മൂന്നു പതിറ്റാണ്ടുകാലം ദീര്‍ഘിച്ച ഒളിമ്പിക് ഹോക്കിയിലെ സര്‍വ്വാധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യക്ക് ആശ്വാസത്തിന് വകയുള്ള നേട്ടങ്ങള്‍ അധികമില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാളുകളില്‍ ലോകകായികരംഗത്ത് ചുവടുറപ്പിക്കുന്നതിനുള്ള സംയോജിത ശ്രമങ്ങള്‍ രാജ്യത്തെ ഭരണകര്‍ത്താക്കളില്‍ നിന്നുമുണ്ടായതുമില്ല. ചെറുരാജ്യങ്ങള്‍ പോലും ഒളിമ്പിക് – ലോക വേദികളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരുന്നപ്പോള്‍ നാം പങ്കുവച്ചത്, പങ്കെടുക്കുന്നതിലുള്ള സന്തോഷമായിരുന്നു. പങ്കാളിത്ത മനോഭാവത്തിനപ്പുറം വിജയത്തിനായുള്ള ത്വരയോ അതിനാവശ്യമായ പശ്ചാത്തല സൗകര്യ ലഭ്യതയോ ഉണ്ടായിരുന്നില്ലായെന്നതാണ് പരമാര്‍ത്ഥം. നിക്ഷിപ്ത താല്‍പര്യങ്ങളും ദുര്‍ബലമായ കായിക സംവിധാനവും സാമ്പ്രദായിക പരിശീലനരീതികളും മുന്നേറ്റങ്ങള്‍ക്കുള്ള സാധ്യതകളെ കെടുത്തിക്കളയുകയാണുണ്ടായത്. ഈ സ്ഥിതി മാറണമെന്ന താല്‍പര്യവും കായിക നടത്തിപ്പുകാരുടെ അജണ്ടയിലുണ്ടായിരുന്നില്ലായെന്നതാണ് അനുഭവങ്ങളില്‍ നിന്നുണ്ടായ ബോദ്ധ്യം.
ലോക കായികരംഗം അതിവേഗം മുന്നേറുമ്പോള്‍ ഇവിടെ സംഭവിച്ച മെല്ലെപ്പോക്ക് ഒളിമ്പിക്‌സുകളിലും ഇതര ലോകമത്സരങ്ങളിലും സ്വാഭാവികമായും പ്രതിഫലിച്ചു. 1928ല്‍ ആംസ്റ്റര്‍ഡാം മുതല്‍ 1980 മോസ്‌കോ വരെ (1952ല്‍ ഹെല്‍സിങ്കിയിലൊഴികെ) ഒരു ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ എന്നതായിരുന്നു ഇന്ത്യന്‍ നേട്ടം. 1984ല്‍ ലോസ് ആഞ്ചല്‍സിലും 88ല്‍ സോളിലും 92ല്‍ ബാര്‍സലോണയിലും അതുമുണ്ടായില്ല. 1996ല്‍ അറ്റ്‌ലാന്റയില്‍ ലിയാണ്ടര്‍ പേസും 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരിയും 2004ല്‍ ഏതന്‍സില്‍ രാജ്യവര്‍ദ്ധന്‍സിങ് റാതോഡും ഓരോ മെഡലുകളുമായി രാജ്യത്തിന്റെ മാനം കാത്തു. 2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ്ങ് സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍ ചരിത്രത്തിലാദ്യമായി ലഭിച്ചപ്പോള്‍ ഇന്ത്യന്‍ കായിക മേലാളന്മാര്‍ ഒന്നുണര്‍ന്നു. അതിന് ശേഷമാണ് അന്താരാഷ്ട്ര നേട്ടങ്ങള്‍ക്കായുള്ള ഗൗരവപൂര്‍വ്വമായ ശ്രമങ്ങളാരംഭിക്കുന്നത്.
