സംഘത്തെ നിയന്ത്രിക്കാനുള്ള ഇന്റജിലന്‍സ്ബ്യൂറോ നിര്‍ദ്ദേശങ്ങള്‍ അനുമതിക്കായി മുകളിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന ആഭ്യന്തരസെക്രട്ടറിയുടെ നിലപാടിനോട് ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വിയോജിച്ചുകൊണ്ട് കുറിപ്പെഴുതി. ഭയങ്കര കാര്യശേഷിയുള്ള ആര്‍.എസ്.എസ്സിനെതിരെ വിവേകമുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് തങ്ങള്‍ക്ക് തോന്നുന്നത് എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ആര്‍.എസ്.എസ് നിരന്തരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നും അവരുടെ എതിരാളികളായ മുസ്ലിം സംഘടനകള്‍ നിര്‍ജ്ജീവമാണെങ്കിലും ഇല്ലാതായിട്ടില്ല എന്നും വിവരിക്കുന്നു. ആയതിനാല്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങളെ നടപ്പാക്കാന്‍ ശക്തമായി പിന്താങ്ങുന്നു എന്നും ഇന്റലിജന്‍സ് ബ്യൂറോ നിലപാടെടുക്കുന്നു. കൂടാതെ പുതിയ നിയമത്തില്‍ സായുധസേനകളുടെ സ്വഭാവമുള്ള സംഘടനകള്‍ എന്ന് ചൂണ്ടിക്കാട്ടിയാല്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ചിത്രത്തില്‍ വരുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വാദിക്കുന്നു. കൂടാതെ, സംഘത്തിനെ നിയന്ത്രിക്കാനായുള്ള ചുമതല പ്രവിശ്യകളെ മാത്രം ഏല്‍പ്പിച്ചാല്‍ അത് വിവിധ പ്രവിശ്യകളില്‍ വ്യത്യസ്ത രീതിയില്‍ ആയിത്തീരുമെന്നും കൂടാതെ അത് സമീപഭാവിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ വിലയിരുത്തുന്നുവെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.
ഇന്റലിജന്‍സ് ബ്യൂറോ തന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തതോടെ വിഷയം ആഭ്യന്തരവകുപ്പ് അംഗത്തിന് (ഹോം മെമ്പര്‍) വിടാന്‍ ടോട്ടന്‍ഹാം 1944 ഏപ്രില്‍ 6-ന് തീരുമാനിച്ചു. ആ കുറിപ്പിനോടൊപ്പം ഖക്‌സര്‍ എന്ന സംഘടനയെ നിരോധിക്കാനായി എല്ലാ പ്രവിശ്യാ സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടും ആര്‍.എസ്.എസ്സിനെ നിയന്ത്രിക്കാനായി ശ്രമിക്കുന്നതിന്റെ ഭാഗമായി പുതിയ നടപടികള്‍ എടുക്കുമ്പോള്‍ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്ന ഖക്‌സറിന് അനാവശ്യ വാര്‍ത്താപ്രാധാന്യം കൊടുക്കേണ്ടിവരുമെന്ന വസ്തുതയും ചൂണ്ടിക്കാട്ടാന്‍ ടോട്ടന്‍ഹാം ശ്രമിക്കുന്നു. നിയന്ത്രിക്കേണ്ട സംഘടനകള്‍ ആര്‍.എസ്.എസും മുസ്ലീം ലീഗ് ഗാര്‍ഡുമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഇതിനിടയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കരുത് എന്നതിനപ്പുറം സംഘത്തിനെ ചില നിരോധത്തിലൂടെ നിയന്ത്രിക്കണം എന്ന അഭിപ്രായം മാക്‌സ്വെല്‍ മുന്നോട്ടുവെച്ചു. ഈ വിഷയം പഞ്ചാബ് പ്രവിശ്യയുടെ അഭിപ്രായത്തിനനുസരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചെന്നും പ്രവിശ്യകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നുമുള്ള ജമ്‌നാദാസ് മേത്തയുടെ ആരോപണത്തിന്റെ വസ്തുത അറിയിക്കാനും അദ്ദേഹം 1944 ഏപ്രില്‍ 30-ന് ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയത്തില്‍ ഇടപെട്ട ആഭ്യന്തര വകുപ്പ് അംഗം J.A.T. Horne, നിലവിലുള്ള അധികാരങ്ങള്‍ കൊണ്ട് ആര്‍.എസ്.എസ്സിനെ നിയന്ത്രിക്കാനാകും എന്ന് വിലയിരുത്തുന്നു. കൂടാതെ വകുപ്പുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ രാജ്യരക്ഷാ വകുപ്പുകള്‍ 56(1) പ്രകാരം പരേഡുകളും ക്യാമ്പുകളും നിയന്ത്രിക്കാനായി. ഉദാഹരണമായി സംഘത്തിന് ലൈസന്‍സ് ആവശ്യമാക്കുകയോ വ്യവസ്ഥകള്‍ വെക്കുകയോ ചെയ്യാന്‍, പ്രാപ്തമാക്കുന്നു; വകുപ്പ് 58(1) പട്ടാള പരിശീലനം ഉള്‍ക്കൊള്ളുന്നു; വകുപ്പ് 59(1) യൂണിഫോം ഉള്‍ക്കൊള്ളുന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F283)
