മുനി നാരായണ പ്രസാദ് സ്വാമികളെ ആദ്യമായി കണ്ടപ്പോള്‍ ആകര്‍ഷകമായി തോന്നിയ കാര്യം അദ്ദേഹത്തിന്റെ പുഞ്ചിരിയായിരുന്നു. പിന്നീടാണ് ആ ചിരിയുടെ പുറകില്‍ പല മാനങ്ങളുമുണ്ടെന്ന് തിരിച്ചറിയാനായത്. നാരായണ ഗുരുകുലത്തിലെ ഗൗരവം കലര്‍ന്ന ചര്‍ച്ചകളും സംവാദങ്ങളും മനസ്സിലുള്ള പലരും ലാളിത്യത്തിന്റെയും താദാത്മ്യഭാവത്തിന്റെതുമായ ഒരു തലത്തെ ആ ചിരിയുടെ പ്രത്യേകതയായി വായിച്ചെടുക്കുന്നതു സ്വാഭാവികംമാത്രം. ചരിത്രാതീതകാലം മുതല്‍ ചിരി ഉജ്ജ്വലമായ ഒരു വിഷയമായി ജനമനസ്സുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നു കാണാം. ഇതുപറയുമ്പോള്‍ ഭഗവദ്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ ന്യായംകേട്ടു ചിരിച്ചതും (ഗീത-II.10) ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ഈശ്വരന്‍ രണ്ടു പ്രാവശ്യമാണു ചിരിക്കുന്നതെ ന്നു പറഞ്ഞ കാര്യവും ഓര്‍ത്തു പോകുന്നു. ശ്രീരാമകൃഷ്ണന്‍ പറയുന്ന ചിരിയുടെ രണ്ടു മുഹൂര്‍ത്തങ്ങള്‍ ഇവയാണ് – ഒന്ന്, രണ്ടു സഹോദരന്മാര്‍ തങ്ങളുടെ സ്ഥലത്തിന്റെ അതിര്‍ത്തി തിരിച്ചിട്ട് അതു നിന്റേതെന്നും ഇതെന്റേതെന്നും പറയുമ്പോള്‍. മറ്റേത്, ഒരു ഡോക്ടര്‍ രോഗിയെ പരിശോധിച്ചിട്ട് ‘ഒന്നും വിഷമിക്കേണ്ട, ഞാനുണ്ടു കൂടെ’ എന്നു പറയുമ്പോള്‍. രണ്ടിലും നിയതിയുടെ നിശ്ചയമാണ് ആത്യന്തികമെന്ന് അറിയുമ്പോഴാണ് ഈ നര്‍മ്മം നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്. അതുപോലെ നാരായണ പ്രസാദ് സ്വാമികളുടെ ചിരിയും ലാളിത്യവും ഗുരുകുലസ്വഭാവത്തിന്റെ ഗൗരവത്തിലൂന്നിയ ഭാവങ്ങളെ അതിജീവിക്കാന്‍ പര്യാപ്തമായിത്തീരുന്നുണ്ടോ എന്നു ചിന്തിച്ചുപോകുന്നു. നേരെ തിരിച്ചും. അതായത് ഗുരുകുലത്തിന്റെ ലാളിത്യപൂര്‍ണ്ണമായ ഒരു മുഖത്തെ സ്വാമികളിലൂടെ കാണാനാവുന്നു എന്നതുമാവാം. എന്തായാലും സ്വാമികളുടെ ലളിതമായ അവതരണങ്ങളും വേദാന്തവ്യാഖ്യാനങ്ങളും കേള്‍ക്കുമ്പോള്‍ ഇതേവര്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ്. സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമായ ഇടങ്ങളെ ഗുരുകുലത്തില്‍ ഒരുക്കുവാന്‍ ഇതിലൂടെ കഴിയുന്നുവെന്നു കരുതുന്നതില്‍ തെറ്റുണ്ടാവില്ല. ഗുരു മുനി നാരായണ പ്രസാദിലെ വ്യക്തിത്വം വിലയിരുത്തുമ്പോള്‍ തോന്നുന്ന ചില ചിന്തകളാണ് ഈ എഴുത്തിനാധാരം.
