ഈശ്വരാരാധനയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളവയാണ് നമ്മുടെ അനുഷ്ഠാന കലകള്‍. അക്കൂട്ടത്തില്‍ പ്രമുഖ സ്ഥാനത്തുള്ള കലാരൂപമാണ് തെക്കന്‍ തിരുവിതാംകൂറിലെ ചാമുണ്ഡി ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന വില്‍പ്പാട്ട്.
ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത് പാടുന്ന തോറ്റംപാട്ടുപോലെ ചുരുക്കം ചില ചാമുണ്ഡിയമ്മ ക്ഷേത്രങ്ങളില്‍ ഇന്നും ആചാരവിധിയനുസരിച്ച് ചാമുണ്ഡിയമ്മക്കഥാ വില്‍പ്പാട്ട് നടത്തപ്പെടുന്നു. ഇത് മലയാണ്മ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കഥ പറയുകയും പാട്ട് പാടുകയും ചെയ്യുന്ന തരത്തിലുള്ള നവീന വില്‍പ്പാട്ടില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും തോറ്റംപാട്ട് രൂപത്തിലുള്ളതാണ് ഈ അനുഷ്ഠാനകലാരൂപം. യക്ഷിയമ്മകഥ, മുത്താരമ്മന്‍ കഥ, മൂവോട്ട് മല്ലന്‍കഥ, അയനിയൂട്ട് തമ്പുരാന്‍ കഥ എന്നീ കഥകള്‍ നിലവിലുണ്ടെങ്കിലും ചാമുണ്ഡിയമ്മകഥയോളം പഴക്കം ഇവയ്ക്ക് കാണുന്നില്ല. പാട്ട് എഴുതി പൂര്‍ത്തിയാക്കി കൃത്യമായി ചിട്ടയില്‍ വന്നിട്ടു തന്നെ 433 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതിനും എത്രയോ മുമ്പു തന്നെ ഇത് എഴുതി തുടങ്ങിയിരിക്കണം. പാട്ടിന്റെ അവസാന ഭാഗങ്ങളില്‍ പറയുന്നതനുസരിച്ച് കൊല്ലവര്‍ഷം 764 ലാണ് ഇതിന്റെ പൂര്‍ണ്ണമായ ചിട്ടപ്പെടുത്തലും കൃത്യതയും നിലവില്‍ വന്നത്.
‘ആരവേ കൊല്ലമെഴുന്നൂറ്റി അറുപത്തിനാലാമാണ്ട് തന്നില്‍…….’ എന്ന വരികള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നു.
ആരംഭ സ്തുതിയും മൂന്ന് ഗണപതിപ്പാട്ടുകളുമായി തുടങ്ങി നമ ശിവായത്തിലൂടെ വാഴ്ത്തുകവി (സഭയിലിരിക്കുന്ന എല്ലാവരെയും വാഴ്ത്തുന്ന) യില്‍ പൊലിയുന്ന പാട്ടില്‍ ആകെ വിരുത്തങ്ങളുള്‍പ്പെടെ അറുപത്തിനാല് പാട്ടുകളുണ്ട്. ഓരോ പാട്ടിന്റെയും വലിപ്പം വ്യത്യസ്തമാണ്. ഈ 64 പാട്ടുകള്‍ ദേവിയുടെ 64 കലകളെ കുറിക്കുന്നവയാണ്. പുലവന്‍ അഥവാ പാട്ടാശാനില്‍ നിന്ന് വാമൊഴിയായാണ് പാട്ട് പഠിച്ചുതുടങ്ങുന്നത്. ശിഷ്യന്‍ യോഗ്യനാണെന്നു തോന്നിയാല്‍ ആശാന്‍ തട്ടേറ്റം നടത്തുന്നു. പാട്ടിന് ഒരുക്കുപടി വച്ചൊരുക്കിയ ശേഷം തെക്കതില്‍ വച്ച് തൂശനിലയില്‍ അരിയും പൂവും പാട്ട് ഗ്രന്ഥവും വച്ച് അനുവാദം വാങ്ങി ശിഷ്യനുനല്‍കുന്നതാണ് തട്ടേറ്റം. പിന്നെയും വര്‍ഷങ്ങള്‍ക്കഴിഞ്ഞ് ഗ്രന്ഥം നോക്കാതെ പാടാന്‍ ശിഷ്യന്‍ പ്രാപ്തനാണെന്ന് പുലവന് ബോധ്യപ്പെട്ടാലേ അരങ്ങേറ്റം നടക്കൂ. അരിയും പൂവും വിയ്യ്വേലും തൂശനിലയില്‍ പകര്‍ന്നുനല്‍കി വില്ലടിച്ചുപാടാന്‍ പ്രാപ്തനാക്കുന്ന ചടങ്ങാണ് അരങ്ങേറ്റം. വില്‍പാട്ടിന്റെ പ്രധാന വാദ്യോപകരണം വില്ലും വിയ്യോലും ആണ്. പതിനൊന്ന് ചാണും പിടിയും എന്നാണ് വില്ലിന്റെ കണക്ക്. കരിമ്പനക്കതിരില്‍ നിര്‍മ്മിക്കുന്ന വില്ലില്‍ പതിനാറ് മണികള്‍ ഉണ്ടാകും. പാദത്തില്‍ നിന്ന് ശിരസ്സിലേയ്ക്ക് പോകുന്തോറും മണികളുടെ വലിപ്പം കൂടിവരുന്നു. വലം പിരിയില്‍ പാദവും ഇടംപിരിയില്‍ ശിരസ്സും നില്‍ക്കും. വില്ലിന്റെ മധ്യഭാഗത്തായി താഴെ വയ്ക്കുന്ന മണ്‍കുടത്തില്‍ കയറ്റി ശിരസ്സ് ഉയര്‍ത്തിയാണ് നിര്‍ത്തുക. പാദത്തില്‍ തളപ്പ്‌കെട്ടി പുലവന്റെ ഇടത്തേപാദത്തിന്റെ പെരുവിരലില്‍ ബന്ധിച്ചിരിക്കും. ഓടവള്ളിയില്‍ നിന്ന് ശേഖരിക്കുന്ന നാരുകള്‍ സംസ്‌കരിച്ച് പ്രത്യേക തരത്തില്‍ കയറ് പോലെ പിരിച്ചാണ് വില്ലില്‍ കെട്ടുന്ന ഞാണ്‍ നിര്‍മ്മിക്കുന്നത്. തേച്ചു പിടിപ്പിക്കാന്‍ പനച്ചിക്കായ് പശ ഉപയോഗിക്കുന്നു. ഇടം കൈ, വലം കൈ വിയ്യോല്‍ ശബ്ദത്തിനും ചെറിയ വ്യത്യാസമുണ്ട്. ഞാണിന്മേല്‍ വിയ്യോല്‍ തട്ടുമ്പോള്‍ വില്ലിലെ ചിലങ്കകള്‍ കിലുങ്ങി നാദമുണ്ടാകും. ഒപ്പം ഇടം പിരിയില്‍ കുടത്തിന്റെ വായ് കമുകിന്‍പാള വിശറികൊണ്ട് തട്ടി നാദമുണ്ടാക്കും. ഒറ്റത്താളം, മുത്താളം, ചെമ്പ, ചെമ്പട, അടന്ത, മുറിയടന്ത, കുംഭ, രംഭ, വര്‍മ്മ തുടങ്ങിയ താളങ്ങളാണ് പാട്ടിലുള്ളത്. എല്ലാറ്റിനും അക്ഷര ക്രമമനുസരിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പൊതുവേ മൂന്നാം താളത്തില്‍ പാട്ടുകള്‍ പാടാന്‍ കഴിയും. പാട്ടിന്റെ പൂര്‍ണ്ണ ചുമതല പുലവനാണ്.
പാട്ടുതുടങ്ങുംമുമ്പേ കൃത്യമായും പാലിക്കേണ്ട വ്രതത്തിന്റെയും മറ്റും ചിട്ടകള്‍ പാട്ടില്‍ തന്നെ പറയുന്നുണ്ട്. പുലവന് എട്ട് ദിവസത്തെ കഠിനവ്രതവും മറ്റു പാട്ടുകാര്‍ക്ക് നാല് ദിവസത്തെ സാധാരണ വ്രതവുമാണ്. പാട്ടിന് എട്ട് ദിവസം മുമ്പ് തന്നെ പുലവന്‍ പാട്ടിന്റെയും മടിയാടയുടെയും ഒരുക്കുപടിചാര്‍ത്ത് ക്ഷേത്രത്തിന്റെ അഥവാ തെക്കതിന്റെ കാരണവര്‍ സ്ഥാനീയനെ ഏല്‍പ്പിക്കുന്നു. അതോടെ വ്രതത്തിന് ആരംഭമായി. അന്ന് മുതല്‍ ആശാന് ഒരു നേരം നെല്ലരിയാഹാരം, ബ്രഹ്മചര്യം, പ്രഭാതസ്‌നാനം, ജപം എന്നിവ നിര്‍ബന്ധമാണ്.
ആകമുടന്‍ കുളിച്ചു
അശനങ്ങളൊരുനേരമാകവേണം
ശോഭയുടന്‍ മനതാര്‍ശുദ്ധ-
മാകവേനല്ലനൊയമ്പ് വേണം
ദേഹമോടെട്ടാം നാള്‍….
വെള്ളിയാഴ്ചയ്ക്കുദേവതയെത്തരുവേന്‍
എന്നാണ് പാട്ടില്‍ വ്രതം ക്രമീകരണത്തക്കുറിച്ച് പറയുന്നത്. ഈ വ്രതം മുറിയുന്നത് പാതിരാപ്പൂപ്പടയ്ക്കുശേഷം പുലവന്‍ അവിലും പഴവും കഴിക്കുന്നതോടെയാണ്. അഞ്ചിലകളില്‍ ചെറിയ പടുക്കയും അരിയും പൂവും ജപിച്ച് തെക്കതിനുള്ളിലും കുടത്തിലുമിട്ട് ദേവീബന്ധമുറപ്പിച്ച് കുടം പൂജിച്ചശേഷം ഗണപതിപ്പടുക്കയും അഞ്ചിലകളില്‍ ചെറിയ പടുക്കയും അര്‍പ്പിച്ച് പാരമ്പര്യ ചിട്ടകളും കഴിഞ്ഞാണ് പാട്ടിനിരിക്കുന്നത്. പാട്ടുതട്ടില്‍ വിരിച്ച പനമ്പായമേല്‍ തിരുവളയത്തില്‍ കുടംവച്ചശേഷം അതിന്മേല്‍ വില്ല് പൂട്ടിവയ്ക്കുന്നു. കുത്തിയുടുപ്പ് മാറി ദേവിയോടും സഭയോടും അനുവാദം കൊണ്ട് തലയില്‍കെട്ടോടെ പാട്ടുതട്ടില്‍ പുലവന്‍ കയറുന്നു. കൂടെ മറ്റ് പാട്ടുകാരും കയറിയശേഷം ആശാന്‍ പകര്‍ന്നുനല്‍കിയ ക്രമത്തില്‍ സ്മരിച്ച് വില്ല് തട്ടി പാട്ട് തുടങ്ങുന്നു. ദേവിയെ കുടിയിരുത്തുന്ന ഭാഗം വരെ സാധാരണയായി വില്ല് ചായ്ക്കാറില്ല. കുടിയിരുത്തി അഴക് വര്‍ണന കഴിഞ്ഞാണ് ആദ്യം വില്ല് ചായ്ക്കുന്നത്. കഥപാടി വരുന്ന സമയങ്ങളില്‍ കൈപ്പൂപ്പട, പാതിരാപ്പൂപ്പട, കൈലാസപ്പൂപ്പട എന്നിവയും ദേവിയ്ക്ക് അര്‍പ്പിക്കുന്നു. കൈലാസപ്പൂപ്പട കൂടാതെ പാതിരാപ്പൂപ്പടയ്ക്ക് ക്ഷേത്രത്തിനുള്ളില്‍ തെന്‍തെരുവ്, വടതെരുവ് പടുക്കയും മടിയാടയും പുറത്ത് തമ്പുരാക്കന്‍മാര്‍ക്ക് മൂന്ന് വട്ടിപ്പീഠങ്ങളും ഒരുക്കാറുണ്ട്. തികച്ചും അനുഷ്ഠാനപരമായാണ് ഈ കല അരങ്ങേറിയിരുന്നത്. പാട്ട് തട്ട് തന്നെ തെക്കത്കളോട് അല്ലെങ്കില്‍ ക്ഷേത്രങ്ങളോട് ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകോവിലിനൊപ്പമോ അതില്‍ നിന്ന് വെറും നാല് വിരല്‍ താഴ്ത്തിയോ മാത്രമേ പാട്ട്തട്ട് നിര്‍മ്മിക്കാവൂ എന്ന് ചിട്ടയുണ്ട്.
മൂന്നാം പൂപ്പട അഥവാ കൈലാസപ്പൂപ്പട കഴിഞ്ഞ് വേതാളത്തിന് നിണമൂട്ടിയശേഷം ക്ഷേത്രവും പരിസരവും കുന്തിരിയ്ക്കം ഉപയോഗിച്ച് ബലിനീക്കുകയും കുരുതിയിറച്ച് കുരുതിപ്പാത്രം കമഴ്ത്തുകയും ചെയ്യുന്നു. പിന്നെ വാഴ്ത്തു കവി പാടി പാട്ട് പൊലിയ്ക്കുന്നു. ദേവിയുടെ ഉല്‍പത്തിയില്‍ തുടങ്ങി അപദാനങ്ങളും വിവിധയിടങ്ങളില്‍ കുടിയിരുത്തുന്നതും ദേശ വര്‍ണ്ണനകളും ക്ഷേത്ര നിര്‍മ്മാണ രീതികളും കളരി അടവ് മുറകളും പയറ്റ് മുറകളും പാലകന്റെ പിറവിയും പൂജാവിധികളും ചിട്ടകളുമൊക്കെ അറുപത്തിനാല് കൂട്ടം പാട്ടുകളിലൂടെ വിവരിച്ചിരിക്കുന്നു എന്നത് ചാമുണ്ഡികഥ തോറ്റം പാട്ടിന്റെ സവിശേഷതയാണ്.
തലമുറകള്‍ പകര്‍ന്ന മഹത്തായ ഈ കലാരൂപത്തിന്റെ അഞ്ചാം തലമുറ ഉപാസകര്‍ ആണ് ഇപ്പോള്‍ പാടിവരുന്നത്. അഞ്ച് തലമുറകള്‍ക്കിടയില്‍ നിരവധി പുലവന്മാര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിയായ അജയകുമാരന്‍ തമ്പി എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലെ ചാമുണ്ഡിയമ്മകഥ പാട്ട് തട്ടുകളില്‍ പുലവര്‍ സ്ഥാനം വഹിക്കുന്നത്. ആശാന്റെ അനുഗ്രഹാശീര്‍വാദത്തോടെ ഈ കലാപൈതൃകത്തെ ഉപാസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുടിപ്പുരതട്ടുകളില്‍ വില്ലടിച്ചുപാടുന്നു.
തമിഴകത്ത് നിന്ന് മലയാള നാട്ടിലേയ്‌ക്കെത്തിയ ചാമുണ്ഡിയമ്മകഥ എന്ന കലാരൂപത്തിന് ഇന്നു പ്രചാരം കുറഞ്ഞുവരുന്നു. തിരുവനന്തപുരത്തെ കരിയ്ക്കകം, ചാക്ക, ക്ഷേത്രങ്ങളില്‍ ഇപ്പോഴും അരങ്ങേറുന്ന വില്‍പ്പാട്ട് നെയ്യാറ്റിന്‍കര അണ്ണാവിളാകം രക്തചാമുണ്ഡി മുടിപ്പുരയില്‍ ആണ്ടുതോറും പാരമ്പര്യ ചിട്ടകളനുസരിച്ച് തന്നെ നടത്തപ്പെടാറുണ്ട്.
മലയാണ്മയുടെ മറന്നുപോകുന്ന വാങ്മയങ്ങളെ തോറ്റിയുണര്‍ത്തുന്ന ഈ അനുഷ്ഠാനകല ഇനിയും സവിസ്തരമായ ഗവേഷണത്തിനു വിധേയമാകേണ്ടതുണ്ട്.