തുടര്‍ന്ന്, പുതിയ ഒരു നോട്ടിഫിക്കേഷന്റെ ആവശ്യവുമില്ല എന്നും കുറിച്ചു. തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമാണെന്നും സംഘത്തിനെ പരിധി വിടാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നു. പ്രവിശ്യകള്‍ക്ക് നടപടി എടുക്കാന്‍ അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ തങ്ങളെ അപ്പപ്പോള്‍ വിവരങ്ങള്‍ ധരിപ്പിക്കണമെന്നും ആഭ്യന്തര വകുപ്പ് അംഗം ആവശ്യപ്പെടുന്നു. സംഘത്തിന്റെ നാലില്‍ മൂന്ന് പങ്കും മറാത്തയുടെ ഭാഗങ്ങളില്‍ ആണെന്നും ബോംബെയിലും മദ്ധ്യ പ്രവിശ്യയിലുമായി സംഘത്തിന്റെ ശക്തി കേന്ദ്രീകരിച്ചിരിക്കുന്നു എന്നും കുറിപ്പില്‍ വിവരിക്കുന്നു. തനിക്ക് സംഘത്തിന്റെ ‘സ്വേച്ഛാധിപതി’യെന്ന് വിശേഷിപ്പിക്കുന്ന ഗോള്‍വാള്‍ക്കറിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇന്റലിജന്‍സ് ബ്യൂറോയോട് കുറച്ച് വിവരങ്ങള്‍ പങ്കുവെക്കാനും 1944 ഏപ്രില്‍ 8-ന് ആവശ്യപ്പെട്ടിരിക്കുന്നു.
‘എനിക്ക് സംഘത്തിന്റെ സ്വേച്ഛാധിപതിയെന്ന് പറയപ്പെടുന്ന മിസ്റ്റര്‍ ഗോള്‍വാള്‍ക്കറിനെക്കുറിച്ച് ഒന്നുമറിയില്ല. ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് ബ്യൂറോ അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് കുറച്ച് വിവരങ്ങള്‍ നല്‍കിയാല്‍ പ്രയോജനപ്രദമായിരുന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
വീണ്ടും കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം 1944 ഏപ്രില്‍ 21-ന് നിയമവകുപ്പുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിദ്ദേശങ്ങള്‍ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ റിച്ചാര്‍ഡ് ‘എക്‌സ്പ്രസ് ലെറ്ററിലൂടെ’ എല്ലാ പ്രവിശ്യകള്‍ക്കും അയച്ചു. സംഘത്തിനെ നിരോധിക്കണം എന്ന പ്രവിശ്യകളുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും രാജ്യരക്ഷാ വകുപ്പുകളായ 56(1), 58(1), 59(1) എന്നിവ ഫലപ്രദമായി ഉപയോഗിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സംഘത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുന്നു
രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ യൂണിഫോം, ആയുധ പരിശീലനങ്ങള്‍ എന്നിവ നിരോധിച്ചും നിലവിലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയും ഇല്ലാതാക്കാനാവില്ല എന്ന് ബ്രിട്ടീഷുകാര്‍ പതിയെ തിരിച്ചറിഞ്ഞു. സംഘത്തിനെ നിരോധിക്കണം എന്ന ആവശ്യത്തിന് വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറിയും വന്നു. എന്നാല്‍ സംഘത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയാലും അത് ഫലപ്രദമാകില്ല എന്ന വാദം ഇന്റലിജന്‍സ് ബ്യൂറോ മുന്നോട്ടുവെച്ചു. 1944 മെയ് 17-ലെ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറുടെ നോട്ട് ഇത്തരത്തില്‍ വിശദീകരിക്കുന്നു:
