട്ടത്തില് അമ്പതിനായിരത്തില്‍ കൊറച്ച് ആരും പറയൂല്ല.
ക്ലീറ്റസ് തലേദിവസോം ഒറപ്പിച്ച് പറഞ്ഞിരുന്നതാ. എന്നിട്ടും ഇരുപത്തിയയ്യായിരംന്നു വന്നുപോയി വായീന്ന്. ചെലവും കഴിച്ച് കൊറച്ചുരൂപ ലാഭം കിട്ടും. നഷ്‌ടൊന്നും വരില്ല. പക്ഷെ ഒരു കലാസൃഷ്ടീന്നു പറയുമ്പോ അതിങ്ങനെ വെല കൊറച്ചു കാണാന്‍ പാടുണ്ടോ? പാബ്ലോ പിക്കാസോ ചായക്കടേലിരുന്ന് സിഗരറ്റ് കൂടിന്റെ പുറത്ത് ചിത്രം വരച്ചുകൊടുത്ത കഥയോര്‍മ്മവന്നു. ആരാധന മൂത്ത് വിളറി വെളുത്ത ചെറുപ്പക്കാരിപ്പെങ്കൊച്ച് പിക്കാസോയുടെ എതിര്‍വശത്തെ കസേരയില്‍ പാതിചന്തിയുറപ്പിച്ച് മടിച്ചു മടിച്ചു ചോദിച്ചത്രേ.
സാര്‍, ഇത്രയും വിലയോ? രണ്ടോ മൂന്നോ കോറലല്ലേയുള്ളൂ?
പിക്കാസോ ദേഷ്യം കൊണ്ടു വിറച്ച ചുണ്ടുകളോടെ പറഞ്ഞത്രേ.
ഇത് ഞാന്‍ എന്റെ ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ വരയാണ്. ചെറുപ്പം മുതല്‍ പഠിച്ചതും പരിശീലിച്ചതുമായ സകലതും ഇതിലുണ്ട്. ഞാനനുഭവിച്ച ദാരിദ്ര്യവും അവഗണനയും ഉറക്കമില്ലാതെ വരച്ചു പരിശീലിച്ച എണ്ണമറ്റ ചിത്രങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളുമുണ്ട്. അവയുടെയൊക്കെ തുടര്‍ച്ചയാണ് ഞാന്‍ വരക്കുന്ന ഓരോ വരയും. അതിന് എന്തു വിലയിടണമെന്ന് ഞാന്‍ തീരുമാനിക്കും.
ആരാധികപ്പെങ്കൊച്ച് വിറച്ചുപോവാന്‍ വല്ലോം വേണോ? കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ പിക്കാസോ പറഞ്ഞ കാശും കൊടുത്ത് സിഗരറ്റ് കൂടിലെ ചിത്രവും വാങ്ങി അവള്‍ സ്ഥലം കാലിയാക്കി. സത്യം പറഞ്ഞാ അതുപോലെത്തന്യാ ഇതും. ചെറുപ്പം മൊതല് കണ്ണും മെയ്യും കൂര്‍പ്പിച്ച് ചീവിപ്പഠിച്ച വിദ്യക്കാ ഇവന്‍, ഈ ചീള് ചെക്കന്‍ എണ്ണായിരം ഉറുപ്യ വെലയിട്ന്നത്. പണത്തിന്റെ തെളപ്പില് ചെക്കന്‍ തെരക്ക് കൂട്ടുന്നു.
ഗോപ്യേട്ടന്‍ ഐറ്റം തരുന്നോ ഇല്ലയോ? എനിക്ക് വേറെ പണീണ്ട്.
മോനേ, നീയ്യൊരിരുപതെങ്കിലും താ. ഇല്ലെങ്കില്‍ പണിക്കാശൊക്കൂല്ല. അതോണ്ടാ.
ഊ…ഊം.. ലാസ്റ്റ് പന്ത്രണ്ട്. അതിലപ്പൊറം നായാ അണ കേറൂല്ല. ഗോപ്യേട്ടന്‍ വേണേല്‍ വേടിച്ചിട്ട് പോയേ.
അവന്റെ സംസാരത്തില്‍ അസഹ്യത. പുച്ഛം. ഇപ്പോഴും മരത്തടിയുടെ കാശായതേള്ളൂ. എടുത്ത പണീം മറ്റ് ചെലവുകളും വെള്ളത്തില്. എന്തായിപ്പോ ചെയ്യ്വാ!
നീയ്യിതിപ്പോ ഞാനെറങ്ങി നടക്കുമ്പോഴേക്കും അമ്പതിനോ ലക്ഷത്തിനോ കച്ചോടാക്കും. എന്നിട്ടും നെനക്കെന്തിനാ മോനേ ഇത്ര ആര്‍ത്തി?
ലക്ഷോ? ഇതിനോ?
ടിറ്റോ ചിരിച്ചു മറിഞ്ഞു.
ഗോപ്യേട്ടന്‍ എന്താ പറേണേ?
അവന്റെ സംസാരത്തില്‍ തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ ഛായ വന്നു.
ഇത്.. ആദ്യം കാണുമ്പോ ഒരു കൗതുകോക്കെയിണ്ടാവും. ആള്വള് നോക്കി നില്‍ക്കും. ബുദ്ധിജീവി ജാടകാണിക്കുന്നോര് തിരിച്ചും മറിച്ചും നോക്കും. നോട്ടോം ചിരീം മാത്രേള്ളൂ. കാശുകൊടുത്ത് ഒരുത്തനും വേടിക്കൂല്ല. ചിരിച്ചു മതിയാവുമ്പോ പോവും. അല്ലേലും ഈ ആനകള്‌ടെ ഡിങ്കോള്‍ഫി ആരെങ്കിലും വാങ്ങി വീട്ടില് ഡ്രോയിംഗ് റൂമില് കൊണ്ട്വോയി വെക്ക്വാ? ആനയിടെതാണെങ്കിലും അത് അതന്നെയല്ലേ? മദാമ്മമാര്‍ക്കും സായിപ്പുമാര്‍ക്കും പോലും ഇഷ്ടാവില്ലാ.
