Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നിയമഭേദഗതി തയ്യാറാകുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. അവസാന ഭാഗം)

സംഗീത് സദാശിവന്‍

Print Edition: 3 December 2021

1944 ആഗസ്റ്റ് 16ന് അണ്ടര്‍ സെക്രട്ടറി എസ്.ജെ.എല്‍. ഒലിവര്‍ ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് കുറിപ്പയച്ചു. ഈ വിഷയത്തെ സംബന്ധിച്ച് പ്രവിശ്യകള്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി ഡ്രാഫ്റ്റുകള്‍ തയ്യാറാക്കി. കൂടാതെ ഈ വിഷയം രാജ്യരക്ഷാ വകുപ്പും പരിശോധിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ഡ്രാഫ്റ്റും തയ്യാറാക്കി. അങ്ങനെ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും എഴുത്തുകുത്തുകള്‍ക്കും ശേഷം ഈ വിഷയം സംബന്ധിച്ച മൂന്ന് പേജുവരുന്ന സമ്മറിയും നോട്ടിഫിക്കേഷനായുള്ള രണ്ട് വ്യത്യസ്ത ഡ്രാഫ്റ്റുകളും തയ്യാറായി. സംഘടനകള്‍ക്ക് സെന്‍ട്രല്‍ സര്‍ക്കാര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ ചട്ടക്കൂടും തയ്യാറാക്കി.

ആദ്യ ഡ്രാഫ്റ്റിലൂടെ 58(1)ന് വരുത്തിയ മാറ്റം ഇപ്രകാരമാണ്:

”അനധികൃതമായി പട്ടാളരീതിയിലുള്ള കായിക പരിശീലനമോ പ്രക്ഷോഭമോ സേനാപരിശീലനമോ എവിടെവെച്ച് നടത്തിയാലും അത് നിരോധിക്കാനും നിയന്ത്രിക്കാനും ഉപാധികള്‍ വെക്കാനുമുള്ള പ്രത്യേക അധികാരം സെന്‍ട്രല്‍ സര്‍ക്കാരിനോ പ്രവിശ്യാ സര്‍ക്കാരിനോ ഉണ്ട്. ഏത് തരത്തിലുമുള്ള ക്യാമ്പ്, പരേഡ്, കൂട്ടംകൂടല്‍, മീറ്റിംഗുകള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും.”

(NAI Reference:- HOME_POLITICAL_I_1944_NA_F28-3)

രണ്ടാമത്തെ ഡ്രാഫ്റ്റിലൂടെ കൂട്ടിച്ചേര്‍ത്ത 58(1അ) ഉപവകുപ്പ് ഇപ്രകാരമാണ്:
”1944-ലെ ക്യാമ്പുകളും പരേഡുകളും നിയന്ത്രിക്കുന്ന ഓര്‍ഡര്‍,
1. (a) ഇതിനെ ക്യാമ്പുകളും പരേഡുകളും നിയന്ത്രിക്കുന്ന 1944 ഓര്‍ഡര്‍ എന്ന് വിളിക്കാം.
(b) ഇത് ബ്രിട്ടീഷ് ഇന്ത്യയുടെ എല്ലായിടത്തും ബാധകമാണ്.
(c) ഇത് എല്ലാം ചേര്‍ന്ന് ഒന്നായി വര്‍ത്തിക്കും.
2. ജില്ലാ മജിസ്‌ട്രേറ്റിന്റെയോ പോലീസ് കമ്മീഷണറുടെയോ മുന്‍കൂര്‍ അനുമതി ലഭിക്കാതെ ഏതെങ്കിലും രാഷ്ട്രീയ അല്ലെങ്കില്‍ സാമുദായിക സംഘടനകള്‍ ക്യാമ്പോ പരേഡോ പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടത്തുന്നത് തടഞ്ഞിരുന്നു.
3. ക്യാമ്പിനോ പരേഡിനോ അനുമതിക്കായി സംഘടനകള്‍ അപേക്ഷ നല്‍കേണ്ട ജില്ലാ മജിസ്‌ട്രേറ്റും പോലീസ് കമ്മീഷണറും.
(a) ക്യാമ്പിലോ പരേഡിലോ പട്ടാള രീതിയിലുള്ള പരിശീലനമോ കായികാഭ്യാസമോ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അനുമതി നിഷേധിക്കുക.
(b) അനുമതി നല്കുന്നുണ്ടെങ്കില്‍ പരിശീലനമോ കായികാഭ്യാസമോ പ്രക്ഷോഭമോ നടക്കുന്നില്ല എന്നത് ഉറപ്പുവരുത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
4. ഉപവിഭാഗം 2-ന് വിരുദ്ധമായി ഒരാളും ക്യാമ്പോ പരേഡോ നടത്തരുത്.
5. ഒരു സംഘടന രാഷ്ട്രീയമാണോ സാമുദായികമാണോ എന്ന ചോദ്യം ഉയരുകയാണെങ്കില്‍ സെന്‍ട്രല്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് തെളിവായി സ്വീകരിക്കാവുന്നതാണ്.”(NAI Reference:- HOME_POLITICAL_I_1944_NA_F-28-3)

