”നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഈ ദിവ്യ സമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു. ഓ! നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു ഇനി അന്തര്‍മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനു മുന്‍പില്‍ കണ്ടിരുന്നില്ല”. നാമും ദൈവവും ഒന്നായിരിക്കുന്നു… ഓ! ഇതാ! നാം ദൈവത്തോട് ഒന്നായിപ്പോകുന്നു.”
ശ്രീനാരായണ ഗുരുദേവന്‍ എഴുതിയ ‘ആത്മവിലാസം’ എന്ന ഗദ്യകൃതിയിലെ ഒരു ഭാഗമാണിത്. ആത്മവിലാസം ഗുരുദേവന്റെ ആത്മാനുഭൂതിയുടെ വാങ്മയ ചിത്രമാണ്. ഗുരുദേവന്‍ പരബ്രഹ്മസത്യവുമായി താദാത്മ്യം പ്രാപിച്ച് പരബ്രഹ്മഭാവത്തിലമര്‍ന്നതിന്റെ നിജസ്വരൂപം ഈ കൃതിയില്‍ എത്രയും സുവ്യക്തമായിരിക്കുന്നു. അവിടുത്തെ ”ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, ചിജ്ജഡചിന്തനം” തുടങ്ങി നിരവധി കൃതികളിലും ഗുരുവിന്റെ ഈശ്വരീയഭാവം സംദൃഷ്ടമാണ്. ഇപ്രകാരം ബ്രഹ്മഭാവത്തിലമര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ സമാധിയും മഹാസമാധിയും യഥാതഥമായി അറിയേണ്ടതുണ്ട്. ദര്‍ശനമാലയിലെ നിര്‍വ്വാണ ദര്‍ശനത്തില്‍ സമാധിയുടെ വിവിധദശകളെ സവിസ്തരമായി ഗുരു പ്രതിപാദിച്ചിട്ടുണ്ട്. സത്യസാക്ഷാത്കാരം നേടിയ ബ്രഹ്മനിഷ്ഠന്റെ നാലവസ്ഥകള്‍ സമാധിദശയെ പ്രകാശിപ്പിക്കുന്നു. ഗുരുദേവന്‍ അനുഭവിച്ചറിഞ്ഞ ഈ സമാധിദശകളുടെ ഒരു ലഘുവിവരണം നല്‍കിയതിനുശേഷം അവിടുത്തെ മഹാസമാധിയെ കുറിച്ച് ഇവിടെ കുറിക്കാം.
ഗുരുദേവന്‍ മരുത്വാമലയിലും മറ്റും ചെയ്ത തപസ്സിലൂടെ ബ്രഹ്മാനുഭൂതി അവിടുത്തേക്ക് കരഗതമായി. ഉപ്പുപാവ വെള്ളത്തില്‍ ലയിച്ചമരുന്നപോലെ ചെമ്പഴന്തിയിലെ നാരായണന്റെ ജീവഭാവം ദൈവസത്തയില്‍ വിലയം പ്രാപിച്ച് ജീവാത്മപരമാത്മൈക്യം പ്രഖ്യാപിച്ചിരുന്നു. അവിടുന്ന് ദൈവസ്വരൂപനായിരിക്കുന്നു. അതായത്; മുക്ത പുരുഷനായിരിക്കുന്നു. അങ്ങനെയുള്ള ഒരു ജ്ഞാനിയെ സ്ഥിതപ്രജ്ഞന്‍, അതിവര്‍ണ്ണാശ്രമി, ഗുണാതീതന്‍, ജീവമുക്തന്‍ എന്നൊക്കെ വിശേഷിപ്പിക്കാം. അവിടുത്തെ അന്തരാത്മാവിനെ മഥിച്ചിരുന്ന അനൃത പരമ്പരയെ ഒഴിച്ചു മാറ്റി സകലമഴിഞ്ഞുതണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സില്‍ സമ്പൂര്‍ണ്ണം അവിരളമായി അമര്‍ന്ന് അവിടുന്ന് അതുമാത്രമായിത്തീര്‍ന്നിരിക്കുന്നു. അതായത് ‘ബ്രഹ്മവിത് ബ്രഹ്മൈവഭവതി’ ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മമാത്ര സ്വരൂപനായി കഴിഞ്ഞിരിക്കുന്നു. വേദാന്ത ശാസ്ത്രത്തില്‍ ഈ അവസ്ഥയെ പ്രാപിച്ച ജ്ഞാനിയെ ബ്രഹ്മവിദ്വരന്‍, ബ്രഹ്മവിദ്വരീയന്‍, ബ്രഹ്മവിദ്വരിഷ്ഠന്‍ എന്നിങ്ങനെ ജ്ഞാനിയുടെ നാലു തലങ്ങളെക്കുറിച്ച് ഗുരുദേവന്‍ തന്നെ ഉപദേശിക്കുന്നുണ്ട്. നിര്‍വ്വാണ ദര്‍ശനത്തില്‍ പറയുന്ന ആ നാല് തലങ്ങളെക്കുറിച്ച് തെല്ലൊന്ന് വിശദമാക്കിയാലേ ഗുരുദേവ സ്വരൂപത്തെ പ്രസ്പഷ്ടമാക്കുവാന്‍ സാധിക്കൂ. ഗുരു വിശദമാക്കുന്നു.
”ജ്ഞാനിയുടെ ഒന്നാമത്തെ തലം ബ്രഹ്മവിത്തിന്റേതാണ്.
ദഗ്ധ്വാജ്ഞാനാഗ്നിനാസര്‍വ്വ മുദ്ദിശ്യജഗതാംഹിതം
കരോതി വിധിവത് കര്‍മ്മബ്രഹ്മാവിത്് ബ്രഹ്മണിസ്ഥിത:
സര്‍വ്വകര്‍മ്മങ്ങളേയും ജ്ഞാനാഗ്നിയില്‍ ഭസ്മീകരിച്ചുകൊണ്ട് ജഗത്തിന്റെ ഹിതത്തിനുവേണ്ടി വിധിപ്രകാരം കര്‍മ്മത്തില്‍ ചരിക്കുന്ന ജ്ഞാനി ബ്രഹ്മവിത്താണ്. ബ്രഹ്മസ്വരൂപനായ ആ പുണ്യാത്മാവ് ലോക സംഗ്രഹപ്രവര്‍ത്തനത്തില്‍ അതിരില്ലാത്ത കര്‍മ്മത്തില്‍ മുഴുകി പ്രകാശിക്കുന്നു. രണ്ടാമത്തേത് ബ്രഹ്മവിദ്വരനാണ്.