ആനകള്‍ ഇണചേര്‍ന്നു നില്‍ക്കുന്ന ശില്പമാണ്. ഏറെക്കാലത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം ചെയ്തു തുടങ്ങിയത്. രതിയുടെ സൗന്ദര്യം തിളച്ചുനില്‍ക്കുന്ന അതുല്യശില്പം എന്നാണ് ക്ലീറ്റസ് പറഞ്ഞത്. ക്ലീറ്റസിന് കലാബോധംണ്ട്. ആലീസിന്റെ വകേലൊര് ആങ്ങളയായിട്ടും കലയോട്ള്ള ഇഷ്ടം കൊണ്ടാ അവന്‍ ഇപ്പോം കൂടെ നിക്കണത്. കൊത്തുമ്പോ എത്രയോ നേരം ദിവസങ്ങളോളം ആലീസും മുന്നില്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയുണ്ടായി? അവളുടെ മുഖത്തെ ഭാവങ്ങള്‍ കണ്ടാലറിയാം എത്രത്തോളമവളത് ആസ്വദിക്കുന്നുണ്ടെന്ന്. പള്ളീടെയും അപ്പനമ്മച്ചീടെയും വെറുപ്പും വിലക്കും വാങ്ങി കൂടെയിറങ്ങിപ്പോരാന്‍ തയ്യാറായതും ശില്പങ്ങളിലെ രതി കണ്ട് കൊതിതീരാഞ്ഞിട്ടാണെന്ന് അവള്തന്നെ പലപ്പോഴും പറഞ്ഞിട്ടൊണ്ട്. പക്ഷെ മരത്തില് കണ്ടത് മേനീല് കാണാന്‍ അവക്ക് ഭാഗ്യംണ്ടായിര്ന്നില്ല. ആദ്യ പ്രസവത്തിലേ തൊടങ്ങി വേണ്ടാതീനങ്ങള്. ആരോട് പറയാന്‍! ആര് സഹായിക്കാന്‍! എല്ലാം ഒരുമിച്ചനുഭവിക്കന്നെ.
സുഖപ്രസവോന്നും പ്രതീക്ഷിക്കണ്ട ഗോപ്യേ. കൊച്ചിനും തള്ളയ്ക്കും കേടില്ലാതെ കാര്യം നടക്കണെങ്കീ കത്തി വെക്കണം. കാശിന്റെ കാര്യം നോക്കീട്ട് കാര്യല്ല. റിസ്‌കെടുക്കാന്‍ എനിക്ക് വയ്യ.
പ്രസവത്തിനു മാത്രമായി സ്വന്തം ആശുപത്രി തുടങ്ങിയ ഉഷഡോക്ടറുടെ അഭിപ്രായതായിരുന്നു. ഡോക്ടറുടെ പുതിയ വീടിന്റെ വാതിലില്‍ ആനയെ കൊത്തിക്കൊടുത്ത വകേല് കിട്ടാനൊണ്ടാരുന്ന കാശും ബന്ധവും വെച്ച് ആശുപത്രി ചെലവ് നടന്നു. കാശ് കൊറവില് പറ്റിയ നോട്ടക്കൊറവോ, ഇന്‍ജക്ഷനീല്‍ പറ്റിയ പിഴവോന്നറിഞ്ഞൂടാ, പേറ് കഴിഞ്ഞേപ്പിന്നെ അവള്‌ടെ നട്ടെല്ലിലെ വേദന ഉടനൊന്നും മാറിയില്ല. കൊച്ചിന് രണ്ട് വയസ്സ് തെകയുവോളം അത് നീണ്ടു. അത് കഴീമ്പളേക്കും ന്റെ നടൂം ഉളുക്കി. തീര്‍ന്നില്ലേ? ആനപ്പണികൊണ്ട് തന്നെ പറ്റിയതാ. ഒരാള് പൊക്കംള്ള തടി ഒറ്റയ്ക്ക് മറിച്ചിടാന്‍ നോക്കിയാപ്പിന്നെ നടു ബാക്കീണ്ടാവ്വോ? ഒരു വശത്തെ കൊറവുകളൊക്കെ ചീവിക്കളഞ്ഞ ശേഷം മറുവശം പാകപ്പെടുത്താന്‍ വേണ്ടി. അന്ന് ക്ലീറ്റസൊണ്ടായിരുന്നില്ല. മരത്തിനെ കെട്ടിപ്പിടിച്ച് മെല്ലെ ചെരിച്ചിട്ടപ്പോ കൈയ്യൊന്നു വഴ്തി. നെഞ്ചത്തങ്ങ് വന്നിടിച്ചു. നട്ടെല്ലിന്റെ നടുക്ക് ഒരു മിന്നല്. രണ്ടു മാസാ കെടന്ന കെടപ്പ് കെടന്നേ. പണിതുകൊടുത്ത സ്ഥല്ത്തൂന്നൊക്കെ കിട്ടാനൊള്ള പണം വാങ്ങിക്കൊണ്ടു വന്നതും കുടുംബം മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിച്ചതും ക്ലീറ്റസാ. ആ ക്ലീറ്റസ് പറഞ്ഞതിനേം അവഗണിച്ചാ ഇപ്പോ ഇതിന് ഇരുപത്തിയയ്യായിരം പറഞ്ഞേ. അവനറിഞ്ഞാ മുഴുത്ത തെറി പറയും.
മോനേ, ടിറ്റോ ഒര് പതിനെട്ടെങ്കിലും..
ഇന്നാ പിടിച്ചോ പതിനഞ്ച്. കച്ചോടം ഒറപ്പിച്ചു.
