Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്വല്പാധികം (രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍ 9)

ആര്‍.ഹരിആര്‍.ഹരി
22 October 2021

കുട്ടിക്കാലത്തെ ഒരനുഭവം. ഞങ്ങളുടെ വീട്ടില്‍ എന്നും കാലത്ത് ഇരുന്നാഴി പശുവിന്‍പാല്‍ അളന്നു തന്നിരുന്ന ഒരു തള്ളയുണ്ടായിരുന്നു. രണ്ട് നാഴി പാല്‍ അളന്നു കഴിഞ്ഞാല്‍ അവര്‍ അതേ തവികൊണ്ട് ഒന്നൊന്നര ഔണ്‍സ് പാല്‍ പിന്നെയുമൊഴിക്കും. അത് ‘വാശി’ എന്നാണ് അമ്മ മനസ്സിലാക്കിത്തന്നത്. ഈ ‘വാശി’ എല്ലാ കൊടുക്കല്‍ വാങ്ങലുകളിലുമുണ്ടായിരുന്നു. ചന്തയില്‍പോയി 100 മാങ്ങ മേടിച്ചാല്‍ അഞ്ചെണ്ണം കൂടുതല്‍ എണ്ണിയിടുമായിരുന്നു. പറയിലോ ഇടങ്ങഴിയിലോ നെല്ല് അളന്നിട്ടുകഴിഞ്ഞാല്‍ കൈകൊണ്ട് ഒരു വാളന്‍ പിന്നേയുമിടുമായിരുന്നു. അതുപോലെ അങ്ങോട്ടും കൊടുക്കുമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കുറേ കഴിഞ്ഞ്, ഞങ്ങള്‍ കൂട്ടുചേര്‍ന്ന് അമ്പലത്തില്‍ ഉത്സവം കാണാന്‍ പോകും. ഓരോരുത്തരും അച്ഛനോടും അമ്മയോടും ചോദിച്ച് കപ്പലണ്ടി മേടിച്ചുതിന്നാന്‍ കാശ് മേടിച്ചിട്ടുണ്ടാകും. ഉത്സവപ്പറമ്പിലെ കച്ചവടക്കാര്‍ മിക്കവരും തമിഴരാണ്. ചോദിച്ചത്ര കപ്പലണ്ടി തന്നുകഴിഞ്ഞ് മൂന്നുനാലു മണി വീണ്ടും പൊതിയിലിടും. അവരതിന് പറഞ്ഞിരുന്നത് ‘കൊസറ’ എന്നാണ്. ഞങ്ങള്‍ക്ക് ആ വാക്ക് മനപ്പാഠമായി. പിന്നെയാരെങ്കിലും തന്നില്ലെങ്കില്‍ ഞങ്ങള്‍ ചോദിക്കും ”കൊസറയില്ലേ?” – ഉടന്‍ അയാള്‍ ചിരിച്ചു രണ്ടുമൂന്നുമണികള്‍ തരും.

എറണാകുളത്ത് പഴക്കച്ചവടം മുഴുക്കെ ജൂതന്മാരുടെ കൈവശമായിരുന്നു. ഇന്നും അതിന്റെ ഓര്‍മ്മയ്ക്കായി മാര്‍ക്കറ്റ് റോഡിനുകുറുകേ ജൂഡ് സ്ട്രീറ്റുണ്ട്. അവരും നൂറ് പഴത്തിനോ പച്ചക്കായയ്‌ക്കോ അഞ്ചുവീതം വാശി തരുന്നുണ്ടായിരുന്നു. ആ സൗജന്യം അക്കാലത്ത് സാമാന്യമര്യാദയായിരുന്നു. എറണാകുളത്തെ ചന്തക്കുള്ളില്‍ പോയാല്‍ കച്ചവടക്കാരായ ജോനകന്മാരും ഈ സൗജന്യം തരുമായിരുന്നു. എല്ലാവരും അതിനെ വാശി എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. മലയാളക്കരയിലെ മറ്റിടങ്ങളില്‍ ‘വാശി’ക്കു എന്താണ് വാക്ക് എന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.