ശിഷ്യവഴികളിലൂടെ ഗുരുത്വത്തിലേക്ക്
വിവേകാനന്ദസ്വാമികള്‍ പറയാറുള്ള ഒരു കാര്യമാണ് ‘ആദ്യം അനുസരിക്കുവാന്‍ പഠിക്കുക, ആജ്ഞാപിക്കുവാനുള്ള കരുത്തു തനിയേ വന്നുചേര്‍ന്നുകൊള്ളും’ എന്നത്. ഇതു ഭാരതീയ ഗുരുകുല സമ്പ്രദായം മനുഷ്യനിലെ സാദ്ധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തി അവനെ മെനഞ്ഞെടുക്കുന്ന പ്രക്രിയയുടെ കാതലായ ഭാഗമാകുന്നു. ഉള്ളുണര്‍ന്ന ഗുരുവിന്റെ കീഴില്‍ ഒരു ശിഷ്യന്‍ സ്വയം വിനീതമായി തന്നെ തുറന്നുവെച്ചുകൊണ്ട് ഔന്നത്യത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയാണിത്. ഇതിനെ ഭഗവദ്ഗീതയില്‍ ”തദ്വിദ്ധി പ്രണിപാതേന… ദര്‍ശിനഃ” (ഗീത- IV.34) എന്ന രീതിയില്‍ ശ്രീകൃഷ്ണന്‍ വിശദമാക്കിയിട്ടുണ്ട്. ഒരു ശിഷ്യന്‍ തന്റെ മനസ്സിനെ പാകപ്പെടുത്താനും വിശുദ്ധീകരിക്കാനും ഗൗരവമായ ചില പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ പിന്‍ഗാമിയായ നടരാജഗുരുവിനു കീഴിലും ഗുരു നിത്യചൈതന്യ യതിയുടെ കീഴിലും വിനീതഭാവത്തോടുകൂടി പതിറ്റാണ്ടുകളോളം ശിഷ്യനായി നിന്നപ്പോഴുണ്ടായ രൂപാന്തരീകരണത്തിന്റെ ഭാഷയാണ് സ്വാമികളിലെ ഗുരുഭാവമായി പുഷ്ടിപ്പെട്ടിരിക്കുന്നത്. ഈ പുഷ്പീകരണത്തിനു പിന്നില്‍ ത്യാഗോജ്ജ്വലമായ ഒരു പശ്ചാത്തലമുണ്ട്. ശിഷ്യന്‍ സ്വയം രൂപപ്പെടുമ്പോള്‍ കടന്നു പോകേണ്ട വിഘ്‌നങ്ങളുടെ ചൂളയാണത്. മനസ്സിനെ രൂപപ്പെടുത്തുമ്പോഴുണ്ടാകുന്ന ഈ പ്രതിസന്ധികളെയും തടസ്സങ്ങളേയുംപറ്റി നാരായണഗുരു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ (പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു, ആ.ശ.- 43) ഉപനിഷത്തത്ത്വങ്ങളുടെ വ്യാഖ്യാനംകൂടിയാകുന്നു. ഒരു ശിഷ്യന്‍ വളര്‍ന്നുവരുമ്പോള്‍ ആ ജീവന്‍ കടന്നുപോകേണ്ടതായിട്ടുള്ള അനിവാര്യകാര്യങ്ങളെ ”വായ്ത്തലയിന്മേലുള്ള നടപ്പ്” (ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ…വദന്തി – കഠം, ക. 3.14) എന്നാ ണല്ലോ ഉപനിഷത് പറഞ്ഞുവെയ്ക്കുന്നത്. ഗുരുക്കന്മാരുടെ കടുത്ത ശിക്ഷണവും ത്യാഗപൂര്‍ണ്ണമായ പരിശീലനവുമൊക്കെയാണ് ശിഷ്യനെന്ന നിലയില്‍ നാരായണ പ്രസാദ് സ്വാമികള്‍ അഭിമുഖീകരിച്ചിട്ടുള്ളത്. സ്വജീവിതത്തെ ഗുരുവിനു മുമ്പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന ഭാവമാണ് ഇതെല്ലാം അഭിമുഖീകരിക്കാന്‍ സ്വാമികള്‍ക്കു കെല്പു നല്‍കിയത്. സ്വാമിജി നേടിയ വികസിതവ്യക്തിത്വത്തിനു പിന്നിലുള്ളത് ഇക്കാര്യമാണെന്നുള്ളതു കൃത്യമായി ബോദ്ധ്യപ്പെടേണ്ട ഒന്നാണ്. തിളക്കമെന്ന് ഇവിടെ പറയുന്നതു ജീവനിലെ സാദ്ധ്യതകളുടെ വിടര്‍ച്ചയാകുന്നു. അതിനെ ഉന്നതമായ ചിന്തകളായും കാരുണ്യപൂര്‍വ്വം വിതരണം ചെയ്യാനുള്ള ത്വരയായുമൊക്കെ പ്രസാദ് സ്വാമികളുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കുന്നതാണ്. ആധുനികര്‍ക്കു വേണ്ടതു ജീവിതൗന്നിത്യത്തെ തെളിവുകളോടെ കാണാനുള്ള ഇഷ്ടം കൂടിയാണെന്നു വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രധാനമാകുന്നു. ഗുരുക്കന്മാരെ വിമര്‍ശനബുദ്ധ്യാ സ്വീകരിക്കണമെന്നാണല്ലോ ആധുനികനായ വിവേകാനന്ദസ്വാമികളും പറഞ്ഞിട്ടുള്ളത്.
