നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പ്രഭവസ്ഥാനം കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പത്രം കണ്ടെത്തിയിരിക്കുന്നു. ഗുജറാത്താണ് മയക്കുമരുന്നു കടത്തിന്റെ താവളം എന്ന മുഖപ്രസംഗം വഴി ഇക്കാര്യം മാലോകരെ മുഴുവന്‍ അറിയിച്ച പത്രാധിപര്‍ പണ്ട് കെ.ജി.ബി. യിലായിരുന്നോ അതോ ചൈനയുടെ ഇന്റലിജന്‍സ് വിഭാഗമായ ‘ഗ്യാന്‍ബു’ (മിനിസ്റ്ററി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി-എം.എസ്.എസ്.) വിലായിരുന്നോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ. ഇയ്യിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി 2000 കോടി രൂപയുടെ ഹെറോയിന്‍ കള്ളക്കടത്ത് പിടികൂടി എന്ന വാര്‍ത്തയാണ് പത്രാധിപരെ ആവേശംകൊള്ളിച്ചത്. പിടികൂടിയത് ഗുജറാത്തില്‍. തുറമുഖത്തിന്റെ നിയന്ത്രണം അദാനിഗ്രൂപ്പിന്റെ കയ്യില്‍. പത്രാധിപര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തുവേണം? ഉടനെ അദ്ദേഹം ഉറപ്പിച്ചു ഗുജറാത്ത് മയക്കുമരുന്ന് കള്ളക്കടത്തിന്റെ താവളമായിരുന്നു. കള്ളക്കടത്തിനു ഗുജറാത്തിന്റെ സഹായം കിട്ടുന്നു എന്നു കമ്മ്യൂണിസ്റ്റ് ഭൂതക്കണ്ണാടി വെച്ചു അദ്ദേഹം മുഖപ്രസംഗം വഴി പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ വഴിയും മയക്കുമരുന്നു കടത്ത് നിര്‍ബാധം നടന്നുവരുന്നുവെന്ന വാര്‍ത്ത നിത്യേന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് പത്രാധിപരുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇത്രയും വലിയ മാര്‍ക്‌സിയന്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭാരേഖകളെ ഉദ്ധരിച്ചുകൊണ്ട് പ്രശസ്തമായ ‘ഫോബ്‌സ്’ മാസിക പറയുന്നത് ലോകത്തിലെ മയക്കുമരുന്നിന്റെ 90 ശതമാനവും അഫ്ഗാനിസ്ഥാനിലാണ് ഉല്പാദിപ്പിക്കുന്നതെന്നും താലിബാന്‍ ഉള്‍പ്പെടെയുള്ള ജിഹാദി സംഘടനകളുടെ വര്‍ഷങ്ങളായുള്ള സാമ്പത്തിക സ്രോതസ് ഇതാണെന്നുമാണ്. ഇതൊക്കെ ഹിന്ദുത്വക്കാരുടെ പിടലിയില്‍ കെട്ടിവെക്കാന്‍ പത്രാധിപര്‍ കാണിക്കുന്ന ആവേശത്തിന് എന്തൊരു ചുകപ്പന്‍ തിളക്കം!