ഒരു പ്രധാനപ്രശ്‌നം പാണ്ഡേയുടെ നിലപാടിനും സമീപനത്തിനും വിശകലനങ്ങള്‍ക്കും കൃത്യമായ ഒരടിത്തറയില്ല എന്നതാണ്. ഗൗഡപാദര്‍ ശ്രീശങ്കരന്റെ ഗുരുവിന്റെ ഗുരുവായിരുന്നെന്ന് സമ്മതിച്ചാല്‍ തന്റെ കാലഗണന തെറ്റുമെന്ന സങ്കോചം മൂലം ഗൗഡപാദരെന്നത് ഒരു വ്യക്തിനാമമല്ലെന്നും ഒരു പദവിയാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ശങ്കരന്റെ മാണ്ഡൂക്യോപനിഷദ്കാരികാഭാഷ്യത്തിന്റെ ആധികാരികതയെപ്പറ്റി സംശയങ്ങളുണ്ടെങ്കിലും ശങ്കരന്‍ ഗൗഡപാദരിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഗോവിന്ദപാദരിലും കൂടി തന്നിലെത്തിച്ചേര്‍ന്ന വേദാന്തപാരമ്പര്യത്തില്‍പ്പെട്ടവനാണെന്നതില്‍ സംശയമില്ല. തൈത്തിരിയോപനിഷദ് ഭാഷ്യത്തിന്റെ അവതാരികയില്‍ തന്റെ കണ്ടെത്തലുകള്‍ തന്റെ ഗുരുക്കന്മാരുടെ പ്രസാദം കൊണ്ട് നേടിയവയാണെന്നും പദവാക്യപ്രമാണതയ്ക്കുമനുസരിച്ച് അവ മുമ്പേ കണ്ടെത്തിയ ആ ഗുരുക്കന്മാരുടെ മുന്നില്‍ തല കുനിക്കുന്നുവെന്നും പ്രസ്താവിക്കുന്നുണ്ട്. ശങ്കരന്‍ തന്റെ മാതാപിതാക്കളെ സംബന്ധിച്ച് നിശ്ശബ്ദനാണെങ്കിലും ആത്മീയവും ബൗദ്ധികവുമായ പാരമ്പര്യത്തെ സ്മരിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഗൗഡപാദരെന്നത് ഒരു വ്യക്തിയുടെ പേരാണോ, അതോ ഗൗഡപാദരില്‍ നിന്ന് തുടങ്ങിയ കേവലം ഒരു വേദാന്ത പാരമ്പര്യത്തിന്റെ പേരാണോ എന്നത് ചോദ്യംചെയ്യപ്പെടാവുന്നതാണ്.59 അതായത്, ശങ്കരാചാര്യരെന്നത് ഒരു പദവിനാമമായി അംഗീകരിക്കാന്‍ മടിക്കുന്ന പാണ്‌ഡേ ഗൗഡപാദരെന്നത് ഒരു വേദാന്ത പാരമ്പര്യമാണെന്ന് പറയാനാണ് ശ്രമിക്കുന്നത്. കാരണം, ഗൗഡപാദരുടെ കാലം പാണ്‌ഡേതന്നെ അംഗീകരിക്കുന്നതനുസരിച്ചായാല്‍ പോലും അദ്ദേഹം ശങ്കരാചാര്യരുടെതെന്ന് അവകാശപ്പെടുന്നകാലവുമായി ഒത്തുപോകുന്നില്ല. അതുപോലെ വിശ്വരൂപന്‍, സുരേശ്വരന്‍, മണ്ഡനമിശ്രന്‍ എന്നിവരുടെ കാര്യത്തിലും പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. ശങ്കര പാരമ്പര്യപ്രകാരം മണ്ഡനന്‍ സുരേശ്വരനാണെന്ന് പാണ്‌ഡേ പറയുന്നു. മാധവീയത്തിലും സമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശങ്കരന്റെ പാരമ്പര്യ ജീവചരിത്രങ്ങളിലും അപ്രകാരമാണത്രെ. അനന്ദാനന്ദ ഗിരിയുടെ ശങ്കരവിജയത്തില്‍ കുമരിലന്റെ ഉപദേശപ്രകാരം ശങ്കരന്‍ മണ്ഡനനുമായി സംവാദത്തിലേര്‍പ്പെട്ട് അയാളെ സന്യാസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നും അദ്ദേഹമാണ് പിന്നീട് സന്യാസം സ്വീകരിച്ച് സുരേശ്വരനെന്ന പേരില്‍ ശൃംഗേരിയിലെ മഠാധിപതിയായതെന്നും പാണ്‌ഡേ എഴുതുന്നു.60 ചിദ്വിലാസന്റെ ശങ്കരവിജയത്തിലും ഇതാണ് കാണുന്നത്. ഇതിലെല്ലാം മണ്ഡനമിശ്രനാണ് സുരേശ്വരന്‍.