ദാര്‍ശനികമായി നാരായണഗുരുവിന്റെ പക്ഷത്തുനിന്നുകൊണ്ടു സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന പ്രസാദ് സ്വാമിക്കു മറ്റു യാതൊരു പക്ഷങ്ങളോടും ചായ്‌വുകളില്ലെന്നതു നാട്ടിലെ രാഷ്ട്രീയ നിരകൂടി മനസ്സിലാക്കിയ കാര്യമാണ്. എ.കെ.ജി. സെന്ററില്‍കൂടി പ്രസാദ് സ്വാമികള്‍ സെമിനാറില്‍ വിഷയമവതരിപ്പിച്ചത് ഇതു പറയുമ്പോള്‍ ഓര്‍ത്തുപോകുന്നു. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന ഗുരുവിന്റെ പക്ഷം ഈ ശിഷ്യന്‍ നടത്തുന്ന ആശയസംവേദനങ്ങളില്‍ പൂര്‍ണ്ണമായും നിറഞ്ഞു നില്‍ക്കുന്നുവെന്നത് ഏവര്‍ക്കും ബോധ്യമുള്ള കാര്യമായിത്തീര്‍ന്നിരിക്കുന്നു. അല്ലെങ്കിലും ശ്രീനാരായണഗുരുവിന്റെ ചിന്തകളെ പതിറ്റാണ്ടുകളോളം പ്രാണനാക്കിയ പ്രസാദ് സ്വാമികളില്‍ നിന്നും പക്ഷംചേര്‍ ന്നുള്ള ചായ്‌വുകള്‍ കാണാനാവില്ലല്ലോ. ശിഷ്യന്‍ ഗുരുവിന്റെ ലോകത്തെ കീഴടക്കുമ്പോള്‍ ഗുരുവിന്റെ പന്ഥാവിലേക്കു ശിഷ്യന്‍ നടന്നടുക്കപ്പെടുന്നു എന്ന കാര്യമാണിത്.
ഗുരുകുലത്തിന്റെ കാവല്ക്കാരന്‍
ശ്രീനാരായണഗുരു മനുഷ്യരാശിക്കായി പകര്‍ന്നുവച്ച അറിവാണ്, ജ്ഞാനമാണ് – ജ്ഞാനദാനമായും ജ്ഞാനവിതരണമായും നാരായണഗുരുകുലം അതിന്റെ ദൗത്യമായി നിര്‍വഹിച്ചു പോരുന്നത്. ജ്ഞാന ദാനത്തെ ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കാന്‍ കാരണം അതു ഹ്രസ്വമായ രീതികള്‍ക്കപ്പുറത്തു ശാശ്വതമായി ഒരു ജീവനെ തൃപ്തപ്പെടുത്താന്‍ പര്യാപ്തമാണ് എന്നതാകുന്നു. ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളില്‍ ഇതു വെളിപ്പെടുത്തിയിരിക്കുന്നതു കാണാനാവുന്നതാണ് (ഗീത- XVIII.69). മനുഷ്യരാശിയുടെ നേര്‍ക്കുള്ള അനുകമ്പയും കാരുണ്യവുമാണ് ഈ ദാനത്തിനാധാരമായ കാര്യം. ശ്രീനാരായണഗുരു പകര്‍ന്നുതന്ന ദര്‍ശനങ്ങളുടെ കേന്ദ്രബിന്ദു എന്നത് അനുകമ്പയും കാരുണ്യവുമാണല്ലോ. ഈ അനുകമ്പയെ പ്രതിയും, നടരാജഗുരു മാര്‍ഗ്ഗദര്‍ശനം ചെയ്ത രീതിയില്‍ സാധനയായും ഗുരുകുലം ജ്ഞാനദാനത്തെ യജ്ഞരൂപേണ ചെയ്തുപോരുന്നു. ജ്ഞാനദാനത്തിന്റെ ഭാഗമെന്നോണം നാരായണഗുരുവിന്റെ സത്യദര്‍ശനം വ്യാഖ്യാനിക്കുന്ന നടരാജഗുരുവിന്റെ ശൈലി വളരെ സൂക്ഷ്മമായ ഒന്നാണ്. ‘യോഗയുക്തി’യും മറ്റുമുപയോഗിച്ചു ശാസ്ത്രരീത്യാ പകര്‍ന്നു നല്‍കുന്ന ഈ ശൈലി ഒരു ജീവനെ കടഞ്ഞെടുക്കാന്‍ പര്യാപ്തമാണ്. അങ്ങനെ നോക്കുമ്പോള്‍ ഭൗതികതയുടെ പരിമിതികളെ തിരിച്ചറിഞ്ഞ ആശയറ്റ ആളുകള്‍ക്കുള്ള തുരുത്താണു ഗുരുകുലം. വരണ്ട മനസ്സുകള്‍ക്കു ദാഹജലം പകര്‍ന്നുനല്‍കുന്ന ഒരിടമാണിത്. നടരാജഗുരു തന്റെ മനസ്സില്‍ രൂപപ്പെടുത്തിയ സര്‍വ്വതന്ത്രസ്വതന്ത്രമായ ഈ ഇടം സ്ഥാപിതമായത് ശ്രീനാരായണഗുരുവിന്റെ പൂര്‍ണ്ണമായ അനുഗ്രഹത്തോടുകൂടിയാണ്.
