ലോകത്തിലെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ആര്‍.എസ്.എസ്. ‘പ്രസിദ്ധിപരാങ്മുഖത’ മുഖമുദ്രയാക്കിക്കൊണ്ടാണ് സംഘ സ്ഥാപകനായ ഡോക്ടര്‍ജിയും പിന്നീടു വന്ന ഗുരുജിയുമൊക്കെ സംഘടനയെ നയിച്ചത്. ചരിത്രം വളച്ചൊടിക്കുകയും ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സംഘത്തിനുനേരെ ചെളിവാരിയെറിയാന്‍ ഈ നിലപാട് സഹായകരമായി. സ്ഥാപിതമായി നൂറുവര്‍ഷം തികയാറാകുമ്പോഴും ഇതിന് വലിയ മാറ്റമുണ്ടെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ നവഭാരതത്തെ രൂപപ്പെടുത്തി ചരിത്രം സൃഷ്ടിച്ച സംഘടന സ്വന്തം ചരിത്രം രചിക്കുന്നതില്‍ പിന്നിലായി എന്നു പറഞ്ഞാല്‍ തെറ്റാകില്ല.
ആധുനിക യുഗത്തില്‍ അഥവാ ഡിജിറ്റല്‍ കാലഘട്ടത്തില്‍ സംഘത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നവര്‍ക്ക് മുഖ്യ ആയുധമായി വര്‍ത്തിക്കുന്നത് ഈ വളച്ചൊടിക്കപ്പെട്ടതോ നിര്‍മ്മിച്ചെടുക്കപ്പെട്ടതോ ആയ ചരിത്രരേഖകളാണ്. രാഷ്ട്രീയ സ്വയംസേവക സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്നും ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തു എന്നുമൊക്കെ കമ്മ്യൂണിസ്റ്റുകാരും മതമൗലികവാദികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത് ഇത്തരത്തിലുള്ള കള്ളരേഖകളുടെ അടിസ്ഥാനത്തിലാണ്. സംഘം ഒരു ഹിന്ദുമതവര്‍ഗ്ഗീയ പ്രസ്ഥാനമാണ്, സംഘം സ്ഥാപിച്ചത് ഡോ.മുംഝേ ആണ്, ഇറ്റലിയിലെ നാസിസത്തിന്റെയും ജര്‍മ്മനിയിലെ ഫാസിസത്തിന്റെയും രൂപത്തിലും ആശയ അടിത്തറയിലുമാണ് അത് കെട്ടിപ്പൊക്കിയത്, ബ്രാഹ്മണജാതിക്കാരുടെ സംഘടനയാണ് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സംഘത്തിനുമേല്‍ അവര്‍ ചൊരിയുന്നത്. അവയ്‌ക്കെല്ലാം പ്രമാണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ചില ബ്രിട്ടീഷ് ഇന്ത്യാ രേഖകളാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ വെബ്‌സൈറ്റിലുടെ ബ്രിട്ടീഷ് രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രതിരോധിക്കാന്‍ ഇന്ന് സാധിക്കുന്നു.
സംഘത്തെക്കുറിച്ചുള്ള ആദ്യ ബ്രിട്ടീഷ് റിപ്പോര്‍ട്ട്
രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള ആദ്യ വിവരണം നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ ലഭിക്കുന്നത് 1929 മെയ് മാസം ആദ്യപകുതിയില്‍ സെന്‍ട്രല്‍ പ്രവിശ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ്. ‘പൊളിറ്റിക്കല്‍’ എന്ന വിഭാഗത്തിലാണ് വിവരണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
”വാര്‍ദ്ധയില്‍ ഒരു ദേശീയ വാളണ്ടിയര്‍ സേന രൂപീകരിച്ചിട്ടുണ്ട്. അത് നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയാണ്. അതിന്റെ ആദ്യ ചടങ്ങില്‍ ഹിന്ദുമഹാസഭാ നേതാക്കളായ ഡോക്ടര്‍ മുംഝേ, ചോള്‍ക്കര്‍, പരാഞ്ജ്‌പൈ എന്നിവരായിരുന്നു മുഖ്യ പ്രാസംഗികര്‍. ”ഇന്ത്യ ഹിന്ദുക്കളുടേതാണ് ന്യൂനപക്ഷ മതക്കാര്‍ സ്വന്തം കാര്യം നോക്കട്ടെ” എന്നതായിരുന്നു അവരുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കളെ സംഘടിപ്പിക്കുകയും, അവരുടെ വീടും രാജ്യവും സംരക്ഷിക്കുകയും ആണ് ഇപ്പോഴത്തെ അവരുടെ ലക്ഷ്യം. ഹിന്ദുക്കള്‍ ഒറ്റക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടുകയുമാണ് ആത്യന്തികലക്ഷ്യം. നാഗ്പൂരിന്റെ കമാണ്ടറായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ കീഴിലാണ് ഏകദേശം നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു.” (NAI Reference File-1929_17_17)
ആര്‍.എസ്.എസ്സിനെ സംബന്ധിച്ച ആദ്യകാല റിപ്പോര്‍ട്ടുകള്‍ ‘പൊളിറ്റിക്കല്‍’ എന്ന വിഭാഗത്തിലായിരുന്നു ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീടത് ‘കമ്മ്യൂണല്‍’ എന്ന വിഭാഗത്തിലേക്ക് മാറ്റി എന്നത് ശ്രദ്ധേയമാണ്.
ആദ്യകാലത്ത് നാഗ്പൂരിലും പിന്നീട് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നതിനാല്‍ ആ കാലത്തെ ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ കണ്ടെത്താനാകില്ല. ഉള്ളതുതന്നെ സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകളാണ്. ഹിന്ദുമഹാസഭയുടെ ഒരു പോഷക സംഘടനയാണ് ആര്‍.എസ്.എസ് എന്നുമുതല്‍ ഹിന്ദുമഹാസഭയുടെ നേതാവ് ഡോക്ടര്‍ മുംഝെയാണ് സംഘം സ്ഥാപിച്ചത് എന്നുവരെയുള്ള തെറ്റായ വിവരങ്ങളാണ് ആദ്യകാലത്തെ ബ്രിട്ടീഷ് രേഖകളില്‍ കാണാനാവുക.
