വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന വിനായക ദാമോദര സാവര്‍ക്കര്‍ കേരളത്തിന് അത്ര സുപരിചിതനല്ല. കേരളത്തിന്റേതായി പറഞ്ഞുപോരാറുള്ള പല പുരോഗമനാശയങ്ങളുടെയും ശക്തനായ വക്താവായിരുന്നിട്ടുകൂടി സാവര്‍ക്കറെ ശരിയായി മനസ്സിലാക്കാനുള്ള അവസരം മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളതായി തോന്നുന്നില്ല. എന്‍എസ്എസിന്റെ രജത ജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത സാവര്‍ക്കര്‍, മന്നത്ത് പത്മനാഭന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന വിമോചന സമരത്തിന്റെ വിമര്‍ശകനായിരുന്നു. ലണ്ടനില്‍ ഇന്ത്യാ ലീഗിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ സാവര്‍ക്കറുടെ പതിവ് സന്ദര്‍ശകരില്‍ ഒരാളായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശില്‍പിയായ ലെനിന്‍. ഈ വസ്തുതകളൊന്നും അംഗീകരിക്കുകയോ ഓര്‍ക്കുകയോ ചെയ്യാതെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ സാവര്‍ക്കറുടെ വിമര്‍ശകരായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
സാവര്‍ക്കറുടെ സ്വന്തം പുസ്തകങ്ങളല്ലാതെ സാവര്‍ക്കറുടെ ആശയവും രാഷ്ട്രീയവും പ്രവര്‍ത്തനങ്ങളുമൊക്കെ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാത്തതും പ്രചരിക്കാത്തതുമാണ് ഇതിനൊരു കാരണമെന്ന വിലയിരുത്തല്‍ തെറ്റാവില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സാവര്‍ക്കര്‍- ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും പുതിയൊരു തുടക്കമാവുന്നത്. എറണാകുളം പാലാരിവട്ടത്തെ ഹോട്ടല്‍ റിനൈ ഓഡിറ്റോറിയത്തില്‍ ഈ പരിപാടി നടന്നപ്പോള്‍ അത് സാവര്‍ക്കറുടെ മഹത്വം തിരിച്ചറിയപ്പെട്ട സായാഹ്നമായി മാറി. കേരളത്തിന്റെ പ്രഥമപൗരന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ മുഖ്യാതിഥിയായി എത്തി പുസ്തക പ്രകാശനം നിര്‍വഹിക്കുകയും, പുതുതലമുറ സാവര്‍ക്കറുടെ ആശയങ്ങള്‍ മനസ്സിലാക്കുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്തു.
വംശഹത്യകളെ ന്യായീകരിക്കുകയും കൊലയാളികളെ സ്വാതന്ത്ര്യസമര സേനാനികളാക്കുകയും ചെയ്യുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ വീര സാവര്‍ക്കര്‍ എന്ന പേരിനുപോലും വിലക്കു വരുന്ന സാഹചര്യത്തിലാണ് ഒരു പുസ്തക പ്രകാശനമെന്നതിനുപരി സാവര്‍ക്കറെ അറിയാനുള്ള ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്റെ ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ പ്രാധാന്യത്തിലേക്ക് സ്വാഗതം പറഞ്ഞ കുരുക്ഷേത്ര എക്‌സിക്യൂട്ടീവ് എം.ഡി. വിവേകാനന്ദ പൈ വിരല്‍ചൂണ്ടിയതിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ഗ്രന്ഥകാരനായ ഉദയ് മാഹുര്‍ക്കറുടെ വാക്കുകള്‍.

