ഇഞ്ചിപ്പൂവ് ഞാന്‍ ആദ്യമായാണ് കാണുന്നത്. വീട്ടില്‍ ചട്ടിയില്‍ നട്ട ഇഞ്ചി അങ്ങോട്ട് പുത്തു, പൂവിട്ടു. നല്ല ചുകപ്പും ഓറഞ്ചും കലര്‍ന്ന പൂവ്. ഇഞ്ചിപ്പൂവിനെപ്പറ്റി ഇന്റര്‍നെറ്റില്‍ പരതി. വായിച്ചു. ഹോ.. എന്തെല്ലാം തരം ഇഞ്ചിപ്പൂക്കള്‍. ചോപ്പ്, മഞ്ഞ, നീല, വയലറ്റ് എന്നിങ്ങനെ. എന്റെ അറിവിന്റെ ചക്രവാളം വികസിച്ചു. അതുവരെ ഇഞ്ചിച്ചെടിയും ഇഞ്ചിക്കിഴങ്ങും ചുക്കും മാത്രമായിരുന്നു എന്റെ ധാരണയില്‍ ഉണ്ടായിരുന്നത്.
പൂവിന്റെ ഇതളിലെ ഡിസൈനുകള്‍ നോക്കിയിരിക്കെ ഗേറ്റില്‍ ഒരു ശബ്ദം. ചെന്ന് നോക്കിയപ്പോള്‍ രാമേട്ടന്‍. ‘ന്താ ന്ന് പോയില്ലേ?’ എന്ന് ചോദ്യം..’ ‘ഇല്ല പോയില്ല ഇപ്പൊ ഒന്നരാടമേ ഓഫീസില്‍ പോവാറുള്ളൂ. കോവിഡ് ഒക്കെയല്ലേ വരൂ. വരൂ.. ഇരിക്കൂ.’ ..
സിറ്റൗട്ടില്‍ രണ്ടു പേരും ഇരുന്നില്ല, അപ്പോഴേയ്ക്കും മുന്നില്‍ തിണ്ടത്ത് കിടന്നിരുന്ന പത്രമെടുത്ത് മറിച്ച് നോക്കി രാമേട്ടന്‍ പറഞ്ഞു. ‘എല്ലാം വിറ്റു തുലച്ചു..എയര്‍ ഇന്ത്യയും പോയി അല്ലേ?’ ഈയിടെയായി ഒരു ഇടതുപക്ഷക്കാരനോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ ഗവേഷണംചെയ്ത് വരുകയാണ്. ഉടന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ പ്രകോപിതരാവും. അവരോടൊപ്പം ചേര്‍ന്ന്‌നിന്ന് സംസാരിച്ചാലേ സ്വല്പമെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറാവൂ. നിരന്തരമായ ഏകദിശാ മസ്തിഷ്‌ക പ്രക്ഷാളനത്താല്‍ ചിന്താ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായി അവര്‍ മാറിയിരിക്കയാണ്.
അതിനാല്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. ‘ശരിയാണ്..കടം കേറി മുടിഞ്ഞാല്‍ വേറെ എന്ത് ചെയ്യും.? പിന്നെയും കടമെടുക്കുകയോ? അതു കഴിഞ്ഞ് പിന്നെയും …പിന്നെയും..?’ ഇവിടെ ഞങ്ങള്‍ പറയാതെ തന്നെ കേരളത്തിന്റെ ഉദാഹരണം മുന്നില്‍ വന്ന് നില്ക്കുന്നുണ്ടായിരുന്നു.
സ്വല്പനേരം കഴിഞ്ഞ് ഞാന്‍ പറഞ്ഞു. ‘നോക്കൂ വാസ്തവത്തില്‍ അത് വിറ്റതാണോ ? വര്‍ഷങ്ങള്‍ കഴിഞ്ഞ് ടാറ്റയ്ക്ക് മടക്കി കൊടുത്തതല്ലേ? സര്‍ക്കാറിന് നടത്താന്‍ പറ്റാത്തതിനാല്‍. ആരാണ് ഉത്തരവാദി? എന്തുകൊണ്ടാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂപ്പുകുത്തിയത് ?’
രാമേട്ടന്‍ ഒന്നിളകിയിരുന്നു. എന്നിട്ട് പറഞ്ഞു.’സമ്മതിയ്ക്കുന്നു. അഴിമതിയും പിടിപ്പുകേടും കൊണ്ടു തന്നെ.. എന്നാലും രാഷ്ട്രത്തിന്റെ സ്വത്തല്ലേ ഇങ്ങനെ സ്വകാര്യവ്യക്തികള്‍ക്ക് പോകുന്നത് ?’
‘സ്വകാര്യവ്യക്തിയോ? ലാര്‍ജ്ജ് കോര്‍പ്പറേറ്റുകളാണ് ഇതൊക്കെ വാങ്ങിക്കുന്നത്.. ഉടമസ്ഥര്‍ ആത്യന്തികമായി രാജ്യത്തിലെ ജനങ്ങള്‍ തന്നെ. പൊതുജനം.. കോടി കോടി ഓഹരി ഉടമകള്‍.. കോര്‍പ്പറേറ്റ് ബിസിനസ്സുകളാണ് ലോകത്തെവിടേയും. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലടക്കം രാജ്യത്തിന് ധനം ഉണ്ടാക്കിക്കൊടുക്കുന്നത് കോര്‍പ്പറേറ്റുകളാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കി നല്‍കി പട്ടിണി മാറ്റുന്നത്..