1944 സപ്തംബര്‍ 1-ന് ഡോക്ടര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അടങ്ങിയ നിയമ കൗണ്‍സില്‍ ഡ്രാഫ്റ്റുകളിലെ നിയമ ഭേദഗതി അംഗീകരിച്ചു.
1944 സപ്തംബര്‍ 2-ന് ആഭ്യന്തര സെക്രട്ടറി റിച്ചാര്‍ഡ് ടോട്ടന്‍ഹാം ഇതോടനുബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ചു. സെന്‍ട്രല്‍ സര്‍ക്കാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള സംഘടനകളുടെ പേരുകള്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ക്കായി വെളിപ്പെടുത്തിയിരിക്കുന്നു. അവ താഴെ കൊടുക്കുന്നു.,
1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
2. മുസ്ലിം ലീഗ്
3. ഹിന്ദു മഹാസഭ
4. ആര്‍.എസ്.എസ്. സംഘം
5. ഖക്‌സര്‍
എല്ലാ സമയത്തും വേറെ സര്‍ട്ടിഫിക്കറ്റുകള്‍ സെന്‍ട്രല്‍ സര്‍ക്കാരില്‍ നിന്നും തേടണമെന്നും ടോട്ടന്‍ഹാം നിര്‍ദ്ദേശിച്ചിരിക്കുന്നു.

1944 സപ്തംബര്‍ 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായി ഈ നിയമപരിഷ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ 14 പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.

നിയമഭേദഗതിയുടെ സഹായത്തോടെ സംഘത്തിനെതിരെയുള്ള നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ത്വരിതപ്പെടുത്തി. പ്രവിശ്യാ സര്‍ക്കാരുകളും പരേഡുകള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും മുന്‍കൂര്‍ അനുമതി വേണമെന്ന നിലപാട് ശക്തമാക്കി. ദ്വൈവാര റിപ്പോര്‍ട്ടുകളില്‍ അതേക്കുറിച്ച് വിവരിച്ചിരിക്കുന്നു. ലക്‌നൗവില്‍ ക്യാമ്പിനും പരേഡിനും സംഘം അനുമതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പരിപാടി ഉപേക്ഷിക്കപ്പെട്ടു. സംഘത്തിനോടൊപ്പം മുസ്ലിം ലീഗിന്റെ കീഴിലുള്ള മുസ്ലിം നാഷണല്‍ ഗാര്‍ഡ് എന്ന പേരിലുള്ള സ്വകാര്യ സേനയ്ക്കും ഇത്തരം നിലപാടുകള്‍ സര്‍ക്കാരുകള്‍ ബാധകമാക്കി.
(NAI Reference:- HOME_POLITICAL_I_1945_NA_F-18-5)

