‘ജനാധിപത്യം എന്നത് രക്തച്ചൊരിച്ചില്‍ കൂടാതെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഭരണത്തിന്റെ രൂപവും രീതിയുമാണ്’. ഭാരതരത്‌നം ഡോ.ഭീമ റാവു അംബേദ്കറുടെ വാക്കുകളാണിത്. ഭാരതത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ ചിന്തകള്‍ അവതരിപ്പിക്കുകയും മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത മഹാനുഭാവനാണ് ഡോ.അംബേദ്കര്‍. 1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ മൗവ് എന്ന സ്ഥലത്ത് സുബേദാര്‍ റാംജി സക്പാലിന്റേയും ഭീമാ ഭായിയുടേയും പതിനാലാമത്തെ പുത്രനായാണ് അംബേദ്കര്‍ ജനിച്ചത്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശത്തെ ദപ്പോളിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട അദ്ദേഹത്തിനോട് വാത്സല്യം തോന്നിയ അധ്യാപകനാണ് ഭീമ റാവുവിന് തന്റെ ഗ്രാമപ്പേരായ ‘അംബേദ്കര്‍’ എന്നത് സമ്മാനിച്ചത്. അങ്ങനെയാണ് ഭീമ റാവു റാംജി ഭീമ റാവു അംബേദ്കര്‍ ആയി മാറിയത്. അംബേദ്കറുടെ ആറാം വയസ്സില്‍ അമ്മ അന്തരിച്ചു.
1907-ല്‍ മുംബയിലെ എല്‍ഫിന്‍സ്റ്റന്‍ ഹൈസ്‌കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസ്സായി. മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞയുടനെ തന്നെ ഭീം 9 വയസ്സുകാരി രമാഭായിയെ വിവാഹം ചെയ്തു. തുടര്‍ന്ന് ബറോഡ മഹാരാജാവ് അനുവദിച്ച 25 രൂപ സ്‌കോളര്‍ഷിപ്പോടെ എല്‍ഫിന്‍സ്റ്റന്‍ കോളേജില്‍ ബി.എ പഠനം, 1912ല്‍ ബി.എ പാസ്സായി പുറത്തേക്ക്. 1913 ഫെബ്രുവരിയില്‍ പിതാവ് മരിക്കുമ്പോള്‍ അംബേദ്കര്‍ ബറോഡ ഗവണ്‍മെന്റിന്റെ സൈന്യത്തില്‍ ലെഫ്റ്റനന്റായി ജോലി നോക്കി വരികയായിരുന്നു. അച്ഛന്റെ വേര്‍പാടോടെ ജോലി ഉപേക്ഷിച്ച അദ്ദേഹം തുടര്‍ന്ന് ഉപരിപഠനത്തിന് ശേഷം 10 വര്‍ഷക്കാലം സര്‍ക്കാരിനെ സേവിക്കാമെന്ന കരാറില്‍ ബറോഡ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക് ഉപരി പഠനത്തിന് പോകുകയും കൊളംബിയ സര്‍വ്വകലാശാലയില്‍ ചേരുകയും ചെയ്തു. 1915-ല്‍ എം.എ ഡിഗ്രിയും തുടര്‍ന്ന് പി.എച്ച്.ഡിയും നേടിയ അദ്ദേഹം 1916-ല്‍ ലണ്ടനിലെത്തി നിയമപഠനത്തിനും സാമ്പത്തിക ശാസ്ത്രത്തില്‍ ഉപരിപഠനത്തിനും ചേര്‍ന്നെങ്കിലും സ്‌കോളര്‍ഷിപ്പ് തീര്‍ന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാതെ ഇന്ത്യയിലേക്ക് മടങ്ങുകയും നാലു വര്‍ഷത്തിനു ശേഷം പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. കരാറനുസരിച്ച് ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി ചേര്‍ന്ന അദ്ദേഹം പിന്നീട് അതുപേക്ഷിക്കുകയും 1918 ല്‍ മുംബയ് സൈഡന്‍ ഹാം കോളേജില്‍ രാഷ്ട്രീയ- ധനശാസ്ത്ര പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ലണ്ടനിലെ വിദ്യാഭ്യസം പൂര്‍ത്തിയാക്കി എത്തിയ അദ്ദേഹത്തെ 1927-ല്‍ മുംബൈ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു. ആ വര്‍ഷം ബഹിഷ്‌കൃത ഭാരതം എന്ന മറാത്തി പത്രത്തിന് തുടക്കം