”സംന്യസ്യ സര്‍വ്വകര്‍മ്മാണി സതതം ബ്രഹ്മനിഷ്ഠയാ
യശ്ചരത്വവനൗദേഹയാത്രായൈ ബ്രഹ്മവിദ്വര:”
സദാ ബ്രഹ്മമാത്രപരായണനായി എല്ലാ കര്‍മ്മങ്ങളെയും ഉപേക്ഷിച്ച് ശരീര പാതപര്യന്തം കഴിയുന്ന ജ്ഞാനി ബ്രഹ്മവിദ്വരനാണ്. അദ്ദേഹത്തിന് കര്‍മ്മമില്ല. ശരീരം പതിക്കുന്നതുവരെ ജീവിക്കുന്ന ആ തപോധനന്‍ ജനസമൂഹത്തില്‍ നിന്നും അകന്നായിരിക്കും വിഹരിക്കുന്നത്.
ബ്രഹ്മസാക്ഷാത്ക്കാരാനുഭൂതിയില്‍ ലയിച്ച ജ്ഞാനിയുടെ മൂന്നാമത്തെ തലത്തെക്കുറിച്ച് ഗുരുദേവന്‍ ഉപദേശിക്കുന്നു.
”അന്യേനവേദിനോ വേത്തി ന വേത്തി സ്വയമേവ യ:
സ വരീയാന്‍ സദാ ബ്രഹ്മ നിര്‍വ്വാണമയവശ്‌നുതേ”
ബ്രഹ്മാനുഭൂതിയില്‍ വിലയം പ്രാപിച്ചിരിക്കുന്ന ഈ ജ്ഞാനിക്ക് പ്രപഞ്ചബോധമില്ല. അദ്ദേഹം സ്വയം പ്രപഞ്ചത്തിലേക്ക് ഉയര്‍ന്നുവരികയുമില്ല. ആരെങ്കിലും ശ്രമം ചെയ്താല്‍ അദ്ദേഹത്തെ സമാധിയില്‍ നിന്നും ഉണര്‍ത്താന്‍ സാധിക്കും. അപ്പോള്‍ എന്തെങ്കിലും ആഹരിച്ചെങ്കിലായി. ഉടനെ സമാധിയിലേക്ക് മടങ്ങുകയും ചെയ്യും. സദാബ്രഹ്മനിര്‍വ്വാണമഗ്നനായിരിക്കുന്ന ഈ മഹാത്മാവിനെ ബ്രഹ്മവിദ്വരീയാന്‍ എന്ന് വിശേഷിപ്പിക്കുന്നു. ശരീരം നിലനില്‍ക്കണമെന്ന ബോധമേ ഇദ്ദേഹത്തിനില്ല. ബ്രഹ്മമാത്രപരായണനായ ഈ മുക്തപുരുഷന്‍ മുന്‍പു പറഞ്ഞ രണ്ടു ഭാവാവസ്ഥയ്ക്കുമപ്പുറത്ത് അദ്വൈതബോധത്തില്‍ വിഹരിക്കുന്നു.
ജ്ഞാനിയുടെ നാലാമത്തെ തലമാവട്ടെ ബ്രഹ്മവിദ്വരിഷ്ടന്റേതാണ്.
”സ്വയം ന വേത്തി കിഞ്ചിന വേദിതോങ്കപി തഥൈവയഃ”
”സ വരിഷ്ഠ: സദാവൃത്തി ശൂന്യോങ്കയം ബ്രഹ്മകേവലം”
ഈ പരബ്രഹ്മസ്വരൂപന്‍ സ്വയം പ്രപഞ്ചത്തിലേക്ക് ഉണര്‍ന്നു വരുന്നില്ല. ആരെങ്കിലും ശ്രമിച്ചാല്‍ തന്നെ അദ്ദേഹം ഉണര്‍ന്നുവരികയുമില്ല. കാരണം അമനീഭാവത്തിലദ്ദേഹം അമര്‍ന്നുപോയി. ബ്രഹ്മാകാരവൃത്തിയല്ലാതെ ഉപാധിവൃത്തികളൊന്നും അദ്ദേഹത്തിനില്ല. സര്‍വ്വത്ര ബ്രഹ്മഭാവം മാത്രം. ഈ തലത്തില്‍ വിഹരിക്കുന്ന ബ്രഹ്മവിദ്വരിഷ്ഠന് വ്യവഹാരങ്ങളൊന്നുമില്ലെന്നു മാത്രമല്ല ലോകം തന്നെയുമില്ല.
സമാധിയും മഹാസമാധിയും
ഈ നാലുതലങ്ങളും മുക്താവസ്ഥയെ സംബന്ധിച്ച് ഒരു പോലെയാണ്. ഒന്ന് മറ്റൊന്നിനെ അപേക്ഷിച്ച് കൂടുതല്‍ മഹത്വമെന്ന് പറയാവുന്നതല്ല. ഈ നാലു കൂട്ടരില്‍ ബ്രഹ്മവിത്തിനു മാത്രമേ ലോകസംഗ്രഹ പ്രവര്‍ത്തനമുള്ളൂ. മറ്റു മൂവരും ജനപഥങ്ങളില്‍ നിന്നും അകന്നു കഴിയുന്നവരാണ്. ഗുരുദേവന്‍ കഠിനമായ തപശ്ചര്യയാല്‍ ജ്ഞാനാവസ്ഥയിലെത്തി ബ്രഹ്മവിത്തായിത്തീര്‍ന്നു. ഇനിയും ആത്മാനുസന്ധാനത്തില്‍ ധ്യാനനിഷ്ഠയില്‍ തന്നെ മുഴുകിയാല്‍ ബ്രഹ്മവിദ്വരന്‍ വരിയാന്‍, വരിഷ്ഠന്‍ എന്നീ നിലകളിലേക്ക് ആമഗ്നമാകാം. എന്നാല്‍ അതു മൂന്നും തനിക്ക് തല്ക്കാലം വേണ്ടേ വേണ്ട എന്ന് ഗുരുദേവന്‍ ആത്മപ്രതിജ്ഞയെടുത്തിരിക്കുന്നു.
സുബ്രഹ്മണ്യകീര്‍ത്തനത്തിലൂടെ അവിടുന്ന് പാടി:
”സ്പഷ്ടം നിലാവങ്ങുനീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രന്‍ മറഞ്ഞു.
തട്ടിത്തട്ടിപ്പെരുക്കിപ്പെരു വെളിയതിലാക്കീടുവാന്‍ പിന്നെയാട്ടെ”
തട്ടീത്തട്ടിപ്പെരുക്കിപ്പെരുക്കിപ്പെരുവെളിയതിലാക്കുന്നത് മേല്‍പ്പറഞ്ഞ ബ്രഹ്മവിദ്വരന്‍, വരിയാന്‍, വരിഷ്ഠന്‍ എന്നീ തലങ്ങളില്‍ വിഹരിക്കുന്നതാണ്. അത് തല്ക്കാലം ഗുരുവിന് വേണ്ടേ വേണ്ട. കാരണമെന്തെന്ന് അടുത്ത പാദത്തില്‍ പറയുന്നു.
