ഭൂമിയും ജനവും ധര്‍മ്മവും കൂടിച്ചേരുമ്പോഴാണ് നാം ഒരു രാഷ്ട്രമായിത്തീരുന്നത് എന്ന് മുമ്പ് പറഞ്ഞകാര്യം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. രാഷ്ട്രത്തിന്റെ മൂന്നാമത്തെ അനിവാര്യഘടകമായ ധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചിന്തിച്ചപ്പോള്‍ ഈയൊരാവര്‍ത്തനം ആവശ്യമാണെന്നുതോന്നി.
ഭൂമി, ജനം, ധര്‍മ്മം എന്ന മൂന്ന് ഘടകങ്ങളാണ് രാഷ്ട്രരൂപീകരണത്തിനു ഹേതു എന്നുപറയുമ്പോള്‍ തന്നെ ആ മൂന്ന് ഘടകങ്ങളുടെയും അടിസ്ഥാനപ്രകൃതം മറക്കരുത്. ഭൂമി ജനത്തിന്റെ തട്ടകമാണ്. അതുകൊണ്ടാണതിനെ ധര, ധരണി, ധരിത്രി എന്നെല്ലാം പറയുന്നത്. എന്നാല്‍ ഈ ധര മനുഷ്യവംശത്തെ മാത്രമല്ല ധരിച്ചുകൊണ്ടിരിക്കുന്നത്. അത് മറ്റു വസുക്കളെ – ധാതുക്കളെ – കൂടി ധരിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ ധരയെ വസുന്ധര എന്ന് പറയുന്നത്. എന്നാല്‍ പ്രജ്ഞ കൊണ്ടനുഗ്രഹിക്കപ്പെട്ട മനുഷ്യജീവി ഭൂമിയോട് അങ്ങോട്ടു പ്രതികരിക്കുന്നതുപോലെ മനുഷ്യേതര ജീവി പ്രതികരിക്കുന്നില്ല. വിവേകം, ചിത്തം, അഹംബോധം മുതലായവ വികസിക്കാത്ത അവയ്ക്ക് അത് സാദ്ധ്യവുമല്ല. പക്ഷികള്‍ മരപ്പൊത്തിലെ സ്വന്തം കൂട്ടിലും മാടുകള്‍ സ്വന്തം തൊഴിലുകളിലും ഇടം തെറ്റാതെ കൃത്യമായി വന്നുചേരുമെങ്കിലും ‘മാതാ ഭൂമിഃ പുത്രഃ അഹം’ എന്ന ഭാവം അവയ്ക്കുള്ളില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് രാഷ്ട്രസമ്പത്തില്‍ ആ ദേശത്തിലെ ചരാചരങ്ങളും ധാതുക്കളും പെടുമെങ്കിലും അ വയ്ക്ക് ജനമെന്ന ഘടകത്തിന്റെ ഭാവമുണ്ടാവുക സാദ്ധ്യമല്ല. ഭൂമിയും ജനവും എന്ന രണ്ടു ഘടകങ്ങളില്‍ ചേതസ്സുറ്റത് ജനമാണ്. ഈ ജനത്തിന്റെ ഉള്‍ത്തടത്തിലാണ് രാഷ്ട്രത്തിന്റെ ചിതിയുടെ സ്പന്ദനം അനുരണനം ചെയ്യുന്നത്.