1945 മെയ് മാസത്തിലെ ആദ്യപകുതിയുടെ ദ്വൈവാര റിപ്പോര്‍ട്ട് ഉള്‍പ്പെടുന്ന HOME_ POLITICAL_ I_1945_NA_F 18-5 ഫയലില്‍ നിയമ ഭേദഗതിയിലൂടെ സംഘത്തിന്റെ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചു എന്ന് സെന്‍ട്രല്‍ പ്രവിശ്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിമാര്‍ ജില്ലയിലെ ഏതാനും സംഘത്തിന്റെ നേതാക്കളെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്തുവെന്ന് അതില്‍ വിവരിച്ചിരിക്കുന്നു. ഈ പുതിയ സാഹചര്യത്തെ മറികടക്കാന്‍ പിക്‌നിക്കുകളും പഠനവട്ടങ്ങളും അടങ്ങുന്ന കാര്യപരിപാടികളുമായി സംഘം പ്രവര്‍ത്തനം തുടരുന്നു എന്നും വ്യക്തമാക്കുന്നു.

അതോടൊപ്പം രസകരമായ മറ്റൊരു കാര്യവും ഈ റിപ്പോര്‍ട്ടില്‍ കാണാനാകും. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയും ഇറ്റലിയും മറ്റും പരാജയത്തിലേക്ക് അടുക്കുന്നു എന്ന ലോകസാഹചര്യത്തെ സംഘവുമായി കൂട്ടിക്കെട്ടി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു.

‘തങ്ങളുടെ സംഘടനയുടെ മാതൃകയായ യൂറോപ്പിലെ ഫാസിസ്റ്റ് സംഘടനകള്‍ക്കുണ്ടായ തിരിച്ചടിയെ രാഷ്ട്രീയ സ്വയംസേവക സംഘം എങ്ങനെ സ്വീകരിക്കുമെന്ന് നോക്കിക്കാണുന്നത് രസകരമാവും.’ (HOME _POLITICAL_ I_1945_NA_F-18-5)-.” എങ്കിലും വിവിധ പ്രദേശങ്ങളില്‍ ഓ.ടി.സി ക്യാമ്പുകള്‍ അടക്കമുള്ള ക്യാമ്പുകളും പരിശീലനങ്ങളും മുടക്കം കൂടാതെ സംഘം നടത്തി എന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുമ്പോള്‍
1946 ആകുമ്പോഴേയ്ക്ക് ബ്രിട്ടീഷ് ഇന്റലിജന്‍സ് രേഖകളില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കാണാനാകും. അഷ്ടിയിലും ചിമൂറിലും ഉണ്ടായ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ 1942 മുതല്‍ ബ്രിട്ടീഷുകാര്‍ സംഘത്തെക്കുറിച്ചുള്ള ദ്വൈവാര റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചുവെക്കുന്നുണ്ടായിരുന്നു. അവയെ ക്രോഡീകരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് ബ്യുറോയോട് 16-06-1946-ല്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു.

അതുപ്രകാരം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ ലക്ഷ്യം ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി നേടുകയാണെന്ന് വിവരിച്ചിരിക്കുന്നു. കൂടാതെ രാജ്യത്തെ വൈദേശിക അധിനിവേശത്തില്‍നിന്നും മുസ്ലിം അധിനിവേശത്തില്‍നിന്നും സ്വതന്ത്രമാക്കുക എന്ന ലക്ഷ്യമാണ് സംഘത്തിനുള്ളത് എന്നും വിവരിച്ചിരിക്കുന്നു.