‘നാഗ്പൂരിലുള്ള വിശ്വസനീയരായ സംഘാടകരെ തന്റെ രഹസ്യ നിര്‍ദ്ദേശങ്ങള്‍ പ്രവിശ്യകളില്‍ എത്തിക്കാനുള്ള ഉപാധിയായി എം.എസ്. ഗോള്‍വാള്‍ക്കര്‍ മാറ്റിയെടുത്തു. പൂന ശാഖ ഇതിന് അപവാദമായിരുന്നു എന്ന് പറയപ്പെട്ടിരുന്നെങ്കിലും അവസാനം ഗോള്‍വാള്‍ക്കര്‍ വ്യക്തിപരമായി ഇടപെടുന്നതിന് സമ്മതിച്ചു. സംഘത്തിനെതിരെ ഒരു നിരോധനം കൊണ്ടുവരികയാണെങ്കില്‍ സംഘാടകരും പ്രവര്‍ത്തകരും ക്ഷേത്രങ്ങളില്‍ അഭയം പ്രാപിക്കുകയും അവിടെ അവര്‍ ഭക്തര്‍ എന്ന മറവില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.’
(NAI Reference:- HOME_POLITICAL_I_1943_NA_F283)
1944 ജൂണ്‍ 26-ല്‍ ഹോം മെമ്പറുമായി സംസാരിച്ചശേഷം ജോയിന്റ് സെക്രട്ടറി വിഷ്ണു സഹായ് ഈ വിഷയത്തില്‍ ഒരു കുറിപ്പ് എഴുതി. അതുപ്രകാരം ഹോം മെമ്പര്‍ തല്‍ക്കാലം ഒരു വാളണ്ടിയര്‍ സംഘടനയെയും നേരിട്ട് ആക്രമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പരേഡുകളും ക്യാമ്പുകളും നിരോധിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അതിനായി നിയമ വകുപ്പിന്റെ സഹായവും അദ്ദേഹം തേടി.
എന്നാല്‍ നിയമ വകുപ്പിന്റെ മറുപടി നിരാശാജനകമായിരുന്നു. നിലവിലുള്ള 56(1) വകുപ്പ് പ്രകാരം സംഘത്തിന്റെയോ മുസ്ലിം നാഷണല്‍ ഗാര്‍ഡുകളുടെയോ ക്യാമ്പോ പരേഡോ നിരോധിക്കാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് 56(1) വകുപ്പിനെയോ 58(1) വകുപ്പിനെയോ തിരുത്തല്‍ വരുത്തിയെടുക്കണമെന്ന ആവശ്യം ആഭ്യന്തര വകുപ്പ് മുന്നോട്ട് വെക്കുകയും അത് രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി വളരുകയും ചെയ്തു.
വിവിധ പ്രവിശ്യകളിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 1944-ലെ മെയ് – ജൂണ്‍ മാസത്തിലെ ട്രയിനിംഗ് ക്യാമ്പുകളെക്കുറിച്ച് വിശദമായ ഒരു നോട്ട് ആഭ്യന്തരവകുപ്പ് തയ്യാറാക്കി. യുണൈറ്റഡ്, സെന്‍ട്രല്‍, ബോംബെ, മദ്രാസ്, സിന്ധ് പ്രവിശ്യകളിലെ ക്യാമ്പുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്ന നോട്ടില്‍ യുണൈറ്റഡ് പ്രവിശ്യയിലെ ബനാറസില്‍ നടന്ന ക്യാമ്പിനെക്കുറിച്ച് വിശദമായി വിവരിക്കുന്നു:
‘സംഘത്തിന്റെ മുഖ്യ സംഘാടകനായ പ്രൊഫസര്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ ക്യാമ്പിലെ സംഘാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നിരവധി പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അഹിംസാ സിദ്ധാന്തം ഹിന്ദുക്കളെ ഭീരുക്കളായിമാറ്റി എന്ന് അദ്ദേഹം പ്രസംഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത്തരത്തില്‍ സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കില്ല; രക്തം ചിന്താതെ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും സംഘടനയുടെ മുഖ്യ ലക്ഷ്യം ഹിന്ദുക്കളെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്നും അദ്ദേഹം പ്രസംഗിച്ചു. ഈ കാര്യങ്ങള്‍ മനസ്സിലാക്കി, എല്ലാ പ്രവര്‍ത്തകരും സംഘത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും പുതിയ ശാഖകള്‍ അടുത്ത വാര്‍ഷിക റിപ്പോര്‍ട്ടിംഗിന് മുമ്പായി ആരംഭിച്ച് പുതിയ അംഗങ്ങളെ ചേര്‍ക്കുകയും വേണം. അവര്‍ സംഘത്തിന്റെ ധനസമാഹരണത്തില്‍ നല്ലപോലെ പങ്കാളിയാകണം. സംഘാടകരോട് രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കാന്‍ മുന്നറിയിപ്പ് കൊടുക്കുകയും രഹസ്യമായി സംഘത്തിന്റെ പ്രവര്‍ത്തനം നടത്തി രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ സംഘത്തിന്റെ ശക്തി ഏകദേശം 25 ലക്ഷമാകുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ക്ക് അവരുടേതായ രീതിയില്‍ യുദ്ധം ചെയ്യാമെന്നും പ്രസംഗിച്ചു.’ (NAI Reference:- HOME_POLITICAL_I_1943_NA_F283)
