ധര്‍മ്മമെന്ന പേരില്‍ അറിയപ്പെടുന്ന ശാശ്വതഗുണങ്ങള്‍ ജനത്തിന്റെ ജീവിതത്തില്‍ അലിഞ്ഞുചേരുമ്പോഴേ അത് സത്യത്തില്‍ ജനമാകൂ. അല്ലെങ്കില്‍ ആട്ടിന്‍പറ്റമോ ആനക്കൂട്ടമോ പോലെ ആള്‍പറ്റമായിരിക്കും അല്ലെങ്കില്‍ ആള്‍ക്കൂട്ടമായിരിക്കും. ആള്‍ക്കൂട്ടത്തെ രാഷ്ട്രത്തിന്റെ ചിരന്തനഘടകമായ ജനമാക്കി കരുപ്പിടിപ്പിക്കണമെങ്കില്‍ അവര്‍ക്കുള്ളില്‍ സത്യദാനദയാദിധാര്‍മ്മികഗുണങ്ങള്‍ കടത്തിവിടണം. അതെങ്ങനെ സാധിക്കും? ശരീരത്തില്‍ രക്തം വേണ്ടത്രയില്ലാത്തവന് സൂചി വഴി പുറത്തുനിന്നും രക്തം നല്‍കപ്പെടുന്നതുപോലെ ഇക്കാര്യം സാദ്ധ്യമല്ല. ധര്‍മ്മത്തിലെ സൂക്ഷ്മഗുണങ്ങള്‍പോലെ മനുഷ്യനിലെ സൂക്ഷ്മങ്ങളായ അന്തക്കരണങ്ങള്‍ അതിന് ഒരുക്കപ്പെടണം. മനുഷ്യന്റെ ആത്മാവും ബുദ്ധിയും മനസ്സും സ്വരൈക്യത്തില്‍ വന്നാലേ അത് സാദ്ധ്യമാകൂ. ഇംഗ്ലീഷിലെ ഒരു പഴഞ്ചൊല്ല് വളരെ അന്വര്‍ത്ഥമാണ്. ‘ഒരാള്‍ക്ക് നൂറ് കുതിരകളെ പുഴവക്കത്തെത്തിക്കാം, എന്നാല്‍ നൂറ്‌പേര്‍ക്ക് അവയില്‍ ഒന്നിനെക്കൊണ്ടുപോലും വെള്ളം കുടിപ്പിക്കാനാവില്ല.’ – അതിന് കുതിര തന്നെത്താന്‍ ചിന്തിക്കുകതന്നെ വേണമെന്നര്‍ത്ഥം. ഉള്‍ക്കൊള്ളാന്‍ ഒരുക്കമില്ലാത്ത ആള്‍ക്കുള്ളില്‍ ബ്രഹ്മാവിനുപോലും ഒന്നും കടത്തിവിടാന്‍ കഴിയില്ല. ഇവിടെയാണ് ഇക്കാലത്ത് ‘മാനവികങ്ങള്‍’ എന്ന് പരക്കെ പറയുന്ന വിഷയങ്ങളുടെ പ്രസക്തി അരങ്ങേറുന്നത്. സാഹിത്യം, സംഗീതം, നാടകം, നൃത്തം, കഥാകഥനം, പ്രദര്‍ശനം, പര്യടനം, വിനോദം, ഉത്സവം, ഉല്ലാസം, നിര്‍മ്മാണകല, സമ്മേളനം, സമ്പര്‍ക്കം, മതവിശ്വാസം, പാപപുണ്യചിന്ത, ആശംസ, ആശീര്‍വാദം, ശാപം, അച്ഛന്‍, അമ്മ, ബന്ധുക്കള്‍ മുതലായവയ്‌ക്കെല്ലാം മനുഷ്യനെ വാര്‍ത്തെടുക്കുന്നതില്‍ പങ്കുണ്ട്. അധാര്‍മ്മികമൂല്യങ്ങളാണ് ഇവ വഴി മനുഷ്യനില്‍ പ്രവേശിക്കുന്നതെങ്കില്‍ ആ മനുഷ്യന്‍ അധാര്‍മ്മികനാകും, ധാര്‍മ്മികമൂല്യങ്ങളാണ് പ്രവേശിക്കുന്നതെങ്കില്‍ ധാര്‍മ്മികനാകും.
