പുറത്ത് പോയി ഓഫീസില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും മണി പതിനൊന്നര കഴിഞ്ഞിരുന്നു.
‘ദാമൂ.. രണ്ട് ചായ പറഞ്ഞോ’ എന്ന് പറഞ്ഞ് ഞാന്‍ ഫാനിട്ട് സീറ്റില്‍ ചാഞ്ഞിരുന്നു.
ഓഫീസ് ബോയ് ദാമു ബില്‍ഡിങ്ങിന്റെ മുന്നിലുള്ള ചായക്കടയിലേയ്ക്ക് നടന്നു. ഹലാല്‍ ബോര്‍ഡ് ഇല്ലെങ്കിലും ഹലാല്‍ ഏറെ ഇഷ്ടപ്പെടുന്നവരുടെ ‘ഫാസ്റ്റ് ഫുഡ് കം ജൂസ് കട’. ചായയും കിട്ടും.
നല്ല ചായയാണെന്നാണ് ദാമുവിന്റെ പക്ഷം.
ഹലാല്‍ വിവാദം വന്നേപ്പിന്നെ മിക്ക റെസ്റ്റോറന്റിലും ഒരു മ്ലാനതയുണ്ട്. കഴിഞ്ഞ ദിവസം അവന്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ഞാന്‍ പതുക്കെ.. ‘ഒരു പക്ഷെ ഈ ചായയിലും..’ എന്ന് പറയലും.. അവന്‍ ‘ത്ഫു..’ എന്ന് പറഞ്ഞ് തുപ്പി പൊട്ടിച്ചിരിച്ച് മേശപ്പുറത്തും നിലത്തും ചായ തെറിപ്പിച്ചു.
ആ കാര്യം ഓര്‍മ്മിച്ചിട്ടോ എന്തോ ദാമു മടങ്ങി വന്ന് ‘ഇപ്പൊ എത്തും’ എന്ന് പറഞ്ഞ് ഒരു ചെറു ചിരിയോടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് പതിവ് ആള്‍ക്ക് പകരം ട്രേയുമായി വെളുത്ത് തടിച്ച് ഒരു മദ്ധ്യവയസ്‌ക്ക. സീമന്തരേഖയില്‍ ക്രമാതീത അളവില്‍ സിന്ദൂരം. ചായ വെച്ച് പോയിക്കഴിഞ്ഞപ്പോള്‍ ദാമുവെ നോക്കി ഞാന്‍ ചോദിച്ചു ‘ഹലാല്‍ ഇഫക്ട് ?’ ‘ആവോ..ആയിരിക്കാം’ എന്നവന്‍.
ഹലാല്‍ ഇഫക്ട് ഉണ്ടെന്നുള്ളത് ഉറപ്പാണ്.
ഇവിടെ അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ മുമ്പ് രണ്ടരയ്ക്ക് ശേഷം ഊണ്‍ ഉണ്ടായിരുന്നില്ല. ഫ്രൈഡ് റൈസോ പതിവ് ‘ബീറ്റ് റൂട്ട്’ മസാലദോശയോ മാത്രമായിരുന്നു ലഭ്യം. ഇപ്പോള്‍ മൂന്നര നാല് മണി വരെ ഊണാണ്. നല്ലതിരക്ക് കണ്ട് ക്യാഷിയറുടെ പിന്നിലെ ഫോട്ടോയിലിരുന്ന് ഏ.കെ.ജി ചിരിച്ചു. ഹലാല്‍ വിവാദത്തിന് നന്ദി പറഞ്ഞു.
ചായകുടി കഴിഞ്ഞില്ല അപ്പോഴേയ്ക്കും കാക്കൂര്‍ ശ്രീധരന്‍മാഷ് വാതില്ക്കല്‍ മുഖം കാണിച്ചു. പഴയ പരിചയം. പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ചു. മാസാദ്യങ്ങളില്‍ കോപ്പറേറ്റീവ് ബാങ്കില്‍ വരുമ്പോള്‍ ഇടയ്ക്ക് ഇവിടെയും വരും. കുശലാന്വേഷണം നടത്തി പോവും.
ദാമൂനെ നോക്കി ഞാന്‍ പറഞ്ഞു. ‘ഒരു ചായയും കൂടി ആവാം’..
