ശുദ്ധീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാമി ശ്രദ്ധാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹോ.വേ. ശേഷാദ്രിജിയുടെ ‘വിഭജനത്തിന്റെ ദുഃഖകഥ’യില്‍ ഇങ്ങനെ വിവരിക്കുന്നു: ”ഹിന്ദുക്കളുടെ ഒഴിച്ചുപോക്ക് തടയാന്‍ അടിയന്തിരവും തീവ്രവുമായ നടപടികളെടുത്തില്ലെങ്കില്‍ ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും ഭാഗധേയം അടഞ്ഞുപോകുമെന്ന് സ്വാമി ശ്രദ്ധാനന്ദനുതോന്നി. മാര്‍ക്കം കൂടിയവരെ ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം ശുദ്ധിപ്രസ്ഥാനമാരംഭിച്ചു. അസാമാന്യ ധീരതയും ഋഷിപ്രഭാവവും ആരെയും ഇളക്കാന്‍ പോന്ന വാഗ്‌വിലാസവും മൂലം ഭീഷണിക്കും സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും വശംവദരായി മതംമാറിയ ആയിരക്കണക്കിനാളുകള്‍, അദ്ദേഹത്തിന്റെ ആഹ്വാനത്തെ ആദരിക്കാന്‍ തുടങ്ങി. 1923ന്റെ പൂര്‍വാര്‍ദ്ധത്തില്‍ തന്നെ യു.പിയിലെ ചില ഭാഗങ്ങളില്‍ 18,000ല്‍ പരം മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നു. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി കണ്ട മുല്ലമാര്‍ സ്വാമി നടത്തുന്ന ഇസ്ലാമിക വിരുദ്ധപ്രചാരണത്തിന് അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ തുടങ്ങി. അവരുടെ വാദം ലളിതമായിരുന്നു. തബ്‌ലീഗ് – മാര്‍ക്കം കൂട്ടല്‍ തങ്ങള്‍ക്ക് ഖുറാന്‍ അനുശാസിക്കുന്ന ധാര്‍മ്മിക കടമയാണ്, തങ്ങളുടേതു മാത്രമായ ഈ ദൈവിക ചുമതലയെ, പുനഃപരിവര്‍ത്തനം വഴി തടസ്സപ്പെടുത്താന്‍ കാഫിര്‍മാര്‍ക്ക് അധികാരമില്ല. ചില ഹിന്ദു കോണ്‍ഗ്രസ് നേതാക്കന്മാരും സ്വാമിയെ അധിക്ഷേപിക്കാന്‍ മുസ്ലീങ്ങളോടൊപ്പം ചേര്‍ന്നുവെന്നത് വിചിത്രമാണ്.”
സ്വാമിയെ ഖിലാഫത്ത് കാലത്ത് ജുമാ മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് ഉച്ചത്തില്‍ ഹര്‍ഷാരവം മുഴക്കിയ അതേ മുസ്ലീങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തെ ഒന്നാം നമ്പര്‍ ശത്രുവായി കരുതി. ഏതുനിലയ്ക്കും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പിന്നെ നടന്നത്.’വിഭജനത്തിന്റെ ദുഃഖകഥ’ ഇങ്ങനെ തുടരുന്നു: ”1926 ഡിസംബര്‍ 23-ന് സ്വാമി ശ്രദ്ധാനന്ദന്‍ രോഗബാധിതനായി കിടപ്പായിരുന്നു. അബ്ദുള്‍ റഷീദ് എന്ന മുസ്ലീം യുവാവ് അദ്ദേഹത്തെ കാണാന്‍ ചെന്നു. അയാള്‍ ഒരു ഗ്ലാസ് വെള്ളമാവശ്യപ്പെട്ടു. പരിചാരകന്‍ വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അയാള്‍ കൈത്തോക്കുപയോഗിച്ച് സ്വാമിയുടെ നേരെ നാല് തവണ നിറയൊഴിച്ചു. രക്തത്തില്‍ കുളിച്ച് ആ കിടക്കയില്‍ കിടന്നു സ്വാമി ശ്രദ്ധാനന്ദന്‍ മരിച്ചു. റഷീദിനെ പിടിച്ച് കുറ്റപത്രം നല്‍കിയപ്പോള്‍ അയാളുടെ കേസ് വാദിക്കാന്‍ മുസ്ലീങ്ങള്‍ ഒരു വന്‍തുക ശേഖരിച്ചു. പ്രമുഖ കോണ്‍ഗ്രസ്സുകാരനായിരുന്ന ആസഫ് അലിയാണ് റഷീദിന്റെ കേസ് വാദിച്ച വക്കീല്‍. അവസാനം റഷീദിനെ വിധിയനുസരിച്ച് തൂക്കിക്കൊന്നു. അരലക്ഷത്തില്‍പരം മുസ്ലീങ്ങളാണ് ഹിന്ദുക്കളുടെ ഋഷിപ്രഭാവനായ നേതാവിന്റെ രക്തം ചിന്തിയ കൊലയാളിക്ക് ആദാരഞ്ജലികള്‍ നേരാന്‍ തടിച്ചുകൂടിയത്. പള്ളികളില്‍ അയാള്‍ക്കുവേണ്ടി പ്രത്യേക നിസ്‌കാരങ്ങളും നടത്തപ്പെട്ടു.”
സ്വാമി ശ്രദ്ധാനന്ദന്റെ വധത്തോടുള്ള ഗാന്ധിജിയുടെ പ്രതികരണവും പ്രത്യേകതയുള്ളതായിരുന്നു: 1926ലെ ഗുവാഹട്ടി കോണ്‍ഗ്രസ് സമ്മേളനത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചത് ഗാന്ധിജിയായിരുന്നു. ‘ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ഗ്രന്ഥത്തില്‍ പട്ടാഭി സീതാരാമയ്യ എഴുതുന്നു: ”യഥാര്‍ത്ഥ മതമെന്തെന്നു പ്രതിപാദിച്ച ശേഷം കൊലയിലേക്കു നയിച്ച കാരണങ്ങള്‍ ഗാന്ധിജി വിശദീകരിച്ചു. ഞാന്‍ അബ്ദുള്‍ റഷീദിനെ സഹോദരനെന്ന് എന്തുകൊണ്ട് വിളിച്ചുവെന്നും ഇപ്പോള്‍ അതാവര്‍ത്തിച്ചുവെന്നും നിങ്ങള്‍ക്ക് മനസ്സിലായിരിക്കും. സ്വാമിയുടെ വധത്തില്‍ കുറ്റക്കാരനായി പോലും ഞാന്‍ അയാളെ കരുതുന്നില്ല. പരസ്പരം വിദ്വേഷത്തിന്റെ വികാരങ്ങള്‍ ഇളക്കിവിട്ടവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍.”
ഖിലാഫത്ത് പ്രക്ഷോഭകാലത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമി ശ്രദ്ധാനന്ദന്‍ തന്റെ അനുഭവങ്ങള്‍ ‘ഇന്‍സൈഡ് കോണ്‍ഗ്രസ്’ എന്ന പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1920 സപ്തംബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വേദിയില്‍ ഷൗക്കത്ത് അലിയുടെ കൂടെ അദ്ദേഹം ഇരിക്കുകയായിരുന്നു. ഗാന്ധിജിയെ കുറിച്ച് ഷൗക്കത്ത് അലി തന്റെ സുഹൃത്തുക്കളോട് ഇങ്ങനെ പറയുന്നത് സ്വാമി കേട്ടു: ”മഹാത്മാഗാന്ധി സമര്‍ത്ഥനായ ഒരു ‘ബനിയ’ ആണ്. അയാളുടെ ശരിയായ ഉദ്ദേശ്യം നിങ്ങള്‍ക്കു മനസ്സിലാകില്ല. നിങ്ങളെ അച്ചടക്കത്തില്‍ കൊണ്ടുവന്നിട്ട് ഒരു ഗറില്ലാ യുദ്ധത്തിന് അയാള്‍ തയ്യാറാക്കുകയാണ്. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അയാള്‍ അത്ര വലിയ അഹിംസാവാദിയൊന്നുമല്ല.”
താങ്കളുടെ ‘ഉദ്ദേശ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്’ എന്ന് സ്വാമി ശ്രദ്ധാനന്ദന്‍ ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് കാര്യമായി എടുത്തില്ല. നാഗ്പൂരില്‍ വെച്ചു നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മൗലവിമാര്‍ ‘കാഫിറുകളെ കൊല്ലുന്നതും അവര്‍ക്കെതിരെയുള്ളതുമായ’ അക്രമാസക്തമായ ജിഹാദിനെക്കുറിച്ചുള്ള ആയത്തുകള്‍ ചൊല്ലിയിരുന്നു. ഇക്കാര്യം സ്വാമി ഗാന്ധിജിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞത് ”അവര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥമേധാവിത്തത്തെയായിരിക്കും ലക്ഷ്യമാക്കുന്നത്” എന്നാണ്. മറുപടിയായി സ്വാമി ഇങ്ങനെ പറഞ്ഞു: ”ഇവയെല്ലാം അഹിംസാ തത്വത്തിന് എതിരാണ്. പ്രതികാരത്തിന്റെ ഒരു മനോഭാവം എപ്പോഴെങ്കിലും ഉണ്ടാകുകയാണെങ്കില്‍ മൗലവിമാര്‍ ഈ വരികള്‍ ഹിന്ദുക്കള്‍ക്കെതിരായി ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ തടയാന്‍ സാധിക്കുകയില്ല.” ഗാന്ധിജി ഇതും ചിരിച്ചുതള്ളി.
ഇത്തരം വൈരുദ്ധ്യാത്മകമായ പല കാര്യങ്ങളും ഉണ്ടായെങ്കിലും ‘ഖിലാഫത്ത് മുഹമ്മദാലിക്ക് വിശ്വാസത്തിന്റെ കാര്യമാണെങ്കില്‍ ഖിലാഫത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും ഞാന്‍ തയ്യാറാണ്’ എന്ന നിലപാടാണ് ഗാന്ധിജി എടുത്തത്. ഈയൊരു ഉദാരമായ പിന്തുണ ‘എന്റെ മതവിശ്വാസത്തിന്റെ ഭാഗമായ പശുക്കളെ മുസല്‍മാന്റെ കത്തിയില്‍ നിന്നു സംരക്ഷിക്കാന്‍ സഹായിക്കും’ എന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഖിലാഫത്ത് പ്രക്ഷോഭകാലത്ത് മൂന്ന് മുദ്രാവാക്യങ്ങളാണ് ഗാന്ധിജി പ്രവര്‍ത്തകര്‍ക്കായി നിര്‍ദ്ദേശിച്ചത്. ‘അല്ലാഹു അക്ബര്‍, വന്ദേമാതരം/ഭാരത് മാതാ കീ ജയ്, ഹിന്ദു-മുസല്‍മാന്‍ കീ ജയ്.’ ആദ്യത്തെ മുദ്രാവാക്യം തികച്ചും ഇസ്ലാമികമാണെന്നു പറഞ്ഞപ്പോള്‍ ഗാന്ധിജി ഇങ്ങനെയാണ് മറുപടി നല്‍കിയത്. ”അറബി വാക്കുകള്‍ ഉച്ചരിക്കുന്നതിന് ഹിന്ദുക്കള്‍ ഏതെങ്കിലും തരത്തില്‍ ലജ്ജിക്കേണ്ടതില്ല. അതിന്റെ അര്‍ത്ഥം എതിര്‍ക്കപ്പെടേണ്ടതല്ല, മഹത്വമുള്ളതാണ്. ഏതെങ്കിലും ഒരു പ്രത്യേകഭാഷയെ മാത്രം ആദരിക്കുന്നയാളല്ല ദൈവം.” 1920 ജൂലായ് 22-ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്ക് ഗാന്ധിജി ഒരു താക്കീത് നല്‍കി. ”മുസ്ലീങ്ങളെ അവരുടെ ഒരു വിഷമ സമയത്ത് സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ (ഹിന്ദുക്കളുടെ) അടിമത്തം എെന്നന്നേക്കുമുളളതായിരിക്കും.”
1921 ജനുവരി 19-ന് ഗുജറാത്തിലെ ഒരു പൊതുയോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസംഗിച്ചു: ”ഹിന്ദു സന്യാസിമാരോട് എനിക്കു പറയാനുള്ളത്, അവര്‍ ഖിലാഫത്തിനുവേണ്ടി അവരുടെ സര്‍വ്വസ്വവും സമര്‍പ്പിക്കുകയാണെങ്കില്‍ അത് ഹിന്ദുത്വത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു മഹത്തായ കാര്യമായിരിക്കും എന്നാണ്. മുസ്ലീമിനെ അവന്‍ നേരിടുന്ന ആപത്തില്‍ നിന്നു രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ഓരോ ഹിന്ദുവിന്റെയും കടമ. നിങ്ങള്‍ ഇതു ചെയ്യുകയാണെങ്കില്‍ ഹിന്ദുക്കളെ സുഹൃത്തുക്കളായി കാണാന്‍ ദൈവം അവരെ പ്രേരിപ്പിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങളെ സുഹൃത്തുക്കളായി കാണാന്‍ കഴിയും.”
ഗാന്ധിജി വാഗ്ദാനം ചെയ്തുപോലെ ഒരു വര്‍ഷം കൊണ്ട് മുസ്ലീങ്ങളുടെ ആവശ്യം നേടിക്കൊടുക്കാന്‍ സാധിച്ചില്ല. ഖിലാഫത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് എന്തെങ്കിലും നേടുക എളുപ്പമായിരുന്നില്ല. മുസ്ലീങ്ങള്‍ കൂടുതല്‍ അക്ഷമരായി. ഗാന്ധിജി പറഞ്ഞു: ”ക്ഷമയില്ലാത്ത അവരുടെ കോപത്താല്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസ്സിന്റെയും ഖിലാഫത്ത് സംഘടനകളുടെയും ഭാഗത്തുനിന്ന് കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ‘സ്വരാജി’ ന്റെ അര്‍ത്ഥം ഖിലാഫത്ത് പ്രശ്‌നം ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്കു കഴിയുക എന്നതാണ്. ഖിലാഫത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ മുന്നോട്ടുപോകാന്‍ വേണമെങ്കില്‍ സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സന്തോഷപൂര്‍വ്വം ആവശ്യപ്പെടാനും ഞാന്‍ തയ്യാറാണ്.”
ഖിലാഫത്ത് പ്രക്ഷോഭം കൊണ്ട് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്യന്തം ആപല്‍ക്കരമായ ഒരു പോംവഴിയാണ് മുസ്ലീം നേതാക്കള്‍ കണ്ടെത്തിയത് – ബ്രിട്ടീഷുകാരെ തോല്പിക്കാന്‍ അഫ്ഗാനിലെ അമീറിനോട് ഇന്ത്യയെ ആക്രമിക്കാന്‍ ആവശ്യപ്പെടുക. തെറ്റിദ്ധരിക്കപ്പെട്ട ആവേശത്തോടെ ഈ നീക്കത്തെയും ഗാന്ധിജി പിന്തുണച്ചു. ”ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അഫ്ഗാനിലെ അമീര്‍ തയ്യാറാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അയാളെ പിന്തുണക്കും. രാജ്യത്തിന്റെ വിശ്വാസമില്ലാത്ത ഒരു സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്നത് കുറ്റകരമാണെന്ന് ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോട് തുറന്നു പറയും.” ഗാന്ധിജിയുടെ അടുത്ത അനുയായികളെ പോലും ഞെട്ടിച്ചതായിരുന്നു അഹിംസാ സിദ്ധാന്തത്തിന് തികച്ചും എതിരും പ്രാകൃതവുമായ ഈ പ്രസ്താവന.
പ്രശ്‌നപരിഹാരത്തിന് 1921 മെയ് 18നും 21നും ഇടയില്‍ ഗാന്ധിജി സിംലയില്‍ ചെന്ന് വൈസ്രോയി ലോര്‍ഡ് റീഡിംഗിനെ ആറുതവണ കണ്ടു. ആവശ്യങ്ങളൊന്നും വൈസ്രോയി അനുവദിച്ചില്ലെന്നു മാത്രമല്ല നിസ്സഹകരണ പ്രസ്ഥാനകാലത്ത് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ആലി സഹോദരന്മാരോട് മാപ്പപേക്ഷ വാങ്ങി നല്‍കാനുള്ള ചുമതല ഗാന്ധിജിയില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു.
അതിനിടെ, ബ്രിട്ടീഷുകാരുമായി സൗഹൃദത്തിലാകാതെ ഇന്ത്യയെ ആക്രമിക്കാന്‍ അഫ്ഗാനിസ്ഥാനിലെ അമീറിനെ ക്ഷണിച്ചുകൊണ്ട് പേര്‍ഷ്യന്‍ ഭാഷയിലുള്ള ഒരു കമ്പിസന്ദേശം – മുഹമ്മദാലിയുടേതാണെന്ന് പറയപ്പെടുന്നു – സര്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി. ഈ സംഭവത്തെക്കുറിച്ചും സ്വാമി ശ്രദ്ധാനന്ദന്‍ തന്റെ സ്മരണകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പേര്‍ഷ്യനോ അറബിയോ അറിയാത്ത മുഹമ്മദാലി ഇക്കാര്യത്തില്‍ തികഞ്ഞ അജ്ഞത നടിക്കുകയാണ് ചെയ്തത്. താന്‍ നടത്തിയ തബ് ലീഗിന്റെ (മതപരിവര്‍ത്തനത്തിന്റെ) നേട്ടമുപയോഗിച്ചു മാത്രം മൗലവിയായ ആളാണയാള്‍. പണ്ഡിറ്റ് നെഹ്‌റുവിന്റെ അലഹബാദിലെ വസതിയായ ആനന്ദ് ഭവനില്‍വെച്ച് മുഹമ്മദാലി സ്വാമി ശ്രദ്ധാനന്ദനെ അടുത്തേക്കു വിളിക്കുകയും ഒരു കമ്പിസന്ദേശത്തിന്റെ പകര്‍പ്പ് കാണിച്ചുകൊടുക്കുകയും ചെയ്തു. സ്വാമി പറയുന്നു: ”ഞാന്‍ അത്ഭുതപ്പെട്ടുപോയി! അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പിതാവിന്റെ കൈയക്ഷരത്തിലുള്ളതായിരുന്നു ആ സന്ദേശം.” പിറ്റെ ദിവസം ആനന്ദഭവനിലെത്തിയ ഗാന്ധിജിയോട് ഇതേക്കുറിച്ച് സ്വാമി ചോദിച്ചപ്പോള്‍ ഇങ്ങനെയൊരു കമ്പിസന്ദേശം അയച്ചതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സ്വാതന്ത്ര്യസമരത്തെ വഴിതെറ്റിക്കുകയും വൈകിപ്പിക്കുകയും ചെയ്ത വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു 1921-ലെ ഖിലാഫത്ത് പ്രക്ഷോഭം. മലബാറിലടക്കം ഹിന്ദുസമൂഹം വലിയ കെടുതികള്‍ അനുഭവിക്കേണ്ടിവന്നിട്ടും ഈ പ്രക്ഷോഭത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചുക്കാന്‍ പിടിച്ച നേതാക്കള്‍ തയ്യാറായില്ല. അതുകൊണ്ടാണ് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യം വിഭജിക്കപ്പെട്ടതും കലാപങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടതും. മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതപ്രീണനത്തിന്റെ പാതയിലാണ് സ്വതന്ത്രഭാരതവും മുന്നോട്ടുപോയത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ദേശവിരുദ്ധശക്തികള്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 100 വര്‍ഷം മുമ്പു നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിനും അതു നല്‍കുന്ന ദേശീയപാഠങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്.
(അവസാനിച്ചു)
സഹായകഗ്രന്ഥങ്ങള്‍
1. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ – ബി.വി. ദേശ്പാണ്ഡെ, എസ്.ആര്‍. രാമസ്വാമി , ഹോ. വേ. ശേഷാദ്രി. കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി, 2008.
2. വിഭജനത്തിന്റെ ദുഃഖകഥ – ഹോ.വേ. ശേഷാദ്രി. കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി, 1989.
3. Savarkar: Echoes from a forgotten past – Vikram Sampath. Penguin Random House India, 2019
4. Inside Congress – Swami Shradhanand. Phoneix Publications, Bombay, 1946. (PDF Acced on 02-06-2021)