പേരിനോ പ്രശസ്തിക്കോ പ്രാധാന്യം കൊടുക്കാതെ നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുപോന്ന സംഘടനയായതിനാല്‍ തുടക്കകാലത്ത് ബ്രിട്ടീഷുകാര്‍ സംഘത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം തെറ്റുകള്‍ കടന്നുകൂടുക സ്വാഭാവികമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സംഘം വളരുകയും അതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് ബ്രിട്ടീഷുകാര്‍ സംഘത്തെ കൂടുതല്‍ നിരീക്ഷിക്കുകയും ഗൗരവത്തോടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. തുടക്കകാലത്തെ പിഴവുകള്‍ പിന്നീടവര്‍ തിരുത്തിയിട്ടുമുണ്ട്. എന്നാല്‍ പഴയ റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് കമ്മ്യൂണിസ്റ്റുകാരും മതമൗലികവാദികളും ഇന്നും സംഘത്തിനെതിരെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഫാസിസം, നാസികളുടെ യൂണിഫോം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം തുടക്കകാലത്തെ ഈ ബ്രിട്ടീഷ് രേഖകളാണ് എന്നതാണ് രസകരമായ വസ്തുത.
സംഘത്തെക്കുറിച്ചുള്ള തുടക്കകാലത്തെ ധാരണകള്‍
ബ്രിട്ടീഷുകാര്‍ തുടക്കകാലത്ത് സംഘത്തെ കണ്ടിരുന്നത് ഹിന്ദുമഹാസഭയുടെ ഭാഗമായാണ്. ഒരു പുതിയ സംഘടന രൂപീകരിച്ച കോലാഹലങ്ങള്‍ ഒന്നും സംഘരൂപീകരണ സമയത്ത് ഉണ്ടായിരുന്നില്ല. സംഘം ആരംഭിച്ച ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘടനയുടെ നേതാവ് എന്ന നിലയില്‍ എവിടെയും സാന്നിധ്യം അറിയിച്ചിരുന്നുമില്ല. അതേസമയം ഡോക്ടര്‍ ഹെഡ്‌ഗേവാറുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഹിന്ദുമഹാസഭാ നേതാക്കള്‍ സംഘത്തിന്റെ പരിപാടികളില്‍ സംസാരിക്കുകയും സംഘം ജനകീയമാകണം എന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അന്നത്തെ ഹിന്ദുമഹാസഭയുടെ പ്രധാന നേതാവായിരുന്ന ഡോക്ര്‍ മുംഝേ തന്നെയാണ് ആര്‍.എസ്.എസ്സും സ്ഥാപിച്ചത് എന്നാണ് ബ്രിട്ടീഷുകാര്‍ കരുതിപ്പോന്നത്. ബ്രിട്ടീഷുകാരുടെ ആ പിഴവിനെ ദുരുപയോഗം ചെയ്ത് ഡോക്ടര്‍ മുംഝേയുടെ പേരില്‍ ഉന്നയിക്കാവുന്ന ആരോപണങ്ങളെല്ലാം സംഘത്തിനുനേരെ തിരിച്ചുവിടാന്‍ പലരും മനപ്പൂര്‍വ്വം ശ്രമിച്ചിരുന്നു. ഒരു സൈനിക സ്‌കൂള്‍ ആരംഭിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡോക്ടര്‍ മുംഝേ 1931-ല്‍ യൂറോപ്പ് സന്ദര്‍ശിക്കുകയും ഇറ്റാലിയന്‍ ഏകാധിപതി മുസ്സോളിനിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ച് സംഘത്തിന്റെ ആശയത്തിന്റെ അടിസ്ഥാനം ഇറ്റാലിയന്‍ ഫാസിസ്റ്റ് സംഘടനയാണെന്നുവരെ അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
1931 ഒക്ടോബര്‍ മാസം രണ്ടാം പകുതിയിലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ മുതല്‍ ഡോക്ടര്‍ മുംഝേയെ ആര്‍.എസ്.എസ്സിന്റെ ഭാഗമായി രേഖപ്പെടുത്തുന്നുണ്ട്. ആ റിപ്പോര്‍ട്ടിലെ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ സംഘത്തെ രേഖപ്പെടുത്തിയത് ‘മുംഝേയുടെ പട്ടാളം’ എന്നായിരുന്നു. ‘ഡോക്ടര്‍ മുംഝേയുടെ പട്ടാളമായ രാഷ്ട്രീയ സ്വയംസേവക സംഘം, ദസറ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 19-ന് പഴയ ആചാരമായ ആയുധപൂജ നടത്തി. ബോംബെയിലെ ഡോക്ടര്‍ സാവര്‍ക്കറെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മുഖ്യ പ്രാസംഗികനായ ഹെഡ്‌ഗേവാര്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ കടുത്ത മുഹമ്മദീയ വിരുദ്ധ പ്രസംഗം നടത്തി. പ്രവിശ്യയില്‍ സംഘടനയ്ക്ക് ഇപ്പോള്‍ 60 ശാഖകള്‍ ഉണ്ടെന്നും 6000 അംഗങ്ങള്‍ അതിലായി ഉണ്ടെന്നും പ്രസംഗിച്ചു. പിന്നീട് 600 പേര്‍ യൂണിഫോമില്‍ പങ്കെടുത്ത റൂട്ട്മാര്‍ച്ച് തെരുവിലൂടെ നാല് വരിയായി അണിനിരത്തിക്കൊണ്ട് നടത്തി.’ (NAI Reference:- Home-Political-NA-1931-NA_F-18_X-Oct)
ചടങ്ങില്‍ ഡോ. ഹെഡ്‌ഗേവാര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി എന്ന് വിവരിക്കുന്നുണ്ടെങ്കിലും എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നില്ല. അതോടൊപ്പം അവിടുത്തെ ഭോന്‍സ്‌ലെ കുടുംബത്തിലെ പ്രമുഖ അംഗമായ രാജാ ലക്ഷ്മണ്‍ റാവു ഭോന്‍സ്‌ലെ കാറിലിരുന്നു കൊണ്ട് റൂട്ട്മാര്‍ച്ചില്‍ പങ്കെടുത്തുവെന്നും ആ കുടുംബത്തിലെ അംഗങ്ങള്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള ഹിന്ദു സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ സംഘത്തിനും വര്‍ഗീയ സ്വഭാവം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹിന്ദു സ്വത്വബോധം ഉണര്‍ത്തുന്നവരെല്ലാം വര്‍ഗ്ഗീയവാദികളാണ് എന്ന കാഴ്ചപ്പാട് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കണം.