ADVERTISEMENT

എന്നാല്‍ എനിക്കത്ഭുതം തോന്നിയത് ഈ നടപടി ഭാരതത്തില്‍ എല്ലായിടത്തും ഉണ്ടെന്ന് മനസ്സിലായപ്പോഴാണ്. എന്നാലതിന് വര്‍ഷങ്ങള്‍ മുപ്പത് നാല്പത് വേണ്ടിവന്നു. എനിക്ക് സംഘത്തിന്റെ അഖിലഭാരതീയ ചുമതല കിട്ടി, അത് നിര്‍വ്വഹിക്കാന്‍ സിക്കിം മുതല്‍ കന്യാകുമാരിവരെ ഒന്നിലധികം തവണ യാത്ര ചെയ്യേണ്ടിവന്നു. താമസിച്ചത് ഹോട്ടലുകളിലായിരുന്നില്ല, സ്വയംസേവകരുടെ വീടുകളിലായിരുന്നു. അത് കാരണം സാമാന്യജീവിതം കണ്ടനുഭവിക്കാന്‍ കഴിഞ്ഞു. എന്റെ നാട്ടിലെ ‘വാശി’യെക്കുറിച്ച് ഞാന്‍ മറന്നിരുന്നില്ല. കാരണം തുടര്‍ച്ചയായി ദേശത്തിലുടനീളം അതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുകളുണ്ടായിരുന്നു. ഇന്നും ഞാന്‍ മറന്നിട്ടില്ല, അതുകൊണ്ട് പറയട്ടെ, ശ്രീരാമപത്‌നി സീതയുടെ നാടായ മിഥിലയില്‍ (ഉത്തരബീഹാറില്‍ ഗംഗാനദിക്ക് വടക്കുള്ള പ്രദേശം) അതിന് ‘ഘലുവാ’ എന്നു പറയുന്നു. നേപ്പാളില്‍ ഘോലുവാ, മണിപ്പൂരില്‍ ‘പോട്’ അഥവാ ‘പൊറീചേ’ ബംഗാളില്‍ ‘ഫാഊ’, കിഴക്കന്‍ ഉത്തരപ്രദേശത്തില്‍ ‘ഘലുവാ’, ഒഡീസയില്‍ ‘ഉന്‍കാ’, പടിഞ്ഞാറെ ഒഡീസയില്‍ ‘പുരേന്‍’, ഛത്തീസ്ഗഢില്‍ ‘പുരൗനി’, മദ്ധ്യപ്രദേശില്‍ ‘രൂംഅല്‍’, ‘രൂംക്’, മഹാകോസലില്‍ ‘ലഗോനി’, കിഴക്കന്‍ മഹാരാഷ്ട്രയില്‍ ‘പസ്തൂരി’, ഗുജറാത്തിയില്‍ ‘ഉമരേണു’, ഉത്തര്‍പ്രദേശില്‍ ‘ലുഭാവ്’, ദില്ലി-പഞ്ചാബില്‍ ‘ഝുംഗാ’, ഹരിയാനയില്‍ ‘രുംഗാ’, കര്‍ണ്ണാടകത്തിലും ആന്ധ്രയിലും ‘കൊസറെ’, ‘കൊസറു’ എന്ന് പറയുന്നു. ഒരേ പ്രദേശത്തില്‍ ദേശഭേദമനുസരിച്ച് വേറേവേറേ പേരുണ്ട്. ഏതെങ്കിലും ഒരാള്‍ ശരിക്കും മെനക്കെട്ട് ഇപ്പേരുകളെല്ലാം ശേഖരിച്ചാല്‍ അവയുടെ എണ്ണം ഇരുന്നൂറിലേറെ വരും എന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ ഈ വമ്പിച്ച നാടിന്റെ സാധാരണജീവിതവുമായി ഇഴുകിച്ചേര്‍ന്ന പ്രവൃത്തിയാണത് എന്നതാണതിനു കാരണം.