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ദൈവം അനുഗ്രഹിച്ചുതന്ന കണ്ണ് രണ്ടും വിവേകമില്ലാതെ വിലയിരുത്തിയ പാതിവ്രത്യത്തിന്റെ പേരില്‍ മുറുക്കിക്കെട്ടി ഗാന്ധാരിയെന്ന അമ്മ സ്വയം കുരുടിയായി തീര്‍ന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ദുര്യോധനന്‍ ഭീമസേനനായേനേ. ഭര്‍തൃവിരഹദുഃഖം കൊണ്ട് പ്രാണഹാനി വരുത്തിയ മാദ്രിയെപോലെ കുന്തി അഞ്ചുകുട്ടികളുടെ നേര്‍ക്ക് കണ്ണടച്ച് പ്രാണത്യാഗം ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഭീമസേനന്‍ ദുര്യോധനനായേനേ! ഒരിക്കല്‍ വേണ്ടാതീനം വിളമ്പുന്ന ഒരു തത്തയെ കൊല്ലാന്‍ രാജാവ് കല്‍പ്പിച്ചപ്പോള്‍ മുടക്കം പറഞ്ഞ് അതിനെ രക്ഷിച്ച രാജകൊട്ടാരത്തിലെ തത്തയുടെ കഥയുണ്ട്. ആ തത്ത പറഞ്ഞതിതാണ്. ”രാജാവേ! അവന്‍ രാപ്പകല്‍ അറവുകാരന്റെ വാക്കുകള്‍ കേള്‍ക്കുന്നു, ഞാനാണെങ്കില്‍ അരചന്റെ വാക്കുകളും കേള്‍ക്കുന്നു. അവന്‍ കെട്ടവനല്ല, ഞാന്‍ കേമനുമല്ല. വളര്‍ത്തിയതുപോലെ ഞങ്ങള്‍ വളരുന്നു. സംസര്‍ഗ്ഗം മൂലം ദോഷമോ ഗുണമോ വളരുന്നു. ‘സംസര്‍ഗ്ഗജാ ദോഷഗുണാഃ ഭവന്തി.”
ഇതിനെയാണ് ഒറ്റവാക്കില്‍ സംസ്‌ക്കരണം എന്ന് പറയുന്നത്. സംസ്‌ക്കരണത്തിലൂടെ വികസിക്കുന്നതാണ് സംസ്‌കാരം. ആ സംസ്‌കാരമാണ് ജന്മനാ നിഷ്‌കളങ്കനായ കൊച്ചുകുട്ടിയെ കംസനോ കൃഷ്ണനോ ആക്കുന്നത്. സംസ്‌ക്കരണത്തിന്റെ പ്രക്രിയാവൃത്തം ശാരീരികമല്ല, ബൗദ്ധികമാണ്. അതിന്റെ സ്വഭാവം സൂക്ഷ്മമാണ്. ഒരു കുഞ്ഞിന്റേയോ ചെടിയുടേയോ നാള്‍ക്കുനാള്‍ വളര്‍ച്ച ടേപ്പുകൊണ്ടളക്കാന്‍ കഴിയാത്തതുപോലെയാണത്. അനുഭവത്തിലൂടെയാണത് മനസ്സിലാവുക. അതുകൊണ്ടാണ് ”സംസ്‌കാരം പഠിപ്പിക്കുക സാദ്ധ്യമല്ല, സംക്രമിപ്പിക്കാനേ സാധിക്കൂ” എന്ന് പറയുന്നത്. ഇങ്ങനെയുള്ള സംക്രമണത്തിനുതകുന്നവയാണ് മേല്‍പ്പറഞ്ഞ സംഗീതസാഹിത്യാദിമാനവികങ്ങള്‍.
