ചില കോടതിവിധികളില്‍ ഈ വാക്കുകാണാം ”അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം” (Rarest of the rarest). ഇപ്പോള്‍ ഇതു വെള്ളത്തിന്റെ കാര്യത്തിലും യോജിച്ചു തുടങ്ങി. എന്നുമാത്രമല്ല മുന്നോട്ടു നോക്കുമ്പോള്‍ ഭയം ജനിപ്പിക്കുന്നു. വെള്ളം/വായു/മണ്ണ്- ഒന്നും ഇല്ലാതെയും കൊള്ളാതെയുമായി.
എല്ലാം നോക്കികണ്ട് നടത്താന്‍ കഴിയുന്ന ഒരു ജീവി മനുഷ്യനാണ്, മറ്റൊരു ജീവിക്കും മുന്‍പിന്‍ നോട്ടമില്ല. മനുഷ്യനുമാത്രമേ ഇതെല്ലാം കാത്തുസൂക്ഷിക്കാന്‍ കഴിയൂ.
മഴ ഒരു വരദാനമാണ്. ചില വര്‍ഷങ്ങളില്‍ പെയ്തിറങ്ങും, ചിലപ്പോള്‍ മഞ്ഞുപോലെ പറന്നകലും. അതില്‍ ചിലതിനെ നാം നാല്പതാം നമ്പര്‍ മഴ എന്നു വിളിച്ചു. ഇടിമഴ, കടുമഴ, പൊടിമഴ, കരമഴ, തുലാമഴ, കര്‍ക്കിട മഴ, കുഭമഴ ഇങ്ങനെ മഴക്കാരുടെ കൃത്യമായ നിരീക്ഷണത്തില്‍ കരനീരായി, കുളനീരായി, മലനീരായി കിണര്‍നീരായി, പനിനീരായി, ഉമിനീരായി. ഗ്രാമഗ്രാമാന്തരങ്ങളിലെ ഓരോ കാല്പാദങ്ങളെയും തഴുകി ഒഴുകിയിരുന്ന കൈത്തോടുകളും ചെറുപുഴകളും ഇന്ന് ഗവേഷണ വിഷയങ്ങളായി. പുഴയും മലയും മഞ്ഞും കാടും കുളിരും വന്യജീവികളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാറിക്കഴിഞ്ഞു.
പുഴപ്പാട്ടുകള്‍ പഠിച്ചിരുന്ന പഴയകാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന അസ്വസ്ഥത പുതിയ തലമുറകളിലെ കുഞ്ഞുങ്ങളില്‍ യാതൊരാശങ്കയും സൃഷ്ടിക്കുന്നില്ലെന്നറിയുമ്പോഴാണ് ഭയം തോന്നുക. വെള്ളം കുടിക്കാതെ മരിക്കാന്‍ വേണ്ടി ഒരു തലമുറ ജനിച്ചുവീഴുന്നു.
നദിപ്പാട്ടുകള്‍,മത്സ്യപുരാണം, എല്ലാം തിരഞ്ഞ് സൂക്ഷിച്ചുവച്ചിരുന്ന 4-ാം ക്ലാസ് പുസ്തകത്തിലെത്തി.
” വടക്കുനോക്കുക പെരിയാറു
തന്നോടടുത്തു മൂവാറ്റിന്‍പുഴ കിടക്കുന്നു
അടുത്ത് മീനച്ചില്‍ മണിമല-
പമ്പ-കുളക്കടയിവദിക്കുകണ്ടിടാം
ധരിക്ക കല്ലടക്കടുത്തിത്തിക്കര-
ക്കുടനെയാറ്റിങ്ങല്‍ നദിയും
കിള്ളിയാര്‍-കരമന-നെയ്യാര്‍-
കഴിഞ്ഞ് കോരയാര്‍
പഴയാര്‍ താമ്രപര്‍ണ്ണിയിങ്ങനെ
തിരുവിതാംകൂറില്‍ നദികള്‍ പതിനഞ്ചെണ്ണം
നിരന്നൊഴുകുന്നു.
ഇന്നലത്തെ തലമുറകള്‍ക്കജ്ഞാതമായ ഈരടികളിലെ ഗൃഹാതുരത്വം വീണ്ടും ഇടനെഞ്ചിലെവിടയോ ഭയാശങ്കകള്‍ ഉയര്‍ത്തുന്നു.
ഇത്തരം ഈരടികളിലൂടെ ഭാഷയും ശുദ്ധിയും കഥയും കണക്കും പ്രകൃതിയുടെ താളവും ഹൃദ്യമായ അനുഭൂതി സൃഷ്ടിച്ചിരുന്നു.