ഇന്നിപ്പോള്‍ ഇപ്പറഞ്ഞ വാശിയും കൊസറയുമെല്ലാം അന്യം നിന്നു. ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറുകളും മാളുകളും വന്നപ്പോള്‍ എല്ലാ സാധനങ്ങളും അളന്നുതൂക്കി തിട്ടപ്പെടുത്തി പാക്കറ്റുകളിലാക്കി ‘റെഡിമെയിഡാ’ക്കി, കിട്ടിയപാടേ സഞ്ചിയിലിട്ടു കൊണ്ടുവന്നാല്‍ മതി. പഴങ്ങള്‍ പോലും കിലോക്കണക്കില്‍ തൂക്കിയിട്ടാണ് കിട്ടുന്നത്. ഇത് നല്ലതോ മോശമോ എന്നതല്ല പ്രശ്‌നം, ഇല്ലാതായി എന്നതാണ്. എന്നാലും തീര്‍ത്തും ഇല്ലാതായി എന്ന് പറഞ്ഞുകൂടാ. പറഞ്ഞാല്‍ മനസ്സിലാകും വിധം അങ്ങിങ്ങ് ബാക്കിയുണ്ട്. ഭാരതമെന്ന് പറയുന്ന വന്‍കരയ്ക്ക് പുറത്ത് ഇപ്പറഞ്ഞ കൊസറയും ഝുംകയുമുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്.

ഇതിനുപിന്നില്‍ വല്ല തത്ത്വവുമുണ്ടോ? അതോ, ഇതെല്ലാം അര്‍ത്ഥരഹിതമായ അന്ധവിശ്വാസമോ? ഈ ചോദ്യം എന്നെ, ഓരോയിടത്തും ഈ അനുഭവമുണ്ടായപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഗോവയ്ക്ക് തൊട്ടുവടക്ക് തീരദേശമഹാരാഷ്ട്രയിലെ ഏറ്റവും തെക്കുള്ള ‘മാള്‍വണ്‍’ കരയില്‍വെച്ച് ഉത്തരത്തിന്റെ വെളിച്ചം കിട്ടി. അവിടെ എന്റെ സമപ്രായക്കാരനായ പ്രചാരക് രാജാഭാവു ഭോണ്‍സ്ലെയുടെ കൂടെ രണ്ട് ദിവസം താമസിക്കാന്‍ പോയതാണ്. മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങ മേടിക്കാന്‍ പതിവുകാരനെത്തി. അയാള്‍ക്ക് രാജാഭാവുവിന്റെ അനുജന്റെ മകന്‍ (ഹൈസ്‌ക്കൂളദ്ധ്യാപകന്‍) 100 തേങ്ങ എണ്ണിക്കൊടുത്തു. ആദ്യത്തെ പത്തെ ണ്ണം എണ്ണമില്ലാതെ കൊടുത്തു. പിന്നെയാണ് ഒന്നു മുതല്‍ എണ്ണിത്തുടങ്ങിയത്. അപ്പോള്‍ പതിവുകാരന് 110 തേങ്ങകിട്ടി. അതാണത്രെ അവിടുത്തെ പതിവ്. എന്റെ കണക്കനുസരിച്ച് അത് ‘വാശി’ തന്നെ. ഇവിടുത്തെ അഞ്ചിനുപകരം അവിടെ പത്തെന്ന വ്യത്യാസം മാത്രം! എന്ത് വകയ്ക്കാണ് ആദ്യത്തെ പത്ത് കൊടുത്തതെന്ന് ഞാന്‍ ചോദിച്ചു. ഉത്തരം ”തേ ദേവാചാ നാരള്‍” (അവ ദൈവത്തിനുചേര്‍ന്ന നാളികേരങ്ങള്‍.) ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇതുവരെ പിടികിട്ടാതിരുന്ന ഒരു പ്രശ്‌നത്തിന് എനിക്ക് ഉത്തരം കിട്ടി.

