നമ്മെ പോറ്റി വളര്‍ത്തിയ ഭാരതത്തെ നമ്മുടെ പൂര്‍വ്വികന്മാരും നാമും മാതൃഭൂമിയായി കരുതിയെങ്കില്‍ മറ്റ് ജനതകളില്‍ പലരും പിതൃഭൂമിയായിട്ടാണ് കരുതിയത്. പെറ്റനാടിനെ മാതൃഭൂമിയായോ പിതൃഭൂമിയായോ കണക്കാക്കുന്നത് ഹൃദയത്തില്‍ സ്‌നേഹമെന്ന വികാരമുള്ള ജീവിയുടെ പ്രകൃതമാണ്. മാതൃഭൂമിസങ്കല്പം മാത്രമാണ് ശരി, പിതൃഭൂമിസങ്കല്പം തെറ്റാണ് എന്ന് പറയാനുള്ള ധിക്കാരബുദ്ധി നമുക്കരുത്. ജനതകള്‍ തമ്മിലുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസം മൂലമാണ് ജനിച്ച ഭൂമിയെ സംബന്ധിച്ച മാതൃ-പിതൃസങ്കല്പങ്ങള്‍ വിരിഞ്ഞുവികസിച്ചത്.
ദേശസ്‌നേഹമെന്ന നിസര്‍ഗഗുണത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് കവി വാള്‍ടര്‍ സ്‌കോട്ടിന്റെ വരികള്‍ ശ്രദ്ധിക്കുക:-
“”Breaths there the man, with soul so dead
Who never to himself hath said
This is my own, my native land!”(ഞാന്‍ ജനിച്ച നാടാണിത്, എന്റെ സ്വന്തം നാടാണിത് എന്ന് തന്നോടുതന്നെ പറയാത്ത ഉയിര്‍കെട്ട ഒരു മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ?)
ഈ അഭൗമഭാവം ഈ മണ്ണില്‍ മാതൃഭാവമായി. അതിനു കാരണം നമ്മുടെ മഹര്‍ഷിപൂര്‍വ്വികരാണ്. അതുകൊണ്ടുതന്നെ പാരമ്പര്യത്തിന് ഇവിടുത്തെ വാക്ക് ‘തായ്‌വഴി’ എന്നായി. മൂകമായി വളരുന്ന വന്‍മരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേരിനെ നമ്മള്‍ ‘തായ്‌വേര്’ എന്നുവിളിച്ചു. താമസിക്കുന്ന പുരയെ ഭദ്രമായി രക്ഷിക്കുന്ന സാക്ഷയ്ക്ക് ‘തായ്ക്കുഴ’ എന്ന് പേരിട്ടു. ഏറ്റവും പ്രധാനപ്പെട്ട അറയ്ക്ക് ‘തായ്പുര’ എന്ന് പേരിട്ടു.
കെട്ടിനിന്ന വെള്ളം പോലെയായിരുന്നില്ല ഈ ഭാവം. ജീവിക്കുന്ന നീരൊഴുക്കുപോലെ അത് പിന്നേയും മുന്നോട്ടുപോയി. കാലാന്തരത്തിലത് മാതൃഭൂമിയെ തീര്‍ത്ഥഭൂമിയാക്കി. കരകയറ്റുന്നതിനെയാണ് തരണം ചെയ്യിക്കുക എന്ന് പറയുന്നത്. താരണം ചെയ്യുന്നതെന്തോ അത് തീര്‍ത്ഥം. എന്തില്‍നിന്നുള്ള താരണം എന്ന പ്രശ്‌നമിവിടെ ഉദിക്കുന്നു. ദോഷകരമായ എന്തില്‍നിന്നും എന്നതാണ് നേരായ ഉത്തരം. ദുഃഖം, ദുരിതം, ദുര്‍ഘടം, ദാരിദ്ര്യം, ദമനം, ദ്രോഹം, ദുഷ്‌കൃതം മുതലായ അനാശാസ്യങ്ങളില്‍ ഏതില്‍നിന്നുമാകാം. വ്യാവഹാരികമായ ജനകീയഭാഷയില്‍ ‘പാപത്തില്‍നിന്ന് കരകയറ്റുന്നത് തീര്‍ത്ഥം’ എന്ന് അറിയപ്പെട്ടു.