അവയില്‍ ഏറ്റവും സ്വാധീനമുള്ളതാണ് മതം. കാരണം അതിന് മനുഷ്യന്റെ ജീവിതവുമായി അസാമാന്യബന്ധമുണ്ട്. പലപ്പോഴും മതം പെറ്റമ്മയെപ്പോലെയാണ്. കുഞ്ഞ് അമ്മയെ വിട്ടാലും അമ്മ കുഞ്ഞിനെ വിടാത്തതുപോലെയാണത്. അപ്പോള്‍ മതത്തില്‍ക്കൂടി സത്യം, ദയ, ദാനം, പരോപകാരം, സേവനം മുതലായ ധാര്‍മ്മികഗുണങ്ങള്‍ എളുപ്പത്തില്‍ സമൂഹത്തില്‍ സംക്രമിപ്പിക്കാന്‍ കഴിയും. കഥകളും ഐതിഹ്യങ്ങളും അതിനു സഹായിക്കുന്നു. കൂടാതെ പുണ്യം ലഭിക്കുമെന്ന മഹത്തായ പ്രേരണയും അതിന് പിന്‍താങ്ങായി പ്രവര്‍ത്തിക്കുന്നു. അതിന് കീടനാശിനിയായി പാപഭീതിയും വര്‍ത്തിക്കുന്നു. അപ്പോള്‍ മതം മനുഷ്യന്റെ മനസ്സ് മയക്കുന്ന കറുപ്പല്ല, നേരേ മറിച്ച് മനസ്സു തെളിക്കുന്ന ബ്രഹ്മിഘൃതമാണ്. അത് ധര്‍മ്മത്തിന്റെ ഉല്‍പ്രേരകം ആണ്.
എന്നാല്‍ ഇവിടേയും ഒരു ഏടാകൂടമുണ്ട്. എല്ലാ മതങ്ങളും ചിലപ്പോള്‍ ചടങ്ങുകളിലും മാമൂലുകളിലും കുടുങ്ങി മതശാഠ്യത്തില്‍ ചെന്ന് വീഴും.”Religion trumbles into religiosity’ എന്നാണതിന് ഇംഗ്ലീഷില്‍ പറയുന്നത്. മതം തന്നെ ഒരു മതമായിത്തീരുന്നു എന്നര്‍ത്ഥം. അതിനെ നമുക്ക് മതമതം എന്നു പറയാമെന്ന് തോന്നുന്നു. അങ്ങനെ മതം മതമതമാകുമ്പോള്‍ കോട്ടം തട്ടുന്നത് ധര്‍മ്മത്തിനാണ്. പലപ്പോഴും അത് ധര്‍മ്മവിരുദ്ധമായിത്തന്നെ നിലകൊള്ളും. അങ്ങനെയാണ് വൈദികധര്‍മ്മത്തിലും ജനതയിലും കാണാത്ത സ്ത്രീവിവേചനവും ജാതിവിവേചനവും തന്ത്രിമേധാവിത്വവുമെല്ലാം പില്‍ക്കാലത്ത് ഹൈന്ദവമതങ്ങളില്‍ പതുങ്ങിക്കയറിയത്. ഈ സ്ഖലനത്തില്‍നിന്ന് വണ്ടി വീണ്ടും പാതയില്‍ കയറ്റാന്‍ നോക്കിയ പരിഷ്‌ക്കര്‍ത്താക്കളെ മാമൂലികള്‍ മതവിരുദ്ധരും സമൂഹദ്രോഹികളുമായി ചിത്രീകരിച്ചു. അവരില്‍ ചിലരെ വിഷം കൊടുത്തു കെടുത്തിക്കളഞ്ഞ ജുഗുപ്‌സാവഹമായ ദൃഷ്ടാന്തങ്ങള്‍ പോലുമുണ്ട്. എന്തിനേറേ, ആര്യസമാജം സ്ഥാപിച്ച സ്വാമി ദയാനന്ദസരസ്വതിതന്നെ ഈ ദുഷ്പ്രവണതയുടെ ബലിമൃഗമാണ്. ധര്‍മ്മവൈകൃതത്തെ ധര്‍മ്മമായിക്കണ്ട ധര്‍മ്മധ്വജികളായിരുന്നു അതിനു പിന്നില്‍.