ടിറ്റോ രണ്ടായിരത്തിന്റെ ഏഴ് നോട്ടുകളും അഞ്ഞൂറിന്റെ രണ്ടും കൈയ്യില്‍ വെച്ചുതന്നു. കണ്ണു നിറഞ്ഞൊഴുകിയെങ്കിലും തിരിഞ്ഞുനോക്കാതെ ഇണചേരുന്ന ആനകളെ പിന്നിലുപേക്ഷിച്ച് നടന്നു. കടയിലെ ചില്ലലമാരകളില്‍ പല വലുപ്പത്തില്‍ നിരന്നുനിന്ന കരിവീട്ടിനിറത്തിലുള്ള ആനകളുടെയൊക്കെ കാലുകളില്‍ അമ്പതിനായിരവും ലക്ഷവുമൊക്കെ വില അച്ചടിച്ച തുണ്ടുകടലാസുകള്‍ മിനുത്ത വെള്ളനൂലുകള്‍ കൊണ്ട് ബന്ധിച്ചിരുന്നു. അവയെല്ലാം മുന്നോട്ടു നോക്കിനില്‍ക്കുന്ന ഒരേ ഭാവത്തിലുള്ളവയായിരുന്നുവെന്നുമാത്രം.
മട്ടാഞ്ചേരിയുടെ വീതികുറഞ്ഞ ടാര്‍ റോഡിലൂടെ ഇടംവലം നോക്കാതെ നടക്കുമ്പോള്‍ ഗോപിനാഥന് ആനപ്പണി പഠിക്കാന്‍ പോയ ആദ്യനാളുകളെയോര്‍മ്മവന്നു. ആശാരിക്കുന്നില്‍ പരമ്പരാഗതമായി ആനശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ വീടുകളിലായിരുന്നു പോയത്. സുബ്രഹ്മണ്യനാശാരിയായിരുന്നു കേമന്‍. കിഴക്കൂട്ട് ശില്പിത്തറവാടിലെ കാരണവര്‍. ആനപ്പണി പഠിക്കണംന്ന് പറഞ്ഞപ്പോ എന്തിനാ എന്നായിരുന്നു ചോദ്യം. തൊഴില് പഠിക്കാനാണെങ്കില്‍ വേറെന്തെങ്കിലും പഠിക്കാന്‍ പോയിക്കോളാന്‍ ഉപദേശം. അതല്ല, ശില്പം കൊത്താനുള്ള ആഗ്രഹം കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ ആനയുടെ പടം കടലാസില്‍ വരച്ചുനല്‍കാനായി കല്പന. കടലാസില്‍ കട്ടിമുനയുള്ള പെന്‍സില്‍ കൊണ്ട് ആനയുടെ തുമ്പിയും തലയും വരച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ആശാന്‍ ഇടപെട്ടു.
അങ്ങനെയല്ല ദാ, തുമ്പിക്ക് ഇത്രയും നീളം പാടില്ല. പരമാവധി ഇത്രയേ പാടുള്ളൂ. പൊക്കിയാല്‍ തലയ്ക്കു മുകളില്‍ രണ്ട് ചെവികള്‍ക്കിടയിലുള്ള ഭാഗം വരേയേ എത്താന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആനപ്പുറത്തിരിക്കുന്ന പാപ്പാനെ തുമ്പികൊണ്ട് വലിച്ച് താഴത്തിടാന്‍ ആനക്കു പറ്റില്ലേ?
വര ആശാനിഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സ്‌നേഹത്തോടെ അടുത്തിരുന്ന് പറഞ്ഞുതരുന്നത്. പിന്നീടങ്ങോട്ട് ശിഷ്യനായി കൂടുകയായിരുന്നു. ആദ്യം ഗുരുവായൂരെ ആനക്കൊട്ടിലില്‍ ആനകളുടെ പല ഭാവങ്ങള്‍ കാണാനായി കൊണ്ടുപോവുകയാണുണ്ടായത്. ദിവസങ്ങളോളം അവിടെ താമസിച്ച് ആനകളുടെ ചലനങ്ങളും ഭാവങ്ങളും മനസ്സിലാക്കാന്‍ പറഞ്ഞു. താമസിക്കാനുള്ളയിടവും ഏര്‍പ്പാടാക്കിത്തന്ന് ആശാന്‍ തിരിച്ചുപോയി.
നീയ്യിവിടെ താമസിച്ച് ആനകളെ കണ്ട് പഠിച്ചിട്ട് വാ. എന്നിട്ട് നമ്മള്‍ക്ക് കൊത്തിത്തൊടങ്ങാം. ഞാന്‍ പോട്ടെ. എനിക്കവിടെ ചെന്നിട്ട് ജോലിയൊത്തിരി തീര്‍ക്കാന്ണ്ട്.
ആശാന്റെ നിര്‍ദ്ദേശാനുസരണം ദിവസങ്ങളോളമവിടെ താമസിച്ചു. പാപ്പാന്മാരുടെ കൂടെ ആനകളെ കുളിപ്പിക്കാനും പട്ടകൊടുക്കാനും കൂടി. എളുപ്പത്തില്‍ ഇണങ്ങുന്ന ജീവികളാണ് ആനകളെന്ന് മനസ്സിലാക്കിയത് അവിടെവെച്ചാണ്. ഇനിയഥവാ ഇണങ്ങിയില്ലെങ്കിലും അങ്ങോട്ടുപദ്രവിച്ചില്ലെങ്കില്‍ മനുഷ്യനെ ഇങ്ങോട്ടൊന്നും ചെയ്യാനവറ്റകള്‍ തയ്യാറാവില്ലെന്നും അനുഭവത്തില്‍ നിന്നും മനസ്സിലാക്കി. ഒരു ദിവസം പുതിയൊരാനയെ കാട്ടില്‍ നിന്നും കൊണ്ടുവന്നതില്‍പ്പിന്നെയാണ് കാട്ടില്‍ ആനകളെ വാരിക്കുഴികളൊരുക്കി പിടിച്ചു മെരുക്കിയെടുക്കുന്ന പാച്ചനെയും കൂട്ടരെയും പരിചയപ്പെട്ടത്. അവരോട് ആദ്യം ആരാധന തോന്നിയെങ്കിലും അവര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് വൈകാതെ മനസ്സിലായി. കാട്ടില്‍ യഥേഷ്ടം അലഞ്ഞു നടക്കേണ്ട ആനകളെയാണ് കുഴിയില്‍ വീഴ്ത്തി പിടിച്ച് കൊണ്ടുവന്ന് വില്‍ക്കുന്നത്. അതോടെയവിടെനിന്നും പോന്നു.