‘ഹിന്ദു ആധിപത്യം നേടുക എന്ന ലക്ഷ്യത്തിനായി നീണ്ട കാലയളവുള്ളതും സ്ഥിരതയുള്ളതുമായ പദ്ധതിയാണ് സംഘം നാളുകളായി സ്വീകരിച്ചിരിക്കുന്നത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.’ (NAI File:- HOME_ POLITICAL_I_ 1946_NA_F-5-12)

തുടര്‍ന്ന്, സംഘം അസാധാരണ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യലബ്ധി മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടന അല്ല സംഘമെന്നും സ്വാതന്ത്ര്യം വലിയ ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണ് എന്നും അത്തരം ലക്ഷ്യത്തിനായി അച്ചടക്കം പാലിക്കുകയാണ് സംഘം ചെയ്യുന്നത് എന്നും ബ്രിട്ടീഷ് വിവരണങ്ങളില്‍ നിഴലിച്ചിരിക്കുന്നു.

സ്വാതന്ത്ര്യം നേടിയാല്‍ മതമൗലിക വാദികളില്‍നിന്ന് ഹിന്ദുജനതയെ സംരക്ഷിക്കാനാവശ്യമായ സംഘടനാശക്തി നേടേണ്ടതുണ്ട് എന്നും അത്തരമൊരു സംഘടനാശക്തി നേടുന്നപക്ഷം സ്വാതന്ത്ര്യം നേടുക ബുദ്ധിമുട്ടുള്ള കാര്യമാകില്ല എന്നുമുള്ള ദീര്‍ഘവീക്ഷണം ആണ് ഡോക്ടര്‍ജിയും ഗുരുജിയും സംഘടനയ്ക്ക് നല്‍കിയിരുന്നത്.

‘സംഘം ഒരു സ്വതന്ത്ര സംഘടന ആണെന്നും രാഷ്ട്രീയത്തില്‍നിന്ന് മുക്തമാണ് എന്നുമാണ് പരസ്യമായി സംഘ നേതാക്കള്‍ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നത്. 1942-ലെ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ (ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം) നടന്നപ്പോള്‍ അതില്‍നിന്നും അകന്നുനില്‍ക്കണം എന്നാണ് പ്രവര്‍ത്തകരോട് സംഘനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അത് ഏറെക്കുറെ പാലിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്, ഏതാനും പോലീസുകാരുടെയും മജിസ്‌ട്രേറ്റുമാരുടെയും മരണത്തിന് കാരണമായ അഷ്ടി-ചിമൂര്‍ കലാപങ്ങള്‍ അതിന് ഒരു അപവാദം ആയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് സംഘടനയുടെ പെട്ടന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായേക്കും എന്ന സംഘനേതാക്കളുടെ ആശങ്കയാണ് രാഷ്ട്രീയത്തില്‍നിന്ന് സംഘടന അകന്നുനില്‍ക്കുന്നതിന് കാരണം എന്ന് പറയാനാകും (NAI File:- HOME_ POLITICAL_I_1946_NA_F-5-12).

അതോടൊപ്പം സംഘത്തിന്റെ മറ്റുചില സവിശേഷതകള്‍ കൂടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നു. ‘സംഘടനയുടെ ഭരണഘടന അച്ചടിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചുമതല വഹിക്കുന്നവരുടെ പേരുകളും പ്രസിദ്ധപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. 21 ജൂണ്‍ 1940-ല്‍ സംഘടനയുടെ പരമോന്നത നേതാവായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ മരണത്തിന് ശേഷവും പിന്‍ഗാമികളായി ആരെയും വെളിപ്പെടുത്തിയിരുന്നില്ല എന്നത് സംഘത്തിന്റെ രഹസ്യാത്മകതയുടെ തനതായ ഉദാഹരണമാണ് (NAI File:- HOME_ POLITICAL_I_1946_NA_F-5-12).