”കഷ്ടം ദീനം പിടിച്ചോമദിരയതു കുടിച്ചോ
കിടക്കുന്ന ലോകര്‍ക്കുത്തിഷ്‌ഠോത്തിഷ്ഠ ശീഘ്രം നദിയില്‍
മുഴുകുവാന്‍ കാലമായ് വന്നിതിപ്പോള്‍”
ദീനം പിടിച്ചും ജാതിമതാദിഭേദചിന്തകളാല്‍ ലക്ഷ്യബോധമില്ലാതെ കൂരിരുളില്‍ അമര്‍ന്നും കിടക്കുന്ന ജനകോടികളെ സമുദ്ധരിക്കേണ്ടത് അവിടുത്തെ കടമയായിരുന്നു; കര്‍ത്തവ്യമായിരുന്നു. അതിനുള്ള സമയം ഇതാ ആസന്നമായിരിക്കുന്നു. ബ്രഹ്മവിത്തായിരുന്നുകൊണ്ട് ലോകജനതയെ സമുദ്ധരിക്കണം. ഇതായിരുന്നു ഗുരുദേവന്റെ മഹാസങ്കല്പം. അപ്പോള്‍ ഗുരു സമാധിയിലായിരുന്നു. ഈ സങ്കല്പത്തോടു കൂടിയാണ് ഗുരുദേവന്‍ ഒരവതാര പുരുഷനായി അരുവിപ്പുറത്തേക്ക് ഇറങ്ങി വന്നത്. സമാധി സഹജഭാവമാക്കിക്കൊണ്ടാണ് ഗുരു കര്‍മ്മനിരതനായത്. സമാധിയെന്നത് ജീവാത്മപരമാത്മൈക്യ ജ്ഞാനാനുഭവമാണ്. സാധാരണ ജീവന്മാര്‍ ജാഗ്രത്,സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളില്‍ വിഹരിക്കുമ്പോള്‍ ജ്ഞാനി നാലാമത്തെ തൂരീയാവസ്ഥയെ/സമാധിയെ പ്രാപിച്ച് അതില്‍ വിഹരിക്കുന്നു.

അടിയെന്നോ മുടിയെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനേയും ഒരേയൊരു അദ്വൈത ബോധത്തിലറിയുന്നത് തുര്യാനുഭവമാണ്. ഗുരുദേവന്‍ ഈ തുര്യാവസ്ഥയെ പ്രാപിച്ച് അതില്‍ അമര്‍ന്ന് അതുമാത്രമായി. അതായത് സഹജാവസ്ഥയെ പ്രാപിച്ചുവെന്ന് താല്‍പര്യം. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥയാണ് സമാധി എന്നു പറയാം. സമാധി എന്നത് ബുദ്ധിയുടെ സൗമ്യാവസ്ഥയാണ്. ഗുരുദേവന്‍ ഏതാണ്ട് 30-ാം വയസ്സില്‍ സമാധിയായി. 73-ാം വയസ്സില്‍ മഹാസമാധിയും. അതായത് 30-ാം വയസ്സില്‍ ഈശ്വരസ്വരൂപനായിത്തീര്‍ന്ന ഗുരുദേവന്‍ 73 വയസ്സു വരെ ശരീരധാരണം ചെയ്ത് ലോകസംഗ്രഹത്തില്‍ മുഴുകി. ബ്രഹ്മതത്ത്വത്തെ പ്രാപിച്ച ബ്രഹ്മവിത്ത് അഥവാ ദൈവം ദൈവസ്വരൂപമായി പ്രകാശിച്ചുകൊണ്ട് എല്ലാവരേയും ആ ദൈവമഹിമാവിലേക്ക് ഉയര്‍ത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാന്‍ ശ്രമം ചെയ്തുവെന്നു താല്‍പര്യം. അപ്പോള്‍ ദൈവമാണ് ഇവിടെ 73 വയസ്സുവരെ ശരീരധാരണം ചെയ്തതെന്ന് നാമറിയണം. 73-ാമത്തെ വയസ്സില്‍ ശരീരമുപേക്ഷിച്ചു. ഈ ശരീര വേര്‍പാടിനെ സാങ്കേതികമായി മഹാസമാധിയെന്നും പറയുന്നു.
ഈ തത്ത്വമറിയാത്തവര്‍ ഗുരുദേവന്‍ സമാധിയായി, മരിച്ചുപോയി എന്നൊക്കെ വ്യവഹരിക്കാറുണ്ട്. രാഷ്ട്രീയക്കാരാകട്ടെ ഇപ്പോള്‍ ശവകുടീരങ്ങളെ സമാധികളാക്കിക്കൊണ്ടിരിക്കുകയാണ്. നേതാക്കന്മാരുടെ ശവശരീരം അടക്കം ചെയ്ത സ്ഥലമാണ് അവര്‍ക്ക് സമാധി!!! ശാന്തം പാവം! മഹാഗുരുക്കന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുന്ന സമാധ്യവസ്ഥയെ ഈശ്വരനുഭൂതിയെ ഇപ്പോള്‍ സദാ രാഷ്ട്രീയക്കാര്‍ക്ക് ബഹുമതി നല്‍കുവാന്‍ തുല്യം ചാര്‍ത്തി കൊടുത്തിരിക്കുന്നു. ഗാന്ധി സമാധി, നെഹ്രുസമാധി, മന്നം സമാധി, ശങ്കര്‍ സമാധി ഈ പ്രയോഗങ്ങള്‍ വിവേകികളെങ്കിലും ഒഴിവാക്കുമെന്ന് ഇവിടെ പ്രത്യാശിക്കുകയാണ്.
