അക്കാദമിക് രംഗത്തെ ഔന്നത്യമാണ് എം.ജി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുട്ടായില്‍ ഗോവിന്ദ മേനോന്‍ ശങ്കരനാരായണന്‍. കേട്ടുകേള്‍വികളില്‍നിന്നും കെട്ടുകഥകളില്‍നിന്നും വേര്‍പെടുത്തി തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ കേരള ചരിത്രരചനാപദ്ധതിയെ വളരെയധികം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞ ഈ ഗവേഷകന്‍ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും സ്വീകാര്യതയുള്ള ചരിത്രകാരനാണ്. അധ്യാപന മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും അതിവിപുലമായ ശിഷ്യബന്ധങ്ങളും എംജിഎസ്സിന് സ്വന്തം. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) മെമ്പര്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. എം.ജി.എസ്. നാരായണന്‍ നിരവധി വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
മാര്‍ക്‌സിയന്‍ രീതിശാസ്ത്രം ഉപയോഗിച്ച് ചരിത്രത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളപ്പോഴും ഭാരത കേന്ദ്രിത ചരിത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ചും എംജിഎസ് തീര്‍ത്തും ബോധവാനായിരുന്നു. ഇടതുപക്ഷത്തെ സ്റ്റാലിനിസ്റ്റാധിപത്യത്തെയും, ഇവരില്‍പ്പെടുന്നവരുടെ ഇസ്ലാമിക പക്ഷപാതത്തെയും തുറന്നെതിര്‍ത്തിട്ടുള്ള എംജിഎസ്, അയോധ്യയിലെ ക്ഷേത്രം തകര്‍ത്താണ് ‘ബാബറി മസ്ജിദ്’ നിര്‍മിച്ചതെന്ന് ഉല്‍ഖനനത്തില്‍ കണ്ടെത്തിയതിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണമായും ശരിവയ്ക്കുകയും ചെയ്തു. ചരിത്രകാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന വിഗ്രഹത്തെ കടന്നാക്രമിക്കാന്‍ മടിക്കാതിരുന്ന എം.ജി.എസ്സിന്റെ ധീരത കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ ചലനാത്മകമാക്കുകയുണ്ടായി.
വ്യക്തി-ചരിത്രകാരന്‍ എന്നീ നിലകളില്‍ എം.ജി.എസ്സിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുള്ളയാളാണ് ഡോ. ഇ. ബാലകൃഷ്ണന്‍. ‘ഹിസ്റ്ററി ഓഫ് കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ കേരള’ എന്ന ഗവേഷണ പ്രബന്ധം രചിക്കുന്നതില്‍ തന്റെ മാര്‍ഗദര്‍ശനവും സഹായവും ലഭിച്ചിട്ടുള്ള ബാലകൃഷ്ണന്റെ കഴിവുകള്‍ ഈ പ്രബന്ധം പുസ്തകമായപ്പോള്‍ എഴുതിയ അവതാരികയില്‍ എംജിഎസ് എടുത്തുപറഞ്ഞിട്ടുണ്ട്. ”ഈ യുവ അധ്യാപകന്‍ പ്രദര്‍ശിപ്പിച്ച അറിവിന്റെ ആഴവും കാഴ്ചപ്പാടുകളുടെ സൂക്ഷ്മതയും എന്നെ വളരെയേറെ അദ്ഭുതപ്പെടുത്തി” എന്നാണ് എംജിഎസ് എഴുതിയിട്ടുള്ളത്. ‘ബൗദ്ധിക വിഭവ കേന്ദ്രം’ എന്നു ബാലകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന അനുഭവ സമ്പന്നനായ എംജിഎസ് ഇപ്പോള്‍ നവതിയിലെത്തിയിരിക്കുകയാണ്. ദീര്‍ഘകാലമായി തുടരുന്ന അക്കാദമിക് സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ എംജിഎസ്സിനെക്കുറിച്ച് പറയുകയാണ് ഡോ. ബാലകൃഷ്ണന്‍ ഈ അഭിമുഖത്തില്‍.
♣എം.ജി.എസ് നവതിയില്‍ എത്തിയിരിക്കയാണല്ലോ. താങ്കള്‍ക്ക് വളരെക്കാലത്തെ അടുപ്പമുണ്ടെന്നറിയാം. ഈ ബന്ധത്തെക്കുറിച്ച് എം.ജി.എസ് താങ്കളുടെ പുസ്തകമായ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനുള്ള അവതാരികയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇത്തരമൊരു ബന്ധം വളര്‍ന്നതെന്ന് വിശദീകരിക്കാമോ?
