കൊടക്കാട്: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഭിന്നശേഷിക്കാര്‍ക്കിടയിലെ മികച്ച സര്‍ഗ്ഗാത്മക വ്യക്തിത്വത്തിന് ഏര്‍പ്പെടുത്തിയ സര്‍ഗ്ഗപ്രതിഭ നാഷണല്‍ അവാര്‍ഡ് പൊള്ളപ്പൊയിലിലെ എം.വി.സതിക്ക്. കാസര്‍ഗോഡ് ജില്ലയില്‍ കൊടക്കാട് ഗ്രാമത്തില്‍ ആദ്യകാല വിഷചികിത്സകനും നാടന്‍ കലാ ഗവേഷകനും റിട്ട. അദ്ധ്യാപകനുമായ പരേതനായ സിവിക് കൊടക്കാടിന്റെയും എം.വി. പാട്ടിയുടെയും നാല് മക്കളില്‍ ഇളയവളായ സതി ജന്മനാ ‘സ്‌പൈനല്‍ ഡിസ്‌ട്രോഫി’ എന്ന രോഗം ബാധിച്ച് ശരീരം തളര്‍ന്നുപോയതിനാല്‍ നാലാംക്ലാസ്സില്‍ വെച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വായനയിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ ആനുകാലികങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ‘ഗുളികവരച്ച ചിത്രങ്ങള്‍’ എന്ന കഥാസമാഹാരവും, ‘കാല്‍വരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും നിരവധി സംഗീത ആല്‍ബങ്ങളും രചിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞൈടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കാസര്‍കോട് ജില്ലാ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.