അപ്പോഴും ശാസ്ത്രീയ പരിശീലന പദ്ധതികളും സ്‌പോര്‍ട്‌സ് മെഡിസിന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളും രാജ്യത്ത് വ്യാപകമായിരുന്നില്ല. ദേശീയ വിനോദമായി ഗണിക്കപ്പെടുന്ന ഹോക്കി കളിക്കാന്‍ ‘മതിയായ അസ്‌ട്രോ ടര്‍ഫുകളോ, അന്തര്‍ദ്ദേശീയ നിലവാരമുള്ള സൈക്ലിങ്ങ് വെലോഡ്രോമുകളോ മികവുള്ള ഷൂട്ടിങ്ങ് റേഞ്ചുകളോ അധികമുണ്ടായിരുന്നില്ല. അത്തരം സൗകര്യങ്ങളൊക്കെ ദേശീയ പരിശീലനകേന്ദ്രങ്ങളിലൊതുങ്ങി. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലിനങ്ങളില്‍ ആറ് മെഡല്‍ എന്ന നേട്ടം ഇന്ത്യന്‍ താരങ്ങള്‍ സാധ്യമാക്കിയത്. എന്നാല്‍ 2016ല്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ എണ്ണം രണ്ടായി കൂപ്പുകുത്തിയപ്പോള്‍ ദേശീയ കായിക സംഘടനാ സംവിധാനത്തിന്റെ പോരായ്മകള്‍ വീണ്ടും തെളിഞ്ഞുവന്നു.
അവിടെ നിന്നുമാണ് രോഗമറിഞ്ഞുള്ള ചികിത്സയ്ക്ക് രാജ്യത്തെ കായിക സംവിധാനം തയ്യാറായിത്തുടങ്ങുന്നത്. രാജ്യത്ത് ഭരണമാറ്റം മൂലം കായിക മേഖലയ്ക്ക് കൈവന്ന പുതിയ ദിശാബോധം ശരിക്കും പ്രവര്‍ത്തനഘട്ടത്തിലേക്ക് പ്രവേശിക്കുന്നതും ഇക്കാലയളവു മുതല്‍ തന്നെയാണ്. നിലവിലുള്ള സംവിധാനങ്ങളില്‍ ചില പൊളിച്ചെഴുത്തുകളും ഉടച്ചുവാര്‍ക്കലുകളുമുണ്ടായി. സംഘാടകരുടെ സമീപനത്തിലും മനോഭാവങ്ങളിലും പ്രകട വ്യത്യാസങ്ങള്‍ വന്നു. ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (TOP) പദ്ധതി ഊര്‍ജ്ജിതമായി. പ്രാദേശിക കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വേകാന്‍ തുടങ്ങിവച്ച ‘ഖേലോ ഇന്ത്യ’ മത്സരങ്ങളിലൂടെ പുതിയ കായിക പ്രതിഭകള്‍ ഉയര്‍ന്നുവന്നു. കായിക ആരോഗ്യ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒപ്പം നടന്നു. മികവുകാട്ടുന്ന താരങ്ങള്‍ക്കായി ദീര്‍ഘകാലപരിശീലനസൗകര്യം ദേശത്തും വിദേശത്തും രൂപപ്പെട്ടു. അങ്ങനെ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കായി പശ്ചാത്തലമൊരുങ്ങി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും (ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ബോക്‌സിങ്ങ്) ഒറീസയടക്കമുള്ള ആദിവാസി മേഖലകളിലും (ഹോക്കി, ആര്‍ച്ചറി) ഹരിയാനയിലും ദല്‍ഹിയിലു (ഗുസ്തി, ബോക്‌സിങ്) മെല്ലാം പ്രതിഭാധനരായ ചെറുപ്പക്കാരുടെ വന്‍നിര ഉയര്‍ന്നുവന്നു. മുന്‍കാലങ്ങളില്‍ കളിക്കാര്‍ക്ക് അപ്രാപ്യമായിരുന്ന വിദേശപരിശീലനം അര്‍ഹരായവര്‍ക്കെല്ലാം ഉറപ്പായി. ഒളിമ്പിക്‌സ്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ പ്രതീക്ഷയുള്ളവര്‍ക്ക് വ്യക്തിഗത പരിശീലകരെത്തി. കായിക മേഖലയുടെ ബജറ്റ് വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. മുന്‍കാലങ്ങളില്‍ ക്രിക്കറ്റിന് ചുറ്റും വട്ടമിട്ടുന്നിന്നിരുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇതരകായിക ഇനങ്ങളിലും സ്‌പോണ്‍സര്‍മാരായെത്തി. പ്രകടനം നന്നാക്കിയാല്‍ വിജയം കൈവരുമെന്ന് മാത്രമല്ല, ജീവിതം മെച്ചപ്പെടുമെന്ന് കളിക്കാര്‍ക്ക് തോന്നിത്തുടങ്ങി. കമ്പനി ഭീമന്‍മാരുടെ മനസുമാറ്റം കായികരംഗത്തിന് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയും ചെയ്തു.
പരാധീനതകളും പഴികളും പരാജയങ്ങളുടെ ഘോഷയാത്രകളുമായി ഏറെക്കുറെ പരിഹാസ്യതയിലേക്ക് പിന്‍ നടന്ന ഇന്നാട്ടിലെ കായികരംഗത്തെ, നേര്‍വഴിക്ക് നടത്താന്‍ നിശ്ചദാര്‍ഢ്യവുമായെത്തിയ കായിക മന്ത്രാലയത്തിന്റെ പരിശ്രമങ്ങള്‍ക്ക് വൈകാതെ ഫലമുണ്ടായിത്തുടങ്ങി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ നേടി. 2018-ല്‍ പി.വി. സിന്ധു ചരിത്രത്തിലാദ്യമായി ലോക ബാഡ്മിന്റണ്‍ കിരീടം നേടുന്ന ഇന്ത്യന്‍ വനിതയായി. പുരുഷ വിഭാഗത്തില്‍ സായിപ്രണീതിന്റെ സെമിഫൈനല്‍ പ്രവേശവും നേട്ടം തന്നെയായിരുന്നു. 52 കിഗ്രാം ബോക്‌സിങ്ങില്‍ അമിത് പംഗലും 65 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് പൊരുതിക്കയറി. തുടര്‍വര്‍ഷങ്ങളില്‍ നടന്ന ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം വാരി ഇന്ത്യന്‍ താരങ്ങള്‍ അജയ്യരായി. സൗരഭ് വര്‍മ, മനുഭക്തര്‍ എന്നീ ചെറുബാല്യക്കാര്‍ ഇന്ത്യന്‍ ഷൂട്ടിങ്ങില്‍ ഭാവി പ്രതീക്ഷകളായി ഉയര്‍ന്നുവന്നു.
നാളിതുവരെയുള്ള ഏറ്റവും മികച്ച ഒളിമ്പിക്‌സ് പ്രകടനം ടോക്കിയോയിലുണ്ടായി. ജര്‍മ്മന്‍ പരിശീലകന്‍ ഗ്രഹാം റീഡിന്റെ ശിക്ഷണത്തില്‍ അതിശയകരമായ ഫിറ്റ്‌നസും വേഗവും കൈവരിച്ച ഇന്ത്യ നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക് മെഡല്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കളിച്ചുകയറി. ജാവലിന്‍ സ്വര്‍ണ്ണത്തിലേക്ക് നീട്ടിയെറിഞ്ഞ നീരജ് ചോപ്ര ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി രചിച്ചത് പുതുചരിത്രം. രവി ദഹിയയും ബജ്‌റംഗ് പൂനിയയും ലവ്‌ലിനാ ബോര്‍ഗ്‌ഹോയിനും മീരാബായി ചാനുവും പി.വി. സിന്ധുവുമെല്ലാം ടോക്കിയോയില്‍ രാജ്യത്തിന്റെ അഭിമാനമായി.
കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഈ നേട്ടങ്ങള്‍ ദേശീയ കായിക മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളാണ്. പ്രധാനമന്ത്രി ലക്ഷ്യമിട്ട രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ കായികരംഗത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. രാജ്യത്തെ കായികസംസ്‌കാരത്തിന് പുതിയൊരു ഭാവുകത്വം രൂപപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ ഉള്‍ക്കാഴ്ച പ്രധാനമായി. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കായികമന്ത്രിമാരായ കിരണ്‍ റിജുജുവും അനുരാഗ് താക്കൂറും പശ്ചാത്തല സൗകര്യം ഉറപ്പാക്കുക വഴി പുതിയ സാധ്യതകളിലേക്ക് കായികരംഗത്തെ കൈപിടിച്ചു നടത്തി.
മുന്‍കാലങ്ങളില്‍ വിജയം നേടുന്ന താരങ്ങളെ അനുമോദിക്കുകയും പരാജിതരെ അവഗണിക്കുകയും ചെയ്യുന്ന സാമ്പ്രദായിക രീതികളാണ് ഭരണകര്‍ത്താക്കള്‍ കൈക്കൊണ്ടിരുന്നത്. തീക്ഷ്ണ മത്സരങ്ങളുടെ കഠിനപഥങ്ങളില്‍ വിജയത്തിലെത്താനാകാതെ കാലിടറിയവര്‍ ഒരു സ്വീകരണങ്ങളിലും പരിഗണിക്കപ്പെട്ടതേയില്ല. വരും നാളുകളില്‍ ഇവര്‍ വിജയിക്കേണ്ടവരാണെന്ന സാമാന്യയുക്തിപോലും ഭരണകര്‍ത്താക്കള്‍ക്കുണ്ടായിരുന്നില്ല. പരാജിതര്‍ പിന്തള്ളപ്പെടേണ്ടവരാണെന്ന അധമബോധമായിരുന്നു അന്ന് നടപ്പുരീതി. അങ്ങനെയുള്ള തിരസ്‌കാരങ്ങളാല്‍ മനംനൊന്ത് കളംവിട്ടവര്‍ അനവധിയുണ്ട്.
ഇവിടെയാണ് നരേന്ദ്രമോദി വ്യത്യസ്തനാകുന്നത്. മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ തന്നെ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുക, ധൈര്യം പകരുക – ഈ രീതി ഇന്ത്യന്‍ കായിക ഭരണക്കാര്‍ക്ക് അന്യമായിരുന്നു. അവിടെയാണ് പ്രധാനമന്ത്രി തിരുത്ത് വരുത്തിയത്. ‘നിങ്ങള്‍ പരമാവധി ശ്രമിക്കുക. വിജയമോ, തോല്‍വിയോ സംഭവിക്കാം, രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്’. ഈ വാക്കുകള്‍ കളിക്കാരിലും കളിക്കളത്തിലും നിറഞ്ഞപ്പോള്‍ അവര്‍ക്ക് അവസാനകുതിപ്പിനുള്ള ഊര്‍ജമായി അതുമാറി. ടോക്കിയോ ഒളിമ്പിക്‌സ് കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ മുഴുവന്‍ കായികതാരങ്ങളേയും പരിശീലകരേയും പ്രധാനമന്ത്രി നേരിട്ടു വരവേറ്റു. അവരുമായി ഇടപഴകി. കളിയനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. നര്‍മ്മം പങ്കുവച്ചു. കുടുംബകാര്യങ്ങളന്വേഷിച്ചു. എന്തൊരു ഊഷ്മളമായ അനുഭവം. ഔപചാരികതയുടെ ലേശമില്ലാതെ തികഞ്ഞ സൗഹൃദത്തിന്റെ സൗമ്യ വിനിമയങ്ങളാണ് അന്നവിടെ കണ്ടത്. പ്രധാനമന്ത്രി പലരിലൊരാളായി, അവര്‍ക്കൊപ്പം നിന്നു. ഓരോരുത്തരുടേയും ഓര്‍മ്മയില്‍ എക്കാലവും സൂക്ഷിക്കാനുള്ള ഒരു സുവനീറായി ആ ഒത്തുചേരല്‍ മാറി. അവിടെ വിജയികളും പരാജിതനും ഇല്ലായിരുന്നു. രാജ്യത്തിന്റെ അഭിമാനമായി വിയര്‍പ്പ് ചിന്തിയവര്‍ മാത്രം. വിജയികള്‍ക്കൊപ്പം നിന്ന് സ്വയം താരമാകുന്ന ഭരണാധികാരികളുടെ പുറംപൂച്ചുകളില്‍ നിന്നുമുള്ള മോചനമായാണ് ആ ദൃശ്യങ്ങള്‍ അനുഭവപ്പെട്ടത്.
ലോക കായിക രംഗത്ത് വന്‍കുതിപ്പുകള്‍ക്ക് കഴിയണമെങ്കില്‍ രാജ്യത്തെ പശ്ചാത്തല കായികസൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പുതിയ താരങ്ങള്‍ക്ക് വഴിതുറക്കേണ്ടതുണ്ട്. പ്രതിഭകളെ കണ്ടെത്തുന്നതുമുതല്‍ ലക്ഷ്യം നേടുന്നതുവരെ ഓരോ അംശത്തിലും ശ്രദ്ധയുണ്ടാകേണ്ടതുമുണ്ട്. പക്ഷേ വിശ്വവിജയികള്‍ രൂപം കൊള്ളണമെങ്കില്‍ അവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം. പ്രധാനമന്ത്രി കാട്ടിത്തന്നതും പറഞ്ഞുവച്ചതും അതൊക്കെ തന്നെയാണ്.