അപ്പോള്‍ സൂക്ഷ്മമായ ധര്‍മ്മത്തെ രാഷ്ട്രത്തിന്റെ ഘടകമായ ജനത്തിന്റെ ഹൃദയത്തില്‍ സംക്രമിപ്പിക്കുകയെന്ന കാര്യം മുഖ്യമായും മനോവൈജ്ഞാനികമാണ്. ലാഘവമായ ഒരു പ്രവൃത്തിയല്ല അത്. ഗഹനമായ സര്‍ഗ്ഗബോധത്തോടെ ആസൂത്രണം ചെയ്യേണ്ട ഒന്നാണ്.
സാഹിത്യം, സംഗീതം- ഇവയുടെ പങ്ക്
സാഹിത്യം, സംഗീതം, കല മുതലായവയ്ക്കും ജനത്തെ ധര്‍മ്മനിബദ്ധമാക്കാന്‍ പങ്കുണ്ടെന്നു പറഞ്ഞു. കേരളത്തിലെ അനുഭവംതന്നെ നോക്കാം:- എഴുത്തും വായനയും അറിയാത്ത എത്രയോ മുത്തശ്ശിമാര്‍ നമ്മുടെ ഈ ഭാര്‍ഗ്ഗവഭൂമിയിലുണ്ടായിരുന്നു. എന്നാല്‍ അവരായിരുന്നു മൂന്നാം തലമുറയിലെ കൊച്ചോമനകുഞ്ഞുങ്ങള്‍ക്ക് രാമലക്ഷ്മണന്മാരെക്കുറിച്ചും കൃഷ്ണാര്‍ജ്ജുനന്മാരെക്കുറിച്ചും സീതാപാഞ്ചാലിമാരെക്കുറിച്ചും കഥകള്‍ പറഞ്ഞു കൊടുത്തിരുന്നത്. ആ മുത്തശ്ശിമാര്‍ അക്ഷരമറിയാത്തവരായിരുന്നെങ്കിലും നല്ല വിവരമുള്ളവരായിരുന്നു. അവര്‍ക്കെവിടെനിന്ന് ലഭിച്ചു വിവരങ്ങള്‍? ഓട്ടന്‍തുള്ളല്‍, കഥകളി, കൃഷ്ണനാട്ടം, ചാക്യാര്‍കൂത്ത് മുതലായ അനുഷ്ഠാനകലകളില്‍ കൂടി. എഴുത്തറിയില്ലെങ്കിലും കണ്ടും കേട്ടും നമ്മുടെ മുത്തശ്ശിമാര്‍ ധര്‍മ്മവേത്താക്കളായി.