ഭൂമിയെന്നപോലെ ഈ പറഞ്ഞ ജനത്തിനോടുചേര്‍ന്നതാണ് മൂന്നാമത്തെ ഘടകമായ ധര്‍മ്മം. ജനത്തില്‍നിന്നു വേര്‍തിരിച്ചു ഭൂമിയെ മനസ്സിലാക്കിയതുപോലെ ധര്‍മ്മത്തേയും മനസ്സിലാക്കണം. ധരയുടേതെന്നപോലെയാണ് ധര്‍മ്മത്തിന്റേയും പരിഭാഷ. ‘ലോകരെ ധരിക്കുന്നതേതോ അത് ധര്‍മ്മം’ എന്നാണ് പറഞ്ഞിരിക്കുന്നത്. ധരയുടേയും ധര്‍മ്മത്തിന്റേയും മൂലധാതു ധരിക്കുക എന്നര്‍ത്ഥമുള്ള ഒന്നാണ്. എന്നാല്‍ ധര്‍മ്മത്തിന്റെ സ്ഥിതി ഭൂമിയുടേതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ധര്‍മ്മം ജനത്തിന്റെ നിലനില്‍പ്പാണ്. കാലാന്തരത്തില്‍ ആ നിലനില്‍പ്പ് ശിഥിലമാകാതെ നോക്കുന്ന മൂല്യസഞ്ചയവുമാണ്. ഉറപ്പുള്ള ഇരുമ്പുകമ്പികളേയും കരിങ്കല്‍ക്കഷ്ണങ്ങളേയും മണലിനേയും ചിതറിപ്പോകാതെ തമ്മില്‍തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പിടിക്കുന്ന സിമന്റ് പോലെയാണത്. ലോകത്തേയുംസൃഷ്ട്യംശങ്ങളേയും പിടിച്ചുനിര്‍ത്തുന്നതാണ് ധര്‍മ്മം എന്നാണ് മഹര്‍ഷിമാരും മീമാംസകരുമെല്ലാം ഒരേപോലെ നിര്‍വചിച്ചിരിക്കുന്നത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരിക്കലും ഒട്ടും മാറാത്ത മൂല്യങ്ങളുടെ കൂട്ടമാണ് ധര്‍മ്മം. ഒറ്റതിരിഞ്ഞ മനുഷ്യന്‍, വികാരങ്ങള്‍ക്കു വശംവദനായി വ്യവഹരിക്കുന്ന മനുഷ്യന്‍, ചാര്‍ച്ചയ്ക്കുവേണ്ടി ദാഹിക്കുന്ന മനുഷ്യന്‍, കൊടുത്തും മേടിച്ചും പൊരുത്തത്തോടെ ജീവിക്കേണ്ട മനുഷ്യന്‍ എന്നിങ്ങനെയുള്ള സ്ത്രീകളേയും പുരുഷന്മാരേയുമെല്ലാം ഒരു സമൂഹമായി കോര്‍ത്തിണക്കാന്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത, പശിമയുള്ള മൂല്യങ്ങളുടെ കൂട്ടമാണ് ധര്‍മ്മം. അതാണ് വ്യഷ്ടിയായി മാത്രം ജനിക്കുന്ന ഏവനേയും സമഷ്ടിയാക്കിത്തീര്‍ക്കുന്നത്. ഈ സമഷ്ടിയിലെ ഒരു അവസ്ഥാവിശേഷമാണ് രാഷ്ട്രം. സ്വതവേ ബലമുള്ള ഇരുമ്പുകമ്പിയും കരിങ്കല്ലും മണലും സിമന്റിന്റെ പശിമയോടെ കൂടിച്ചേരുമ്പോള്‍, ആ കൂട്ടിന്റെ കരുത്ത് ആകെത്തുകയേക്കാള്‍ എത്രയോ കൂടുതലാണെന്നതുപോലെ ധര്‍മ്മത്തിന്റെ പശിമ കൊണ്ട് വ്യഷ്ടികള്‍ കൂടിച്ചേര്‍ന്ന് സമഷ്ടി ആകുമ്പോള്‍ അതിന്റെയും ശക്തി ആകെത്തുകയ്ക്കപ്പുറം എത്രയോ കവിഞ്ഞതാണ്.
ധര്‍മ്മമെന്ന പൊതുപേരില്‍ അറിയപ്പെടുന്ന ആ ശാശ്വതമൂല്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സത്യം, ദയ, ഉദാരത, ദാനം, ത്യാഗം, ക്ഷമ, മൃദുത്വം, വക്രതയില്ലായ്മ, അസൂയ ഇല്ലായ്മ, ഏഷണി ഇല്ലായ്മ, ഡംഭില്ലായ്ക, ദ്രോഹിക്കായ്ക, ഉള്ളം നോവിക്കായ്ക, അന്യന്റെ മുതല്‍ മോഹിക്കായ്ക, മോഷ്ടിക്കായ്ക, സ്വന്തം ജീവിതത്തില്‍ ശുചിത്വം, സാന്മാര്‍ഗികത മുതലായവ. ഇവയെയാണ് ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ദൈവീഗുണങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇവയില്‍ ഓരോന്നിനേയും വിലയിരുത്തി നോക്കുക, എല്ലാം കൂട്ടിച്ചേര്‍ക്കാന്‍ പോരുന്ന ഗുണങ്ങളാണ്. തമ്മിലകറ്റുന്നവ ഒന്നുപോലുമില്ല. ലോകസംഗ്രഹമാണ് ഇവയുടെ സഹജപ്രകൃതം, ലോകവിഗ്രഹമല്ല.
