‘നായ പാത്തിയ കല്ലിന്‍മേല്‍ കളഭം പൂശിയ കേളപ്പാ’
എതിരഭിപ്രായക്കാരുടെ വിളി കേട്ട് കേളപ്പന്‍ ചിരിച്ചു. അര്‍ത്ഥഗര്‍ഭമായ ചിരി. ആ ചിരിക്കിടയിലും വേലായുധനും മാധവിയുമടക്കം അവിടെ കൂടിയ ആര്‍ക്കും വിഷമമടക്കാനായില്ല. മാധവി സത്യഗ്രഹപ്പന്തലിന് ചുറ്റും നടന്നു കണ്ടു.
ഒരു മണ്‍തറ. അതിന്റെ നടുവില്‍ പാതി മണ്ണിലായി ചെരിഞ്ഞുകിടക്കുന്ന ശിവലിംഗം. പുരാതനമായ പടയോട്ടത്തിന്റെ കുളമ്പടി ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട്. അപ്പുറം തിരുമാന്ധാംകുന്നില്‍ നിന്നും വള്ളുവക്കോനാതിരിയുടെ ചാവേര്‍ വ്രതമേറ്റ അനുയായികളുടെ പ്രാര്‍ത്ഥനകളുടെ ഇരമ്പം. തളികളും തളിയാതിരിമാരും നയിച്ച പ്രൗഢഭൂതകാലത്തിന്റെ ഓര്‍മ്മ ജീര്‍ണിച്ചു കിടക്കുന്നു. ശില്പ സമൃദ്ധിയും ചരിത്ര പശ്ചാത്തലവും കൊണ്ട് സഞ്ചാരികളുടെ കുതുകങ്ങളെ ദീപ്തമാക്കുന്ന അറുപത്തിനാല് തളികളിലൊന്നിതാ അങ്ങാടിപ്പുറത്ത് ചെളിപുരണ്ടു നില്‍ക്കുന്നു.
ആരാധന സമൂഹത്തിന്റെ ദിശാമാനങ്ങള്‍ നിര്‍ണയിച്ചിരുന്ന കാലത്തെ ചരിത്രബിംബങ്ങളിലൊന്ന് പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേളപ്പന്റെ ശ്രദ്ധ. ഭൂതകാലം ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം. പകയല്ല, മറുപടിയല്ല, പ്രതികാരമല്ല. സഹവര്‍ത്തനത്തിന്റെ മണ്ണായിരുന്നു ഇത് എന്ന് ഭാവികാലത്തോട് വിളിച്ചു പറയാനുള്ള ധാര്‍മ്മിക സമരം.
അങ്ങാടിപ്പുറത്തേക്ക് വിശ്വാസികളെത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. മഹാനവമിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച ഭജനയുടെ സമയമായി. നിരോധനാജ്ഞ പ്രഖ്യാപിച്ച് ലീഗടക്കമുള്ള സപ്ത കക്ഷികള്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ ഇടതുഭരണകൂടം ജാഗ്രത്തായി.
ഭജന തുടങ്ങി. ഒന്നാംദിനം ഭംഗിയായി. അടുത്ത ഭജനയുടെ തീയതി തീരുമാനിച്ചു. ക്ഷേത്ര സംരക്ഷണസമിതി സെക്രട്ടറി കുഞ്ഞനന്തന്‍ ആയിരുന്നു അടുത്ത ഭജനയുടെ നേതൃത്വം ഏറ്റെടുത്തിരുന്നത്. കേളപ്പന്‍ എറണാകുളത്തുനിന്ന് ഒരു മീറ്റിംഗ് കഴിഞ്ഞ് അവിടെയെത്തി.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വി.എം.കൊറാത്ത് കേളപ്പനരികിലുണ്ട്.
ഭജന തുടങ്ങിയപ്പോള്‍ പോലീസ് ഇരച്ചെത്തി. കേളപ്പനെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ ലോക്കപ്പിലിട്ടു.