ക്യാമ്പുകളില്‍ പ്രവേശനം പാസുകള്‍ മുഖേന നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നും പോലീസുകാര്‍ക്ക് ചില പരിപാടികള്‍ കാണാന്‍ അനുവാദം നല്‍കിയെങ്കിലും നോട്ടുകള്‍ കുറിയെച്ചടുക്കുന്നത് വിലക്കിയെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നു. കൂടാതെ ഒരു ക്യാമ്പ് പോലീസ് റെയ്ഡ് ചെയ്‌തെങ്കിലും ഏതാനും ലാത്തികളും ചില കുറിപ്പുകളും മാത്രമേ ലഭിച്ചുള്ളൂ എന്നും പറഞ്ഞിരിക്കുന്നു. ഒരു ഭാഗത്ത് ക്യാമ്പിന്റെ ഭാഗമായി നടത്തിയ പൊതുപരിപാടിയില്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസംഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു: ‘സംഘം ഹിന്ദുക്കളുടെ ഒത്തൊരുമയ്ക്കായി നിലകൊള്ളുന്നുവെന്നും ഹിന്ദു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പുനരുദ്ധാരണത്തിലൂടെ ഹിന്ദുരാഷ്ട്രം ലക്ഷ്യം വെക്കുന്നുവെന്നും പറഞ്ഞു. കൂടുതല്‍ പ്രവര്‍ത്തകരെ സജ്ജീകരിക്കാനും ത്യാഗങ്ങള്‍ക്ക് തയ്യാറായി ഇരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.'(NAI Reference:- HOME_POLITICAL_I_1943_NA_F283)
അതോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് മുതിരരുത് എന്നും ഗുരുജി പ്രവര്‍ത്തകരോട് പറഞ്ഞു. മദ്രാസ് പ്രവിശ്യയിലെ ക്യാമ്പുകള്‍ കേരളത്തിലായിരുന്നു നടന്നത്. ഒരെണ്ണം നിലമ്പൂരും മറ്റൊരെണ്ണം പാലക്കാട്ടും. കായികാഭ്യാസങ്ങളും ലാത്തി പരിശീലനങ്ങളും നടത്തി. നിലമ്പൂര്‍ ക്യാംപില്‍ ഒന്നുരണ്ടുപേര്‍ കാക്കി നിക്കറും ഷര്‍ട്ടും കറുത്ത തൊപ്പിയും വെച്ചിരുന്നു. ജൂണ്‍ അവസാനംവരെ പരിശീലനക്യാമ്പില്‍ ആവേശം നിലനിന്നിരുന്നു എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിശീലനങ്ങള്‍ തടയാനും വളര്‍ച്ച തടയാനും പ്രവിശ്യാ സര്‍ക്കാരുകളും ബ്രിട്ടീഷ് സര്‍ക്കാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലങ്ങള്‍ ഒന്നുമുണ്ടായില്ല. മാത്രമല്ല സംഘത്തിന്റെ സ്വീകാര്യതയും സ്വാധീനവും വര്‍ദ്ധിച്ചുവരികയും ചെയ്തു. 1944 ഏപ്രില്‍ 21-ന് സംഘത്തിനെ തളര്‍ത്താനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ എക്‌സ്പ്രസ് ലെറ്ററില്‍ വീണ്ടും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് 1944 ജൂലായ് 12-ന് പുതിയൊരു എക്‌സ്പ്രസ് ലെറ്റര്‍ എല്ലാ പ്രവിശ്യകള്‍ക്കുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയായ വിഷ്ണു സഹായിയാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
നിയമങ്ങള്‍ എല്ലാ പ്രവിശ്യകളും ഒരേ രീതിയില്‍ പ്രയോഗിക്കണമെന്നും അതുമൂലമുള്ള നാണക്കേട് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കത്ത് എടുത്തുപറയുന്നു. സാമുദായിക, രാഷ്ട്രീയ, ക്യാമ്പുകളും പരേഡുകളും പോലുള്ള വാക്കുകള്‍ക്കുള്ള അര്‍ത്ഥതലം വലുതാണെന്നും അത് കോടതിയില്‍ സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം എല്ലാ തരത്തിലുമുള്ള യൂണിഫോം നിരോധിക്കുന്ന കാര്യം പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാമെന്നും എക്‌സ്പ്രസ് ലെറ്റര്‍ വിവരിക്കുന്നു.