ഗുരുകുല വഴികളിലൂടെ ജിജ്ഞാസുക്കള്‍ക്കും സാധകര്‍ക്കും എക്കാലവും സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഗുരുകുലം കാണിച്ചുതരുന്ന ശൈലിയിലൂടെ മുന്നേറാന്‍ വാസനയുള്ള സാധകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും സമാനമായ ഒരിടവും ചൂണ്ടിക്കാണിക്കാനാവില്ല. ആധുനികലോകത്തിനു ചേരുംവിധം ശാസ്ത്രീയമായും സമഗ്രമായും നാരായണഗുരുവിന്റെ സത്യദര്‍ശനം പങ്കുവെയ്ക്കുന്ന ഗുരുകുലദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇന്നു പ്രസാദ് സ്വാമികളാണ്. ശ്രീനാരായണഗുരുദേവന്‍ തന്റെ മനസ്സിലുള്ള ആശ്രമസങ്കല്പത്തെ വ്യക്തമായി നിര്‍വ്വഹിച്ചു വെച്ചിട്ടുള്ളതാണല്ലോ (‘ആശ്രമം’ എന്ന കൃതി). ജീവിതത്തെ അമൂല്യതയിലേക്കു നയിക്കുന്ന ത്യാഗത്തെ സ്വായത്തമാക്കിയ ഒരാളായിരിക്കണം ആശ്രമത്തെ നയിക്കുന്ന ‘ആശ്രമാധിപതി’. അരണികടയുംപോലെ കടയപ്പെടുമ്പോള്‍ നേടുന്ന വിവേകത്തിന്റെ തിളക്കമായ സന്ന്യാസധര്‍മ്മത്തെയാണ് നാരായണഗുരുവിന്റെ ‘ആശ്രമാധിപതി’ ആദര്‍ശമാക്കുന്നത്. ത്യാഗവും പരിശുദ്ധിയുമാണ് അതിന്റെ മര്‍മ്മപ്രധാനമായ സംഗതി. പ്രസാദ് സ്വാമികളുടെ ജീവിതത്തെ പരിശോധിച്ചാല്‍ അതിന്റെ അലങ്കാരം ത്യാഗമാണെന്നു കാണാം. സര്‍ക്കാരുദ്യോഗ്യം ത്യജിച്ചു സന്ന്യാസവഴിയിലേയ്ക്കു തിരിഞ്ഞപ്പോഴും നടരാജഗുരുവിനൊപ്പം നിരവധി ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും ഗുരുവിനുവേണ്ടി സമുജ്ജ്വലമായ ഒരു സമാധിമണ്ഡപം തീര്‍ത്തപ്പോഴുമൊക്കെ ആ ത്യാഗത്തിന്റെ മുഖം പുറമേയ്ക്കും ബോധ്യപ്പെട്ടതാണ്. ഈ ബോധ്യത്തെ ഗുരു നിത്യതന്നെ അന്തേവാസികളോടു പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. നടരാജഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ലോകമതസമ്മേളനത്തിനുതന്നെ നേതൃത്വം കൊടുത്തിട്ടുള്ള ആളാണു സ്വാമികള്‍. പ്രസാദ് സ്വാമികളുടെ ഇത്തരത്തിലുള്ള ത്യാഗത്തിനു പിന്നിലെ അടിസ്ഥാന കാര്യം ശ്രീനാരായണഗുരുവിലുള്ള ജീവിതസമര്‍പ്പണം തന്നെയാകുന്നു.