നീയ്യെന്താ വേഗം പോന്നേ? എല്ലാം കണ്ടു പഠിച്ചോ?
സുബ്രഹ്മണ്യനാശാന്റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് ആഗ്രഹിച്ചില്ലെന്ന മട്ടില്‍ തന്നോളമുയരമുള്ള മരത്തില്‍ ഉളിയോടിച്ചുകൊണ്ടിരുന്നു ആശാന്‍.
വാ, ഈ ചെവിയില്‍ നിന്നുമങ്ങോട്ട് പള്ളയില്‍ വരയിട്.
കൈയ്യില്‍ ഉളി പിടിപ്പിച്ചുതന്ന് ആശാന്‍ പറഞ്ഞു. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ആദ്യമായി പണിചെയ്യാന്‍ തുടങ്ങുകയാണ്. ശില്പങ്ങളിലെ മുന്‍കാഴ്ചകളില്ലാതെ, എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളില്ലാതെ, അത്രയും ദിവസങ്ങളില്‍ അടുത്തുകൂടി പരിചയിച്ച ആനകളുടെ ശരീരത്തിലെ വരകള്‍ മരത്തില്‍ ഉളിയാല്‍ ചീവിയെടുത്തു. നോക്കിനിന്ന് അത്ഭുതത്തോടെ നിറഞ്ഞ് ചിരിക്കുകയാണ് ആശാന്‍.
മിടുക്കനാണല്ലോ താന്‍. ഞാന്‍ വിചാരിച്ചതിലും മിടുക്കന്‍! വാ, ഞാന്‍ കാണിച്ചുതരാം. മരത്തിലാവുമ്പോള്‍ ശെരിക്കുമുള്ളതില്‍ നിന്നും ചില മാറ്റങ്ങളുണ്ട്.
പണിപ്പുരയോട് ചേര്‍ന്ന് ഓലമടലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ വലിയ ഷെഡ്ഡിലേക്ക് ആശാന്‍ നയിച്ചു. മറനീക്കി അകത്തേക്കു കടന്നപ്പോള്‍ പേടിച്ചുപോയി. ജീവനുള്ളൊരാന! വെറുതെയുപദ്രവിക്കില്ലെന്നറിയാമെങ്കിലും പെട്ടെന്ന് മുന്നില്‍ ചെന്നു പെട്ടാല്‍ പേടിച്ചു പോവില്ലേ? പക്ഷെ കണ്ണിലേക്കു നോക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് മനസ്സിലായത്. അത് ജീവനുള്ളതല്ല, ശില്പാണെന്ന്!
ചില പോരായിമയൊക്കെയിണ്ട്. എന്നാലും ഏകദേശം ശരിയായിട്ട്ണ്ട്ന്നാ തോന്ന്‌ന്നേ. എന്താ അഭിപ്രായം?
ഗുരു ശിഷ്യനോട് ജീവന്‍ തുടിക്കുന്ന സ്വന്തം സൃഷ്ടിയെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നു! ഏതുനിമിഷവും തുമ്പി ചുഴറ്റിനീട്ടിയത് വന്നു തൊടുമെന്ന് തോന്നി.
കണ്ടോ, ഈ പള്ളയിലെ വരകള്? ഇതുപോലെവേണം വരക്കാന്‍. ആശാന്‍ തൊട്ടുകാണിച്ചുതന്നു. സൂക്ഷ്മതയോടെ നോക്കി മനസ്സിലാക്കി, തിരിച്ചുവന്ന് പണിശാലയിലെ ആനയില്‍ അതേപോലെ വരകള്‍ വരച്ചു. ഗുരു സംതൃപ്തിയോടെ നോക്കിനിന്നു.
അതുതന്നെ. ഇനി വാല്. വാലുകൊത്തുമ്പോ ശ്രദ്ധിക്കണം. നട്ടെല്ലിന്റെ തുടര്‍ച്ചയായാണ് വാല്. അത് വീശുമ്പോ ദാ, ഇതുവരെയേ എത്താന്‍ പാടുള്ളൂ. കാലിന്റെ നീളവും ശ്രദ്ധിക്കണം.
ആശാന്‍ ഓരോ അവയവങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു തന്നു. ആനയുടെ ശരീരശാസ്ത്രം ആശാന് മനഃപാഠമാണ്. തുമ്പിമുതല്‍ വാലുവരെയുള്ള ഓരോ ശരീരഭാഗങ്ങളുടെയും ചിത്രങ്ങള്‍, അസ്ഥികളുടെ ഘടന, മാംസപേശികള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഓരോന്നുമെടുത്ത് കാണിച്ചു തന്നു.
ആനയുടെയുള്ളു പഠിച്ചാല്‍ പുറം പണിയാന്‍ എളുപ്പാ. ഇപ്പോഴത്തെ പണിക്കാര്‍ക്കൊന്നും ഇല്ലാതെ പോയത് ഈ ഉള്ളറിയാനുള്ള ക്ഷമയാ.
പണിശാലയിലിരുന്ന് കൊത്തിക്കൊണ്ടിരിക്കുന്ന മകനെനോക്കി ആശാന്‍ പറഞ്ഞപ്പോള്‍ അവന്‍ മറുപടിയായി ചുണ്ടുകോട്ടി ചിരിച്ചു. അച്ഛന് കേമനായ പുതിയ ശിഷ്യനെ കിട്ടിയല്ലോയെന്ന ഭാവം.
പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പണത്തിന് വേണ്ടിയാവരുത് പണിയെന്നാ. പണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായാല്‍പ്പിന്നെ പണി നേരാംവണ്ണം നടക്കൂല്ല.