‘അയ്യോ വേണ്ട ഞാന്‍ കുടിക്കില്ല’ എന്ന് മാഷ്.
‘അതെന്താ മാഷേ.. ഹലാല്‍ പേടി?’ ‘അല്ലല്ല.’
‘കൊറോണപ്പേടി? ‘ അല്ലല്ല..
‘വേണമെങ്കില്‍ പ്രമേഹപ്പേടി എന്ന് കൂട്ടിക്കോളൂ’ …
എന്നിട്ട് ഇത് കൂടി കൂട്ടി ചേര്‍ത്തു.. ‘ഈ ഹലാല്‍ വിവാദമൊക്കെ ഓരോരുത്തര് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഉണ്ടാക്കിയതല്ലേ?..’
‘ആണോ?’ മാഷുടെ രാഷ്ട്രീയം ഇടതുപക്ഷ ഒളിത്താവളമായ ഏതോ അപ്രസക്ത ജനതാദള്‍ ആയിരുന്നു എന്നറിയാം. ഇപ്പോള്‍ മാറിയോ അറിയില്ല.
‘ആയിരം ഹലാല്‍ ബോര്‍ഡില്‍ കാണാത്ത രാഷ്ട്രീയം ഒരൊറ്റ നോ ഹലാല്‍ ബോര്‍ഡില്‍ കാണാമോ മാഷേ? സാമ്പത്തിക ധ്രുവീകരണം, തൊഴില്‍ ഭേദചിന്ത, വിവേചനം ഇതൊന്നും കാണാനും പറ്റുന്നില്ലേ?’ നാളെ ഹിന്ദുക്കളുടെ ‘ഝട്ക’ ബോര്‍ഡും ജൂതന്മാരുടെ ‘കൊഷര്‍’ ബോര്‍ഡും വന്നാല്‍ എന്താവും സ്ഥിതി?
‘അതൊക്കെയെന്താ? ‘
കണ്ടോ.. ഇതൊന്നും അറിയാതെയാണ് ചിലര്‍ കണ്ണുംപൂട്ടി പിന്തുണ നല്‍കുന്നത്.
ഉത്തരേന്ത്യയില്‍ ഝടുതിയില്‍ ഒറ്റവെട്ടിന് കൊല്ലുന്നതാണ് ഝട്ക. മറ്റേത് ജൂതന്മാരുടെ കശാപ്പ് പരിപാടി. ഹലാല്‍ പോലെ കൊഷര്‍ എന്നതിന് മതപരമായി അനുവദനീയം എന്നര്‍ത്ഥം. എന്നാല്‍ വധം ഏറെക്കുറെ ഒരു പോലെയാണ്. ജുതന്മാരുടെ കശാപ്പുശാല യന്ത്രവല്‍കൃതമാണ്.. അതുകൊണ്ട് ആരു ചെയ്യുന്നു എന്നുള്ളത് പ്രധാനമല്ല. മുസ്ലീംകള്‍ക്ക് മുസ്ലീം തന്നെ വെട്ടണമെന്നും തല മക്കയ്ക്ക് നേരെ തിരിക്കണമെന്നും ബിസ്മി ചൊല്ലണമെന്നുമൊക്കെ നിര്‍ബ്ബന്ധമുണ്ട്.
ജൂതന്മാര്‍ക്ക് വേറെ ചില വ്യവസ്ഥകള്‍ ആണ്. മൃഗങ്ങളുടെ പൃഷ്ടഭാഗം അവര്‍ കഴിക്കില്ല. പാല്, തൈര് എന്നീ ഡയറി ഉല്‍പ്പന്നങ്ങള്‍ മാംസഭക്ഷണവുമായി കൂട്ടി തൊടീക്കില്ല. പാത്രങ്ങള്‍ പോലും വേറെയാണ്.പന്നി ഇരുകൂട്ടര്‍ക്കും ഹറാമാണ്.
ഒറ്റക്കുളമ്പുള്ളതിനെയൊന്നും ഇരുകൂട്ടരും കഴിക്കില്ല. ഒട്ടകത്തെയൊഴിച്ച്.