ത്യാഗത്തിന്റേതായ ഈ അടിത്തറയിന്മേലാണ്, കരുത്തിന്മേലാണ് പ്രസാദ് സ്വാമികളുടെ ജീവിതം വേരുറച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗുരുകുലത്തിന്റെ കരുത്തുറ്റ അടിത്തറയ്ക്ക് ഈ ജീവിതംകൂടി ബലമായിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല പ്രസാദ് സ്വാമികളുടെ വേണ്ട സമയത്തുള്ള ഇടപെടല്‍ ഗുരുകുല പ്രസ്ഥാനം നിലനിന്നു പോരുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഉദാഹരണത്തിനു ഗുരുകുലത്തെ ശിവഗിരിയിലെ സന്ന്യാസിസംഘവുമായി കോര്‍ത്തുകെട്ടാനുള്ള ശ്രമമുണ്ടായപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത പ്രസാദ് സ്വാമികളുടെ നിലപാടിനെ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഗുരു നിത്യയ്ക്കുപോലും പ്രസാദ് സ്വാമികളുടെ കര്‍ക്കശമായ സ്വരത്തെ കേള്‍ക്കേണ്ടിവരികയുണ്ടായി. ‘കര്‍ക്കശക്കാരനായ സന്ന്യാസി’ എന്ന രീതിയിലുള്ള ഒരു വിശേഷണവും സ്വാമികള്‍ക്കു കിട്ടിയിട്ടുണ്ടല്ലോ. ഗുരുകുലത്തിന്റെ അടിസ്ഥാനപരമായ ഗതിമാറ്റത്തില്‍ ഒരിക്കലും സ്വാമികള്‍ വഴങ്ങിക്കൊടുത്തിട്ടില്ല. വേറെ ഏതു കാര്യത്തില്‍ മൃദുസമീപനമെടുത്താലും നാരായണഗുരുവിന്റെയും ഗുരുകുലത്തിന്റേയും ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന കാര്യത്തില്‍ പ്രസാദ് സ്വാമികള്‍ കര്‍ക്കശമായിത്തീരും എന്ന കാര്യം പ്രധാനമാണ്. ഇത്തരം നിലപാടുകള്‍ പലര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമായി തീര്‍ന്നിട്ടുണ്ടാവാം. എന്നാല്‍ വേണ്ടതായ കാര്യങ്ങളില്‍ ‘വെള്ളം ചേര്‍ക്കല്‍’ അനുവദിക്കാത്ത ഈ രീതി ഗുരുകുലത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പറഞ്ഞുവരുന്നതു ഗുരുകുലത്തെ പല നിര്‍ണ്ണായകഘട്ടങ്ങളിലും ഭദ്രമാക്കി നിറുത്തിയതില്‍ സ്വാമികളുടെ പങ്ക് അനിവാര്യമായിരുന്നു എന്ന കാര്യമാണ്.
പകര്‍ന്നുവെച്ച പൈതൃകം
സാധാരണ സംഭാഷണത്തില്‍പോലും ശ്രീനാരായണഗുരു ‘സൂത്രഭാഷയാണ്’ ഉപയോഗിച്ചിട്ടുള്ളതെന്നു ഗുരുവുമായി ആത്മബന്ധം പുലര്‍ത്തിയ ശ്രീരാമകൃഷ്ണമഠത്തിലെ ആഗമാനന്ദസ്വാമികള്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും വിശ്വകവിയായ രവീന്ദ്രനാഥടാഗൂര്‍പോലും വിസ്മയിച്ചുപോയ ഒരു സംഭാഷണശൈലി സ്വന്തമാക്കിയിരുന്ന നാരായണഗുരുവിന്റെ കൃതികളിലെ പ്രയോഗരീതി വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. തന്റെ കൃതികളിലൂടെ ഗുരു പകര്‍ന്നുവെച്ച ഈ ജ്ഞാനത്തെ വളരെ ലളിതമായി പരിചയപ്പെടുത്താനുള്ള ത്രാണിയെയാണു പ്രസാദ് സ്വാമികള്‍ സ്വജീവിതംകൊണ്ട് ആര്‍ജ്ജിച്ചെടുത്തത്. ഗുരുകുല പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരനായ പ്രസാദ് സ്വാമികള്‍ ഗുരുകുലത്തെ നയിക്കാന്‍ തുടങ്ങിയിട്ട് ഇതിനോടകം പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. യാത്രകളും മറ്റു പരിപാടികളും കുറച്ചുകൊണ്ട് എഴുത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി 120-ലേറെ കൃതികളാണു നമുക്കു പകര്‍ന്നു കിട്ടിയിട്ടുള്ളത്. അറിവിന്റെ ആദ്യപാഠങ്ങള്‍, കുട്ടികളുടെ നാരായണഗുരു എന്നിവയില്‍ തുടങ്ങി ഗുരുവിന്റെ കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം, വേദാന്തസൂത്രങ്ങളുടെ വ്യാഖ്യാനംവരെയുള്ള നീണ്ട പട്ടികയാണത്.
