1193-ല്‍ നളന്ദ സര്‍വ്വകലാശാല തീയിട്ടു നശിപ്പിക്കാന്‍ ഉത്തരവിട്ടത് ഭക്ത്യാര്‍ഖില്‍ജിയായിരുന്നു. മിന്‍ഹാജ് ഇ.സിറാജ് എന്ന മുസ്ലിം ചരിത്രകാരന്‍ ‘തബാകത്ത് ഇ നസീരി’യില്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതനായ ഖില്‍ജിക്ക് സ്വന്തം രാജകീയ വൈദ്യന്മാര്‍ ചികിത്സിച്ചിട്ട് അസുഖം മാറിയില്ല. നളന്ദ സര്‍വ്വകലാശാലയിലെ ആയുര്‍വേദ വൈദ്യന്മാരുടെ ചികിത്സ സ്വീകരിക്കാന്‍ ഹിന്ദുവിരുദ്ധനായ അദ്ദേഹം തയ്യാറായില്ല. ശ്രീഭദ്രന്‍ എന്ന വൈദ്യന്‍ മരുന്ന് ഖുറാനിന്റെ താളുകളില്‍ പുരട്ടി ഖില്‍ജിയ്ക്കു വായിക്കാന്‍ നല്‍കി. ഖുറാന്‍ മറിച്ചുകൊണ്ടിരുന്ന ഖില്‍ജിയുടെ വിരലുകളില്‍ പറ്റിയ മരുന്നു ഉള്ളിലെത്തുകയും അസുഖം മാറുകയും ചെയ്തു. തന്റെ അസുഖം മാറിയതിനു കാരണം നളന്ദയിലെ ആയുര്‍വേദ ശാസ്ത്രമാണെന്നു തിരിച്ചറിഞ്ഞ ഖില്‍ജിക്ക് അസൂയ മൂക്കുകയും ഖുറാനില്‍ ഇല്ലാത്ത ഒരു വിജ്ഞാനവും വേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. മൂന്നു ബഹുനില കെട്ടിടങ്ങളില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് താളിയോലകളിലെ വിജ്ഞാന സമ്പത്ത് അടക്കം ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ആറുമാസത്തിലധികം സമയമെടുത്തു കത്തി നശിക്കാന്‍. മലകള്‍ക്കു മുകളില്‍ പുക ഉയര്‍ന്നപ്പോള്‍ പകല്‍ ഇരുള്‍ പടര്‍ന്നു രാത്രിപോലെയായി എന്നാണ് ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത്.

തങ്ങളുടെ സങ്കുചിത വിജ്ഞാന സമ്പത്തിനപ്പുറത്ത് ഒന്നും ലോകം പഠിക്കാനോ അറിയാനോ പാടില്ലെന്നു വിലക്കുന്ന ഭക്ത്യാര്‍ ഖില്‍ജിയുടെ അവതാരങ്ങള്‍ കേരളത്തില്‍ സര്‍വ്വകലാശാലകളില്‍ അധികാരസ്ഥാനത്തിരിക്കുന്നു എന്നാണ് ഇയ്യിടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലുണ്ടായ സിലബസ് വിവാദം കാട്ടിത്തരുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പുതുതായി ആരംഭിച്ച ന്യൂജനറേഷന്‍ കോഴ്‌സായ പൊളിറ്റിക്‌സ് ആന്‍ഡ് ഗവേണന്‍സ് എം.എ പ്രോഗ്രാമിന്റെ സിലബസ്സില്‍ ഹിന്ദുത്വ ആശയവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കന്‍ തോട്ട്’ എന്ന പേപ്പറിലാണ് സവര്‍ക്കറുടെ ‘ഹിന്ദുത്വ’യും ഗോള്‍വല്‍ക്കറുടെ ‘വിചാരധാര’യും ‘വി ഓര്‍ ഔവ്വര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡും’ ദീനദയാല്‍ജിയുടെ ‘ഏകാത്മ മാനവവാദ’വും ഉള്‍പ്പെടുത്തിയത്. ‘ദേശീയതയെക്കുറിച്ചുള്ള ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളായ ഗാന്ധി, നെഹ്‌റു, ടാഗൂര്‍, അംബേദ്കര്‍ എന്നിവരുടെ കാഴ്ചപ്പാടുകള്‍ പഠിപ്പിക്കുമ്പോഴാണ് അതിന്റെ മറുവശത്തുള്ള സവര്‍ക്കര്‍, ഗോള്‍വല്‍ക്കര്‍, ദീനദയാല്‍ എന്നിവരുടെയും ഇതിനെ നിശിതമായി വിമര്‍ശിക്കുന്ന കാഞ്ച ഇളയ്യയുടെയും ചിന്തകള്‍ ഉള്‍പ്പെടുത്തിയത് എന്നാണ് അധികൃതരുടെ വാദം. ഒരു യൂനിറ്റില്‍ ഇന്ത്യന്‍ ദേശീയതയുടെ വിവിധ സ്വത്വങ്ങളെ നോക്കിക്കാണുകയാണ് ഉദ്ദേശ്യമെന്ന് ചില പ്രൊഫസര്‍മാര്‍ ഇതിനെ ന്യായീകരിക്കുകയുമുണ്ടായി. സവര്‍ക്കറുടെയും ഗുരുജിയുടെയും ദീനദയാല്‍ജിയുടെയും പുസ്തകങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്നതിനെ എടുത്തുകാട്ടി സര്‍വ്വകലാശാല വലിയ അപരാധം ചെയ്തപോലെ ബഹളം വെക്കുകയാണ് ഇടതു-വലതു മുന്നണിയിലുള്ള കക്ഷികളും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ചെയ്തത്.