ധര്‍മ്മത്തെ ഇയ്യൊരു കാരണത്താലാണ് രാഷ്ട്രത്തിന്റെ അനുപേക്ഷണീയ ഘടകം എന്നു പറഞ്ഞിരിക്കുന്നത്.
ഇനിയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം അളവും തൂക്കവുമുള്ള പദാര്‍ത്ഥങ്ങളല്ല. അവയെ കാണാനോ കയ്യിലെടുക്കാനോ കഴിയില്ല, എന്നാല്‍ അനുഭവിക്കാന്‍ കഴിയും. അവ ജീവിക്കുന്ന മനുഷ്യജീവിയില്‍കൂടിയേ പ്രകടമാകൂ എന്നര്‍ത്ഥം. അപ്പോള്‍ ധര്‍മ്മത്തിന് പ്രകടമാകാന്‍ ജനം വേണമെന്നുവരുന്നു. ജനമെന്ന മാദ്ധ്യമത്തില്‍കൂടിയാണ് ധര്‍മ്മം സചേതനമാകുന്നത്. ധര്‍മ്മത്തിന്റെ പ്രഭാവമാണ് ജനത്തെ ധര്‍മ്മികജനമാക്കുന്നത്; അഭാവമാണ് അധാര്‍മ്മികജനമാക്കുന്നത്.
ഭാരതഭൂമിയില്‍ ഉല്‍ക്രമിച്ച രാഷ്ട്രം ഒരിക്കലും പ്രതിക്രിയാത്മകമായിരുന്നില്ല, വിദ്വേഷജന്യമായിരുന്നില്ല; ലോഭമോഹപ്രചോദിതമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഭാരതരാഷ്ട്രത്തിന്റെ നിര്‍ബന്ധഘടകം ധര്‍മ്മമാകുമായിരുന്നില്ല. എന്നാണോ ഭാരതത്തിലെ രാഷ്ട്രത്തിന്റെ ഒരു ഘടകം ധര്‍മ്മമായി കണക്കാക്കപ്പെട്ടത് അന്നുതന്നെ അതിന്റെ വിശ്വദൗത്യം ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ആണെന്ന് വിളംബരം ചെയ്യപ്പെട്ടു. ഭാരതത്തില്‍ കിളിര്‍ന്ന രാഷ്ട്രത്വത്തിന് വിശ്വമാനവത്വവുമായുള്ള ബന്ധം പൂരണത്തിന്റേതാണ് വാരണത്തിന്റേതല്ല. ദേശീയത അന്തര്‍ദേശീയതയ്ക്കു വിരുദ്ധമാണെന്നുള്ള പക്ഷക്കാര്‍ ഭാരതദേശീയതയെ തെല്ലെങ്കിലും മനസ്സിലാക്കിയിട്ടില്ലെന്നുറപ്പ്.
തെറ്റിദ്ധാരണ
പൊതുവില്‍ ദക്ഷിണഭാരതത്തിലെ നാലുഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിവയില്‍ മതം, ധര്‍മ്മം എന്ന രണ്ടു വാക്കുകള്‍ പ്രയോഗത്തിലുണ്ട്. അതുകൊണ്ട് ഈ നാലുഭാഷക്കാര്‍ക്ക് മതത്തേയും ധര്‍മ്മത്തേയും രണ്ടായി കാണാന്‍ കഴിയും. എന്നാല്‍ മറ്റ് ഭാരതീയഭാഷകളില്‍ മതത്തിനും ധര്‍മ്മത്തിനും ധര്‍മ്മമെന്നാണ് വാക്ക്. അതുകാരണം ധര്‍മ്മമെന്നതിന് അവര്‍ ഇംഗ്ലീഷില്‍ ‘റെലീജ്യണ്‍’ (Religion) എന്നു പറഞ്ഞുതുടങ്ങി. പോകപ്പോകെ മതത്തെ ധര്‍മ്മമെന്നും പറഞ്ഞുതുടങ്ങി. അതുകൊണ്ട് മിക്കവാറും എല്ലാ വടക്കന്‍ ഭാഷകളും മതംമാറ്റത്തെ ‘ധര്‍മ്മാന്തര്‍’ എന്നാണ് പറയുക. വാസ്തവത്തില്‍ ധര്‍മ്മം ശാശ്വതമൂല്യങ്ങളുടെ സഞ്ചയമായതുകൊണ്ട് അത് ഒരാളുടെ ദൈവവിശ്വാസത്തില്‍ ഊന്നിനില്‍ക്കുന്ന ഒന്നല്ല. ആ അര്‍ത്ഥത്തില്‍ ഒരാള്‍ തന്റെ മതം മാറിയാലും അയാള്‍ക്ക് തന്റെ ധര്‍മ്മം കയ്യൊഴിക്കുക സാദ്ധ്യമല്ല. അങ്ങനെ ചെയ്താല്‍ അയാള്‍ മൂല്യങ്ങള്‍ കയ്യൊഴിച്ചു എന്നുവരും. ഇവിടെ നമുക്ക് മലയാളത്തിലെ മുഖ്യദിനപത്രമായ മലയാളമനോരമയുടെ മുഖമുദ്രാവാക്യം നല്ല ഉദാഹരണമാണ്. ‘ധര്‍മ്മോസ്മത്കുലദൈവതം’ എന്നതാണത്. അതിനര്‍ത്ഥം ‘ധര്‍മ്മമാണ് ഞങ്ങളുടെ കുലദേവത’ എന്നാണ്. ധര്‍മ്മമെന്നത് മതമാണെങ്കില്‍ ഈ വാക്യത്തിന്റെ അര്‍ത്ഥം എത്രകണ്ടനര്‍ത്ഥമാകും? ആ പത്രത്തെക്കുറിച്ചുള്ള കുറ്റകരമായ വിലയിരുത്തലായിരിക്കില്ലേ അത്?
സെക്കുലറിസത്തെക്കുറിച്ച് പറയുമ്പോളാണ് ഇത് അപകടം മാത്രമല്ല, അസംബന്ധവുമായിത്തീരുന്നത്. അത് സംബന്ധിച്ചു രണ്ട് പദങ്ങള്‍ പ്രയോഗത്തിലുണ്ട്. – സര്‍വ്വധര്‍മ്മസമഭാവം, ധര്‍മ്മനിരപേക്ഷത. സര്‍വ്വധര്‍മ്മസമഭാവമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സര്‍വ്വമതസമഭാവമാണെങ്കില്‍ അത് വാസ്തവത്തില്‍ ധര്‍മ്മപദത്തെ ചുരുക്കിക്കളയുകയാണ്, ശാശ്വതമായ മാനവികമൂല്യങ്ങളെ വൈയ്യക്തിക വിശ്വാസവുമായി കൂട്ടിക്കെട്ടുകയാണ്. ധര്‍മ്മനിരപേക്ഷതയുടെ കാര്യമാണ് കൂടുതല്‍ പരിതാപകരം. ധര്‍മ്മനിരപേക്ഷതയുടെ അര്‍ത്ഥം ധര്‍മ്മത്തോടുള്ള അവഗണന, ധര്‍മ്മത്തിന്റെ നേര്‍ക്ക് ഉദാസീനത, ധര്‍മ്മത്തെ ആശ്രയിക്കാതിരിക്കുക എന്നെല്ലാമാണ്. അപ്പോള്‍ മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച രാമരാജ്യം മൂല്യപാപ്പരത്തത്തിലേയ്ക്കു കൂപ്പുകുത്താന്‍ ഇപ്പറഞ്ഞ ധര്‍മ്മനിരപേക്ഷത മാത്രം മതി. വാസ്തവത്തില്‍ ധര്‍മ്മനിരപേക്ഷരാജ്യത്തിന്റെ അര്‍ത്ഥം മൂല്യാധിഷ്ഠാനമില്ലാത്ത രാജ്യമെന്നാണ്. രാമരാജ്യം ധര്‍മ്മരാജ്യമല്ലാതാക്കാന്‍ അതിന് ധര്‍മ്മനിരപേക്ഷമാക്കിയാല്‍ മതി! ഇപ്പറഞ്ഞ അബദ്ധങ്ങള്‍ക്കെല്ലാം കാരണം ധര്‍മ്മത്തെ മതമായി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്.