എം.ജി.എസ് കോഴിക്കോട് സര്‍വകലാശാലയില്‍ ചരിത്രവിഭാഗം മേധാവിയായിരിക്കുമ്പോഴാണ് ഞാന്‍ അവിടെ ഗവേഷണത്തിന് ചേരുന്നത്. സ്റ്റാലിനിസത്തോടുള്ള സമീപനം, റഷ്യന്‍ വിപ്ലവം, ലെനിന്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ ഗവേഷണത്തിലുള്‍പ്പെട്ടിരുന്നു. മിക്കവാറും ഈ വിഷയങ്ങളില്‍ എന്റേയും അദ്ദേഹത്തിന്റേയും അഭിപ്രായങ്ങളില്‍ വളരെ സാദൃശ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഇവ നിരന്തര ചര്‍ച്ചകള്‍ക്കിടയാക്കി. എം.ജി.എസ് ഒരു ബഹുമുഖ പ്രതിഭയാണ്. സര്‍വകലാശാല ചരിത്രവിഭാഗത്തിലെ മിക്ക ഗവേഷണ വിഷയങ്ങളും അദ്ദേഹത്തിന് താല്‍പ്പര്യമുള്ളവയും അഭിപ്രായമുള്ളവയുമായിരിക്കും. ഇതുകാരണം മിക്ക ഗവേഷകര്‍ക്കും അദ്ദേഹം വളരെ സഹായകരമായ ഒരു ‘ബൗദ്ധിക വിഭവ കേന്ദ്രം’ ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ അത്യന്തം പ്രധാനമായ രേഖകളുടെ ലഭ്യത- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രേഖാ സമാഹാരങ്ങളടക്കം ഉപയോഗപ്പെടുത്താന്‍ സാധിച്ചത് എംജിഎസ്സിന്റെ ഉപദേശം മാത്രമല്ല, വ്യക്തിപരമായ സഹായങ്ങള്‍കൊണ്ടു കൂടിയാണ്. ഈ രേഖാ സമാഹാരത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാമായിരുന്നില്ല.
♣ഔപചാരികമായി ഗൈഡ് അല്ലായിരുന്നുവെങ്കിലും വലിയ പിന്തുണ എം.ജി.എസ്സില്‍നിന്ന് ലഭിച്ചു എന്നര്‍ത്ഥം?
തീര്‍ച്ചയായും. എന്റെ ഗൈഡ് ഡോ. ഇ.കെ. ഗംഗാധരന്‍ നമ്പ്യാര്‍ ആയിരുന്നു. മോസ്‌കോയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഗവേഷകനായിരുന്നു. കേരള ചരിത്രത്തില്‍ ആഴത്തിലുള്ള സഹായം നല്‍കുന്നതിന് പരിമിതികളുണ്ടായിരുന്നു. എം.ജി.എസ്സുമായി നിരന്തരം ചര്‍ച്ചകള്‍ നടത്താന്‍ എന്റെ ഗൈഡ് എന്നെ വളരെയേറെ പ്രോത്സാഹിപ്പിച്ചു. ഡോ. ഇ.കെ. ഗംഗാധരന്‍ നമ്പ്യാരുടെ കീഴില്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവേഷണ പരിപാടി എന്റേതായിരുന്നു. നല്ലൊരു ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഡോ. നമ്പ്യാരും എനിക്ക് നല്‍കി. എംജിഎസ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി ദല്‍ഹിക്ക് പോയപ്പോള്‍ ഞാന്‍ ദല്‍ഹിയില്‍ നെഹ്‌റു സര്‍വകലാശാലയിലെ ചരിത്രരേഖകള്‍ പരിശോധിക്കാന്‍ അവിടെ ഉണ്ടായിരുന്നു. ജെ.എന്‍.യു ഹോസ്റ്റലില്‍ താമസസൗകര്യമൊക്കെ ഏര്‍പ്പെടുത്തി തരുന്നതിലും എം.ജി.എസ് സഹായിച്ചു. ഗവേഷണ വിഷയം പലപ്പോഴും ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ഇക്കാര്യം എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ എം.ജി.എസ് സൂചിപ്പിച്ചിട്ടുണ്ട്. എം.ജി.എസുമായുള്ള ചര്‍ച്ചകളാണ് ആത്മവിശ്വാസത്തോടെ ഈ വിഷയം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം എനിക്ക് നല്‍കിയത്.