1932 ജൂലായ് രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ്സിന്റെ സര്‍ക്കാര്‍ വിരുദ്ധതയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ”ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെറിയ ആശങ്കകള്‍ ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുമായി അതിന്റെ നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി അറിവ് കിട്ടിയിട്ടുണ്ട്. നാഗ്പ്പൂരില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ഈ സംഘടനയെ കൂടുതല്‍ അടുത്ത് നിരീക്ഷിക്കേണ്ടതായുണ്ട്.” NAI Reference:- Home-Political-NA-1932-NA_F-18-10_32)
1932 ആഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ സംഘത്തെക്കുറിച്ച് പ്രത്യേക തലക്കെട്ട് നല്‍കാതെ പൊളിറ്റിക്കല്‍ വിഭാഗത്തിലോ കമ്മ്യൂണല്‍ വിഭാഗത്തിലോ ഉള്‍പ്പെടുത്താതെ പ്രത്യേകമായി കൊടുത്തിരിക്കുന്നത്, ”ഭാരതം ഹിന്ദുക്കള്‍ക്ക് എന്ന ആഹ്വാനത്തോടൊപ്പം മറാത്തയിലെ പഴയ ഭഗവധ്വജം ദേശീയ പതാകയാക്കി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം വിരുദ്ധമാണ് ഈ മുന്നേറ്റം, നാഗ്പൂരിലും ചന്ദയിലും രക്ഷാബന്ധന്‍ ദിവസം അവര്‍ യൂണിഫോമിലുള്ള പരേഡ് നടത്തുകയും ചെയ്തു.” (NAI Reference:- Home-Political-NA-1932-NA_F-18-11_32)
1932-ല്‍ സംഘം റൂട്ടുമാര്‍ച്ചിലും മറ്റ് പരിപാടികളിലും ഭഗവധ്വജം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലും മുസ്‌ലീം വിരുദ്ധതയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും എന്താണ് അത് എന്ന് വിവരിക്കുന്നില്ല. മുഗള്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ ചരിത്രവും അവരുടെ ഹിന്ദുവേട്ടകളുടെ ചരിത്രവും പ്രസംഗങ്ങളില്‍ പരാമര്‍ശിക്കുന്നതിനെയാണ് ബ്രിട്ടീഷുകാര്‍ ‘മുസ്ലിം വിരുദ്ധത’യായി ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഊഹിക്കാവുന്ന കാര്യം. അത്തരം ചര്‍ച്ചകളും പ്രസംഗങ്ങളും സംഘടനയില്‍ ഇന്നും നടക്കുന്നുണ്ട് എന്നത് ഒരു രഹസ്യമല്ല.
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രവര്‍ത്തന നിരോധനം
അത്രയും കാലം ആര്‍.എസ്.എസ് എന്ന സംഘടനയെ നിരീക്ഷിക്കുക മാത്രം ചെയ്തിരുന്ന ബ്രിട്ടീഷ് അധികൃതര്‍ ഈ റിപ്പോര്‍ട്ടിനുശേഷം സംഘത്തിനെതിരെ നടപടികളിലേക്ക് തിരിഞ്ഞു. 1932 നവംബര്‍ രണ്ടാം പകുതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ ഹിന്ദുമഹാസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. അതോടൊപ്പം പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആര്‍.എസ്.എസ്സിന്റെ പരിശ്രമത്തെ അവര്‍ സഹായിക്കാന്‍ തീരുമാനിച്ചതും വിവരിക്കുന്നുണ്ട്. സംഘത്തിന്റെ മദ്ധ്യദേശത്തിലെ വളര്‍ച്ച വിലയിരുത്തിയ ബ്രിട്ടീഷുകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള സംഘടനയുടെ തീരുമാനത്തെ ഗൗരവത്തോടെയാണ് കണ്ടത്. ജാതീയമായ തൊട്ടുകൂടായ്മയ്‌ക്കെതിരെ ഹിന്ദു സംഘടനകള്‍ നിലപാടെടുത്താല്‍ അത് ഹിന്ദു ഐക്യത്തിന് കാരണമാകുമെന്നും ജാതീയമായി ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഭയന്നിരിക്കണം. (NAI Reference:-Home_Polit ical_NA_1932_NA_F-18-14_32)
എന്തായാലും 1932 ഡിസംബര്‍ മാസത്തോടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മാത്രമല്ല, ഡിസംബര്‍ മാസം ആദ്യപകുതിയിലെ റിപ്പോര്‍ട്ട് മുതല്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള ക്യാമ്പയിനിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സംഘത്തെ ‘കമ്മ്യൂണല്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചു.
”വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേരില്‍ അറിയപ്പെടുന്ന ഹിന്ദു സംഘടനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി”. (Reference:- Home_Political_NA_1932_NA_F-18-14_33)
1933ലെ രസകരമായ ഒരു സംഭവം ബ്രിട്ടീഷ് റിപ്പോര്‍ട്ടിലുണ്ട്. ഗാന്ധിജി പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയില്‍ സംഘത്തിന്റെ ബാന്‍ഡ് മേളം അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതില്‍ നിന്നും സംഘം വിട്ടുനിന്നു എന്നതാണ് അത്. ”ഭഗവധ്വജത്തിനെ സല്യൂട്ട് ചെയ്യുന്ന ബാന്‍ഡ് സംഘത്തിന്റെ രീതി സംഘാടകര്‍ അനുവദിക്കാത്തതിനാല്‍ ആര്‍.എസ്.എസ്. ആ പരിപാടി നിരസിക്കുകയും സംഘാടകര്‍ക്ക് മറ്റൊരു ബാന്‍ഡ് സംഘത്തിനെ വാടകയ്ക്ക് എടുക്കേണ്ടി വരികയും ചെയ്തു.” Reference:- Home-Political-NA-1933-NA_F-3-23_33)
കമ്മ്യൂണല്‍ എന്ന ആരോപണം
1932 ഒക്ടോബര്‍ മാസത്തിന്റെ ആദ്യപകുതിയിലെ സെന്‍ട്രല്‍ പ്രവിശ്യയിലെ റിപ്പോര്‍ട്ടിലും സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം പൊളിറ്റിക്കല്‍, കമ്മ്യൂണല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുത്താതെയാണ് കൊടുത്തിരിക്കുന്നത്. നാഗ്പൂരിലെ ദസറ ഉത്സവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ 1000 പ്രവര്‍ത്തകര്‍ യൂണിഫോമില്‍ ആയുധപൂജയിലും റൂട്ട്മാര്‍ച്ചിലും പങ്കെടുത്തതായി പറയുന്നുണ്ട്. വീര സാവര്‍ക്കറുടെ സഹോദരന്‍ ഗണേഷ് സാവര്‍ക്കര്‍ എന്ന ബാബാറാവു സാവര്‍ക്കറും ഭോന്‍സ്ലെ രാജ, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, ഡോക്ടര്‍ മുംഝെ എന്നിവരും ആ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് സംസാരിച്ച ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, അത് തീരുമാനിക്കേണ്ടത് ഹിന്ദുക്കളാണ് എന്ന് ആഹ്വാനം ചെയ്തു. വിദേശികളുടെയോ ഹിന്ദുക്കള്‍ അല്ലാത്തവരുടെയോ ഇടപെടല്‍ അതിനായി ആവശ്യമില്ല എന്ന് ഹെഡ്‌ഗേവാര്‍ പ്രസംഗിച്ചുവെന്നും അതിന്റെ പേരില്‍ സര്‍ക്കാര്‍ പ്രാസംഗികനെതിരെ നടപടി എടുക്കുമോ എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.
1933 ഒക്ടോബര്‍ രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ ജില്ലയിലെ ഒരു പരിപാടിയില്‍ മുസ്ലീങ്ങളെ കടന്നാക്രമിച്ചുകൊണ്ട് സംസാരിച്ചു എന്ന് വിവരിക്കുന്നുണ്ട്. കേസെടുക്കാന്‍ ആകില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് സംസാരിച്ചത് എന്ന് ഒരു റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നില്ല. അവിടെ വാറോറ എന്ന സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ മുസ്‌ലീം അക്രമത്തിനെതിരെയാണ് പ്രസംഗിച്ചത് എന്ന് ഊഹിക്കാനുള്ള സാഹചര്യം ഉണ്ട്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്.
‘2. കമ്യൂണല്‍.- രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ ജില്ലയിലെ വാറോറയിലുള്ള മുസ്ലിങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ക്രിമിനല്‍ നടപടികള്‍ എടുക്കാനുള്ള ഒന്നുമില്ലെങ്കിലും നിരീക്ഷണം ശക്തിപ്പെടുത്തും.’ Reference:- Home-Political-NA-1933_NA_F-18-12_33)
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുമുണ്ടായിരുന്ന ഹിന്ദുവിവേചനങ്ങള്‍ക്കെതിരെയും മുസ്‌ലിങ്ങളുടെ ഹിന്ദുക്കള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും നിലപാടെടുത്തു എന്നതാണ് സംഘത്തിനും ഡോക്ടര്‍ ഹെഡ്‌ഗേവാറിനും മുസ്‌ലീം വിരുദ്ധത ഉണ്ട് എന്ന് ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിക്കാന്‍ കാരണം. ഹിന്ദു എന്ന പദം മതത്തിന്റെ കാഴ്ചപ്പാടിലല്ല സംസ്‌കാരത്തിന്റെ കാഴ്ചപ്പാടിലാണ് സംഘം ദര്‍ശിക്കുന്നത് എന്നത് മുഖവിലയ്ക്ക് എടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായിരുന്നില്ല എന്ന് ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്നും ഇതേ കാരണത്താലാണ് സംഘത്തിന് വര്‍ഗ്ഗീയപരിവേഷം ചാര്‍ത്താന്‍ ചിലര്‍ തയ്യാറാകുന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.
ഫാസിസ്റ്റ് എന്ന ആരോപണം
ഹിന്ദുവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാറ്റിനെയും താറടിച്ചു കാണിക്കുക എന്ന രീതി മുഗള്‍ കാലം മുതല്‍ക്കേ ആരംഭിച്ചതാണ്. മുസ്ലിം-ക്രിസ്ത്യന്‍ മതവല്‍ക്കരണ തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരും പിന്നീട് സാംസ്‌കാരിക വിപ്ലവത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകാരും അത് ഏറ്റെടുത്തു. ലോകത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളെയെല്ലാം ചവിട്ടിമെതിച്ച് മതവും അധികാരവും സ്ഥാപിച്ചെടുത്ത മേല്‍പ്പറഞ്ഞ ശക്തികളുടെ ചരിത്രം എത്രമാത്രം രക്തപങ്കിലമാണ് എന്ന് നമുക്കറിയാം. ഇന്നും ഹിന്ദു വേട്ട നടത്താന്‍ ഈ ശക്തികള്‍ പരസ്പരം സഹായിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു നീക്കമായേ ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനയുടെ രൂപവും ഭാവവും പകര്‍ത്തിയാണ് ആര്‍.എസ്.എസ്. രൂപീകരിക്കപ്പെട്ടത് എന്ന ആരോപണത്തെ കാണാനാകൂ. ഒരു കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ആസൂത്രിതമായി നടത്തിയ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ ഇന്ന് തെളിവുകള്‍ സഹിതം തുറന്നുകാട്ടാന്‍ സാധിക്കുന്നു.