കുറിക്കുകയും ചൗദാര്‍ കുളത്തില്‍ നിന്നും വെള്ളമെടുക്കാനുള്ള അവകാശത്തിനായി പ്രക്ഷോഭം നടത്തുകയും ചെയ്തു. പിന്നീട് ഗവണ്‍മെന്റ് ലോ കോളേജില്‍ ആക്ടിംങ്ങ് പ്രൊഫസറായ അദ്ദേഹം ഡിപ്രസ്സ്ഡ് ക്ലാസ്സസ് എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുകയും അധ:സ്ഥിത വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കായി പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1930ല്‍ പ്രസിദ്ധമായ നാസിക് ക്ഷേത്രപ്രവേശന പ്രക്ഷോഭം സംഘടിപ്പിച്ച അദ്ദേഹം 1930,31,32 വര്‍ഷങ്ങളില്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. അംബേദ്കറുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അധ:സ്ഥിതര്‍ക്ക് പ്രത്യേക നിയോജക മണ്ഡലം അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ കമ്മ്യൂണല്‍ അവാര്‍ഡിലെ ചില വ്യവസ്ഥകള്‍ക്കെതിരെ ഗാന്ധിജി പരസ്യമായി രംഗത്ത് വരികയും യാര്‍വാദാ ജയിലില്‍ മരണം വരെ ഉപവാസം ആരംഭിക്കുകയും ചെയ്തതോടെ അംബേദ്കര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും 1932 സപ്തംമ്പര്‍ 26 ന് പൂന കരാര്‍ ഒപ്പ് വയ്ക്കുകയും ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു.
മഹാത്മാഗാന്ധിയും ഡോ.അംബേദ്കറും തമ്മില്‍ പല വിഷയങ്ങളിലും പ്രകടമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജിയോടുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനും ഗാന്ധിജിയെ പരസ്യമായി എതിര്‍ക്കുന്നതിനും അംബേദ്കര്‍ ഒരിക്കലും മടിച്ചിരുന്നില്ല. തന്റെ വാദങ്ങള്‍ കാര്യകാരണസഹിതം സ്ഥാപിക്കുന്നതില്‍ അംബേദ്കര്‍ ശ്രദ്ധിച്ചിരുന്നു. ഗാന്ധിജിയുമായുള്ള കത്തിടപാടുകളും ഗാന്ധിജിയ്‌ക്കെതിരെ നടത്തിയിട്ടുള്ള പരസ്യ പ്രസ്താവനകളും ഇത് വെളിവാക്കുന്നതാണ്. ജാതി വ്യവസ്ഥയെ സംബന്ധിച്ചും മറ്റും ഗാന്ധിജിയുമായി നടത്തിയിട്ടുള്ള വാദപ്രതിവാദങ്ങള്‍ ഭാരതത്തിലെ സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി.
1935 ല്‍ അംബേദ്കറുടെ ഭാര്യ രമാഭായി അന്തരിച്ചു. ആ വര്‍ഷം തന്നെ അദ്ദേഹം ബോംബെ ലോ കോളേജിന്റെ പ്രിന്‍സിപ്പലായി. 1937 ല്‍ മുംബയ് പ്രവിശ്യാ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1940 ല്‍ തോട്ട്‌സ് ഓണ്‍ പാകിസ്ഥാന്‍ എന്ന പുസ്തകം രചിച്ച അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള അംഗമാകുകയും പിന്നീട് ബംഗാള്‍ അസംബ്ലിയില്‍ നിന്നും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിഭജനത്തിനു ശേഷം മുംബയ് നിയമസഭയിലുടെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെത്തി. പിന്നീട് നെഹ്രു മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം ഭരണഘടനയുടെ ഡ്രാഫ്റ്റിംങ്ങ് കമ്മിറ്റി ചെയര്‍മാനാകുകയും 1948-ല്‍ കരട് ഭരണഘടന പ്രസിഡന്റിന് സമര്‍പ്പിക്കുകയും ചെയ്തു. 1949 നവംബര്‍ 26-ന് ഭരണഘടന ഔപചാരികമായി നിലവില്‍വന്നു.