വ്യാസാചലത്തിന്റെ ശങ്കരവിജയത്തില്‍ ശങ്കരന്‍ സംവാദത്തിലേര്‍പ്പെട്ടത് വിശ്വരൂപനുമായിട്ടാണ്. വ്യാസാചലീയാ പാരമ്പര്യമനുസരിച്ച് വിശ്വരൂപനെ കാണാന്‍ പോകുംവഴി ഒരു ഗൃഹസ്ഥനായ മണ്ഡനമിശ്രനെ കണ്ടുമുട്ടി അനുഗ്രഹിച്ചെന്നും പറയുന്നു. ഗോവിന്ദനാഥന്റെ ശങ്കരാചാര്യ ചരിതത്തിലും മണ്ഡനമിശ്രനെപ്പറ്റി സൂചനയില്ല. കുമരിലന്റെ ഉപദേശമനുസരിച്ച് വിശ്വരൂപനുമായിട്ടാണ് സംവാദം നടത്തുന്നത്. ശൃംഗേരി പാരമ്പര്യമനുസരിച്ചുള്ള ലക്ഷ്മണ ശാസ്ത്രിയുടെ ഗുരുവംശ കാവ്യത്തില്‍ കുമരിലന്റെ നിര്‍ദ്ദേശമനുസരിച്ച് ശങ്കരന്‍ സംവാദം നടത്തുന്നത് വിശ്വരൂപനുമായിട്ടാണെന്നും അദ്ദേഹമാണ് സന്യാസം സ്വീകരിച്ച് സുരേശ്വരനായതെന്നും പറയുന്നു. വിശ്വരൂപനെ കാണാന്‍ പോകുംവഴി കണ്ടുമുട്ടിയ മണ്ഡനമിശ്രനെ ശങ്കരന്‍ അനുഗ്രഹിച്ചതായി ഇതിലും പറയുന്നുണ്ട്. ഇങ്ങനെ രണ്ട് വ്യക്തമായ പാരമ്പര്യങ്ങളും അവയുടെ കലര്‍പ്പായ വേറൊരു പാരമ്പര്യവുമുണ്ടെന്നും അതുപ്രകാരം മൂന്ന് സാധ്യതകളുണ്ടെന്നും പാണ്‌ഡേ പ്രസ്താവിക്കുന്നു. ഒന്നുകില്‍ മണ്ഡനമിശ്രന്‍ തന്നെയാണ് സുരേശ്വരന്‍ – വിശ്വരൂപന്‍ വേറൊരാളാണ്; അല്ലെങ്കില്‍ വിശ്വരൂപനാണ് സുരേശ്വരന്‍- മണ്ഡനമിശ്രന്‍ വേറൊരാളാണ്; അല്ലെങ്കില്‍ മണ്ഡനമിശ്രന്‍ തന്നെയാണ് സുരേശ്വരനും വിശ്വരൂപനും.61 വീക്ഷണങ്ങളെ ആധാരമാക്കി ഈ മൂന്ന് നിരീക്ഷണങ്ങളെയും പിന്തുണയ്ക്കുന്നവരുടെ വാദഗതികളും അദ്ദേഹം നല്‍കുന്നുണ്ട്. ദീര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷവും ഇക്കാര്യത്തില്‍ സ്വമതം രേഖപ്പെടുത്താനാകാതെ ശങ്കരനും സുരേശ്വരനും തമ്മിലുള്ള വീക്ഷണഭേദം ചൂണ്ടിക്കാട്ടുകമാത്രമാണ് പാണ്‌ഡേ ചെയ്തിട്ടുള്ളത്. ഇത് കാലഗണനയെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കുന്നതല്ലാതെ ഒരു തീരുമാനത്തിന് സഹായിക്കുന്നില്ല. ജൈമിനിയുടെയും ബാദരായണന്റെയും സൂത്രങ്ങളിലൂടെ പൂര്‍വമീമാംസയും ഉത്തരമീമാംസയും അവയുടെ ആഢ്യ (ക്ലാസിക്) രൂപങ്ങളിലെത്തിയെങ്കിലും കൃത്യമായ രണ്ട് വ്യവസ്ഥകളായിട്ടാണെങ്കിലും അവ തമ്മിലുള്ള ബന്ധം തുടര്‍ന്നു. മഹാഗുരുക്കന്മാരായ ബാദരായണനും ഉപവര്‍ഷനും രണ്ടിനും വ്യാഖ്യാനം എഴുതിയിട്ടുണ്ടെങ്കിലും അവ നഷ്ടപ്പെട്ടു. അതിനുശേഷം മീമാംസയെക്കുറിച്ച് ശബരനെഴുതിയ വ്യാഖ്യാനമാണ് അവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ മീമാംസാകൃതി. രാമാനുജന്‍ ബാദരായണനെ പിന്‍തുടര്‍ന്നു. ശബരസ്വാമിയുടെ കാലവും അവിതര്‍ക്കിതമല്ല. ആര്‍.