ഓരോരുത്തരായി മടങ്ങുകയാണ്.
അവരെക്കുറിച്ചോര്‍ത്ത് വേലായുധന്‍ രാത്രികള്‍ തള്ളിനീക്കി.
കുഞ്ഞിക്കൊട്ടന്‍ മരിച്ചന്നു രാത്രി കിടന്നതേയില്ല.
കര്‍ക്കിടകം കലിതുള്ളി പെയ്തുതിമിര്‍ത്ത ഒരു വൈകുന്നേരം പഴഞ്ചനൊരു കുട തപ്പിയെടുത്ത് ചൂടി വേലായുധനും മാധവിയും കുഞ്ഞിക്കൊട്ടന്റെ വീട്ടിലെത്തുകയായിരുന്നു. പെരുമഴയത്ത് വീട്ടില്‍ നിന്ന് ഇറങ്ങണോ എന്ന് സംശയിച്ചിരുന്നുവെങ്കിലും ഇപ്രാവശ്യം കലിയന് കൊടുക്കല് ഒന്നിച്ചാക്കാമെന്നു പറഞ്ഞ് കുഞ്ഞിക്കൊട്ടന്‍ സ്‌നേഹത്തോടെ ക്ഷണിച്ചതോര്‍ത്തപ്പോള്‍ ഇറങ്ങാതിരിക്കാനായില്ല.
വീട് അടിച്ചു വെള്ളം തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. മുറ്റത്തൊരു പഴയ മുറം. അതില്‍ പൊട്ടിയ കലം, പഴന്തുണികള്‍, കുറ്റിച്ചൂല്. ചേട്ടയെ പുറത്തെറിയാനുള്ള അശ്രീകരങ്ങള്‍. വാഴത്തടയും ഈര്‍ക്കിലും കൊണ്ട് കുഞ്ഞ് കൂട്, പ്ലാവില കൊണ്ട് ഏതാനും പൈക്കള്‍ ഇവയും ഇറയത്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്.
കുഞ്ഞിക്കൊട്ടന്റെ മകളും അവരുടെ മകന്‍ രാമചന്ദ്രനും മദിരാശിയില്‍ നിന്നെത്തിയിട്ടുണ്ട്.
കുഞ്ഞിെക്കാട്ടന്‍ മുറത്തില്‍ നാക്കില വിരിച്ചു. കൂടും പൈക്കളും അതിലെടുത്തു വെച്ചു. ഇലയില്‍ ചോറും കറികളും വിളമ്പി.
ഇരുട്ടില്‍ ചേട്ടകള്‍ ചുറ്റും നൃത്തം വെച്ചു. രാമചന്ദ്രന്‍ ചൂട്ടു കത്തിച്ചു മുന്നില്‍ നടന്നു. അവന്റെ അമ്മ കിണ്ടിയില്‍ വെള്ളവുമായി പിറകെ. കുഞ്ഞിക്കൊട്ടന്‍ മുറവുമേന്തി അവരെ അനുഗമിക്കുന്നതിനിടെ ഉച്ചത്തില്‍ വിളിച്ചു. ‘കലിയാ കലിയാ കൂ കൂ…. ദു:ഖൂം ദുരിതൂം കൊണ്ടേ പോ, ചക്കേം മാങ്ങേം താ താ, ആധീം വ്യാധീം കൊണ്ടേ പോ, നെല്ലും വിത്തും താ താ, ആലേം പൈക്കളേം താ താ….’
പിറകില്‍ നിന്ന് വേലായുധനും മാധവിയും ഏറ്റു വിളിച്ചു. വീടിനു ചുറ്റും വലംവെച്ച് മുറവും സാധനങ്ങളും തെക്കേ ഭാഗത്തെ പ്ലാവിനു കീഴില്‍ വെച്ച് ചരല്‍ വാരി അതിന്റെ നനഞ്ഞ ശാഖകളിലേക്ക് എറിഞ്ഞു.
‘ഇപ്രാവശ്യം നറയെ ചക്ക പിടിക്കും, നോക്കിക്കോ’. കുഞ്ഞിക്കൊട്ടന്‍ പ്ലാവിനു മുകളിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.
