ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കി വരുന്ന ഏറ്റവും വലിയ അവാര്‍ഡായ അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയസമ്മാന്‍ ബാലഗോകുലത്തിന്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ദേശസ്‌നേഹം, സ്വാതന്ത്ര്യസമരം, സാമൂഹിക പ്രവര്‍ത്തനം എന്നീ ആശയങ്ങളെ ഭക്ത്യാദരപൂര്‍വം അഭിനന്ദിക്കാനും സൃഷ്ടിപരമായ സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ഉദ്ദേശിച്ച് 2006 മുതല്‍ നല്‍കി വരുന്നതാണ് സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള പുരസ്‌കാരം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഭാരതീയ സംസ്‌കാരവും ധാര്‍മ്മിക സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതും, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കായി നല്‍കുന്ന സമാനതകളില്ലാത്ത സംഭാവനകളും പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മധ്യപ്രദേശ് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശേഖര്‍ ശുക്ല അറിയിച്ചു.