സ്‌കൂള്‍ പഠനകാലത്ത് ഹിമാ ദാസിന് ഫുട്‌ബോളിനോടായിരുന്നു കമ്പം. ആണ്‍കുട്ടികളുടെ ടീമില്‍ വരെ അംഗമായിട്ടുണ്ട്. എന്നാല്‍ സ്‌കൂളിലെ കായികാധ്യാപകന്‍ അവളുടെ ഗതി തിരിച്ചു വിടുകയായിരുന്നു. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഹിമയുടെ അസാമാന്യ വേഗം നീരിക്ഷിച്ച അദ്ദേഹം ഹിമയോട് അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപദേശിച്ചു. അതനുസരിച്ച ഈ പത്തൊമ്പതുകാരിയെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒളിംമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായാണ് പരിഗണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഇരുന്നൂറ് (200), നാനൂറ് (400) മീറ്റര്‍ ഓട്ടമത്സരത്തില്‍.
അസമിലെ ധിംഗ് ജില്ലയിലെ കണ്ഡൂലിമാരി ഗ്രാമത്തില്‍ രഞ്ജിത്തിന്റെയും ജോണാലി ദാസിന്റെയും അഞ്ചു മക്കളില്‍ ഒരാളായാണ് ഹിമയുടെ ജനനം. കര്‍ഷക കുടുംബാംഗങ്ങളായ അച്ഛനമ്മമാര്‍ക്ക് ഒരു കായിക പാരമ്പര്യവും ഉണ്ടായിരുന്നില്ല. ഫുട്‌ബോളില്‍ ബൈച്ചൂംഗ് ഭൂട്ടിയയുടെ പ്രകടനമാണ് അവളെ അതിലേയ്ക്ക് ആകര്‍ഷിച്ചത്. എന്നാല്‍ മൈതാനം വിട്ട് ട്രാക്കിലേക്ക് മാറിയത്, ഇക്കഴിഞ്ഞ മെയ്മാസത്തില്‍ പ്ലസ് ടു ജയിച്ച അവള്‍ക്ക് അനുഗ്രഹമായി (ധിംഗ് പബ്ലിക് സ്‌കൂളിലായിരുന്നു പഠനം).
ഹ്രസ്വ, മധ്യദൂര ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഹിമയുടെ തുടക്കം. ‘ശിവസാഗര്‍ സ്‌പോര്‍ട്‌സ് മീറ്റി’ലെ അവളുടെ രണ്ടു സ്വര്‍ണമെഡല്‍ പ്രകടനം അസം സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സിലെ പരിശീലകരായ നിപ്പോണ്‍ ദാസിന്റെയും നബജീത് മലാകറുടെയും ശ്രദ്ധയാകര്‍ഷിച്ചു. കൂടുതല്‍ പരിശീലന സൗകര്യത്തിനായി ഗുവാഹത്തിയിലേക്ക് അവര്‍ ഹിമയെ കൂട്ടിക്കൊണ്ടുപോയി. ഫുട്ബാളിലും ഗുസ്തിയിലും മാത്രം പരിശീലനം നല്‍കിയിരുന്ന അവിടത്തെ സ്‌പോര്‍ട്‌സ് അക്കാദമി അവള്‍ക്കായി അത്‌ലറ്റിക്‌സ് കോച്ചുമാരെ ഒരുക്കി.
അക്കാദമിയില്‍ ചേര്‍ന്നതിനുശേഷം അത്‌ലറ്റിക്‌സില്‍ ഹിമക്കുണ്ടായ പുരോഗതി വിസ്മയകരമായിരുന്നു. 2016ലെ ജൂനിയര്‍ നാഷണലില്‍ ഫൈനലിലെത്തി; 2017ലെ ബാങ്കോക്ക് ‘ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പി’ലേക്ക് ഇന്ത്യന്‍ ടീമില്‍. കൂടാതെ അതേ വര്‍ഷം നൈറോബിയിലെ ‘വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പി’ലേക്കുള്ള ടീമിലും.
കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇരുനൂറു മീറ്ററില്‍ സ്വര്‍ണം നേടിയതിനു ശേഷമാണ് ഹിമ, ദേശീയ പരിശീലകരുടെ നിര്‍ദ്ദേശമനുസരിച്ച്, 400 മീറ്ററില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. 2018ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററിലും, 4 ഃ 400 മീറ്റര്‍ റിലേയിലും മത്സരിച്ചിരുന്നു. വ്യക്തിഗത നേട്ടമൊന്നും ഉണ്ടാക്കിയില്ലെങ്കിലും റിലേ ടീം സ്വര്‍ണം നേടി. എം.ആര്‍. പൂവമ്മ, സരിത ഗെയ്ക്ക്‌വാദ്, മലയാളിയായ വി.കെ. വിസ്മയ എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അവതരിപ്പിച്ച 4 ഃ 400 മീറ്റര്‍ സ്ത്രീ-പുരുഷ റിലേയില്‍ വെള്ളി നേടിയ ടീമിലും അവള്‍ അംഗമായിരുന്നു.
ഈ ജൂണ്‍മാസത്തില്‍ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും വെച്ചു നടന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണം നേടിയതോടുകൂടിയാണ് കായികരംഗം ഹിമയില്‍ ഒളിംമ്പിക് പ്രതീക്ഷ അര്‍പ്പിക്കാന്‍ തുടങ്ങിയത്. ‘കുട്‌നോ അത്‌ലറ്റിക് മീറ്റി’ല്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി ഒരാഴ്ചക്കകം ‘പോഡ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ – പ്രിയില്‍’ 400 മീറ്ററില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. അതുകൊണ്ടും അവസാനിച്ചില്ല. ജൂണില്‍ തന്നെ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അത്‌ലറ്റിക് മീറ്റിലും ജേതാവ് ഈ അസംകാരിയായിരുന്നു.
2018ല്‍ രാഷ്ട്രപതിയുടെ ‘അര്‍ജ്ജുനാ അവാര്‍ഡിന്’ അര്‍ഹയായ ഹിമ ‘യൂനിസെഫി’ ന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ‘യൂത്ത് അംബാസിഡര്‍’ ആണ്. അസം സംസ്ഥാനത്തിന്റെ സ്‌പോര്‍ട്‌സിനുള്ള ബ്രാന്‍ഡ് അംബാസിഡറും.
ജന്മനാടിന്റെ പേരുകൂടിച്ചേര്‍ത്ത് ഹിമയെ ‘ധിംഗ് എക്‌സ്പ്രസ്’ എന്നു കായിക പ്രേമികള്‍ വിളിക്കുന്നു. ലോകകായിക മത്സരങ്ങളില്‍ നമ്മുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ താരങ്ങള്‍ ഒളിംമ്പിക്‌സില്‍ വെറും കയ്യോടെ തിരിച്ചുവന്ന ചരിത്രവും നമുക്കുണ്ട്. ഹീന സിദ്ദു (ഷൂട്ടിംഗ് – പഞ്ചാബ്), ദീപിക (അമ്പെയ്ത്ത് – ഹരിയാന) എന്നിവര്‍ രണ്ട് ഉദാഹരണങ്ങള്‍. ഹിമയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കുകയില്ലെന്ന് നമുക്കു കരുതാം.