ഇതിനുപുറമെ പ്രതിരോധ നിയമത്തിലെ 58 ാം വകുപ്പിന്റെ 1 ാം ഉപവകുപ്പില്‍ സംഘത്തിന്റെ ക്യാമ്പുകളെയും പരേഡുകളെയും പരിശീലനങ്ങളെയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ചില മാറ്റങ്ങള്‍ക്കുള്ള ഡ്രാഫ്റ്റും ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ചു.
പ്രവിശ്യാ സര്‍ക്കാരുകളുമായി ചേര്‍ന്ന് രണ്ട് ഡ്രാഫ്റ്റുകള്‍ തയ്യാറാക്കാനുള്ള ആശയം മുന്നോട്ടുവെച്ചു- ഒന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ സംബന്ധിച്ചും മറ്റൊന്ന് മുസ്ലിം ലീഗിന്റെ വാളണ്ടിയര്‍ സംഘടനയെ സംബന്ധിച്ചും. 58(1)ലെ ‘യുദ്ധത്തിനുവേണ്ടിയുള്ള’ എന്ന ഭാഗം നീക്കാനുള്ള നിര്‍ദ്ദേശം പഞ്ചാബ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ‘ക്യാമ്പ്’ എന്ന വാക്കിനുമുമ്പ് ‘പരിശീലനത്തിനുള്ള’ എന്ന വാക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ‘വിഭാഗീയ’ എന്ന വാക്ക് ‘രാഷ്ട്രീയവും സാമുദായികവും’ എന്നതിനോടൊപ്പം കൂട്ടിച്ചേര്‍ത്താല്‍ നന്നായിരിക്കുമെന്നും ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമപരിപാലനം പ്രവിശ്യാ സര്‍ക്കാരിന്റെ ചുമതല ആണെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടുന്നതില്‍ വിരോധമില്ല എന്ന് ബോംബെ സര്‍ക്കാരും നിലപാടറിയിച്ചു.
വിവിധ പ്രവിശ്യാ സര്‍ക്കാരുകളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ആഭ്യന്തര വകുപ്പ് ഈ വിഷയത്തിന്മേല്‍ ഒരു നിലപാടില്‍ എത്താന്‍ ശ്രമിച്ചു. അങ്ങനെ ഹോം മെമ്പര്‍ ആര്‍.എഫ്. മൂഡി വിഷയത്തില്‍ ഇടപെട്ട് 1944 ആഗസ്റ്റ് 10ന് കുറിപ്പ് രേഖപ്പെടുത്തി.
‘ഞാന്‍ രണ്ട് ഫയലുകളും വിശദമായി വായിച്ചു. അതായത്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും മുസ്ലിം ലീഗ് വാളണ്ടിയറിന്റെയും. രണ്ടിന്റെയും കാര്യത്തില്‍ പട്ടാള രീതിയിലുള്ള പരിശീലനം നിരോധിക്കുന്നതാണ് ബുദ്ധിമുട്ടുള്ളത്. യൂണിഫോം നിരോധിക്കുന്ന കാര്യത്തില്‍ അധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. നിയമത്തിന്റെ 58 ാം വകുപ്പ് പരിഷ്‌കരിച്ച്, ‘ക്യാമ്പുകള്‍’ അതില്‍ കൂട്ടിച്ചേര്‍ത്ത്, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ ക്യാമ്പുകള്‍ സെന്‍ട്രല്‍ സര്‍ക്കാരിന്റെ ഒരു ഉത്തരവിലൂടെ നിരോധിക്കലാണ് മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി.’ (NAI Reference:- HOME_POLITICAL_I_1944_NA_F283)
അതോടൊപ്പം ക്യാമ്പുകള്‍ നിരോധിക്കുന്നത് ഒരു രീതിയിലും പ്രയോജനമുള്ള കാര്യമല്ല എന്നും മുസ്ലിം ലീഗ് വാളണ്ടിയര്‍മാരുടെ ക്യാമ്പിനെക്കുറിച്ച് പരാതികള്‍ ഒന്നുമില്ലെന്നും മൂഡി ചൂണ്ടിക്കാട്ടി. ദല്‍ഹിയും സിന്ധും പഞ്ചാബും ക്യാമ്പിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല എന്നും സംഘത്തിന്റെ ക്യാമ്പിനെക്കുറിച്ച് മാത്രമാണ് പരാതി എന്നും സെന്‍ട്രല്‍ പ്രവിശ്യ ഒഴിച്ച് മറ്റെല്ലായിടത്തും അതിനെ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും മൂഡി വാദിച്ചു. തനിക്ക് ഖക്‌സര്‍ ഉള്‍പ്പെടെയുള്ള വാളണ്ടിയര്‍ സംഘടനകളെ കൈകാര്യം ചെയ്ത് 5 വര്‍ഷത്തെ പരിചയം ഉണ്ടെന്നും തന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ നിയമത്തില്‍ ഒരു അപാകത ഇല്ലെന്നും അത് പാലിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും മൂഡി വിശദീകരിച്ചു.
എന്നാല്‍ അതോടൊപ്പം ക്യാമ്പുകളില്‍ രഹസ്യമായി നടക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളത് എന്നും മൂഡി വിശദീകരിക്കുന്നുണ്ട്. ക്യാമ്പുകളെ നിയന്ത്രിക്കാന്‍ 56-ാം വകുപ്പ് പര്യാപ്തമാണെന്നും ക്യാമ്പുകള്‍ നിരീക്ഷിച്ച് വേണ്ട നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ക്യാമ്പുകളില്‍ കയറുന്നത് തടയുന്നത് സംഘത്തിന്റെ പ്രവര്‍ത്തനം രഹസ്യമായി നടത്താനാണെന്നും അതിനായാണ് ഉപവകുപ്പ് 52(2) ഉള്ളതെന്നും വേണമെങ്കില്‍ അതിന് മാറ്റങ്ങള്‍ വരുത്തണമെന്നും മൂഡി നിലപാട് സ്വീകരിച്ചു. കൂടാതെ പ്രസ്തുത ഡ്രാഫ്റ്റില്‍ 58(1) വകുപ്പിന് വരുത്താന്‍ മുന്നോട്ടുവെച്ച ആശയത്തെ മൂഡി എതിര്‍ത്തു. ‘കായികപരിശീലനം’ എന്നതിനോടൊപ്പമുള്ള ‘പട്ടാളരീതിയിലുള്ള’ എന്ന വാക്ക് നീക്കുന്നത് യുക്തിയില്ലായ്മയാണ് എന്നദ്ദേഹം വാദിച്ചു. അതോടൊപ്പം ഈ നിര്‍ദ്ദേശങ്ങള്‍ നിയമനിര്‍മ്മാണ വിഭാഗത്തിന് കൈമാറാനും തീരുമാനമായി.
പരേഡുകളും ക്യാമ്പുകളും 56 വകുപ്പിന്റെ ഉപവകുപ്പുകളായ 1-ലോ 2-ലോ ഉള്‍പ്പെടുത്തി നിയന്ത്രിക്കാന്‍ സാധിക്കില്ല എന്ന അഭിപ്രായം നിയമനിര്‍മ്മാണ വിഭാഗം മുന്നോട്ടുവെച്ചു. അതുകൊണ്ട് നിലവിലുള്ള ഉപവകുപ്പുകള്‍ക്ക് മാറ്റം വരുത്താതെ പുതിയൊരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതാവും നല്ലതെന്ന നിര്‍ദ്ദേശവും അവര്‍ അറിയിച്ചു.
(തുടരും)