തീരങ്ങളില്‍ നാടോടി സമഗ്രത, കൂട്ടായ്മ, കാട്ടായ്മ നദീതട കാര്‍ഷിക കന്നുകാലി സംസ്‌കാരം,
” കുന്നു പൊലിക പുഴപൊലിക
കുളം പൊലിക കന്നുപൊലിക
മണ്ണു പൊലിക നാടുപൊലിക”
നദീപുരാണം,വെള്ളപ്പൊക്കപുരാണം, സസ്യപുരാണം, മത്സ്യപുരാണം, തറവാട്ടുപുരാണം, ദേശപുരാണം, ആവാസപുരാണം,സംസ്‌കാരപുരാണം, തണ്ണീര്‍ത്തടകഥകള്‍, മലവന്നതും കരവന്നതുമായകഥകള്‍, കൃഷി ജന – സുഗന്ധനീരൊഴുക്കിന്റെ കഥകള്‍, വയലുകള്‍ രൂപപ്പെട്ടത്, കൈവേലകളും വിശ്വാസങ്ങളും വാമൊഴികളും ഔഷധ ചെടികളും വള്ളിപടര്‍പ്പുകളും കാട്ടുമരങ്ങളും പൂക്കളും പഴങ്ങളും കൈതക്കാടുകളും മുളങ്കാടുകളും കാട്ടുമുല്ലയും കൈനാറിയും കാട്ടുപിച്ചകവും തിരുവാതിരക്കുളിവരെയും ഓര്‍മ്മകളിലായി. എണ്ണയ്ക്കും താളിയ്ക്കും കഷായത്തിനും കുറുന്തോട്ടി മുതല്‍ കാഞ്ഞിരം വരെ അമ്മൂമ്മവൈദ്യമെന്ന നാട്ടറിവില്‍ ചെത്തി, കുറുന്തോട്ടി, കറുക, കഞ്ഞുണ്ണി, നീലയമരി, വെറ്റില എന്നിവ കൂട്ടി എണ്ണതേച്ച് നാലം കുളികഴിഞ്ഞ് ഒന്നരയും വേഷ്ടിയുമായി അറപ്പുരവാതിലിലും ഉമ്മറപ്പടിയിലും കോലായയിലും പാത്തും പതുങ്ങിയും വഴങ്ങിയും പെണ്‍കിടാങ്ങള്‍ നിന്നിരുന്നത് ഏതു പുരുഷനെയും ത്രസിപ്പിച്ചിരുന്നു. ഇന്നതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി(ഇല്ലെന്നു തന്നെ പറയാം)
ചെത്തിപ്പഴം, തൊണ്ടിപ്പഴം, ഞാവല്‍പഴം, കാരപ്പഴം, പൂച്ചപ്പഴം, ആത്തപ്പഴം, തുടങ്ങിയ മുപ്പതെണ്ണം കണികാണാനില്ലാതായി.
ആമ, പാമ്പ്, നീറ്റെലികള്‍, നീര്‍നായ, തവള, ഞണ്ട്, മുതല, വെള്ളാമ, കൃഷ്ണത്തവള, പച്ചത്തവള, ചൊറിയന്‍ തവള എന്നിവയെല്ലാം വറചട്ടിയിലൂടെ അകത്തായി.
]”പുത്തിടി വെട്ടി പുതുമഴ പെയ്‌തെടി
ചെങ്കൂറുംവള്ളം പരലേ…”
വള്ളപ്പാട്ടിന്റെ ഈരടികളും വെള്ളപ്പൊക്കവും തമ്മിലും ഇത്തരം ബന്ധം.
തീരങ്ങളില്‍ മരപ്പട്ടി,തേവാങ്ക്, കീരി, മുയല്‍, കുറുക്കന്‍, അണ്ണാന്‍, ഉറുമ്പുതീനി വവ്വാല്‍, ജലസേചനത്തിന് തേമാലിതേക്ക്, തുലാതേക്ക്, കാളത്തേക്ക്,ചക്രം, പെട്ടിയും പറയും, കൂരി,പൊതിരക്കൂട തുടങ്ങിയവ ഓര്‍മ്മയില്‍ പോലും ഇല്ലാതായി.
”തേവുമ്പോള്‍ ഒന്നേ പോയ് ഒന്നേ പോയ്
ഒരു കുടം വെള്ളം തായോ”(ഒരു കുടം=200കുട്ട) കൈവേലകളില്‍ കൊതുമ്പു വള്ളം, ഓടി പള്ളിയോടം, ചെറുവഞ്ചി, കുടവഞ്ചി, ചുണ്ടന്‍വള്ളം കെട്ടുവഞ്ചി, കടത്തുവഞ്ചി, ചങ്ങാടം തുടങ്ങിയവയും വലകളും പായും പക്ഷികളും കടവുകളും എല്ലാം മഴയും പുഴയുമായി ബന്ധപ്പെടുത്തി കാരണവന്മാര്‍ പാടിയിരുന്നു. മഴയെപ്പറ്റി അവര്‍ക്കുണ്ടായിരുന്ന അറിവ് അഗാധവൃമായിരുന്നു.
