ഈ വിയോജിപ്പും വിരുദ്ധതയുമൊക്കെ ഓരോരുത്തരുടെ കാഴ്ച്ചപ്പാടിലാണ്. ഒന്നിനും സ്ഥായീഭാവം ഇല്ല. വലിയ വലിയ കുന്നുകളും മലകളും എത്ര പെട്ടെന്ന് ഇല്ലാതാവുന്നു. എന്നിട്ടാണോ ചെറിയ ആശയങ്ങളും അവയിലെ വൈരുദ്ധ്യങ്ങളും ?
കുന്നുകളെപ്പറ്റിപറഞ്ഞപ്പോഴാണ് ദേശീയവാദിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഞാന്‍ പങ്കെടുത്ത ഒരു പഠനക്ലാസ് ഓര്‍മ്മ വന്നത്.
അതിന് മുമ്പേ…
കേരളത്തില്‍ ഒരു വൃഥാ ധാരണയുണ്ട്. പരിസ്ഥിതി പ്രസ്ഥാനങ്ങളില്‍ ഉള്ളവരെല്ലാം ഒന്നുകില്‍ ഇടതുപക്ഷക്കാര്‍, അല്ലെങ്കില്‍ സോഷ്യലിസ്റ്റുകള്‍, അതുമല്ലെങ്കില്‍ നക്‌സലൈറ്റുകള്‍ ആയിരിക്കും എന്ന്. സംസ്ഥാന സര്‍ക്കാറും അങ്ങനെയാണ് കരുതിയിരിക്കുന്നത്. അതിലുള്ള ചുരുക്കം ചില ദേശീയവാദികളെ ആരും വകവെയ്ക്കാറുമില്ല. തഞ്ചം കിട്ടിയാല്‍ കളിയാക്കുകയും കുത്തി പുറത്ത് ചാടിക്കുകയും ചെയ്യും. ഇപ്പോള്‍ കേരള പര്യാവരണ്‍ വിഭാഗ് വലിയ മുന്നേറ്റമായി വളരുന്നുണ്ട്. സന്തോഷം.
ഇനി ആ ക്ലാസിനെപ്പറ്റി..
ദേശീയ ഹരിത സേനയുടെ ജില്ലാ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയ്ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റഡി ക്‌ളാസില്‍ സംസാരിക്കുകയാണ് ഞാന്‍. രണ്ടേ രണ്ട് മിനിറ്റേ അനുവദിച്ചിട്ടുള്ളൂ. ക്ലാസ് വേണ്ട. ആശംസ മതി എന്ന് സംഘാടകര്‍. കാരണം പ്രത്യേകം പറയേണ്ടല്ലോ.
സ്വച്ഛ് ഭാരത്, സ്വച്ഛ് പര്യടന്‍ എന്നിവയുമായി സഹകരിക്കുന്നയാള്‍ എന്ന നിലയ്ക്കും ഒരു ദേശസ്‌നേഹി എന്ന നിലയ്ക്കും ഞാന്‍ അക്കാര്യങ്ങള്‍ പറയാതിരിക്കുന്നതെങ്ങനെ?
ചുരുങ്ങിയ സമയത്തില്‍ പലതും പറഞ്ഞ കൂട്ടത്തില്‍ ‘നമാമി ഗംഗേ’ എന്ന പ്രൊജക്ടിനെക്കുറിച്ച് സ്വല്പം വാചാലനായി.
ഇന്ത്യയിലെ സുപ്രധാന നദി, പുണ്യനദി. ഇരുപതിനായിരം കോടി രൂപയാണ് പ്രസ്തുത പദ്ധതിയ്ക്ക് നീക്കിവെച്ചിരിക്കുന്നത്.
ഒറ്റ ശ്വാസത്തില്‍
മലിന ജല പദ്ധതി, ഘട്ട് വികസനം, നദീതട ഉപരിതല ജല ശുദ്ധീകരണം, ജൈവ വൈവിധ്യ – വനവല്‍ക്കരണം, വ്യവസായ മലിനജല വീഴ്ച്ച, ജല ശുദ്ധീകരണപ്ലാന്റുകള്‍, ബോധവല്‍ക്കരണം എന്നിവയെക്കുറിച്ച് പറഞ്ഞു. ഗംഗയിലും യമുനയിലും
അതിന്റെ പുരോഗതി നേരില്‍ കണ്ട കാഴ്ചയും വിവരിച്ചു. അദ്ധ്യാപകര്‍ വളരെ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു.
ഇനി മോദിജിയുടെ അപദാനം വല്ലതും പാടുമോ എന്ന് ആശങ്കപ്പെട്ടായിരിക്കാം പ്രധാന കാര്യദര്‍ശി തുറന്ന് പിടിച്ച ഒരു ഫയലുമായി വന്ന് എന്റെ പുറകില്‍ നിന്ന് അതിന്റെ മൂല കൊണ്ട് പുറത്ത് പതുക്കെ കുത്തി സമയം കുറേയായി എന്ന് ഓര്‍മ്മിപ്പിച്ചു. ഞാന്‍ നിര്‍ത്തി. യോഗം ചായ ബ്രെയ്കിന് പിരിഞ്ഞു.