ഈ കൃതികളുടെയും എഴുത്തിന്റേയും പ്രത്യേകതയായി നിരവധി കാര്യങ്ങളെയാണ് ഒരു സൂക്ഷ്മദൃക്കിനു കണ്ടെത്താനാവുക. ഒന്നാമത്തേതു സമഗ്രത-പാശ്ചാത്യപൗരസ്ത്യധാരകളെയും വിവിധ മതസാരങ്ങളെയും സമന്വയിച്ചു വെക്കുന്ന ഒരു കൃത്യതയെ സ്വാമികളുടെ എഴുത്തിലുടനീളം കാണാനാവുന്നു. പാശ്ചാത്യ ചിന്താധാരകളും ലോകമതങ്ങളിലെ അന്തര്‍ധാരകളും വേണ്ടവിധം മനസ്സിലാക്കിയിട്ടുള്ള പ്രസാദ് സ്വാമികളുടെ ഈ ശൈലി പല കൃതികളെയും ചൂണ്ടിക്കാട്ടി പറയാനാവുന്നതാണ് (Christ The Guru, ഗ്രീക്കു ചിന്തകര്‍, ഖുറാനിലെ ദൈവനാമങ്ങള്‍). നാരായണഗുരുവില്‍നിന്നു പരോക്ഷമായും നടരാജഗുരുവില്‍നിന്നും നേരിട്ടും സ്വാംശീകരിച്ച സമന്വയശൈലികളെയാണ് ഇവിടെ കാണാനാവുന്നത്. മാത്രമല്ല ഉപനിഷത്തിന്റെ യുക്തിഭദ്രതയും അതിനു കൂട്ടായിട്ടുണ്ട്. ‘പ്രസാദ് ഉപനിഷത്തുകളിലാണ് ആദ്യം ശ്രദ്ധ വെച്ചത്’ എന്നു നടരാജഗുരുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന രീതിയിലുള്ള പ്രായോഗികതയെയും പ്രസാദ് സ്വാമികളുടെ കൃതികളില്‍ നിഴലിച്ചുകാണാനാവുന്നുണ്ട്. മറ്റൊരു കാര്യമാണ് എഴുത്തിലെ ലാളിത്യം. കേവലം അക്കാദമികശൈലികള്‍ക്കപ്പുറത്ത് ഏതൊരു സാധാരണക്കാരനും തത്ത്വങ്ങള്‍ പ്രാപ്യമാവുന്ന രീതി പ്രസാദ് സ്വാമികളുടെ കൃതികളിലുടനീളം കാണാനാവും. (ഉദാ: ജീവിതപര്യടനം ഗീതയിലൂടെ, വിവര്‍ത്തന കൃതികള്‍ ലരേ.) നാരായണഗുരുവും നടരാജഗുരുവും നിത്യഗുരുവും വെട്ടിത്തെളിച്ചുതന്ന പാതയില്‍ സാധാരണക്കാരനുകൂടി അവകാശം കൊടുക്കുന്ന ഒരു കാരുണ്യം പ്രസാദ് സ്വാമികളുടെ എഴുത്തില്‍ കാണാന്‍ കഴിയുന്നു. ഗുരുകുല പാരമ്പര്യം സരളതയെ സ്വായത്തമാക്കുന്ന ശൈലി പ്രസാദ് സ്വാമികളിലൂടെ ഒഴുകിവന്നു എന്നും കരുതാം. ശ്രീനാരായണഗുരു വേദാന്തത്തെ ശുദ്ധമായ മലയാളത്തിലാക്കി എന്നതിനെ സ്വീകരിച്ചുകൊണ്ടുതന്നെ പറയാവുന്ന കാര്യം, നാരായണഗുരുവിന്റേതു സൂത്രഭാഷയാണ് എന്നുള്ളതാണ്. സൂക്ഷ്മബുദ്ധികള്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഗ്രഹിക്കത്തക്ക രീതിയിലുള്ള ഈ സൂത്രഭാഷയത്രെ നടരാജഗുരുവിലെത്തുമ്പോള്‍ ശാസ്ത്രഭാഷയായിട്ടു തീരുന്നത്. ഇത് ഗുരു നിത്യയില്‍ സൗന്ദര്യവും ലാവണ്യവും ഊറിക്കൂടുന്ന ഒരു ശൈലിയായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ പ്രസാദ് സ്വാമികളുടെ അവതരണ ശൈലി ‘ഇതിനപ്പുറം ലളിതമായി പറയാനാവില്ല’ എന്ന രീതിയിലാണ്.