പണ്ടേ മുതല്‍ ഈ ആര്‍ഷഭൂമിയില്‍ തീര്‍ത്ഥാടനം ദേശാടനത്തിന്റെ അഭിന്നഭാഗമായി. ഭൂമിയും ജനവും തമ്മിലുള്ള വജ്രബന്ധം ഭാരതത്തില്‍ അങ്ങോളമിങ്ങോളം എണ്ണമറ്റ തീര്‍ത്ഥസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കി. ലോകത്തിലെ മറ്റേത് ജനതയ്ക്കും ഇല്ലാത്തത്രയ്ക്ക് തീര്‍ത്ഥസ്ഥാനങ്ങള്‍ ഭാരതത്തില്‍ നിലവില്‍ വന്നു. ഏത് സൂപ്പര്‍ കമ്പ്യൂട്ടറിനും തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്രയ്ക്കുണ്ടവ! മാത്രമല്ല, സ്ത്രീപുരുഷഭേദമെന്യേ പുണ്യാത്മാക്കള്‍ പ്രത്യക്ഷപ്പെടുന്നതനുസരിച്ച് നാള്‍ക്കുനാള്‍ അവയുടെ എണ്ണം കൂടിക്കൂടി വരുകയും ചെയ്യുന്നു.
ഭാരതരാഷ്ട്രത്വത്തിന്റെ ഭൂമിയും ജനവുമെന്ന രണ്ടുഘടകങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഈ സവിശേഷ തീര്‍ത്ഥസമ്പ്രദായത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തില്‍ ഇതരജനതകളുടെ തീര്‍ത്ഥസ്ഥാനങ്ങളും ഭാരതത്തിലെ തീര്‍ത്ഥസ്ഥാനങ്ങളും തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ട്. ഭാരതത്തിലുത്ഭവിച്ച മതങ്ങള്‍ക്കുപുറമേ നില വിലുള്ള രണ്ട് മതങ്ങളാണ് ക്രിസ്തുമതവും ഇസ്ലാം മതവും. ഈ രണ്ടെണ്ണത്തില്‍പ്പെട്ടവര്‍ക്കെല്ലാം അവരുടേതായ തീര്‍ത്ഥസ്ഥലങ്ങളുണ്ട്. അവയില്‍ ഓരോന്നിനേയും ശരിക്ക് അപഗ്രഥിക്കുക. അവയെല്ലാം ആ മതസ്ഥാപകന്മാരുടെ ജീവിതചരിത്രവുമായി ബന്ധപ്പെട്ടവയാണ്. ആ സ്ഥലങ്ങളുടെ പ്രാധാന്യം ആ ദിവ്യാത്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇവിടെയാണ് ഭാരതതീര്‍ത്ഥസ്ഥാനങ്ങള്‍ ഭിന്നമാകുന്നത്. ഭാരതത്തില്‍ പല ഇനങ്ങളിലുമുള്ള തീര്‍ത്ഥസ്ഥലങ്ങളുണ്ട്. ഒന്നാമതായി, വിഭൂതികളായ യേശുവും നബിയുംപോലെ രാമനും കൃഷ്ണ നും ജീവിച്ചു ബന്ധപ്പെട്ട സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് അയോദ്ധ്യയും മഥുരയും. ഇതുകൂടാതെ, നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അവരുടെ ഭക്തന്മാര്‍ ചുറ്റിസഞ്ചരിച്ച് സമാധിയായ സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് സമര്‍ത്ഥരാമദാസിന്റെ ആസ്ഥാനമായ സജ്ജനഗഢും ശ്രീകൃഷ്ണചൈതന്യന്‍ താമസിച്ച നന്ദദ്വീപും. ഇതുകൂടാതെ ഓരോ സിദ്ധനും താമസിച്ചു, പവിത്രീകരിച്ച തീര്‍ത്ഥങ്ങളുണ്ട്. ഉദാഹരണത്തിന് പുട്ടപര്‍ത്തിയും ഷിര്‍ദ്ദിയും. ഇതിനുപുറമേ ചരിത്രത്തിന്റെ തെളിവില്ലെങ്കിലും ഐതിഹ്യം അഷ്ടബന്ധമിട്ടു പ്രതിഷ്ഠിച്ച ദേവാലയങ്ങളുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ നാലമ്പലങ്ങളും വേണാട്ടിലെ അഞ്ചമ്പലങ്ങളും. ഇതിനെല്ലാംപുറമേ മൂലമായി വൈയ്യക്തികബന്ധങ്ങളില്ലാത്ത അപൗരുഷേയസ്വയംഭൂ തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. അവയില്‍ പെടുന്നതാണ് ഭാരതത്തിലെ ഒട്ടേറെ നദികളും മലകളും നദീതടങ്ങളും. അവയാണ് എണ്ണത്തില്‍ കൂടുതല്‍! ഉദാഹരണത്തിന് കാശി. ശ്രീകൃഷ്ണന്റേയും ശ്രീരാമന്റേയും ജീവിതങ്ങള്‍ക്കുമുമ്പേ തന്നെ കാശിക്ക് പ്രാധാന്യമുണ്ട്. കാശി പ്രഥമമായും പുണ്യനഗരിയായതുകൊണ്ടാണ് അവിടെ ഓരോ സിദ്ധനും ദിവ്യാത്മാവും വന്ന് നീരാടിയത്. കാശി നേരത്തെതന്നെ പുണ്യസ്ഥലമായതുകൊണ്ടാണ് ബുദ്ധഭഗവാന്‍ അവിടെ എഴുന്നള്ളി സാരനാഥില്‍ പ്രഥമോപദേശം കൊടുത്തത്. ശ്രീരാമനും ശ്രീകൃഷ്ണനും ഹിമാലയം സ്പര്‍ശിച്ചിരുന്നില്ല. എന്നിരുന്നാലും വ്യാസന്‍ മഹാഭാരതം എഴുതാന്‍ തിരഞ്ഞെടുത്തത് ബദരിക്കടുത്തുള്ള മനാ ഗ്രാമത്തിലെ ഗുഹയാണ്. അതിനിരുവശത്തുമുള്ള രണ്ട് മലകള്‍ക്ക് ആ ദ്രഷ്ടാവ് നരനാരായണന്മാരുടെ നാമം കൊടുത്തു. കാവേരി പുണ്യനദിയായത് ഏതെങ്കിലുമൊരു അവതാരം ഹേതുവായിട്ടല്ല. നര്‍മ്മദ പുണ്യനദിയായത് അഗസ്ത്യന്‍ അവിടെ ആശ്രമം കെട്ടിയതുകൊണ്ടല്ല, നേരേമറിച്ച് അത് പുണ്യനദിയായതുകൊണ്ടായിരുന്നു അവിടെ ആശ്രമം കെട്ടിയത്. ചുരുക്കത്തില്‍ ഭാരതവര്‍ഷത്തില്‍ മലകളും സരസ്സുകളും സരിത്തുകളും തീര്‍ത്ഥങ്ങളായി കരുതപ്പെടുന്നു. ഭൂമി, ജനം എന്ന രണ്ട് വാക്കുകളില്‍ ഊന്നിപ്പറഞ്ഞാല്‍ ഭാരതത്തില്‍ ജനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഭൂമിക്കുമാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. ആ തീര്‍ത്ഥസ്ഥാനങ്ങള്‍ക്ക് മതസ്ഥാപകരോ മതാനുയായികളോ ആയല്ല ബന്ധം, അവ സ്വയംഭൂവാണ്. തങ്ങളുടെ മതവിശ്വാസങ്ങള്‍ സുദൃഢമാക്കാന്‍ എല്ലാവരും അവയെ വ്രതബദ്ധരായി ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഉദാഹരണം പറഞ്ഞുതുടങ്ങട്ടെ. തിരുനെല്ലി, തിരുനാവായ, തിരുവല്ലം എന്നീ മൂന്ന് സ്ഥലങ്ങള്‍ മരണാനന്തര ക്രിയകള്‍ക്ക് അതിവിശിഷ്ടമാണ്. ചരിത്രത്തിന്റേയും ഐതിഹ്യത്തിന്റേയും ദൃഷ്ടിയില്‍ തീര്‍ത്തും അപൗരുഷേയ(impersonal)മല്ലേ ഈ സ്ഥലങ്ങള്‍? ഉത്തരേന്ത്യയിലെ കാശി, കാശിയിലെ ഗംഗാതടത്തില്‍ ശവം ദഹിപ്പിച്ചാല്‍ ഉടന്‍ സദ്ഗതി കിട്ടുമെന്നാണ് വിശ്വാസം. വൈഷ്ണവം, ശൈവം, വീരശൈവം, ലിംഗായത്ത് മുതലായ മതങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല. ഹരിദ്വാറിന്റെ കാര്യമെടുക്കുക. എല്ലാ സിക്കുമതക്കാരും അവരുടെ ബന്ധുക്കളുടെ അസ്ഥിവിസര്‍ജ്ജനത്തിന് ഹരിദ്വാരത്തിലാണ് വരുക. തര്‍പ്പണം, അസ്ഥിവിസര്‍ജ്ജനം, ശുദ്ധിസ്‌നാനം മുതലായവയ്ക്ക് ആലുവാപ്പുഴയില്‍ പോകുന്നയാള്‍ അവിടെയുള്ള ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠയുള്ളതുകൊണ്ടാണ് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? ഇങ്ങനെ ഭാരതത്തില്‍ ഒട്ടേറെ തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. അവയ്ക്ക് മതവുമായോ മതസ്ഥാപകനുമായോ ആദിബന്ധം ഇല്ല. അവ തീര്‍ത്തും ഭൂപ്രധാനമാണ്. ഇങ്ങനെയുള്ള തീര്‍ത്ഥസ്ഥാനങ്ങള്‍ ഭാരതത്തിനു പുറത്തുത്ഭവിച്ച മതങ്ങളിലില്ല.