പല പേരുകളാല്‍, ഭാരതത്തിലൊട്ടുക്കു ഭോക്താവിനു നല്‍കപ്പെടുന്ന ഈ സ്വല്പാധികത്തിനുപിന്നില്‍ ഉല്‍പാദകന്റെ വശത്തുനിന്ന് ഒരു കൃതജ്ഞതയുണ്ട്. എല്ലാം അനുഗ്രഹിച്ചുതരുന്ന പൊന്നുദൈവത്തിന്. എനിക്കിത് വില്‍ക്കാന്‍ സാധിച്ചതും ധനം സമ്പാദിക്കാന്‍ സാധിച്ചതും അവിടുന്ന് ഇത്രയെല്ലാം തന്നതുകൊണ്ടാണല്ലോ എന്ന ഒരു നന്ദിവാക്കും. തന്നെയല്ല, നല്‍കുമ്പോള്‍ അബദ്ധത്തിലായാലും കുറവു വരരുത്, അങ്ങനെ ആയാല്‍ അത് അധര്‍മ്മമായിരിക്കും, കള്ളത്തരമായി കണക്കാക്കപ്പെടും, വിശ്വാസവഞ്ചന ചെയ്തതായി അനുഭവപ്പെടും. അതിനു തടയായി അറിഞ്ഞുകൊണ്ടുതന്നെ വേണ്ടതിലും കുറച്ചുകൂടുതല്‍ കൊടുക്കുക. ഇംഗ്ലീഷില്‍ “to err on right side’ എന്നൊരു പ്രയോഗമുണ്ട്, അബദ്ധം ചെയ്താലും സുബദ്ധത്തില്‍ കലാശിക്കട്ടെ. അതാണിവിടെ നടക്കുന്നത്. അര്‍ത്ഥശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അറിയാതെപോലും ഉല്‍പ്പാദകന്റെ ഭാഗത്തുനിന്ന് ഭോക്താവിന് നഷ്ടം സംഭവിക്കരുത്. – ഈ ധാര്‍മ്മികബോധമാണ് ഇതുവരെ പറഞ്ഞുവന്ന വാശിക്കും കൊസറയ്ക്കും ഝുംഗയ്ക്കും പിന്നില്‍. ഭാരതീയജനത്തെ ശരിക്കും മനസ്സിലാക്കണമെങ്കില്‍ പ്രത്യക്ഷത്തില്‍ അര്‍ത്ഥശൂന്യമെന്ന് തോന്നുന്ന ഈ വിലപ്പെട്ട നടപടികളുടെ ഉള്‍പ്പൊരുള്‍ മനസ്സിലാക്കിയേ പറ്റൂ.

കൈനീട്ടം അഥവാ ബോണി
കഴിഞ്ഞ പ്രകരണത്തില്‍ ഉല്‍പാദകന്റെ ഭാഗത്തുനിന്ന് ഭോക്താവിന്റെ നേര്‍ക്കുള്ള ധര്‍മ്മബോധത്തെക്കുറിച്ച് പറഞ്ഞു. ഇനിയിവിടെ ഭോക്താവിന്റെ ഭാഗത്തുനിന്ന് ഉല്‍പാദകന്റെ നേര്‍ക്കുള്ള ഉദാരഭാവത്തെക്കുറിച്ചു പറയട്ടെ. ഇതും ഞാന്‍ അനുഭവത്തില്‍ക്കൂടി ഗ്രഹിച്ചതാണ്. ഒരിക്കല്‍ കര്‍ണ്ണാടകത്തിലെ തുംകൂറില്‍ ഞാനും വിഭാഗ് പ്രചാരകനും കൂടി ചന്ത കാണാന്‍ പോയി. ഒന്നാന്തരം പേരയ്ക്ക കണ്ടപ്പോള്‍ വിഭാഗപ്രചാരക് സുരേശ്ജി വിലപേശിത്തുടങ്ങി. ഒടുവില്‍ കച്ചവടക്കാരന്‍ എന്തോ പറഞ്ഞപ്പോള്‍ വിലപേശല്‍ നിര്‍ത്തി പണംകൊടുത്തു പേരയ്ക്കവാങ്ങി മടങ്ങി. പെട്ടെന്ന് തര്‍ക്കം നിര്‍ത്തിയതിന് കാരണമാരാഞ്ഞപ്പോള്‍ ‘ഇത് ‘ബോണി’യാണ് സാമി’ എന്ന് പറഞ്ഞതാണെന്ന് ഉത്തരം തന്നു. പിന്നെ സുരേശ്ജി ‘ബോണി’യെന്താണെന്ന് വിശദീകരിച്ചു. കേരളത്തില്‍ ”കൈനീട്ട’മാണ് സാറേ” എന്ന് പറയുന്ന കാര്യം തന്നെ. ഈ ബോണിയും ഭാരതമൊട്ടുക്കുണ്ട്. ചരക്കുവില്‍ക്കുന്നവന്‍ ആ വാക്ക് പറഞ്ഞാല്‍ പിന്നെ എല്ലാം ശാന്തം, സമ്മതിച്ച് അയാള്‍ പറഞ്ഞതിനു വഴിപ്പെടുന്നു.