ഇനി മഹാഗുരുക്കന്മാരുടെ മഹാനിര്‍വ്വാണത്തെക്കുറിച്ച് പറയാം. ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദു നബി എന്നീ മഹത്തുക്കളെപ്പോലെ ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം ആവിര്‍ഭവിച്ച ഒരു ലോകഗുരുവാണ് ശ്രീനാരായണഗുരുദേവന്‍. ബുദ്ധന്‍ അഹിംസയ്ക്കും, ക്രിസ്തു സ്‌നേഹത്തിനും, മുഹമ്മദുനബി സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ ഗുരുദേവന്‍ യാതൊരുവിധ ഭേദവുമില്ലാതെ എല്ലാവരും ഒന്നായിക്കഴിയുന്ന സമത്വത്തിനാണ് അനുകമ്പാപൂര്‍വ്വം പ്രാധാന്യം നല്‍കിയത്. മഹാത്മാക്കള്‍ സ്വകൃത്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വധാമം പൂകുന്നു. ഓരോരുത്തരുടേയും തിരോധാനം ഓരോ തരത്തിലായിരിക്കും. കൃഷ്ണന്‍ ഒരു വേടന്റെ അമ്പേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ബുദ്ധന്‍ വിലക്കപ്പെട്ട ആഹാരം കഴിച്ച് അജീര്‍ണ്ണം ബാധിച്ച് മഹാനിര്‍വ്വാണം പ്രാപിച്ചു. ക്രിസ്തു, ക്രൂശിലേറി. തുടര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായി. ശ്രീശങ്കരന് ‘ഗന്ദരം’ എന്ന രോഗമുണ്ടായി. മുഹമ്മദ് നബി സ്വമതസ്ഥാപനത്തിനു വേണ്ടി യുദ്ധം ചെയ്ത് അവസാനം സാധാരണയെന്നവണ്ണം പരലോകം പ്രാപിച്ചു. ശ്രീരാമകൃഷ്ണദേവന്റെ തിരോധാനത്തിന് ഹേതു കണ്ഠത്തില്‍ ബാധിച്ച ക്യാന്‍സറായിരുന്നു. രമണമഹര്‍ഷിക്കും ക്യാന്‍സര്‍ തന്നെ ബാധിച്ചു. ദയാനന്ദസരസ്വതി വിഷം കുടിച്ചു മരിച്ചു. സ്വാമി രാമതീര്‍ത്ഥന്‍ ഗംഗയില്‍ ജീവിതമര്‍പ്പിച്ചു. ഇതേപോലെ ശ്രീനാരായണഗുരുദേവന്‍ മൂത്ര തടസ്സവും ‘ഹെര്‍ണിയ’ എന്ന രോഗവും ബാധിച്ചാണ് ശരീരത്യാഗം വരിച്ചത് അഥവാ മഹാസമാധി പ്രാപിച്ചത്.
മഹാസമാധിയും അമനീഭാവവും
ഭൗതികദേഹം ഉപേക്ഷിച്ച് പരബ്രഹ്മസ്വരൂപത്തില്‍ സമ്പൂര്‍ണ്ണം വിലയംപ്രാപിക്കുന്നതിനെ മഹാസമാധി എന്നു പറയുന്നു. ജീവന്മുക്തന്റെ ശരീര വേര്‍പാടാണത്. വിദേഹമുക്തിയെന്നും ഇതിനെ പറഞ്ഞുപോരുന്നു. ജീവമുക്തന്റെ പരമാത്മലയത്തിന് ശുകമാര്‍ഗ്ഗം, പിപീലികാമാര്‍ഗ്ഗം എന്നീ രണ്ടു സമ്പ്രദായങ്ങള്‍ ഉണ്ട്. രണ്ടും ബ്രഹ്മസത്യവുമായുള്ള അഭേദാവസ്ഥയാണ്.
നീരോഗ ഉപവിഷ്‌ഠോ വാ രുഗ്‌ണോവാ വി
ജീവന്മുക്തനായ ജ്ഞാനി രോഗമൊന്നുമില്ലാതെ ഇരുന്നുകൊണ്ടോ മഹാരോഗം പിടിപ്പെട്ട് ഭൂമിയില്‍ വീണുരുളന്നതിനിടയിലോ മോഹാലസ്യത്തിനിടയ്‌ക്കോ ഏതു രൂപത്തില്‍ ദേഹം ത്യജിച്ചാലും ആ മഹാത്മാവിന്റെ വ്യക്തിത്വത്തിനോ, ജ്ഞാനാവസ്ഥയ്‌ക്കോ യാതൊരുവിധ കുറവും സംഭവിക്കുന്നില്ല. രോഗം, മോഹാലസ്യം എന്നിവ ശരീരധര്‍മ്മങ്ങളാണ്. ഇഹലോകത്തുവച്ചു തന്നെ ജ്ഞാനി നിത്യമുക്തസ്വരൂപമായ ബ്രഹ്മത്തെ പ്രാപിച്ചതിനാല്‍ ശരീരധര്‍മ്മങ്ങള്‍ ആത്മാവിനെ ബാധിക്കുന്നതേയില്ല. രോഗാദികള്‍ ജ്ഞാനത്തിനോ സമാധിക്കോ ഒരു കുറവും വരുത്തുന്നുമില്ല. രോഗാവസ്ഥയിലും പലരുടെയും രോഗങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഗുരുദേവനോട് ‘അങ്ങയുടെ രോഗവും മാറ്റിക്കൂടേ’ എന്ന് മഹാകവി ഉള്ളൂര്‍ ചോദിച്ചപ്പോള്‍ ‘ശരീരമല്ലയോ’ എന്നായിരുന്നു മറുപടി.
‘അവിടുന്ന് ഏറെ പ്രവര്‍ത്തിച്ചുവല്ലോ’ എന്ന് രവീന്ദ്രനാഥ ടാഗൂറിന്റെ അഭിപ്രായത്തിന് ‘നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു ഗുരുവിന്റെ പ്രത്യുത്തരം. അതുപോലെ ‘എന്താ പ്രവര്‍ത്തിയാരുടെ ജോലിയാണെന്ന് തോന്നുന്നു’ വെന്ന് ഗുരുദേവന്റെ കര്‍മ്മത്തെ വിലയിരുത്തിയ ചട്ടമ്പിസ്വാമിയോട് ‘പ്രവൃത്തി ഉണ്ട് ആരില്ല’ എന്നായിരുന്നു ഗുരുവിന്റെ മറുപടി.
”മരണവുമില്ല പുറപ്പുമില്ല വാഴ്‌വും
നരസുരരാദിയുമില്ല നാമരൂപം
മരുവിലമര്‍ന്ന മരീചിനിരുപോല്‍ നില്‌പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം”
എന്നും, ‘നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുന്‍പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല’ എന്നു പ്രഖ്യാപിച്ച ഗുരുദേവന്‍ പോക്കുവരവറ്റ പൊരുളാണ്. ആത്മജ്ഞാനിയുടെ മഹാസമാധി ഭൗതികതലത്തില്‍ മാത്രമുള്ളതാണ്. മഹാസമാധിയോടെ ആ മഹാത്മാവ് മഹാചൈതന്യമായി, സാക്ഷാല്‍ ഈശ്വരസത്തയായി പരിപൂര്‍ണ്ണമായും പ്രകാശിക്കുകയായി.
‘അകവും പുറവുമൊഴിഞ്ഞെന്‍ ഭഗവാനെ നിറഞ്ഞു വാഴുന്നു’ എന്നതാണ് മഹാസമാധിയും ജ്ഞാനിയുടെ കേവലാവസ്ഥയും. ശരീരത്തിലായിരുന്നപ്പോള്‍ ഗുരുദേവന്‍ ശിവഗിരിയില്‍ കേരളത്തില്‍, അന്യപ്രദേശങ്ങളില്‍ മഹാസമാധിയോടെ എങ്ങും നിറഞ്ഞനിറപ്പൊരുളായി പ്രകാശിക്കുന്നു.
