1946 ഒക്ടോബര്‍ 24 മുതല്‍ ആരംഭിച്ച പുന്നപ്ര വയലാര്‍ സമരം എന്തിനു വേണ്ടിയായിരുന്നു എന്ന് കേരള സ്വാത്രന്ത്ര്യ സമര ചരിത്ര രചയിതാക്കളും രാഷ്ട്രീയ നേതാക്കളും ചൂട് പിടിച്ച ചര്‍ച്ചക്കിടയിലെങ്കിലും സംശയം ഉന്നയിച്ചിരിക്കാം. പാവപ്പെട്ട ജനവിഭാഗത്തിനെയും ആ കാലഘട്ടത്തില്‍ അടിമകളെ പോലെ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും മുന്‍നിര്‍ത്തിയായിരുന്നു പുന്നപ്രയിലും വയലാറിലും പരിസരങ്ങളിലും വിപ്ലവമെന്ന പേരില്‍ അക്രമം നടമാടിയത്. ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ചൂഷണം ചെയ്തു തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തുവാനും അതുവഴി സാങ്കല്പിക കമ്മ്യൂണിസ്റ്റു ഏകാധിപത്യ ഭരണം നടപ്പാക്കാനും ഉള്ള ശ്രമമാണ് നടന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല.
1942 ല്‍ ക്വിറ്റിന്ത്യാ സമരത്തിനെതിരെ കച്ച കെട്ടിയിറങ്ങിയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിന്നും പടിയിറങ്ങിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ദേശീയതയെ അവഗണിച്ചും ദേശീയ താല്പര്യങ്ങളെ കിട്ടുന്ന സ്ഥലത്തൊക്കെ വച്ച് ഇകഴ്ത്താനും അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ക്വിറ്റിന്ത്യാ സമരത്തെ പിന്നില്‍ നിന്ന് കുത്തി നിഷ്‌കാസിതരായ ഇവര്‍ക്ക് ജനഹൃദയങ്ങളിലേക്കു തിരിച്ചുവരാന്‍ പല മാര്‍ഗ്ഗങ്ങളും ആലോചിക്കേണ്ടി വന്നു. 1939 ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഒരു ജനകീയ മുന്നേറ്റത്തിന് വേണ്ടി ഇറങ്ങി തിരിച്ച കമ്മ്യൂണിസ്റ്റുകാര്‍ 1941 ല്‍ ഹിറ്റ്‌ലറെ പേടിച്ചു സോവിയറ്റ് റഷ്യ യുദ്ധത്തില്‍ ബ്രിട്ടന്റെ പങ്കാളിയായതോടെ മറുകണ്ടം ചാടി, ഇന്ത്യന്‍ ദേശീയതയെയും സ്വാതന്ത്ര്യ സമരത്തേയും ബലികൊടുത്തുകൊണ്ടു ബ്രിട്ടീഷ് പക്ഷത്തുചേര്‍ന്ന് അവരുടെ യുദ്ധ സന്നാഹങ്ങളില്‍ പങ്കുചേര്‍ന്നു. സോവിയറ്റ് റഷ്യ എന്ന കമ്മ്യൂണിസ്റ്റു രാജ്യതാല്പര്യത്തിന് വേണ്ടി മാതൃഭൂമിയെ ഒറ്റുകൊടുത്തവരായി മാറി. എന്നാല്‍ രാജ്യ സ്‌നേഹികളായ ചില കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റു വിഭാഗക്കാരും ക്വിറ്റിന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുക്കാനിറങ്ങിയത് കമ്മ്യൂണിസ്റ്റുകള്‍ക്കേറ്റ തിരിച്ചടിയായി. ഇത് അവര്‍ ദേശീയ ധാരയില്‍ നിന്നും ഒറ്റപ്പെടാന്‍ കാരണമായി.
1946 സപ്തംബര്‍ 2ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല ഗവണ്‍മെന്റ് വന്നു. 1945 ഡിസംബര്‍ 4-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യക്കു സ്വാതന്ത്ര്യം അനുവദിക്കുകയാണ് തങ്ങളുടെ അടിയന്തിര ലക്ഷ്യം എന്ന് അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണു നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വരുന്നത്. എല്ലാ അധികാരങ്ങളും ജനങ്ങള്‍ക്കെന്നും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണ സഭ എന്നതും 1946 സപ്തംബറോടെ നടപ്പാക്കാന്‍ പോകുന്ന ഘട്ടത്തിലാണ്, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സായുധകലാപം അരങ്ങേറിയത്. അതിന്റെ പിന്നാമ്പുറ കഥകള്‍ പലതാണെങ്കിലും, ഭാരതത്തെ ഒരൊറ്റ രാജ്യമായി കാണാന്‍ കഴിയാത്ത ഇവര്‍, സ്വതന്ത്രമായി നില്ക്കാന്‍ കഴിയുന്ന 17 ചെറുരാജ്യങ്ങളായി കാണാനാണ് ആഗ്രഹിച്ചത്. അടുത്തിടെ മാത്രം രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എന്നംഗീകരിക്കാന്‍ കഴിയുന്ന മാനസിക വൈകല്യത്തിന്റെ ഉടമകളായിരുന്നു അവര്‍. ഭാരതം സ്വതന്ത്രമാകുമ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ കേരളത്തെ ഒരു കമ്മ്യൂണിസ്റ്റു സ്റ്റേറ്റ് ആക്കാനുള്ള കുല്‍സിത ശ്രമം, പുന്നപ്ര വയലാര്‍ അടക്കമുള്ള സമരത്തിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. 1946 ഡിസംബര്‍ 20 നു കമ്മ്യൂണിസ്റ്റുകള്‍ കരിവള്ളൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും അതിന്റെ ഫലമായി പോലീസ് വെടിവെപ്പില്‍ 3 പേര്‍ മരിക്കുകയും 7 ല്‍പരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഇതുകഴിഞ്ഞു 10 ദിവസം ആകുമ്പോഴേക്കും ഡിസംബര്‍ 30ന് വീണ്ടും കരിവെള്ളൂര്‍ സായുധകലാപം ആരംഭിച്ചു. മുനയന്‍കുന്നു കലാപത്തില്‍ കണ്ണന്‍ നായര്‍ എന്ന കമ്മ്യൂണിസ്റ്റുകാരനാണ് പോലീസിന് എതിരെ സായുധകലാപം നടത്താന്‍ വേണ്ടി 40 പേര്‍ അടങ്ങുന്ന ഒരു ക്യാമ്പ് മുനയന്‍ കുന്നിനു മുകളില്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ രാത്രി ഇവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നു പോലീസ് എത്തിയത് അറിഞ്ഞില്ല. ആ വെടിവെപ്പില്‍ 6 പേര്‍ മരിക്കുകയും ചെയ്തു.
തുടര്‍ന്ന് 1948 ഏപ്രില്‍ 1ന് കരിവെള്ളൂരിനടുത്ത് കോറോം എന്ന സ്ഥലത്ത് ഒരു വീട്ടില്‍ കയറി നെല്ലെടുത്തു വിതരണം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ പോലീസ് വെടിവെയ്പില്‍ ഒരു മരണവും, ലോക്കപ്പില്‍ ഒരു മരണവും സംഭവിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ സേലം ജയില്‍ വെടിവെപ്പില്‍ മരിച്ചു, മറ്റൊരാള്‍ ലോക്കപ്പില്‍ മരിച്ചു. ഇതേ സംഭവം തില്ലങ്കേരിയിലും നടന്നു. 7 പേര്‍മരിച്ചു. ഒഞ്ചിയം, കൊടക്കാട്, കമ്പാളൂര്‍, വയക്കര, മുനയന്‍കുന്ന് തുടങ്ങി മലബാറിന്റെ പലഭാഗത്തും അക്രമം അഴിച്ചുവിട്ടു ജനജീവിതം ദുസ്സഹമാക്കി,
1946 ആഗസ്ത് 16ന് പാക്കിസ്ഥാന്‍ വാദത്തെമുന്‍നിര്‍ത്തി മുസ്ലിം ലീഗ് ഭാരതമൊട്ടാകെ ഡയറക്റ്റ് ആക്ഷന്‍ ദിനമായി ആചരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിനോട് സഹകരിക്കാന്‍ തീരുമാനിച്ചു.
മലബാറിലും ഇത്തരത്തില്‍ കലാപം നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ മാപ്പിളമാരെ പ്രേരിപ്പിച്ചു. ഇ.എം.എസ്, മാപ്പിളമാരെ കലാപത്തിന് ഇറക്കിവിടാന്‍ വേണ്ടി ഒരു ലഘുലേഖ എഴുതി പ്രചരിപ്പിച്ചു, കൂടാതെ ദേശാഭിമാനിയില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ഇതിനെതിരെ ഗവണ്‍മെന്റ് ദേശാഭിമാനിക്കെതിരെ നടപടി എടുക്കുകയും ചെയ്തു. കേളപ്പനും യു.ഗോപാലമേനോനെ പോലുള്ളവരും സമയോചിതമായി പരിശ്രമിച്ചതുകൊണ്ട് മലബാറിലെ മാര്‍ക്‌സിസ്റ്റു കലാപം ചീറ്റിപ്പോയി.
എങ്ങനെയെങ്കിലും കലാപങ്ങള്‍ അഴിച്ചുവിട്ടു നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിച്ച് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ചുടുചോരനൊട്ടിനുണയുന്നതില്‍ സ്റ്റാലിനിസത്തിന്റെ ദുര്‍ഭൂതം പിടിച്ചവര്‍ക്ക് ഒരു രസമായിരുന്നു.
പുന്നപ്ര വയലാര്‍ സമരം കാലഘട്ടത്തിനു അനുയോജ്യമായിരുന്നോ എന്നും ഇത്രയും പേരെ കുരുതി കൊടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകാര്‍ മരണസംഖ്യ കുറച്ചുകാണിക്കാന്‍ ശ്രമിച്ചു. 1946 ഡിസംബര്‍ 15ന് ഇ.എം.എസ് എഴുതിയത് ഗവണ്‍മെന്റ് മരണസംഖ്യ അനാവശ്യമായി കൂട്ടി പറയുകയാണെന്നാണ്. സര്‍. സി.പി.ക്കു ഒക്ടോബര്‍ 28-ാം തീയതി അ /ഉ 21-ാം നമ്പറില്‍ ജി.ഓ.സി അയച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് ആര്‍ക്കൈയ്‌വ്‌സില്‍ നിന്നും കാണാതെയായി.ഇതുതന്നെ മരണ സംഖ്യ വലുതായിരുന്നു എന്നതിന്റെ സൂചനയായിരുന്നു. ആര്‍ക്കാണ് ഈ റിപ്പോര്‍ട്ട് പുറത്ത് അറിയാന്‍ പാടില്ല എന്ന് താത്പര്യമുള്ളത് അവരായിരിക്കുമല്ലോ ഇത് എടുത്തുമാറ്റിയിരിക്കുക.
പുന്നപ്രയില്‍ ഇത്തരമൊരു കലാപം ഉണ്ടാകേണ്ടുന്ന ഒരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല. തൊഴിലാളികള്‍ ആവശ്യപ്പെട്ട ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു രമ്യമായി പരിഹാരം കണ്ടെത്താന്‍ ദിവാന്‍ മുന്‍കൈയെടുത്തു ചര്‍ച്ച നടത്തി. അതിനു ആര്‍. ശങ്കറെ നിശ്ചയിക്കുകയും ചെയ്തു. ആവശ്യങ്ങളില്‍ 90 % അംഗീകരിച്ചു. ദിവാന്‍ ഒഴിഞ്ഞുപോകണം എന്ന വാശിക്ക് വഴങ്ങിയില്ല എന്ന് മാത്രം. എന്നിട്ടും സായുധ കലാപം നടത്തിയത് ദുരൂഹത ഉണ്ടാക്കുന്നതാണ്.
1946 ഒക്ടോബര്‍ മുതല്‍ തന്നെ ആലപ്പുഴ ജില്ലയുടെ പലഭാഗങ്ങളിലും കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുടങ്ങിയിരുന്നു. ഈ ക്യാമ്പുകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ നിന്നു തിരിച്ചുവന്ന പട്ടാളക്കാരാണ് ട്രെയിനിങ് നല്‍കിയത്. വാരിക്കുന്തം, വെട്ടുകത്തി, വാള്‍, പോലീസുകാരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ എന്നിവയായിരുന്നു കലാപകാരികളുടെ പ്രധാന ആയുധങ്ങള്‍ ഒക്‌ടോബര്‍ 24 നു മാര്‍ക്‌സിസ്റ്റു തീവ്രവാദികള്‍ പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു നാല് പോലീസുകാരെ കൊലപ്പെടുത്തി. ഒക്ടോബര്‍ 25ന് സര്‍. സി.പി. പട്ടാള നിയമം പ്രഖ്യാപിച്ചു. സി.പി രാമസ്വാമി അയ്യര്‍ തന്നെ പട്ടാളത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സമരക്കാര്‍ പിരിഞ്ഞു പോകാന്‍ ഉള്ള ലഘു ലേഖ വിമാനം വഴി വിതരണം ചെയ്തു. തീവ്രവാദ ക്യാമ്പുകളിലേക്ക് പട്ടാളം മാര്‍ച്ച്‌ചെയ്തു.
രക്തസാക്ഷികളെ സൃഷ്ടിക്കുവാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വരയും കര്‍ഷകരിലും തൊഴിലാളികളിലും ഇവര്‍ ഉണ്ടാക്കി വച്ചിരുന്ന അമിത ആത്മവിശ്വാസവും കൂടിച്ചേര്‍ന്ന്, സായുധ വിപ്ലവത്തിന്റെ മാസ്മരികതയില്‍ പട്ടാളത്തെ നേരിട്ട കലാപകാരികള്‍ക്ക് കാലയവനികക്കുള്ളില്‍ മറയേണ്ടി വന്നു. അങ്ങനെ അനാവശ്യമായി 2000 മുതല്‍ 2500 പേരുടെ വരെ കൂട്ടക്കുരുതിക്ക് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ കാരണക്കാരായി.
ഈ സായുധ കലാപത്തിലേക്ക് പാവം ജനങ്ങളെ നയിച്ചതിനെക്കുറിച്ച് വിചിത്രമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. സമരം അടിച്ചമര്‍ത്തിയതിനു ശേഷം സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ഉന്നത തല സമിതിയെ സ്റ്റേറ്റ് കോണ്‍ഗ്രസ് നിയമിച്ചു. ടി.എം.വര്‍ഗീസ് എ.ജെ ജോണ്‍, കെ.എ ഗംഗാധരന്‍, ശങ്കരപ്പിള്ള എ.പി. ഉദയഭാനു എന്നീ പ്രമുഖ നേതാക്കളായിരുന്നു ആ സമിതിയില്‍ ഉണ്ടായിരുന്നത്. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ട എന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു, എ. ശ്രീധരമേനോന് ഉദയഭാനു നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു, അതിനുള്ള കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചതിങ്ങനെയാണ്, ഇത് അവരെ ഞെട്ടിക്കുന്നതായിരുന്നു, പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ജാഥ അംഗങ്ങളെ മഹാരാജാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ട് പോയതത്രെ. പട്ടാളത്തെ നിയോഗിക്കാന്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനു അധികാരമില്ലെന്നും അവരുടെ തോക്കുകളില്‍ ഉണ്ടയില്ലെന്നും വരെ പാവപ്പെട്ട അനുയായികളെ പറഞ്ഞു ധരിപ്പിച്ചു വശംവദരാക്കി. പട്ടാളത്തെ നേരിടാന്‍ വയലാറിലെ കര്‍ഷകരെയും തൊഴിലാളികളെയും പാകപ്പെടുത്തിയതില്‍ കമ്മ്യൂണിസ്റ്റുബുദ്ധി ജീവികളുടെ പങ്ക് വളരെ വലുതാണ്. അവരിലെ മനുഷ്യത്വം എത്രത്തോളം മരവിച്ചതാണെന്ന് നാം മനസ്സിലാക്കണം. ഇത് പ്രസിദ്ധീകരിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാവാത്തത്, ഇത് പട്ടാള നടപടികളെ സാധുകരിക്കാന്‍ കാരണമാകും എന്നുകരുതിയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാള്‍ പോലും ഇതില്‍ അകപ്പെടാതെ രക്ഷപ്പെട്ടു. പുന്നപ്ര വയലാര്‍ സമരസഖാക്കള്‍ എന്ന് പറഞ്ഞു നടന്നവരില്‍ പലരും സമരത്തിന്റെ നാലയലത്തുപോലും ഉണ്ടായിരുന്നില്ല.
പുന്നപ്ര വയലാര്‍ സമരം സ്വതന്ത്ര്യ സമരമോ, അല്ലയോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നു. അവര്‍ക്കൊക്കെ സ്വതന്ത്ര്യ സമര പെന്‍ഷനും ലഭിച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരത്തെ അധികരിച്ചു ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും ഇറങ്ങിയിട്ടുണ്ട്. സി.അച്യുതമേനോന്‍ ഒരു പുസ്തകത്തിന് നല്‍കിയ അവതാരികയില്‍ ഇങ്ങനെയാണ് പറയുന്നത്: ‘പുന്നപ്ര വയലാര്‍ സമരം കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടാകെയുള്ള സ്വാതന്ത്ര്യസമരത്തിലെ ഒരു അനശ്വരധ്യായമാണ്, തൊഴിലാളികളും കൃഷിക്കാരും സ്വാതന്ത്ര്യസമരത്തില്‍ എത്രത്തോളം ത്യാഗോജ്ജ്വലമായി പങ്കെടുത്തു എന്നതിന്റെ അവിസ്മരണീയമായ ഒരു ദൃഷ്ടാന്തമാണ്.’ കമ്മ്യൂണിസ്റ്റുകാരനായ സി.അച്യുതമേനോനില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് അവരുടെ രാഷ്ട്രീയ ചരിത്രത്തില്‍ വീണു കിട്ടിയ രക്തസാക്ഷി പൊന്‍തൂവലുകളില്‍ ഒന്നായി പരിണമിച്ചു. സ്വാതന്ത്ര്യം കൈപ്പിടിയില്‍ എത്തിയപ്പോള്‍ ഇങ്ങനെയും ഒരു സ്വാതന്ത്ര്യ സമരമോ ?
സ്വാതന്ത്ര്യ സമരകാലത്തുപോലും കോണ്‍ഗ്രസ്സിനെതിരെയും ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ ദേശീയ നേതാക്കള്‍ക്കെതിരെയും, കേരളത്തില്‍ കെ.കേളപ്പനെതിരെയും പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. കേളപ്പനെ കൊല്ലാന്‍ പോലും പദ്ധതിയിട്ടവരാണിവര്‍. ഏവരാലും ആരാധിക്കപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് ഞങ്ങളുടെ ‘നേതാവല്ലീ ചെറ്റ ജപ്പാന്‍കാരുടെ ചെരുപ്പുനക്കി’ എന്ന് മുദ്രാവാക്യം വിളിച്ചവരാണിവര്‍. ‘ഗാന്ധി ഇന്ത്യ എന്താക്കി, മാന്തി പുണ്ണാക്കി’ എന്ന് വിളിച്ചിരുന്നവര്‍ ഇന്ന് തികച്ചും ഗാന്ധി ശിഷ്യന്മാരായി അവതരിക്കുന്നു.
ഭാരതീയതയെ (ഇന്ത്യന്‍ ദേശീയതയെ) എല്ലാ കാലത്തും എതിര്‍ത്തുപോന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ബീജാവാപം നല്‍കിയ എം.എന്‍ റോയ് പോലും ഇന്ത്യന്‍ ദേശീയതയെയും ഗാന്ധിജിയെയും അംഗീകരിക്കാന്‍ തയ്യാറായില്ല. സോവിയറ്റ് റഷ്യയിലെ ലെനിന്‍ പോലും മഹാത്മാഗാന്ധി യെ ലോകത്തിലെ തന്നെ ഏറ്റവും ജനകീയ നേതാവായി അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാടാനാണ് ലെനിന്‍ ആവശ്യപ്പെട്ടത്. അതുപോലും അവഗണിച്ചുകൊണ്ടാണ് ഇവര്‍ മുന്നേറിയത്.
ആഗോള കമ്മ്യൂണിസത്തിന്റെ ഭാഗമായി റഷ്യ കേന്ദ്രമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റു കോമിന്റേണുകള്‍ക്കു വിധേയമായി ദേശീയതക്കുപരി കമ്മ്യൂണിസ്റ്റു റഷ്യക്ക് ഒന്നും സംഭവിക്കരുതെന്നു ഇക്കൂട്ടര്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പൊരുതുകയും ഇന്ത്യയില്‍ അല്ലെങ്കില്‍ കേരളത്തിലെങ്കിലും ഒരു കമ്മ്യൂണിസ്റ്റു ഏകാധിപത്യ രാജ്യം സ്വപ്‌നം കണ്ടതും വെറുതെയായി. എന്നാല്‍ ഇതിനെയൊക്കെ മറച്ചുവെച്ച് അസത്യങ്ങള്‍ നിരന്തരം പ്രചരിപ്പിച്ച് കേരളജനതയുടെ ഇടയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞത് അംഗീകരിക്കാതിരിക്കാനാകില്ല.ബംഗാളും, ത്രിപുരയും നമ്മുടെ മുന്നിലുണ്ടെന്നത് വാസ്തവമാണ്.മാര്‍ക്‌സിസം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഭരണം നടത്തുന്ന പ്രാദേശിക പാര്‍ട്ടിയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു.
സഹായക ഗ്രന്ഥങ്ങള്‍
1 . പുന്നപ്രവയലാറും കേരളചരിത്രവും എ. ശ്രീധരമേനോന്‍.
2 . കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.