ലാളിത്യം സ്വാമികള്‍ കൈമുതലാക്കുമ്പോഴും അതിലെ ഗൗരവം സ്വല്പവും ചോരുന്നുമില്ല. വേദാന്തത്തെ ശ്രീനാരായണഗുരുവിന്റെ തനിമയില്‍ പകര്‍ന്നുവെക്കുന്ന സ്വാമികളുടെ ഗ്രന്ഥങ്ങളില്‍ പലതും അക്കാദമികതലത്തില്‍ത്തന്നെ ശ്രീനാരായണതത്ത്വങ്ങളെ മനസ്സിലാക്കാന്‍ പര്യാപ്തമായ കൃതികളായി ഇതിനോടകം പേരെടുത്തു കഴിഞ്ഞു. (ഉദാ: The Philosophy of Narayana Guru, വേദാന്തം നാരായണഗുരു വരെ). മറ്റൊരു കാര്യം നടരാജഗുരുവിന്റെ പല കൃതികളും പ്രസാദ് സ്വാമികളിലൂടെ മൊഴിമാറ്റം ചെയ്തു കിട്ടിയിരിക്കുന്നു എന്നുള്ളതാണ്. പ്രസാദ് സ്വാമികളില്‍ നിന്നല്ലാതെ ഇത്തരത്തിലുള്ള ഒരു മൊഴിമാറ്റം (ഉദാഹരണം: An Integrated Science of the Absolute) പ്രതീക്ഷിക്കാനാവുന്നതല്ല. മാത്രമല്ല സ്വാമികളുടെ കൃതികളെല്ലാംതന്നെ ജീവിതഗന്ധിയാണ്. ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഉതകുന്നതാണ്. അതിനാല്‍ത്തന്നെ ഈ രചനകള്‍ കാലാതീതമായ ഒരു മൂല്യത്തെയാണു സമൂഹത്തിനു പകര്‍ന്നു നല്‍കുന്നത്.
വ്യക്തിത്വത്തിനു പിന്നിലെ ആഴം
ജീവനു കടന്നുപോകാവുന്ന സാദ്ധ്യതകളായ തിരശ്ചീനവും (X) അനുപ്രസ്ഥാനവുമായ (Y) രണ്ടക്ഷങ്ങളെ സ്വായത്തമാക്കി, എപ്രകാരം സമന്വയിപ്പിക്കണമെന്ന ജീവിതരഹസ്യം പൂജ്യ നടരാജഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അമൂല്യതയെ സ്വജീവിതത്തില്‍ കണ്ടെത്തി ‘നടുനില’യിലെത്തുമ്പോഴത്രെ ശ്രീനാരായണഗുരുവും മറ്റും പറഞ്ഞിട്ടുള്ള അനുഭൂതിയെ സ്വായത്തമാക്കാനാവുക (പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍ – ആ.ശ. 15). അനുഭൂതിദായകമായ ഈ വശമാണ് മനുഷ്യജീവിതത്തെ ഉന്നതമാക്കുക. ഭാരതത്തിന്റെ ദൗത്യംതന്നെ ഈ ജ്ഞാനപാരമ്പര്യം മനുഷ്യരാശിക്കു പകര്‍ന്നുകൊടുക്കുക എന്നതാണ്. ഭാരതം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ചിലവഴിച്ചിട്ടുള്ളത് ഈ കാര്യത്തിനുവേണ്ടിയാണോ എന്നു നാം ചിന്തിച്ചുപോകും. മനുഷ്യനിലെ സാദ്ധ്യതകളെ തുറന്നുവെക്കുന്ന ഈ ആദ്ധ്യാത്മിക പാരമ്പര്യം കണ്ടിട്ടാണ് കൈസര്‍ലിങ്ങ് പ്രഭുവിനെപ്പോലെയുള്ള പാശ്ചാത്യ ദാര്‍ശനികര്‍ ‘ഒരു തത്ത്വചിന്തകനു മാത്രമേ ഭാരതത്തെ മനസ്സിലാക്കാനാവു’ എന്നു നിര്‍വ്വചിച്ചത്. ഭാരതത്തിന്റെ ഈ ഋഷിപാരമ്പര്യം എക്കാലവും ലോകത്തിനു കിട്ടിയിട്ടുള്ളതു ഗുരുക്കന്മാര്‍ വഴിയാകുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ഗുരുപാരമ്പര്യത്തെ തൊട്ടറിയുവാനുള്ള വഴികളെ നാരായണഗുരുതന്നെ പറഞ്ഞുവച്ചിട്ടുണ്ടല്ലോ (മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം – ആ.ശ 7).