‘ഒരുഭാഗത്ത് മതത്തിന് ഒരു ജില്ല. മറുഭാഗത്ത് ആരാധനാസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ്. സമത്വത്തിന്റെ ലംഘനമാണിത്. സമത്വത്തിനായി എനിക്ക് സമരം ചെയ്‌തേപറ്റൂ’.
ലോക്കപ്പില്‍ കേളപ്പന്‍ സമരം തുടങ്ങി. ആയുധം ഉപവാസം തന്നെ. അശീതിയോടടുക്കുന്ന വൃദ്ധന്റെ ധ്യേയം. ഇരുമ്പഴിയെ തോല്‍പ്പിക്കുന്ന നിലപാടിന്റെ ദൃഢത. ലോക്കപ്പിലെ ഇരുട്ടിനെ സത്യാന്വേഷണത്തിന്റെ പ്രകാശം തോല്‍പ്പിച്ചു കളഞ്ഞു.
‘അങ്ങാടിപ്പുറത്തെ ശിവലിംഗം പുരാവസ്തുവാണെന്ന് പറഞ്ഞ് ഗവണ്‍മെന്റ് സ്ഥലം മതില്‍കെട്ടിയടച്ചു. ഇക്കണ്ടവാര്യരും മന്മഥന്‍ സാറും ലീലാദാമോദരമേനോനും ചേര്‍ന്ന് അത് പൊളിച്ചൂത്രേ’. അങ്ങാടിപ്പുറത്തേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങുന്നതിനിടെ മാധവി വേലായുധനോട് പറഞ്ഞു. ‘കുറേ സ്ത്രീജനങ്ങളും കൂടീന്നാ കേട്ടത്’.
‘വീരാംഗനകള്‍’. വേലായുധന്‍ ആത്മഗതം നീട്ടി.
മാധവി അങ്ങാടിപ്പുറത്ത് എത്തുമ്പോഴേക്കും കേളപ്പജി ഉപവാസം നടത്തിയ വാര്‍ത്ത വന്നു. ഭജന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതിവിധി വന്നതിനാല്‍ കേളപ്പജിയെ വിട്ടയച്ചൂന്നും വൈകാതെ വാര്‍ത്തയെത്തി.
‘ധര്‍മ്മമെവിടെയോ വിജയം അവിടെത്തന്നെ’. മാധവിയോട് അടുത്തിരുന്ന ഒരാള്‍ പറഞ്ഞു.
ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ബാലകൃഷ്ണന്‍ നായരുടെ വീട്ടിലാണ് കേളപ്പജി എത്തിയത്. ഏതാനും പേര്‍ അങ്ങോട്ട് കുതിച്ചു. കുളികഴിഞ്ഞ് വിജയം വരിച്ച പടയാളിയുടെ ഭാവത്തില്‍ കേളപ്പന്‍ വരാന്തയില്‍ വന്നു നിന്നു. അവരുടെ സംസാരത്തെ മുറിച്ചുകൊണ്ട് വടക്കുഭാഗത്തു നിന്നും ഉച്ചഭാഷിണിയിലൂടെ ആരോ പ്രസംഗിക്കുന്ന ശബ്ദം കേട്ട് അദ്ദേഹം ചെവിക്കുടയ്ക്ക് പിറകില്‍ കൈപ്പത്തി നിവര്‍ത്തി.
‘എ.കെ. ഗോപാലനാണ്. നിലവാരമില്ലാത്ത അധിക്ഷേപമാണ് നിറയെ. ജേ്യഷ്ഠസഹോദരനും രാഷ്ട്രീയ ഗുരുവുമായിരുന്നു ഇത്രയും കാലം അങ്ങ്’.
‘അവന്‍ നല്ല രാഷ്ട്രീയക്കാരനാ. രാഷ്ട്രീയക്കാര്‍ക്ക് എന്താ പറഞ്ഞുകൂടാത്തത്. നമുക്കത് വയ്യല്ലോ’.
എല്ലാവരും ചിരിച്ചു.