ഇവിടെ ഒരു ചെറിയ വ്യത്യാസമുണ്ട്. ഭാരതത്തിലൊട്ടുക്ക് ‘ബോണി’ എന്ന വാക്കാണ് നടപ്പിലുള്ളത്. ‘ബിനീ’, ‘ബണീ’, ‘ബോഹനീ’ എന്നിങ്ങനെ ഉച്ചാരണഭേദങ്ങളുണ്ടെന്നു മാത്രം. സ്വല്പാധികത്തിനു ഓരോയിടത്തും ഓരോ വാക്കെന്നപോലെ പല വാക്കുകള്‍ അതിനില്ല. അതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നു മനസ്സിലായിട്ടില്ല. എന്നാല്‍ മലയാളത്തില്‍ നമ്മള്‍ പറയുന്ന കൈനീട്ടമാണത്. ഒരിക്കല്‍ എറണാകുളം മാധവനിവാസില്‍ കാലത്ത് ആറ് ആറരയ്ക്ക് ഒരു ഓട്ടോറിക്ഷക്കാരന്‍ യാത്രക്കാരെ കൊണ്ടുവന്നു. യാത്രക്കൂലിക്കു തര്‍ക്കമായി. പൊതുവേ കടുകണിശക്കാരനായിരുന്ന കാര്യാലയപ്രമുഖന്‍ മോഹന്‍ജി രംഗത്തെത്തി. ഓട്ടോക്കാരന്‍ ‘കൈനീട്ടമാണ് സാറേ’ എന്ന് പറഞ്ഞപ്പോള്‍ എല്ലാം ശാന്തമായി. അയാള്‍ പറഞ്ഞ തുക കൊടുത്ത് അയാളെ യാത്രയാക്കി.

സ്വല്പാധികാരത്തില്‍ ഉല്‍പാദകനും ഭോക്താവും തമ്മിലുള്ള പെരുമാറ്റത്തില്‍ ആനുകൂല്യം ഭോക്താവിനാണെങ്കില്‍ ബോണിയില്‍ അത് ഉല്‍പാദകനാണ്. ഇവിടത്തേയും നോട്ടവും ഊന്നലും ധര്‍മ്മത്തിലാണ്. പരഹിതത്തിലാണ്, നിജഹിതത്തിലല്ല. ഓട്ടോറിക്ഷക്കാരനോ പേരക്കാ കച്ചവടക്കാരനോ ഇവിടെ അന്നത്തെ ജീവിതം തുടങ്ങുന്നു. അയാളുടെ ഉപജീവനമാര്‍ഗത്തിന്റെ അന്നത്തെ തുടക്കമാണത്. അത് ശുഭമായാല്‍ അന്നത്തെ ദിവസമാകെ ശുഭമായി എന്നയാള്‍ കരുതിയാല്‍ തെറ്റില്ല. അങ്ങനെ അയാള്‍ കരുതുന്നുമുണ്ടാകും. തുടക്കം നന്നായാല്‍ ഒടുക്കം നന്നാകുമെന്നല്ലേ ചൊല്ല്. അപ്പോള്‍ അറിഞ്ഞുകൊണ്ടുതന്നെ ഭോക്താവിന് ഉല്‍പാദകനെ ശോഭനമായ പെരുമാറ്റത്തോടെ തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്. പരോപകാരത്തിന്റെ പ്രകടഭാവമാണത്. തനിക്ക് സ്വല്പം നഷ്ടം വന്നാല്‍ തന്നെ മറ്റവന്റെ ഇന്നത്തെ ജീവിതം ശുഭമായിത്തീരട്ടെ എന്ന ഒരു മംഗളാശംസ ബോണിയെന്ന ആ പ്രവൃത്തിയിലുണ്ട്. മറുഭാഗത്തെ ആ മനസ്സിന്റെ പ്രസന്നത ഈ വശത്തെത്തുമ്പോള്‍ ഒരാശീര്‍വാദമായിത്തീര്‍ന്നെന്നു വരാം. അങ്ങനെ ഇരുകൂട്ടര്‍ക്കും ഗുണകരമായി വരുന്നു ഈ ബോണിക്രമം.

