കൃതഹസ്തനായൊരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പ്രശസ്തനായ രവിവര്‍മ്മത്തമ്പുരാന്റെ രചനകള്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. അദ്ദേഹത്തിന്റെ സവിശേഷമായ രചനാ കൗശലത്തില്‍ പിറന്ന ‘ഭയങ്കരാമുടി’ എന്ന നോവല്‍ മലയാള സാഹിത്യത്തില്‍ ഒരു ചിന്താവിസ്‌ഫോടനം തന്നെ സൃഷ്ടിച്ചു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലത്തിലും പത്രമാധ്യമരംഗത്തും മതതീവ്രവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അധിനിവേശത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഭയങ്കരാമുടി. ന്യൂസ് ഡെസ്‌കുകളില്‍ സ്ലീപ്പര്‍ സെല്ലുകളെ അവരോധിച്ച് തീവ്രവാദികള്‍ നടത്തുന്ന ബൗദ്ധികഭീകരാക്രമണമാണ് ഭയങ്കരാമുടിയുടെ കാതല്‍. അതേ സീരീസില്‍പെട്ട, കുറച്ചുകൂടി കട്ടിയും അകക്കാമ്പുമുള്ള പുതിയ നോവലാണ് മുടിപ്പേച്ച്. ആ സീരീസില്‍പ്പെടുകയും സൃഷ്ടിപരമായ അനിവാര്യതക്കൊത്ത് അതിലെ കഥാപാത്രങ്ങള്‍ രംഗത്തുവരികയും ചെയ്യുന്നുവെങ്കിലും മുടിപ്പേച്ച് സ്വയമേവ ഒരു സ്വതന്ത്രനോവലായി നിലനില്‍ക്കുന്നു.
മാനവ ചരിത്രത്തിലിന്നോളം എല്ലാ ജനപഥങ്ങളിലും നവോത്ഥാനമെന്ന വാക്കും പരികല്പനയും ഏറെ ചര്‍ച്ചകള്‍ക്കും അവകാശവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. സാക്ഷരതയിലും സാഹിത്യ രാഷ്ട്രീയ അഭിനിവേശത്തിലും ഒരുപാട് മുന്‍പില്‍ നില്‍ക്കുന്ന മലയാളം, നവോത്ഥാനത്തെ ഏറെക്കാലം മുന്‍പേ തന്നെ നെഞ്ചോടു ചേര്‍ത്തു. എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ സാഹിത്യസാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ചരിത്രവ്യാഖ്യാനങ്ങളുടെ കുത്തൊഴുക്കായി. രാഷ്ട്രീയം വീക്ഷണങ്ങളെ മലീമസമാക്കി. തനതായ ഒരു സ്വത്വമെന്ന അസ്തിത്വമുള്ള മലയാളത്തിന്, ഭാരതീയതയോട് ചേര്‍ന്ന് നില്‍ക്കുന്ന അതിന്റെ ഉള്‍ക്കരുത്തും ആര്‍ജ്ജവവും കൊണ്ട് ഉദ്ഗ്രഥിക്കപ്പെട്ട നവോത്ഥാനത്തിന്, അവകാശികള്‍ ഏറെയുണ്ടായി. കൃത്രിമവും വ്യാജവും പക്ഷപാതപരവുമായ വ്യാഖ്യാനങ്ങളും രചനാരീതിയുംകൊണ്ട് തത്പരകക്ഷികള്‍ നവോത്ഥാനത്തിന്റെ രേഖപ്പെടുത്തലിനേയും സമീപനത്തേയും വിഷലിപ്തമാക്കി.
ഈ വസ്തുതയെക്കുറിച്ച് മുടിപ്പേച്ചില്‍ ‘കാലാംഗന’ ഇങ്ങിനെ പറയുന്നു….
”കാലവും ചരിത്രവും എല്ലാ കാലത്തും അങ്ങനയാണ്. നാക്കിന് ബലമുള്ളവര്‍ അതിനെ വ്യാഖ്യാനിച്ച് സ്വന്തം ഭാഗത്തോട് ചേര്‍ക്കുന്നു.”
