‘ആ ഇ.എം.എസ്സിന്റെ അവസ്ഥ വരുത്തിയേക്കല്ലേ പിള്ളേരെ എനിക്ക്’. ജോസഫ് മാഷിന്റെ മരണവാര്‍ത്ത കാതില്‍ നിന്നും തലച്ചോറിലേക്ക് ഇരമ്പികയറുമ്പോള്‍ തികട്ടി വന്നത് മാഷിന്റെ ആ വാക്കുകളാണ്.
‘കേരളത്തില്‍ത്തന്നെ ആദ്യമേ അവയവദാന സമ്മതപത്രം ഒപ്പിട്ട് കൊടുത്തത് ഇഎംഎസ് ആയിരിക്കും, പറഞ്ഞിട്ടെന്താ, സഖാവ് മരിച്ചപ്പോ അതെല്ലാരും അങ്ങ് മറന്നു’
എന്തായാലും മാഷിന്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു. മറ്റൊരു ജീവന്റെ തുടിപ്പിനൊപ്പം ചേരാന്‍ കെല്‍പ്പുള്ള അവയവങ്ങള്‍ ഒക്കെ വേര്‍പെടുത്തിയ ശേഷം ശരീരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് കൈമാറാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മരിച്ചവര്‍ ബാക്കിയാക്കിയ ഓര്‍മ്മയുടെ തിരയിളക്കങ്ങള്‍ അതിന്റെ അത്യുന്നതിയില്‍ ആഞ്ഞടിക്കുന്ന നേരത്ത് വൈകാരികതക്ക് മേലേ യുക്തി പ്രയോഗിക്കാന്‍ അസാമാന്യ മനസ്സാന്നിധ്യം തന്നെ വേണം. ഒരുപക്ഷേ രക്തബന്ധം എന്ന് പറയാന്‍ മാഷിന്റെ രക്തം സ്വീകരിച്ച കുറച്ച് അപരിചിതര്‍ മാത്രമുള്ളത് കൊണ്ടാകും അതിത്ര എളുപ്പം സാധിച്ചത് എന്ന് തോന്നിപ്പോയി.
മരണവാര്‍ത്ത ജയേഷും രാജീവും അറിഞ്ഞു കാണുമോ? പാര്‍ട്ടിയില്‍ പ്രാദേശികമായി എന്തൊക്കെയോ സംഘര്‍ഷങ്ങളുണ്ടെന്ന് കേള്‍ക്കുന്നു, ജയേഷ് കുറച്ചു ദിവസമായി സ്ഥലത്തില്ല. അല്ലെങ്കില്‍ മാഷിന്റെ കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഓടിപ്പിടിച്ചെത്തിയേനെ, എല്ലാത്തിനും മുന്നില്‍ തന്നെ കണ്ടേനെ. രാജീവ് ഇപ്പോ ജയ്‌സാല്‍മീരില്‍ ബോര്‍ഡറിന് അടുത്ത് എവിടെയോ ആണെന്ന് കേട്ടു.
മൂവരും ഒന്നിച്ച് ഒരു തണലിനു കീഴില്‍ വന്നിട്ട് ഏതാണ്ട് പത്ത് കൊല്ലം കഴിഞ്ഞ് കാണും.
മരണ സ്ഥിരീകരണം കഴിഞ്ഞ്, പിന്നിട്ട ജീവിതത്തിന്റെ ആസക്തികളില്‍ നിന്നും നിരാശകളില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആര്‍ക്കുമാര്‍ക്കുമില്ലാതെ ആറടി മണ്ണിലെ സൂക്ഷ്മാണുക്കളോട് പടവെട്ടാന്‍, ഒരുപിടി ചാരമാകാന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന പ്രേതങ്ങള്‍, അവയ്ക്ക് ഒരിറ്റ് സഹതാപമെറിഞ്ഞ് കൊണ്ട് മാഷിന്റെ ഭൗതിക ശരീരവുമായി അകത്തേക്ക് നിരങ്ങി നീങ്ങുന്ന സ്‌ട്രെച്ചര്‍ നോക്കി നില്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ കുറച്ച് പിന്നിലേക്ക് കൊത്തി വലിക്കുന്നുണ്ടായിരുന്നു.
‘പുറത്തെ പോക്കുവെയിലില്‍ നിറയെ മാറ്റത്തിന്റെ മാറ്റൊലികള്‍. വിപ്ലവത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ പാറിപ്പറക്കുന്ന ചെങ്കൊടി, ചെങ്കോട്ടയില്‍ പ്രസിഡന്റിന്റെ സത്യവാചകം സധൈര്യം ഏറ്റു ചൊല്ലുന്ന കമ്മ്യൂണിസ്റ്റ് അതിനെപ്പറ്റിയങ്ങനെ ഓര്‍ത്ത് നിന്നപ്പോഴാണ് സംഭവമുണ്ടായത്.’
ജോസഫ് മാഷിന് ഒരീസം ദിവാസ്വപ്നസ്ഖലനം ഉണ്ടായ കഥ വിസ്തരിക്കുമ്പോള്‍ ജയേഷിന്റെ രോമങ്ങള്‍ എണീറ്റു നിന്ന് ഒന്നിച്ച് ഇങ്ക്വിലാബ് വിളിക്കുന്നുണ്ടായിരുന്നു. മാഷിന്റെ ഭാഷ്യത്തില്‍ പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തരത്തിന്റെ പിറ്റന്നാള്‍, ബ്ലാക്ക് ബോര്‍ഡിന്റെ നേര്‍മുകളിലെ ഭിത്തിയില്‍ ഗാന്ധി പടത്തിന് ഇടതു വശത്ത് ചെഗുവേരയുടെയും വലതുവശം ഗുരുവിന്റെയും പടങ്ങള്‍ തെളിഞ്ഞതിന്റെ മൂന്നാം നാള്‍, അന്നാണ് രാജീവിന്റെ അച്ഛനെ പാമ്പ് കടിക്കുന്നത്.
‘മരം കോച്ചുന്ന തണുപ്പന്നൊക്കെ പറഞ്ഞാ അതാണ് ..
പുട്ടുകുറ്റീന്ന് ആവി ചീറ്റും പോലെയല്ലേ ഓരോ ശ്വാസവും പുറത്തേക്ക് പോകുന്നേ.
വെളിയില്‍ എങ്ങാനും ഇറങ്ങിയൊന്ന് മുള്ളാന്‍ പോലും പറ്റത്തില്ല, മൂത്രം തറയില്‍ മുട്ടും മുന്നേ ഐസാകും..
പിന്നെ ഐസ് നൂല്‍ ഒടിച്ച് ഒടിച്ച് കളഞ്ഞിട്ട് വേണം ബാക്കി ഒഴിച്ച് കളയാന്‍..’
മാഷിന്റെ മൂന്നാര്‍ യാത്രാ വിശേഷങ്ങളുടെ രസമിങ്ങനെ മുറുകി വരുന്ന നേരമാണ് രാജീവിന്റെ അച്ഛനെ പാമ്പുകടിച്ചെന്ന വാര്‍ത്തയുമായി പ്യൂണ്‍ചേട്ടന്‍ എത്തുന്നത്.
പാടത്തൂടെ അക്കരെ കൊമരന്‍ ഗംഗാരന്‍ വൈദ്യന്റെ വീട്ടിലേക്ക് ഓടുമ്പോ തൊലിപ്പുറം നീലിക്കും മുന്നേ അങ്ങെത്തിച്ചാല്‍ രക്ഷപ്പെടുമെന്ന് പറയുന്ന രാജീവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം അഷ്ടാംഗനെ പാമ്പ് കടിച്ചതാണ് അപ്പോളോര്‍ത്തത്. റബ്ബര്‍ ടാപ്പിങിന് പോകുന്ന വറീത് വെളുപ്പിന് രണ്ട് മണിയോടെ ടാപ്പിങിന് പോയി കഴിഞ്ഞാല് കെട്ടിയോള്‍ക്ക് തണുപ്പ് തീരെ സഹിക്കാന്‍മേലാ. അങ്ങനെ അഷ്ടാംഗന്‍ ഇടയ്ക്ക് അടുത്ത് ചെന്ന് കിടക്കും. വെട്ടം വീണു തുടങ്ങും മുന്നേ തിരിച്ച് പോരുകയും ചെയ്യും. കഴിഞ്ഞ മകരത്തില്‍ ഒരു ദിവസം രണ്ടു വരി വെട്ടിയപ്പോ വറീതിന് മേലാകെയൊരു വയ്യായ്കപോലെ, പോയപോലങ്ങ് തിരിച്ചു പോന്നു. വറീത് വീടെത്തിയപ്പോള്‍ പുറത്തെ പല്ല് കൂട്ടിമുട്ടുന്ന തണുപ്പില്‍ കെട്ടിയോളും അഷ്ടാംഗനും അകത്ത് തിളച്ചു മറിഞ്ഞ് ഉരുകിയൊലിക്കുന്നു. ആദ്യത്തെ അടി മുതുകത്തായിരുന്നു. ഓലപ്പുരയുടെ വിടവും തുളച്ചുകൊണ്ട് അഷ്ടാംഗന്‍ പണയിലെ കൂരിരുട്ടിലേക്ക് പിറന്നപടി ഓടി. പണയിലെ മുക്കുറ്റിയും തുമ്പയും നാണം കൊണ്ട് അന്ന് വിരിഞ്ഞില്ല. ഓട്ടത്തിനിടെയാണ് നാണംകെട്ട ഏതോ ഒരു പാമ്പ് അഷ്ടാംഗനെ കടിക്കുന്നത്. നേരെ ഗംഗാരന്‍ വൈദ്യന്റെ അങ്ങോട്ട് ചെന്ന് കയറി, കതകില്‍ മുട്ടി. അയയില്‍ കിടന്ന മുണ്ടെടുത്ത് നാണം മറച്ചപ്പോഴേക്കും വൈദ്യന്‍ വന്ന് വാതില്‍ തുറന്നു. അങ്ങനെയാണ് അഷ്ടാംഗന്‍ അന്ന് രക്ഷപ്പെട്ടത്. വൈദ്യന്റെ ഒരു പാരമ്പര്യ വിഷവിദ്യയുണ്ട്. ഒരു കരിങ്കോഴി പ്രയോഗം. കരിങ്കോഴിയെ പിടിച്ച് കാളിക്ക് മുന്നില്‍ നേദിച്ച പനങ്കള്ള് ഒരിറക്ക് കൊടുത്ത്, പാമ്പ് കടിയേറ്റ ഭാഗത്ത് കുറച്ച് ആഴത്തില്‍ ഒരു മുറിവുണ്ടാക്കി കോഴിയുടെ മലദ്വാരം അവിടെ ചേര്‍ത്ത് പിടിച്ച് ചില മന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതിനൊപ്പം കോഴിയുടെ കഴുത്ത് ഞെരിക്കും. കോഴി പിടഞ്ഞ് തീരുമ്പോഴേക്കും വിഷമൊക്കെ വലിച്ചെടുത്തിട്ടുണ്ടാകും എന്നാണ് വിശ്വാസം.
ഞങ്ങളോടി വൈദ്യന്റെ വീട്ടിലെത്തിയപ്പോഴേക്കും രാജീവിന്റെ അച്ഛന്‍ മരിച്ച് വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ രാജീവിന്റെയും പെങ്ങമ്മാരുടെയും നിലവിളിക്കു മേലേ ശ്രദ്ധ പോയത് അവന്റെ അച്ഛന്റെ ഇടതുകാല്‍പാദത്തിലെ മുറിവിന് താഴെ പറ്റിപ്പിടിച്ചിരുന്ന കോഴിത്തീട്ടത്തിലേക്കാണ്..
‘അഷ്ടാംഗനെ അന്ന് വല്ല നീര്‍ക്കോലിയും പിടിച്ചതാകും’
ജയേഷും അത് തന്നെ ശ്രദ്ധിക്കുകയായിരുന്നു.
ആയിടയ്ക്കാണ് ഭിത്തിയിലെ ചെഗുവേരയും ഗുരുവും കോളിളക്കം സൃഷ്ടിച്ചത്. മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നു, ഉടനെ ഒരു ഇന്‍സ്‌പെക്ഷന്‍ ഉണ്ടാകുമത്രേ. തലേന്ന് വരെ കുലുങ്ങാതിരുന്ന ജോസഫ് മാഷ് ഇന്‍സ്‌പെക്ഷന്റെ അന്ന് രാവിലെ വന്ന് രണ്ടു പടവും എടുത്ത് ജയേഷിനെ ഏല്‍പ്പിച്ചു. കീശയില്‍ വെച്ചോ വൈകിട്ട് പോകുമ്പോ മേടിച്ചോളാം എന്ന് പറഞ്ഞാണ് ജയേഷ് അതെന്റെ കൈയ്യില്‍ തന്നത്. പക്ഷേ തിരികെ ഏല്‍പ്പിക്കാന്‍ മറന്നു.
വീട്ടിലേക്ക് രണ്ട് വിപ്ലവക്കീറുകള്‍ പതിഞ്ഞ അച്ചടിശീലുകളുമായി ചെന്ന് കയറുന്നതോര്‍ത്തപ്പോള്‍ തന്നെ വല്ലാത്തൊരു ഭയം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
‘ചോകന്മാര്‍ക്കും ഉണ്ടൊരു ദൈവം ഇപ്പോ കമ്മ്യൂണിസ്റ്റ്കാര്‍ക്കും ഉണ്ടൊരു ദൈവം’
രണ്ടും വല്യമ്മാമ്മക്ക് കണ്ണിനു നേരെ ചതുര്‍ത്ഥിയാണ്.
പുറത്തെ ചായ്പ്പില്‍ ആരും കാണാതെ ഒരു മൂലയില്‍ രണ്ടും കൂടി ചുരുട്ടി വെച്ചു. നേരം വെളുത്തിരുന്നെങ്കില്‍ ജയേഷിനെ ഏല്‍പ്പിക്കായിരുന്നു എന്ന ചിന്തയില്‍ ഉറക്കം പോലും മറികടക്കാതിരുന്നു.
വല്യമ്മായി എങ്ങാനും വിറകെടുക്കാന്‍ കയറുമ്പോള്‍ പടം കണ്ടാല്‍ ഒറ്റു കൊടുത്തതു തന്നെ. ചിന്തകള്‍ കാടുകയറി, കുന്നുകയറി, നേരം കുത്തൊഴുക്കില്‍ പെട്ട് കുതിച്ചുപായുന്നതിടെ എപ്പോഴാണ് ഉറക്കച്ചുഴിയില്‍ തെന്നി വീണതെന്നറിയില്ല.
ഇടയ്‌ക്കെപ്പോഴോ ചായ്പ്പിലെ അനക്കം കേട്ടാണ് ഉണര്‍ന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ഇടയ്ക്കിടെയുള്ള മിന്നല്‍ വെളിച്ചത്തില്‍ ചായ്പ്പില്‍ ആരോ നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. പുറം തിരിഞ്ഞു നില്‍ക്കുന്ന ആളിന്റെ മുഖം കാണുന്നില്ല. വട്ടത്തൊപ്പി, തൊപ്പിക്ക് പുറത്ത് ചെവികള്‍ മൂടി കഴുത്തോളം നീളത്തിലുള്ള പറപറത്ത മുടി, മുഷിഞ്ഞ പഴയ പട്ടാളവേഷം, കൈയ്യിലെ കത്തിച്ച ചുരുട്ടില്‍ നിന്നും ഇടയ്ക്കിടെ തെളിയുന്ന വെളിച്ചത്തിലേക്ക് ചിമ്മിനിയില്‍ നിന്നെന്നപോലെ പുക വലിച്ച് വിടുന്നു. പുറം തിരിഞ്ഞു നില്‍ക്കുന്നയാള്‍ തൊട്ടടുത്ത് ചായ്പ്പിന്റെ അര ഭിത്തിയില്‍ ഇരിക്കുന്ന ആരോടോ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വീണ്ടും കുറച്ചു നേരമെടുത്തു. പരമാവധി ജനലിന്റെ വശം ചേര്‍ന്ന് നിന്നു. വെളുത്ത മുണ്ട്, മറ്റൊരു വെള്ളമുണ്ട് കൊണ്ട് മേല്‍ ശരീരവും പുതച്ചിരിക്കുന്നു, വെളുത്ത കുറ്റിത്താടിയും മീശയും. മിന്നല്‍ വെളിച്ചത്തില്‍ ആ രൂപം ഒരു ഞൊടിയിടയില്‍ തെളിഞ്ഞു മറഞ്ഞു. ഒരു ഉള്‍ക്കിടിലം ശരീരത്തിലൂടെ കടന്നുപോയി.
എന്താണ് അവര്‍ സംസാരിക്കുന്നതെന്നറിയാന്‍ കാതോര്‍ത്തു.
‘ശരിക്കും ശങ്കരന്‍ കുഴിയില്‍ നിന്നും കല്ല് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചപ്പോള്‍ എതിര്‍ക്കാന്‍ വന്നവരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്?
നാം പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നും അല്ല നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നും കേള്‍ക്കുന്നുണ്ടല്ലോ..’
ഇരുട്ടില്‍ മറു ഭാഗത്ത് നിന്നുള്ള ശബ്ദത്തിനായി കാതോര്‍ത്തു. മിന്നിമറഞ്ഞ തൊട്ടടുത്ത ആകാശക്കീറിന്റെ വെട്ടത്തില്‍ ആ രൂപം വീണ്ടും തെളിഞ്ഞു. ഒരു മറുപടിക്ക് പകരം പക്ഷേ ഇത്തവണ ജനലഴിയും കടന്ന് വന്നത് ഈ ലോകത്തിന്റെ മുഴുവന്‍ ശാന്തതയും ആവാഹിക്കപ്പെട്ട ആ രണ്ടു കണ്ണുകളായിരുന്നു. വയറു കലങ്ങി മറിയും പോലെ, കാലില്‍ നിന്ന് തുടങ്ങി ശരീരം ആസകലം ഒരു തണുപ്പ് പടരുന്നു, കൃഷ്ണമണി ചുരുങ്ങി ചുരുങ്ങി വെളുപ്പില്‍ ലയിക്കുന്നു. ബോധത്തിനും അബോധത്തിനുമിടയില്‍ എവിടെയോ തളക്കപ്പെടുന്നപോലെ.
‘പിന്നേ ചെഗുവേരയിപ്പോ മലയാളത്തിലല്ലേ സംസാരിക്കുന്നേ. ഇങ്ങ് തന്നേരെ ഇനി ഇതും കൊണ്ട് പോയി കിടക്ക വൃത്തികേടാക്കണ്ട’
അതും പറഞ്ഞ് ജയേഷ് കുളക്കരയില്‍ വെച്ച് ഒന്നിച്ച് ചുരുട്ടിപ്പിടിച്ചിരുന്ന പടങ്ങള്‍ തിരികെ വാങ്ങി.
‘കളിയാക്കില്ലെങ്കില്‍ ഞാനൊരു കാര്യം കൂടി പറയാം. പുള്ളിക്ക് നമ്മുടെ മാഷിന്റെ അതേ ശബ്ദമായിരുന്നു’
ജയേഷിന്റെ ചിരിയില്‍ രാജീവും കുളിച്ചു കയറി.
‘അപ്പോ പിന്നെ ആ പ്രശ്‌നം തീര്‍ന്നു. ഡബ്ബ് ചെയ്ത ആളെയും കിട്ടി’
ഒന്ന് നിര്‍ത്തിയിട്ട് ജയേഷ് തുടര്‍ന്നു
‘ഡാ ഈ പറയുന്നതൊക്കെ നിന്റെ തോന്നലാണ്. പ്രേതവും ഭൂതവും ഒരു മണ്ണാങ്കട്ടയുമില്ല’
കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു കൊണ്ട് രാജീവ് ഇടപ്പെട്ടു.
‘പക്ഷേ ദൈവം ഉണ്ടേല്‍ ആത്മാവും ഉണ്ട് , മരിച്ചവരൊക്കെ എവിടെ പോകാന്‍ നമുക്കിടയില്‍ തന്നെ കാണും.’
ജയേഷ് നിര്‍ത്താതെ ചിരിച്ചു. വീണ്ടും തുടര്‍ന്നു.
‘സാഹിത്യം മനസ്സിലാകാതെ പോയ കുറച്ച് മനുഷ്യര്‍ ഉണ്ടാക്കിയ കെട്ടുകഥകളാണ് ഇന്ന് ഈ കാണുന്ന ദൈവങ്ങളൊക്കെ. രാവണന്റെ കാര്യം തന്നെ നോക്കിയെ. ആള്‍ പത്ത് തലയുള്ള അത്ഭുത ജീവി ഒന്നുമല്ലായിരുന്നു. നല്ല ബുദ്ധിയും കഴിവും ഒക്കെ ഉണ്ടെന്ന് കാണിക്കാനായി ആരെങ്കിലും കൊടുത്തതാകും ആ വിശേഷണം. പറഞ്ഞ് പറഞ്ഞ് അവസാനം അതിന്റെ അര്‍ത്ഥം തന്നെ മാറി. സ്വന്തം അതിശയോക്തി കൂടി ചേര്‍ത്ത് കൈമാറി കൈമാറി വരുന്ന കഥകളാണ് ഇന്ന് കാണുന്ന ദൈവങ്ങളെയൊക്കെ സൃഷ്ടിച്ചത്’.
ജയേഷ് അതും പറഞ്ഞു കൊണ്ട് ഒരു കല്ല് കുളത്തിലേക്ക് ചരിച്ച് എറിഞ്ഞു. അത് വെള്ളത്തിനു മുകളില്‍ മൂന്ന് കുതിപ്പ് കുതിച്ച് താഴ്ന്നു പോയി.
‘ഇക്കണ്ട ആളുകള്‍ എല്ലാം ഇല്ലാത്ത ഒന്നില്‍ വിശ്വസിച്ച് ഇരിക്കുന്ന പടുവിഡ്ഢികളും, നിങ്ങള്‍ കുറച്ചു പേര്‍ മാത്രം ബുദ്ധിമാന്മാരും’
രാജീവ് കുറച്ച് പുച്ഛത്തില്‍ കുതിര്‍ത്ത വാക്കുകള്‍ പുറത്തേക്ക് തുപ്പി.
‘അങ്ങനെയല്ലെടാ, തെളിവുകള്‍ വേണ്ടേ, ഒരു സാമാന്യ യുക്തി എങ്കിലും വേണ്ടേ.
ഒരു കന്യകയ്ക്ക് കുട്ടി ജനിച്ചൂന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റോ ?
രണ്ട് ആണുങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നുന്ന് പറഞ്ഞാ വിശ്വസിക്കാന്‍ പറ്റോ?’
‘രണ്ട് ആണുങ്ങള്‍ക്ക് അല്ലല്ലോ ഒരാള്‍ സ്ത്രീ അവതാരം എടുത്തിട്ടല്ലേ കുഞ്ഞ് ജനിച്ചത്’
‘അതിലും എന്ത് യുക്തിയാ ഇരിക്കുന്നേ.
ഞങ്ങളെ വരിഞ്ഞു മുറുക്കിയ വലിയ നിശബ്ദതയിലും ജയേഷ് ജോസഫ് മാഷിനെപ്പോലെ ഒരു മാഷാകുമെന്ന് ഞാന്‍ ചിന്തിച്ചു.
രാജീവ് പെട്ടെന്ന് ചാടി എണീറ്റ് ജയേഷിന്റെ ഉടുപ്പില്‍ കുത്തിപ്പിടിച്ചു
‘ എടാ പൊലയാടി മോനെ, നിനക്കൊക്കെ വിപ്ലവം ഛര്‍ദ്ദിച്ചിട്ട് കയറി ചെല്ലുമ്പോ നാലു നേരവും തിന്നാനും കുടിക്കാനും ഉള്ളതിന്റെ കടിയാണ്. ഇതിനൊക്കെ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരന് അറിയാം ഉടയതമ്പുരാന്‍ ആരാന്നും എന്താന്നും’
രാജീവിന്റെ ചുണ്ടുകള്‍ വിറച്ചു കണ്ണും മുഖവും ചുവന്നുതുടുത്തു.
ജയേഷ് അമ്പരപ്പില്‍ നിന്നും പുറത്തു കടക്കാനാകാതെ പരുങ്ങി നിന്നു. ഞാന്‍ പെട്ടെന്ന് രാജീവിനെ പിടിച്ചു മാറ്റി.
തിരിഞ്ഞു നടക്കുന്നതിനിടെയും അവന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
‘ആവാമെടാ, ആവശ്യത്തിനാവാം. ഇതൊക്കെ അങ്ങ് ഇല്ലാത്ത ഒരു കാലം വരും. അന്ന് കിടന്ന് നരകിക്കുമ്പോ നീയൊക്കെ ദൈവമേ എന്ന് തന്നെ വിളിച്ചോളും’
അവന്‍ നടന്നു നീങ്ങി.
എന്ത് പറയണമെന്നറിയാതെ ഞാന്‍ ജയേഷിന്റെ തോളില്‍ കൈവച്ചു.
‘ഡാ അവന്‍ അറിയാതെ എന്തൊക്കെയോ’
‘മാറെടാ’
അവന്‍ ദേഷ്യത്തില്‍ കൈ തട്ടിമാറ്റി നടന്നു.