‘ക്ഷേത്രസംരക്ഷണസമിതി നമുക്ക് എല്ലാം കൂടി ഉഷാറാക്കണം’. എല്ലാവരും തലയാട്ടി ‘മലബാര്‍ പോരാ കേരള ക്ഷേത്രസംരക്ഷണ സമിതി തന്നെ വരണം’.
മണ്‍തിട്ട ശ്രീകോവിലായി. നാലമ്പലം ഉയര്‍ന്നു. അര്‍ദ്ധമണ്ഡപവും മഹാമണ്ഡപവുമൊരുങ്ങി. നിത്യപൂജയുടെ മണിമുഴങ്ങി. വിശ്വാസത്തിന്റെ വഴിയില്‍ പ്രാര്‍ത്ഥനകള്‍ നിറഞ്ഞു.
മലപ്പുറം ജില്ലാരൂപീകരണം പ്രഖ്യാപിക്കപ്പെട്ട ദിനം സായാഹ്നത്തില്‍ മാമരത്തണലിലെ ചാരുകസേരയില്‍ ആകാശം നോക്കിക്കിടക്കുന്ന കേളപ്പനോട് ഗോവിന്ദന്‍ ചോദിച്ചു.
‘കേളപ്പമാമ, നാം തോറ്റു എന്ന് തോന്നുന്നുണ്ടോ?’
നീലാകാശത്തിനു കീഴെ അകന്നും അടുത്തും കളിക്കുന്ന വെള്ള മേഘക്കീറുകളെ നോക്കി കേളപ്പന്‍ പറഞ്ഞു.
‘കാലത്തിന് സത്യത്തെ തോല്‍പ്പിക്കാനാവില്ല ഗോവിന്ദാ’.
തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേളപ്പജിയെ എതിര്‍ക്കുന്നവരുടെ എണ്ണം പെരുകുന്നതും അനുയായികളെന്ന് നടിച്ചവര്‍പോലും പരസ്യമായി നിന്ദിക്കാന്‍ തുടങ്ങിയതും മാധവി വേലായുധന് പറഞ്ഞുകൊടുത്തു. കേളപ്പജിയുടെ താമസസ്ഥലത്തേക്ക് പ്രദേശവാസിയായ ഒരു ഹരിജന്‍ അതിക്രമിച്ച് വേലികെട്ടിയതും ആ വേലി കേളപ്പജിയുടെ അടുത്തവര്‍ പൊളിച്ചതും തുടര്‍ന്ന് ഭീഷണിയും ബഹളവും നടന്നതും വേലായുധനറിഞ്ഞത് വൈദ്യശാലയില്‍ നിന്നായിരുന്നു.
കേളപ്പജി സര്‍വോദയപുരം ഗാന്ധിസ്മാരക കമ്മിറ്റി വിളിച്ചു. കേസ് കൊടുക്കാന്‍ യോഗതീരുമാനമുണ്ടായി. പക്ഷേ കേളപ്പജി പറഞ്ഞു.
‘ഹരിജനോദ്ധാരണത്തിനായിരുന്നു എന്റെ വാദവും പ്രവര്‍ത്തനവും. ഇപ്പോള്‍ ഗാന്ധിസ്മാരക കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയുടെ അംശം ഒരു ഹരിജന്‍ കൈയേറിയതിന് കേസ് കൊടുക്കുന്നത് ശരിയല്ല. ഒരുപക്ഷേ കേസില്‍ ഞാന്‍ ജയിച്ചേക്കാം. പക്ഷേ ഞാന്‍ ബാല്യം മുതല്‍ മുറുകെ പിടിച്ച തത്വം കൈവെടിയരുതല്ലോ. ഭൂമി അവനിരിക്കട്ടെ’.
തവനൂരില്‍ നിന്നിറങ്ങുമ്പോള്‍ കടങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. സ്‌കൂളും നഴ്‌സറിയും ഗ്രാമീണ വ്യവസായ യൂണിറ്റുമൊക്കെ നടത്തിക്കാന്‍ പ്രാദേശിക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ശാന്തികുടീരവും ഖാദിവില്‍പ്പന കേന്ദ്രവും കേരള സര്‍വോദയസംഘം കോഴിക്കോട് ശാഖയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി.