ഗുരു പരമശാന്തിയിലേക്ക്
ഗുരുദേവന്റെ മഹാപരിനിര്‍വ്വാണത്തിന് ഉപാധിയായത് മൂത്രതടസ്സമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. കോട്ടയത്തുവച്ച് ശിവഗിരി തീര്‍ത്ഥാടനത്തിന് അനുവാദം നല്‍കിയ ഗുരുദേവന്‍ വൈക്കം വെല്ലൂര്‍ മഠത്തിലേക്ക് എഴുന്നള്ളി അവിടെ വച്ച് സന്ന്യാസി സംഘത്തിന്റെ യോഗം ചേര്‍ന്നു. ഇതാണ് തൃപ്പാദങ്ങള്‍ പങ്കെടുത്ത അവസാനയോഗമെന്ന് പറയാം. അതു കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മുന്‍പ് പലപ്പോഴും അലട്ടിയിട്ടുള്ള മൂത്രതടസ്സം തലപൊക്കിയത്. ‘ഒരിക്കലും ലംഘിക്കാതെയുള്ള ബ്രഹ്മചര്യമാണോ ഈ രോഗത്തിനു തന്നെ നിദാനം’ എന്ന് ഒരിക്കല്‍ ഗുരു അരുളിച്ചെയ്തിരുന്നു. ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും താല്‍പര്യപ്രകാരം ആദ്യം പാലക്കാട്ടും തുടര്‍ന്ന് മദ്രാസിലും പോയി ചികിത്സ നടത്തി. ‘സ്വാമി തൃപ്പാദങ്ങള്‍ക്ക് ക്ഷീണത്തിന് കുറവില്ല. വളരെയധികമാണെന്ന് പറയണം, ദേഹം ക്രമേണ മെലിഞ്ഞ് വരുന്നു. രണ്ടുനാലു ദിവസമായി ഭക്ഷണം കഴിക്കുന്നതിനും രുചിക്കുറവുണ്ട്’. ഭഗവാന്റെ സുഖക്കേട് സംബന്ധിച്ച് 1104 ചിങ്ങം 30-ാം തീയതിയിലെ ‘ധര്‍മ്മം’ പത്രം പ്രസിദ്ധപ്പെടുത്തിയ അവസാന റിപ്പോര്‍ട്ടാണിത്.
തുടര്‍ന്നുള്ള ദിവസങ്ങള്‍ മഹാസമാധിയെ മുന്‍പില്‍ കണ്ടുകൊണ്ട് അത്യന്തം ആനന്ദതുന്ദിലനായി ഗുരുദേവന്‍ കഴിഞ്ഞു. ബ്രഹ്മമാത്രപരായണനായി പ്രകാശിക്കുന്ന ആ മഹാപുരുഷനെ ഒരു നോക്കുകാണുന്നതിനു വേണ്ടി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകളുടെ പ്രവാഹം അനുദിനം ശിവഗിരിയില്‍ സംഭവിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ കാരുണ്യപൂര്‍വ്വം അവരെ വീക്ഷണം ചെയ്ത് അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഗുരുവിന് പൂര്‍ണ്ണസൗഖ്യം ഉണ്ടാകണമെന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും ഗുരുദേവക്ഷേത്രങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. എന്നാല്‍ ത്രികാലജ്ഞനായ ആ പരഹംസനാകട്ടെ മൗനഘനാംബോധിയില്‍ അഭിരമിച്ചു മഹാസമാധിയിലേക്കു മന്ദം മന്ദം നീങ്ങുകയാണുണ്ടായത്.
ഗുരുദേവന്‍ ഒന്നു സങ്കല്പിച്ചാല്‍ രോഗം മാറുമെന്ന് പലരും ധരിച്ചിരുന്നു. അതിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയും നടത്തി. അതുകൊണ്ട് ഫലമുണ്ടായില്ല. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച് തിരശീലയ്ക്കുള്ളിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.
യോഗസമാധി പാടില്ല
ഒരിക്കല്‍ അവിടുന്ന് അരുളിച്ചെയ്തു ‘മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്. ഇന്നപ്പോള്‍ മരിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിന് മുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട് മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ചിലര്‍ നാവിന്റെ അഗ്രം കൊണ്ട് നാസാരന്ധ്രങ്ങള്‍ അടച്ചും ചിലര്‍ മറ്റു പ്രകാരത്തില്‍ ശ്വാസം തടഞ്ഞും മരണം വരിക്കുന്നു. അതെല്ലാം കൃത്രിമ മരണങ്ങളാണ്. ഒരുതരം ആത്മഹത്യയ്ക്ക് തുല്യമാണ്” (സ്വാമി ധര്‍മ്മാനന്ദജി പേജ് 296).
തുടര്‍ന്ന് ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. ക്രമേണ പാലും പഴവും വരെ ഉപേക്ഷിക്കുകയായി. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന് കല്‍പ്പിച്ചു. ഒരു പക്ഷേ മലാംശം കൂടി അവശേഷിക്കാതിരിക്കാന്‍ ഇപ്രകാരം ചെയ്തതാവാം (സ്വാമി ധര്‍മ്മാനന്ദജി).
ഈ അവസരത്തില്‍ ഗുരുവിന്റെ മുഖത്ത് സാധാരണയില്‍ കവിഞ്ഞ് രോമം വളരുന്നത് ഷേവ് ചെയ്യുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. കൊല്ലത്തു നിന്നും ഉടനെ നല്ല ഒരു കത്തി വാങ്ങി ക്ഷുരകനെകൊണ്ട് അത് നിര്‍വഹിപ്പിക്കുകയും ആ കത്തി അവനു തന്നെ കൊടുക്കുവാന്‍ അവിടുന്ന് കല്പിക്കുകയും ചെയ്തു. കത്തി സൂക്ഷിച്ചു വച്ചാല്‍ ഇനിയും ഉപയോഗിക്കാമല്ലോ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ‘അത് ഇനി ആവശ്യമില്ല, അവനു തന്നെ കൊടുത്തേക്കണം’ എന്ന് വീണ്ടും കല്പിച്ചു. ഇപ്രകാരം സമാധിയുടെ ചില സൂചനകള്‍ പലപ്പോഴായി അവിടുന്നു നല്‍കിയിരുന്നു. അവസാനദിനങ്ങള്‍ അടുക്കുന്തോറും അവിടുന്ന് കൂടുതല്‍ ശാന്തനായി കാണപ്പെട്ടു. അസ്വാസ്ഥ്യം ശരീരത്തിനു മാത്രമാണെന്നു തോന്നി. കര്‍മ്മബന്ധങ്ങളില്‍ നിന്ന് വിമുക്തി നേടുമ്പോഴുണ്ടാകാവുന്ന സ്വച്ഛമായ പ്രശാന്തത അവിടുത്തെ ആത്മഭാവങ്ങളില്‍ പ്രകാശം പരത്തി.ചില സന്ദര്‍ഭങ്ങളില്‍ അവിടുന്ന് കൂടുതല്‍ ആനന്ദലീനനായി കഴിയുന്നതും ശിഷ്യന്മാര്‍ ശ്രദ്ധിച്ചു. വേദനിക്കുന്ന ശരീരത്തിന്റെ മറുകരയിലെത്തിയതായി ആ മുഖഭാവം വിളംബരം ചെയ്തു.