തിരിച്ചു വന്ന് വരാന്തയില്‍ കയറി. ആണുങ്ങള്‍ മൂവരും ഭക്ഷണം കഴിക്കാനിരുന്നു. മാധവി പായസം വിളമ്പി. രാമചന്ദ്രന്റെ അമ്മ ചോറ് വിളമ്പി. ആദ്യ ഉരുള വായിലേക്കിട്ട് ചവച്ചിറക്കുമ്പോള്‍ കുഞ്ഞിക്കൊട്ടനൊന്ന് ചുമച്ചു. വായില്‍ നിറഞ്ഞവ പുറത്തേക്ക് തെറിച്ചു. അയാള്‍ ചുമരിലേക്കു ചാഞ്ഞു.
‘എനിക്കെന്തോ…’ അയാള്‍ക്കത് മുഴുമിപ്പിക്കാനായില്ല. മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.
രാമചന്ദ്രന്‍ അയാളെ പായയിലേക്ക് കിടത്തി. വേലായുധന്‍ അയാളുടെ നെഞ്ചില്‍ ശക്തമായി തടവി. അലമുറയിടുന്ന, കുഞ്ഞിക്കൊട്ടന്റെ ഭാര്യയേയും മകളേയും സമാധാനിപ്പിക്കേണ്ടതെങ്ങനെ എന്നറിയാതെ മാധവി പകച്ചു.
ചേട്ടകള്‍ക്കൊപ്പം കുഞ്ഞിക്കൊട്ടന്റെ പ്രാണനും തെക്കുഭാഗത്തെ വയലിലൂടെ ഇറങ്ങിപ്പോയി.
പിന്നീട് കുറച്ചു കാലം വേലായുധനും മാധവിയും സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.
പുറത്തിറങ്ങാത്തതിനാല്‍ ശ്വാസംമുട്ടല്‍ പെരുകുന്നുവെന്ന് തോന്നിയ ഒരു ദിവസം മാധവിയും വേലായുധനും കോഴിക്കോട്ടേക്ക് ബസ് കയറി. അവിടെനിന്ന് മുചുകുന്നിലേക്കും.
ഗോഖലെ വിദ്യാലയത്തിന്റെ ചവിട്ടുപടിയില്‍ അല്‍പ്പനേരമിരുന്നു. ഖാദി വ്യവസായ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൂട്ടിക്കിടക്കുന്നു. ആന്തൂരാന്മാരുടെ മണ്‍പാത്ര നിര്‍മ്മാണപ്പുരയില്‍ നിശബ്ദത തളംകെട്ടിക്കിടക്കുന്നു.
പാക്കനാര്‍പുരത്തെ കാറ്റും വലിയമലയിലെ വെയിലും കൊണ്ട് അല്‍പ്പനേരം ഇരുന്നു. അകലാപ്പുഴ കണ്‍നിറയെ കണ്ടു. അതില്‍ നിന്ന് വെള്ളമെടുത്തു കൈയും മുഖവും കഴുകി.
തിരിച്ചു പോകും മുമ്പ് ബാലികാസദനത്തില്‍ പോയി ഗാന്ധിജിയുടെ ചിതാഭസ്മ പ്രതിഷ്ഠയ്ക്ക് മുന്‍പില്‍ തൊഴുതു. അന്നുരാത്രി ഗാന്ധി ആശ്രമത്തില്‍ കഴിഞ്ഞു.
പ്രഭാതഭക്ഷണവും കഴിഞ്ഞാണ് പിറ്റേന്ന് മടങ്ങിയത്. കോഴിക്കോട് ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ചപ്പോഴാണ് മാധവി ചോദിച്ചത്.
‘ഇനി എങ്ങോട്ടാ ?’
‘തവനൂര്‍ക്ക്’
കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി. തീവണ്ടിയുടെ മുരള്‍ച്ച തന്നെ ഇത്രമാത്രം പേടിപ്പെടുത്തുന്നതെന്തെന്ന് വേലായുധന്‍ ആശങ്കപ്പെട്ടു. ആള്‍ത്തിരക്കിന് നടുവില്‍ അസഹ്യമായ ചൂടില്‍ വിയര്‍ത്തൊലിച്ചു കൊണ്ട് നിന്നു.
പരപ്പനങ്ങാടിയെത്തിയപ്പോള്‍ ചെവിയില്‍ ലഹളയുടെ കോലാഹലം ഇരമ്പിയെത്തി. കാലങ്ങളുടെ സാക്ഷിയായ റെയില്‍പാതയിലൂടെ തീവണ്ടി കിതച്ചുകൊണ്ട് മുന്നേറി. പൂരപ്പുഴ നല്കിയ കാറ്റ് അല്പം സാന്ത്വനം പകര്‍ന്നു.