തവനൂരില്‍ നിന്ന് വിടവാങ്ങി കോഴിക്കോട് ഗാന്ധിആശ്രമത്തിന്റെ പടവുകള്‍ കയറുമ്പോള്‍ കേളപ്പന്‍ ഗോവിന്ദനോട് പറഞ്ഞു.
‘നാളെ ഗാന്ധിജയന്തിയാണ്’.
അതേ സായാഹ്നത്തില്‍ ചെറുചൂടുള്ള കിഴി വേലായുധന്റെ കണ്‍പോളകള്‍ക്ക് പുറത്ത് മൃദുലമായമര്‍ത്തിക്കൊണ്ട് മാധവിയും പറഞ്ഞു
‘നാളെയാണ് ഗാന്ധിജയന്തി’.
കിഴിവെപ്പ് കഴിഞ്ഞ് നെറ്റിയില്‍ തൈലം പുരട്ടി മാധവി അടുക്കളയിലേക്ക് പോയി. സായാഹ്നക്കാറ്റ് പടിഞ്ഞാറ് നിന്നും വീശിയടിച്ചപ്പോള്‍ ഏതാനും നിമിഷം മയങ്ങിയ വേലായുധന്‍ പൊടുന്നനെ ഞെട്ടിയുണര്‍ന്നു.
‘മാധവീ, ഒന്നിങ്ങു വന്നേ’.
പതിവില്ലാത്തൊരു വിളിയില്‍ മാധവി അമ്പരന്നു. കയ്യിലുണ്ടായിരുന്ന പാത്രങ്ങള്‍ മൂലയിലേക്ക് വെച്ച് വിളിയില്‍ നിന്ന് ഏറെയകലെയല്ലാത്ത നിമിഷത്തില്‍ വരാന്തയിലെത്തി.
‘പടിഞ്ഞാറ് സൂര്യന്‍ അസ്തമിക്കാന്‍ പോവ്വാണ് അല്ലേ?’.
‘എന്തേ?’
‘ദൂരത്തു നിന്ന് ചെറിയൊരു ചോപ്പ് കണ്ണില്‍ കലരുന്ന പോലെ’.
‘ന്റെ ഈശ്വരാ’. മാധവിയുടെ വിളി വയലിലേക്ക് പരന്നൊഴുകി. അങ്ങ് പടിഞ്ഞാറ് വയലിന്റെ ഓരത്തെ തെങ്ങിന്‍ തലപ്പുകള്‍ക്കിടയിലേക്ക് ചുവന്ന സൂര്യന്‍ താഴ്ന്നിറങ്ങുന്നു.
‘എന്തോ നല്ല ലക്ഷണാണെന്ന് തോന്നുന്നുണ്ട്’.
വേലായുധന്‍ മാധവിയുടെ കൈപിടിച്ചു. മാധവി അയാളെ മാറോട് ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു.
‘നിന്റെ കുപ്പായം നീലയാണല്ലേ. അങ്ങനെ തോന്നുന്നു’.
‘ഉം’ മാധവി കണ്ണീര്‍ധാരയെ നിയന്ത്രിക്കാന്‍ പാടുപെട്ടു.
പിറ്റേന്ന് ആര്യവൈദ്യശാലയിലേക്ക് കയറുമ്പോള്‍ വരാന്തയില്‍ ചുമരില്‍ ചാരിവെച്ചിരുന്ന ഗാന്ധിചിത്രമാണ് വരവേറ്റത്. ഫോട്ടോയ്ക്ക് മുന്നില്‍ തളികയില്‍ വെച്ചിരിക്കുന്ന പൂക്കളില്‍ നിന്ന് അല്‍പമെടുത്ത് അര്‍പ്പിച്ച് മാധവി കൈകൂപ്പി. വേലായുധന്റെ കൈപിടിച്ച് ഫോട്ടോയ്ക്ക് അഭിമുഖമായി നിര്‍ത്തി അല്പം പൂക്കള്‍ കയ്യിലിട്ടുകൊടുത്തു.