”പുണര്‍തത്തില്‍ പുഴ വെള്ളം കയറി”
പാടവും പറമ്പും ഒന്നാകും. അതിനാല്‍ പുഴയോരങ്ങളിലെ വീടുകളുടെ തറയ്ക്ക് 6-7 അടി ഉയരം കാണും. ഇന്ന് അവശേഷിച്ചിരിക്കുന്ന പല തറവാടുകളും ഇങ്ങനെ തറ ഉയരത്തിലാണ്. പുഴക്കടവിലെ പ്രഭാതം വാര്‍ത്താവിനിമയത്തിന്റെ അനന്തസാദ്ധ്യതകള്‍ വളര്‍ത്തി.
അവിടുത്തെ കുളിക്കടവുകള്‍ക്കുപോലും കഥകളുണ്ടായി. തിരുവാതിരയില്‍ മലവെള്ളം വന്നാല്‍ തിരുവോണം കണ്ടേ പോകൂ. ഇവയെല്ലാം അയവിറക്കാന്‍ മാത്രമായി ശേഷിക്കുന്നു.
കാലംമാറി. മനുഷ്യന്റെ അത്യാര്‍ത്തി വര്‍ദ്ധിച്ചതോടെ പ്രകൃതി തിരിച്ചടിക്കാനും തുടങ്ങി. പ്ലാസ്റ്റിക്കും കീടനാശിനിയും മലിനീകരണവും രോഗങ്ങളും ആഗോളതാപനവും ഓസോണും കാലാവസ്ഥാമാറ്റവും ചര്‍ച്ചാവിഷയമായി. ഹാങ്ഓവറില്‍ ഇഴ ജന്തുക്കളെയും എട്ടുകാലി, പാറ്റ പഴുതാര, അട്ട,ഒച്ച്, മുതലായവയെ വറുത്തും കൊറിച്ചും കാലാവസ്ഥാ ചതിച്ചെന്ന് വിലപിക്കുന്നു.
മഴയുടെ അളവ്, കാഠിന്യം, വരവ് എല്ലാം നിശ്ചയിക്കുന്നതു പ്രകൃതി തന്നെയാണ്. മനുഷ്യപ്രകൃതിയെ നിരീക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മഴയും കാലാവസ്ഥയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും കണക്കാക്കിയിട്ടുണ്ട്. ഭാരതത്തില്‍ ഇത്തരത്തില്‍ 1000 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ ലഭ്യമാണ്.ബൗദ്ധായനന്‍ മുതല്‍ ആര്യഭടന്‍ വരെ നമ്മുടെ കാലവര്‍ഷം, സമയം, ഭൂമദ്ധ്യരേഖാബന്ധം എല്ലാം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
സമീപകാലത്തെ കണക്കുകള്‍ മാത്രംമെടുത്താല്‍ നമ്മുടെ കണ്‍മുന്നില്‍ നാം കണ്ടതുമാത്രം നിരീക്ഷിച്ചാല്‍ കൗതുക കരമായ കാലവര്‍ഷക്കണക്കുകാണാം. നൂറ്റാണ്ടുകളായി കാലവര്‍ഷാരംഭം മെയ് 28നും ജൂണ്‍ 3നുമിടയിലാണ്. ഇതിന്റെ രഹസ്യം ഇപ്പോഴും ശാസ്ത്രലോകത്തിന്റെ പഠനത്തിലാണ്. യുദ്ധങ്ങളും കെടുതികളും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിന്റെ പട ആലുവാപുഴ നിരന്ന്പരന്ന് ഒഴുകുന്നതുകണ്ട് ഭയന്ന് മടങ്ങിപ്പോയ ചരിത്രം വലിയ കഥ തന്നെ.
99ലെ വെള്ളപ്പൊക്കമാണ് അമ്മൂമ്മമാര്‍ പറയുന്ന വെള്ളപ്പൊക്കം. അവര്‍ നേരിട്ടനുഭവിച്ചതാണ്. എവിടെ നോക്കിയാലും വീടുകളുടെ മേല്‍ക്കൂരയും അതില്‍ കോഴിയും ആടും നായ്ക്കളും ഒഴുകിപ്പോകുന്നതുകണ്ടവരാണവര്‍. അന്നാണ് ആലുവ- മാന്നാര്‍ പഴയ റോഡ് ഇല്ലാതായത്. മാന്നാറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാശം രേഖപ്പെടുത്തിയതും അന്നാണ്.
