മലയാള സിനിമയിലെ ഗതകാല സുഖസ്മരണകളുയര്‍ത്തുന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി ഗാനങ്ങളുടെ രചയിതാവ് ബിച്ചുതിരുമലയുടെ പ്രതിഭാവിലാസം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. നീര്‍പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമരയായിരുന്നു ബിച്ചുവിന്റെ പാട്ടുകള്‍. മാനവഹൃദയത്തിന്റെ സ്പന്ദനമറിഞ്ഞ ഗാനരചയിതാവ്. വരികള്‍കൊണ്ട് തലമുറകളുടെ ഹൃദയം ദേവാലയമാക്കി, കൗമാരത്തിന്റെ കരളില്‍ പ്രണയത്തിന്റെ തീവ്രതയെ കുറിച്ചുവച്ചു, ആത്മീയ മൗനങ്ങളുടെ ആത്മാവില്‍ ഭക്തിസ്വരങ്ങളെ അടയാളപ്പെടുത്തി നിഷ്‌കളങ്ക ബാല്യങ്ങളെ താരാട്ടുപാടി തൊട്ടിലാട്ടി, താളഭദ്രമാക്കിയ വരികളില്‍ ഹാസ്യം കൊരുത്തിട്ടു ആരോപാടും ലളിതമധുരമായ ഗാനങ്ങള്‍ മലയാളത്തിന്റെ ഹൃദയതന്ത്രികളില്‍ പതിച്ചുവച്ചു അരനൂറ്റാണ്ടുകാലം ചലച്ചിത്ര സംഗീതശാഖയെ മുന്നില്‍ നിന്ന് നയിച്ച മഹാപ്രതിഭയായിരുന്നു ബിച്ചുതിരുമല. യൂസഫലി കേച്ചേരിയും ഭരണിക്കാവ് ശിവകുമാറും പൂവച്ചല്‍ഖാദറുമെല്ലാം വ്യത്യസ്തമായ ശൈലികളുമായി കൂടെയുണ്ടായിരുന്നു. ഏതുതരം പാട്ടും വഴങ്ങുന്ന രചനാ ശൈലി. ‘ഏഴുസ്വരങ്ങളും’ എഴുതിയ വിരലുകള്‍ തന്നെയാണ് ‘പാവാടവേണം’ എന്നും എഴുതിയത്.
ആനയും അമ്പാരിയുമില്ലാത്ത ദേവാലയമാണ് മാനവഹൃദയം എന്ന വിഷാദ തത്ത്വചിന്തയിലാഴാനും പടകാളി ചണ്ഡിച്ചങ്കിരി എന്ന് പടതുള്ളാനും ബിച്ചുവിനുമാത്രമേ കഴിയൂ. എല്ലാം വന്‍പ്രിയത നേടിയപാട്ടുകള്‍. നീലജലാശയത്തിലും രാകേന്ദുകിരണങ്ങളും ആസ്വാദകനെ മറ്റൊരുതലത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. മാമാങ്കം പലകുറികൊണ്ടാടിയ നിളയുടെ തീരങ്ങളിലൂടെ കേള്‍വിക്കാരെ നടത്തി. സംഗീതഭംഗിയുള്ള വാക്കുകളും ഈണത്തിനു ചേരുന്ന ശബ്ദവിന്യാസവുംകൊണ്ട് മലയാളികളുടെ ചുണ്ടിലെ നിത്യസാന്നിധ്യമായി മാറിയ പ്രതിഭ. ആദ്യകാലസംഗീതജ്ഞന്‍ ആര്‍.കെ. ശേഖറിന്റെ മകനും സംഗീതവിസ്മയവുമായ എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒരേയൊരു ചിത്രമായ യോദ്ധായ്ക്ക് പാട്ടെഴുതിയതും ബിച്ചുവാണ്. ഒരു ഗാനം ഹിറ്റാക്കാനുള്ള ചേരുവകള്‍ ബിച്ചുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് സംവിധായകരുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരനായി. ഫാസില്‍, ഐ.വി.ശശി, ബാലചന്ദ്രമേനോന്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ ബിച്ചുവിന്റെ ഗാനങ്ങള്‍ ജനപ്രിയമായി. ദേവരാജന്‍മാഷ്, ജറിഅമല്‍ദേവ്, ഇളയരാജ, രവീന്ദ്രന്‍, എ.ജെ.ഉമ്മര്‍, ശ്യാം എന്നിവരുടെ ഈണങ്ങള്‍ ആ ഗാനങ്ങള്‍ക്ക് ചിറകുകളായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സമ്മാനിച്ച ബിച്ചു.