ഒട്ടകത്തിന്റെ പാദങ്ങള്‍ വേര്‍പെട്ടിരിക്കുന്നതിനാല്‍ അത് രണ്ട് പാദങ്ങളാണ്. ഓരോ പാദത്തിനും ഓരോ കുളമ്പാണ് എന്ന് ജൂതരും അല്ല, അത് ഒരു പാദമാണ് അതിന് ഇരട്ടക്കുളമ്പാണ് എന്ന് മുസ്ലിങ്ങളും. ഒട്ടകയിറച്ചി മുസ്ലീംകള്‍ക്ക് ഹലാലും ജൂതന്മാര്‍ക്ക് ഹറാമും ആണ്.
മാഷ് ചിരിച്ചു.
‘ഇതൊക്കെ പുതിയ അറിവാണ് ..പുറത്ത് കുറെക്കാലമുണ്ടായിരുന്നു അല്ലേ?’ എന്ന് മാഷ്.
‘ഒന്നര പതിറ്റാണ്ട് ‘.
‘അപ്പോ ലോകത്ത് ഭക്ഷണ സ്വാതന്ത്ര്യം എന്നൊന്നില്ല?’
‘ഇല്ല മാഷേ..ഓരോ രാജ്യത്തും ഓരോ പ്രവിശ്യയിലും ഭക്ഷണ ഭേദവും നിരോധനവും ഉണ്ട്. ഇവിടെ ചില രാഷ്ട്രീയക്കാര്‍ കവലയില്‍ കിടന്ന് ഉറഞ്ഞ് തുള്ളുമ്പോലെയല്ല കാര്യങ്ങള്‍.’
ലോകജനത ഇന്ത്യയിലെ ഭക്ഷണ ഭേദത്തെക്കുറിച്ച് വായിക്കുമ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗോവധനിരോധനം നടപ്പിലാണ് എന്നും കേരളം, പശ്ചിമബംഗാള്‍, നോര്‍ത്ത് ഈസ്റ്റിലെ ചില സംസ്ഥാനങ്ങള്‍ എന്നിവ ഒഴിച്ച് എന്നും അറിയുന്നത് പശുവിനെ ഏറെ സ്‌നേഹിക്കുന്ന മലയാളിക്ക് അപമാനമാണ്. അല്ലേ മാഷേ?’
ശ്രീലങ്ക, ബര്‍മ്മ, തുടങ്ങിയ ബുദ്ധമത പ്രബല രാജ്യങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്.’
മാഷ് ഇപ്പോള്‍ മൗനത്തിലാണ്..
‘മാഷ്‌ക്ക് അറിയോ? ബ്രിട്ടനില്‍ കുതിരയിറച്ചി നിരോധിച്ചതാ..എന്നാല്‍ ഫ്രാന്‍സില്‍ അനുവദനീയമാണ്.. പക്ഷെ കഴുതയിറച്ചി വില്പന അവിടെ പാടില്ല. എന്നാല്‍ ഇറ്റലിയില്‍ കുതിരയിറച്ചിയും കഴുതയിറച്ചിയുമൊക്കെ അനുവദനീയമാണ്.’
ഇറ്റലി എന്ന് കേട്ടപ്പോള്‍ മാഷുടെ കണ്ണുകള്‍ വികസിച്ചു.. എന്നിട്ട് കണ്ണിറുക്കി കാണിച്ച് ഒരു രഹസ്യമെന്നോണം ‘സോണിയാ ഗാന്ധി മുമ്പ് ധാരാളം തിന്നു കാണും. അതുകൊണ്ടാവും ആയമ്മയും മക്കളുമൊക്കെ ഇത്രയ്ക്ക്..ബു.. ‘
‘അങ്ങനെയൊന്നും പറയല്ലേ.. മാഷേ..’
മാഷ് ഉത്സുകനായി..
‘അല്ല എന്തിനേയും തിന്നുന്ന ചൈനക്കാരെക്കണ്ട് ഇവിടത്തെ’ ചങ്കിലെ ചൈനക്കാര്‍’ പഠിക്കുന്നില്ലല്ലോ ഭാഗ്യം!’