വിമര്‍ശനത്തിനു പിന്നില്‍ വര്‍ഗീയ പ്രീണനം
ഇരുപതു വര്‍ഷമായി സാവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചാരവേലയ്ക്കു പിന്നില്‍ ന്യൂനപക്ഷ വോട്ടുബാങ്കിനെ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്ന് കൃത്യമായിത്തന്നെ മാഹുര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാര്‍ക്കു മാപ്പെഴുതിക്കൊടുത്ത്, വിഭജനത്തിലൂടെ പാകിസ്ഥാന്‍ ഉണ്ടായതിന്റെ ഉത്തരവാദിയാണ് എന്നൊക്കെ സാവര്‍ക്കര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഈയൊരു രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. രാഷ്ട്രവിഭജനം ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒന്നായതിനാലാണ് സാവര്‍ക്കറെക്കുറിച്ച് ഇങ്ങനെയൊരു പുസ്തകം രചിക്കാന്‍ തീരുമാനിച്ചതെന്നും മാഹുര്‍ക്കര്‍ വിശദീകരിക്കുകയുണ്ടായി.
”സിന്ധ് പാകിസ്ഥാന്റെ ഭാഗമാവുമെന്ന് 1930 ല്‍ മുസ്ലിംലീഗിന്റെ സമ്മേളനത്തില്‍ മുഹമ്മദ് ഇക്ബാല്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നിട്ടും ചിലര്‍ സാവര്‍ക്കറെ ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് ചരിത്രവസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കോണ്‍ഗ്രസ്സിന്റെ മുസ്ലിം പ്രീണനമാണ് വിഭജനത്തിലേക്ക് നയിച്ചത്. സാവര്‍ക്കര്‍ ഇതിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഒരു ഘട്ടത്തില്‍ ചില പ്രമുഖ പാര്‍ട്ടി നേതാക്കള്‍ സാവര്‍ക്കറെ കോണ്‍ഗ്രസ്സില്‍ ചേരാന്‍ ക്ഷണിച്ചു. മുസ്ലിം പ്രീണനത്തിന്റെ കാര്യത്തില്‍ തിരിച്ചുവരാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ്സ് മുന്നേറിയെന്നാണ് ഈ നേതാക്കള്‍ക്ക് സാവര്‍ക്കര്‍ കൊടുത്ത മറുപടി.
”സാവര്‍ക്കറെ വിഭാഗീതയുടെ വക്താവായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. സ്വതന്ത്ര ഭാരതത്തില്‍ എല്ലാ ജാതി മതസ്ഥര്‍ക്കും തുല്യ അധികാരം ഉണ്ടാവണമെന്നാണ് സാവര്‍ക്കര്‍ വാദിച്ചത്. സാവര്‍ക്കറുടെ ഹിന്ദുത്വം ദേശീയത തന്നെയായിരുന്നു. 1943-47 കാലഘട്ടത്തില്‍ വിഭജനം തടയാന്‍ പരമാവധി ശ്രമിച്ചയാളാണ് സാവര്‍ക്കര്‍. മുസ്ലിം പ്രീണനം വിഭജനത്തിലേക്ക് നയിക്കുമെന്ന് സാവര്‍ക്കര്‍ ആശങ്കപ്പെട്ടപ്പോള്‍, തങ്ങളുടെ മൃതദേഹത്തിന് മുകളില്‍ വച്ചു മാത്രമേ ഭാരതത്തെ വിഭജിക്കാനാവൂ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വീരവാദം.”