1948 ഏപ്രില്‍ 15-ന് ഡോ.ശാരദാ കബീറിനെ വിവാഹം ചെയ്തു. 1951 ല്‍ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അംബേദ്കര്‍ സപ്തംബര്‍ 27 ന് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ബില്‍ പരാജയപ്പെട്ടതിലുള്ള നിരാശ കടുത്ത വാക്കുകളിലൂടെ അദ്ദേഹം നെഹ്രുവിനെ ധരിപ്പിച്ചു. പുതിയ ഭരണഘടന നിലവില്‍ വന്നതിനു ശേഷം ആദ്യം നടന്ന 1952-ലെ തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ പരാജയപ്പെട്ടു. പിന്നീട് മുംബയ് നിയമസഭയില്‍ നിന്നും അദ്ദേഹം രാജ്യസഭയിലെത്തി. അദ്ദേഹത്തിന്റെ ശ്രമഫലമായി അണ്‍ടച്ചബിലിറ്റി (ഒഫന്‍സസ്സ്) ആക്ട് പാര്‍ലമെന്റിലവതരിപ്പിച്ചു. 1954ലെ ഉപതിരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും അംബേദ്കര്‍ പരാജയപ്പെട്ടു.
1956 ഒക്ടോബര്‍ 14 ന് മൂന്ന് ലക്ഷത്തോളം അനുയായികളുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. മതപരിവര്‍ത്തനത്തിന് രാജ്യത്ത് കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ നടക്കുകയും അംബേദ്കറേയും കൂട്ടരേയും തങ്ങളുടെ മതത്തിലേക്കാകര്‍ഷിക്കാന്‍ സെമിറ്റിക് മത നേതാക്കള്‍ പരിശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഹാനിയാകാത്ത തരത്തിലും എന്നാല്‍ ജാതിഭ്രാന്തന്മാര്‍ക്കുള്ള മറുപടി എന്ന നിലയ്ക്കും അംബേദ്കര്‍ ബുദ്ധമതം തിരഞ്ഞെടുത്തത്. ബുദ്ധമതം സമത്വത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നു അംബേദ്കറുടെ അഭിപ്രായം. ഭാരതത്തിന്റെ വീരപുത്രന്മാരിലൊരാളായ ഡോ.അംബേദ്കര്‍ 1956 ഡിസംബര്‍ 6-ന് ഇഹലോകവാസംവെടിഞ്ഞു.
എല്ലാ തത്വശാസ്ത്രങ്ങളേയും ആഴത്തിലും പരപ്പിലും പഠിക്കാന്‍ ശ്രമിച്ച പണ്ഡിതനായിരുന്നു അംബേദ്കര്‍. ബുദ്ധമതത്തിലും ഹൈന്ദവ തത്ത്വശാസ്ത്രത്തിലും സോഷ്യലിസത്തിലുമടക്കമുള്ള വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പീനങ്ങളും താരതമ്യങ്ങളും അദ്ദേഹത്തിന്റെ തത്ത്വശാസ്ത്ര ബോധത്തെ വെളിവാക്കുന്നതാണ്. അദ്ദേഹത്തിന്റെ ചിന്താധാര പ്രവഹിക്കാത്ത മേഖലകളുണ്ടായിരുന്നില്ല. ഭാരതത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന പല സമ്പ്രദായങ്ങളോടും അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയപ്പോള്‍ തന്നെ ഭാരതത്തിന്റെ സംസ്‌കാരത്തെ കുറിച്ച് അഭിമാനിതനും രാഷ്ട്രത്തിന്റെ ഐക്യത്തെ കുറിച്ച് ബോധവാനും ആയിരുന്നു. അതിനാലാണ് ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ മതം മാറ്റത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ബുദ്ധമതം തിരഞ്ഞെടുത്തത്.