ജി.ഭണ്ഡാര്‍ക്കര്‍ ഗുപ്തകാലമെന്നും പറയുന്നു. പക്ഷേ, എ.ഡി. 2-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലോ, പതഞ്ജലിക്ക് മുമ്പോ ആണെന്നും അഭിപ്രായങ്ങളുണ്ട്. പ്രഭാകരന്‍ കുമരിലന്റെ എതിരാളിയായ ഒരു ശിഷ്യനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെന്നും അവര്‍ പരസ്പരം പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ സമകാലീനരായിരുന്നുവെന്നും ഒരാള്‍ മറ്റൊരാളെക്കാള്‍ മുന്‍കാലത്തായിരുന്നുവെങ്കില്‍ പരസ്പരം പരാമര്‍ശിക്കുമായിരുന്നുവെന്നതുമാണ് യുക്തി. മണ്ഡനമിശ്രനും കുമരിലന്റെ ശിഷ്യനായിരുന്നു. അദ്ദേഹവും പ്രഭാകരനെ വിമര്‍ശിച്ചിട്ടുണ്ട്.
ശങ്കരന് മണ്ഡനമിശ്രനും സുരേശ്വരനുമായുള്ള ബന്ധം ആധുനിക പണ്ഡിതന്മാര്‍ക്ക് ഇന്നും അജ്ഞാതമായിക്കിടക്കുകയാണ്. എന്നിട്ടദ്ദേഹമെഴുതുന്നത്, ശങ്കരനും കുമരിലനും പ്രഭാകരനും മണ്ഡനമിശ്രനും സുരേശ്വരനുമായുള്ള പരസ്പരസമ്പര്‍ക്കം വച്ചുനോക്കുമ്പോള്‍ അവരെല്ലാവരും എ.ഡി. 7-ാം നൂറ്റാണ്ടിലോ 8-ാം നൂറ്റാണ്ടിലോ ആണ് ജീവിച്ചിരുന്നതെന്നുള്ളത് തീര്‍ച്ചയാണെന്നാണ്.62 ഇവരൊക്കെ ഒരാളാണോ, പലരാണോ, ഏത് കാലത്താണ് ജീവിച്ചിരുന്നത് എന്നതൊന്നും വ്യക്തമല്ലെങ്കിലും അവരുടെ പരസ്പരസമ്പര്‍ക്കംകൊണ്ട് ജീവിതകാലം തീര്‍ച്ചപ്പെടുത്തുന്നതിന് അതൊന്നും തടസ്സമല്ലത്രെ. ഗൗഡപാദരെപ്പറ്റിയുമുണ്ട് പല നിഗമനങ്ങളും. ഗൗഡപാദര്‍ മഹാനായ അദ്ധ്യാപകനായിരുന്നുവെന്നതുകൂടാതെ അദ്ദേഹത്തിന്റെ കൃതികള്‍ അതിജീവിക്കുകയും പില്‍ക്കാലത്ത് വളരെയധികം സ്വാധീനത ചെലുത്തുകയും ചെയ്തുവെന്നതാണ് അദ്ദേഹം പ്രസക്തനാകാന്‍ കാരണം. മാക്‌സ് വെല്ലസര്‍ ഗൗഡപാദര്‍ ഒരു വ്യക്തിയാണോ എന്ന് സംശയിക്കുന്നു. മറ്റുള്ളവര്‍ ആഗമശാസ്ത്രത്തിന്റെ നാല് അദ്ധ്യായ ങ്ങള്‍ ഒരാളിന്റെ തന്നെ രചനയാണോ എന്ന് സംശയിക്കുന്നു. ശങ്കരന്‍ ഗൗഡപാദരെ പേരുപറയാതെ ആദരവോടെ പരാമര്‍ശിക്കുന്നു. അദ്ദേഹത്തിന് പ്രകരണചതുഷ്ടയം പരിചിതമാണ്. സുരേശ്വരനും ഗൗഡപാദരുമായും അദ്ദേഹത്തിന്റെ കൃതികളുമായും പരിചയമുണ്ട്. എട്ടാം നൂറ്റാണ്ടിലെ ബുദ്ധമതക്കാരായ എഴുത്തുകാരും അദ്ദേഹത്തെ ഉദ്ധരിക്കുന്നു. ഗൗഡപാദര്‍ ശങ്കരന് മുമ്പായിരുന്നുവെന്നും