പറഞ്ഞുവന്നതിന്റെ അര്‍ത്ഥം സാഹിത്യം മുതലായ മാനവപ്രവൃത്തികളെല്ലാം ജനത്തില്‍ ധര്‍മ്മാഭിമുഖ്യവും തുടര്‍ന്ന് ധര്‍മ്മനിഷ്ഠയും ഉളവാക്കുന്നവയായിരിക്കണം. മതത്തിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും ഏടാകൂടമുണ്ട്. വൈചാരികസ്വാതന്ത്ര്യത്തിന്റേയും പുരോഗമനത്തിന്റേയും പേരില്‍ ഒട്ടേറെ ബുദ്ധിജീവികളും യുക്തിവാദികളും ‘കല കലയ്ക്കുവേണ്ടി’, ‘സംഗീതം സംഗീതത്തിനുവേണ്ടി’ എന്നെല്ലാം പറഞ്ഞു കാണുന്നുണ്ട്. ‘ഏതച്ഛന്‍, ഏതമ്മ, കൈ നീട്ടിക്കിട്ടിയ രാജ്യം കൈപ്പറ്റുക’ എന്നെല്ലാം പറഞ്ഞ ജാബാലിയോട് ശ്രീരാമന്‍ പറഞ്ഞ ഉത്തരമാണ് ഇവിടെയും ചേരുക. ”അകാര്യം കാര്യസങ്കാശം, അപഥ്യം പഥ്യസന്നിഭം” (അയോദ്ധ്യാകാണ്ഡം) (ചെയ്യരുതാത്ത കാര്യമാണ്, കേട്ടാല്‍ തോന്നും ചെയ്യേണ്ടതാണെന്ന്. വഴി പിഴച്ച പോക്കാണ്, കേട്ടാല്‍ തോന്നും വഴിയേ പോകണമെന്ന്) ചിരന്തനസത്യത്തിന്റെ പിന്‍ബലമില്ലാത്ത യുക്തിജല്പനത്തിനാണ് യുക്തിവാദമെന്നു പറയുക. അത് വഴിപോക്കരെ വഞ്ചിക്കുന്ന കാനല്‍ജലമാണ്. അരികത്തേയ്ക്ക് ആകര്‍ഷിക്കുമെങ്കിലും അവിടമെത്തുമ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥ.
വാസ്തവത്തില്‍ സാഹിത്യവും കലയും സംഗീതവും പോലെയുള്ള മാനവികങ്ങള്‍ ഇരുകാലിജീവിയെ ധീമാന്‍ ആക്കി ഉയര്‍ത്തുന്നതിനാണ്. അതായത് നരനും വാനരനും പൊതുവായുള്ള ആഹാരനിദ്രാഭയമൈഥുനങ്ങളില്‍ നിന്ന് ധര്‍മ്മം എന്ന സവിശേഷസ്ഥിതിയിലേയ്ക്ക് ഉയര്‍ത്തുന്നതിനാണ്. അത് നരനെ വാനരത്വത്തിലേയ്ക്ക് വഴുതിവീഴാതെ നാരായണത്വത്തിലേയ്ക്ക് ഉന്നയിക്കുന്നതിനാണ്. ചുരുക്കിപ്പറഞ്ഞാല്‍ കലയും സംഗീതവുമെല്ലാം ധര്‍മ്മം വളര്‍ത്തുന്നതിനുവേണ്ടിയാണ്. വൈചാരികസ്വാതന്ത്ര്യത്തിന്റേയും വ്യക്തിത്വസവിശേഷതയുടേയും പേരില്‍ നിരങ്കുശവും നിര്‍മൂല്യവുമായ താന്തോന്നിത്തം വളര്‍ത്താനല്ല.
സംസ്‌കൃതപദങ്ങളുടെ വെറുമൊരു കോശമാണ് അമരകോശം. അത് കോര്‍ത്തുകെട്ടിയത് അമരസിംഹനായതുകൊണ്ടാണ് അമരകോശമെന്ന പേര് അതിനുകിട്ടിയത്. അതില്‍ തത്വജ്ഞാനത്തിന്റേയോ ദര്‍ശനത്തിന്റേയോ ഒരു വരി പോലുമില്ല. പദങ്ങളുടെ സമുച്ചയമല്ലാതെ മറ്റൊന്നുമില്ല. എന്നിട്ടും അതിന്റെ കര്‍ത്താവ് പറയുകയാണ്. ”അമൃതത്വവും ഐശ്വര്യവും നേടാന്‍ ബുദ്ധിമാന്മാര്‍ ഇത് പഠിക്കട്ടെ.”(സേവ്യതാം അക്ഷയോ ധീരാസ്സ ശ്രീയൈ ചാമൃതായ ച.”) അതായത് നീരസപ്രദമായ ഒരു ഗ്രന്ഥത്തിന്റെ പോലും ഉദ്ദേശ്യം അമരത്വവും ഐശ്വര്യവും പ്രദാനം ചെയ്യുക എന്നതാണ്.