ബോണി എന്ന വാക്ക് ഭാഷാനിഘണ്ടുക്കളില്‍ ഒന്നില്‍പോലും കാണാനില്ല. എന്നാല്‍ ഓണംകേറാമൂലയിലെ പാവപ്പെട്ട നാട്ടുകാരന്റെ നാവിന്‍ തുമ്പത്തുണ്ട്. മനുഷ്യന്റെ ജീവിതത്തില്‍ അതിന് അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ മൂല്യം സാംസ്‌കാരികവും ധാര്‍മ്മികവും സാമൂഹികവുമാണ്. വാശിയുടെ മുന്‍തൂക്കം ഭോക്താവിന്റെ വശത്താണെങ്കില്‍ ബോണിയുടെ മുന്‍തൂക്കം ഉല്‍പാദകന്റെ വശത്താണ് എന്നത് ശ്രദ്ധേയം.

എച്ചില്‍
എച്ചില്‍ ഒരു കാലത്തും സ്വീകരിക്കുകയോ കൊടുക്കുകയോ അരുത് എന്ന ആചരണം ഭാരതത്തില്‍ സര്‍വത്രയുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയര്‍ക്കിടയിലും കാടര്‍ക്കിടയിലും ഉണ്ട്. ഇക്കാലത്ത് പിന്നേയും അത് ലോപിച്ചുകാണുന്നത് പരിഷ്‌കൃതഭവനങ്ങളിലെ ഉന്നതരിലാണ്. അവരാണെങ്കില്‍ ‘പേഴ്‌സണല്‍ ഹൈജീന്‍’ എന്ന വിഷയത്തെക്കുറിച്ച് വായ് തോരാതെ ഉപദേശിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ ദേശത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഉച്ഛിഷ്ടം വര്‍ജ്യമായി കരുതുന്നു.

ഉച്ഛിഷ്ടത്തെ ഒന്നുരണ്ട് നാള്‍മുമ്പുണ്ടാക്കിയതും ദുര്‍ഗന്ധം വമിക്കുന്നതും വളിച്ചുപോയതുമായ കൂട്ടാനുകളുടെ കൂട്ടത്തിലാണ് ഭഗവദ്ഗീതയില്‍ പെടുത്തിയിരിക്കുന്നത്. താമസഗുണത്തില്‍പ്പെട്ട ആഹാരമായാണ് അതിനെ കരുതിയിരിക്കുന്നത്. 17-ാം അദ്ധ്യായത്തിലെ 10-ാം ശ്ലോകം നോക്കുക. അതുപോലെ വിവരങ്ങള്‍ പൂര്‍ണ്ണമായും പഠിച്ചുനോക്കാതെ മുന്‍ധാരണകളോടെ കുട്ടയോടൊപ്പം കുട്ടിയേയും വലിച്ചെറിയുന്ന ബുദ്ധിജീവികള്‍ മനുസ്മൃതിയില്‍ പറഞ്ഞ ഉച്ഛിഷ്ടതിരസ്‌കാരത്തെക്കുറിച്ച് വായിച്ചിരിക്കാനിടയില്ല. അതില്‍ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എച്ചില്‍ ആര്‍ക്കും കൊടുക്കരുത്, ആരുടേയും എച്ചില്‍ കഴിക്കരുത്.- ”ന ഉച്ഛിഷ്ടം കസ്യചിത് ദദ്യാത് ന ആദ്യാത്” (2 – 56) പഴയ സദാചാരങ്ങള്‍ ശ്രദ്ധിക്കപ്പെടാത്ത ഇക്കാലത്തും നമ്മുടെ ഗ്രാമങ്ങളിലെ അമ്മമാര്‍ പശുവിന് എച്ചില്‍ കൊടുക്കുകയില്ല. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല നിഷ്‌കര്‍ഷ എന്നര്‍ത്ഥം!