ഇത്തരത്തില്‍ സ്വതന്ത്ര കേരളം നിശ്ശബ്ദം സഹിച്ചു കൊണ്ടിരിക്കുന്ന വ്യാജചരിത്രനിര്‍മ്മിതി എന്ന കുറ്റകൃത്യത്തിന്, അനീതിക്ക് എതിരെയുള്ള മൂര്‍ച്ചയേറിയ മറുപടിയാണ് മുടിപ്പേച്ച് എന്ന നോവല്‍.തണ്ടെല്ലുറപ്പുള്ള, സത്യസന്ധമായ ഒരു ചരിത്രാഖ്യായികയാണിത്. സാധാരണ അത്തരം പുസ്തകങ്ങളില്‍ കാണപ്പെടുന്നതുപോലെ ചരിത്രത്തെ ഫിക്ഷനോട് കൂട്ടിക്കുഴച്ച് അവനവനാവശ്യമുള്ള ആലയില്‍ കൊണ്ടുക്കെട്ടുക എന്ന ദുര്‍വൃത്തി ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത മഹത്തായ പുസ്തകം. ഭാര്‍ഗ്ഗവ ക്ഷേത്രത്തിന്റെ 500 വര്‍ഷത്തെ ചരിത്രമാണിത്.
കറുത്ത പൊന്ന് തേടി കേരള തീരത്തെത്തി ഇവിടം കൊള്ളയടിക്കാന്‍ തുടങ്ങിയ പറങ്കികള്‍ക്കെതിരെ ഭക്തി എന്ന അടിസ്ഥാനവികാരം കൊണ്ട് പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനില്‍ നിന്നാണ് കേരളീയ നവോത്ഥാനത്തിന്റെ നീരുറവ ആദ്യമായി പൊട്ടി വരുന്നത്. അവിടെ നിന്നിങ്ങോട്ട് അതൊരരുവിയായി, നദിയായി, അലകടലായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഈ കാലയളവില്‍ ഈ നാട് ഭരിച്ച രാജവംശങ്ങളും നാടിന്റെ ജൈവിക ഭാഗങ്ങളായിരുന്ന സമുദായങ്ങളും ആ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സമുദായങ്ങള്‍ പരസ്പരം കലഹിക്കാതെ ആശയങ്ങളുടെയും ആര്‍ജ്ജവത്തിന്റയും കൊടുക്കല്‍ വാങ്ങലിലൂടെയാണ് കേരളീയ നവോത്ഥാനം സഫലമായത്.
പോര്‍ച്ചുഗീസുകാരുടെ തനിപ്പകര്‍പ്പെന്നോണം വര്‍ഗ്ഗീയ വേതാളങ്ങള്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ അരയും തലയും മുറുക്കി രംഗത്തു വന്ന കാലമാണിത്. അതിനായി അവര്‍ ചരിത്രത്തെ മൂര്‍ച്ചയേറിയ ഒരായുധമായുപയോഗിക്കുന്നു. കേരളീയനവോത്ഥാനം സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഒരു യുദ്ധമായിരുന്നു എന്നാണ് ആ തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു മതത്തിലെ വിവിധ സമുദായങ്ങളെ തമ്മില്‍ തല്ലിക്കുവാന്‍ നവോത്ഥാനം എന്ന ഭൂമികയുടെ കപടാവതരണംകൊണ്ട് അവര്‍ ശ്രമിക്കുന്നു.”
ശ്രുതകീര്‍ത്തി എന്ന ബ്രാഹ്മണയുവതിയാണ് ഈ കഥയിലെ നായിക. സകാരണമായി അനുഭവിക്കേണ്ടി വന്ന പ്രവാസത്തിനും ജയില്‍വാസത്തിനുമൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ അവര്‍ക്ക് തന്റെ ഇല്ലത്ത് സമാധാനപരമായി താമസിക്കുവാന്‍ കഴിയുന്നില്ല. ആളും അര്‍ത്ഥവും അധികാരവുമുള്ള എതിരാളികള്‍ അവരെ വേട്ടയാടുന്നു. സമകാലിക ഭാരതത്തില്‍ സംഭവിച്ച പല ഭീകരാക്രമണങ്ങളും അവയുടെ രാഷ്ട്രീയ ബന്ധങ്ങളും ഈ നോവലില്‍ കൃത്യമായി ഇടം പിടിച്ചിട്ടുണ്ട്. കൊറോണ വൈറസ് അതിന്റെ അക്രമം തുടങ്ങി പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാലത്താണ് ഈ കഥയുടെ സിംഹഭാഗവും നടക്കുന്നത്.
വിശ്വപ്രസിദ്ധങ്ങളായ വിവിധ വിദേശസാഹിത്യ ഗ്രന്ഥങ്ങളിലവലംബിച്ചിട്ടുള്ള ടൈം ട്രാവല്‍ എന്ന ആഖ്യാനശൈലിയാണിവിടെ രവിവര്‍മ്മത്തമ്പുരാന്‍ പിന്‍തുടരുന്നത്. കാലചക്രവും കാലപുരുഷനും ഭാരതീയര്‍ക്കും മലയാളികള്‍ക്കും സുപരിചിതമാണ്. ഇവിടെ ഒരു കാലചക്രമുണ്ട്. അതില്‍ ആഖ്യാതാവായി ഒരു കാലാംഗനയും. ആ ഒരൊറ്റ സംവിധാനം കൊണ്ട് തന്നെ ഈ നോവല്‍ ഒരു വിപ്ലവമാണ്. കാരണം നമ്മുടെ സങ്കല്പനങ്ങളില്‍ കാലഗതി നിയന്ത്രിക്കുന്ന, ഭൂതവും ഭാവിയും വര്‍ത്തമാനവും കയ്യിലിട്ടമ്മാനമാടുന്ന, ആ പ്രകൃത്യതീത ശക്തി എന്നും ഒരു പുരുഷനായിരുന്നു. ആ സങ്കല്‍പ്പത്തിന്റെ പുരുഷഭാവത്തെ ഈ നോവല്‍ തച്ചുതകര്‍ക്കുന്നു. ഇവിടെ അതൊരു കാലാംഗനയാണ്, സ്ത്രീയാണ്.
ശ്രുതകീര്‍ത്തിയേയും സഹപ്രവര്‍ത്തകരേയും 500 വര്‍ഷത്തെ ചരിത്രത്തിലുടെ തിരിച്ചു സഞ്ചരിപ്പിക്കുകയാണ് ആ കാലചക്രം. ആ ചരിത്രം വിശദീകരിക്കുകയാണ് ആ കാലാംഗന.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാരഗര്‍വ്വിനെ വെല്ലുവിളിച്ചുകൊണ്ട് രണ്ടാം നവോത്ഥാനത്തിനു തുടക്കം കുറിച്ച അയ്യാ വൈകുണ്ഠ സ്വാമികളുടെ പ്രവര്‍ത്തനത്തിന്റെ കൃത്യമായ ചിത്രത്തിലൂടെ നോവല്‍ പുതിയൊരു തലത്തിലേക്ക് കടക്കുന്നു. സോഷ്യലിസം എന്ന ഇറക്കുമതി വാക്ക് കേള്‍ക്കുന്നതിനും മുന്‍പേ ആര്‍ഷഭാരത സംസ്‌കാരത്തിലും സനാതന സംസ്‌കാരത്തിലും അടിയുറച്ച സമത്വമെന്ന ആശയത്തിലൂന്നിയ ഒരു നവോത്ഥാനക്കപ്പല്‍ ഇവിടെ നങ്കൂരമിട്ടിരുന്നു. അതിന്റെ കൊടിക്കൂറയില്‍ സംസ്‌കൃതമെന്ന ദേവദാഷയില്‍ ദേവനാഗരി ലിപിയില്‍ ലോകാ സമസ്താ സുഖിനോഭവന്തു എന്നെഴുതിയിട്ടുണ്ടായിരുന്നു.
അന്നുതൊട്ടിന്നോളം ആ കൊടിക്കൂറ വഹിച്ച നവോത്ഥാന നായകരെല്ലാം തന്നെ സമത്വം എന്ന ആ ഭാരതീയ ദര്‍ശനത്താല്‍ പ്രചോദിതരായവരാണെന്ന വസ്തുത ചരിത്രത്തിലെ കൃത്യമായ ദശാസന്ധികളെ ഉദ്ധരിച്ചുകൊണ്ട് നോവല്‍ വരച്ചുകാട്ടുന്നു. ഇത്തരത്തില്‍ സമത്വമെന്ന ആശയം ആത്മാവില്‍ സ്വീകരിച്ച ഒരു ജനതയുടെ ഇക്കോസിസ്റ്റത്തിലേക്കാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ വിത്തിറക്കിയത്. സ്വാഭാവികമായും മറ്റേതു ഭാരതീയ സ്വത്വത്തിലും ലഭിച്ചതിനേക്കാള്‍ വിളവ് അതിനിവിടെ കിട്ടി. അതായത് നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അല്ലാതെ വേണ്ടിടത്തും വേണ്ടാത്തിടത്തും അവര്‍ അവകാശപ്പെടും പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൃഷ്ടിയല്ല നവോത്ഥാനം.
അങ്ങിനെ സമസ്ത ലോകവും സൗഖ്യമായി വസിക്കട്ടെ എന്നും ലോകമൊരു ഒറ്റക്കിളിക്കൂടാണെന്നും (യത്ര വിശ്വം ഭവത്യേക നീഡം) പഠിപ്പിച്ച കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്കാണ് മുപ്പത് വര്‍ഷം മുന്‍പ് ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസം തങ്ങളുടെ നുണ ഫാക്ടറികളില്‍ ഉത്പാദിപ്പിച്ച വ്യാജ ചരിത്രങ്ങളുമായി വിപണനത്തിനിറങ്ങുന്നത്. ഇവിടുത്തെ ഭൂരിപക്ഷമതത്തെ ഭിന്നിപ്പിക്കുക, അതിലെ വിവിധ ഘടകങ്ങളെ വ്യാജ ചരിത്രമെന്ന ആയുധമുപയോഗിച്ച് പരസ്പരം അവിശ്വാസികളാക്കുകയും അവയില്‍ നുഴഞ്ഞു കയറി തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്ന ഹീനമായ തന്ത്രമാണ് അവരുപയോഗിക്കുന്നത്. തത്ഫലമായി ഈ രാജ്യത്തില്‍ സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കുന്ന എല്ലാ ജനസമൂഹങ്ങളേയും അന്ത:ഛിദ്രത്തിലാക്കുകയും പിന്നെ മുതലെടുത്ത് ആധിപത്യമുറപ്പിക്കുകയുമാണ് രാജ്യാന്തര മതതീവ്രവാദികളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന്റെ ഭാഗമായി അവരിവിടെ അവതരിപ്പിച്ച പദ്ധതിയാണ് സവര്‍ണ്ണനും അവര്‍ണ്ണനുമായുള്ള ശത്രുത വര്‍ദ്ധിപ്പിക്കാനുള്ള ചരിത്ര സിദ്ധാന്തങ്ങള്‍. ഹിന്ദുമതത്തിന്റെ ആചാരപരവും ദൈവികവും ആദ്ധ്യാത്മികവും ക്ഷേത്ര സംസ്‌കാരപരവുമായുള്ള എല്ലാം ബ്രാഹ്മണിസമാണെന്ന് മുദ്രകുത്തുക, ഹൈന്ദവ സംസ്‌കാരത്തില്‍ നേതൃപരമായി മുന്നോട്ടു വരുന്ന ബ്രാഹ്മണേതര മഹത് വ്യക്തിത്വങ്ങളെ മറ്റെന്തെങ്കിലും പറഞ്ഞ് ആക്ഷേപിക്കുക, കൂടാതെ അവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞു കയറി അവരുടെ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
നവോത്ഥാനത്തെച്ചൊല്ലി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെ അക്ഷരാര്‍ത്ഥത്തില്‍ ഈ മതതീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളിലൊക്കെയും നവോത്ഥാനം കേരളത്തില്‍ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നും സമുദായങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കേരളീയ നവോത്ഥാനത്തിന്റെ രീതിയെന്നുമുള്ള സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളും ആ കള്ളം വിശ്വസിക്കുകയും ചെയ്തു. സമുദായ സംഘര്‍ഷം ലക്ഷ്യമിട്ട് ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസം അവതരിപ്പിച്ച ഈ വികല സിദ്ധാന്തം തെറ്റാണെന്ന് ഈ പുസ്തകം തെളിവ് നിരത്തി സമര്‍ത്ഥിക്കുന്നു.
ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള സവര്‍ണ്ണര്‍ എല്ലാം തന്നെ ഇവിടുത്തെ താണ ജാതിയില്‍ പെട്ട ജനതയെ മുഴുവന്‍ അടിച്ചമര്‍ത്തി ദ്രോഹിക്കുകയായിരുന്നു എന്നും അതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് നവോത്ഥാനം ഉണ്ടായതെന്നും, മറ്റും ഈ രാജ്യാന്തര മതതീവ്രവാദികളും ഇടതു രാഷ്ട്രീയക്കാരും ചേര്‍ന്നവതിരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകളെ ഈ പുസ്തകം പൊളിച്ചടുക്കുന്നു.
അയ്യാ വൈകുണ്ഠ സ്വാമികള്‍ മുതല്‍ പൊയ്കയില്‍ കുമാര ഗുരുദേവന്‍ വരെയുള്ള നവോത്ഥാന നേതാക്കന്മാരുടെ ജീവിതവും പ്രവര്‍ത്തനവും ഇവിടെ അക്കമിട്ടു നിരത്തിയിരിക്കുന്നു. ചട്ടമ്പിസ്വാമി- ശ്രീനാരായണഗുരു, എ.ആര്‍.രാജരാജവര്‍മ്മ-കുമാരനാശാന്‍, മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-പണ്ഡിറ്റ് കറുപ്പന്‍, സദാനന സ്വാമി – അയ്യന്‍കാളി അങ്ങിനെ തുടങ്ങി ഒരോ നവോത്ഥാനനായകന്റെയും ജീവിതം പരിശോധിച്ചാല്‍ അതില്‍ സവര്‍ണ്ണ അവര്‍ണ്ണ സൗഹൃദത്തിന്റെ ശീതളിമ കണ്ടെത്താം. കേരളത്തില്‍ നടന്ന നവോത്ഥാനത്തില്‍ മുന്നാക്ക- പിന്നാക്ക സമുദായ നായകന്മാര്‍ അവരവരുടെ സമുദായങ്ങളില്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങുകയും അവ തമ്മില്‍ ആശയവും ഊര്‍ജ്ജവും കൈമാറുകയും ചെയ്തു. ഈ കൊടുക്കല്‍ വാങ്ങലുകള്‍ പരസ്പര സ്‌നേഹം, സഹവര്‍ത്തിത്വം, സമത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ നടന്ന പ്രക്രിയയാണ്. ചരിത്രത്തില്‍ ചിലയിടങ്ങളില്‍ ചില സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതാത് സമുദായങ്ങളിലെ മഹത്തുക്കള്‍ തന്നെ മുറിവുണക്കാന്‍ മുന്‍പന്തിയില്‍ വന്നിട്ടുമുണ്ട്. എന്നാലിന്ന് ആ സൗഹാര്‍ദ്ദത്തിന്റെ ഫലമായി നടപ്പിലാക്കി കിട്ടിയ നവോത്ഥാനത്തിന്റെ അനുഭവസ്ഥര്‍ തിരിഞ്ഞുനിന്ന് മുന്‍ഗാമികളുടെ ആശയത്തെ നിഷേധിക്കുന്ന കാഴ്ചയെ ഈ പുസ്തകം ഇഴ കീറി വിമര്‍ശിക്കുന്നു.
കേരളീയ നവോത്ഥാന നായകര്‍ അയ്യാവൈകുണ്ഠ സ്വാമി, ചട്ടമ്പി സ്വാമി, ശ്രീനാരായണഗുരു എന്നിവരൊക്ക ശ്രീസുബ്രഹ്മണ്യന്റെ ഉപാസകരായിരുന്നു എന്ന അതീവ അദ്ഭുതകരമായ വസ്തുതയിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. പൊയ്കയില്‍ അപ്പച്ചന്റെ പേരു തന്നെ കുമാരന്‍ എന്നായിരുന്നു. കേരളീയ നവോത്ഥാനത്തിന് ഒരു ദൈവമുണ്ടെങ്കില്‍ അത് സുബ്രഹ്മണ്യന്‍ ആയിരിക്കും.
കേരളത്തിലെ എഴുത്തുകാരിലും മാധ്യമപ്രവര്‍ത്തകരിലും നുഴഞ്ഞു കയറിയിരിക്കുന്ന മത തീവ്രവാദത്തിന്റെ നീരാളിക്കൈകളെ ഭയങ്കരാമുടി എന്ന പോലെ തന്നെ ഈ പുസ്തകവും തുറന്നു കാട്ടുന്നു. അവരിലൂടെ ഈ തീവ്രവാദികള്‍ പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്ന വിനാശകരമായ സിദ്ധാന്തങ്ങളെ തുറന്നു കാണിക്കുന്നതില്‍ രവിവര്‍മ്മതമ്പുരാന്‍ വിജയിച്ചിരിക്കുന്നു.
ചുരുക്കത്തില്‍ 500 വര്‍ഷത്തെ കേരളീയ നവോത്ഥാനചരിത്രത്തില്‍ ടൈം ട്രാവല്‍ നടത്തിക്കൊണ്ട് ഈ പുസ്തകം യോജിപ്പിന്റെ ചരിത്രം എടുത്തു കാണിക്കുന്നു.
സംഘര്‍ഷങ്ങള്‍ മാത്രം എടുത്തെഴുതി സമൂഹത്തെ പിന്നോട്ട് അടിക്കാന്‍ ശ്രമിച്ചിരുന്ന സാമൂഹിക ദ്രോഹികളെ പ്രതിരോധിച്ചു കൊണ്ട് കേരളീയ നവോത്ഥാനത്തിനു ആധുനിക മലയാളസാഹിത്യം നല്‍കിയ ഏറ്റവും വലിയ സംഭാവന ആയി ഈ പുസ്തകം മാറിയിരിക്കുന്നു.