പരമേശ്വര്‍ജിയുടെ പഠനക്കളരിയില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട്, സകാരാത്മക സത്യാന്വേഷണ വൈചാരിക സമീപനത്തിലൂടെ മലബാര്‍ ഹിന്ദു കൂട്ടക്കൊലയുടെ ചരിത്രം പൂര്‍ണ്ണമായി ചികഞ്ഞെടുക്കുവാന്‍ കെ.സി.സുധീര്‍ ബാബു നടത്തിയ ഗവേഷണത്തിന്റെ സൃഷ്ടിയാണ്: ‘1921 മാപ്പിള കലാപം: ഡോ. അംബേദ്കര്‍ അടയാളപ്പെടുത്തുമ്പോള്‍’ എന്ന ഗ്രന്ഥം. വാളെടുത്ത വര്‍ഗീയതയെ വളച്ചൊടിക്കാനും വെളുപ്പിച്ചെടുക്കാനും വാക്കുകള്‍ നിരത്തിയ മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിക വര്‍ഗീയ കൂട്ടായ്മയ്ക്കു വേണ്ടി ചരിത്രം വിചിത്രമാക്കിയവരുടെ വികൃതമുഖങ്ങളും വാദമുഖങ്ങളും തുറന്നു കാട്ടിയിരിക്കയാണ് ഗ്രന്ഥകാരന്‍. അവയുടെ മുനകളൊടിക്കുന്നതിന് കുമാരനാശാനും ഡോ.അംബേദ്കറും ആനിബസന്റും സര്‍ സി.ശങ്കരന്‍ നായരും കെ.മാധവന്‍ നായരും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും അടയാളപ്പെടുത്തിയിട്ടുള്ള ചരിത്ര രേഖകള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തോടെ തകര്‍ന്നടിഞ്ഞ തുര്‍ക്കിയിലെ ഖലീഫയുടെ വര്‍ഗീയ സാമ്രാജ്യത്വ പുന:സ്ഥാപനത്തിനു വേണ്ടി ഇംഗ്ലീഷ് സാമ്രാജ്യത്വത്തിനും ക്രൈസ്തവ ശക്തികള്‍ക്കും എതിരെ ഉയര്‍ന്ന അന്തര്‍ദ്ദേശീയ ഇസ്ലാമിക പോരാട്ടമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഭാരതത്തില്‍ തങ്ങളുടെ മുഗള്‍ സാമ്രാജ്യം പ്രതിരോധിക്കുന്നതില്‍ ഇംഗ്ലീഷ്-ക്രിസ്ത്യന്‍ സാമ്രാജ്യ ശക്തികളോട് തോറ്റു തുന്നം പാടിയശേഷം അവരോട് സഖ്യം കൂടി സ്വന്തം തടി രക്ഷിച്ചു കൊണ്ടിരുന്നവരാണ് ഇസ്ലാമിക വര്‍ഗീയതയുടെ രാഷ്ട്രീയ പക്ഷം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പോലും ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എടുക്കരുതെന്ന നിര്‍ദ്ദേശം തുര്‍ക്കിയിലെ ഖലീഫ നല്‍കിയിരുന്നതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് സാമ്രാജ്യത്വം ദാറുള്‍ ഹറാമാണെന്ന് കണക്കാക്കേണ്ടെന്നും ദാറുള്‍ ഇസ്ലാമല്ലെങ്കില്‍ പോലും ഇസ്ലാമിക ജീവിതരീതി അനുവദിക്കുന്ന ഇവിടെ കഴിയുന്നത് അനിസ്ലാമികമല്ലെന്നുമുള്ള ഫത്വകള്‍ വ്യാപകമായി ഇറങ്ങുകയും ചെയ്തു. അങ്ങനെയാണ് 1914ല്‍ ഒന്നാം ലോക മഹായുദ്ധം തുടങ്ങുമ്പോള്‍ മലബാറിലെ മുസ്ലിങ്ങളും പള്ളികളില്‍ ഇംഗ്ലീഷ് വിജയത്തിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയത്. അതില്‍ നിന്ന് വ്യക്തമാകുന്നത് (1) ഒന്നാം ലോക മഹായുദ്ധം തുടങ്ങുമ്പോള്‍ (1914ല്‍) മലബാറിലെ മുസ്ലിങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധരായിരുന്നില്ല. (2) ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തില്‍ ഇസ്ലാമിക രാഷ്ട്രീയപക്ഷം മലബാറിലുള്‍പ്പെടെ ഭാരതത്തിലെങ്ങും ഏര്‍പ്പെട്ടിരുന്നുമില്ല. (3) അവര്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1918 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായെങ്കില്‍ ആ ഇടവേളയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിന്റെ ശാക്തിക ചേരികളിലെ മാറ്റവും യുദ്ധത്തിന്റെ പരിണതികളും മാത്രമാണ് കാരണം. (4) ഒന്നു മുതല്‍ മൂന്നുവരെ സൂചിപ്പിച്ച ബിന്ദുക്കളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ 1921ല്‍ മലബാറില്‍ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ ഹിന്ദുക്കള്‍ക്കെതിരെയോ കൊലക്കത്തികളെടുത്ത് ഹാലിളകി അഴിഞ്ഞാടിയതിന് 1914ന് മുമ്പുണ്ടായ കാര്യങ്ങളൊന്നുമായിരുന്നില്ല കാരണമായതെന്ന് വ്യക്തമാകുന്നു.
