ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി പ്രക്ഷോഭം ഹിന്ദു സമാജത്തെ ആത്മസാക്ഷാത്കാരത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഉണര്‍ത്തിയതായി ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായി രാജ്യവ്യാപകമായി നടന്ന നിധി സമര്‍പ്പണ്‍ അഭിയാനില്‍ പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകരുടെ അനുഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ‘സബ്‌കെ റാം’ എന്ന പുസ്തകം ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീരാമജന്മഭൂമി പ്രക്ഷോഭം വിജയിച്ചതിന് കാരണം അതിന്റെ ഉദ്ദേശശുദ്ധിയും അതിനെ നയിച്ചവരുടെ ഇച്ഛാശക്തിയും സമര്‍പ്പണവുമാണ്. ആ പ്രക്ഷോഭം ഒരിക്കലും പ്രതിക്രിയാത്മകമായിരുന്നില്ല. മറിച്ച് ഭാവാത്മകമായിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യപോരാട്ടമായിരുന്നു അത്. 1947 ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ അയോധ്യയില്‍ ഭവ്യമായ ശ്രീരാമക്ഷേത്രം ഉണ്ടാകുമെന്ന് രാഷ്ട്രം പ്രതീക്ഷിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. 1983-ലെ മുസാഫര്‍നഗറില്‍ നടന്ന വിഎച്ച്പി യോഗവും തുടര്‍ന്നുള്ള ധര്‍മ്മ സന്‍സദും ഈ വികാരം പുനരുജ്ജീവിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ സമാജത്തിന് ഒരിക്കലും ഒന്നിക്കാന്‍ കഴിയില്ലെന്നും അവര്‍ അസംഘടിതരും ദുര്‍ബലരും ആണെന്നുമുള്ള മിഥ്യാധാരണകളെ തകര്‍ത്തത് ശ്രീരാമജന്മഭൂമി പ്രക്ഷോഭമാണെന്ന് വിശ്വഹിന്ദുപരിഷത്ത് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.