മഹാസമാധി സൂചന
അങ്ങനെ ഗുരുദേവന്‍ കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടുകൊണ്ടിരുന്നു. ഒരു സമയം അവിടുന്നു മൊഴിഞ്ഞു, ‘നാം ഇവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. പ്രതിബിംബങ്ങളെ ഒഴിവാക്കിക്കൊണ്ട് യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചു കൊള്ളും, നമുക്ക് നല്ല തൃപ്തി തോന്നുന്നു’. കുറേനേരം കണ്ണടച്ചു കിടന്നശേഷം ”മരണത്തില്‍ ആരും ദുഃഖിക്കരുത്” എന്ന് അരുളിച്ചെയ്തു. ശിഷ്യന്മാര്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ പരസ്പരം നോക്കിനിന്നു. ഗുരുദേവന്‍ തുടര്‍ന്നു ”കന്നി അഞ്ച് നല്ല ദിവസമാണ് അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം”. അറിവിന്റെ മഹിമാവില്‍ പ്രപഞ്ചദൃശ്യ അംഗമല്ലാതണയുമ്പോഴുണ്ടാകുന്ന നിശ്ചലതയും പ്രശാന്തതയും അവിടെ പ്രകാശിച്ചു. അതിരറ്റ സുഖം അനുഭവിച്ചുകൊണ്ട് ആനന്ദക്കടലില്‍ മുങ്ങി ജ്ഞാനാമൃതം പാനം ചെയ്തുകൊണ്ട്, പരമഹംസനായ ആ ജഗദ് ഗുരു പരിപൂര്‍ണ്ണമായ സ്വച്ഛന്ദതയില്‍ അവിരതം അമരുന്നതായി ആ ശിഷ്യന്മാര്‍ക്ക് തോന്നി.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗുരുവിന്റെ മഹാസമാധി ദിനം എന്നെന്ന് അവിടുന്ന് വ്യക്തമായി പറഞ്ഞില്ല. എന്നാല്‍ സുവ്യക്തമായ ചില സൂചനകള്‍ നല്‍കുകയും ചെയ്തു. വ്യക്തമായി സൂചിപ്പിച്ചാല്‍ ആളുകള്‍ തിങ്ങിക്കൂടി ബഹളങ്ങള്‍ വയ്ക്കുമല്ലോ. അതുകൊണ്ടാകാം വ്യക്തമാക്കാതിരുന്നത് എന്ന് ഊഹിക്കാം. അടുത്ത ദിവസം പ്രഭാതത്തില്‍ തൃപ്പാദങ്ങള്‍ എടുത്തു വളര്‍ത്തി പഠിപ്പിക്കുന്ന, ശിവഗിരിയിലെ സമൂഹം വേര്‍തിരിച്ച് നിര്‍ത്തിയിരുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ത്ഥികള്‍ തൃപ്പാദങ്ങളെ നമസ്‌ക്കരിക്കുവാന്‍ എത്തി. അവര്‍ നമസ്‌ക്കരിച്ച് പിന്‍വാങ്ങിയപ്പോള്‍ ആ മഹാഗുരുവിന്റെ തൃക്കണ്ണുകള്‍ ഈറനണിഞ്ഞിരുന്നത്രേ.
ഭഗവാന്റെ മഹാസമാധി
കന്നി 5-ാം തീയതി വന്നെത്തി. അന്ന് ഒരു ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. പ്രകൃതി കണ്ണുനീര്‍ പൊഴിച്ച് നിശ്ചേഷ്ടയായി നിന്നു. ഉച്ചയായപ്പോഴേയ്ക്കും മാനം ശരത്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങള്‍ കല്പിച്ച പ്രകാരം അന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കി സായാഹ്നസൂര്യന്‍ പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദ സ്വാമികള്‍ തൃപ്പാദസന്നിധിയില്‍ ‘യോഗ വാസിഷ്ഠം ജീവന്മുക്തി പ്രകരണം’ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സമയം ഏതാണ്ട് മൂന്നേകാല്‍ മണിയോടടുത്തു. ”നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു’ എന്നരുളി, ഗുരു കിടക്കയില്‍ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോള്‍ ശരീരം പത്മാസനത്തില്‍ ബന്ധിച്ചിരുന്നു.
1928 സപ്തംബര്‍ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ശിവഗിരി വൈദീക മഠത്തിലെ കിടക്കയില്‍ ബ്രഹ്മചൈതന്യസ്വരൂപനായി ഇരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയില്‍ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാര്‍ ഉപനിഷത്‌സാരസര്‍വ്വസ്വമായ ”ദൈവദശകം” ആലാപനം ചെയ്തു തുടങ്ങി. താന്‍ സജാതീയ വിജാതീയ സ്വഗതഭേദശൂന്യമായ പരബ്രഹ്മസ്വരൂപമാണെന്ന പരിപൂര്‍ണ്ണാനുഭൂതിയില്‍ അഭയാവസ്ഥയില്‍ സച്ചിദാനന്ദസ്വരൂപനായി പരംപൊരുളില്‍ മൃദുവായ് മൃദുവായ് അമര്‍ന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തില്‍ ശ്രീധര്‍മ്മതീര്‍ത്ഥസ്വാമികള്‍, സുഗുണാനന്ദഗിരിസ്വാമികള്‍, അച്യുതാനന്ദസ്വാമികള്‍, നരസിംഹസ്വാമികള്‍ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേര്‍ന്ന് തൃപ്പാദവിരചിതമായ ദിവ്യസ്‌തോത്രങ്ങള്‍ ഈണത്തില്‍ ഭക്തിനിര്‍ഭരമായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവ്യവുമായ നിര്‍വ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവേ
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
എന്ന ഏകലോക കാരുണ്യം പ്രവചിച്ച ഭഗവാന്‍ ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി. (മഹാസമാധി വേളയില്‍ യോഗവാസിഷ്ഠം പാരായണം ചെയ്തു എന്ന് ഒരു കൂട്ടരും അതല്ല ദൈവദശകമായിരുന്നുവെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ആ സന്നിധിയില്‍ ദിവസങ്ങളായി ഇതു രണ്ടും പാരായണം ചെയ്തു കൊണ്ടിരുന്നുവെന്നതാണ് സത്യം).