ഉച്ഛിഷ്ടം എന്ന വാക്കിന് സകല ഭാരതീയ ഭാഷയിലും കൃത്യമായ വാക്കുണ്ട്. മലയാളം, തമിള്‍, തെലുങ്ക്, കന്നഡ എന്നീ നാല് തെക്കന്‍ ഭാഷകളിലും സ്വല്പം ഉച്ചാരണഭേദത്തോടെ വാക്ക് ‘എച്ചില്‍’ എന്നുതന്നെയാണ്. മറ്റു ഭാഷകളില്‍ ‘ജൂലന്‍’ എന്ന ഹിന്ദി വാക്കിനോടു ചുറ്റിപ്പറ്റി നില്‍ക്കുന്ന വാക്കുകളാണ്. ഹിന്ദിയിലെ ‘ജൂഠന്‍’ നേപ്പാളിയില്‍ ‘ജൂഠോ’ ആകുന്നു. മറാഠിയിലെ ‘ഉഷ്‌ടേം’ കൊങ്കിണിയിലെ ‘ഉശ്‌ടേം’ ആകുന്നു. ചുണ്ടുകള്‍ തൊട്ടത് എന്നാണ് ഈ വാക്കുകളുടെ മൂലവ്യുല്‍പത്തി.

അതുകൊണ്ട് നമ്മുടെ നാട്ടില്‍ സംസ്‌കാരമുള്ളവര്‍ ആരും പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ നാവിന്‍തുമ്പത്തെ തുപ്പല്‍ തൊട്ട കൈവിരല്‍ ഉപയോഗിക്കില്ല. പുസ്തകം സരസ്വതീദേവിയുടെ പ്രതീകമായി കരുതിപ്പോരുന്ന ഒരു ജനതയുടെ വീക്ഷണമാണത്. ഒരു ഗൃഹസന്ദര്‍ശനത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു തരുണന്‍ തുപ്പല്‍ തൊട്ട് താള്‍ മറിക്കുന്നതുകണ്ട ഒരമ്മ ‘അയ്യേ’ എന്നുറക്കെപ്പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഇങ്ങനത്തെ ഒരാള്‍ സംഘത്തിലുണ്ടോ എന്ന ഒരു ധ്വനി ആ പറച്ചിലില്‍ ഉണ്ടായിരുന്നു. ആരും ഒന്നും പറയാതെതന്നെ അന്നത്തേതുകൊണ്ട് ആ സ്വഭാവം ആ തരുണന്‍ ആകപ്പാടെ ഉപേക്ഷിച്ചുതാനും. അന്നയാള്‍ എം. ബി. ബി. എസ്. വിദ്യാര്‍ത്ഥിയായിരുന്നു. ഇതാണ് ഭാരതത്തില്‍ സമസ്തജനത്തിന്റെയും എച്ചിലിനോടുള്ള സമീപനം.

ഇന്നും ആശ്രമങ്ങളിലും അമ്പലങ്ങളിലും പേരുകേട്ട പഴയ തറവാടുകളിലും ഉണ്ണാനിട്ട കീറ്റിലകള്‍ തമ്മില്‍ മുട്ടരുതെന്ന നിര്‍ബന്ധമുണ്ട്. ആഹാരം കുഴച്ചു കഴിക്കുന്ന ഭാഗമല്ലാതെ ഇല മുഴുവന്‍തന്നെ എച്ചിലാകുന്നുവെന്നാണ് സങ്കല്പം. അതാണ് സംസ്‌കാരം എന്നതാണ് നിലപാട്. എന്നാല്‍ ഇക്കാലത്തെ പൊതുസദ്യാലയങ്ങളില്‍ പന്തിയില്‍ ആവുന്നത്രയും പേരെ കുത്തിയിരുത്താനുള്ള ബദ്ധപ്പാടില്‍ ‘ഇവന്റുകാര്‍’ ആരോഗ്യപാലനത്തിന് അത്യാവശ്യമായ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ല.