ഭാരത ഭരണഘടനയുടെ മുഖ്യശില്പി ഡോ.അംബേദ്കറാണ്. എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും ഉള്ളടക്കത്തിലെ വൈവിദ്ധ്യം കൊണ്ട് സവിശേഷവുമാണ് ഭാരത ഭരണഘടന. നമ്മുടെ ഭരണഘടനയില്‍ പരാമര്‍ശിക്കാത്തതായി ഒന്നുമില്ല എന്നതാണ് വസ്തുത. ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യമായി ഭാരതം നിലകൊള്ളുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഭരണഘടനയാണെങ്കില്‍ അതിന്റെ മുഖ്യസൂത്രധാരന്‍ ഡോ.അംബേദ്കറാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മകുടോദാഹരണമായാണ് അംബേദ്കര്‍ ഭരണഘടന രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സീതയോടും ലക്ഷ്മണനോടുമൊപ്പം ഭാരതത്തിലേക്ക് മടങ്ങുന്ന ശ്രീരാമചന്ദ്രന്റേയും ഗീതോപദേശത്തിന്റേയും നടരാജ നടനത്തിന്റേയും ശിവജി മഹാരാജിന്റെയും ഹനുമാന്റേയും റാണാ പ്രതാപിന്റെയും ശ്രീബുദ്ധന്റേയും ഒക്കെ ചിത്രങ്ങള്‍ ഭരണഘടനയില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. ഭരണഘടന രൂപപ്പെടുത്തുന്നതില്‍ അംബേദ്കര്‍ക്കുണ്ടായിരുന്ന പങ്കിനെ പറ്റി ടി.ടി കൃഷ്ണമാചാരി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തില്‍ സവിശേഷമായ പങ്ക് വഹിച്ചിരുന്ന അബേദ്കര്‍ കോണ്‍ഗ്രസ്സിലെ പല പ്രമുഖ നേതാക്കളുടേയും കൊടിയ വിമര്‍ശകനായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് മൂലം ബോംബെ നിയമസഭയില്‍ നിന്നും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെത്താനുള്ള ശ്രമം പരാജയപ്പെടുകയും ഒടുവില്‍ പട്ടികജാതി അംഗങ്ങളുടെ സഹായത്തോടെ ബംഗാള്‍ നിയമസഭയിലൂടെ അദ്ദേഹത്തിന് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലെത്തേണ്ടിയും വന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുന്‍പുമൊക്കെ സംസ്ഥാനത്ത് ഉയര്‍ന്ന് ചര്‍ച്ചകളിലൊന്ന് നമ്മുടെ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ചായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ കടത്തും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ ആരംഭിക്കുകയും അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കും അത് വഴി മുഖ്യമന്ത്രിയിലേക്കും സ്പീക്കറിലേക്കും മറ്റും നീളുകയും ചെയ്തപ്പോഴാണ് അതുവരെ ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയും കൂട്ടരും കേന്ദ്രം ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു എന്ന ആരോപണവുമായി രംഗത്ത് വരുന്നത്. അതിനു മുന്‍പ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയപ്പോഴും സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും നിയമവിദഗ്ദ്ധര്‍ കേരള സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങളെ ബലികഴിക്കുന്നതിനെ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ ഭാരത ഭരണഘടനയിലെ ഫെഡറല്‍ തത്വത്തെക്കുറിച്ചും അതിന്റെ അന്ത:സത്തയെ കുറിച്ചും അബേദ്കര്‍ വിശദമായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അമേരിക്കയിലേയും ബ്രിട്ടനിലേയും ഭരണഘടനകളെ താരതമ്യം ചെയ്തു കൊണ്ട് അദ്ദേഹം നല്‍കിയ മറുപടികളില്‍ അത് വ്യക്തവുമാണ്. നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങള്‍ക്കും നിയമമായ നമ്മുടെ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത് ലോകത്ത് ലഭ്യമാകാവുന്ന എല്ലാ ഭരണഘടനകളും പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സ്വാംശീകരിച്ച് ഭാരതത്തിനനുയോജ്യമായ രീതിയിലാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ ഡോ. ബി. ആര്‍.