1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടു വീട്ടില്‍ സി.ജി.ഭാസ്‌കരന്‍നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായികയായ സഹോദരി സുശീലദേവിക്ക് യുവജനോത്സവ വേദികളില്‍ മത്സരിക്കാന്‍ പാട്ടെഴുതിയാണ് തുടക്കം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദം നേടിയശേഷം സിനിമാ സംവിധായകനാകാന്‍ മദ്രാസില്‍ എത്തി. എം.കൃഷ്ണന്‍ നായരുടെ സഹായിയായിരിക്കെ വാരികയില്‍ എഴുതിയ കവിത 1972-ല്‍ ഭജഗോവിന്ദം സിനിമയ്ക്ക് ഉപയോഗിച്ചതാണ് ആദ്യചലച്ചിത്രഗാനം. സിനിമ പുറത്തു വന്നില്ലെങ്കിലും ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ എന്ന ഗാനം പ്രചാരം നേടി. നടന്‍ മധു സംവിധാനം ചെയ്ത ‘അക്കല്ദാമ’ ആണ് ബിച്ചുവിന്റെ ഗാനങ്ങളുമായി ആദ്യം ഇറങ്ങിയ ചിത്രം. ഇതില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്‌മാനന്ദന്‍ പാടിയ ‘നീലാകാശവും മേഘങ്ങളും’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏഴുസ്വരവും തഴുകിവരുന്ന ദേവഗാനവും പ്രണയസരോവരതീരവും കടലില്‍ നിന്നുയരുന്ന മൈനാകവും വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കന്‍തെന്നലും പോലുള്ള ബിംബ കല്‍പനകള്‍ വിസ്മയം തീര്‍ത്തു ആസ്വാദകരില്‍.
മലയാള ചലച്ചിത്ര സാഹിത്യത്തിന്റെ ചരിത്രത്തില്‍ വയലാര്‍, പി.ഭാസ്‌കരന്‍, ഓ.എന്‍.വി, ശ്രീകുമാരന്‍തമ്പി എന്നിവര്‍ക്കുശേഷം ഭാഷയും ഭാവനയും കവിത്വവും കൊണ്ട് സവിശേഷമായ സ്ഥാനം നേടിയ രചയിതാവാണ് ബിച്ചു തിരുമല. എഴുപതുകളില്‍ ഗാനസാഹിത്യത്തിന്റെ ക്ലാസിക് രചനാശില്‍പത്തെയാണ് ബിച്ചു ശ്രദ്ധാപൂര്‍വ്വം അനുധാവനം ചെയ്തിരുന്നത്. എണ്‍പതുകളിലെ സിനിമകളുടെ മുഖമുദ്രയായിരുന്ന കാല്‍പനികഭാവം അതിമനോഹരമായി വരികളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രണയവിഷാദത്തിന്റെ ലോലഭാവങ്ങള്‍… ‘മിഴിയോരം നനഞ്ഞൊഴുകും… മഞ്ഞണിക്കൊമ്പില്‍, ശ്രുതിയില്‍ നിന്നുയരും…’ ‘ജലശംഖുപുഷ്പംചൂടും…’, ‘തേനും വയമ്പും നാവില്‍… തുടങ്ങിയ ഗാനങ്ങളില്‍ നിറഞ്ഞു നിന്നു. എണ്‍പതുകളില്‍ കൗമാരവും യൗവ്വനവും പിന്നിട്ട ഒരു തലമുറയ്ക്ക് ആ വരികളും വാക്കുകളും മറക്കാന്‍ കഴിയില്ല. നീലജലാശയത്തില്‍ എന്ന ഗാനത്തിലെ ആദ്യസമാഗമത്തില്‍ നിശയുടെ നീലിമ പ്രണയിനികളുടെ മുന്നില്‍ നീര്‍ത്തിയ കംബളമാവുന്നു. നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി…’ എന്ന വരികളില്‍ ശരീരതൃഷ്ണയുടെ തീഷ്ണത മനോഹരമായി വരച്ചുകാട്ടി. ഇളയരാജയുടെ ഈണത്തില്‍ ‘പൂങ്കാറ്റിനോടും കിളികളോടും’ എന്ന പാട്ടില്‍ പ്രണയിനികള്‍ കാല്‍പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരാവുന്നു. ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കുന്ന ദേവാലയമാണ് മാനവഹൃദയം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരി കേട്ട് ആറാട്ട് കടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞുനിന്നതിനെപ്പറ്റി എഴുതുമ്പോള്‍ (നക്ഷത്രദീപങ്ങള്‍ തിളങ്ങി) മൃദംഗത്തില്‍ പാലക്കാട്ട് മണി നെയ്ത ലയതാള തരംഗങ്ങള്‍ എന്നിങ്ങനെ പക്കമേളക്കാരുടെ പേരുവിവരങ്ങള്‍ ഈണം ചോരാതെ വാക്കുകളില്‍ നിരത്താന്‍ അദ്ദേഹത്തിനു അനായാസം കഴിഞ്ഞു. വരികള്‍ കിട്ടാതെ ഉഴറിനിന്നപ്പോള്‍ മൂളിവന്ന കൊതുകില്‍ നിന്ന് ഒറ്റക്കമ്പിനാദം ജനിച്ചതും പണ്ടെങ്ങോ കണ്ട പഴന്തമിഴ് എന്ന ഹോട്ടല്‍ ബോര്‍ഡില്‍ നിന്ന് പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍ എന്ന ഗാനം ജനിച്ചതുമെല്ലാം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ പാട്ടിലെ മണിച്ചിത്രത്താഴ് എന്ന പ്രയോഗം ചിത്രത്തിന്റെ പേരായതും നാം കേട്ടു. പപ്പയുടെ സ്വന്തം അപ്പൂസില്‍ ജാനകി പാടിയ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്ന പാട്ട് ബാല്യകാലത്തെ നോവിന്റെ സാക്ഷ്യമാണ്. തിരിച്ചറിവില്ലാത്ത കാലത്ത് വേര്‍പെട്ട് പോയ കുഞ്ഞനുജന്റെ അവ്യക്തരൂപമായിരുന്നു മനസ്സില്‍. ‘എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടടീ… കണ്ണീര്‍തൂവി എഴുതിയ ഗാനം’.
ജനപ്രിയ സിനിമകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഏതു രീതിയിലും എഴുതാനുള്ള വഴക്കവും സമ്പന്നമായ പദസമ്പത്തും എഴുത്തിലെ നവീനതയുമാണ് ബിച്ചുവിനെ ജനപ്രിയതയുള്ള പേരുകളിലൊന്നാക്കി മാറ്റിയത്. ഓരോകാലത്തും മാറിവന്ന പുത്തന്‍ ശൈലികള്‍ക്കനുസരിച്ച് പാട്ടെഴുത്തില്‍ പുതുമകൊണ്ടുവരാന്‍ ബിച്ചുവിന് സാധിച്ചു. മെലഡിയും തട്ടുപൊളിപ്പന്‍ ഗാനങ്ങളും ഒരേപോലെ വേഗത്തില്‍ എഴുതികൊടുത്ത് അദ്ദേഹം സിനിമാ മേഖലയുടെ അഭിനന്ദനം നേടിയെടുത്തു. ഐ.വി.ശശിയുടെ അവളുടെ രാവുകളിലെ ‘രാകേന്ദു കിരണങ്ങള്‍’ പ്രസിദ്ധമാണ്. ‘ആലംബമില്ലാത്ത നാളില്‍ അവള്‍ പോലുമറിയാത്ത നേരം… കാലംവന്നാ കണ്ണീര്‍പ്പൂവിന്‍ കരളിനുള്ളില്‍ കളിയമ്പെയ്തു… കഥയോട് എത്ര ചേര്‍ന്ന് നില്‍ക്കുന്ന വരികളാണ് അദ്ദേഹം കുറിച്ചത്. ദൃശ്യങ്ങള്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നതുപോലെയാണ് ബിച്ചു എഴുതുക. ‘താന്നിരുന്നലിഞ്ഞാടിടുന്നൊരു… സുമംഗലിക്കുരുവീ…’ എന്നു കേള്‍ക്കുമ്പോള്‍ ആ ദൃശ്യം നമ്മുടെ മനസ്സില്‍ തെളിയും. നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ചടുലഗാനമടക്കം രചിച്ച ബിച്ചു തന്നെയാണ് ഉത്രാടരാത്രിയിലെ ”ഭ്രമണപഥം വഴി ദ്രുതചലനങ്ങളാല്‍ സൂര്യനെ ചുറ്റുമ്പോള്‍; ഭൂഹൃദയത്തില്‍ സ്പന്ദനതാളം പ്രാര്‍ത്ഥന ചൊല്ലുന്നു…” എന്നും ”യാമശംഖൊലി വാനിലുണര്‍ന്നു… സോമശേഖരബിംബമുയര്‍ന്നു…” എന്നും എഴുതിയത്.
ജയവിജയന്‍മാരുമായിച്ചേര്‍ന്നപ്പോള്‍ ബിച്ചുവില്‍ നിന്നും പിറന്ന അയ്യപ്പ ഭക്തിഗാനങ്ങള്‍ ഓരോ മണ്ഡലകാലത്തിലും നമ്മെ ഉണര്‍ത്തുന്നു. തന്റെ ചിത്രങ്ങളുടെ പേരുകള്‍ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലും മറ്റാരെക്കാളും ശ്രദ്ധചെലുത്തിയിരുന്നു ബിച്ചുതിരുമല. മഞ്ഞില്‍വിരിഞ്ഞപൂക്കള്‍, അവളുടെ രാവുകള്‍, ഹൃദയം ദേവാലയം, തേനും വയമ്പും, ചമ്പക്കുളം തച്ചന്‍, ഉണ്ണികളെ ഒരു കഥപറയാം…, മണിച്ചിത്രത്താഴ്, കളിപ്പാട്ടം… തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളില്‍ ചിത്രത്തിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഉണ്ണിയാരാരിരോ… തങ്കമാരാരിരോ…, കണ്ണോട് കണ്ണോരം നീ കണിമലരല്ലേ…, ആയിരംകണ്ണുമായി…. പൂങ്കാറ്റിനോടും… കിളികളോടും…, ആളൊരുങ്ങി അരങ്ങൊരുങ്ങി…, കണ്ണാംതുമ്പി പോരാമോ…, നീര്‍പളുങ്കുകള്‍… ചിതറിവീഴുമീ…, ഒരു മയില്‍പീലിയായി പാല്‍നിലാവിലും ഒരു നൊമ്പരം … വെള്ളിച്ചില്ലും വിതറീ… അങ്ങനെ എത്രയെത്ര ഹിറ്റുഗാനങ്ങള്‍. ‘ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍… ശാകുന്തളം വായിച്ചിരുന്നു… ആകാശവാണിയിലെ പ്രശസ്തമായ ഒരു ലളിതഗാനമാണിത്, പാടിയത് കമുകറയും.
1981ല്‍ തൃഷ്ണയിലെയും (ശ്രുതിയില്‍ നിന്നുയരും…) തേനും വയമ്പും (ഒറ്റക്കമ്പി നാദം മാത്രം…) എന്നീ ഗാനങ്ങളിലൂടെയും 1991ല്‍ കടിഞ്ഞൂല്‍കല്യാണം (മനസ്സില്‍ നിന്ന് മനസ്സിലേക്കൊരു മൗനസഞ്ചാരം…) എന്നീ ഗാനങ്ങളിലൂടെയും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. കാലത്തിന്റെ കണക്കുപുസ്തകം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തി എന്ന സിനിമയ്ക്ക് കഥാ-സംഭാഷണവും ഇഷ്ടപ്രാണേശ്വരി എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചു. ചില ഭക്തിഗാനങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഗായിക സുശീലാദേവി, സംഗീത സംവിധായകന്‍ ദര്‍ശന്‍രാമന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഏഴുസ്വരങ്ങളും തഴുകിയുറങ്ങി…. യാത്രയായി… ബിച്ചുതിരുമല… മലയാളിയുടെ മനസ്സിന്റെ നീലാകാശത്ത് ആ പേര് ‘നക്ഷത്രദീപമായി’ എന്നും തിളങ്ങിനില്‍ക്കും.