♣താങ്കളുടെ ‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര’ത്തിനുള്ള അവതാരികയില്‍ ഡോ. എം.ജി.എസ്, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്‍ശനപരമായി പരിശോധിച്ചിരിക്കുന്നു…
കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്, എ.കെ.ജി എന്നിവരും ചര്‍ച്ചാ വിഷയമായി. ആശ്ചര്യകരമെന്ന് പറയട്ടെ, എന്റേയും എം.ജി.എസ്സിന്റേയും കാഴ്ചപ്പാടുകള്‍ ഒന്നുതന്നെയായിരുന്നു. എന്റെ ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനു കൂടി അറിവുള്ളതായിരുന്നു. ഇ.എം.എസ്സിന്റെ സ്വത്തുവിവാദം സംബന്ധിച്ച രേഖകള്‍ ഞാന്‍ തന്നെയാണ് അദ്ദേഹത്തിനു നല്‍കിയത്. ഇക്കാര്യം അടുത്തകാലത്ത് അദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ എടുത്തുപറഞ്ഞിരുന്നു.
♣ഇ.എം.എസ്സിനെതിരായ എം.ജി.എസ്സിന്റെ വിമര്‍ശനങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായല്ലോ.
അതെ. പ്രധാനമായും ഈ ചര്‍ച്ചകള്‍ ആരംഭിച്ചത് 1997 ജൂണ്‍ മാസം മുതലാണ്. അന്നു സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് പ്രസിദ്ധ ചരിത്രകാരനായ എ. ശ്രീധര മേനോനെ കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചപ്പോള്‍ ചരിത്രത്തിന്റെ മാനുസ്‌ക്രിപ്റ്റ് ഇ.എം.എസ്സിനെ കാണിക്കണമെന്ന ഒരു നിബന്ധന വെച്ചു. ഈ നിബന്ധന ശ്രീധര മേനോന് സ്വീകാര്യമായില്ല. എം.ജി.എസ് ചരിത്രകാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ഈ വിവാദം കത്തിനില്‍ക്കെയാണ് എന്റെ പ്രബന്ധം പ്രസിദ്ധീകരണത്തിനായി തയ്യാറായിക്കൊണ്ടിരുന്നത്. ഇതേ കാലത്ത് ഇ.എം.എസ് ഗാന്ധിജിയെ പ്രശംസിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. ഞാന്‍ എഴുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഗാന്ധിജിക്കെതിരെ ഇ.എം.എസ് നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ രേഖകളൊക്കെ എംജിഎസ്സിന് ഞാന്‍ നല്‍കി. ഇ.എം.എസ് എഴുതിയ പുതിയ ലേഖനവും ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് 1997 അവസാനം ‘ഇ.എം.എസ്സിന്റെ ഗാന്ധി പ്രണയം’ എന്ന ലേഖനം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലെഴുതിയത്. വലിയ വിവാദമാണ് എം.ജി.എസ്സിന്റെ ഈ ലേഖനത്തെ വരവേറ്റത്. പാര്‍ട്ടി പത്രങ്ങളില്‍ എം.ജി.എസ്സിനെതിരായ വിമര്‍ശനങ്ങള്‍ പ്രളയംപോലെ ഒഴുകി. ശ്രീധര മേനോന്‍ വിവാദവും തുടര്‍ന്ന് ഈ ലേഖനം സംബന്ധിച്ച തര്‍ക്കങ്ങളും വലിയ ധ്രുവീകരണത്തിനിടയാക്കി. എം.ജി.എസ് ഇ.എം.എസ്സിന്റെ വിമര്‍ശകനായി അറിയപ്പെടുന്നതിന് ഇത് ഇടയാക്കുകയും ചെയ്തു.
♣ഇ.എം.എസ്സിന്റെ രാഷ്ട്രീയ നിലപാടുകളെയാണോ വിമര്‍ശിച്ചത്? അതോ ഇ.എം.എസ് എന്ന ചരിത്രകാരനെയോ? എം. ജി.എസ്സിന്റെ വിമര്‍ശനങ്ങള്‍ ഇ.എം.എസ്. എന്ന വിഗ്രഹത്തെ തകര്‍ക്കുന്നതാണോ?