അംബേദ്കര്‍ പറഞ്ഞ മറുപടിയില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. ‘കരട് ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയന്റെ തലപ്പത്ത് യൂണിയന്റെ പ്രസിഡന്റ് എന്ന് വിളിയ്ക്കുന്ന ഒരു കാര്യനിര്‍വാഹകനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ കാര്യനിര്‍വ്വാഹകന്റെ പേര് കേള്‍ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെയാണ് ഓര്‍മിക്കുക. പക്ഷേ സ്ഥാനപ്പേരുകളിലെ ഐക്യരൂപത്തിനപ്പുറം അമേരിക്കയില്‍ നിലവിലിരിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും കരട് ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും തമ്മില്‍ യാതൊരു സാദൃശ്യവും ഇല്ല. അമേരിക്കന്‍ രൂപത്തിലുള്ള ഗവണ്‍മെന്റ് അറിയപ്പെടുന്നത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലുള്ള ഗവണ്‍മെന്റായാണ്. പക്ഷെ കരട് ഭരണഘടന നിര്‍ദ്ദേശിക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായമാണ്. രണ്ടും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്’. അംബേദ്കര്‍ തുടരുന്നു: ‘അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന്‍ കീഴില്‍ എക്‌സിക്യൂട്ടീവിന്റെ മുഖ്യ തലവന്‍ പ്രസിഡന്റാണ്, രാജ്യഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. നമ്മുടെ ഭരണഘടനയിന്‍ കീഴില്‍ പ്രസിഡന്റിന് ഇത് ഇംഗ്ലീഷ് ഭരണഘടനയില്‍ രാജാവിനുള്ള അതേ സ്ഥാനമാണ്. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനാണ് പക്ഷേ എക്‌സിക്യുട്ടീവിന്റെ തലവനല്ല, അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു പക്ഷേ ഭരിക്കുന്നില്ല’.
വിവിധതയിലെ ഏകതയാണ് ഭാരതത്തിന്റെ പ്രത്യേകത. വിവിധ ഭാഷകളും, വേഷങ്ങളും, ജീവിതരീതിയും ഭക്ഷണക്രമവും ജാതിയും മതവും ഒക്കെ ഉള്ളപ്പോഴും എല്ലാത്തിനേയും ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു സംസ്‌കാരമുണ്ട് നമുക്ക്. ആ സംസ്‌കാരത്തേയാണ് ഹിന്ദുത്വം എന്ന് വിളിയ്ക്കുന്നത്. അതിനെയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം ‘ജീവിതരീതി’ (way of life) എന്ന് വിശേഷിപ്പിച്ചത്. ഈ നാനാത്വത്തില്‍ ഏകത്വത്തിലൂന്നിയ ഭരണഘടനയാണ് നമുക്ക് നമ്മുടെ രാഷ്ട്ര നായകന്മാര്‍ സംഭാവന ചെയ്തത്. ഫെഡറല്‍ സംവിധാനത്തിലുള്ള ഒരു ഭരണഘടന പ്രദാനം ചെയ്തതിലൂടെ അവര്‍ ശ്രമിച്ചത് നമ്മുടെ വിവിധത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാണ്.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടത് പോലെ ഫെഡറല്‍ സംവിധാനത്തിന്റെ മകുടോദാഹരണമായ അമേരിക്കയിലെ ഫെഡറല്‍ സംവിധാനവും ഇന്ത്യയിലെ ഫെഡറല്‍ സംവിധാനവും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. അമേരിക്കയില്‍ ഇരട്ട പൗരത്വവും ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഭരണഘടനയുമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഏകപൗരത്വവും ഏക ഭരണഘടനയുമാണ് എന്ന് മാത്രമല്ല നമ്മുടെ ഭരണഘടനയില്‍ പാര്‍ലമെന്റിന് സവിശേഷാധികാരങ്ങളും കേന്ദ്രത്തിന് പ്രത്യേകാധികാരങ്ങളും