ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005 മാര്‍ച്ചില്‍ യുഎസ് പര്യടനത്തിനുള്ള നയതന്ത്ര വിസയ്ക്കുള്ള നരേന്ദ്ര മോദിയുടെ അപേക്ഷ അമേരിക്ക തള്ളിയെന്നു മാത്രമല്ല, നേരത്തേ നല്‍കിയിരുന്ന ടൂറിസ്റ്റ് വിസ റദ്ദാക്കുകയും ചെയ്തു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് ബുഷ് ആയിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റ്. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അമേരിക്ക ഊഷ്മള സ്വീകരണം നല്‍കി. അന്ന് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ ബാരക്ഒബാമ. പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് മോദിയെ സ്വീകരിച്ച ഒബാമ പിന്നീട് ദല്‍ഹിയില്‍ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു. 2019 ല്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈപിടിച്ചാണ് പൊതുസമ്മേളന വേദിയിലേക്ക് മോദി എത്തിയത്. മോദിയോടോപ്പം സെല്‍ഫി എടുക്കാന്‍ ട്രംപ് മറിഞ്ഞും തിരിഞ്ഞും നില്‍ക്കുന്നതിന് ലോകം സാക്ഷിയായി.
വിദേശ സഞ്ചാരം മികച്ച നയതന്ത്ര ബന്ധത്തിനുള്ള മാര്‍ഗ്ഗമാക്കിയ മോദി മറ്റൊരു വിജയകരമായ അമേരിക്കന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ക്കൊപ്പം ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച മോദി കൊവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും മുന്‍നിരയില്‍ രാജ്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് ലോകം ആദരവോടെയാണ് കേട്ടത്.
ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വി മോദിയുടെ തോല്‍വിയായി ചിത്രീകരിച്ച് ആനന്ദിച്ചവര്‍ക്കുള്ള മറുപടികൂടിയായി മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനം. അധികാര മാറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതായി സ്ഥാപിത ശക്തികള്‍ പ്രചരിപ്പിച്ച അകല്‍ച്ച അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചു.
ഭാരതവും അമേരിക്കയും തമ്മിലെ ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ഒരു തികഞ്ഞ രാഷ്ട്രതന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയത്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തതിനു പുറമെ അമേരിക്ക, ഭാരതം, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ‘ക്വാഡ്’ സഖ്യത്തിന്റെ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ അഞ്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. കമലാ ഹാരിസുമായി വൈറ്റ് ഹൗസില്‍ നടന്ന മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. ഭാരതവംശജയായ കമല ഒരു പ്രചോദനമാണെന്ന് പ്രശംസിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയുടെയും ഭാരതത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വന്തം മണ്ണിലെ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ട കമല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഈ രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നു. വൈറ്റ് ഹൗസില്‍ നടന്ന ബൈഡന്‍-മോദി കൂടിക്കാഴ്ചയില്‍ കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരത ഉറപ്പാക്കല്‍ എന്നിവയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടന്നു. ടാലന്റ്, ടെക്‌നോളജി, ട്രേഡ്, ട്രസ്റ്റിഷിപ്പ് എന്നിവയിലുള്ള പത്ത് വര്‍ഷത്തെ മാര്‍ഗരേഖയെക്കുറിച്ച് മോദി പറഞ്ഞപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ബൈഡന്‍ സംസാരിച്ചത്.
തന്റെ പേരുള്ള ചിലര്‍ ഭാരതത്തിലുണ്ടെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഇതു സംബന്ധിച്ച് താന്‍ അന്വേഷിക്കുകയുണ്ടായെന്നും, വംശപരമായ ചില രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പ്രതികരിച്ചു. ഇരുനേതാക്കളും തമ്മില്‍ ഇതിനോടകം ഉടലെടുത്തിട്ടുള്ള വ്യക്തിപരമായ അടുപ്പമാണ് ഇത് കാണിക്കുന്നത്. ഇന്തോ-പസഫിക് മേഖലയുടെയും ലോകത്തിന്റെയും സമാധാനം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ക്വാഡ് സമ്മേളനത്തില്‍ മോദി പ്രസംഗിച്ചതിനോടുള്ള പ്രതികരണമായി ഈ സഖ്യത്തിലെ നാല് രാജ്യങ്ങളും വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. ഭീകരവാദത്തെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ഉപകരണമാക്കുന്നതിനെതിരെ യുഎന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച മോദി പേരു പറയാതെ തന്നെ ചൈനയെയും പാകിസ്ഥാനെയുമാണ് ഉന്നംവച്ചതെന്ന് വ്യക്തം. സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ സങ്കീര്‍ണ സാഹചര്യം മുതലെടുക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുതെന്ന് മുന്നറിയിപ്പു നല്‍കാനും മോദി മറന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉള്‍പ്പെടെ അമേരിക്ക കൈമാറിയ 150 ലേറെ കരകൗശലവസ്തുക്കളുമായാണ് പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങിയത്.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് അമേരിക്ക സന്ദര്‍ശിച്ച ആദ്യ ഭാരതപ്രധാനമന്ത്രി. 1949ല്‍ നെഹ്‌റു കന്നി അമേരിക്കന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹാരി എസ്. ട്രൂമാന്‍ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. വിമാനത്താവളത്തിലെത്തി സ്വീകരിച്ചെങ്കിലും അസ്വസ്ഥതപ്പെടുത്താന്‍ വന്ന ആള്‍ എന്ന മനസ്സുമായിട്ടാണ് അന്ന് ട്രൂമാന്‍ നെഹ്‌റുവിനെ കണ്ടത്. ഗംഗയില്‍ കുളിക്കുന്നവരും കരിയില്‍ കിടക്കുന്നവരുമായ ജനങ്ങളുടെ രാജ്യമായ ഇന്ത്യയ്ക്ക് പ്രാധാന്യമൊന്നുമില്ലെന്ന് ട്രൂമാന്‍ പരാമര്‍ശിക്കുകയും ചെയ്തു. വൈറ്റ് ഹൗസില്‍ നെഹ്‌റുവിനൊപ്പം നിന്ന് പടം എടുക്കാന്‍പോലും ട്രൂമാന്‍ തയ്യാറായില്ല. വിമാനത്താവളത്തില്‍ വെച്ചെടുത്ത ചിത്രങ്ങളൊക്കെ മതിയെന്ന് ട്രൂമാന്‍ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. വാഷിംഗ്ടണും പെന്‍സല്‍വേനിയയും കണ്ട് നെഹ്‌റു മടങ്ങി. 1956ല്‍ വീണ്ടും നെഹ്‌റുപോയെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. മൊറാര്‍ജി ദേശായി 1978ല്‍ അമേരിക്ക സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍ ഔദ്യോഗിക വിരുന്നൊന്നും ഇല്ലായിരുന്നെങ്കിലും ജിമ്മികാര്‍ട്ടറുമായി ദക്ഷിണേന്ത്യന്‍ മേഖലകളിലേയും ആഫ്രിക്കയിലേയും സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചേരിചേരാ പ്രസ്ഥാനം അന്താരാഷ്ട്ര ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. ഇന്ദിരാഗാന്ധി 1966, 1971, 1982 വര്‍ഷങ്ങളില്‍ അമേരിക്കയിലെത്തി. വനിതാ നേതാവ് എന്ന നിലയില്‍ പരിഗണന കിട്ടിയെങ്കിലും അമേരിക്ക പറയുന്നത് കേട്ടുമടങ്ങുന്ന പ്രതീതിയായിരുന്നു. പാകിസ്ഥാനെതിരെ ഒരിക്കലും പട്ടാള നടപടി ഉണ്ടാവില്ലെന്ന ഉറപ്പാണ് 1982ല്‍ ഇന്ദിര അമേരിക്കയ്ക്ക് നല്‍കിയത്.
1985ലും 1987ലും രാജീവ്ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, വാനനിരീക്ഷണ ഗവേഷണങ്ങളില്‍ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ കരാര്‍ വെയ്ക്കാന്‍ കഴിഞ്ഞു. സാമ്പത്തിക ദൗത്യവുമായി അമേരിക്കയിലെത്തിയ ആദ്യ ഭാരത പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖല തുറന്നിട്ടിരിക്കുന്നതായി തെളിയിക്കാനാണ് തന്റെ രണ്ട് സന്ദര്‍ശനങ്ങളിലും റാവു ശ്രദ്ധിച്ചത്. 1992ല്‍ യുഎന്‍ രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ റാവു അവിടെവെച്ച് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ കാണുകയായിരുന്നു. 1994ല്‍ പ്രസിഡന്റ് ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തുകയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രിയായിരിക്കെ ഐ.കെ. ഗുജറാള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രസിഡന്റ് ക്ലിന്റനെ കണ്ടു.
പ്രധാനമന്ത്രി എന്ന നിലയില്‍ എ.ബി. വാജ്‌പേയി നാലുതവണയാണ് അമേരിക്ക സന്ദര്‍ശിച്ചത്. 2001ല്‍ രണ്ടുതവണയും 2002ലും 2003ലും ഓരോ പ്രാവശ്യവും. ഭാരതത്തിന് പുതിയൊരു സാങ്കേതിക മുഖം നല്‍കാമെന്ന് 2001ലെ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബുഷ്, വാജ്‌പേയിക്ക് ഉറപ്പുനല്‍കി. വാജ്‌പേയിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഉയര്‍ന്ന സാങ്കേതികവിദ്യ ഭാരതത്തിനു കൈമാറുന്നതില്‍ അമേരിക്ക ഉദാരമനസ്‌കത കാട്ടിയിരുന്നു. മന്‍മോഹന്‍സിംഗ് എട്ട് പ്രാവശ്യം അമേരിക്കയില്‍ എത്തിയെങ്കിലും ആണവ കരാര്‍ ഉള്‍പ്പെടെ വിവാദങ്ങളില്‍ ചെന്നുപെട്ടതല്ലാതെ കാര്യമായൊന്നും ചെയ്യാനായില്ല.
അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നതില്‍ തര്‍ക്കമില്ല. അകറ്റിനിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയ്ക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ഏഴാമത് യാത്രയായിരുന്നു കഴിഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ആരായാലും പാര്‍ട്ടി ഏതായാലും ഇന്ത്യയോടുള്ള സമീപനവും നിലപാടുകളും ഇന്ത്യന്‍ നേതൃത്വത്തിന്റെ മികവുകൂടി അടിസ്ഥാനമാക്കിയാകും എന്നതിന് അടിവരയിട്ടാണ് മോദി മടങ്ങിയത്. ഒബാമയോട് പുലര്‍ത്തിയിരുന്ന അടുപ്പവും ബന്ധവും ദൃഢമായിതന്നെ ട്രംപിനോടു പുലര്‍ത്താന്‍ കഴിഞ്ഞ നരേന്ദ്ര മോദിക്ക് ജോ ബൈഡനോടും അതാകും എന്നത് തെളിയിച്ചു. ജോ ബൈഡനും മോദിയും തമ്മിലുള്ള സുഹൃത്ത് ബന്ധം പുതിയ കാര്യമല്ല. വളരെ കാലം മുന്‍പ് അവര്‍ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവന്‍മാരായ ശേഷവും ആ അടുപ്പവും സ്‌നേഹവും ഇരുവരും പങ്കിടുന്നു. നെഹ്‌റുവിനൊപ്പം ഫോട്ടോ എടുക്കാന്‍ ഹാരി എസ്. ട്രൂമാന്‍ മടികാട്ടിയെങ്കില്‍ മോദിക്കൊപ്പം സെല്‍ഫിക്കായി ചാഞ്ഞും ചെരിഞ്ഞും നിന്ന ട്രംപിലേക്കുള്ള ദൂരം അമേരിക്ക- ഇന്ത്യ ബന്ധത്തിന്റെ അളവുകോലാണ്. ഇന്ത്യയെ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോകാനാകില്ലന്ന് അറിയാവുന്ന ബൈഡനും ആ ബന്ധത്തില്‍ നിന്ന് പിന്നോട്ടു പോകാനാകില്ലന്ന് തെളിയിക്കുന്നതായി നരേന്ദ്രമോദിയുടെ സന്ദര്‍ശനം.
Comments