‘ചൈനയില്‍ ഒരു ചൊല്ലുണ്ട് Dragon meat in Heaven and Donkey meat on Earth’ ( (വ്യാളീമാംസം സ്വര്‍ഗത്തിലും കഴുതമാംസം ഭൂമിയിലും.) മാവോവാദത്തോടൊപ്പം ചൈനീസ് സംസ്‌കാരവും കൂടി സ്വീകരിച്ചിരുന്നെങ്കില്‍.. ഇവിടെ തെരുവ് നായകളുടെ എണ്ണം കുറഞ്ഞേനെ.’
‘ഹ.ഹ.ഹ’ അത് മാഷക്ക് ‘ക്ഷ’ പിടിച്ചു.
‘ഭക്ഷണത്തില്‍ മാത്രമല്ല സകലത്തിലും പക്ഷഭേദം കാട്ടണമെന്ന ദുര്‍വാശിയെ സര്‍വ്വാത്മനാ പിന്‍തുണയ്ക്കുന്ന ഒരു സര്‍ക്കാര്‍ ആണ് നമുക്കുള്ളത്..’
‘ഒരു വശത്തെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമ്പോള്‍ മറു വശത്തെ പാടേ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുക.. അല്ലേ? ‘
‘വിശ്വാസഭേദം കാണിക്കാന്‍ വസ്ത്രധാരണത്തില്‍, ആചാരത്തില്‍, ഉപചാരത്തില്‍, ഭാഷയില്‍, ബന്ധങ്ങളില്‍ എല്ലാം വ്യത്യസ്തത പുലര്‍ത്തുക മാത്രമല്ല. അപരവല്ക്കരണം നല്ലവണ്ണം കാണിച്ച് തങ്ങള്‍ അപരവല്ക്കരിക്കപ്പെടുകയാണെന്ന് അവകാശപ്പെടുകയും പരാതിപ്പെടുകയും ചെയ്യുക.!
അക്രമം കാണിച്ച് ഇരവാദം ഉന്നയിക്കുമ്പോലെ.’
മാഷ് ഒരു തത്വചിന്തകനെപ്പോലെ പറഞ്ഞു.
‘ശരിയാണ്.. പക്ഷെ.. ഭേദചിന്ത കാണിച്ചില്ലെങ്കില്‍ ചില മതങ്ങള്‍ക്ക് പിന്നെ അസ്തിത്വമില്ല.’
മാഷ് കാര്യങ്ങള്‍ മനസ്സിലാക്കി വരുകയാണോ?
‘ഭേദചിന്ത കാട്ടുന്നവരോട് സര്‍ക്കാര്‍ കാണിക്കുന്ന പക്ഷഭേദം.. അതാണ് അസഹ്യം. എന്തൊരു സ്‌നേഹം, കരുതല്‍, ജാഗ്രത. വഖഫ് കാര്യത്തില്‍ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കണ്ടില്ലേ..?
ശബരിമല സമരകാലത്ത് ഇഷ്ടന്‍ സ്വയം ശങ്കരാചാര്യരെപ്പോലെയാണ് പെരുമാറിയിരുന്നത്. എന്തിനീ പക്ഷഭേദം?’
‘ഭേദചിന്ത വാസ്തവത്തില്‍ അറിവില്ലായ്മയാണ്. സര്‍ക്കാരുകള്‍ അജ്ഞതയുടെ ഉപാസകരാവരുത്.’
‘എന്താണ് ജ്ഞാനം? എന്ന് ഉപനിഷത്തുക്കളില്‍ വലിയ ഒരു ചോദ്യമുണ്ട്.. അതിനുത്തരം അഭേദദര്‍ശനം എന്നാണ്. ഭേദചിന്തയില്ലായ്മയാണ്, ഭേദം കാണിക്കാതിരിക്കലാണ് അറിവ്’.
‘മൂര്‍ഖതയെ പുല്‍കുന്നവര്‍ക്ക് എന്ത് ജ്ഞാനം ? അല്ലേ മാഷേ?’
എന്ന് ചോദിച്ചപ്പോള്‍ മാഷ് വെളുക്കെ ചിരിച്ചു.
ആ ചിരിയുടെ പിന്നില്‍ ഒരു പുതിയ തിരിച്ചറിവിന്റെ ജ്ഞാനോദയം ഉണ്ടായിരുന്നുവോ ?
ആവോ..ആര്‍ക്കറിയാം..!