എം.ജി.എസ് അതുല്യനായ ഒരു ചരിത്രകാരനാണ്. പെരുമാള്‍കാലത്തെ (എഡി 800-1124) ചരിത്രത്തെ വിവിധ ചരിത്ര സ്രോതസ്സുകള്‍ ഉപയോഗിച്ച് ഉജ്വലമായൊരു രചനയുണ്ടാക്കി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചരിത്രത്തെ ഉപയോഗപ്പെടുത്തുന്ന ഒരു നേതാവാണ് ഇ.എം.എസ്. എല്ലാ നേതാക്കള്‍ക്കും അത്തരം കഴിവില്ല. പക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ ഈ പരോമോന്നത നേതാവിനെ വിമര്‍ശിക്കാനുള്ള ധൈര്യം അദ്ദേഹത്തിന്റെ പല രാഷ്ട്രീയ എതിരാളികളും കാണിക്കാറില്ല. ചരിത്രകാരന്മാരിലാരും അത്തരമൊരു സാഹസത്തിന് ഒരുങ്ങാറുമില്ല. എം.ജി.എസ് ധീരനായൊരു വ്യക്തിയാണ്. ചരിത്രകാരനെന്ന നിലയില്‍ തികഞ്ഞ വിദഗ്ദ്ധനുമാണ്. അതുകൊണ്ടുതന്നെ ഇഎംഎസ്സിന്റെ ചരിത്ര നിപുണതയെ ധൈര്യമായി ചോദ്യം ചെയ്തു എന്നു പറയാം. തികച്ചും ബൗദ്ധികമായ ഒരു വിലയിരുത്തല്‍. മറ്റു രാഷ്ട്രീയ നേതാക്കള്‍ മടിച്ചുനിന്നിടത്ത് എം.ജി.എസ് ധീരമായി പ്രവര്‍ത്തിച്ചു. ‘ദരിദ്രനായ ഇ.എം.എസ്’ എന്ന എം.ജി.എസ്സിന്റെ പരാമര്‍ശം ചരിത്രകാരനെന്നുള്ള ഇ.എം.എസ്സിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. 1997 ജൂലായ് മാസം കലാകൗമുദി വാരികയ്ക്കനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
♣അയോദ്ധ്യയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ എം.ജി.എസ്സിന്റെ നിലപാടുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടിയായില്ലേ?
തീര്‍ച്ചയായും. എം.ജി.എസ്സിന്റെ നിലപാടുകള്‍ അയോദ്ധ്യയെക്കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ അന്വേഷണങ്ങളെ മൂടിവയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടിയായി. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റികള്‍ക്ക് ഐ.സി.എച്ച്.ആര്‍ ചെയര്‍മാനായിരുന്ന ഇര്‍ഫാന്‍ ഹബീബ് ആ സ്ഥാനത്തിരുന്നുകൊണ്ടു നല്‍കുന്ന സഹായങ്ങള്‍ നിഷ്പക്ഷമായ അന്വേഷണങ്ങള്‍ക്ക് തടസ്സമാവുമെന്ന് എം.ജി.എസ് കരുതി. പിന്നീട് കെട്ടിടം പൊളിക്കപ്പെട്ടപ്പോള്‍ കണ്ടുകിട്ടിയ ഫലകം കൃത്രിമമായി ഹിന്ദു വര്‍ഗീയവാദികള്‍ ഉണ്ടാക്കിയതാണെന്ന വാദവും എം.ജി.എസ് നിരാകരിച്ചു. ഇക്കാര്യം ‘കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍’ എന്ന പുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
രേഖകളനുസരിച്ച്-ഫലകത്തിലെ പുരാലിഖിതത്തില്‍ പ്രാചീന ലിപികളില്‍ രേഖപ്പെടുത്തിയ വസ്തുത വച്ച് ക്രിസ്തുവര്‍ഷം 1114 നും 1154 നും (12-ാം നൂറ്റാണ്ടില്‍) ഇടയില്‍ പണിത ശിലാക്ഷേത്രമായിരുന്നു മസ്ജിദിന് അടിയിലുണ്ടായിരുന്നത്. ക്ഷേത്രം തകര്‍ക്കപ്പെട്ട ശേഷമാണ് മസ്ജിദ് പണിതതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ശിലാലിഖിതം പന്ത്രണ്ടാം നൂറ്റാണ്ടിലേതു തന്നെയെന്ന് എം.ജി.എസ് പുരാവസ്തു വിദഗ്ദ്ധരെ ഉദ്ധരിച്ചു ശരിവയ്ക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകളി’ല്‍.
♣തര്‍ക്ക വിഷയമായിരിക്കുന്ന മാപ്പിളക്കലാപത്തിനോടും വളരെ വസ്തുനിഷ്ഠമായ സമീപനമാണല്ലോ എം. ജി. എസ്സിനുള്ളത്?
മാപ്പിളക്കലാപം 1921 ലെ ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ടതാണെന്നത് ഒരു ചരിത്ര വസ്തുത മാത്രമാണ്. പക്ഷേ ‘ലഹള’ സ്വാതന്ത്ര്യസമരമല്ല എന്ന് 1997 ലെ കലാകൗമുദി അഭിമുഖത്തില്‍ എംജിഎസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇ.എം.എസ്സിന്റെ സമീപനങ്ങളെ ഖണ്ഡിച്ചുകൊണ്ടായിരുന്നു അത്.
‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകളില്‍’ എം.ജി.എസ് കമ്യൂണിസ്റ്റുകാരെ നന്നായി പരിഹസിക്കുകയാണ് ചെയ്യുന്നത്. ‘ഒരു കാര്‍ഷിക സമരത്തിന്റെ കഥ’ എന്ന പേരുള്ള ഈ ലേഖനത്തില്‍ ഇതൊരു വര്‍ഗ്ഗസമരമല്ല എന്ന് എം.ജി.എസ്് യുക്തിപൂര്‍വം സ്ഥാപിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരവുമല്ല, വര്‍ഗ്ഗസമരവുമല്ല, എങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാണല്ലോ. എന്നാല്‍ തങ്ങള്‍ക്കനുകൂലമായ നിലയില്‍ ചില അഭിമുഖങ്ങള്‍ തരപ്പെടുത്തി വാചകങ്ങളുടെ അര്‍ധഭാഗവും കാല്‍ഭാഗവും ഉപയോഗിച്ച് ചിലര്‍ നടത്തുന്ന മാധ്യമക്കസര്‍ത്തുകള്‍ക്ക് മുന്‍പില്‍ എഴുതി തയ്യാറാക്കിയ പ്രസ്താവനകളുണ്ടെന്ന് മറന്നുപോകരുത്.
♣ജീവിതത്തില്‍ ഏറെക്കാലം ഇടതുപക്ഷത്തായിരുന്നു എം.ജി.എസ്. ഇടതുപക്ഷത്തോട് എന്തുമാത്രം അടുപ്പമുണ്ട് ഇന്ന് എം. ജി. എസ്സിന്?
ഒരു ചരിത്രകാരനെന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് ചരിത്ര രീതികള്‍ പല രചനകളിലും സ്വീകരിച്ചിട്ടുള്ള ചരിത്ര വിദഗ്ദ്ധനാണ് എം.ജി.എസ്. ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെയുള്ള പക്ഷത്തേക്കാളേറെ സത്യപക്ഷത്താണ് അദ്ദേഹം എന്നുപറയാം. ചരിത്രത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതില്‍ അത്യന്തം ശ്രദ്ധാലുവായ അദ്ദേഹം ഈ ഒരു ഗുണം ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. എം.ജി.എസ്സിന്റെ വൈദഗ്ദ്ധ്യം ഇന്ത്യയുടെ ചരിത്ര രചനയില്‍ വന്നില്ല എന്നത് ഒരു നഷ്ടമായിട്ടാണ് എനിക്ക് തോന്നുന്നത്.
Perumals of Kerala എം.ജി.എസ്സിന്റെ പ്രാഗത്ഭ്യത്തിന്റെ ഉത്തമോദാഹരണമാണ്. മലയാള ചരിത്രകാരന്മാരില്‍ പ്രമുഖനായ അദ്ദേഹം ലണ്ടന്‍ സര്‍വകലാശാല, ലെനിന്‍ഗ്രാഡ് സര്‍വകലാശാല, ടോക്കിയോ സര്‍വകലാശാല എന്നിവിടങ്ങളില്‍ പല നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇത്തരം ചരിത്ര പ്രതിഭ കേരളത്തില്‍ വേറെ ഇല്ലെന്നു പറയാം. കേരളത്തില്‍ നിന്നുതന്നെ ഇന്ത്യന്‍ ചരിത്രകൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി മാത്രമല്ല ചെയര്‍മാനായും എംജിഎസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ സ്റ്റാലിനിസ്റ്റ് വിരോധിയായ എം.ജി.എസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാലിനിസം തിരിച്ചറിഞ്ഞ ഒരു മഹാനാണ്. ഞാനും അദ്ദേഹവുമായിട്ടുള്ള അടുപ്പവും ഈ തിരിച്ചറിവിലൂടെയാണ്. കമ്യൂണിസ്റ്റേതര ഇടതുപക്ഷം കമ്യൂണിസ്റ്റുകാരുടെ-സ്റ്റാലിനിസ്റ്റുകളുടെ-നേതൃത്വം സ്വീകരിച്ചവരാണ്. അതിനാല്‍ ഒരിക്കലും അദ്ദേഹത്തിന് ഈ സ്വേച്ഛാധിപത്യ പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയില്ല എന്നാണ് എന്റെ ബോധ്യം.