5,10,20,30,40,50,100 വര്‍ഷ ഇടവേളകളില്‍ വെള്ളപ്പൊക്കവും ഇടയ്ക്ക് വരള്‍ച്ചയും കൃത്യമായി സംഭവിക്കുന്നു.
1911,21,31,41,51,61,71,81,91,2001 എന്നീ വര്‍ഷങ്ങളില്‍ വളരെ കൃത്യമായ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ തലമുറ നേരിട്ടു കണ്ടിട്ടുള്ളതാണ്. 61,71,81,91, വെള്ളപ്പൊക്കം. 1979ലെ ദുരന്തം സംഘപരിവാര്‍ നേരിട്ടത് ലോകം കണ്ണും കാതും കൂര്‍പ്പിച്ച് കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. ഇതാവര്‍ത്തിക്കുമെന്ന് ശാസ്ത്രവും യുക്തിയും പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടിനെ മുന്നോട്ട് ഗണിച്ച് ദുരന്തങ്ങള്‍ പ്രവചിക്കാനും കഴിയില്ല.
എന്തൊക്കെയായിട്ടും നമുക്ക് വെള്ളത്തെ എങ്ങനെ ഉപയോഗിക്കണമെന്നറിയില്ല, മഴസംഭരണികള്‍ നിര്‍മ്മിച്ച് മണ്ണിലിറങ്ങേണ്ട വെള്ളം കൂടി നാം ദുരുപയോഗം ചെയ്യുന്നു. വിളഭൂമിക്കും ജീവജാലങ്ങള്‍ക്കും വ്യവസായത്തിനും വൈദ്യുതിക്കും കൃഷിക്കും വിനോദസഞ്ചാരത്തിനും കുടിവെള്ളത്തിനും നാം കരുതലെടുക്കുന്നില്ല.
സകലമാധ്യമങ്ങളും സര്‍ക്കാരും ജൈവകൃഷിയിലും മഴസംഭരണിയിലും തടയണയിലും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ കുടിവെള്ളം പോലും കിട്ടാതെ നെട്ടോട്ടമോടുന്നവര്‍ക്ക് കൊടുക്കാനുള്ള മറുപടിയാണ് പ്രസക്തം.
ഇന്നത്തെ രീതിയില്‍ ഉള്ള പ്രചരണം അടിസ്ഥാന വര്‍ഗ്ഗത്തിലോ കാര്‍ഷിക മേഖലയിലോ പ്രയോജനപ്പെടുന്നില്ല. കടല്‍ വെള്ളം ശുദ്ധീകരിച്ച് പൈപ്പുവഴി എത്തിക്കാനുള്ള വികസനചര്‍ച്ചകളും വ്യാപകമാണ്. വെള്ളത്തിന്റെ കാര്യത്തില്‍ യുദ്ധം അനിവാര്യമെന്ന് പറയുമ്പോഴും ഭാരതത്തിന്റെ, പ്രത്യേകിച്ച് കേരളത്തിലെ കിണറും കുളവും ലോകത്തിന്റെ ശ്രദ്ധയിലാണ്. ഇത്രയും സമ്പൂര്‍ണ്ണമായ മഴവെള്ള സംഭരണി, ഉറവച്ചാല്‍, മറ്റെവിടെയും കാണാനാവില്ല.
വെള്ളം കണ്ടെത്തുന്നതിലെ വൈദഗ്ദ്ധ്യം രാമായണത്തില്‍ പോലും കാണാം. ഘോര ആരണ്യകാണ്ഡത്തില്‍ വാനരപ്പട സീതാന്വേഷണത്തിനിടയില്‍ വിശപ്പും ദാഹവും ഇരുട്ടും കാരണം ആശയറ്റ് ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോള്‍
” പക്ഷി ദ്വന്ദ്വങ്ങളങ്ങൂര്‍ദ്ധ്വദേശേ
പറന്നാത്തില്‍ പക്ഷങ്ങളില്‍ നി
ന്നുതിര്‍ന്നുവീണു ജലകണം”
ഇതുകൊണ്ട് പരസ്പരം കൈപിടിച്ച് വെള്ളമുള്ള ദിക്കില്‍ എടുത്തുചാടിയെന്നല്ലേ രാമായണം. ആ വാനരന്മാരുടെ നിരീക്ഷണ പാടവം, പരസ്പരം കൈപിടിച്ച് ഒഴുക്കിലിറങ്ങിയ സംഘപ്രവര്‍ത്തനം,പ്രകൃതിനിരീക്ഷണം ഇവയെല്ലാം ഇന്നും പ്രസക്തം. വെള്ളമില്ലാതെ ഒരു തലമുറയോ നിരവധിയോ വേവലാതിയോടെ പരക്കം പായുന്നത് ആശങ്കയും അസ്വസ്ഥതയുമുണ്ടാക്കുന്നു.