ഗുരുദേവന്‍ അമരനാണ്
ഗുരു ഒരധ്യാത്മ തത്ത്വമാണ്. ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു: ”ശ്രീനാരായണഗുരു ഇന്നലെയുണ്ടായിരുന്നു, ഇന്നുമുണ്ട്, എന്നുമുണ്ടായിരിക്കും”. അതേ അതാണ് ഗുരുവിന്റെ ആത്മഭാവം. ഗദ്യപ്രാര്‍ത്ഥനയില്‍ ‘നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പും അറിവായ നാമുണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും’ എന്ന് അവിടുത്തെ ആത്മഭാവം വെളിവാക്കിയിരിക്കുന്നു. എല്ലാ ജീവന്മാരുടേയും അദ്ധ്യാത്മഭാവമാണത്. അതറിഞ്ഞ്, അനശ്വരനായ ശ്രീനാരായണഗുരുദേവന്‍ അമര്‍ത്ത്യതയില്‍ അനുഗ്രഹവര്‍ഷം ചൊരിയുന്നു.
കൊച്ചിയില്‍ ശ്രീനാരായണ പ്രസ്ഥാനത്തെ സുശക്തമാക്കുവാന്‍ പ്രവര്‍ത്തിച്ച നിരവധി മഹാത്മാക്കളില്‍ പ്രഥമഗണനീയനായ ദിവ്യശ്രീ ബോധാനന്ദസ്വാമികള്‍ ശ്രീനാരായണസേവാസംഘത്തിന്റെ ആത്മഭാവമാണ്. ഗുരുദേവ ദര്‍ശനം സ്വജീവിതത്തില്‍ ചാലിച്ചെടുത്ത സ്വാമികളുമായി നാം എന്നെന്നും കടപ്പെട്ടിരിക്കുന്നു. മഹാനായ സഹോദരനയ്യപ്പന്‍ ബോധാനന്ദസ്വാമികളെ സ്മരിച്ച് ഇപ്രകാരം എഴുതുന്നു:
‘സാക്ഷാല്‍ ജ്ഞാനദയാസിന്ധുവാകുമാ ഗുരുമൂര്‍ത്തിതന്‍ അനഘമാം ഗുണസംജാതം പകരുന്നു സ്വാമിയങ്ങയില്‍ ഇത് ഓരോ ഗുരുദേവഭക്തന്റേയും ആത്മനിശ്വാസമാകട്ടെ! ഗുരുദേവന്റെ അമനീഭാവം ഓരോ ഗുരുഭക്തരിലും അമരത്വമാര്‍ന്ന് പ്രകാശിക്കട്ടെ!”
മഹാസമാധി ദിനത്തില്‍ ഭൈരവന്‍ ശാന്തി സ്വാമിക്കുണ്ടായ പ്രത്യക്ഷാനുഭവം
മഹാസമാധി ദിവസം ഗുരുദേവശിഷ്യനായ ഭൈരവന്‍ ശാന്തിക്കുണ്ടായ അനുഭവം സൂക്ഷ്മഗ്രാഹിയായ ഗീതാനന്ദസ്വാമികള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
ഗുരുദേവന്‍ മഹാസമാധി പ്രാപിച്ച സമയത്ത് ശ്രീഭൈരവന്‍ ശാന്തി സ്വാമികള്‍ അരുവിപ്പുറത്ത് ഗുരുദേവ ചിത്രത്തിന് മുന്നില്‍ കര്‍പ്പൂരാരാധന നടത്തി ഗുരുപൂജ നിര്‍വ്വഹിച്ചു. (സിദ്ധപുരുഷനായ) അദ്ദേഹത്തിന് ഗുരുവിന്റെ സമാധിയെക്കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. ഗുരുദേവന്‍ മഹാസമാധിയായതില്‍ അദ്ദേഹം ഏറെ ദുഃഖിച്ചു. അന്ന് അദ്ദേഹം ഉപവാസമെടുത്തു. രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. ഗുരുദേവ സ്മരണയോടും പ്രാര്‍ത്ഥനയോടും കൂടി അദ്ദേഹം സമയം ചെലവഴിച്ചു. രാവേറെ ചെന്നപ്പോള്‍ ഗുരുദേവന്റെ ദിവ്യദര്‍ശനം അദ്ദേഹത്തിന് ലഭിച്ചു. ”വിഷമിക്കേണ്ട നാമൊരിടത്തും പോയിട്ടില്ല. ശരീരനാശം ആത്മനാശമല്ല നാമെന്നും നിങ്ങളോടൊപ്പം ഉണ്ടാകും”. ഞെട്ടിയുണര്‍ന്ന അദ്ദേഹം ആ ദിവ്യ ദര്‍ശനത്തിന്റെ മധുരാനുഭൂതിയില്‍ മുഴുകി. തുടര്‍ന്ന് ഭൈരവന്‍ ശാന്തി സ്വാമികളുടെ ജീവിതത്തില്‍ അദ്ദേഹം ആഗ്രഹിക്കുമ്പോഴെല്ലാം ഗുരുവിന്റെ ദര്‍ശനം ലഭിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ നാം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ദര്‍ശനം നല്‍കിയതിലെ ‘നിങ്ങള്‍’ ലോകജനസമൂഹമാണെന്നേ മനസ്സിലാക്കാനാവൂ. അവിടത്തെ ദര്‍ശനങ്ങളനുസരിച്ച് ഭക്തിപൂര്‍വ്വം അനന്യ ചിന്തയോടെ ഗുരുവിനെ ഉപാസിക്കുന്നവര്‍ക്ക് ഇന്നും ഗുരുദേവദര്‍ശനം ലഭിക്കുന്നുണ്ടല്ലോ.