കുറ്റിപ്പുറത്ത് ഇറങ്ങി തവനൂര്‍ക്ക് ബസ്സില്‍.
നേരമിത്രയും മാധവിയും വേലായുധനും കാര്യമായൊന്നും സംസാരിച്ചതേയില്ല. സംസാരം അദ്ദേഹത്തെ ഏറെ ക്ഷീണിപ്പിക്കുന്നുണ്ടെന്ന് മാധവിക്ക് തോന്നിയിരുന്നു.
ഓത്തുമഠത്തിന്റെ മുന്നിലെത്തിയപ്പോള്‍ വേലായുധന് പഴയ ഓര്‍മ്മകള്‍ തികട്ടി. കണ്ണെത്തും ദൂരത്ത് വെച്ച് കേളപ്പജിയെ മറച്ചുകൊണ്ട് തന്നെ ഇരുട്ടു പൊതിഞ്ഞതിന്റെ ഓര്‍മ്മ. മുന്നില്‍ ശാന്തികുടീരം.
പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട,് ആരുമില്ല. വരാന്തയില്‍ കുറച്ചുനേരം വിശ്രമിച്ചു. നഴ്‌സറി സ്‌കൂളില്‍ കുട്ടികളെ ഇംഗ്ലീഷ് പാട്ടു പഠിപ്പിക്കുന്ന ശബ്ദം. റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ വിവിധ നിറത്തിലുള്ള കൊടികള്‍.
തിരിച്ചു നടക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും മടങ്ങുന്ന കുട്ടികളെ കണ്ടു. രണ്ടുപേരും അവര്‍ക്കൊപ്പം നടന്നു. ആ പത്തു വയസ്സുകാര്‍ക്കൊപ്പം മുന്നേറാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വേഗത കുറച്ചു. പിറകില്‍ നിന്ന് രണ്ടു കുട്ടികള്‍ തങ്ങളെ മറികടന്ന് പോകുന്നത് കണ്ടപ്പോള്‍ വേലായുധന്‍ ചോദിച്ചു.
‘മക്കള്‍ക്ക് കേളപ്പജിയെ അറിയാമോ?’
രണ്ടുപേരും മുഖാമുഖം നോക്കി. ഇല്ല എന്ന അര്‍ത്ഥത്തില്‍ തോള്‍ വെട്ടിച്ച് അവര്‍ മുന്നോട്ട് നടന്നു.
ഊരകത്ത് ബസ്സിറങ്ങി വയലിലൂടെ നടക്കുമ്പോള്‍ വേലായുധന്‍ മാധവിയോട് പറഞ്ഞു. ‘ചില ഓര്‍മ്മകള്‍ പുതിയ കാലത്തിന് ഭാരമാവുന്നുണ്ട്’.
പിറ്റേന്ന്, മദ്രാസില്‍ നിന്ന് വന്ന രാമചന്ദ്രന്‍ തന്നെ കാണാന്‍ എത്തിയപ്പോള്‍ വേലായുധന്‍ ചോദിച്ചു. ‘ നീ കൊണ്ടോട്ടി ഖുബ്ബ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല’.
‘നമുക്ക് പോയാലോ’.
അവന്റെ കാറില്‍ മാധവിയേയും കൂട്ടി കൊണ്ടോട്ടിയില്‍ എത്തി. ഖുബ്ബയുടെ മുന്നില്‍ ചെന്ന് കൈകൂപ്പി പ്രാര്‍ത്ഥിച്ചു. പഴയ അയിനിമരം അവിടെയില്ല. ഇലഞ്ഞിക്ക് പ്രായമേറെയായിരിക്കുന്നു. കാറ്റില്‍ സൂഫി കവിതയുടെ കുളിര്‍മ്മ, സ്‌നേഹത്തിന്റെ സ്‌നിഗ്ധത. തക്കിയാവ് പുതുരൂപം കൈവരിച്ചിട്ടുണ്ട്. വരാന്തയില്‍ അല്പസമയം ഇരുന്ന് വേലായുധന്‍ പഴയ കഥകള്‍ പറഞ്ഞു കൊടുത്തു. തിരിച്ചുപോകുമ്പോള്‍ മാധവി ചോദിച്ചു. ‘നെടിയിരിപ്പ് വരെ പോകുന്നോ, വെറുതെ കാണാന്‍?’