സംഘത്തിനുമേല്‍ ഫാസിസ്റ്റ് ആരോപണം ഉന്നയിക്കാനായി എതിരാളികള്‍ ഉപയോഗിക്കുന്ന Hindutva’s Foreign Tie-Up in the 1930s: Archival Evidence” എന്ന പേരിലുള്ള പ്രമുഖ ലേഖനം തന്നെ എടുക്കാം. അത് നെറ്റില്‍ ഫ്രീയായിത്തന്നെ ലഭ്യമാണ്. ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആര്‍ക്കൈവ്‌സ് തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് തലക്കെട്ട് വെളിവാക്കുന്നുണ്ട്. https://www.jstor.org/stable/4408848?seq=1
ഈ ലേഖനം എഴുതിയത് കസോലാറി മാര്‍സിയ എന്ന ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകയാണ്. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇരുപത് വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തില്‍ സംഘത്തെ ഫാസിസവുമായി കൂട്ടിക്കെട്ടാനുള്ള കഠിനമായ പരിശ്രമമാണ് നടത്തിയത്. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിനുമേല്‍ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ നെഹ്‌റു സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഈ ലേഖനത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ആക്രമിക വര്‍ഗ്ഗീയ സംഘടന, മഹാരാഷ്ട്രാ ബ്രാഹ്മണ സംഘടന, ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭരണഘടനയെ മാനിക്കുന്നില്ല, സ്വന്തമായി ഭരണഘടനയില്ല, അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പില്ല, ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പില്ല, വരവുചെലവ് കണക്കുകള്‍ രഹസ്യമാണ്, പ്രവര്‍ത്തനം രഹസ്യമാണ് തുടങ്ങിയ ആരോപണങ്ങളാണ് അവ. ഇന്നത്തെ കാലഘട്ടത്തില്‍ ആഴത്തിലുള്ള പരിശോധനയുടെ ആവശ്യം പോലുമില്ലാതെ തള്ളിക്കളയാന്‍ സാധിക്കുന്നതാണ് ഇതിലെ ആരോപണങ്ങള്‍. ഇത്രയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയെ കാണാന്‍ പോലും സാധിക്കില്ല.
1948-ല്‍ ഗാന്ധിവധത്തില്‍ പങ്കുണ്ട് എന്ന് ആരോപിച്ച് സംഘത്തെ നെഹ്രു സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ സംഘത്തിന് ഗാന്ധിവധവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയപ്പോള്‍ സംഘടനയ്ക്ക് സ്വന്തമായി ഭരണഘടനയില്ലെന്ന് പറഞ്ഞ് നിരോധനം നിലനിര്‍ത്താന്‍ നെഹ്രു സര്‍ക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാല്‍ക്കര്‍ സംഘടനയുടെ കീഴ്‌വഴക്കങ്ങളും ആശയാധിഷ്ഠാനവും വ്യക്തമാക്കി ഭരണഘടനാ രൂപത്തിലാക്കി സര്‍ക്കാരിന് നല്‍കി. ഇന്നും അതേ കീഴ്‌വഴക്കങ്ങള്‍ പിന്തുടരുന്ന സംഘടനയില്‍ ആ ലിഖിത ഭരണഘടനയ്ക്ക് ഒട്ടും പ്രാധാന്യമില്ല എന്നതാണ് വസ്തുത.
സംഘം സ്ഥാപിച്ച വ്യക്തിയുടെയും തലപ്പത്തിരുന്ന വ്യക്തികളുടെയും ജാതി ചികഞ്ഞെടുത്ത് സംഘത്തിന് ഒരു ‘സവര്‍ണ്ണജാതി’ ലേബല്‍ തുടക്കകാലത്തെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ നല്‍കിയിരുന്നു. എന്നാല്‍ സംഘത്തെ കൂടുതല്‍ അടുത്ത് നിരീക്ഷിച്ചപ്പോള്‍ അത് തെറ്റാണ് എന്ന് അവര്‍ക്ക് ബോധ്യം വന്നു. ആ ബോധ്യം അവരുടെ പിന്നീടുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നതാണ്. സംഘത്തില്‍ ജാതിയ്‌ക്കോ ജാതീയതയ്‌ക്കോ സ്ഥാനമില്ലെന്ന് സംഘത്തിന്റെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഗാന്ധിജി തന്നെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. വിഭജന സമയത്ത് സംഘത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനവും അത് ജനങ്ങളില്‍ ഉണ്ടാക്കിയ മതിപ്പും നെഹ്രുവിന്റെ കുടിലമനസ്സിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. സംഘത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ജനസ്വാധീനം തങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്ന ചിന്തയാകാം മുകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംഘത്തിന്റെ തലയില്‍ കെട്ടിവെച്ച് സംഘത്തെ നിരോധിക്കാന്‍ നെഹ്രുവിന് പ്രേരണയായത്. ഇന്നും ഈ ആരോപണങ്ങളെല്ലാം കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള സംഘവിരുദ്ധ ശക്തികള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത് വിഘടന വാദികള്‍ക്ക് സംഘം എത്രമാത്രം തലവേദന സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്.
ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സംഘത്തെ നിരോധിക്കാന്‍ നെഹ്രു സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മറ്റൊരു ആരോപണം. എന്നാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിര, ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന ഏകാധിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിവിട്ട് 1975-ല്‍ ജനാധിപത്യത്തെ അട്ടിമറിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച സമരപരമ്പരകള്‍ക്ക് നേതൃത്വം കൊടുത്തത് ആര്‍.എസ്.എസ്. ആണ് എന്ന് അറിയാത്തവരല്ല ഈ ആരോപണം ഉന്നയിക്കുന്നത്. സംഘം ഭരണഘടനയെ മാനിക്കുന്നില്ല എന്നതാണ് മറ്റൊരു ആരോപണം. നൂറുവര്‍ഷത്തോടടുക്കുന്ന പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടന, രാജ്യത്തിന്റെ ഭരണഘടനയെയോ ജനാധിപത്യ മൂല്യങ്ങളെയോ തള്ളിക്കളഞ്ഞതായ ഒരു സംഭവം ചൂണ്ടിക്കാണിക്കാന്‍ വിമര്‍ശകര്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
അയോദ്ധ്യയിലെ തര്‍ക്കമന്ദിര വിഷയത്തില്‍ ശക്തമായ നിലപാടെടുത്തതും ശ്രീരാമ ക്ഷേത്രത്തിനായി ശബ്ദമുയര്‍ത്തിയതും ഫാസിസമായി വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംഘത്തിന്റെ നിലപാടുകള്‍ ധാര്‍മ്മികമായും ചരിത്രപരമായും ശരിയായിരുന്നുവെന്ന് കോടതികളും ആര്‍ക്കിയോളജിക്കല്‍ തെളിവുകളും ഇന്ന് സാക്ഷ്യപ്പെടുത്തുന്നു. ആര്‍.എസ്.എസ്സില്‍ ഫാസിസം ആരോപിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും ഫാസിസത്തെ കവച്ചുവെക്കുന്ന ഏകാധിപത്യവും ഭീകരതയും നിഗൂഢതയും ചരിത്രത്തിലുടനീളം വെളിവാക്കിയിട്ടുള്ളവരാണ്. 1975ല്‍ അടിയന്തിരാവസ്ഥയുടെ ഏകാധിപത്യവും 1984ല്‍ സിഖുവിരുദ്ധ കലാപവുമെല്ലാം നടത്തിയവരാണ് ആര്‍.എസ്.എസ്സിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും കമ്മ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നത്.
സംഘത്തില്‍ അംഗമാകുന്നവര്‍ക്ക് മെമ്പര്‍ഷിപ്പോ മെമ്പര്‍ഷിപ്പ് ഫീസോ ഇന്നും ഇല്ല. എന്നാല്‍ പണ്ടു മുതല്‍ക്കേ ഓരോ ശാഖയിലും പങ്കെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ശാഖാതലങ്ങളില്‍ സൂക്ഷിക്കുകയും മേല്‍ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ആ സങ്കല്‍പ്പത്തില്‍ തന്നെയാണ് അതിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും. പൊതു ഇടങ്ങളില്‍ പരസ്യമായാണ് സംഘത്തിന്റെ ശാഖകള്‍ നടക്കുന്നത്. ഒരു തരത്തിലുള്ള രഹസ്യ പ്രവര്‍ത്തനങ്ങളും സംഘത്തിനില്ല. എന്നിട്ടും സംഘത്തിനുമേല്‍ ‘നിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘടന’ എന്ന ആരോപണം ഉന്നയിക്കാനാണ് വിമര്‍ശകര്‍ തയ്യാറാകുന്നത്.
വരവുചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും അതാത് സമയത്ത് സര്‍ക്കാരിനേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും ധരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍ നിന്നുള്ള ധനശേഖരണം നിയമസംവിധാനം അനുശാസിക്കുന്ന രീതിയില്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമാണ് സംഘം ചെയ്യുന്നത്. എന്നാല്‍പ്പോലും വിദേശത്തുനിന്ന് സാമ്പത്തികസഹായം പറ്റുന്ന സംഘടന എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ എതിരാളികള്‍ മടികാണിക്കാറില്ല.
കസോലാറി മാര്‍സിയ എന്ന ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകയുടെ മേല്‍പ്പറഞ്ഞ ലേഖനത്തിലെ ആരോപണങ്ങളെ വെറും ബാലിശമെന്ന് വിലയിരുത്താമെങ്കിലും അതോടൊപ്പം ആ ലേഖനത്തിലുള്ള ഗുരുതരവും വസ്തുതാപരമായ പിഴവുകളും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പ്രസ്തുത ലേഖനത്തെയും അതിലെ തെറ്റായ ഭാഗങ്ങളും ഉദ്ധരിച്ചാണ് രാജ്യത്തിനുള്ളിലും പുറത്തും പലരും ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നത്. ആ ലേഖനത്തിന്റെ നാലാമത്തെ പേജില്‍ നാഷണല്‍ ആര്‍ക്കൈവ്‌സിലെ ബ്രിട്ടീഷ് രഹസ്യരേഖയിലുള്ള 1933 വര്‍ഷത്തെ 88/33 എന്ന ഫയലിലുള്ളത് എന്ന രീതിയില്‍ താഴെ കൊടുത്തിരിക്കുന്ന ഉദ്ധരണികള്‍ ചേര്‍ത്തിരിക്കുന്നു.
”സംഘം ഭാവിയില്‍ ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനയോ, ജര്‍മ്മനിയിലെ നാസി സംഘടനയോ ആകുമെന്ന് വിലയിരുത്തുന്നത് ഒരു ആശ്ചര്യമല്ല” (“It is perhaps no exaggeration to assert that the Sangh hopes to be in future India what the “Fascist” to Italy and the “Nazi” to Germany.”)
എന്നാല്‍ ഈ വരികളുള്ളത് 1933 വര്‍ഷത്തിലല്ല. മറിച്ച് 1940 ലെ രഹസ്യ ഫയലിലാണ്. അതുമാത്രമല്ല, ഈ വരികളുള്ളത് റിപ്പോര്‍ട്ടിലല്ല; മറിച്ച് ഡ്രാഫ്റ്റില്‍ മാത്രമാണ്. കത്തുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിന് മുന്നോടിയായി തെറ്റുകളും വെട്ടിത്തിരുത്തലുകളും നിറഞ്ഞതാണ് ഡ്രാഫ്റ്റ്.
ഡ്രാഫ്റ്റില്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ഭാഗത്തിലെ വാചകം ഇത്തരത്തിലാണ്. “It is perhaps no exaggeration to say that the Sangh hopes to be in future India what the “Fascist” to Italy and the “Nazi” to Germany.”
പ്രസ്തുത ലേഖനത്തില്‍ 1933-ലേതായി ഉദ്ധരിച്ചിരിക്കുന്ന വാചകവും 1940-ലെ ഡ്രാഫ്റ്റിലുള്ള വാചകവും തമ്മില്‍ ഒരു വാക്കിന്റെ പ്രയോഗത്തിലെ(say/assert)- വ്യത്യാസം മാത്രമേയുള്ളൂ എന്ന് കാണാം.
ഒറിജിനല്‍ റിപ്പോര്‍ട്ട് (NAI Reference:- HOME _POLITICAL _NA_1940_NA_F-92-39_PART-1)
ഡ്രാഫ്റ്റ് (NAI Reference:- HOME_POLITICAL_NA_1940_NA_F-92-39_PART-1)
അതായത് ആര്‍.എസ്.എസ് ഭാവിയില്‍ ഫാസിസ്റ്റ്-നാസിസ്റ്റ് സംഘടനയാകും എന്നുള്ള അടിസ്ഥാനരഹിതമായ ചിന്തയെ ഡ്രാഫ്റ്റില്‍ കൊടുത്തത് ഒറിജിനല്‍ റിപ്പോര്‍ട്ടാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിക്കാന്‍ ലേഖനത്തില്‍ വര്‍ഷവും ഫയല്‍ നമ്പറും തെറ്റിച്ചുകൊടുത്ത് ലേഖിക കസോലാറി മാര്‍സിയ മനഃപ്പൂര്‍വ്വം ശ്രമം നടത്തി. 1930 കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ് പ്രസ്തുത ലേഖനം എന്നതുകൊണ്ട് സൗകര്യപൂര്‍വ്വം 1933ലേതായി ഉള്‍പ്പെടുത്തിയതുമാകാം. അതോടൊപ്പം പ്രസ്തുത വരികള്‍ ഡ്രാഫ്റ്റില്‍ മാത്രമാണുണ്ടായിരുന്നതെന്നും യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ ആ വരികള്‍ നീക്കം ചെയ്തിരുന്നു എന്നുമുള്ള കാര്യം അവര്‍ മറച്ചുവെച്ചു.
1933-ലെ അത്തരമൊരു ഫയല്‍, നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഉണ്ടോ എന്നത് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോരെങ്കില്‍ പ്രസ്തുത വരികള്‍ മുമ്പുള്ള റിപ്പോര്‍ട്ടില്‍നിന്ന് കടമെടുത്തതാണ് എന്ന സൂചന 1940-ലെ ഡ്രാഫ്റ്റില്‍ നല്‍കിയിട്ടുമില്ല. മറ്റൊരു റിപ്പോര്‍ട്ടിലെ വാചകം ഉപയോഗിക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവയുടെ റഫറന്‍സ് വെക്കുന്ന പതിവുണ്ട്. 1937-ലെ ഫയലിന്റെ ഒരു ഭാഗത്ത് ആര്‍.എസ്.എസ്. ഭാവി ഇന്ത്യയില്‍ ജര്‍മ്മനിയിലെ നാസികളെപ്പോലെ ഫാസിസ്റ്റ് സംഘടനയാകും എന്നൊരു വാചകം ഉള്‍പ്പെടുന്നുണ്ടെങ്കിലും 1918ലാണ് ആര്‍.എസ്.എസ്. സ്ഥാപിച്ചത് എന്ന രീതിയിലുള്ള തെറ്റുകളടങ്ങിയ ആ റിപ്പോര്‍ട്ട് തീര്‍ത്തും ഗൗരവതരമല്ലാത്ത ഒന്നായേ പരിഗണിക്കാനാകൂ.
നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഡിജിറ്റൈസ് ചെയ്യാത്ത ഫയലിലാണ് ആ വാചകമുള്ളത് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ, 1940-ലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍നിന്ന് ഈ വാചകം പ്രസക്തമല്ലെന്നുകണ്ട് നീക്കം ചെയ്തു എന്നും കാണേണ്ടിവരും. മറ്റൊരു വസ്തുതയുള്ളത്, രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കുന്നത് 1939 നുശേഷമാണ്. അതുവരെയുള്ള സംഘത്തെ സംബന്ധിച്ച ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ക്ക് ഒരു ഖണ്ഡികയില്‍ ഒതുങ്ങുന്ന പ്രാധാന്യമേ ഉണ്ടായിരുന്നുള്ളൂ എന്നതും കാണാം. നിരവധി തെറ്റുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങളും കൂടി അതിലുള്‍പ്പെടുമെന്നതിനാല്‍ അത്രയും ഗൗരവമേ അതിന് നല്‍കപ്പെട്ടിട്ടുള്ളൂ.
ഇനി 1940-ലെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ചാല്‍ അതൊരു രഹസ്യ സിഐഡി റിപ്പോര്‍ട്ടാണെന്ന് മനസ്സിലാകും. സംഘത്തെ ഗൗരവതരമായി വിലയിരുത്തുന്ന ലഭ്യമായ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് അത്. 1932-ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചു എന്നതല്ലാതെ, 1939 വരെ സംഘത്തിനെ കാര്യമായി ബ്രിട്ടീഷുകാര്‍ നിരീക്ഷിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ലേഖനത്തില്‍ 1933-ല്‍ ഉണ്ടായിരുന്നതായി പറയുന്ന വാചകത്തിന് പ്രസക്തി പോലുമില്ല. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താതെയാണ് ആര്‍.എസ്.എസ്സിന് ഫാസിസ്റ്റ് ലേബല്‍ ചാര്‍ത്താന്‍ ലേഖിക കസോലാറി മാര്‍സിയ ശ്രമിച്ചത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. സംഘത്തിനെതിരെ കൃത്യമായ പ്രൊപ്പഗണ്ട ഇറക്കുക എന്നതു മാത്രമായിരുന്നു ലേഖികയുടെ ഉദ്ദേശ്യം.
ഡോക്ടര്‍ മുംഝെയും ആര്‍.എസ്.എസ്സും
സംഘത്തെ നാസിസത്തോടും ഫാസിസത്തോടുമൊക്കെ തരംപോലെ ബന്ധപ്പെടുത്താന്‍ കസോലാറി മാര്‍സിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധിച്ചത് സംഘ സ്ഥാപകനായ ഡോക്ടര്‍ജിക്ക് ഡോക്ടര്‍ മുംഝെയുമായി ഉണ്ടായ അടുത്ത ബന്ധം മൂലമായിരുന്നു. സംഘടനയുടെ തുടക്കകാലത്ത് ഡോ.മുഝേയുടെ സഹായസഹകരണങ്ങള്‍ ഡോക്ടര്‍ജി പ്രയോജനപ്പെടുത്തി എന്നതിനാലാവാം സംഘത്തിന്റെ നേതാവായും സ്ഥാപകനായിപ്പോലും അദ്ദേഹത്തെ ബ്രിട്ടീഷ് അധികൃതര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഡോക്ടര്‍ജി കോണ്‍ഗ്രസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്രതന്നെയോ അതിനേക്കാള്‍ കൂടുതലോ ആയി ഹിന്ദു മഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാലാവാം ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായിത്തീര്‍ന്നത്.
ഡോക്ര്‍ മുംഝെ 1930-ന്റെ തുടക്കകാലത്ത് ഒരു സൈനിക സ്‌കൂള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അതിനെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി അദ്ദേഹം യൂറോപ്പ് സന്ദര്‍ശിച്ചു. 1931 മാര്‍ച്ച് 15 മുതല്‍ 24 വരെ റോമില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മുംഝെ, ഇറ്റാലിയിലെ ഭരണാധികാരിയായ മുസ്സോളിനിയെയും സന്ദര്‍ശിച്ചിരുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെ ക്രൂരതകള്‍ അക്കാലത്ത് വേണ്ട രീതിയില്‍ പുറത്തു വന്നിരുന്നില്ല. അതിനാല്‍ ലോകം അത് ചര്‍ച്ച ചെയ്തിരുന്നില്ല. അതിനാല്‍ ആ സന്ദര്‍ഭത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ല. അങ്ങനെ ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ 1935-ല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദു മിലിട്ടറി സ്‌കൂള്‍ ആരംഭിക്കാന്‍ ഡോക്ടര്‍ മുംഝെയ്ക്ക് സാധിച്ചു.
എന്നാല്‍ പില്‍ക്കാലത്ത് രണ്ടാം ലോകമഹായുദ്ധത്തോടെ മുസ്സോളിനിയുടേയും ഹിറ്റ്‌ലറുടെയും ഏകാധിപത്യ ഫാസിസ്റ്റ്-നാസിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകള്‍ ലോകത്ത് ചര്‍ച്ചയാവുകയും മുംഝെയുടെ ഈ യാത്രയേയും ആര്‍.എസ്.എസ്സിനേയും ബന്ധപ്പെടുത്തി കുബുദ്ധികള്‍ കഥകള്‍ മെനയുകയും ചെയ്തു. ഡോക്ടര്‍ മുംഝെ ആര്‍.എസ്.എസ് പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ടെങ്കിലും ആര്‍.എസ്.എസ്സിനോ മുംഝെയ്‌ക്കോ ഫാസിസ്റ്റ് ബന്ധം ബ്രിട്ടീഷ് അധികൃതര്‍ ആരോപിച്ചിട്ടില്ല.
എന്നാല്‍, ഡോക്ടര്‍ മുംഝെ ഇറ്റലി സന്ദര്‍ശിച്ച അതേ വര്‍ഷം സാക്ഷാല്‍ ഗാന്ധിജി മുസ്സോളിനിയെ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. കൂടാതെ മുസ്സോളിനിയെ ഏറ്റവും വലിയ രാജ്യതന്ത്രജ്ഞന്‍ എന്നുകൂടി ഗാന്ധിജി വാഴ്ത്തിയിട്ടുണ്ട്. അതായത് ഇന്നത്തെ കാലഘട്ടത്തില്‍ ചിന്തിക്കുന്നതുപോലെ മുസ്സോളിനിയും ഹിറ്റ്‌ലറുമൊന്നും അന്ന് ‘തൊട്ടുകൂടാത്തവര്‍’ ആയിരുന്നില്ല എന്നതാണ് വസ്തുത. അതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ഡോക്ടര്‍ മുംഝെയെയും അതിലൂടെ സംഘത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നത്.
തുടക്കത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റിയശേഷം പിന്നീടുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ ഡോക്ടര്‍ മുംഝെയെ ഹിന്ദുമഹാസഭ നേതാവ്, ഡോക്ടര്‍ ഹെഡ്‌ഗേവാറുമായി നല്ല ബന്ധമുള്ള വ്യക്തി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘത്തിന്റെ നയരൂപീകരണത്തില്‍ ഡോക്ടര്‍ മുംഝെയ്ക്ക് ഒരുവിധത്തിലുമുള്ള പങ്കും ഉണ്ടായിരുന്നില്ലെന്ന് അവര്‍ക്ക് ബോധ്യമായി. 1935-ല്‍ ഡോക്ടര്‍ മുംഝെ തന്റെ മിലിട്ടറി ട്രെയിനിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ബ്രിട്ടീഷ് രേഖകളിലുണ്ട്.(NAI Reference: Roll_00002_ File_ No_6_PART_I)ആ സൈനിക സ്‌കൂള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ വിവരിക്കുന്ന ഫയലില്‍ എവിടെയും സംഘവുമായി ബന്ധപ്പെടുത്തിയുള്ള ഒന്നും കാണാന്‍ സാധിക്കില്ല. കൂടാതെ മുംഝെയുടെ മറ്റു താല്പര്യങ്ങളെ അവഗണിക്കുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ നിലപാടുകളും പിന്നീട് അദ്ദേഹത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ നിലപാടുകളും വിവിധ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളിലൂടെ ലഭ്യമാകുന്നുണ്ട്.
(തുടരും)