അതായിരുന്നു വേദവാക്യം. പണത്തിനു വേണ്ടിയാവരുത് പണി. ഇതേവരെയത് തെറ്റിച്ചിട്ടൂല്ല. പക്ഷെ ആശാന്റെ മകന്റെ വാദം മറ്റൊന്നായിരുന്നു.
അച്ഛന്‍ പറേന്നതുകേട്ട് പണിയാന്‍ തൊടങ്ങ്യാ, ചാകുംവരെ പണിയലേയുണ്ടാവൂള്ളൂ. പണംണ്ടാവൂല്ല. പണംല്ലാണ്ട് പിന്നെങ്ങന്യാ ജീവിക്ക്വാ?
മോന്‍ പിന്നീട് ആനകളെ വിറ്റ് വലിയ പണക്കാരനായി. മോന്റെ കൊട്ടാരം പോലുള്ള വീട്ടില്‍ കെടന്നാ ആശാന്‍ മരിച്ചത്.
ജീവിക്കണെങ്കില്‍ ചെല അഡ്ജസ്റ്റ്‌മെന്റ്കള് വേണം. അച്ഛന്‍ പറേണ പോലെ സത്യസന്ധനായാല് പുണ്ണ്യേ കിട്ടൂ. പണം കിട്ടൂല്ല.
പണംണ്ടാക്കാനുള്ള വഴിതേടി എന്തായാലും ഇതേവരെ പോയില്ല. മനസ്സിനിഷ്ടപ്പെട്ട്, ആസ്വദിച്ചു ചെയ്യാന്‍ പറ്റുന്നതുമാത്രം ചെയ്തു. ഓരോ ആനശില്‌പോം രൂപത്തിലും ഭാവത്തിലും വ്യത്യാസപ്പെടണംന്നു വാശിയുള്ളതുപോലെ വ്യത്യസ്ത ഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ചെയ്തു. അതോണ്ട് ഒരേപോലത്തെ രണ്ടോ മൂന്നോ കൊത്തിക്കൊടുക്കാന്‍ പറഞ്ഞവരോടൊക്കെ പറ്റില്ലാന്ന് അറുത്തു മുറിച്ചങ്ങ് പറഞ്ഞു.
പണംണ്ടാക്കി ആര്‍ഭാടത്തോടെ ഒരു ജീവിതത്തെക്കുറിച്ച് ഇതേവരെ ആലോചിച്ചിട്ടില്ലാന്ന് പറേന്നതാ ശരി. ആലീസിനെ സ്‌നേഹിച്ച് കെട്ടിക്കൊണ്ടുവന്നപ്പോള്‍ കൂടെനില്‍ക്കാനും ആശാനായിരുന്നു ഉണ്ടായിരുന്നത്. പ്രായത്തിന്റെ അവശതയുണ്ടായിരുന്നെങ്കിലും അച്ഛന്റെ സ്‌നേഹത്തോടെ പെണ്ണിന്റെ കൈ പിടിച്ച് കൈയ്യില്‍ തന്നു. തറവാട്ടു മുറ്റത്തെ ഭഗവതീടെ കൊട്ടിലില്‍ തൊഴീച്ചു. ദേവീടെ അനുഗ്രഹംണ്ടാവുംന്ന് നെറുകെയില്‍ കൈവെച്ച് അനുഗ്രഹിച്ചു. സത്യം പറഞ്ഞാ, ജീവിതത്തിലിതേവരെ സമ്പാദ്യൊന്നുംല്ലായെങ്കിലും അത്യാവശ്യത്തിന് പണത്തിന് മുട്ടൊന്നുണ്ടായിട്ടില്ല. പണിക്കും. കൊത്തുന്ന ശില്പമൊന്നും വിചാരിച്ച വിലക്ക് വില്‍ക്കാന്‍ പറ്റീട്ടില്ലെങ്കിലും പണിക്കൂലി കണക്കാക്കിയതനുസരിച്ച് കിട്ടിയിട്ടില്ലെങ്കിലും മരമെടുത്തതിന്റെ ചെലവ് കിട്ടീട്ടുണ്ട്. അതു കൃത്യായി കൊടുക്കുന്നതുകൊണ്ട് തടിമില്ലുകാര്‍ കടായി മരം തരാനും ഇതേവരെ മടിച്ചിട്ടില്ല.
ഗോപ്യേട്ടാ.. പൂയ്.. നില്ല് നില്ല്..
റോഡിന്റെ മറുവശത്ത് വന്നുനിന്ന പച്ചനിറത്തിലുള്ള ആഡംബരക്കാറില്‍ നിന്നും ടിറ്റോ തല പുറത്തേക്കിട്ട് വിളിക്കുന്നു. എന്താണാവോ? വീണ്ടും അതേവിലക്ക് അതേപോലെയുള്ള ആനയെ കൊത്തിക്കൊടുക്കാനാവും. അവനത് ഒന്നോ രണ്ടോ ലക്ഷത്തിന് വിറ്റിട്ട്ണ്ടാവും. തന്നെവെച്ച് പണമുണ്ടാക്കുന്ന നന്ദിയില്ലാത്ത നായ. പതഞ്ഞുവന്ന അമര്‍ഷം അടക്കിവെച്ച് മുഖം തിരിച്ചു നിന്നപ്പോള്‍ കാര്‍ വട്ടം തിരിച്ചു അടുത്തുകൊണ്ടുവന്നു നിര്‍ത്തി.
കാറില്‍ നിന്നും സായിപ്പും രണ്ടു മദാമ്മമാരും ടിറ്റോയുമിറങ്ങി.