വേലായുധന്‍ അവരുടെ മുഖത്തേക്ക് നോക്കി. ‘ദാനത്തിന്റെ പുണ്യവഴിയില്‍ തിരിച്ചുപിടിക്കലുകളില്ല. കൊടുത്തതിന്റെ ഓര്‍മ്മകളെപ്പോലും’.
കാര്‍ ഊരകത്തേക്ക് വിട്ടു.
വയല്‍ മധ്യത്തില്‍ നിന്ന് രാമചന്ദ്രന്‍ അയാളുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ വേലായുധന്‍ പറഞ്ഞു.
‘മോന്‍ നാളെ കൂടി ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുമോ, ഒരിടം വരെ പോകാന്‍ ?’
‘അതിനെന്താ. രാവിലെ വരാം തയ്യാറായിരുന്നോ’.
പിറ്റേന്ന് രാമചന്ദ്രന്‍ എത്തുമ്പോഴേക്കും രണ്ടുപേരും പോകാന്‍ തയ്യാറായിരുന്നു. തൂവെള്ള ഖദര്‍ ജുബ്ബയും മുണ്ടും അണിഞ്ഞിരിക്കുന്ന വേലായുധന് ഇന്നലത്തേതിലും പ്രസരിപ്പുണ്ടെന്ന് രാമചന്ദ്രനറിഞ്ഞു.
കാറില്‍ കയറിയിരുന്നതിനുശേഷം വേലായുധന്‍ രാമചന്ദ്രനോട് പറഞ്ഞു. ‘നീ നേരെ വിട്ടോ. വഴി ഞാന്‍ പറയാം’. അയാളുടെ ശ്വാസ നിശ്വാസങ്ങളുടെ ശബ്ദം മുമ്പെങ്ങുമില്ലാത്തവിധം ഉച്ചത്തിലാണെന്ന് മാധവി മനസ്സിലാക്കി. ശ്വാസകോശത്തിനകത്ത് പ്രാണവായുവിന്റെ കുറുകലുകള്‍.
കാര്‍ ചെന്നുനിന്നത് വെള്ളിനേഴി ആര്യസമാജം ഓഫീസിനു മുന്നില്‍. മാധവി വിടര്‍ന്ന മുഖത്തോടെ കാറില്‍നിന്നിറങ്ങി. ഇങ്ങോട്ടാണെന്ന് വേലായുധന്‍ അവരോട് പറഞ്ഞിരുന്നില്ല. മൂവരും അകത്തേക്ക് കയറി. രണ്ടു പേര്‍ പുഞ്ചിരിച്ചു കൊണ്ടു വന്ന് സ്വീകരിച്ചു.
‘മാധവിയമ്മയെ കണ്ടിട്ട് ഒരുപാട് കാലമായി’. അതില്‍ ഒരാള്‍ പറഞ്ഞു.
മാധവി അടുക്കളയിലേക്ക് പോയി. വിശാലമായ ഹാളിന്റെ കോണിലിട്ടിരിക്കുന്ന കസേരയിലിരുന്ന് ബാക്കി നാലുപേരും ഏറെ സംസാരിച്ചു. ആതിഥേയരിലൊരാള്‍ അടുക്കളയില്‍ ചെന്ന് മാധവിയോട് പറഞ്ഞു.
‘സാധനങ്ങളൊക്കെയുണ്ട്. സാധിക്കുമെങ്കില്‍ ഉച്ചഭക്ഷണമൊരുക്കാം’.
‘ഞാന്‍ ചെയ്‌തോളാം’.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
തിരിച്ചു പോകാം എന്ന അര്‍ത്ഥത്തില്‍ അല്പം കഴിഞ്ഞ് രാമചന്ദ്രന്‍ മാധവിയോട് ആംഗ്യം കാട്ടി. അപ്പോള്‍ ആതിഥേയന്‍ പറഞ്ഞു.
‘രാമചന്ദ്രന്‍ പൊയ്‌ക്കോ. ഇവരിനി ഇവിടെയാ. ഈ വയസ്സാന്‍കാലത്ത് അവിടെ തനിച്ചാകേണ്ട. ഏതായാലും അടുക്കളക്കാര്യങ്ങള്‍ക്കും മറ്റും ഒരു സ്ത്രീയെ ആവശ്യമുണ്ട്. മാധവിയമ്മയായാല്‍ സന്തോഷം’.
മാധവിക്ക് എന്തു പറയണമെന്നറിഞ്ഞില്ല. വേലായുധന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. കിതപ്പ് കൂടിയിട്ടുണ്ടായിരുന്നു.
‘രാമചന്ദ്രാ എന്നെയൊന്ന് ഗുരുവായൂര് വിടാമോ? തിരിച്ചു വരാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്’. എല്ലാവരും അമ്പരന്നു.
‘മാധവീ, ഒരു ഗ്ലാസ് വെള്ളം’. മാധവി കൊണ്ടുവന്ന വെള്ളമിറക്കുന്നതിനിടെ പറഞ്ഞു ‘നീ ഇവിടെ നില്‍ക്ക്. എനിക്ക് ഒരു കാര്യൂണ്ട്’.
‘തനിച്ച് ?’
‘അതൊന്നും കുഴപ്പമില്ല’.
വേലായുധനും രാമചന്ദ്രനും പുറപ്പെട്ടു. മാധവി ആശങ്കയോടെ ഗേറ്റിനടുത്ത് നില്‍ക്കുന്നത് വേലായുധന്‍ അകലത്തോളം കണ്ടു.
‘ രാമചന്ദ്രാ, ഊരകത്തെ വീടും പറമ്പും നീയെടുക്കണം. നിനക്ക് തോന്നുന്ന ഒരു തുക മാധവീടെ പേരില്‍ ബാങ്കിലിടണം. ഇനി ആര്യസമാജത്തിലാണ് ‘.
വളവും തിരിവും നിറഞ്ഞ പാതയിലൂടെ കാറോടിച്ചു കൊണ്ട് രാമചന്ദ്രന്‍ ആലോചനയില്‍ മുഴുകി. അല്‍പ്പസമയം കഴിഞ്ഞ് പറഞ്ഞു
‘വേലായുധേട്ടന്‍ അതൊന്നും ആലോചിക്കേണ്ട. ഞാന്‍ ചെയ്‌തോളാം’.
ഗുരുവായൂരില്‍ ഇറങ്ങി. രാമചന്ദ്രനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. പൊയ്‌ക്കോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
നടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി. നേരെ കേളപ്പന്റെ പ്രതിമയുടെ സ്ഥാനത്തേക്ക് നടന്നു. നിവര്‍ന്നു നില്‍ക്കുന്ന ആ രൂപം തനിക്കൊന്ന് കാണണം.
അവിടെയെത്തി അമ്പരപ്പോടെ ചുറ്റും നോക്കി.
ഒന്നുമില്ല.
മെല്ലെ നടന്ന് ലോട്ടറി വില്‍പ്പനയില്‍ മുഴുകിയ ഒരാളോട് ചോദിച്ചു.
‘ഈ പ്രതിമ എവിടെയാ?’
‘ഓ കേശവന്റെയോ, ദാ അങ്ങോട്ട്’.
പേര് പോലും കാലം മാറ്റിപ്പറയുന്നു. കേശവനല്ല കേളപ്പനെന്നായിരുന്നു ആ ഗജവീരന്റെ പേരെന്ന് തിരുത്തണമെന്ന് തോന്നി. വേണ്ട, പാവത്തിന്റെ നാക്കുപിഴയെ പരിഹസിക്കലാവും അത്. അയാള്‍ ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് ആവേശത്തോടെ നടന്നു.
വെയില്‍ മങ്ങിയിട്ടുണ്ട്, ക്ഷീണവും.
അയാള്‍ പറഞ്ഞു തന്ന സ്ഥലത്തെത്തി. മുന്നില്‍ തലയെടുപ്പോടെ ഒരു ഗജവീരന്റെ ശില്‍പം. ഉയര്‍ന്ന മസ്തകം, വില്ലുപോലെ വക്രിച്ച വാരിയെല്ല്. മണ്ണിനെ തൊട്ട് മേല്‍പ്പോട്ട് വളഞ്ഞു നില്‍ക്കുന്ന തുമ്പി. കഴുത്തിലെ ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞുഫലകം. വേലായുധന്‍ വായിച്ചു.
ഗുരുവായൂര്‍ കേശവന്‍.
ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകം അക്രമങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചപ്പോള്‍ കോവിലകം നടയിരുത്തിയ കരിവീരന്റെ ജീവന്‍ തുടിക്കുന്ന രൂപം. അതിന് മിനുക്ക് പണി നടത്തുന്നയാളുടെ അടുത്ത് ചെന്നു. അയാള്‍ തന്നെയായിരുന്നു തന്നോട് അന്ന് കേളപ്പജിയുടെ പ്രതിമയുടെ കാര്യം പറഞ്ഞത്.
‘കേളപ്പജിയുടെ ശില്‍പം ?’
അയാള്‍ ചിരിച്ചു. നിരാശയുടെ കൈയ്പ്പു കലര്‍ന്ന ചിരി.
‘അതാണിത്’. അയാള്‍ പണിയില്‍ മുഴുകി. വേലായുധന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്നു. ‘അമ്പലത്തിനുള്ളില്‍ കണ്ടവനെല്ലാം പ്രവേശനം നേടിക്കൊടുത്തയാളുടെ പ്രതിമയൊന്നും വേണ്ടാന്നാ ദേവസ്വം ഭരണസമിതീല് ഒരാള് പ്രസംഗിച്ചത്. ഭൂരിപക്ഷ പിന്തുണയും അതിനായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയെ കണ്ട് പഴയ സര്‍ക്കാര്‍ അനുമതിയും ഫണ്ടും മാറ്റിവെച്ച കാര്യം ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി കാര്യം അന്വേഷിച്ചു’.
കലാകാരന്റ നൈസര്‍ഗ്ഗികമായ ക്ഷോഭവും പ്രതിഷേധവും അയാളുടെ വാക്കുകളില്‍ മുഴച്ചു നിന്നിരുന്നു.
വേലായുധന്‍ ചോദിച്ചു.
‘എന്നിട്ട് ?’
‘ഗുരുവായൂരപ്പന്റെ പ്രശസ്ത ഭക്തനാണല്ലോ മുഖ്യമന്ത്രി. ദേവസ്വം കമ്മിറ്റിയുടെ തീരുമാനത്തെ എതിര്‍ക്കാനാവില്ലെന്ന് അദ്ദേഹം. ദൈവത്തിന്റെ ദല്ലാളന്മാരെ ഭയന്ന് ഗുരുവിനെ മറന്നു. ആ ഫണ്ട് കൊണ്ട് കേശവന്റെ പ്രതിമയുണ്ടാക്കാന്‍ ഏല്‍പ്പിച്ചു. കേളപ്പനായാലും കേശവനായാലും തലയെടുപ്പുള്ള രൂപമുണ്ടാക്കുക എന്നതുമാത്രമല്ലേ എന്റെ കടമ. ഞാനത് ചെയ്യുന്നു’.
‘അപ്പോ കേരളഗാന്ധിയെ കൊന്നു’. വേലായുധന്‍ തിരിഞ്ഞുനടന്നു.
ശില്പി ഓടിവന്നു. ‘ആരുമറിയാത്ത രഹസ്യമാണ് ഞാന്‍ പറഞ്ഞത്. ദയവുചെയ്ത് …’ അയാള്‍ മുഴുമിപ്പിക്കും മുമ്പ് വേലായുധന്‍ മനസ്സിലായെന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് മുന്നോട്ടു നടന്നു.
അമ്പല നടയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകുന്നു. ഇരുട്ടുമായെത്തുന്ന സന്ധ്യയെ ദീപാലങ്കാരങ്ങള്‍ അമ്പലനടയില്‍ തടഞ്ഞുവച്ചു.
തന്റെ ആയാസപ്പെട്ടുള്ള നടത്തത്തെ പലരും സഹതാപപൂര്‍വ്വം വീക്ഷിക്കുന്നത് വേലായുധന്‍ കണ്ടു. സത്യഗ്രഹപ്പന്തല്‍ ഇരുന്നിടത്തേക്ക് പ്രവേശിച്ചു. കേളപ്പന്റെ പ്രതിമ ഉയരേണ്ടിയിരുന്ന ഇടം.
കേളപ്പജി കിടന്ന സ്ഥലത്തെത്തി. അമ്പലത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് ജ്ഞാനപ്പാന ഒഴുകിപ്പടരുന്നു.
‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍’
കേളപ്പജി തലവെച്ചിടത്ത് തലവെച്ച് അതേ അഞ്ചരയടി നീളത്തില്‍ അതുപോലെ നിവര്‍ന്ന് ആ മണ്ണില്‍ കിടന്നു.
ഗുരുവിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന വായു ആപാദചൂഢം ഉഴിഞ്ഞുകൊണ്ടിരിക്കുന്നു.
ഗുരുവായുപുരം
ഈ ആറടിമണ്ണ് മതി.
ഓം ശാന്തി.
(അവസാനിച്ചു)
Comments