സാവര്‍ക്കര്‍ മുന്നോട്ടുവച്ചത് ഒരു സെക്കുലര്‍ സ്റ്റേറ്റായിരുന്നു എന്നു പറഞ്ഞ മാഹുര്‍ക്കര്‍, ദേശസുരക്ഷ നേരിടാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് 70 വര്‍ഷം മുന്‍പ് സാവര്‍ക്കര്‍ പ്രവചിച്ചത് പില്‍ക്കാലത്ത് ശരിയായിതീര്‍ന്നതും ചൂണ്ടിക്കാട്ടി. ”അതിര്‍ത്തിയില്‍ ചൈന കടന്നാക്രമിക്കാനുള്ള സാധ്യതയെക്കുറിച്ച് നെഹ്‌റുവിനെ സാവര്‍ക്കര്‍ ധരിപ്പിച്ചു. ഭാരതം ആണവശക്തിയാവേണ്ട ആവശ്യകത ബോധിപ്പിച്ചു. നെഹ്‌റുവിന്റെ പഞ്ചശീലതത്വത്തിന്റെ നിശിത വിമര്‍ശകനായിരുന്നു സാവര്‍ക്കര്‍. പഞ്ചശീലം നിങ്ങളുടെ ജപമാലയിലെ മുത്തുകളായിരിക്കുമ്പോള്‍ ചൈനയുടേത് ബോംബുകളും യന്ത്രത്തോക്കുകളുമാണെന്ന് സാവര്‍ക്കര്‍ പറഞ്ഞത് പിന്നീട് ശരിയായി. സാവര്‍ക്കറുടെ ആശയങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ഭാരതം ഇതിനകം വന്‍ശക്തി രാഷ്ട്രമാകുമായിരുന്നു. നെഹ്‌റുവിന് പിന്നീട് മനസ്താപം ഉണ്ടായി. 1962-ലെ റിപ്പബ്ലിക് ദിനപരേഡില്‍ സൈന്യത്തിനൊപ്പം ആര്‍എസ്എസ് സ്വയംസേവകരെ പ്രധാനമന്ത്രി നെഹ്‌റു ക്ഷണിച്ചത് ഇതിനാലാണ്. സാവര്‍ക്കറുടെ കാര്യത്തിലും നെഹ്‌റുവിന് കുറ്റബോധമുണ്ടായില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?” മാഹുര്‍ക്കര്‍ ചോദിച്ചു.
ഇന്നും മുസ്ലിം മതമൗലികവാദത്തിന്റെ തീവ്രരൂപമായ വഹാബിസം രാജ്യത്ത് ശക്തമായിരിക്കെ മറ്റൊരു വിഭജനം തടയാന്‍ സാവര്‍ക്കറുടെ ആശയങ്ങള്‍ക്ക് കഴിയുമെന്നും, അത് പരിചയപ്പെടുത്താന്‍ തന്റെ പുസ്തകത്തിനാവുമെന്നും പറഞ്ഞുകൊണ്ടാണ് മാഹുര്‍ക്കര്‍ പ്രസംഗം അവസാനിപ്പിച്ചത്.
സാവര്‍ക്കര്‍ വിമര്‍ശകര്‍ സത്യമറിയുന്നില്ല
ഒരാളെ വിമര്‍ശിക്കാന്‍ അയാളുടെ ആശയങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യാതിഥിയായി പങ്കെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം തുടങ്ങിയത്. വിമര്‍ശിക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ചാര്‍വാകന്റെ ആശയങ്ങളെ ബഹുഭൂരിപക്ഷം ആളുകളും അംഗീകരിച്ചിരുന്നില്ല. പക്ഷേ ചാര്‍വാകനെ മഹര്‍ഷിയായി ബഹുമാനിച്ചു. ഇതാണ് ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വം. ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് സാവര്‍ക്കറുടെ മഹത്വം എന്തായിരുന്നുവെന്ന് ഗവര്‍ണര്‍ വിശദീകരിച്ചത്.
”സാവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആശയങ്ങളെ മനസ്സിലാക്കുന്നില്ല. വിമര്‍ശിക്കുന്നവര്‍ സാവര്‍ക്കര്‍ ഒരു വിപ്ലവകാരിയായിരുന്നു എന്ന വസ്തുത അംഗീകരിക്കാത്തത് കാപട്യമാണ്. തന്റെ കാലത്തോട് ശക്തമായി പ്രതികരിച്ചയാളായിരുന്നു സാവര്‍ക്കര്‍. വലിയ ത്യാഗങ്ങള്‍ അനുഷ്ഠിച്ചയാള്‍. സ്വന്തം ഭാര്യയുടെ അന്തിമോപചാര ചടങ്ങില്‍പ്പോലും പങ്കെടുക്കാന്‍ കഴിയാതിരുന്നയാളാണ്. അയിത്തോച്ചാടനത്തിന്റെ ശക്തനായ വക്താവായിരുന്നു സാവര്‍ക്കര്‍. അതിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു.”
സാവര്‍ക്കറുടെ നിലപാടുകള്‍ ഏതെങ്കിലും മതവിഭാഗത്തിന് എതിരായിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിലെ ഒരു വിഭാഗം മുസ്ലിം പ്രമാണിമാര്‍ക്ക് ഒരുതരം വല്ലാത്ത അഹന്തയുണ്ടായിരുന്നു. തങ്ങള്‍ 500 വര്‍ഷം രാജ്യം ഭരിച്ചവരാണെന്ന് അവര്‍ അഹങ്കരിച്ചു. ഈ മനോഭാവത്തെ സാവര്‍ക്കര്‍ എതിര്‍ത്തു. ഇത്തരം മനോഭാവക്കാരായവരില്‍നിന്ന് 1986 നുശേഷം അഞ്ച് തവണ ജീവനുഭീഷണി നേരിട്ടയാളാണ് താനെന്നും, ഒരിക്കല്‍ പാര്‍ലമെന്റിന് 500 മീറ്റര്‍ അകലെവച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി. താന്‍ ഇതിനെക്കുറിച്ച് പറഞ്ഞാല്‍ മുസ്ലിം വിരുദ്ധനാവുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു.
”അഹിംസ ഭീരുത്വമല്ല, ആക്രമണകാരികള്‍ക്ക് കീഴടങ്ങലല്ല. നമുക്ക് അറിവുവേണം. അതോടൊപ്പം ആയുധശക്തിയുമാര്‍ജിക്കണം. ഭാരതത്തിന്റെ പാരമ്പര്യത്തില്‍ ദേശധര്‍മവും കാലധര്‍മവും യുദ്ധധര്‍മവും ആപദ് ധര്‍മവുമുണ്ട്”. അഹിംസയെ അംഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ സാവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായാണ് ഗവര്‍ണര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സാവര്‍ക്കറുടെ ആശയങ്ങളുമായി പരിചയപ്പെടാത്തതുകൊണ്ടാണ് പലരും അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സാവര്‍ക്കറെ സംബന്ധിച്ച അജ്ഞതയില്‍ നിന്നാണ് ഇത് വരുന്നത്. മരിക്കുന്നതിന് മൂന്നുമാസം മുന്‍പ് സാവര്‍ക്കര്‍ ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ച് ഈ അജ്ഞതയെയും ഗവര്‍ണര്‍ തുറന്നുകാട്ടുകയുണ്ടായി.
”വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് തുല്യമായ പരിഗണന ലഭിക്കുന്ന മതേതര രാഷ്ട്രമാണ് എന്റെ സ്വപ്‌നത്തിലെ ഭാരതം. മറ്റുള്ളവരെ ആധിപത്യത്തിലാക്കാന്‍ ഒരാളെയും അനുവദിക്കരുത്. പൗരത്വത്തിനുള്ള നീതിപൂര്‍വമായ അവകാശം ഒരാള്‍ക്കും നിഷേധിക്കാന്‍ പാടില്ല. ഹിന്ദുക്കള്‍ ഒരു ജാതിരഹിത സമൂഹമായി മാറണം. ശാസ്ത്ര സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കപ്പെടണം. ഭൂപ്രഭുത്വം പൂര്‍ണമായും ഇല്ലാതാക്കണം. അതോടെ മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതായി മാറും. എല്ലാ പ്രമുഖ വ്യവസായങ്ങളും ദേശസാല്‍ക്കരിക്കണം. ഭക്ഷണം, വസ്ത്രം, വീട്, രാജ്യരക്ഷ എന്നിവയില്‍ ഭാരതം സ്വയംപര്യാപ്തമാവണം. എന്റെ സ്വപ്‌നത്തിലുള്ള ഭാരതത്തിന് ലോക രാഷ്ട്ര സമുച്ചയത്തില്‍ അതിരറ്റ വിശ്വാസമുണ്ടായിരിക്കണം. എന്തെന്നാല്‍ ഭൂമി എല്ലാവരുടെയും പൊതുവായ മാതൃഭൂമിയാണ്.”