ഗുരുദേവന്റെ സമാധി ദിവസം കൊല്ലം എച്ച് ആന്റ് കമ്പനിയിലെ തൊഴിലാളികള്‍ രാവിലെ കമ്പനിയില്‍ ജോലിക്കെത്തി. ഗുരുദേവന്റെ സമാധി പ്രമാണിച്ച് അന്നേദിവസം അവധി വേണമെന്നും ആയതിനാല്‍ ജനറല്‍ മാനേജരെ കാണണമെന്നും ആവശ്യപ്പെട്ടു. അവധി നല്‍കാന്‍ സാധ്യമല്ലെന്ന് സായിപ്പ് പറഞ്ഞ സമയം ഒരു തൊഴിലാളി ആകാശത്ത് സൂര്യനോട് ചേര്‍ന്നു കണ്ട അസാധാരണ പ്രഭ അതിശയപൂര്‍വ്വം ഒന്നു നോക്കി. നോക്കൂ അത് കണ്ടോ ഗുരുവിന്റെ പ്രഭ എന്ന് സായിപ്പിനോട് പറഞ്ഞു. സായിപ്പ് ആകാശത്ത് ദിവ്യമായ ആ പ്രഭ കണ്ടിട്ട് ”ഛവ ഴൃലമ േടമശി’േ’ എന്നു പറഞ്ഞു. ഉടന്‍ തന്നെ അവധി പ്രഖ്യാപിച്ചു. അതേ കമ്പനിയില്‍ ജോലിയുള്ള ചാന്നാക്കില്‍ മാതു എന്നു പേരുള്ള ഞങ്ങളുടെ ബന്ധു ബീച്ചു റോഡിലുള്ള ലക്ഷ്മി വിലാസത്തില്‍ വന്ന് വിവരം പറഞ്ഞപ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ എല്ലാവരും ആകാശത്തേക്ക് നോക്കി. അപ്പോഴും സൂര്യന്റെ അടുത്ത് ഒരു അസാധാരണ പ്രഭാവലയം കാണുകയുണ്ടായി. അപ്പോള്‍ സമയം (കന്നി 6) രാവിലെ 7 മണി കഴിഞ്ഞിരുന്നു. അമ്മയുടെ അനുജത്തി മിസ്സിസ് പി.ആര്‍.മന്ദാകിനിയും അതേ ദിവസം ആശ്രമത്ത് മൈതാനത്തുകൂടി നടന്നപ്പോള്‍ പ്രഭാവലയം കാണുകയുണ്ടായി എന്ന് ഞങ്ങളോട് പറയുകയുണ്ടായിട്ടുണ്ട് (ഗുരുദേവന്റെ വത്സല ശിഷ്യന്‍ തിനവിള എന്‍ കുഞ്ഞുരാമന്‍ വൈദ്യര്‍ ഭാരതിക്കുട്ടിയമ്മ പേജ് 142).
ഗുരുദേവന് അസുഖമായിരുന്ന അവസരത്തില്‍ അവിടുത്തെ ശുശ്രൂഷിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു സൗകൃതിയായിരുന്നു വര്‍ക്കല സ്വദേശി വി.കെ. കൃഷ്ണന്‍. മഹാസമാധി സംബന്ധിച്ച എല്ലാ കര്‍മ്മങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. അദ്ദേഹം എഴുതുന്നു: 1104 കന്നി 9-ാം തീയതി മൂന്നര മണിക്കാണ് ഗുരു സമാധിയായത്. അടുത്ത ദിവസം രാവിലെ ഏഴര മണിയോടുകൂടി സമാധി ഇരുത്തേണ്ട മണ്ണില്‍ വേല ചെയ്യിക്കാനായി ഞാന്‍ ചെന്നു. കിഴക്കോട്ടു നോക്കിയപ്പോള്‍ ചെറിയ മേഘമറയോടു കൂടിയ രണ്ടു സൂര്യന്മാര്‍ ഉദിച്ചുപൊങ്ങി വരുന്നതു പോലെയാണ് തോന്നിയത്. ഞങ്ങള്‍ക്ക് അതൊരു അത്ഭുതമായിരുന്നു. തിരുവനന്തപുരം നക്ഷത്രബംഗ്ലാവിലും ഞങ്ങള്‍ കണ്ട മാതിരി തന്നെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളതായറിയാന്‍ കഴിഞ്ഞു (ഗുരുദേവസ്മരണകള്‍ ആര്‍. ഗംഗാധരന്‍, വി.കെ.കൃഷ്ണന്‍ പേജ് 203).
ഏവരെയും വിസ്മയഭരിതമാക്കുന്ന ഈ ദിവ്യപ്രഭയെ ഗുരുദേവന്റെ ശിഷ്യോത്തമന്മാരായ മംഗലശ്ശേരില്‍ ഗോവിന്ദനാശാന്‍, മണക്കാട് ഗോവിന്ദനാശാന്‍, മാമ്പലം വിദ്യാനന്ദസ്വാമികള്‍ എന്നിവര്‍ കണ്ടിട്ടുള്ളതായി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഗീതാനന്ദസ്വാമികളും രേഖപ്പെടുത്തുന്നു.
ഗുരുദേവന്‍ ശരീരധാരണം ചെയ്തിരുന്നപ്പോഴും മഹാസമാധിക്കുശേഷവും സംഭവിച്ചിട്ടുള്ള അത്ഭുതകരമായ അനുഭവങ്ങള്‍ പലര്‍ക്കും അവിശ്വസനീയം എന്നു തോന്നിയേക്കാം. അതുകൊണ്ടാണല്ലോ ഗുരുദേവന്‍ നടരാജഗുരുവിനോടും ടി.കെ. മാധവനോടും പറഞ്ഞത്, ”നമ്മുടെ ജീവചരിത്രം എഴുതിയാല്‍ ആളുകള്‍ വിശ്വസിക്കുമോ? ഇനി അവിശ്വാസികളുടെ കാലമാണ് വരാന്‍ പോകുന്നത്”. അതേ ഗുരുദേവസ്വരൂപനും തത്വവും തികഞ്ഞ പഠനത്തിനും മനനത്തിനും വിധേയമാക്കൂ.
ഗുരുദേവന്‍ അനശ്വരനാണ്
‘പഞ്ചഭൂതസഞ്ചയമായ ഗുരുദേവന്‍ നമ്മുടെ മാംസചക്ഷുസ്സിന് അഗോചരമായിത്തീര്‍ന്നെങ്കിലും യാതൊന്നിനാലും നശിപ്പിക്കാന്‍ സാധിക്കാത്ത ശാശ്വതമായ ആ ആത്മാവ് നമ്മുടെ സര്‍വ്വ പ്രവൃത്തികളും കണ്ടുകൊണ്ട് സ്ഥിതി ചെയ്യുന്നുണ്ട്. അചിന്ത്യശക്തിയോടുകൂടിയ ആ ആത്മാവിന് എന്നും നമുക്ക് പൂര്‍വ്വാധികം നന്മകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഓര്‍ക്കുന്നതാണെങ്കില്‍ സമാധാനത്തിന് വഴിയുണ്ട്’ എന്ന് ഗുരുപ്രസാദ് സ്വാമികള്‍ ‘ധര്‍മ്മ’ ത്തില്‍ മഹസമാധിക്ക് എഴുതിയ പത്രാധിപക്കുറിപ്പില്‍ പറയുന്നു. മഹാസമാധിയോടെ ഗുരു പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചു എന്നാണ്. ഗുരുചൈതന്യം അമരത്വമാര്‍ന്ന് ബ്രഹ്മചൈതന്യമായി പ്രകാശിക്കുന്നു. കുടങ്ങളിലെ ജലത്തില്‍ പ്രതിബിംബിച്ച സൂര്യന് ഉപാധിയായ കുടം ഉടയുമ്പോഴും മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന വേദാന്ത തത്വം ഇവിടെ ഓര്‍ക്കുക.
(ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷനാണ് ലേഖകന്‍)
Comments