അങ്ങനെ നോക്കുമ്പോള്‍, ‘കല കലയ്ക്കുവേണ്ടി’, ‘സാഹിത്യം സാഹിത്യത്തിനുവേണ്ടി’ ‘കഥകളി വെറും കഥയ്ക്കും കളിയ്ക്കും വേണ്ടി’ അല്ല; ചാക്യാര്‍ക്കൂത്ത് ചാക്യാര്‍ക്ക് കൂത്താടാനല്ല. പിന്നെയോ ധര്‍മ്മം പ്രസരിപ്പിച്ച് മാനവനെ വാനവനാക്കാനാണ്. പ്രാകൃതനെ വികൃതനാകാനനുവദിക്കാതെ സംസ്‌കൃതനാക്കാനാണ്. അങ്ങനത്തെ ധര്‍മ്മാധിഷ്ഠിതജനമാണ് ഒരു രാഷ്ട്രത്തിന്റെ ജീവസ്സുറ്റ ഘടകം.
ധര്‍മ്മത്തിന്റെ നിധാനം ധര തന്നെ
ധര്‍മ്മം എന്ന പദം കേള്‍ക്കുമ്പോള്‍തന്നെ ചില പരിഷ്‌ക്കാരികള്‍ മുഖം ചുളിക്കും. ആധികാരികമായ സ്വരത്തില്‍ അവര്‍ പറയും. ”ധര്‍മ്മം – അനിശ്ചിതമായ പരലോകത്തെക്കുറിച്ച് പറയുന്നു, സുനിശ്ചിതമായ ഇഹലോകത്തെക്കുറിച്ച് അതിന് മിണ്ടാട്ടമില്ല.” അതിനു മേമ്പൊടിയായി ഒരു ഇംഗ്ലീഷ് വാചകവും കൂടി തട്ടിവിട്ടാല്‍ സംഗതി കുശാലായി! ധര്‍മ്മത്തെ മതമായി കാണുന്നതുപോലെയുള്ള ഒരു തെറ്റിദ്ധാരണയാണിത്.
ധര്‍മ്മത്തിന്റെ നിര്‍വ്വചനം തന്നെ ‘ധരതി ലോകാന്‍’ എന്നാണ്. ലോകരെ നിലനിര്‍ത്തുന്നത് എന്നര്‍ത്ഥം. ”ധര്‍മേണ വിധൃതാ പ്രജാഃ” (ധര്‍മ്മത്താല്‍ പ്രജകള്‍ നിലനിര്‍ത്തപ്പെടുന്നു) എന്ന് മഹാഭാരതം പറയുന്നു. ”ധര്‍മേ സര്‍വ്വേ പ്രതിഷ്ഠിതം” (ധര്‍മ്മത്തിലാണ് എല്ലാം നിലനില്‍ക്കുന്നത്) എന്ന് മഹാനാരായണോപനിഷത്ത് പറയുന്നു. ഇതെല്ലാം കാണിക്കുന്നതെന്ത്? ധര്‍മ്മം പരലോകത്തില്‍ മാത്രം കണ്ണ് നടുന്നു, നാം ജീവിക്കുന്ന ഈ ലോകത്തിന്റെ നേര്‍ക്ക് കണ്ണടയ്ക്കുന്നു എന്നാണോ?
ധര്‍മ്മ്യമായ അമൃത് എന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ചുകൊണ്ട് എണ്ണി പറഞ്ഞ ഗുണങ്ങള്‍ അദ്വേഷം, മിത്രത്വം, കരുണ, നിര്‍മ്മമത്വം, നിരഹങ്കാരം, ക്ഷമ, നിത്യസന്തോഷം, ദൃഢനിശ്ചയം, ജീവിതശുചിത്വം, ദുഃഖരാഹിത്യം, മാനാപമാനഭാവമില്ലായ്ക, നിസ്സംഗത്വം, ചരാചരഹിതം, സമര്‍പ്പണം മുതലായവയാണ്. ഇവയുടെ നേര്‍ക്ക് ചെറുതായൊരു നോട്ടം പതിപ്പിച്ചാല്‍തന്നെ മനസ്സിലാകും ഈ ലോകത്തില്‍ വിജയകരമായി ജീവിക്കാന്‍ വേണ്ട ഗുണങ്ങളാണവയെന്ന്. ഇവിടെ പരലോകത്തിന്റെ സൂചനപോലുമില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് അത്യന്താധുനികര്‍ ധര്‍മ്മത്തെ പരലോകോന്മുഖി എന്നാക്ഷേപിക്കുന്നത്. വിശപ്പടക്കാന്‍ പിച്ച തെണ്ടുന്ന പിച്ചക്കാരന്‍പോലും ഇവിടെ അന്നം യാചിക്കുന്നത് ‘ധര്‍മ്മം തരണേ’ എന്നാണ്. ”അതൊന്നുമിവിടെ കിട്ടില്ല, നീ നേരേ സ്വര്‍ഗ്ഗത്തില്‍ പോ” എന്ന് പറഞ്ഞ് ബുദ്ധിയുള്ളവരാരും അയാളെ പിന്തിരിപ്പിക്കാറില്ല.
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറു ദാര്‍ശനികന്മാരിലൊരാളായ കണാദനും അദ്ദേഹത്തെ അനുകരിച്ച് ശ്രീശങ്കരനും ധര്‍മ്മത്തെ നിര്‍വ്വചിച്ചിരിക്കുന്നത് ‘അഭ്യുദയത്തിനും നിഃശ്രേയസത്തിനും ഹേതുവായത്’ എന്നാണ്. ‘അഭ്യുദയ’ത്തിന്റെ അര്‍ത്ഥം ‘സമൃദ്ധി’ എന്നാണെങ്കില്‍ ‘നിഃശ്രേയസ’ത്തിന്റെ അര്‍ത്ഥം ‘നിശ്ചലമായ ശ്രേയസ്’ എന്നാണ്. വേദാദ്ധ്യയനം, തപസ്സ്, ജ്ഞാനം, അഹിംസ, ഗുരുസേവ, ഇന്ദ്രിയനിയന്ത്രണം ഇവയില്‍ കൂടി ലഭിക്കുന്ന ശ്രേയസ്സാണ് നിഃശ്രേയസം എന്ന് മനു പറയുന്നു. ഇവിടെ എവിടെയാണ് പരലോകാഭിമുഖ്യം, ഇഹലോകവൈമുഖ്യം?
അവസാനമായി ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞ രണ്ടുശ്ലോകങ്ങള്‍ – ഒന്ന് ‘യദാ യദാ ഹി ധര്‍മസ്യ…..’, രണ്ട് ‘പരിത്രാണായ സാധൂനാം…..’ – ഓര്‍ക്കുക. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി ഓരോ യുഗത്തിലും ഞാന്‍ അവതരിക്കുന്നു എന്നാണ് അരുളപ്പാട്. ഈ അവതരണം ഭൂമിയിലേയ്ക്കല്ലേ? ധര്‍മ്മം സ്ഥാപിക്കപ്പെടുന്നത് ഭൂമിയിലല്ല എന്നുണ്ടോ? അധര്‍മ്മം കൊടികുത്തി കലി തുള്ളുന്നേടത്തല്ലേ ധര്‍മ്മം സ്ഥാപിക്കപ്പെടുക? അപ്പോള്‍ ധര്‍മ്മത്തിന്റെ തട്ടകം ഭൂമിതന്നെ. ധര്‍മ്മാനുസൃതജീവിതം നയിച്ച് ഒരു ശ്രീധരനോ ഒരു ശ്രീദേവിക്കോ സ്വര്‍ഗ്ഗം കിട്ടിയെന്നു വരാം. അത് അവരുടെ സുകര്‍മ്മങ്ങളുടെ ഫലമാണ്. ധര്‍മ്മം സ്വര്‍ഗ്ഗസ്ഥമാണ് എന്ന് അതിനര്‍ത്ഥമില്ല.
ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ ധര്‍മ്മം സെക്കുലര്‍ വിരുദ്ധമെന്ന വിടുവാക്ക് വമിക്കുന്നത്.