1965 ലാണ് സാവര്‍ക്കര്‍ ഈ അഭിമുഖം നല്‍കുന്നത്. അങ്ങേയറ്റം പുരോഗമന ചിന്താഗതിക്കാരനെയും, ആധുനിക രാഷ്ട്രസങ്കല്‍പത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്ര തന്ത്രജ്ഞനെയുമാണ് ഇവിടെ കാണുന്നത്. ഇത്തരമൊരാളെ മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ചത്.
ആയിരം വര്‍ഷത്തോളം നമുക്ക് അഭിമാനമില്ലാത്തവരായി കഴിയേണ്ടിവന്നത് നാം ആരാണെന്ന് അറിയാത്തതുകൊണ്ടാണെന്നും, കൊളോണിയല്‍ കോംപ്ലക്‌സുകള്‍ ഇന്നും നമ്മെ ഭരിക്കുകയാണെന്നും അതിഥിയായി പങ്കെടുത്ത ഷിപ്പ് യാര്‍ഡ് എം.ഡി മധു എസ്. നായര്‍ അഭിപ്രായപ്പെട്ടു. ”രാഷ്ട്രത്തിന്റെ മഹത്വം മനസ്സിലാക്കുകയും, വിയോജിപ്പുകള്‍ ഉള്ളിടത്ത് ശക്തമായി അത് പ്രകടിപ്പിക്കുകയും വേണം. സാവര്‍ക്കറെക്കുറിച്ചുള്ള തുറന്ന സംവാദമാണ് വേണ്ടത്. ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് മാഹുര്‍ക്കറുടെ പുസ്തകം ഉപകരിക്കും.”
രാഷ്ട്രഗാഥ ചെയര്‍മാന്‍ ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ പരിപാടിയില്‍ അധ്യക്ഷത വഹിച്ച കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന് കോപ്പി കൈമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. നിര്‍ഭയ സത്യങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ മറ്റുള്ളവര്‍ മടിക്കുമ്പോള്‍ കുരുക്ഷേത്രയാണ് അത് ചെയ്യുന്നതെന്നും, ഇതിന്റെ നേര്‍സാക്ഷ്യമാണ് സാവര്‍ക്കറെക്കുറിച്ചുള്ള മാഹുര്‍ക്കറുടെ പുസ്തകമെന്നും സി.കെ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ”വിഭജനത്തിന്റെ പാഠങ്ങള്‍ സത്യസന്ധമായി പഠിക്കേണ്ടതുണ്ട്. ഇനിയൊരു വിഭജനം ഒഴിവാക്കണമെങ്കില്‍ ഇത് ആവശ്യമാണ്. ഇവിടെയാണ് സാവര്‍ക്കറുടെ ചിന്തകളുടെ പ്രസക്തി പുതുതലമുറ തിരിച്ചറിയേണ്ടത്” രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. സാവര്‍ക്കറുടെ ആശയങ്ങളോട് ആസൂത്രിതമായ അകലം പാലിക്കുകയും, ചരിത്രത്തില്‍ ഇടം നേടിയ ആ വ്യക്തിത്വത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന കേരളത്തിലെ ബൗദ്ധികാന്തരീക്ഷത്തിന് മാറ്റം വരേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതായിരുന്നു കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച പരിപാടി.