ചുകപ്പ് കാണുമ്പോള്‍ അതൊക്കെ കാവിയാണോ എന്ന ശങ്ക സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് കലശലായിരിക്കുന്നു. സഖാക്കള്‍ ചെയ്ത തെറ്റുകളൊക്കെ ആര്.എസ്.എസ് ആണ് ചെയ്തത് എന്ന തോന്നല്‍ ഇതിന്റെ ലക്ഷണമാണ്. ആര്.എസ്.എസ്. മാനിയ എന്ന് ഈ അസുഖത്തെ വിളിക്കാം. യെച്ചൂരി ഇരുന്ന കസേരയില്‍ ഇ. എം.എസ്. ഇരുന്നപ്പോള്‍ അദ്ദേഹത്തിനും ഉണ്ടായിരുന്നു ഇതുപോലെയുള്ള അസുഖം. മാനാഞ്ചിറ മൈതാനത്തു വച്ച് അണികളോട് ആര്.എസ്.എസ്സിനെതിരെ തോക്കെടുക്കാന്‍ ആഹ്വാനം ചെയ്തയാളാണ് ഇ.എം.എസ്. എന്നാല്‍ പിന്നീട് ആ സഖാവ് പറഞ്ഞത് ആര്.എസ്.എസ്സുകാര്‍ സി.പി.എമ്മിനെതിരെ ആയുധമെടുക്കുന്നു എന്നാണ്. ഇ.എം.എസ്സിന്റെ അസുഖത്തിന്റെ മൂന്നാം തരംഗം യെച്ചൂരിയ്ക്ക് കലശലായി വരുന്നു എന്നാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്.
ഇയ്യിടെ യെച്ചൂരി സ്വാതന്ത്ര്യസമരത്തിന്റെ പഴയ ചരിത്രപുസ്തകമെടുത്തുവായിച്ചു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയതും ബ്രിട്ടീഷുകാര്‍ക്കായി ചാരപ്പണി നടത്തിയതുമായ സംഭവങ്ങളാണ് വായിച്ചത്. അന്ന് പാര്‍ട്ടി മാപ്പു പറഞ്ഞ് ഒറ്റുകാരായപ്പോള്‍ ഇ.എം.എസ്സിനെയും സുന്ദരയ്യയേയുമൊക്കെ ബ്രിട്ടീഷുകാര്‍ ജയില്‍ മോചിതരാക്കി. ചാരപ്പണിയ്ക്ക് പാര്‍ട്ടിയ്ക്കു കിട്ടിയ ഫണ്ടുകൊണ്ട് മലയാളത്തിലും ബംഗാളിലും ഒരോ പത്രവും തുടങ്ങി. ഇതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നത് യെച്ചൂരി വായിച്ചത് ആര്.എസ്.എസ്. എന്നാണ്. ഇ. എം.എസ്. എന്ന സ്ഥാനത്ത് സാവര്‍ക്കര്‍ എന്നും. കഴിഞ്ഞ ദിവസം യെച്ചൂരി പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ എഴുതിയത് ആര്.എസ്.എസ്. നേതാക്കള്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചു; സാവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചു എന്നൊക്കെയാണ്. ഇടതുപക്ഷത്തിനുവേണ്ടി കുഴലൂതുന്ന ബുദ്ധിജീവികളിലേക്കും ആര്.എസ്.എസ്. മാനിയ എന്ന ഈ അസുഖം കൊറോണപോലെ പകരുകയാണ്. കേന്ദ്രത്തിലിരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാര്‍ കൊറോണയ്ക്കു മാത്രമല്ല ഇടതന്മാര്ക്കു ബാധിച്ച വൈറസിനുള്ള വാക്സിനും കണ്ടെത്തിയിട്ടുണ്ട്.