ഇതേസമയം ഇതിലേറെ പ്രാധാന്യമുള്ള ഒരു പരമാര്‍ത്ഥമുണ്ട്. ഭാരതത്തില്‍ ഉത്ഭവിച്ച മതങ്ങളെല്ലാം ആ മതങ്ങളില്‍ വിശ്വസിക്കുന്നവരെ ഭാരതഭൂമിയുമായി കെട്ടിയിടുന്നു എന്നതാണത്. ഭാരതീയമതങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാളും മരിച്ചുപോയ തന്റെ ഇഷ്ടജനത്തിന്റെ മോക്ഷപ്രാപ്തിക്കുവേണ്ടി ഏതെങ്കിലും തീര്‍ത്ഥസ്ഥലത്തില്‍ അസ്ഥിവിസര്‍ജ്ജനമോ ഭസ്മവിസര്‍ജ്ജനമോ ചെയ്യണമെന്നു വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ തന്റെ സ്വന്തം ഇഷ്ടദൈവം പോലും കടന്നുവരുന്നില്ല. ആ മരണാനന്തരക്രിയയ്ക്ക് ഭാരതഭൂമിയുമായിട്ടാണ് ബന്ധം. ഇന്നത്തെ പൊളിറ്റിക്കല്‍ സിദ്ധാന്തവും സങ്കല്പവുമായി ബന്ധപ്പെടുത്തി, മതവും ദേശവുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാല്‍, ഭാരതത്തെ സംബന്ധിച്ച് അത് ശരിയല്ല എന്ന് പറയേണ്ടിവരും. അവിശ്വാസിയെന്ന് പരക്കെ അറിയപ്പെടുന്ന ജവാഹര്‍ലാല്‍ നെഹ്രു, സ്വിറ്റ്‌സര്‍ലണ്ടില്‍ ദഹിപ്പിച്ച തന്റെ ഭാര്യയുടെ ഭസ്മം നിഷ്‌കര്‍ഷയോടെ സ്‌നേഹാദരങ്ങളോടെ എന്തിന് പ്രത്യേകം പേടകത്തില്‍ കൊണ്ടുവന്ന് പ്രയാഗയിലെ ത്രിവേണിയിലൊഴുക്കി? ഭാരതത്തില്‍ ഭൂമിക്കും മതത്തിനും തമ്മില്‍ ബന്ധം മാത്രമല്ല ബന്ധനം തന്നെയുണ്ട്.
അപ്പോള്‍, ഭാരതത്തില്‍ രാഷ്ട്രബോധത്തിന്റെ ഉത്ക്രമണത്തിന് ഭൂമിയും ജനവും തമ്മിലുള്ള ബന്ധം മറ്റിടങ്ങളില്‍ കാണാന്‍ കഴിയാത്തതരത്തിലുള്ളതാണ്. അത് വൈകാരികതയ്ക്കുപരി ആത്മീയവും കൂടിയാണ്. ഇതുള്‍ക്കൊള്ളാന്‍ പൂര്‍ണ്ണമായും സാധിച്ചതുകൊണ്ടാണ് ഭഗിനി നിവേദിത അവസാനനിമിഷങ്ങളില്‍ മന്ദം മന്ദം ‘ഭാരത്,’ ‘ഭാരത്,’ ‘ഭാരത്’ എന്ന് മന്ത്രിച്ച് വിലയം പ്രാപിച്ചത്.
ഭൂമി-ജനബന്ധം
ഭാരതത്തിലെ ഈ ജനതാ-ഭൂമിബന്ധം ഭൗതികത്തിലുമേറെ ആത്മീയമാണെന്നു പറയേണ്ടിവരും. സെക്കുലര്‍ പദം ഇവിടെ ജനജീവിതത്തിന്റെ പരുക്കന്‍ പാറയില്‍ തകര്‍ന്നു പൊടിയുന്നു. വാസ്തവത്തില്‍ സെക്കുലറിസം ഇ വിടത്തെ ആത്മീയതയില്‍ അലിഞ്ഞുപോകുന്നു. തിരുവോണക്കാലത്ത് നമ്മുടെ ഈ കേരളത്തില്‍ ന്യായവില ഷോപ്പുകള്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്കുള്ളിലെ വികാരം മനസ്സിലാക്കി അവയ്ക്ക് ‘മാവേലി സ്റ്റോര്‍’ എന്ന പേ രുകൊടുത്തു. കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റവും കടന്നുപോകുന്ന തീവണ്ടിക്ക് ‘പരശുറാം എക്‌സ്പ്രസ്’ എന്ന പേരുകൊടുത്തു. ഗതാഗതം കൂടിയപ്പോള്‍ അതുപോലെ മറ്റൊരു എക്‌സ്പ്രസ്സ് മാവേലിയുടെ പേരില്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ രാജമുദ്രയില്‍ ‘ശ്രീ ശംഖ്’ സ്ഥാനം പിടിച്ചപ്പോള്‍ അയല്‍പക്കത്തെ തമിള്‍നാട്ടില്‍ വന്‍ഗോപുരംതന്നെ സ്ഥാനം പിടിച്ചു.
ഭാരതഭൂമിയില്‍ ഇത് തികച്ചും സ്വാഭാവികമാണ്. നുഴഞ്ഞുകയറ്റക്കാരുടെ വര്‍ഗീയവല്‍ക്കരണമാണ് ഇത് എന്ന് പറയുന്നത് മലര്‍ന്നുകിടന്നുള്ള തുപ്പലാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ഭരണത്തിലുണ്ടായിരുന്നപ്പോളാണ് കാശിയില്‍നിന്ന് ചെന്നൈ വരെ പുതുതായി ഓടിച്ചു തുടങ്ങിയ എക്‌സ്പ്രസ് തീവണ്ടിക്ക് ‘ഗംഗാ-കാവേരി എക്‌സ്പ്രസ്’ എന്ന് പേരിട്ടത്. അതേ ക്രമത്തില്‍പ്പെട്ട നാമകരണമായിരുന്നു ‘പുരുഷോത്തമ എക്‌സ്പ്രസ്സ്.’ അവിടത്തെ പുരുഷോത്തമന്‍ ഒഡീസയിലെ പുരിയിലെ ദേവമൂര്‍ത്തിയാണ്. ഇവിടെ നാമകരണം സ്ഥലത്തിനപ്പുറം പ്രതിഷ്ഠയില്‍തന്നെ എത്തുന്നു. ഇതുപോലെ ഒന്നിലേറെ തീവണ്ടികള്‍ പലേടങ്ങളില്‍നിന്നും ആസാമിലെ ഗുവാഹട്ടിയില്‍ പോകുന്നവയുണ്ട്. അവയ്‌ക്കെല്ലാം പേര് ‘കാമാഖ്യ’ വെച്ച് തുടങ്ങുന്നു. ഗുവാഹട്ടിയില്‍ സ്ഥിതി ചെയ്യുന്ന കാമാക്ഷി ക്ഷേത്രമാണ് കാമാഖ്യയെന്നറിയപ്പെടുന്നത്. ഗുവാഹട്ടി ഇവിടെ കാമാഖ്യയില്‍ ലയിച്ചിരിക്കുന്നു. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍. ഇതെല്ലാം നടന്നത് ഇപ്പറയപ്പെടുന്ന സെക്കുലര്‍വാദികളുടെ ഭരണകാലത്താണ്. വാസ്തവത്തില്‍ ഇതില്‍ യാതൊരസ്വാഭാവികതയുമില്ല. 1947 ലെ പാതിരാവില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യപതാക ഉയര്‍ത്തവേ പണ്ഡിറ്റ് നെഹ്രു ഉദീരണം ചെയ്ത വചനങ്ങള്‍ “”The soul of nation long suppressed finds utterance”((ചിരകാല മായി അമര്‍ത്തപ്പെട്ട രാഷ്ട്രത്തിന്റെ ആത്മാവ് മുഖരിതമാവുന്നു.) അര്‍ത്ഥപൂര്‍ണ്ണമാവുകയാണിവിടെ.
ഭാരതത്തിന്റെ ഈ ജനതാഭൂമിബന്ധം പരിഗണിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മറ്റൊരു ഉദാഹരണമാണ് ‘പില്‍ഗ്രിം ടൂറിസം’ (തീര്‍ത്ഥാടനപര്യടനം.) ഈ പില്‍ഗ്രിം ടൂറിസം അമേരിക്കയിലോ കാനഡയിലോ നടപ്പാക്കാന്‍ സാധിക്കുമോ? സാധിക്കാത്തത് അവര്‍ സെക്കുലറിസ്റ്റ് ആയതുകൊണ്ടല്ല. ആ വിഷയം തന്നെ അവിടെ അപ്രസക്തമായതുകൊണ്ടാണ്. പില്‍ഗ്രിമേജിന് സ്‌കോപ്പില്ലെങ്കില്‍ എന്ത് പില്‍ഗ്രിം ടൂറിസം? പാകിസ്ഥാന്‍ അവകാശം പറഞ്ഞ് മേടിച്ചു വേറിട്ടുപോയ ജനവിഭാഗത്തിന്റെ ദേശമാണ്. മതത്തിന്റെ പേരില്‍ ഇസ്ലാമികരാഷ്ട്രമെന്നു പ്രഖ്യാപിച്ച ദേശം. ഭാരതം ചെയ്തതെല്ലാം തങ്ങള്‍ക്കുമാകും എന്നതാണ് അവരുടെ മട്ട്. ഭാരതം ന്യൂക്ലിയര്‍ ബോംബ് പരീക്ഷിച്ചപ്പോള്‍ ചൈനയുടെ സഹായത്തോടെ അതവരും ചെയ്തു. ശരിതന്നെ. എന്നാല്‍ പില്‍ഗ്രിം ടൂറിസം പാകിസ്ഥാനികള്‍ക്ക് കഴിയുമോ? അതിനവര്‍ക്കവിടെ പില്‍ഗ്രിം സെന്റര്‍ വേണ്ടേ? ഇതുപോലെ ഇംഗ്ലണ്ടിലോ ജര്‍മ്മനിയിലോ ഫ്രാന്‍സിലോ പില്‍ഗ്രിം ടൂറിസം ചിന്ത്യമാണോ? ആലോചിച്ചു നോക്കുക. പില്‍ഗ്രിം ടൂറിസം വിഭാവനം ചെയ്യാനും അതനുസരിച്ച് നിര്‍വ്വഹണം നടത്താനും ഒരുപക്ഷെ ഭൂലോകത്തില്‍ ഭാരതത്തിനല്ലാതെ മറ്റൊരു രാഷ്ട്രത്തിനും സാദ്ധ്യമല്ല.
ഹിമാലയത്തിലെ ചതുര്‍ധാമയാത്ര, കേരളത്തിലെ നാലമ്പലയാത്ര, മഹാരാഷ്ട്രയിലെ അഷ്ടവിനായകയാത്ര, മദ്ധ്യപ്രദേശ്-ഗുജറാത്തിലെ നര്‍മ്മദാ പരിക്രമയാത്ര, തമിഴ്‌നാട്ടില്‍ ചെന്നൈ, തിരുച്ചി, മധുരൈ കേന്ദ്രീകരിച്ചുള്ള ഈദൃശയാത്രകള്‍ ഇവയെല്ലാം ഈ പുണ്യഭൂമിയിലേ സാധിക്കൂ. ഭാരതദേശീയതയുടെ ഈ അന്യാദൃശസവിശേഷത മനസ്സിലാക്കാനും വിലയിരുത്താനും കഴിയുന്ന ബുദ്ധിമാന്മാര്‍ക്കുമാത്രമേ ശരിയായ ഭാരതത്തെ തിരിച്ചറിയാന്‍ കഴിയൂ.
(തുടരും)