കന്നുകാലികളുടെ രോഗംമാറ്റാനും കറവമാടുകളുടെ പാലുല്പാദനം വര്‍ദ്ധിക്കാനും കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ സംരക്ഷണത്തിനുമായിട്ടൊരു ക്ഷേത്രം! തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേല്‍പ്പുറത്തെ അളപ്പന്‍കോട് ഈശ്വരകാല ഭൂതത്താന്‍ ക്ഷേത്രം ആണത്. ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായൊരു ക്ഷേത്രം.
ശ്രീ മഹാദേവനെ ഇവിടെ അമ്മാച്ചനായാണ് ആരാധിക്കുന്നത്. അമ്മാച്ചനും അമ്മാച്ചന്റെ മടിയിലുള്ള ശാസ്താവും ആണ് ഇവിടുത്തെ ആരാധനാ മൂര്‍ത്തികള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റനൊരരയാല്‍! അതിന്റെ ആകാശ വേരുകള്‍ക്കിടയില്‍ പണിത നാലു വശവും തുറന്നു കിടക്കുന്നൊരു ശ്രീകോവില്‍. അരയാലിന്റെ ചുവട്ടിലുള്ള ഈ ശ്രീലകത്തിനെയാണ് അരയാല്‍ ശ്രീകോവിലെന്ന് വിളിക്കുക.
ഇതിലാണ് അമ്മാച്ചന്റെ യോഗദണ്ഡ് അഥവാ ഭൂതദണ്ഡ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഈ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. പിന്നെ മഹാദേവന്റെ മടിയിലമര്‍ന്ന ശാസ്താവുമാണ് ഇവിടുത്തെ പരദേവതകള്‍.
ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ കന്യാകുമാരി ദേവസ്വം ബോര്‍ഡിന്റേതാണ്. എന്നും പൂജയുണ്ടെങ്കിലും ബുധനും ശനിയുമാണ് പ്രധാനം.
കര്‍ഷകരുടെ ആടുമാടുകള്‍ പ്രത്യേകിച്ച് പശുക്കള്‍ ഗര്‍ഭിണിയാകാതെ വന്നാല്‍, ആ പശു ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ കന്നിനെ അളപ്പന്‍കോട്ടമ്മാച്ചന് നല്‍കാമെന്ന് നേര്‍ച്ച നേരും. നേര്‍ച്ച തീരുമാനിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് നടക്കണം. അല്ലാത്തപക്ഷം നേര്‍ച്ചക്കാരന് ദോഷം കിട്ടുമത്രെ. ഇതു സംബന്ധിച്ച ധാരാളം കഥകള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്! ഇപ്രകാരം ലഭിക്കുന്ന അനവധി കന്നുകുട്ടികള്‍ ക്ഷേത്രത്തിന് ലഭിക്കുന്നു.
പശുക്കളും ആടുകളും പ്രസവിച്ചാല്‍ അഞ്ചാംദിവസം കുളിപ്പിച്ച ശേഷം കറന്നെടുക്കുന്ന ആദ്യപാല്‍ അളപ്പന്‍കോട്ടമ്മാച്ചന് കൊടുത്തശേഷമേ ചില കര്‍ഷകന്‍ പാലുപയോഗിക്കുകയുള്ളൂ.
കാലികള്‍, കറവക്കുള്ളതായാലും ഉഴവിനുള്ളതായാലും വണ്ടി വലിക്കാനായാലും രോഗം വന്നാല്‍ ഉടമസ്ഥന്‍ ഒരുതേങ്ങ തൊണ്ടോടെ കാലിയുടെ തലക്കുഴിഞ്ഞ് എരുത്തില്‍ കെട്ടിത്തൂക്കും.
പിന്നീട് ഈ തേങ്ങയെ സൗകര്യമായിട്ടൊരു ദിവസം ക്ഷേത്രത്തില്‍ എത്തിച്ച് പുജിക്കും. ഇങ്ങനെ കാലികളെ അളപ്പന്‍കോട്ടമ്മാവന്‍ സംരക്ഷിക്കുന്നു.
തങ്ങള്‍ക്കും അവരുടെ കാലികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒട്ടേറെ ഭക്തര്‍ കൂട്ടമായും കുടുംബസമേതമായും തനിച്ചും ഇവിടേക്ക് എത്തിച്ചേരുന്നു. അവര്‍ പ്രസാദച്ചോറും പായസവും ക്ഷേത്രത്തില്‍നിന്ന് വാങ്ങി ഇവിടിരുന്നുതന്നെ കഴിക്കാറാണ് പതിവ്.
അതിനായി ചമ്മന്തി ഇടിക്കാനും മറ്റും ഉരലുകളുമുണ്ടിവിടെ. തിരുവിതാംകൂര്‍ രാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കുമ്പോള്‍ അമ്പലപ്പുഴ ചെമ്പകശ്ശേരിയിലെ രാജസേവകരായ കുറച്ച് നായര്‍ പടയാളികള്‍ മാര്‍ത്താണ്ഡവര്‍മ്മയോടൊപ്പം ചേരുകയും രാജ്യം പിടിച്ചടക്കുവാന്‍ അദ്ദേഹത്തിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തുവത്രെ. മാര്‍ത്താണ്ഡവര്‍മ്മക്ക് തന്ത്രപരമായി രാജ്യം പിടിച്ചെടുക്കാനായി. മാര്‍ത്താണ്ഡവര്‍മ്മ തന്നെ സഹായിച്ച പടയാളികളേയും കുടുംബങ്ങളേയും നന്ദിസൂചകമായി പത്മനാഭപുരം കൊട്ടാരത്തിനടുത്തുതന്നെ താമസിക്കാന്‍ ക്ഷണിച്ചു.
പത്മനാഭപുരത്തേക്ക് താമസിക്കാനായി അവര്‍ കാളവണ്ടിക്കാണ് പുറപ്പെട്ടത്. ആ യാത്രയില്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും മറ്റുമായി ഒരമ്മാച്ചന്‍ കൂടെക്കുടി.
ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴൊക്കെ ഒരമ്മാച്ചന്റെ സാന്നിധ്യം അവര്‍ക്ക് അനുഭവപ്പെട്ടു. യാത്രയുടെ അവസാനംവരെ ആ അമ്മാച്ചന്‍ വഴികള്‍ പറഞ്ഞുകൊടുത്തും മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുത്തും അവരെ സഹായിച്ചു. ആ അമ്മാച്ചന്‍ മഹാദേവന്‍ ആയിരുന്നുവെന്ന് അവര്‍ക്ക് തോന്നി. അമ്മാച്ചനായ മഹാദേവനെ അവര്‍ അളപ്പന്‍കോട്ട് പ്രതിഷ്ഠിച്ച് ആരാധിക്കുവാന്‍ തുടങ്ങിയെന്ന് ഐതിഹ്യം. അതത്രെ അളപ്പന്‍കോടമ്മാച്ചന്‍.
കേരളത്തിലെപ്പോലെ ഉത്സവങ്ങള്‍ക്ക് നിരവധി ആനപ്പുറത്തെഴുന്നള്ളത്ത് നടത്തുന്ന പതിവ് തമിഴ്‌നാട്ടിലില്ല. ഇരുപത്തിയഞ്ചില്‍ കുറയാത്ത ആനകളെ എഴുന്നള്ളിക്കുന്ന തമിഴ്‌നാട്ടിലെ ഏകക്ഷേത്രം ആളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രമാണ്.
എല്ലാ വര്‍ഷവും ധനു മാസത്തിലെ രണ്ടാം ശനിയാഴ്ച തുടങ്ങിയാണ് ഇവിടെ ഉത്സവം നടത്തുക.
തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും ആറു കിലോമീറ്റര്‍ ദൂരെയാണ് മേല്‍പ്പുറവും അളപ്പന്‍കോടും. തിരുവനന്തപുരത്തു നിന്ന് നേരിട്ടാണെങ്കില്‍ ഇവിടുത്തേക്ക് നാല്‍പത്തിയഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. പാറശ്ശാല കളിയിക്കാവിള കുഴിത്തുറ മേപ്പാലവഴി അളപ്പന്‍കോട്ടെത്താം. പിന്നൊരു വഴി നെയ്യാറ്റിന്‍കര, കാരക്കോണം കന്നുമാമൂട്, മൂവോട്ടുകോണം വഴിയും അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിലെത്താം.