‘ഗാന്ധിജി’. മാധവി പറഞ്ഞുകൊടുത്തു.
‘തോന്നുന്നുണ്ട്’. വേലായുധന്‍ പൂക്കള്‍ അര്‍പ്പിച്ച് കണ്ണടച്ചു.
തലേന്നു മുതല്‍ ഉണ്ടായ മാറ്റങ്ങള്‍ കേട്ട് വൈദ്യര്‍ പുഞ്ചിരിച്ചു. അതു കണ്ടപ്പോള്‍ മാധവിയുടെ മുഖം വിടര്‍ന്നു.
‘ലക്ഷണം നല്ലതു തന്നെയാണ്. എന്നാലും എല്ലാം നമ്മുടെ കയ്യിലല്ലല്ലോ’. വൈദ്യര്‍ പറഞ്ഞു.
‘ദൈവം കൈവിടില്ല’. മാധവി പ്രതീക്ഷാഭരിതയായി.
‘അഞ്ചുദിവസത്തേക്ക് ഞാനൊരു കഠിനശ്രമം നടത്താന്‍ പോവുകയാണ്’. പുതിയ മരുന്നിന്‍കൂട്ടുകള്‍ കടലാസിലെഴുതി അകത്തുള്ള ഒരാളെ വിളിച്ചേല്‍പ്പിച്ച് വൈദ്യര്‍ തുടര്‍ന്നു. ‘വേലായുധന്‍ അഞ്ചാംദിവസം ഈ ലോകത്തെ കാണേണ്ടതാണ്. മരുന്നും പ്രാര്‍ത്ഥനയും രണ്ടും കുറയ്ക്കണ്ട’.
മാധവി തലയാട്ടി. വേലായുധന്‍ മാധവിയുടെ കൈപിടിച്ചു.
ഉള്ളിലേക്ക് പോയയാള്‍ മരുന്നും കൊണ്ട് തിരിച്ചു വന്നു. വേലായുധനെ ഉയരമുള്ള കട്ടിലിലേക്ക് കിടത്തി മരുന്ന് കണ്‍പോളകള്‍ക്കു മുകളില്‍ മൂടി.
‘കേളപ്പജി ഇപ്പോ കോഴിക്കോട് ആണല്ലേ?’
‘അതെ’. വൈദ്യരുടെ ചോദ്യത്തിന് മാധവിയാണ് മറുപടി നല്‍കിയത്.
‘എനിക്കൊന്നു കാണണം’. പൊടുന്നനെയാണ് വേലായുധന്‍ തന്റെ ദൈര്‍ഘ്യമേറിയ മൗനത്തെ മുറിച്ചു കളഞ്ഞത്.
കണ്‍പോളകളെ മൂടിയ മരുന്നിനു മുകളിലൂടെ തലയ്ക്കു ചുറ്റും തുണി ചുറ്റിക്കെട്ടി വൈദ്യര്‍ പറഞ്ഞു.
‘കാണും. ഇതഴിച്ചു കഴിഞ്ഞ്’.
തിരിച്ചിറങ്ങാന്‍ നേരം വൈദ്യര്‍ ഒരിക്കല്‍ കൂടി രണ്ടുപേരെയും ഓര്‍മിപ്പിച്ചു. ‘ഏഴിന് വരണം. ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ പോകരുത്’.
കന്നിക്കൊയ്ത്തിന് കാത്തുനില്‍ക്കുന്ന വയലിലെ സ്വര്‍ണ്ണനിറമണിഞ്ഞ ഓളപ്പരപ്പിനെ ഒരു കൈകൊണ്ട് തലോടിയാണ് മാധവി കവലയില്‍നിന്നും വീട്ടിലേക്ക് നടന്നത്. മറുകൈയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന വേലായുധന്‍ മൂക്കിന്റെ ദ്വാരം വിടര്‍ത്തി നെല്‍മണം ശ്വാസവായു കലര്‍ത്തി അകത്തേക്കെടുത്തു.