ഗോപിയേട്ടാ, ഞാന്‍ പറഞ്ഞതുപോലെയല്ലട്ടോ, സാധനം കിടിലനാ. ഈ സായിപ്പിനും മദാമ്മപ്പെണ്ണുങ്ങള്‍ക്കും സംഗതിയങ്ങ് ബോധിച്ചു. സ്‌കല്‍പ്ടറെ കാണണംന്നും പറഞ്ഞ് ബഹളം. എന്തെങ്കിലും സമ്മാനം തരാനാവും. ഗോപിയേട്ടന്‍ അധികം ദൂരം നടന്നെത്തീട്ടുണ്ടാവില്ലെന്നറിയാവുന്നത് കൊണ്ട് ഞാനിങ്ങോട്ട് കൊണ്ടു പോന്നു.
ശബ്ദം താഴ്ത്തി, ചെവിയോട് ചുണ്ടു ചേര്‍ത്ത് ടിറ്റോ തുടര്‍ന്നു.
കിട്ടുന്നേന്റെ പകുതി എനിക്ക് തരണം. തന്നാ, ഇതുപോലത്തെ ഓര്‍ഡറ് ഇനിയും ഞാന്‍ പിടിച്ചുതരാം. ഗോപിയേട്ടന്‍ പണിഞ്ഞാല്‍ മതി. പണത്തിന് ഒരു പഞ്ഞോമുണ്ടാവൂല്ല.
പെരുവിരല്‍ മുതലൊരു തരിപ്പു മുകളിലോട്ടു കേറി. തല്ലിയാലോയെന്നുപോലും തോന്നി. പക്ഷെ സാധിക്കുമായിരുന്നില്ല. അതല്ലല്ലോ ശീലം. സായിപ്പ് എന്തൊക്കെയോ ഇംഗ്ലീഷില് പറഞ്ഞു. ഇരുപതിനായിരം രൂപ കൈയ്യില്‍ വെച്ചുതന്നു. അപ്പോള്‍ എത്ര രൂപയ്ക്കായിരിക്കും ടിറ്റോയില്‍ നിന്നുമിവര്‍ ശില്പം വാങ്ങിയിട്ടുണ്ടാവുക! അറിയാനാഗ്രഹം തോന്നിയെങ്കിലും ചോദിച്ചില്ല. അറിഞ്ഞിട്ടെന്തു കാര്യം? സായിപ്പിന്റെ മുന്നില്‍ വെച്ചുതന്നെ പതിനായിരം ടിറ്റോയ്ക്ക് കൊടുത്തപ്പോഴവന്‍ വാങ്ങാന്‍ മടിച്ചു. കൈവിറച്ചു.
ഈ ഗോപിയേട്ടന്റെയൊരു കാര്യം! ഒരു തമാശ പറയാനും പറ്റൂല്ല. ഇതുപോലത്തെ വേറെയും ആനയെ കൊത്തിക്കൊടുക്കണംന്നാ സായിപ്പ് പറേന്നെ.
ടിറ്റോ തലചൊറിഞ്ഞു.
അമ്പതിനായിരം വെച്ച് ഞാന്‍ ഗോപിയേട്ടന് തെരാം. ഞാന്‍ മുഖാന്തിരേ കച്ചോടം നടത്താവൂ. അല്ലെങ്കില് തിരിച്ച് പണിതെരാന്‍ എനിക്കറിയാം.
ചിരിച്ചുകൊണ്ടാണവന്‍ പറയുന്നത്. എന്താണ് കാര്യമെന്ന് സായിപ്പിന് മനസ്സിലാവാതിരിക്കാനുള്ള അടവാണ്. സായിപ്പ് ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോ, ആലീസിന്റെ നമ്പര്‍ കൊടുത്തു. അവള്‍ക്കാവുമ്പോ ഇംഗ്ലീഷില്‍ പറയാനറിയാം. പഠിച്ച പെണ്ണാ. താന്‍ മുഖാന്തിരം മാത്രമേ സായിപ്പുമായി ഇടപാടു നടത്താന്‍ പാടുള്ളൂവെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ച് ടിറ്റോ ഭീഷണിയുടെ ഭാവത്തില്‍ നോക്കി സായിപ്പിനെയും മദാമ്മമാരെയും കൊണ്ട് തിരിച്ചു പോയി. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പണം കിട്ടി. സായിപ്പ് തന്ന ഇരുപതിനായിരവും കൂട്ടി, മുപ്പത്തിയയ്യായിരം. ആലീസിന് നല്ല കുറച്ച് സാരി വാങ്ങണം. കൊറച്ച് ഇന്നറും. അവള് കൊറേയായി പറേന്നു. ഒള്ളതൊക്കെ കരിമ്പനടിച്ച് ഒരു മാതിരിയായി. ബാക്കി പണത്തിന് നല്ല രണ്ട് ഉരുപ്പടി തടിയും വാങ്ങണം. ഈട്ടിയില്‍ത്തന്നെ പണിയണംപോലും സായിപ്പിന്. ഏതായാലും അതേപോലെ മറ്റൊരെണ്ണം പണിയാന്‍ പറ്റില്ല. പണത്തിന് വേണ്ടി പണിയൂല്ലാന്ന നിര്‍ബ്ബന്ധം കൊറച്ചെങ്കിലും മാറ്റിവെച്ചേ പറ്റൂ. ഇനീമുണ്ടല്ലോ ആനകള് മനസ്സില്‍. അവയിലേതെങ്കിലും കൊത്താം.
ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞു തിരിഞ്ഞിട്ടായിരുന്നു കാട്ടാനകള്‍ ഇണചേരുന്നത് കണ്ടു മനസ്സിലാക്കിയത്. ഒരു ചങ്ങാതിയെക്കണ്ട് കാര്യം പറഞ്ഞപ്പോ വയനാട്ടില് ഒരാളെ ഏര്‍പ്പാടാക്കിത്തന്നു. ആനകളെ കണ്ടാല്‍പ്പോര. അവ ഇണചേരുന്നതുതന്നെ കാണണംന്നു പറഞ്ഞപ്പോ ആദ്യൊക്കെ അവര്‍ക്ക് എതിര്‍പ്പാരുന്നു. കാടിന്റെ അവകാശികള്‍. മനുഷ്യരുടെതെന്ന പോലെ മൃഗങ്ങളുടെതും സ്വകാര്യതകളിലവര്‍ ഇടപെടാറില്ല. പിന്നെ പഠിക്കാനാണെന്നും ശില്പം കൊത്താനാണെന്നുമൊക്കെ വിശദീകരിച്ചപ്പോ സമ്മതിച്ചു. എന്റെ കോലം കണ്ടാലും അവര്‍ക്ക് സംശയം തോന്നണ്ട കാര്യല്ലായിരുന്നു.