സംഘത്തിന്റെ പരിശീലനക്രമങ്ങളെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം 1940 മുതല്‍ 1944 വരെയുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ഒഴിവാക്കാനായി സംഘം സ്വീകരിച്ച തന്ത്രങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ നോട്ടം ഉണ്ടാകാത്ത സമയങ്ങള്‍ തിരഞ്ഞെടുത്തും പിക്‌നിക്, ഭജന എന്നിങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചും സംഘടന വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ക്യാമ്പുകളും പരേഡുകളും നടത്തുന്നത് വിലക്കിയിരിക്കുന്ന നിയമങ്ങളെ ലംഘിക്കാതെയും എന്നാല്‍ അനുമതി വാങ്ങാതെയും ആണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇന്ത്യക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിപാടികളില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ വിവരങ്ങള്‍ അവരില്‍നിന്ന് ശേഖരിക്കാനും സംഘം ശ്രമിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതത്തിന്റെ പേരിലുള്ള രാജ്യവിഭജനം തൊട്ടടുത്ത്
പൊതുകാര്യങ്ങള്‍ വിവരിച്ചിരുന്ന റിപ്പോര്‍ട്ടില്‍ പിന്നീട് സമകാലീന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സംഘത്തിന്റെ നേതാക്കള്‍ സംഘടനയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് ഈയിടെയായി തുറന്ന് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് 5000 പ്രവര്‍ത്തകര്‍ പങ്കെടുത്ത 1945 ലെ ദസറ ആഘോഷത്തില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ സംസാരിച്ചതിനെ ഉദ്ധരിച്ച് വിവരിക്കുന്നു. ഹിന്ദുക്കളുടെ അവകാശങ്ങളും ഹിന്ദു വിശ്വാസങ്ങളും ഭരണവും ഉള്‍പ്പെടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതാണ് സംഘരൂപീകരണത്തിന്റെ ലക്ഷ്യം എന്നാണ് ഗുരുജി പ്രസംഗിച്ചത് എന്ന് വിവരിച്ചിരിക്കുന്നു. കൂടാതെ, 1945 രണ്ടാം പകുതിയില്‍ വാര്‍ദ്ധയിലെ സംഘത്തിന്റെ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ബോംബെയിലെ ഒരു സോളിസിറ്റര്‍ ആയിട്ടുള്ള മൊഹിരാം വിനായക് ജയകര്‍ പാകിസ്ഥാന്‍ എന്ന ആശയത്തെ വിമര്‍ശിച്ചുകൊണ്ട് രാജ്യം ഒരു സിവില്‍ യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും സംഘത്തിന് അതില്‍ സുപ്രധാന പങ്ക് വഹിക്കേണ്ടിവരും എന്നും പറഞ്ഞിരിക്കുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തിനെ വിഭജിക്കാന്‍ മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോപ്പ് കൂട്ടിയപ്പോള്‍ കോണ്‍ഗ്രസ് നിസ്സഹായരായതും ദശലക്ഷക്കണക്കിന് ജനങ്ങള്‍ അതിലൂടെ കൂട്ടക്കൊലയ്ക്ക് ഇരയായതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിവരും. മുസ്ലിം വിഭാഗത്തിനായി രാജ്യത്തെങ്ങും കലാപങ്ങള്‍ ആസൂത്രണം ചെയ്തപ്പോള്‍ ഹിന്ദു ജനതയുടെ സംരക്ഷകരായി നിലകൊണ്ടത് രാഷ്ട്രീയ സ്വയംസേവക സംഘം ആയിരുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

‘ഹോശങ്കാബാദിലെ 800 ഓളം വരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് 1946 മാര്‍ച്ച് 17-18 തീയതികളില്‍ സംസാരിച്ച ഗോള്‍വാല്‍ക്കര്‍, ഇന്ത്യ ഒരു ഗതിമാറ്റത്തിന്റെ കാലത്തിലൂടെ കടന്നുപോവുകയാണെന്നും കൊള്ളകളും കൊലകളും കലാപങ്ങളും രാഷ്ട്രീയാധികാരത്തെ സ്തംഭിപ്പിക്കുമെന്നും ഇതിനെ നേരിടാന്‍ സംഘം ഒരു വര്‍ഷത്തോളമായി തയ്യാറെടുക്കുകയാണെന്നും പറഞ്ഞു. സംഘത്തിന്റെ ശക്തി ഇപ്പോള്‍ രണ്ടര ലക്ഷം ആണെന്നും അത് മനഃശാസ്ത്രപരമായ ഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നേരിടാന്‍ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..” (NAI File:- HOME_POLITICAL_I_1946_NA_F-5-12)