ഇനിയും ചില ഉദാഹരണങ്ങള്‍ നോക്കാം:- ഇപ്പോളും നാട്ടുമ്പുറത്തെ ചില പഴമക്കാര്‍ സര്‍ക്കാര്‍ വക ആശുപത്രിക്ക് ധര്‍മ്മാശുപത്രി എന്നാണ് പറയാറ്. അതിന്റെ അര്‍ത്ഥം മതാശുപത്രിയെന്നാണോ? ‘ധര്‍മ്മക്കഞ്ഞി കൊടുത്തു’ എന്ന് പറയുമ്പോള്‍ മതം നോക്കി കഞ്ഞി കൊടുത്തുവെന്നാണോ? ഇന്നത്തെപ്പോലെ ഹോട്ടലുകളില്ലാതിരുന്ന പഴയ കാലത്ത് സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സമ്പന്നര്‍ ധര്‍മ്മശാലകള്‍ പണിയാറുണ്ടായിരുന്നു. മതത്തിന്റെ പ്രചാരത്തിനുവേണ്ടി കെട്ടിയ ശാലകളല്ലായിരുന്നു അവ, നേരേമറിച്ച് യാത്രക്കാരുടെ സൗകര്യത്തിനുവേണ്ടി സൗജന്യമായുള്ള സേവനപ്രവൃത്തിയായിരുന്നു. മലയാളികളായ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് ധര്‍മ്മപത്‌നി. അതിന്റെ അര്‍ത്ഥം മതം നോക്കി കെട്ടിയോള്‍ എന്നല്ലല്ലോ. അനാഥാലയം, വൃദ്ധസദനം, ശുശ്രൂഷാകേന്ദ്രം, സാധുജനപരിപാലനകേന്ദ്രം മുതലായവയ്ക്കുള്ള പൊതുനാമമാണ് ധര്‍മ്മസ്ഥാപനം. ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെട്ടതാണവ എന്നല്ല അതിനര്‍ത്ഥം. സര്‍ക്കാരോ ദാനശീലനായ വ്യക്തിയോ സംഘടനയോ പ്രതിഫലം മോഹിക്കാതെ ജനഹിതാര്‍ത്ഥം തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നാണ്.
സ്വതന്ത്രഭാരതത്തിലെ രണ്ട് ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. സെക്കുലര്‍ ഭാരതത്തിന്റെ സര്‍വ്വോച്ചന്യായപീഠത്തിന് പിന്നില്‍ ‘യതോ ധര്‍മഃ തതോ ജയഃ’എന്നെഴുതിവെച്ചിട്ടുണ്ട്. അതിനര്‍ത്ഥം ‘മതമുള്ളിടത്ത് ജയമുണ്ടാകും’ എന്നാണെങ്കില്‍ എന്ത് കഥ? ശാശ്വതമൂല്യങ്ങള്‍ നിലനില്‍ക്കുന്നിടത്തേ എന്നുമെന്നും നേട്ടമുണ്ടാകൂ എന്നാണതിനര്‍ത്ഥം. ‘ഈ നീതിപീഠത്തില്‍ നിന്ന് നിങ്ങള്‍ക്കെല്ലാം സത്യവും നീതിയും ന്യായവും ലഭിക്കും’ എന്ന ഉറപ്പാണ് ആ വാക്കുകള്‍ നല്‍കുന്നത്. ലോകസഭയിലെ അദ്ധ്യക്ഷപീഠത്തിനുപിന്നില്‍ ‘ധര്‍മചക്രപ്രവര്‍ത്തനായ’ എന്ന് എഴുതിവെച്ചിരിക്കുന്നു. മതചക്രപ്രവര്‍ത്തനത്തിനുവേണ്ടി എന്നാണോ അതിനര്‍ത്ഥം? ആണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമല്ലേ ആ പദം? അവിടെ ആ പദത്തിന്റെ ശരിയായ അര്‍ത്ഥം ‘ഈ പവിത്രമായ ജനസഭയില്‍ ധര്‍മ്മാനുസൃതമായിട്ടേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു, തീരുമാനങ്ങള്‍ ഉണ്ടാകൂ, നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടൂ’ എന്നാണ്. ഈ പവിത്രസഭയില്‍ അധാര്‍മ്മികമായി ഒന്നും നടക്കില്ല എന്ന വിളംബരവചനമാണത്.
എന്നാല്‍ മാനവജീവിതത്തില്‍ മൂല്യങ്ങള്‍ക്കുള്ള മൂല്യത്തെത്തന്നെ അംഗീകരിക്കാത്ത നിഷേധജീവികള്‍ ഉന്നായകവും ഉദ്‌ബോധകവുമായ ഈ ഉദാത്തപദത്തെ – ധര്‍മ്മത്തെ – കണ്ണടച്ചുണ്ടാക്കിയ കൂരിരുട്ടില്‍ കാണാനോ തൊടാനോ കൂട്ടാക്കുന്നില്ല. മൂങ്ങയുണ്ടോ എന്നെങ്കിലും സൂര്യോദയം കാണുന്നു?