കല്പിച്ചു നല്‍കിയിട്ടുമുണ്ട്. ഭരണഘടനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള അധികാരാവകാശങ്ങള്‍ കഴിഞ്ഞാല്‍ കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ യൂണിയന്‍ അഥവാ കേന്ദ്രത്തിനുള്ള അധികാര വിസ്തൃതി മനസ്സിലാകും. നമ്മുടെ രാഷ്ട്രത്തലവന്‍ പ്രസിഡന്റാണെങ്കിലും തീര്‍ത്തും പാര്‍ലമെന്ററി ജനാധിപത്യമാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രമായിരുന്നെങ്കിലും വിവിധ രാജ്യങ്ങളായി പരസ്പരം പോരടിച്ചു നിന്നിരുന്ന രാജാക്കന്മാരും ചെറു രാജ്യങ്ങളും ദീര്‍ഘനാളത്തെ വൈദേശികാടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അമിതാധികാരം നല്‍കിയാല്‍ മറ്റൊരടിമത്വത്തിലേക്കോ രാഷ്ട്രത്തിന്റെ തകര്‍ച്ചയിലേക്കോ കാര്യങ്ങള്‍ നയിക്കുമെന്ന ഭയത്താലോ സംശയത്താലോ ആയിരിക്കാം കേന്ദ്രത്തിന് കൂടുതല്‍ അധികാരാവകാശങ്ങളുള്ള ഒരു ഭരണക്രമത്തെക്കുറിച്ച് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ചിന്തിച്ചിട്ടുണ്ടാവുക. രാജ്യത്തിന്റെ ഘടനയെ പുന:ക്രമീകരിക്കുന്നതിനും ഏതെങ്കിലും വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി തര്‍ക്കമുണ്ടായാല്‍ നിയമം പാസ്സാക്കുന്നതിനുമൊക്കെ പാര്‍ലമെന്റിന് പ്രത്യേകാധികാരങ്ങള്‍ നല്‍കിയിട്ടുള്ളതും ഈ ലക്ഷ്യത്തോടെ തന്നെയാണ്.
അപ്പോഴും കേന്ദ്രത്തിന് അളവില്ലാത്ത അധികാരങ്ങള്‍ നല്‍കാതിരുന്നതിനോ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ചിന്തിച്ചതിനോ കാരണം നമ്മുടെ രാജ്യം വച്ചു പുലര്‍ത്തുന്ന വിവിധതയും, സംസ്ഥാനങ്ങളുടെ വികസനവും ആയിരിക്കാം. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഭരണഘടനയിലെ ഓരോ വരികളും ഇഴ കീറി പരിശോധിക്കുകയും അംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അംബേദ്കര്‍ കൃത്യമായി മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയെ പിടിച്ച് ആണയിടുന്നവരും അനാവശ്യമായി ഉദ്ധരിക്കുന്നവരും തെറ്റായി വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നവരും അവസരത്തിലും അനവസരത്തിലും അംബേദ്കറെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നവരും ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകളും അംബേദ്കറുടെ മറുപടികളും വായിക്കുന്നത് നന്നായിരിക്കും. ഏതായാലും ഭാരതത്തിന് ഇതിഹാസതുല്യമായ ഒരു ഭരണഘടന സംഭാവന ചെയ്തതില്‍ ഭാരതരത്‌നം അംബേദ്കര്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല.
ഭാരതത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഡോ.അംബേദ്കര്‍ക്കുണ്ടായിരുന്ന ചിന്തകളെ പറ്റിക്കൂടി ഇവിടെ പരാമര്‍ശിക്കുന്നത് ശരിയാണെന്ന് തോന്നുന്നു. ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ അന്ത:ഛിദ്രത്തിന് കാരണമായി നിന്നത് ഇവിടുത്തെ ജാതി വ്യവസ്ഥയായിരുന്നു. സ്വമതത്തില്‍പ്പെട്ടവനെ ജാതിയുടെ പേര് പറഞ്ഞ് അകറ്റി നിര്‍ത്തുന്നവര്‍ അതേ വ്യക്തി മതം മാറി വരുമ്പോള്‍ ഉമ്മറത്തിരുത്തി വെറ്റിലചെല്ലം നല്‍കുന്നത് കണ്ടിട്ടാണ് വിവേകാനന്ദ സ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അങ്ങേയറ്റം അഭിമാനിതനായിരുന്ന അംബേദ്കര്‍ ജാതി ചിന്തമൂലമുള്ള അപകടത്തെ കുറിച്ചും സാമൂഹിക പരിഷ്‌കരണത്തിന് ജാതി വ്യവസ്ഥ വിഘാതം സൃഷ്ടിക്കുന്നതിനെ കുറിച്ചും ബോധവാനും ആയിരുന്നു.