ഒരു സൗഹൃദ സംഭാഷണം എത്ര പെട്ടെന്നാണ് വെറുപ്പിനും വിദ്വേഷത്തിനും വഴി മാറിയതെന്നോര്‍ത്ത് വിറങ്ങലിച്ചു നിന്നു പോയി. ജോസഫ് മാഷ് പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട് മതവും വിശ്വാസവുമൊക്കെ ഒരു വലിയ സ്‌പെക്ട്രം പോലാണെന്ന്. ചിലര്‍ക്ക് അത് ജീവിക്കാന്‍ പോലും പ്രേരിപ്പിക്കുന്ന തരത്തില്‍ വളരെ വൈകാരികമായി വളര്‍ന്ന് വേരോടി ഉറച്ചു പോയിട്ടുണ്ടാകും. അവരോട് ഒരിക്കലും അതിന്റെ പേരില്‍ തര്‍ക്കിക്കാന്‍ പോകരുത്. പ്രത്യേകിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍. സൗഹൃദവും ബന്ധങ്ങളുമൊക്കെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ശക്തിയുണ്ടതിന്.
അന്നത്തെ ആ ചെറിയ പിണക്കം, ഒന്നിച്ചൊന്നിരുന്ന് സംസാരിച്ചാല്‍ എന്നേ തീര്‍ക്കാമായിരുന്ന ഒരു പരിഭവം, അതിത്ര നാളും നീണ്ട് പോകുമെന്ന് ഒരിക്കലും ആരും കരുതിയില്ല. പിന്നെയാകട്ടെ പിന്നെയാകട്ടെ എന്ന് കരുതിയിരുന്ന് ഒടുക്കം രാജീവ് പട്ടാളത്തിലേക്കും പോയി ജയേഷ് പൊതുപ്രവര്‍ത്തനവും പാര്‍ട്ടിയുമൊക്കെയായി അതിന്റെ തിരക്കുകള്‍. കഴിഞ്ഞാഴ്ച മാഷിനെ കാണാന്‍ ചെന്നപ്പോ കൂടി രണ്ടു പേരുടെയും പിണക്കത്തെപ്പറ്റി തിരക്കി. ഇത്തവണ രാജീവ് ഇങ്ങ് വരട്ടെ നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞതേയുള്ളൂ.
പിറ്റേന്ന് കിഴക്ക് വെള്ള കീറിയത് മാഷിന്റെ ചരമവാര്‍ത്തയച്ചടിച്ച പത്രത്തിനൊപ്പം മറ്റു ചില വാര്‍ത്തകളും കൊണ്ടായിരുന്നു.
‘ആണവകരാറിലുടക്കി ഇടതുപക്ഷം യുപിഎക്ക് പുറത്തേക്ക്’
മാഷുണ്ടായിരുന്നെങ്കില്‍ വീണ്ടും ചരിത്രപരമായ മണ്ടത്തരമെന്ന് പറയുമായിരുന്നോ, അതോ വ്യക്തമായ നിലപാടെന്ന് ഐക്യപ്പെടുമായിരുന്നോ?
‘അതിര്‍ത്തിയില്‍ മലയാളി ജവാന് വീരമൃത്യു’
‘ഒടുങ്ങാത്ത രാഷ്ട്രീയ കൊലപാതക പരമ്പര, പാര്‍ട്ടിക്ക് ഒരു രക്തസാക്ഷി കൂടി’
വായനശാലയില്‍ നിന്നും കിട്ടിയ വാര്‍ത്തകള്‍ക്കൊപ്പം പത്രവും ചുരുട്ടി കക്ഷത്ത് വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു മനുഷ്യന് ഒരു സമയം താങ്ങാന്‍ കഴിയുന്ന പരമാവധി വേര്‍പാടുകളുടെ എണ്ണം എത്രയായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു.
എത്ര പെട്ടെന്നാണ് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍ നമ്മളെ മറികടന്ന് പോകുന്നത് എന്നോര്‍ത്തു.
രാത്രി ചായ്പ്പിലെ ഇരുട്ടില്‍ പരിഭവങ്ങളും പിണക്കങ്ങളും തകര്‍ന്നടിഞ്ഞ് മൂന്ന് ശബ്ദങ്ങള്‍ ചിരിച്ചും കളിച്ചും ഒന്നായ് ചേരുന്നുണ്ടായിരുന്നു. എത്രയൊക്കെ കാത്തിരുന്നിട്ടും ഒച്ചയിട്ടിട്ടും പക്ഷേ അതില്‍ നിന്ന് ഒരു നോട്ടം പോലും ജനലഴിയും കടന്ന് ഉള്ളിലേക്ക് ചെന്നില്ല.