ദിവസം ഓരോന്ന് പിന്നിടുമ്പോഴും കണ്‍കെട്ടിനകത്ത് അസ്വസ്ഥത വര്‍ദ്ധിക്കുന്നത് വേലായുധനറിഞ്ഞു. കണ്‍പോളകള്‍ പൊള്ളി വീര്‍ക്കുമ്പോലെ. അസഹ്യമായ ചൊറിച്ചില്‍. ചെന്നിഭാഗത്തെ ഞരമ്പുകളിലെ പിടയ്ക്കല്‍ കൈവിരലുകള്‍ കൊണ്ട് തൊട്ടറിഞ്ഞു. സ്വന്തം ഭക്ഷണം പോലും മറന്ന് മാധവി ആ കണ്ണുകള്‍ക്ക് കാവലിരുന്നു.
നാലാംദിനം രാത്രി വേലായുധന്‍ പറഞ്ഞു. ‘ലക്ഷണൊന്നും അത്ര നല്ലതല്ലല്ലോ മാധവീ. വേദനയും വെഷമവും കൂടിയതായിട്ടാ തോന്നുന്നത് ‘.
പിറ്റേന്ന് വൈദ്യശാലയുടെ പടവുകള്‍ കയറുമ്പോഴും വേലായുധന്‍ പറഞ്ഞത് അതുതന്നെയായിരുന്നു. ‘വിചാരിച്ചപോലെ നടന്നില്ല എന്ന് വെച്ച് നീ കരഞ്ഞ് ബഹളം വെക്കാനൊന്നും പോകേണ്ട. ഇത്രയും കൊല്ലം ഇരുട്ടില്‍ ജീവിച്ചില്ലേ, ഇനിയങ്ങോട്ടും അങ്ങനെ മതി’.
കെട്ടിനകത്ത് പൊങ്ങിവന്ന അസ്വസ്ഥതകള്‍ അറിയിച്ചപ്പോള്‍ വൈദ്യരും ആശങ്കയില്‍ നെറ്റിചുളിച്ചു. പിന്നീട് സമാധാനിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു. ‘അതൊക്കെയുണ്ടാവും. കെട്ടിനിര്‍ത്തരുതാത്തിടത്ത് കെട്ടുകള്‍ വീഴുമ്പോ പ്രതികരണമുണ്ടാവില്ലേ. അത് പ്രകൃതി നിയമമല്ലേ’.
‘ഉം’. മാധവി പ്രതീക്ഷ കൈവിട്ടില്ല.
വേലായുധനെ കട്ടിലിലേക്ക് കിടത്തി കണ്ണുകളെ ബന്ധിച്ചിരിക്കുന്ന തുണിനാടയ്ക്ക് മുകളിലൂടെ ഏതോ തൈലം നൂല്‍പോലെ വീഴ്ത്തി വരഞ്ഞുകൊണ്ടിരുന്നു. തൈലത്തിന്റെ സ്‌നിഗ്ധതയില്‍ തുണി സുതാര്യമായപ്പോള്‍ അതിനകത്തെ പച്ചമരുന്നുകള്‍ തെളിഞ്ഞുവന്നു.
‘അല്പം കാത്തിരിക്കണം. ഉച്ചയ്ക്ക് തുറക്കാം’.
മാധവി കണ്ണുകളടച്ചു.
‘ഒരു ശ്രമം, അല്ലേ വേലായുധാ’. വൈദ്യരുടെ ചോദ്യംകേട്ട് വേലായുധന്‍ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി.
‘അതന്നെ. സപ്തതി കഴിഞ്ഞു. ഇനിയിപ്പോ കാഴ്ച കിട്ടീലെങ്കില്‍ പിന്നെന്താ അല്ലേ?’. വേലായുധന്റെ മനസ്സില്‍ വെളിച്ചത്തിനായുള്ള ആഗ്രഹം കത്തിജ്വലിക്കുന്നുണ്ടെന്ന് മാധവി അയാളുടെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുത്തു.
(തുടരും)
Comments