‘കേരളത്തില്‍ അവരെ നിരന്തരം തെറി പറയുന്നതു കൊണ്ടാണ് ഇവിടേയ്ക്ക് ആരും വരാത്തതും കേരള ബിസിനസ്സ് മീറ്റില്‍ യാതൊരു ബിസിനസ്സും ഇല്ലാത്ത മോന്‍സണ്‍ന്റെ ഇറ്റാലിയന്‍ കൂട്ടുകാരിയെപ്പോലുള്ളവര്‍ വരുന്നതും പ്രമുഖ സ്ഥാനം പിടിക്കുന്നതും.’
മോന്‍സണ്‍ എന്ന് കേട്ടപ്പോള്‍ രാമേട്ടന്‍ എന്തൊക്കെയോ ഓര്‍ത്ത് ഒന്ന് ഇളകി ചിരിച്ചു.
എന്നിട്ട് പറഞ്ഞു. ‘എന്തായാലും ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുകയാണല്ലോ? ‘
‘ശരിയാണ്..എങ്കിലും ടാറ്റയെപ്പോലെ പ്രതിബദ്ധതയുള്ള കമ്പനികള്‍ ഉയര്‍ന്നു വന്നാല്‍ ജനങ്ങളുടെ ക്ഷേമം വര്‍ദ്ധിക്കും. ജീവിതനിലവാരം ഉയരും. തൊഴിലവസരങ്ങളിലൂടെ മാത്രമല്ല, സര്‍ക്കാറിന് ലഭിക്കുന്ന നികുതിയിലൂടെ സര്‍ക്കാരിന്റെ സ്ഥിതിയും മെച്ചപ്പെടും.
‘എത്രയാ കോര്‍പറേറ്റ് നികുതി ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ നല്‍കുന്നത് എന്ന് അറിയാമോ രാമേട്ടന് ?’ കോര്‍പ്പറേറ്റ് നികുതി മാത്രമായി TCS 10,000 കോടിലേറെയാണ് സര്‍ക്കാറിന് പ്രതിവര്‍ഷം നല്‍കുന്നത്, ടാറ്റാ സ്റ്റീല്‍ 8000 കോടി, ടാറ്റാ ടീ 3000 കോടി, ടാറ്റാ മോട്ടോര്‍ 1500 കോടി.. അങ്ങനെ പോകുന്നു കണക്ക്. പരോക്ഷ നികുതികള്‍ പുറമേ. കമ്പനി ജീവനക്കാരില്‍നിന്ന് ലഭിക്കുന്ന ഇന്‍കംടാക്‌സ്, പ്രൊഫഷണല്‍ ടാക്‌സ്, വില്പന നികുതികള്‍ ലക്ഷം ലക്ഷം കോടികള്‍ വരും. വാസ്തവത്തില്‍ ഇന്ത്യയുടെ ഭാഗ്യമാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍.’
അവസാനം പറഞ്ഞതിനോട് പുള്ളിക്കാരന് അത്ര വലിയ യോജിപ്പില്ലെന്ന് തോന്നി. ഒരു ചെറിയ ചിരി പാസ്സാക്കി പുള്ളി പറഞ്ഞു.
‘നമുക്ക് നോക്കാം.. എയര്‍ ഇന്ത്യ നടത്തി, കടം വീട്ടി,. ടാറ്റാ ലാഭമുണ്ടാക്കുമോ എന്ന്.’
‘അതിനെന്താ സംശയം..?’ ഞാന്‍ പറഞ്ഞു. ‘ ടാറ്റാ ആദ്യമേ തന്നെ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി എന്ന ആതിഥേയ ബിസിനസ്സിലാണ്. അവര്‍ക്ക് വിസ്താര എന്ന എയര്‍ ലൈന്‍സ് ബിസിനസ് ഉണ്ട്. ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം താജ് ഗ്രൂപ്പിന് ഹോട്ടലുകള്‍ ഉണ്ട്. നല്ല ഭക്ഷണം, താമസം ഒന്നും പ്രശ്‌നമല്ല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ബിസിനസ്സുകള്‍ നല്ല പ്രൊഫഷണല്‍ രീതിയില്‍ നടത്തി പരിചയവുമുണ്ട്. എല്ലാറ്റിനും സഹായമേകാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്ന നാല് ലക്ഷത്തി പതിനേഴായിരം ജീവനക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയും!’
ഇഞ്ചിപ്പൂക്കളെക്കുറിച്ചുള്ള പുതിയ അറിവ് എനിക്ക് കിട്ടിയപ്പോഴുള്ള എന്റെ അതേ മുഖഭാവമായിരുന്നു അപ്പോള്‍ രാമേട്ടനും.
‘സംസാരിച്ചിരുന്ന് നേരം പോയി ..ന്നാ വരട്ടെ’ എന്ന് പറഞ്ഞ് ഗേറ്റടച്ച് പോകുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാം വിറ്റ് തുലയ്ക്കുകയാണെന്ന് കേട്ട് ശീലിച്ച ആ മുഖത്ത് ഇഞ്ചി കടിച്ച ഭാവമായിരുന്നു.
നമ്മുടെ അറിവുകള്‍ പരിമിതമാണ്. കൂടുതല്‍ അറിയുമ്പോള്‍ തെറ്റിദ്ധാരണകള്‍ നീങ്ങും.