ലാഹോറിലെ ജാട്ട് – പത്-തോഡക് മണ്ഡലിന്റെ 1936-ലെ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ഡോ.അംബേദ്കറായിരുന്നു. എന്നാല്‍ പ്രസംഗത്തിനായി അംബേദ്കര്‍ തയ്യാറാക്കിയ പ്രബന്ധത്തിലെ പരാമര്‍ശങ്ങള്‍ അസഹ്യമായേക്കുമെന്ന കാരണത്താല്‍ സമ്മേളനം തന്നെ റദ്ദാക്കി. ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെ കുറിച്ച് പ്രസ്തുത പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് ഇങ്ങനെയാണ്:’സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി പോലെ ക്ലേശപൂര്‍ണ്ണമാണ് ഇന്ത്യയിലെ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ പാത. ഇന്ത്യയില്‍ സാമൂഹിക പരിഷ്‌ക്കരണത്തിന് സുഹൃത്തുക്കള്‍ കുറവാണ്, വിമര്‍ശകര്‍ കുടുതലുമാണ്. വിമര്‍ശകര്‍ രണ്ട് തരത്തില്‍പ്പെടുന്നു. ഒന്ന് രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താക്കള്‍, രണ്ട് സോഷ്യലിസ്റ്റുകള്‍’. രാഷ്ട്രീയ പരിഷ്‌ക്കരണമാണോ സാമൂഹിക പരിഷ്‌ക്കരണമാണോ ആദ്യം വേണ്ടതെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നടന്ന അന്തമില്ലാത്ത തര്‍ക്കത്തെ കുറിച്ച് അംബേദ്കര്‍ പരാമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ സമൂഹത്തിന്റെ സാമൂഹിക സംഘടനയിലുള്ള ദൗര്‍ബല്യങ്ങള്‍ ദൂരീകരിക്കുന്നതിന് രൂപീകരിക്കപ്പെട്ട സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളേയും അതിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സ് നടത്തിയ പരിശ്രമങ്ങളേയും കുറിച്ച് പ്രസ്തുത പ്രബന്ധത്തില്‍ അംബേദ്കര്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തില്‍ സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്ന നിലപാടുകളേയും അംബേദ്കര്‍ നിരാകരിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ അവരുടെ യൂറോപ്യന്‍ സഹയാത്രികരെ പോലെ വസ്തുതകള്‍ക്ക് ചരിത്രത്തിന്റെ സാമ്പത്തിക വ്യാഖ്യാനം പ്രയോഗിക്കുവാന്‍ ശ്രമിക്കുകയാണ്. മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണെന്നും അവന്റെ അഭിലാഷങ്ങളും പ്രവൃത്തികളും സാമ്പത്തിക വസ്തുതകളാല്‍ ബന്ധിതമാണെന്നും അധികാരത്തിന്റെ ഉറവിടം സമ്പത്തു മാത്രമാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. അതിനാല്‍ സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കാരങ്ങള്‍ കേവലം മിഥ്യയാണെന്നും സ്വത്തവകാശ സമത്വത്തിലധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കാരമാണ് മറ്റേതൊരു പരിഷ്‌ക്കാരത്തേക്കാളും മുമ്പേ ആവശ്യമായിട്ടുള്ളതെന്നും അവര്‍ പ്രഖ്യാപിക്കുന്നു’. സോഷ്യലിസ്റ്റുകളുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്ന നിലപാടായിരുന്നു അംബേദ്കറുടേത്. അദ്ദേഹം പറയുന്നു ‘സാമ്പത്തികാധികാരം മാത്രമാണ് ഒരേ ഒരു അധികാരമെന്ന് ആരും സമ്മതിച്ച് തരില്ല…’ അദ്ദേഹം ചോദിക്കുന്നു ‘ഇന്ത്യയിലെ കോടീശ്വരന്മാര്‍ നിര്‍ധനരായ സന്യാസിമാരേയും ഫക്കീര്‍മാരേയും അനുസരിക്കുന്നതെന്ത് കൊണ്ട്? ഇന്ത്യയിലെ കോടിക്കണക്കിലുള്ള പാവങ്ങള്‍ അവരുടെ ആകെ സമ്പാദ്യമായ അല്ലറ ചില്ലറ ആഭരണങ്ങള്‍ വിറ്റും കാശിയിലും മെക്കയിലും തീര്‍ത്ഥയാത്ര പോകുന്നതെന്തുകൊണ്ട്?’ അദ്ദേഹത്തിന്റെ ഭാഷയില്‍ ‘ഇവിടെ സാധാരണക്കാരുടെ മേല്‍ ഒരു മജിസ്‌ട്രേറ്റിനെക്കാള്‍ കൂടുതല്‍ ആഞ്ജാപന ശക്തിയുള്ളത് ഒരു പുരോഹിതനാണ്’. ചുരുക്കത്തില്‍ സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക പരിഷ്‌ക്കരണത്തിന് വേണ്ടി നിലകൊള്ളുന്ന സോഷ്യലിസ്റ്റുകളുടെ വാദം പൊളിയ്ക്കുന്ന അദ്ദേഹം ഭാരതത്തിന്റെ അദ്ധ്യാത്മികതയിലൂന്നിയ സംസ്‌ക്കാരത്തെ കുറിച്ചാണ് പ്രഘോഷിക്കുന്നത്.