ചായ കുടിച്ചുകൊണ്ടിരിക്കേ മലയോരപ്രദേശത്തെ ഒരു സ്‌കൂള്‍ മാഷ് വന്ന് സ്വയം പരിചയപ്പെടുത്തി. പി.ടി.നാസര്‍.
മാഷ് ചോദിച്ചു. ‘സാര്‍ പറഞ്ഞ വികസനം.. ഇതൊക്കെ ശരിക്കും ഉള്ളതാണോ? കേരളത്തിലെ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാറില്ലല്ലോ..’ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: ‘നമാമി ഗംഗേ എന്നൊക്കെ എഴുതാന്‍ അവര്‍ക്ക് പേടിയാ…’
നാസര്‍ മാഷ് ചിരിച്ചു..സ്വല്പം നേരം ആലോചനയിലാണ്ടു. ‘അല്ല ഒന്ന് ..ചോദിച്ചോട്ടെ എന്താ ഈ നമാമിയുടെ അര്‍ത്ഥം?’..
അത് ഒരു ഒന്നൊന്നര ചോദ്യശരം തന്നെ. ഭാരതീയതയില്‍ നിന്ന് മലയാളി അകലുകയാണ്. മാഷന്മാര്‍ക്ക് തന്നെ പലതും അറിയില്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ അറിയാന്‍?
പെട്ടെന്ന് ഞാന്‍ പറഞ്ഞു. ‘അത് സംസ്‌കൃതമാണ് മാഷേ.. ഗച്ഛാമി ഞാന്‍ പോകുന്നു. പഠാമി ഞാന്‍ പഠിക്കുന്നു. നമാമി ഞാന്‍ നമിക്കുന്നു. അഹം നമാമി എന്നാണ് ശരിക്ക് വേണ്ടത് ഇവിടെ അഹം ഉപയോഗിക്കുന്നില്ലെന്ന് മാത്രം.’
‘എന്നാല്‍ പിന്നെ ‘നമസ്‌തേ ഗംഗേ’ എന്ന് പോരേ? എല്ലാവര്‍ക്കും മനസ്സിലാവില്ലേ?’ എന്ന് മാഷ്.
കിടിലന്‍ ചോദ്യം.
‘അതൊക്കെ ഓരോ പ്രയോഗങ്ങളാണ് മാഷേ..’
എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി.. ആദ്യമായി ഞാന്‍ ആ പദ വ്യത്യാസത്തെക്കുറിച്ച് ഓര്‍ത്തു.
എന്നിട്ട് …’ആ പദപ്രയോഗം ഇപ്പോള്‍ മാഷും പഠിച്ചല്ലോ’ എന്ന് പറഞ്ഞപ്പോള്‍ രണ്ടാളും ഒന്നിച്ചു ചിരിച്ചു.
‘ഈ വക കാര്യങ്ങള്‍ അറിയാന്‍ എന്താ വഴി ?’ എന്ന ചോദ്യത്തിന് mygov.in എന്ന സൈറ്റില്‍ പോയി നോക്കാം അല്ലെങ്കില്‍ നേരിട്ട് ‘നമാമി ഗംഗേ പ്രോജക്റ്റ് പ്രോഗ്രസ്സ്’ എന്നടിച്ച് നോക്കൂ എന്നും പറഞ്ഞു. നാം സത്യമറിയണം. നമ്മുടെ മാധ്യമങ്ങളെ കണ്ണും പൂട്ടി ഒരിക്കലും വിശ്വസിക്കരുത് എന്നും പറഞ്ഞു.
മലയാളികള്‍ കേരളത്തിലാണ് താമസിക്കുന്നതെങ്കിലും അവര്‍ ഓരോരോ ലോകത്താണ്. ഭാഷാപരമായും സംസ്‌കാരപരമായും ഓരോ ധ്രുവങ്ങളില്‍. എല്ലാം എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നത് മൂഢത്വമാണ്.
ശബരിമല സമരക്കാലത്ത് എന്റെ അയല്‍ക്കാരനും നഗരത്തിലെ ബിസിനസ്സുകാരനും വിവരവും വിദ്യാഭ്യാസവുമുള്ള ആളുമായ അബ്ദുറഹിമാന്‍കുട്ടി എന്നോട് ഒരു ചോദ്യം :
‘അല്ല… ഈ ഗുരുവായൂരപ്പന്റെ മകനാണോ അയ്യപ്പന്‍?’
ഞാന്‍ അജ്ഞനായി..കൂപമണ്ഡൂകമായി വായും പൊളിച്ചു നിന്നു.!
…
ഹിന്ദുമതപഠനം ഹിന്ദുക്കള്‍ക്ക് മാത്രം പോരാ. എല്ലാവര്‍ക്കും വേണം.
Comments