അറേബ്യന്‍ നാടുകളില്‍ നിന്ന് കച്ചവടത്തിനായി ഇസ്ലാമിക സമൂഹം ഇവിടെ എത്തിച്ചേര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന തെറ്റല്ലാത്ത ലക്ഷ്യത്തോടെ വേണ്ട സൗകര്യം നല്‍കുകയാണ് സാമൂതിരി രാജാക്കന്മാര്‍ ചെയ്തത്. അതിനിടെ അവര്‍ ഇവിടെ വിവാഹങ്ങള്‍ ചെയ്തും മറ്റും നടത്തിയ മതപരിവര്‍ത്തന ശ്രമങ്ങളെ പോലും ഭരണകൂടമോ ഹൈന്ദവ സമൂഹമോ എതിര്‍ത്തിട്ടുമില്ല. പിന്നീട് വന്ന പോര്‍ച്ചുഗീസ് അധിനിവേശ ശക്തികളില്‍ നിന്നുമാണ് അവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നത്. എന്നാല്‍, ഇരിക്കാനിടം നല്‍കിയവന്റെ തറവാട് കയ്യേറാനുള്ള കുടില ബുദ്ധിയാണ് ഇസ്ലാമിക സമ്പന്നവര്‍ഗ്ഗം കാട്ടിയത്. ഹൈദരാലിയെയും ടിപ്പുവിനെയും വിളിച്ചുവരുത്തി അവരുടെ പടയോട്ടങ്ങളുടെയിടയില്‍ ഹിന്ദു കൂട്ടക്കൊലകളും കവര്‍ച്ചകളും മതപരിവര്‍ത്തനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടത്തിയും ശേഷിക്കുന്നവരെ പലായനം ചെയ്യിച്ചും ഹിന്ദുക്കളുടെ കൃഷിഭൂമിയും കിടപ്പാടങ്ങളും സ്വത്തും തട്ടിയെടുത്ത് ഇസ്ലാമിക കയ്യേറ്റക്കാരില്‍ ചിലര്‍ ജന്മികളായി മാറുകയാണ് ചെയ്തത്.
ഇംഗ്ലീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ അയാളുടെ പടയോട്ടത്തില്‍ നിന്നും തിരുവിതാകൂറിലേക്കും കൊച്ചിയിലേക്കും ഓടി രക്ഷപ്പെട്ട ഹൈന്ദവ സമൂഹം സ്വദേശങ്ങളിലേക്ക് തിരിച്ചെത്തി. അവര്‍ക്ക് നഷ്ടപ്പെട്ടിരുന്ന കിടപ്പാടങ്ങളും കൃഷിയിടങ്ങുളും കുറച്ചൊക്കെയെങ്കിലും കയ്യേറിയവരില്‍ നിന്ന് തിരിച്ചുപിടിച്ച് നല്‍കാന്‍ തയ്യാറായതിനാണ് മലബാറിലെ മുസ്ലിം ഭൂമാഫിയയും മുതലാളിമാരും ഇടക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധരാകുന്നത്.
മലബാറിലെ വനസമ്പത്ത് ചൂഷണം ചെയ്ത് ടിപ്പുവും തുര്‍ക്കി സാമ്രാജ്യവും ഫ്രാന്‍സും ചേര്‍ന്നൊരുക്കിയിരുന്ന തടിവിപണിയിലൂടെ തടിച്ചുകൊഴുത്ത ഇസ്ലാമിക തടിവ്യാപാരികള്‍ ഇംഗ്ലീഷ് അധിനിവേശത്തോടെ വിലക്കുകള്‍ക്ക് വിധേയരായതും ആ ഇടക്കാല വിരോധത്തിന് വഴി തെളിച്ചു. അങ്ങനെ കട്ടും കൊന്നും കവര്‍ച്ച ചെയ്തും കെട്ടിപ്പടുത്തതില്‍ ഒട്ടൊക്കെ നഷ്ടപ്പെട്ട ഇസ്ലാമിക ഭൂമികയ്യേറ്റക്കാരും ‘തടികേടായ’ തടിക്കച്ചവടക്കാരും അടങ്ങുന്ന സമ്പന്ന വിഭാഗം സ്വാഭാവികമായും ബ്രിട്ടീഷ് ഭരണകൂടത്തോട് ആദ്യഘട്ടത്തില്‍ എതിരായിരുന്നു. പക്ഷേ ഭാരതമാകെ സാമ്രാജ്യത്വം വ്യാപിപ്പിച്ച ഇംഗ്ലീഷുകാര്‍ അത് നിലനിര്‍ത്തുവാനൊരുക്കിയ രണതന്ത്രം ഇസ്ലാമിനോടടുത്തുകൊണ്ട് അവരുടെ എതിര്‍പ്പില്ലാതാക്കുകയെന്നതായിരുന്നു. അതോടെ ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന്റെ തണലില്‍ മലബാറിലെ മുസ്ലിം മത വിഭാഗത്തിന്റെയും അവരിലെ ജന്മി-മുതലാളി-ഉപരിവര്‍ഗ മൂലധനശക്തികളും വീണ്ടും കൂടുതല്‍ കരുത്തരായി. പക്ഷേ അന്നും അവിടെ പരമ്പരാഗതമായി ഭൂവുടമകളായിരുന്ന ഹിന്ദുക്കളിലെ ചെറു ന്യൂനപക്ഷവും പട്ടിണിയാണെങ്കിലും പ്രലോഭനങ്ങളെയും ഭീഷണികളെയും കടന്നാക്രമങ്ങളെയും അതിജീവിച്ച് മതം മാറാന്‍ തയ്യാറാകാതിരുന്ന ഹിന്ദുവിശ്വാസികളിലെ ഭൂരിപക്ഷവും മുസ്ലിം മൂലധനശക്തികളുടെയും മതഭ്രാന്തന്മാരുടെയും കണ്ണുകളിലെ കരടുകളായിരുന്നു. ആ കരട് എടുത്തു കളയുവാന്‍ ഹിന്ദുവിനെ (മുതലാളിയാണെങ്കിലും തൊഴിലാളിയാണെങ്കിലും) കഴുത്തു ഞെരിച്ചു കൊല്ലുവാനും അവര്‍ക്കുള്ളതെല്ലാം തങ്ങള്‍ക്ക് തട്ടിയെടുക്കുവാനുമാണ് മലബാര്‍ മാപ്പിളമാര്‍ ഖിലാഫത്തിനിടയില്‍ ഇടം കണ്ടെത്തിയതെന്നതാണ് ചരിത്രസത്യം. അവര്‍ നടത്തിയ കൊടും ക്രൂരതയുടെ ചരിത്രം പുനരവതരിപ്പിക്കുകയാണ് സുധീര്‍ ബാബു ചെയ്തിരിക്കുന്നത്.
ആദ്യം കിട്ടുന്ന അവസരം തന്നെ മുതലാക്കി അയല്‍ക്കാരനെ ഇല്ലാതാക്കാനും അവന്റെ മണ്ണും പെണ്ണും സ്വന്തമാക്കാനും തക്ക മതഭ്രാന്ത് മലബാര്‍ മാപ്പിള സമൂഹത്തില്‍ വളര്‍ത്തിയെടുത്തതിന്റെ ചരിത്രവും ഗ്രന്ഥകാരന്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. ‘മലബാറിലെ ഇസ്ലാം മതബോധനിര്‍മ്മാണവും അപരവ്യക്തിത്വവത്കരണവും’ വിശദമായി ചര്‍ച്ച ചെയ്ത മൂന്നാം അദ്ധ്യായം കഴിഞ്ഞ കാലം കണ്ട അപകടകരങ്ങളായ പ്രവണതകളെ വിളിച്ചറിയിക്കുന്നു. അത്തരം ശ്രമങ്ങളില്‍ മതവിദ്യാഭ്യാസവും മാപ്പിളപ്പാട്ടുകളും നേര്‍ച്ചകളും, നോമ്പ്, ഹജ്ജ്, സക്കാത്ത്, എല്ലാം ഉപകരണങ്ങളായി ഉപയോഗിച്ചുകൊണ്ട് അന്യവത്കരണം പൂര്‍ണ്ണമാക്കി അന്തിമ ജിഹാദിന് വഴിയൊരുക്കുകയായിരുന്നുവെന്ന സത്യം കൃത്യമായ വിശദീകരണത്തോടെ വെളിപ്പെടുത്തിയിരിക്കുന്നു. കൊന്നുതള്ളേണ്ടതെങ്ങനെയാണെന്നും കവര്‍ന്നെടുക്കേണ്ടതും മതം മാറ്റേണ്ടതും എങ്ങനെയാണെന്നും കവര്‍ന്നെടുത്ത മുതലും പിടിച്ചൊതുക്കിയ പെണ്ണും വീതംവെക്കേണ്ടതിന്റെ തോതെന്താണെന്നും അടങ്ങുന്ന ഒരു ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീഡിയര്‍’തന്നെ മുന്‍കൂട്ടി കലാപകാരികളെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു. കൊന്നാല്‍ കിട്ടുന്ന സ്വര്‍ഗ്ഗരാജ്യത്ത് കാത്തു നില്‍ക്കുന്ന കന്യകമാരുടെ കണ്ണുകളിലെ തിളക്കം വരെ വിശദീകരിച്ചു കൊടുത്തിട്ടുമുണ്ടായിരുന്നു.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് ഉദ്‌ഘോഷിച്ച നാരായണഗുരുദേവന്റെ മണ്ണിലാണ് ‘… വേഷം, ഭാഷ, ആഹാരം, ആചാരക്രമങ്ങള്‍, നിക്കാഹ്, മയ്യത്ത് നമസ്‌ക്കാരം, അഗ്രചര്‍മ്മച്ഛേദനം മുതലായ പുതിയ സാംസ്‌കാരിക മുദ്രകളിലൂടെ…ഇസ്ലാം സ്വത്വബോധനിര്‍മ്മാണവും അപരവ്യക്തിത്വവത്കരണവും’ സാദ്ധ്യമാക്കി അന്യ മതസ്ഥനെ കാഫിറാക്കി ചാപ്പകുത്തി അരിഞ്ഞില്ലാതാക്കുന്നതിന് അരങ്ങൊരുക്കിയതെന്ന് ഗ്രന്ഥകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. ഉലമമാരും തങ്ങള്‍മാരും മതസ്ഥാപനങ്ങളും എല്ലാം കലാപകാരികള്‍ക്ക് ആശയും ആവേശവും ആയുധവും നല്‍കി നടത്തിയ കലാപ പരമ്പരകളുടെ ചരിത്രം വ്യക്തമാക്കുന്നതിലൂടെ അതിനു പിന്നില്‍ സ്വാതന്ത്ര്യ സമരത്തിന്റെയോ കാര്‍ഷിക പ്രശ്‌നങ്ങളുടെയോ സൂചനകള്‍ പോലും ഒരിക്കലും ഉണ്ടായിട്ടില്ലായെന്ന വസ്തുതാപരമായ വിലയിരുത്തലിലേക്കാണ് ഗ്രന്ഥകാരന്‍ വായനക്കാരനെ വഴി തെളിക്കുന്നത്. ഹിന്ദു വംശ ഹത്യക്ക് ഇരയാക്കപ്പെട്ടവരുടെ ജാതിപരമായ വൈപുല്യം എടുത്തുകാണിക്കുന്നതിലൂടെ കലാപം മതം മാറാന്‍ മനസ്സില്ലാത്ത ഹിന്ദുവിനെയാകെ ലക്ഷ്യമിട്ടായിരുന്നെന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
അതിനിടയില്‍, ജിഹാദി പക്ഷ കമ്മ്യൂണിസ്റ്റ് ചരിത്രകാരുടെ നേര്‍ക്ക് ഗ്രന്ഥകാരന്‍ ഉയര്‍ത്തിയ ഒരു ചോദ്യം കൗതുകകരമാണ്. ലെനിനോട് അടുത്തുനിന്നിരുന്ന ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരന്‍, അബനി മുഖര്‍ജി, ഹിന്ദു കൂട്ടക്കൊല കാര്‍ഷിക വിപ്ലവമാണെന്ന ഒരു കള്ള റിപ്പോര്‍ട്ട് സോവിയറ്റ് നേതൃത്വത്തിന് 1920കളില്‍ തന്നെ നല്‍കിയിരുന്നു. അതിനും കാല്‍ നൂറ്റാണ്ടിനു ശേഷം മലബാര്‍ ഹിന്ദു കൂട്ടക്കൊല കാര്‍ഷിക ലഹളയായിരുന്നെന്ന കള്ളക്കഥ മെനഞ്ഞെടുക്കാന്‍ തുനിഞ്ഞിറങ്ങിയ കമ്മ്യൂണിസ്റ്റുകര്‍ ആ റിപ്പോര്‍ട്ട് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്നതാണാ ചോദ്യം. അബനി മുഖര്‍ജിയെ സ്റ്റാലിന്റെ ആരാധകരായ ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ട് അവഗണിച്ചുവെന്ന ചോദ്യത്തിന്, ഇവിടെ ഇനിയെഴുതുന്ന, ഉത്തരങ്ങള്‍ സ്വാഭാവികമല്ലേ? (1) അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം, 1937ല്‍ ക്രൂരമായി വെടിവെച്ചു കൊന്ന അബനി മുഖര്‍ജിയുടെ പേരുപോലും ഉച്ചരിക്കുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ തത്വത്തിനെതിരാണ്. (2) ഇംഗ്ലീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഭാരതസ്വാതന്ത്ര്യവും അടിസ്ഥാന വര്‍ഗവിമോചനവും എന്ന ലക്ഷ്യങ്ങള്‍ നേടാന്‍ ഒക്ടോബര്‍ വിപ്ലവാനന്തരം ഭരണം കയ്യാളിയ ബോള്‍ഷെവിക്കുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയുമായി ലെനിന്‍ ഭരണകൂടത്തെ സമീച്ചവരായിരുന്നു എം.എന്‍ റോയിയും അബനി മുഖര്‍ജിയും. എന്നാല്‍ അവരോടൊപ്പം ഇസ്ലാമിക തീവ്രവാദം മൂത്ത് ഹിജറയ്ക്ക് തയ്യാറായവരെ കൂടെ ചേര്‍ത്ത് താഷ്‌ക്കന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ജന്മം നല്‍കിയ സോവിയറ്റ് നേതൃത്വത്തിന്റെ ലക്ഷ്യം സര്‍വരാജ്യ തൊഴിലാളികളെ സംഘടിപ്പിക്കുകയോ ഭാരത വിമോചനത്തിന് വഴിയൊരുക്കുകയോ ആയിരുന്നില്ല. ഒന്നാം ലോക മഹായുദ്ധം വിജയിച്ച ഇംഗ്ലീഷ് സാമ്രാജ്യശക്തികളെ ഒതുക്കി സോവിയറ്റ് സാമ്രാജ്യത്വത്തിന് വഴിയൊരുക്കുക. അതിനുതകും വിധം ഖിലാഫത്ത് പ്രസ്ഥാനക്കാരെ അന്തര്‍ദേശീയ തലത്തില്‍ പോരിനിറക്കുക. ഭാരതം ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും തന്ത്രപ്രധാനമായ കോളനി ആയിരുന്നതുകൊണ്ട് ഇവിടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണെങ്കിലും ഖിലാഫത്തിലൂടെ ഇസ്ലാമിക സാമ്രാജ്യ പുന:സൃഷ്ടിക്കുവേണ്ടിയാണെങ്കിലും ആഗോള സോവിയറ്റ് സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഏതു പോരാട്ടങ്ങളെയും പിന്തുണയ്ക്കുന്നതിന് ലെനിനും സ്റ്റാലിനും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രത്യയശാസ്ത്രം മറന്ന് ഇസ്ലാമിക തീവ്രവാദികളെ കമ്മ്യൂണിസ്റ്റുകളോടൊപ്പം ഒരേ തൊഴുത്തില്‍ കെട്ടാന്‍ അവര്‍ തയാറായത്.
ഖിലാഫത്തിന്റെ ഭാഗമായി ഇസ്ലാമിക തീവ്രവാദികളാണ് കൊല്ലും കൊലയും നടത്തി മലബാറില്‍ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്നതെന്ന വാര്‍ത്തകളോടെ സോവിയറ്റ് നേതൃത്വം സ്വാഭാവികമായും താഷ്‌ക്കന്റില്‍ തമ്പടിച്ചിട്ടുണ്ടായിരുന്ന ഇന്ത്യക്കാരായ കമ്മ്യൂണിസ്റ്റുകളിലെ ഇസ്ലാം തീവ്രവാദി പക്ഷത്തോട് കൂടുതല്‍ അടുത്തിട്ടുണ്ടാകണം. ‘യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായ’ തങ്ങളിലേക്ക് സോവിയറ്റ് പ്രീതി തിരിച്ചു പിടിക്കാന്‍ വേണ്ടിയാകണം റോയിയും മുഖര്‍ജിയും മലബാറിലെ ഹിന്ദുവംശഹത്യ കാര്‍ഷിക ലഹളയാണെന്ന കള്ള റിപ്പോര്‍ട്ടുകള്‍ ലെനിന്റെയും സ്റ്റാലിന്റെയും സമക്ഷം സമര്‍പ്പിച്ചത്. ആ സാദ്ധ്യത അറിയാത്തവരാകില്ല കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍. അതുതന്നെയാകും വസ്തുതാവിരുദ്ധമായ കാര്‍ഷിക ലഹളയെന്ന കള്ളക്കഥയെ കൂടുതല്‍ പരിഹാസ്യമാക്കാന്‍ മാത്രം ഉതകുന്ന അബനി മുഖര്‍ജിയുടെ റിപ്പോര്‍ട്ടിനെ അവര്‍ കണ്ടില്ലായെന്ന് നടിച്ചതിന്റെ പിന്നിലെ കമ്മ്യൂണിസ്റ്റ് കൗശലം. എന്തായാലും ഈ വിഷയം ചര്‍ച്ച ചെയ്തതിലൂടെ ഗ്രന്ഥകാരന്‍ ചെയ്തത് ചില കഴിഞ്ഞകാല കമ്മ്യൂണിസ്റ്റ് വികൃതികളിലേക്ക് പൊതുസമൂഹത്തിന്റെ ചിന്തയെ തിരിച്ചു വിടുകയാണ്.
അത്തരം മാര്‍ക്‌സിസ്റ്റ് ചരിത്ര വികൃതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഏലങ്കുളത്തെ ശങ്കരന്‍ നമ്പൂതിരിപ്പാടു പോലും ഉയര്‍ത്തിയ ഒരു ചോദ്യം ഗ്രന്ഥകാരന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കള്ളംപറഞ്ഞ് മടുത്തതുകൊണ്ടാകാം നമ്പൂതിരിപ്പാടും ചോദിച്ചത്: ‘കുടിയായ്മ പ്രശ്‌നമാണ് ലഹളയുടെ അടിയിലുള്ളതെങ്കില്‍ എന്തുകൊണ്ട് അത് മാപ്പിള കുടിയാന്മാരെ മാത്രം ബാധിക്കുന്നു? മാത്രമല്ല ലഹളകളില്‍ പലതും മതം മാറ്റത്തെ തുടര്‍ന്ന് നടക്കുന്നതുമാണ്. ആ സ്ഥിതിക്ക് കുടിയാന്‍ പ്രശ്‌നമല്ല, മാപ്പിളമാര്‍ക്ക് പ്രത്യേകമായുള്ള എന്തോ ഒന്ന് ലഹളകള്‍ക്കടിയിലുണ്ടെന്ന് വ്യക്തമല്ലേ?’. ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ പര്യാപ്തമായ ഒരുത്തരം നല്‍കാതെ അവശേഷിപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്ന ദൗത്യമാണ് ഗ്രന്ഥകാരന്‍ സ്വയം ഏറ്റെടുത്ത് നിര്‍വഹിച്ചത്.