ജാതി വ്യവസ്ഥ ഹിന്ദുക്കള്‍ക്കുണ്ടാക്കിയ അപകടത്തെക്കുറിച്ച് അംബേദ്കര്‍ പറയുന്നതിങ്ങനെയാണ്: ‘ജാതി സാമ്പത്തികമായ വൈദഗ്ദ്ധ്യം സൃഷ്ടിക്കുന്നില്ല, ജാതിക്കും വംശത്തിന്റെ ഉന്നമനത്തിനും കരുത്തില്ല താനും. എന്നിരുന്നാലും ജാതി ഒരു കാര്യം നിര്‍വ്വഹിച്ചിട്ടുണ്ട്, അത് ഹിന്ദുക്കളെ പൂര്‍ണ്ണമായി വിഘടിപ്പിക്കുകയും അവര്‍ക്ക് ധര്‍മ്മഭ്രംശം വരുത്തുകയും ചെയ്തു’. ജാതി മൂലം ഹിന്ദു നേരിട്ട അപകടങ്ങള്‍ ഈ വാക്കുകളില്‍ പ്രകടമാണ്. അദ്ദേഹം തുടരുന്നു: ‘നിങ്ങളുടെ സാമൂഹിക വ്യവസ്ഥ മാറ്റാത്തപക്ഷം നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുകയില്ല. ജനസമൂഹത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ വേണ്ടി അണി നിരത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജാതിയുടെ അടിത്തറയ്ക്ക് മേല്‍ ഒന്നും പടുത്തുയര്‍ത്താന്‍ പറ്റുകയില്ല. ഒരു രാഷ്ട്രം പണിയാന്‍ നിങ്ങള്‍ക്ക് പറ്റുകയുമില്ല. ഒരു സൈന്യത്തെ സംഘടിപ്പിക്കുവാന്‍ നിങ്ങളെ കൊണ്ടാവില്ല. ജാതിയുടെ അടിത്തറയിന്മേല്‍ പണിയുന്നതെന്തായാലും അതില്‍ വിള്ളലുണ്ടാവും. അത് ഒരിക്കലും സമഗ്രതയാവുകയില്ല താനും”. ഇന്നും ജാതിയുടെ വക്താവായി അംബേദ്കറെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആഴത്തില്‍ മനസ്സിലാക്കണം. മിശ്രവിവാഹത്തിന് ജാതി വ്യവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന് ബാബാ സാഹബ്ബ് അംബേദ്കര്‍ വിശ്വസിച്ചിരുന്നു.
ഭാരതത്തിന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും സമസ്ത മേഖലകളെയും കുറിച്ച് പഠിക്കുകയും തന്റെ അഭിപ്രായങ്ങളും ആശങ്കകളും ഭയലേശമന്യേ ഉറക്കെ പറയുകയും ചെയ്ത ഡോ.അംബേദ്കറെ ഭാരത സമുഹം ശരിയാംവണ്ണം തിരിച്ചറിയുകയും രാഷ്ട്ര വിരുദ്ധ ശക്തികള്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം.
അവലംബം
ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 1,6,7,26.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)