ചുരുക്കത്തില്‍ ഗുരുക്കന്മാരിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നതു ജ്ഞാനത്തിന്റെ പിന്‍തുടര്‍ച്ചയാകുന്നു. ഗുരു-ശിഷ്യപാരസ്പര്യത്തിലൂടെ കൈവരുന്ന ധന്യമായ ഈ പാരമ്പര്യത്തെയാണ് ഗുരുകുലം ആദര്‍ശമാക്കുന്നത്. അടുത്തെത്തുന്ന ഓരോ ജിജ്ഞാസുവിനെയും നിശ്ശബ്ദതയിലേക്കു കൊണ്ടുപോകുകയും ആശ്ചര്യപ്പെടുത്തുകയും തൃപ്തനാക്കുകയും ചെയ്യുന്ന മൂല്യത്തെയാണ് ഓരോ അന്വേഷകനും ഗുരുക്കന്മാരിലൂടെ തിരിച്ചറിയാനാവുന്നത്. ചുരുക്കത്തില്‍ ജീവിതത്തിന്റെ ആഴത്തെ സ്വാംശീകരിച്ചെടുക്കാനുള്ള ഒരു സൂത്രവാക്യമാണ് ഗുരുസ്ഥാനം. എല്ലാം ചെയ്യുമ്പോഴും ‘ഞാനല്ല ചെയ്യുന്നത്’, ‘ഞാനൊന്നുമല്ല’ എന്ന ഉറച്ച ബോദ്ധ്യംവന്ന പ്രസാദ് സ്വാമികളില്‍ രൂഢമൂലമായിരിക്കുന്നതു മുമ്പു പറഞ്ഞ അനുഭൂതി (‘നടുനില’) യെ ജീവിതംകൊണ്ടു നിര്‍ദ്ധാരണം നടത്തിയ സ്വഭാവമാകുന്നു. ചിന്ത, വാക്ക്, പ്രവൃത്തി എന്നീ മൂന്നിനേയും നേര്‍രേഖയിലാക്കുന്ന കൃത്യതകൂടിവച്ച് ആ ജീവിതത്തെ പരിശോധിച്ചാല്‍ ഇതു ശരിയാണോ എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാനാവും. സൂക്ഷ്മചിന്തയില്‍ തപസ്സെന്ന അന്തര്‍ധാരയിലേക്കാണ് ഗുരുവിന്റെ ജീവിതം ഒരു ശിഷ്യനെ കൂട്ടിക്കൊണ്ടുപോകുന്നത്. അതെ, ഗുരുപാരമ്പര്യത്തിലെ ഉജ്ജ്വലമായ ഒരു കണ്ണിയെയാണ് പ്രസാദ് സ്വാമികളില്‍ കണ്ടെത്താനാവുക.
മുമ്പിലുള്ള ഗുരുവിനെ പ്രചോദനസ്രോതസ്സാക്കാനും ജീവിതത്തിലേക്കു പൂരിപ്പിച്ചെടുക്കാനും എത്രപേര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതു മാത്രമാണ് ചര്‍ച്ചചെയ്യേണ്ടതായ കാര്യം. ജ്ഞാനത്തിന്റെ കൈവഴിയായി ഗുരുകുലം മാറുന്നതു ഗുരുവെന്ന തെളിമയെ പരിചയപ്പെടാനുള്ള സാദ്ധ്യത അതിലുള്ളതിനാലാകുന്നു. അത്തരത്തിലുള്ള പാരമ്പര്യത്തെ വഹിക്കുന്ന ഇടമായി പ്രസാദ് സ്വാമികളേയും ഗുരുകുലത്തേയും തിരിച്ചറിയാവുന്നിടത്താണ് ഒരുവനില്‍ ധന്യത നിറയുന്നത്.
( പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരാണ് ലേഖകന്‍)