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് വിലപിച്ചുകൊണ്ട് ഐ.സി.എച്ച്.ആറില്‍ നിന്ന് രാജിവെച്ചയാളാണ്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി.പട്ടത്തിന് അദ്ദേഹത്തിനുള്ള യോഗ്യതയും ഈ ഹിന്ദുത്വവിരോധമായിരുന്നു. അദ്ദേഹം തലപ്പത്തിരിക്കെ ഹിന്ദുത്വാഭിമുഖ്യമുള്ള ഒരു സിലബസ് ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കുമെന്നു ആശങ്കപ്പെടുന്നവര്‍ വിഡ്ഢികളാണ്. സിലബസ്സിലേയ്ക്ക് സവര്‍ക്കറുടെയും ഗുരുജിയുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് അത് എങ്ങനെ പഠിപ്പിക്കണം, എങ്ങനെ വായിക്കണം എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാനാണെന്നാണ് വി.സി. പത്രക്കാരോട് പറഞ്ഞത്. അതിനുവേണ്ടിയാണ് ‘വി.ഓര്‍ ഔവ്വര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’ എന്ന പുസ്തകത്തിലെ ചില അദ്ധ്യായങ്ങളും വിചാരധാരയിലെ ആഭ്യന്തര ഭീഷണി എന്ന അദ്ധ്യായവും മാത്രം തിരഞ്ഞെടുത്തത്. ഭാവി തലമുറയുടെ മസ്തിഷ്‌കത്തിലേക്ക് ഹിന്ദുത്വവിരുദ്ധ കാഴ്ചപ്പാട് കുത്തിവെക്കുക എന്നതാണ് ഈ പാഠഭാഗങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിലൂടെ പഠിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കമ്മ്യൂണിസ്റ്റ് കുരുട്ടുബുദ്ധികളായ പ്രൊഫസര്‍മാര്‍ ആസൂത്രിതമായി തന്നെയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയത് എന്ന് വ്യക്തം. ഇക്കാര്യം സിലബസ് വിരുദ്ധപ്രക്ഷോഭത്തിനിറങ്ങിയവരെ പരമാവധി ബോധ്യപ്പെടുത്താനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതു വിജയിച്ചില്ല.

ഹിന്ദുത്വ സംബന്ധമായ ഒരു പുസ്തകം പോലും സര്‍വ്വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടാ എന്ന നിലപാടിലായിരുന്നു കെ.എസ്.യുവും എം.എസ്.എഫും എസ്.എഫ്.ഐയും ഉള്‍പ്പെടുന്ന ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ യജമാനന്മാരായ പാര്‍ട്ടി നേതാക്കളും. പാഠ്യപദ്ധതി വിവാദമായതോടെ മുന്‍ കേരള വി.സി. ജെ.പ്രഭാസ്, കാലിക്കറ്റ് സര്‍വ്വകലാശാല രാഷ്ട്രതന്ത്രവിഭാഗം മേധാവി കെ.എസ്.പവിത്രന്‍ എന്നിവരുള്‍പ്പെടുന്ന രണ്ടംഗ കമ്മറ്റിയെ വിഷയം പഠിക്കാന്‍ നിശ്ചയിച്ചു. ഇവരുടെ രാഷ്ട്രീയ നിലപാട് മുമ്പുതന്നെ വ്യക്തമായതിനാല്‍ ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് എന്താവുമെന്നു പ്രവചിക്കാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
ഹിന്ദുത്വ ആശയങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടെന്ന് അവര്‍കണ്ടെത്തു മെന്നും അതിന്റെ അടിസ്ഥാനത്തില്‍ സിലബസ്സില്‍ നിന്നു വൈകാതെ സവര്‍ക്കറും ഗുരുജിയുമൊക്കെ പുറത്താകുമെന്നു കമ്മറ്റിയെ നിശ്ചയിച്ച വേളയില്‍ തന്നെ പലരും പറഞ്ഞിരുന്നു. റിപ്പോര്‍ട്ടു വരുന്നതിനു മുമ്പുതന്നെ മൂന്നാം സെമസ്റ്ററില്‍ നിന്നും ഈ പേപ്പര്‍ നാലിലേയ്ക്ക് മാറ്റി.
ഗോള്‍വല്‍ക്കര്‍, സവര്‍ക്കര്‍, ദീനദയാല്‍, മഥോക് എന്നിവരുടെ പുസ്തകങ്ങള്‍ പൂര്‍ണ്ണമായി വിലക്കാനാണ് കമ്മറ്റി ശുപാര്‍ശ. പകരം ജിന്നയുടെ കാഴ്ചപ്പാട് കുട്ടികള്‍ പഠിക്കട്ടെ എന്നും നിശ്ചയിച്ചു. ഇത് വിമര്‍ശിക്കപ്പെടാതിരിക്കാന്‍ പെരിേയാര്‍, രാം മനോഹര്‍ ലോഹ്യ, ഇ.എം.എസ് എന്നിവര്‍ എഴുതിയതും അവരെക്കുറിച്ചുള്ളതുമായ പാഠങ്ങള്‍ ഉള്‍പ്പെടുത്തി. ഹിന്ദുത്വ വിമര്‍ശകരായ ഫ്രഞ്ച് ചിന്തകന്‍ ക്രിസ്റ്റോഫ് ജെഫ്രിലോട്ട്, ജോതിര്‍മയ ശര്‍മ്മ എന്നിവരുടെ പുസ്തകങ്ങളെയാണ് ഹിന്ദുത്വ ആശയ സംബന്ധമായി കുട്ടികള്‍ പഠിക്കേണ്ടത്. ആയുര്‍വ്വേദ മരുന്നു കഴിച്ച ഭക്ത്യാര്‍ഖില്‍ജിക്ക് അസുഖം മാറിയതുപോലെ എം.എ.ഗവേണന്‍സ് വിദ്യാര്‍ത്ഥികള്‍ സവര്‍ക്കറുടെയും ഗുരുജിയുടെയും പുസ്തകങ്ങള്‍ വായിച്ചാല്‍ അവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ തങ്ങള്‍ കുത്തിവെക്കുന്നവിഷം ഫലിക്കാതാവുമെന്നും മാര്‍ക്‌സിസ്റ്റ് – മൈനോറിറ്റി ഇസമെന്ന അസുഖത്തില്‍ നിന്നവര്‍ മോചിതരാകുമെന്നുമുള്ള ഭയപ്പാട് സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഭക്ത്യാര്‍ഖില്‍ജി നളന്ദ സര്‍വ്വകലാശാല കത്തിച്ച പോലെ ഹിന്ദുത്വ ആശയങ്ങളുടെ പുസ്തകങ്ങളെ സര്‍വ്വകലാശാലയ്ക്ക് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കയാണ്. സവര്‍ക്കറെയും ഗുരുജിയേയും പഠിക്കുന്നതിനുപകരം വിദ്യാര്‍ത്ഥികള്‍ ജിന്നയെ പഠിക്കണമെന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ പോക്ക് എങ്ങോട്ട് എന്ന് കാണിച്ചുതരുന്നു.
വിദ്യാര്‍ത്ഥികള്‍ ഏതു പുസ്തകവും പഠിക്കട്ടെ, അവര്‍ സ്വയം ചിന്തിക്കട്ടെ എന്ന നിലപാടാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത്. എന്നാല്‍ ഇടതു സര്‍ക്കാരോ അവരുടെ നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകളോ രാഷ്ട്രീയ താല്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസോ ഇത്ര വിശാലമായി ചിന്തിക്കാന്‍ തയ്യാറല്ല. തുറന്ന വായനയേയും വിശാല ചിന്തയേയും കുറിച്ച് അവര്‍ പറയുന്നത് അവരുടെ ആശയങ്ങള്‍ മാത്രം വായിക്കുക, പഠിക്കുക എന്ന സങ്കുചിത കാഴ്ചപ്പാടോടെയാണ്. ഹിന്ദു ആശയങ്ങള്‍ സംബന്ധിക്കുന്ന പുസ്തകങ്ങളോ മാധ്യമങ്ങളോ വായിക്കുന്നതിനെ അവര്‍ വിലക്കുന്നു. തുറന്ന ചിന്തയ്ക്കും കാഴ്ചപ്പാടിനും തീയിടുന്നതിനു തുല്യമായ നടപടിയാണിത്. എന്നാല്‍ ഇതിനെ പുരോഗമനപരവും ഇടതുപക്ഷപരവുമായി വാഴ്ത്തുക എന്ന നിഷേധാത്മക സമീപനമാണ് കേരളത്തിലെ രാഷ്ട്രീയ രംഗം അടക്കിവാഴുന്നവര്‍ സ്വീകരിക്കുന്നത്. അതേസമയം അറിവ് എവിടെ നിന്നു വന്നാലും സ്വീകരിക്കാം എന്ന ഹൈന്ദവ കാഴ്ചപ്പാടിനെ അവര്‍ അസ്പൃശ്യത കല്പിച്ച് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തിന്റെ പ്രതീകമായി കേരളത്തിന്റെ ബുദ്ധിജീവിവര്‍ഗ്ഗവും അധഃപതിച്ചിരിക്കുന്നു.
Comments