സത്യം പറഞ്ഞാ, ഗുരുവായൂരെ ആനക്കൊട്ടിലീന്നും സുബ്രഹ്മണ്യനാശാന്റെയടുത്തൂന്നും പഠിച്ചതിനേക്കാള്‍ കൂടുതല് ആനകളെക്കുറിച്ച് പഠിച്ചത് കാട്ടീന്നാ. നാട്ടിലെ ചങ്ങലക്കിട്ട ആനകളെപ്പോലെയല്ലല്ലോ. എടത്താനേ വലത്താനേ വിളിയൊന്നും അവര്‍ക്കില്ലല്ലോ. ആരേം കൂസാത്ത നെഗളിപ്പും കുത്തിമറിയലും മണ്ണുവാരിയിടലും ഓട്ടോം ചാട്ടോം എല്ലാം കണ്ടു പഠിച്ചു. ജീവിതകാലം മുഴുവന്‍ പണിയാനുള്ള ശില്പങ്ങള്‍ക്കുവേണ്ട മാതൃകകള്‍ മനസ്സില്‍ നെറഞ്ഞു. മൂപ്പന് ആനകളുടെ സ്വഭാവത്തേം പെരുമാറ്റത്തേം കുറിച്ച് നല്ല വിവരംണ്ടായിരുന്നു. അവരോടൊത്ത് പല ദിവസങ്ങള്‍ താമസിച്ചു. അവസാനം ഉള്‍ക്കാട്ടില്‍ രണ്ടു മലകള്‍ക്കിടയിലെ തോടിനു കുറുകെ വള്ളികള്‍ കൊണ്ടു കെട്ടിയ തൂക്കുപാലത്തിനു മുകളിലിരുന്ന് ആ കാഴ്ച കാണാന്‍ കഴിഞ്ഞു. കാട്ടാനകള്‍ ഇണചേരുന്നത്. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല. ഓരോ ചലനങ്ങളും സസൂക്ഷ്മം മനസ്സിലാക്കി മനസ്സില്‍ വരച്ചിട്ടത് വീട്ടില്‍ വന്നിരുന്ന് മരത്തില്‍ കൊത്തി. ആസ്വദിച്ചു ചെയ്ത പണിയാണ്. ഇനിയതുപോലുള്ള ശില്പങ്ങള്‍ ചെയ്യാനെളുപ്പമാണ്. ഏതു ഭാവത്തിലുള്ളതും പണിയാം. കാട്ടിലെ പാലത്തിനു മുകളിലിരുന്നുകണ്ട കാഴ്ചകള്‍ ഇപ്പോഴും മനസ്സില്‍ ചലിക്കുന്നുണ്ട്.
സായിപ്പു പറഞ്ഞതനുസരിച്ചു ഒന്നു രണ്ടു ജോടികൂടെ കൊത്തിക്കൊടുത്തു. പറഞ്ഞ പണവും കിട്ടി. ഓരോ ലക്ഷം തന്നതില്‍ അമ്പതിനായിരം വെച്ച് ടിറ്റോയ്ക്കും കൊടുത്തു. ഈ അന്യായം കണ്ട് ക്ലീറ്റസ് തെറിവിളിച്ചു. എന്നിട്ടും കൊടുത്തു. പണിയില്‍ പറഞ്ഞ വാക്കു മാറാന്‍ പാടില്ലെന്നാണ് ആശാന്‍ പഠിപ്പിച്ചത്. മരിച്ചുപോയെങ്കിലും ഇന്നും ആശാന്റെ വചനങ്ങളോരോന്നും ഉള്ളില് മൊഴങ്ങുന്നുണ്ട്.
ഗോപിയേട്ടന്‍ എന്നെ പറ്റിച്ചോ?
രണ്ടാമത്തെ ശില്പവും നിര്‍മ്മിച്ചു കൊടുത്തതിനു ശേഷമാണ് ടിറ്റോ ചോദിച്ചത്.
ന്താടാ നീയ്യങ്ങിനെ ചോദിച്ചത്? നെനക്ക് തെരാനുള്ളത് ഞാന്‍ തന്നില്ലേ?
അതല്ല, രണ്ടാമത്തെ പണിക്ക് സായിപ്പ് രണ്ടു ലാക്ക് തന്നില്ലേ? തന്നൂന്നാണല്ലോ എന്നോട് പറഞ്ഞത്?
ഇല്ലെന്നു പലവട്ടം ആണയിട്ടു പറഞ്ഞിട്ടും അവന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല. അവന്റെ മുഖത്ത് ഭീഷണി നിറഞ്ഞു. പണത്തിന്റെ കാര്യായാല് ഇങ്ങന്യാ. ആള്വള് തമ്മിലുള്ള വിശ്വാസം പോവും. പലര്‌ടെയും മുമ്പില്‍ തലകുനിച്ചു കൊടുക്കേണ്ടിയും വെരും. പണത്തിനു വേണ്ടി പണിയരുതെന്ന ആശാന്റെ വാക്കുകള്‍ അവഗണിക്കാമ്പാടില്ലായിരുന്നു. എത്രയില്ലായ്മയായാലും ചെയ്യാമ്പാടില്ലായിരുന്നു. ഇനീപ്പം പറഞ്ഞിട്ടെന്താ കാര്യം? പെട്ടുപോയില്ലേ!
പിന്നെ, ഗോപിയേട്ടന്‍ വയനാട്ടില് കാട്ടില് പോയതൊക്കെ ഞാനറിഞ്ഞ്ട്ടാ. ഫോറസ്റ്റില് രണ്ടാനകള് ചെരിഞ്ഞൂന്നും കൊമ്പുകള് ആരോ കൊണ്ടുപോയീന്നുമൊക്കെ ഓഫീസറുമാര് പറേന്നത് ഞാനും കേട്ടു. രണ്ടു മാസത്തിനുള്ളില്‍ കാട്ടില്‍ കേറിയവരെക്കുറിച്ചൊക്കെ ഏമാന്‍മാര് അന്വേഷിക്കുന്നൊണ്ട്. ഞാനൊന്ന് ഒറ്റിയാ, പിന്നെ ഗോപിയേട്ടന്‍ ജയിലിലാ. ഗോതമ്പുണ്ട കഴിച്ച് സര്‍ക്കാര് ചെലവില് കെടക്കാം.
ടിറ്റോയുടെ ഭീഷണിയെ കാര്യമായെടുത്തിരുന്നില്ല. ഫ്രാന്‍സിസച്ചായന്റെ മോനല്ലേ. കച്ചോടത്തില് ലാഭംണ്ടാക്കാന്‍ പറഞ്ഞതായിരിക്കുംന്ന് കരുതി. സായിപ്പു വിളിച്ചതനുസരിച്ച് പിന്നേയും രണ്ടു ജോടി ആനകളെക്കൂടെ പണിതുവെച്ചിട്ടുണ്ട്. രതിക്കുശേഷമുള്ള അലസ വിശ്രമമാണ് കൊത്തിയത്. കുറേക്കാലം കൂടി ആലീസുമൊത്ത് സ്‌നേഹം പങ്കിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അത്. ശില്പത്തിലല്ലാതെ രതിയനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ സന്തോഷിച്ച് അവളും കൊത്തിത്തീരും വരെ കൂടെ നിന്നു.
ദാ, പത്രത്തില് വാര്‍ത്തയിണ്ട്ട്ടാ. എന്തൂട്ട് പണിയാ ആ സായിപ്പും മദാമ്മേം കാണിച്ചേ!
ആലീസാണ് അയലത്തെ വീട്ടില്‍നിന്നും പത്രം കൊണ്ടുവന്ന് കാണിച്ചുതന്നത്. പോലീസുകാരോടൊപ്പം സായിപ്പും മദാമ്മമാരും താന്‍ കൊത്തിയ ആനകളുമായി നില്‍ക്കുന്ന പടം കണ്ടാണ് അവള്‍ പത്രം വേടിച്ചുകൊണ്ടുവന്നത്. വാര്‍ത്ത പിന്നെയേ വിശദായി വായിച്ചുള്ളൂ.
ഈശോത്തമ്പുരാനേ, ഈ സായിപ്പും മദാമ്മമാരും കൊളളാലോ.
അനധികൃതമായി ആനക്കൊമ്പ് കടത്താനുള്ള ശ്രമത്തിനിടയിലാണത്രേ സായിപ്പും മദാമ്മമാരും പോലീസ് പിടിയിലായത്. പുല്‍പ്പള്ളിയിലെ ഉള്‍വനത്തില്‍ വനപാലകര്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനകളെ അപായപ്പെടുത്തിയതിലും അസ്ഥികളും കൊമ്പും നഖവും മോഷണം പോയതിനുപിന്നിലും ഈ വിദേശികളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ടത്രെ. ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ശില്പവ്യാപാരിയായ ടിറ്റോയെന്ന യുവാവിനെയും പോലീസ് തിരയുന്നുണ്ടെന്നാണ് വാര്‍ത്ത.
ഏതായാലും അവരായി അവരുടെ പാടായി. ആനയെക്കൊന്ന് കൊമ്പെടുത്താല്‍ പോലീസ് പിടിക്കൂല്ലേ. അയിനിപ്പം സായിപ്പെന്നോ, നാട്ടാരെന്നോ ഭേദംണ്ടോ? നല്ല കാര്യായിപ്പോയി. എനിക്കപ്പഴേ തോന്നീരുന്നു. ആ സായിപ്പ് കൊള്ളൂല്ലാന്ന്. അയ്യാള്‌ടെയൊരു കൊഞ്ചലും കൊഴേലും. പിന്നെ ഇംഗ്ലീഷിലല്ലേയെന്ന് വിചാരിച്ച് ഞാന്‍ ക്ഷമിച്ചോട്ത്തതാ. നമ്മള്‌ടെ ചെലവ് കഴിഞ്ഞോവണെങ്കില്‍ അയ്യാള്‌ടെ പണം കിട്ടണല്ലോന്നും വിചാരിച്ചു. ഗോപ്യേട്ടനെന്തിനായിപ്പോ പേടിക്ക്‌ന്നേ? നിങ്ങളിതൊന്നും അറിഞ്ഞിട്ടില്ലല്ലോ.
എന്റെ ഞെട്ടലും പരവേശവും കണ്ടിട്ടും ആലീസിന് ആധിയൊന്നും തോന്നുന്നില്ല. അവള്‍ ഇരുട്ടുന്നതിനു മുമ്പുതന്നെ പത്രം തിരിച്ചു അയല്‍ വീട്ടില്‍ കൊണ്ടുചെന്നു കൊടുത്തു തിരിച്ചുവന്ന് നല്ല ആവേശത്തിലാണ്. പുതുതായി നിര്‍മ്മിച്ച ശില്പത്തില്‍ അരുമയോടവള്‍ തഴുകുന്നു. അതിലെ ഭാവങ്ങളവളെ ആവേശം കൊള്ളിക്കുന്നുണ്ടന്ന് വ്യക്തം. കുറച്ചുനേരമായി അനക്കമില്ലാതിരുന്ന ജീപ്പിന്റെ ഇരമ്പല്‍ ഇരുട്ടില്‍ നിന്നും പിടഞ്ഞുയര്‍ന്നു. പിന്നാലെ ശക്തമായ വെളിച്ചവും.