രാജ്യം സ്വാതന്ത്ര്യത്തോട് അടുക്കുംതോറും വിഭജനത്തോട് അടുക്കുക കൂടിയായിരുന്നു എന്ന് സംഘം തിരിച്ചറിഞ്ഞിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാള്‍ ക്ലേശകരമായത് സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യത്തെ നേരിടുന്നതായിരിക്കും എന്നതിനെക്കുറിച്ചും സംഘടനക്ക് ബോധ്യമുണ്ടായിരുന്നു. സംഘത്തിന്റെ പോരാട്ടം ബ്രിട്ടീഷുകാരേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങളോട് ആയിരുന്നെന്ന് 19-05-1946 ല്‍ റോത്തക്കില്‍ വച്ചുനടന്ന രഹസ്യ മീറ്റിംഗില്‍ നാഗ്പൂരിലെ ദാദാ ഭായി പറഞ്ഞതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം
ഒടുവില്‍ ഭയന്നതുപോലെ മതത്തിന്റെ പേരില്‍ രാജ്യം വെട്ടിമുറിക്കപ്പെട്ടു. വിവിധ രീതിയില്‍ വിവിധ പ്രദേശങ്ങളിലെ സ്വയംസേവകര്‍ ഹിന്ദു ജനതയുടെ സംരക്ഷണം ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ 1948 ന്റെ തുടക്കം വരെയുള്ള ദ്വൈവാര റിപ്പോര്‍ട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരാലംബരായ ജനങ്ങളെ സഹായിക്കാന്‍ സ്വയംസേവകര്‍ തമ്പടിച്ചതിന്റെയും പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്വയംസേവകര്‍ പോയതിന്റെയും വിവരങ്ങള്‍ അതിലുണ്ട്.

വിഭജനത്തിന്റെ മുറിപ്പാടുകള്‍ മാറുംമുമ്പേ രാഷ്ട്രീയ സ്വയംസേവക സംഘം നിരോധനം നേരിട്ടതും ഈ പ്രതിസന്ധികളെ സംഘടന സധൈര്യം നേരിട്ടതുമായ എല്ലാ വിവരങ്ങളും നാഷണല്‍ ആര്‍ക്കൈവ് രേഖകളില്‍ ലഭ്യമാണ്. അവ ബ്രിട്ടീഷ് രേഖകളില്‍ ഉള്‍ക്കൊള്ളുന്നവയായി കണക്കാക്കാനാവില്ല എന്നതിനാല്‍ ഇവിടെ പര്യവസാനിപ്പിക്കുന്നു.

ബ്രിട്ടീഷ് രേഖകളിലൂടെ സഞ്ചരിച്ചാല്‍ത്തന്നെ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിച്ചതും പ്രവര്‍ത്തിച്ചതും കേവലം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കോ അധികാര ലക്ഷ്യങ്ങള്‍ക്കോ അല്ല എന്ന് ബോധ്യമാവും. സ്വാതന്ത്ര്യം നേടുക എന്നത് സംഘടനയുടെ വളര്‍ച്ചയിലൂടെ സ്വാഭാവികമായി എത്തിച്ചേരാവുന്ന ലക്ഷ്യമാണ് എന്ന തിരിച്ചറിവിലായിരുന്നു സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഉടനീളം സംഘടന പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനേക്കാള്‍ സ്വാതന്ത്ര്യം കിട്ടിയശേഷമുള്ള രാജ്യത്തെക്കുറിച്ചുള്ള ലക്ഷ്യങ്ങളാണ് സംഘത്തെ നയിച്ചിരുന്നത് എന്ന് പറയുന്നതാവും കൂടുതല്‍ ശരിയായ സംഗതി.