ആദ്യകാലങ്ങളില്‍ സംഘത്തിന്റെ ശിബിരങ്ങളില്‍ കുടിവെള്ളം വെച്ചേടത്ത് ‘ഗ്ലാസില്‍ മൊത്തിക്കുടിക്കരുത്’ എന്നെഴുതിവെയ്ക്കാറുണ്ടായിരുന്നു. പലര്‍ക്കും ചുണ്ടു തൊടാതെ ഒഴിച്ചു കുടിക്കാനറിയില്ലായിരുന്നു. ക്രമേണ ആ സ്വഭാവത്തില്‍ മാറ്റമുണ്ടായി. ഇപ്പോള്‍ വിമാനത്താവളത്തിലുമെല്ലാം കുടിച്ചുടന്‍ കളയാനുള്ള കടലാസ് ഗ്ലാസ്സുകള്‍ വെച്ചിരിക്കുന്നതുകൊണ്ട് ഇപ്പറഞ്ഞ എച്ചില്‍ അവിടെ ഉത്ഭവിക്കുന്നില്ല. അനുകരണീയമായ നല്ല കാര്യമാണത്.

അതുപോലെ പണ്ട് മദ്ധ്യവര്‍ഗഭവനങ്ങളില്‍ ഊണ് ഓട്ടുകിണ്ണത്തിലായിരുന്നെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ കിണ്ണമുണ്ടായിരുന്നു. ഓരോ തവണയും അത് തേച്ച് വൃത്തിയാക്കിയിരുന്നെങ്കിലും ഒരാളുടെ കിണ്ണം മറ്റൊരാള്‍ എടുക്കുമായിരുന്നില്ല. ഇംഗ്ലീഷുകാരുടെ പിഞ്ഞാണം വന്നതോടെ മെല്ലേ സ്ഥിതിഗതി മാറി, എച്ചില്‍ നിഷ്‌കര്‍ഷയും കുറഞ്ഞു.

ശ്രദ്ധിച്ചുനോക്കുക. എച്ചിലിന് ഭാരതത്തിലെ എല്ലാ ഭാഷകളിലും തനിത്തനി വാക്കുള്ളപ്പോള്‍ ഭൂലോകബ്രഹ്മാണ്ഡഭാഷയായ ഇംഗ്ലീഷില്‍ ഇല്ല. Left over എന്ന് ഒരു പ്രൊഫസര്‍ സാഭിമാനം പറഞ്ഞു. അതിന് ബാക്കിയുള്ളത്, ശേഷിച്ചത്, അന്നശിഷ്ടം എന്നെല്ലാമാണ് അര്‍ത്ഥം. എച്ചില്‍ അന്നശിഷ്ടമല്ല, ഭുക്തശിഷ്ടമാണ്. സായ്പിന് ആ സങ്കല്പം തന്നെ ഇല്ലാത്തപ്പോള്‍ അയാളുടെ ഭാഷയില്‍ അതിന് വാക്കുണ്ടാകുമോ?

അപ്പോള്‍ കാര്യം എച്ചിലിന്റേതാണെങ്കിലും അതില്‍ ഭാരതീയ ജനതയുടെ സവിശേഷതയുണ്ട്. പരിഷ്‌ക്കാരത്തിന്റെ പേരിലായാലും കമ്മ്യൂണിസത്തിന്റെ പേരിലായാലും അതിലൊക്കെ അര്‍ത്ഥമില്ലെന്നു പറയുന്നവര്‍ ഭാരതീയസംസ്‌കാരത്തനിമയില്‍നിന്ന് സ്വയം തെറിച്ചുപോകും. യജ്ഞകുണ്ഡത്തില്‍ നിന്ന് വെളിയില്‍ വേറിട്ടു പാറിപ്പോകുന്ന തീപ്പൊരികളുടെ ഗതിയായിരിക്കും അവരുടേത്. ക്ഷണനേരം കത്തിയെരിഞ്ഞു കാണാതാകും.
(തുടരും)

Tags: രാഷ്ട്രാത്മാവിനെ കണ്ടെത്തല്‍
Share9TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥയിലെ അനീതികള്‍

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

ദ്രാവിഡവാദവും ശിഥിലീകരണവും

ദ്രാവിഡവാദവും ശിഥിലീകരണവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies