”കരോ യാ മരോ ”
ജപ്പാനിലെ മനുഷ്യക്കുരുതിയോടെ യുദ്ധം തീര്‍ന്നു. ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇന്ത്യയിലെ ഭരണവ്യവസ്ഥയില്‍ ചില ശുഭകരമായ മാറ്റങ്ങളുടെ സൂചനകള്‍ പടിഞ്ഞാറന്‍ ചക്രവാളത്തിനപ്പുറത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. പക്ഷേ നാം മരണമല്ലെങ്കില്‍ പ്രവര്‍ത്തനം എന്ന തത്വത്തെ ഉപേക്ഷിച്ചുകൂടാ. കേളപ്പന്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചു.
താല്‍ക്കാലിക ഗവണ്‍മെന്റ് സംബന്ധിച്ച ഒത്തുതീര്‍പ്പുകളെ മുഹമ്മദാലി ജിന്നയുടെ ചില പിടിവാശികള്‍ ഇല്ലാതാക്കി.
മദിരാശിയില്‍ ടി.പ്രകാശം മുഖ്യമന്ത്രിയായി. വടകര ലോകനാര്‍കാവ് ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ മുഖ്യമന്ത്രിയും കേളപ്പനും കടത്തനാട്ടു പൊര്‍ളാതിരിയെക്കണ്ട് അഭ്യര്‍ത്ഥിച്ചു. ‘മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും വന്ന് പറഞ്ഞാല്‍പ്പിന്നെ ഞാനെന്ത് മുടക്കം പറയാനാ?’. പൊര്‍ളാതിരിയെക്കൊണ്ടും ചരിത്രമെഴുതിച്ച ചാരിതാര്‍ത്ഥ്യത്തില്‍ കേളപ്പന്‍ നെഞ്ചുവിരിച്ചു.
പാവക്കുളം ക്ഷേത്രം എല്ലാ ജാതിവിഭാഗങ്ങള്‍ക്കുമായി തുറന്നു കൊടുക്കുന്നതായി ഭട്ടതിരി പ്രഖ്യാപിച്ചു. വൈലോപ്പിള്ളി കൃഷ്ണമേനോന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തിലേക്കുള്ള നാനാജാതി വിഭാഗക്കാരുടെ പ്രവേശന കര്‍മ്മം നിര്‍വഹിച്ചത് കേളപ്പന്‍.
പന്തിരുകുല പുരാവൃത്തത്തിന്റെ മണ്ണില്‍ അടിയാളന്മാര്‍ ശ്രീകോവിലുകള്‍ക്കു മുമ്പില്‍ കൈകൂപ്പി വണങ്ങുന്നത് കണ്ട് ആ കര്‍മയോഗി അഭിമാനം പൂണ്ടു. വര്‍ഗ്ഗസമന്വയത്തിന്റെ സദ് വാര്‍ത്തകള്‍ നമുക്കിനിയും രചിക്കേണ്ടതുണ്ട്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനം പ്രഖ്യാപിച്ച് ദശകമൊന്ന് പിന്നിട്ടുകഴിഞ്ഞു. ക്ഷേത്രത്തിന് പവിത്രമായ സ്ഥാനമാണ് വിശ്വാസികള്‍ക്കിടയിലുള്ളത്. അതിനാല്‍ ക്ഷേത്രപ്രവേശനം ലഭിച്ചുകഴിഞ്ഞാല്‍ തൊട്ടുകൂടായ്മ സാവധാനം അപ്രത്യക്ഷമാകും.
കേളപ്പന്‍ ഒപ്പമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ധാര്‍മ്മിക അധ:പതനം ആണ് സാമൂഹിക അധ:പതനത്തിന് കാരണം.
ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കണ്ണനു മുന്നിലെ വാതിലുകള്‍ സര്‍വ്വഹിന്ദുക്കള്‍ക്കുമായി തുറക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നു. ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചുകഴിഞ്ഞു.
ഇനി ഹരിജനങ്ങള്‍ ഹരിയെ കാണാന്‍ പോവുകയാണ്. മുന്നില്‍ കേളപ്പന്‍. ഒപ്പം മദിരാശിയുടെ പുതിയ മുഖ്യമന്ത്രി ഓമന്തൂരും ഏതാനും ഹരിജനങ്ങളും. ഉണ്ണിക്കണ്ണന്‍ പുഞ്ചിരിയോടെ അവരെ വരവേറ്റു.
‘സ്വാതന്ത്ര്യം അടുത്തെത്തിക്കഴിഞ്ഞു. മലയാളികള്‍ക്ക് കേരളം ഒരു സംസ്ഥാനമാക്കിക്കിട്ടാനുള്ള തീവ്രശ്രമത്തിലാണ് കേളപ്പജി’. വേലായുധന്‍ മാധവിയോട് പറഞ്ഞു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ കേരളം എന്ന പേരില്‍ ഐക്യപ്പെടും. തിരുവിതാംകൂറും കൊച്ചിയും മലബാറും മറ്റു മലയാളനാടുകളും ചേര്‍ത്ത് കേരളമാകും. തൃശ്ശൂര് കേളപ്പജി അധ്യക്ഷനായി നടന്ന യോഗത്തിന്റെ ആവശ്യം വിജയിക്കുകതന്നെ ചെയ്യും’. വേലായുധന്‍ പറയുന്നത് കേട്ട് മാധവി തലയാട്ടി.
അമ്മ വരാന്തയിലിരുന്ന് മുടി ചീകുന്നതിനിടെ ഇത് കേട്ട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.
അമ്മ വന്നതോടെ മാധവി ക്ഷീണിച്ചു. പരിചരണം ഏറെ ബുദ്ധിമുട്ടാണ്. അമ്മയുടെ ചിന്തകളും യാത്രകളും ഈ ലോകത്തിലൂടെയല്ല. അവര്‍ ലോകത്തിന്റെ വികൃതികളെ നോക്കി ചിരിച്ചു. അത് ഇടയ്ക്ക് പൊട്ടിച്ചിരിയായി, പൊടുന്നനെ കരച്ചിലായി. വേലായുധനെ അവര്‍ക്കറിയാം. പക്ഷേ മാധവി ഏതോ പുരാണകഥയിലെ ദുഷ്ട കഥാപാത്രമായി അവരുടെ കാഴ്ചകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ഈ അമ്മയെ ആയിരുന്നു കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷങ്ങളായി ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതെന്ന് വേലായുധന്‍ മാധവിയോട് ഇടയ്ക്കിടെ പറയും.
‘മരിച്ചെന്നു മറ്റുള്ളവരോട് പറയുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, ഇല്ലെന്ന്’.
കാളവണ്ടിയിലിരുന്ന് നാട്ടുവഴികളെ കീഴ്‌പ്പെടുത്തുമ്പോള്‍, സമരയാത്രകളില്‍ മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ ഉയര്‍ത്തുമ്പോള്‍, ഒറ്റപ്പെട്ടുപോയ നേരങ്ങളിലെ തനിച്ചുള്ള യാത്രകളില്‍ ആനപ്പുറത്തിരുന്ന് അകലങ്ങളിലേക്ക് ദൃഷ്ടി ഉയര്‍ത്തുമ്പോള്‍ ഒക്കെ വേലായുധന്റെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തില്‍ തിരയുകയായിരുന്നു.
‘സ്വാതന്ത്ര്യ പ്രഖ്യാപനം ഇങ്ങടുത്തെത്തി. നമ്മളെവിട്ന്നാ ആഘോഷിക്കുന്നത്?’ മാധവി ഒരിക്കല്‍ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ചോദിച്ചു.
‘കേളപ്പജിക്കൊപ്പാവണ്ടെന്നാ എന്റെയാഗ്രഹം. വേണ്ട, കെപിസിസി പ്രസിഡണ്ടല്ലേ, തെരക്കിലായിരിക്കും. നമുക്കിവ്‌ടെ മതി. മൂവര്‍ക്കും കൂടി ഒരാഘോഷം’. അമ്മ കൈയ്യടിച്ചു. മാധവി സമ്മതഭാവത്തില്‍ തലയാട്ടി.
ആഗസ്റ്റ് പതിനാലിന് പകല്‍ നിരത്തുകളില്‍ തോരണങ്ങള്‍ നിറഞ്ഞു. കവലകളില്‍ ആള്‍ക്കൂട്ടം. വാദ്യമേളങ്ങളുടേയും കതിനകളുടേയും ശബ്ദം കേട്ടുകൊണ്ട് മൂവരും വയല്‍ക്കരയിലിരുന്നു. കുഞ്ഞിക്കൊട്ടനും ഭാര്യയും അവരുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നത് ദൂരത്തുനിന്ന് കണ്ടു. സന്ധ്യ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്.
‘കുഞ്ഞിക്കൊട്ടേട്ടാ… ഹൂയ്’. വേലായുധന്‍ ഉറക്കെ വിളിച്ചു.
‘ന്തേ?’
‘എനിക്കൊന്ന് കൂവാന്‍ തോന്നുന്നു’.
‘നീ കൂവെടാ’.
വേലായുധന്‍ ഉച്ചത്തില്‍ കൂവി. അത് വയലിലെമ്പാടും പരന്നു. അപ്പോള്‍ മറുകരകളില്‍ നിന്നും കൂവലുകള്‍ പൊങ്ങി. ഉയര്‍ന്നുയര്‍ന്ന് വരുന്ന കൂവലുകള്‍ക്ക് കതിനാമുഴക്കങ്ങള്‍ പശ്ചാത്തലമൊരുക്കി.
അന്ന് രാത്രി ഊരകവും ചുറ്റുവട്ടങ്ങളും ഉറങ്ങിയില്ല.
ആഘോഷങ്ങളുടെ രാത്രി.
ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ദിനത്തിന്റെ പകലിലേക്കും ആഘോഷങ്ങള്‍ നീണ്ടു. അങ്ങിങ്ങ് ആര്‍പ്പുവിളികളുടേയും പടങ്ങളുടേയും ശബ്ദം പൊങ്ങിക്കൊണ്ടേയിരുന്നു. ഉച്ചയ്ക്ക് കവലയിലേക്കിറങ്ങിയപ്പോള്‍ ഭാസ്‌കരന്‍നായരെ കണ്ടു.
‘ന്തേ ഭാസ്‌കരേട്ടാ, വേണ്ടപോലെ സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്’. വേലായുധന്‍ അദ്ദേഹത്തിന്റെ മുഖത്തെ വിഷാദഛായ ഒപ്പിയെടുത്ത് ചോദിച്ചു.
‘റേഡിയോല് വാര്‍ത്ത കേട്ടു. ഗാന്ധിജി ഉപവാസത്തിലാ. ഉത്തരേന്ത്യയില്‍ മൊത്തം കൊഴപ്പാണത്രേ. അതിര്‍ത്തീല് പരസ്പരം പോരടിക്ക്വാ മതത്തിന്റെ പേരില്’.
വേലായുധന് എന്താണ് പറയേണ്ടതെന്ന് മനസ്സിലായില്ല. സന്തോഷം പങ്കിടേണ്ട സമയത്ത് വിദ്വേഷം വിതയ്ക്കുന്നവര്‍. നാം സ്വാതന്ത്ര്യത്തിന് അര്‍ഹരാണോ?
‘ഗാന്ധിജി എവിടെയാ?’.
”നവഖാലീല് … ബംഗാളില്’.
അദ്ദേഹം എങ്ങനെ കരയാതിരിക്കും. തന്നെ വെട്ടിക്കീറിയിട്ടേ ഭാരതത്തെ വിഭജിക്കാവൂ എന്ന് പറഞ്ഞ അദ്ദേഹത്തിനു മുന്നില്‍ രാജ്യം വിഭജിച്ചു കഴിഞ്ഞു.
‘മതത്തിന്റെ പേരില്‍ മറ്റൊരു രാജ്യം പിറവി കൊണ്ടിരിക്കുന്നു. നമ്മുടെ സിന്ധുനദീതടവും ലവപുരവും തക്ഷശിലയും കിഴക്കന്‍ വംഗദേശവും അതിര്‍ത്തിക്കപ്പുറമാണ്. മതരാഷ്ട്രീയം ഗാന്ധിസത്തെ തോല്‍പ്പിച്ചു കളഞ്ഞു’. ഭാസ്‌കരന്‍നായര്‍ സങ്കടത്തിന്റെ വിറയല്‍ ബാധിച്ച ശബ്ദത്തില്‍ പറഞ്ഞു.
‘കേളപ്പജി?’
‘ഗാന്ധിജി ഉപവസിക്കുമ്പോള്‍ അദ്ദേഹം മറ്റൊന്ന് ചിന്തിക്കുമോ?’
വീട്ടിലേക്ക് തിരിച്ചുവന്ന് വേലായുധന്‍ കേളപ്പജി ഉപവാസം തുടങ്ങിയ കാര്യം പറഞ്ഞു. കോഴിക്കോട് പോയി അദ്ദേഹത്തിനൊപ്പം ചേരാം എന്നതില്‍ രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഉച്ചഭക്ഷണം വെച്ചയിടം അമ്മയ്ക്ക് കാട്ടിക്കൊടുത്ത് രണ്ടുപേരും ഇറങ്ങി.
കുറ്റാളൂര്‍ ചന്തയില്‍ എത്തിയപ്പോള്‍ കാളവണ്ടിക്കാരന്‍ കുഞ്ഞാപ്പു അടുത്തെത്തി വണ്ടി നിര്‍ത്തി.
‘നിങ്ങള്‍ എങ്ങോട്ടാ? ത്രിക്കാവ് ആര്യസമാജം ഓഫീസിലേക്ക് കിട്ടുന്നവരേം കൂട്ടി ചെല്ലാന്‍ പറഞ്ഞു. എന്തോ അത്യാവശ്യം ‘
‘ആവട്ടെ’. വേലായുധന്‍ കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വണ്ടിയില്‍ കയറി. മാധവിയോടും കയറാന്‍ പറഞ്ഞു.
ത്രിക്കാവിലെ ഓഫീസിലെത്തിയപ്പോള്‍ വരാന്തയില്‍ മൂന്നാലുപേര്‍. അകത്തേക്ക് കയറിയപ്പോള്‍ നിലത്തിരുന്ന് വിലപിക്കുന്ന ഭുവീന്ദ്രനാഥ് ആര്യാജി. രണ്ടുപേര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നു.
അയാളുടെ അമ്മയും ഭാര്യയും മകനും വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് കമ്പി വന്ന കാര്യം പുറത്തുനിന്നൊരാള്‍ വേലായുധനോട് പറഞ്ഞു. അതിര്‍ത്തിക്കിപ്പുറത്തേക്ക് സിന്ധില്‍നിന്നും പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ കൂട്ടത്തിലേക്ക് നടന്ന ബോംബ് വര്‍ഷത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട വിവരം റേഡിയോയില്‍ ഉണ്ടായിരുന്നു.
‘സിന്ധിലെ മിത്തിയിലാണ് ഭുവീന്ദ്രജിയുടെ വീട്. ഇനി അവിടെ ആരുമില്ല’ മറ്റൊരാള്‍ പറഞ്ഞു.
‘ഭുവീന്ദ്രജി അങ്ങോട്ട് പോകുന്നുണ്ടോ?’ മാധവി അയാളോട് ചോദിച്ചു.
‘എന്തിന് സംസ്‌കരിക്കാന്‍ മൃതദേഹങ്ങള്‍ പോലും ബാക്കിയായിട്ടില്ല’.
” സിന്ധിലും ബലൂചിസ്ഥാനിലും കിഴക്കന്‍ പാകിസ്ഥാനിലും കുറേപ്പേര്‍ ബലിയാക്കപ്പെട്ടിട്ടുണ്ട്. ഒരു രാത്രികൊണ്ട് ഇന്ത്യക്കാരല്ലാതാകപ്പെട്ടവര്‍, ഈശാവാസ്യത്തിന്റെ നാട്ടിലാണെന്ന് അഭിമാനം കൊണ്ടവര്‍, സാരെ ജഹാന്‍സെ അച്ഛാ പാടിയവര്‍. അവര്‍ക്ക് രാജ്യം നഷ്ടപ്പെട്ടു. അതില്‍ കുറേപേര്‍ക്ക് ജീവനും’. അയാള്‍ ആകുലതയോടെ ഏറെ സംസാരിച്ചു.
‘അവര്‍ക്ക് വേണ്ടി ഇന്ന് പ്രാര്‍ത്ഥനാ സദസ്സ്. അതിനാ വരാന്‍ പറഞ്ഞത്’. ആദ്യത്തെയാള്‍ പറഞ്ഞു.
അന്ന് സന്ധ്യവരെ നീണ്ട പ്രാര്‍ത്ഥനാസദസ്സില്‍ കലങ്ങിയ കണ്ണുകളും വിറയാര്‍ന്ന ശബ്ദവുമായി ഭുവീന്ദ്രനാഥ ആര്യയും പങ്കുകൊണ്ടു.
സ്വാതന്ത്ര്യം ലഭിച്ചതോടെ ഒളിവില്‍പോയ പലരും തിരിച്ചെത്തി. കേളപ്പന്റെ മകന്‍ കുഞ്ഞിരാമക്കിടാവും ഒളിവുജീവിതം അവസാനിപ്പിച്ചു.
ധനുമാസം കടുത്ത കുളിരു വര്‍ഷിച്ച് കടന്നുപോയി. മകരത്തിലേക്കും തണുപ്പ് പടര്‍ന്നു കയറുന്നുണ്ട്. സായന്തനത്തിനെന്തോ സങ്കടം കലര്‍ന്ന മൂകത. ഈ സമയത്ത് പതിവായി ആകാശത്ത് കാണാറുള്ള പക്ഷികളുടെ യാത്രകളില്ല. കാറ്റുപോലും എവിടെയോ പതുങ്ങിയിരിപ്പാണ്.
നഗരത്തിലേക്ക് സന്ധ്യ ഒഴുകിപ്പടരുന്നത് നോക്കി കോണ്‍ഗ്രസ് ഓഫീസിന് ജനലരികെ കേളപ്പന്‍ നിന്നു. പിന്നീട് റേഡിയോ ഓണ്‍ ചെയ്തു. ‘വൈഷ്ണവ ജനതോ..’ പതുങ്ങിയ ഈണം. പതിവില്ലാത്തതാണിത്. ഹാളിലിരുന്ന് പത്രം വായിക്കുന്ന രണ്ട് പ്രവര്‍ത്തകരോട് മുറിയുടെ വാതില്‍പ്പടിയില്‍ നിന്ന് ചോദിച്ചു.
‘റേഡിയോ കേട്ടോ…. എന്താണിങ്ങനെ?’
അവര്‍ അപ്പോഴാണത് ശ്രദ്ധിക്കുന്നത്. എന്തോ ദു:സൂചന തോന്നി അവര്‍ എഴുന്നേറ്റു. പുറത്ത് ബൂട്ടിന്റെ ശബ്ദം. മൂവരും വരാന്തയിലേക്ക് ഇറങ്ങി. പോലീസുകാരനാണ്. അയാള്‍ കലങ്ങിയ കണ്ണുകള്‍ക്കു കീഴെ ചുണ്ടുകള്‍ വക്രിച്ചു പിടിച്ചു. പിന്നീട് വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
‘മഹാത്മജിക്ക് വെടിയേറ്റു. അന്തരിച്ചൂന്നാണ് വാര്‍ത്ത’.
‘സത്യം…?’
കേളപ്പന്റെ ചോദ്യം പൂര്‍ണ്ണമായും പുറത്തുവന്നില്ല. വിറയാര്‍ന്ന ശരീരത്തെ മറ്റു രണ്ടുപേരും താങ്ങി. സദാ ഗൗരവം പുതച്ചിരുന്ന മുഖത്ത് ഒരു കുട്ടിയുടെ ഭാവം തെളിഞ്ഞു. ഗദ്ഗദം അതിവേഗം വളര്‍ന്ന് പൊട്ടിക്കരച്ചിലായി. ഒപ്പം നിന്ന പ്രവര്‍ത്തകരും വിതുമ്പി.
അല്പം കഴിഞ്ഞ് റേഡിയോയില്‍ വിതുമ്പല്‍ കലര്‍ന്ന ആ വാര്‍ത്ത വരുമ്പോഴേക്കും അവിടെ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.
രാത്രിയില്‍ നഗരത്തിലൂടെ മുന്നേറിയ മൗനജാഥയുടെ മുന്നില്‍ നടക്കുമ്പോള്‍ ഇരുട്ട് ഭീതിതമായൊരു രൂപം പ്രാപിച്ചിരിക്കുന്നതായി കേളപ്പനു തോന്നി.
ഒരു ഭാരതീയന് ആ കുഞ്ഞുനെഞ്ചിനു നേര്‍ക്ക് വെടിവെക്കാന്‍ സാധിച്ചുവെന്നോ? പിന്നീടുള്ള കുറേ രാത്രികളില്‍ ആ ചോദ്യം അദ്ദേഹത്തില്‍ നിന്നും ഉറക്കത്തെ അകറ്റിനിര്‍ത്തി.