നിസ്സഹകരണ പ്രസ്ഥാനത്തിലും വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന സമരങ്ങളിലും സംഘം പങ്കാളികളായി എന്ന് ബ്രിട്ടീഷ് രേഖകള്‍ തെളിവുകള്‍ നിരത്തുന്നു. എന്നാല്‍ സംഘം നേരിട്ട് ഒരു അട്ടിമറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല. അതിനുകാരണം ബ്രിട്ടീഷുകാര്‍ വിലയിരുത്തിയതുപോലെ സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കായി ആദ്യം സംഘടനയെ പൂര്‍ണ്ണ വളര്‍ച്ചയില്‍ എത്തിക്കേണ്ടതുണ്ട് എന്ന തീരുമാനം തന്നെയാണ്.

അഷ്ടിയിലും ചിമൂറിലും രാഷ്ട്രീയ സ്വയംസേവക സംഘ പ്രവര്‍ത്തകര്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടും ശിക്ഷകള്‍ ഏറ്റുവാങ്ങിയിട്ടും ഉണ്ടെങ്കിലും സംഘത്തിന്റെ ലേബലില്‍ അല്ലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരെല്ലാം കോണ്‍ഗ്രസ് എന്ന സ്വാതന്ത്ര്യസമര സംഘടനയുടെ ഭാഗം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. സംഘ സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറും കോണ്‍ഗ്രസിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. സംഘടനയുടെ ചുമതല മറ്റൊരാളെ ഏല്പിച്ചിട്ടാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിത്തിരിച്ചത് എന്നതും ഇതോടൊപ്പം എടുത്തുപറയേണ്ട സംഗതിയാണ്.

ഇതിനിടയില്‍ ഇതുവരെയും മനപ്പൂര്‍വ്വം ഉള്‍പ്പെടുത്താത്ത ജീവത്യാഗം ചെയ്ത ഒരു സ്വയംസേവകനായ സ്വാതന്ത്ര്യസമരഭടന്‍ കൂടിയുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ നിര്‍ണ്ണായക സമരമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഹേമു കലാനി എന്ന സിന്ധി യുവാവ് ആണത്. റെയില്‍ പാളങ്ങളുടെ ഫിഷ് പ്‌ളേറ്റുകള്‍ നീക്കം ചെയ്ത് നടത്തിയ അട്ടിമറി പ്രവര്‍ത്തനത്തിനിടയില്‍ ഹേമു കലാനി പിടിയിലാവുകയും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു. ഇത് സംബന്ധിച്ച രേഖകള്‍ ബ്രിട്ടീഷ് ആര്‍ക്കൈവുകളില്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ സംഘവുമായി ബന്ധിപ്പിക്കുന്ന ഒന്നും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുകാരണം അദ്ദേഹവും കോണ്‍ഗ്രസുകാരന്‍ എന്ന ലേബലില്‍ ആണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഇന്നും അദ്ദേഹത്തിനെ എല്ലാ വര്‍ഷവും സിന്ധികളായ സ്വയംസേവകര്‍ ആദരിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ ആരും അറിയാതെ എത്രയോ സ്വയംസേവകര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിട്ടുണ്ടാവണം. സ്വാതന്ത്ര്യം മാത്രമായ ലക്ഷ്യത്തില്‍ ഒതുങ്ങാത്തതുകൊണ്ടോ ഇത്തരം വിവരങ്ങളും സ്വന്തം സംഘടനയുടെ ചരിത്രവും രേഖപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതുകൊണ്ടോ അതൊന്നും പ്രചാരണ വിഷയങ്ങള്‍ ആവുന്നില്ല എന്നുമാത്രം. അങ്ങനെ അറിഞ്ഞും അറിയാതെയും ജീവന്‍ ബലികൊടുത്തും നിസ്വാര്‍ത്ഥ സമാജസേവനം നടത്തിയിട്ടുള്ള സ്വയംസേവകര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഈ രചന ഇവിടെ അവസാനിപ്പിക്കുന്നു.

Tags: ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്.AmritMahotsav
Share1TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies