തൂങ്ങിമരണം മ്ലേച്ഛമാണെന്നഭിപ്രായമില്ല,
മുങ്ങിച്ചാവുന്നത് താരതമ്യേന ഭേദമാണെന്നുമില്ല.
അതാണ് എന്റെ മരണശീലം…
ആഴ്ന്നിറങ്ങുക,
അലിഞ്ഞില്ലാതെയാവുക, പിന്നെ
ആഴത്തില്‍ നിന്നേ മുളച്ചുപൊന്തുക.
മരണം കാവ്യാത്മകമല്ല.
പോസ്റ്റുമോര്‍ട്ടം തീരെയുമല്ല.
ഇരുമ്പുടേബിളില്‍
ഡോക്ടറുടെ കത്തിയും കൂടവും കാത്തുകിടക്കുന്നത്
നിരൂപണത്തിന് വഴങ്ങുന്നതുമല്ല
റെയില്‍വേ ട്രാക്കില്‍ നിന്നും
ലോഡ്ജ് മുറികളില്‍ നിന്നും
നഗരത്തിലെ ഓടകളില്‍ നിന്നും
വന്നവരായിരിക്കും ചുറ്റിലും.
അരഞ്ഞവരും കരിഞ്ഞവരും
മുറിഞ്ഞവരും കരിനീലിച്ചവരും
വാ പിളര്‍ന്നവരും കണ്ണുതുറിച്ചവരും
നാക്കു പിഴുതവരും കുടല്‍മാല പുറത്തായവരും
ഗുഹ്യദ്വാരങ്ങളില്‍ കമ്പി തിരുകിയവരും
അപ്പുറമിപ്പുറം കിടന്ന് തേങ്ങുകയും
പുലമ്പുകയും തീയാട്ടുകയും ചെയ്യുമ്പോള്‍
നേരം വെളുക്കട്ടെ, എങ്ങോട്ടെങ്കിലും
പുറപ്പെട്ടു പോകാമെന്നു വിചാരിക്കും.
അപരിചിതരായ മനുഷ്യര്‍
അന്യഗ്രഹജീവികളെപ്പോലെ പിടിച്ച്
അകവും പുറവും പരിശോധിക്കുമ്പോള്‍
അപമാനവും ഭയവും ക്രോധവും
വൃത്തബദ്ധമല്ലാതെയാകും.
എല്ലാവരും നടീനടന്മാരായുള്ള കാലത്ത്
മരണവീട്, സിലബസിലെ ഫോക്കസ് ഏരിയ മാത്രം.
അതിന്റെ പരീക്ഷണപരിധികള്‍
വല്ലാതെ ബോറടിക്കും
തോക്കുപിടിച്ച ക്യാമറകളില്‍നിന്നും
അളിഞ്ഞ മണം മൂക്കിലടിക്കുമ്പോള്‍
ഓക്കാനം തികട്ടിവരും.
എങ്ങനെ പ്രതികരിക്കും?
ആറടി നീളത്തില്‍, പന്ത്രണ്ടടി ആഴത്തില്‍
മൂടാനാവില്ല ഒരു ജഡം.
അര്‍ദ്ധരാത്രിയില്‍ നരികളും കുറുക്കന്മാരും
ഉറുമ്പുകളും പുഴുക്കളുമായി മത്സരിച്ചെത്തി
അതിനെ വാരിവലിച്ചുകൊണ്ടോടും
ന്യൂസ് റൂമുകളില്‍ പൗഡറും കുന്തിരിക്കവും
സാമ്പ്രാണിയും പുകയുമ്പോള്‍,
ഫോര്‍മാലിനില്‍ മുക്കിയ അവയവങ്ങള്‍
വെവ്വേറെ ഛേദിച്ച്
പ്രദര്‍ശിപ്പിക്കപ്പെടും.
ശവപ്പെട്ടിയുടെ ചതുരത്തില്‍ നിന്ന്
മൊബൈല്‍ സ്‌ക്രീനിന്റെ ചതുരത്തിലേക്ക്
മാറിക്കിടക്കുമ്പോള്‍, അവശേഷിച്ച
സമാധാനവും പൊളിയും.
അടുത്ത നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍
ന്യൂനമര്‍ദ്ദം മരണവീടിന്റെ തീരംവിട്ടുപോകും.
ഐപ്പീയെല്ലും കോമഡിസ്റ്റാര്‍സും ഓടിക്കയറിവരും.
അതിന്റെ ഇടവേളകളില്‍
കഥകള്‍
നിങ്ങളുടെ ആഭരണം പറയും!
അനേകം എഡിഷനുകള്‍, ആവര്‍ത്തിക്കുന്ന
വായനകള്‍, പ്രതിവായനകള്‍
വായനപക്ഷാചരണാദികള്‍.
‘ജന്മപ്രഭൃതി ദാരിദ്ര്യം
സമുദ്രതീരേ മരണം
കിഞ്ചിത് ശേഷം ഭവിഷ്യതി’