പ്രകരണ ചതുഷ്ടയമെഴുതിയത് അദ്ദേഹമായിരുന്നുവെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം അടിസ്ഥാനമിട്ട വേദാന്തപാരമ്പര്യത്തിന്റെ പിന്മുറക്കാരനാണ് ശങ്കരനെന്നും പാണ്‌ഡേ എഴുതുന്നു.63 ഭാവവിവേകകര്‍ത്താവും ധര്‍മ്മപാലന്റെ സമകാലികനുമായ ഭാവ്യന് മുമ്പ് 570-575 കാലത്താണ് ഗൗഡപാദര്‍ ജീവിച്ചിരുന്നതെന്നതിനാല്‍, 8-ാം നൂറ്റാണ്ടിലാണ് ശങ്കരന്‍ ജീവിച്ചിരുന്നതെങ്കില്‍ ഗൗഡപാദര്‍ക്ക് ശങ്കരന്റെ ഗുരുവാകാന്‍ പറ്റില്ല. തുടര്‍ന്ന് ഗൗഡപാദര്‍ക്ക് ബുദ്ധമത(മഹായാന) ദര്‍ശനത്തോടുള്ള ചാര്‍ച്ചയെപ്പറ്റി ചര്‍ച്ച ചെയ്ത് അദ്ദേഹം ശങ്കരനും മറ്റുമുള്‍പ്പെടുന്ന ഗണത്തിലെ ഒരു വേദാന്ത ഗുരുവായിരുന്നെന്ന് വാദിക്കുന്നു.64 ധര്‍മ്മപാലന്റെ മുതിര്‍ന്ന സമകാലികനും ഭാവവിവേകകാരനുമായ ഭാവ്യന്‍ ഗൗഡപാദരെ ഉദ്ധരിച്ചിട്ടുള്ളതിനാലും അദ്ദേഹത്തിന്റെ കൃതി എ.ഡി. 630 ല്‍ ചൈനീസ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളതിനാലും ഗൗഡപാദന്റെ കാലം എ.ഡി. 6-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായി കരുതാമെന്നാണ് വാദം.65 അപ്പോള്‍ ശങ്കരന്‍ ഗൗഡപാദരെക്കാള്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പുറകിലായിപ്പോകുമെന്നതിനാല്‍ ശങ്കരന്റെ നേരിട്ടുള്ള ഗുരുവല്ല. തുടര്‍ന്നെഴുതുന്നത്, മറ്റൊരു വശത്ത് ഗൗഡപാദര്‍ ഒരു യോഗിയായിട്ടാണ് കരുതപ്പെടുന്നതെന്നതുപോലെ ഗോവിന്ദപാദര്‍ ഒരു രാസവിദ്യക്കാരനും യോഗിയുമാണെന്ന് നമ്മളോര്‍ക്കണമെന്നാണ്. അത്തരക്കാരായ മറ്റുചിലരെപ്പോലെ അവരും ദീര്‍ഘകാലം ജീവിച്ചിരുന്നിരിക്കാം. അതിനാല്‍, അത്തരത്തില്‍ ഗോവിന്ദപാദരുടെ ശിഷ്യനുമായും ഗുരുവുമായുമുള്ള ദീര്‍ഘമായ കാലവ്യത്യാസം യാഥാര്‍ഥ്യമായിരിക്കാം.66 ശങ്കരന്‍ ആദരപൂര്‍വം പരാമര്‍ശിക്കുന്ന, രണ്ട് മീമാംസകളുടെയും വൃത്തി എഴുതി വൃത്തികാരനെന്ന് പ്രസിദ്ധനായ ഉപവര്‍ഷന്‍ ബുദ്ധമതക്കാരുടെ വാദത്തിനെതിരായി ആത്മാവിന്റെ സത്യത്തെ പ്രതിരോധിച്ചവനും ആത്മാവിനെക്കുറിച്ചുള്ള യാജ്ഞവല്‍ക്യന്റെ സിദ്ധാന്തം വികസിപ്പിച്ചവനുമാണ്. പാരമ്പര്യവാദികള്‍ ഉപവര്‍ഷന്‍ കാത്യായനന്റെ സമകാലികനോ വര്‍ഷന്റെ ഇളയ സഹോദരനോ ആണെന്നും ബി.സി. 4-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്നും കരുതുന്നത് ശരിയായിരിക്കാന്‍ വഴിയില്ലെന്നും, വേദാന്തവ്യാഖ്യാതാവായ ഉപവര്‍ഷന്‍ പിന്നീടുള്ള മറ്റൊരാളായിരിക്കാമെന്നും വാദിക്കുന്നത് അദ്ദേഹം സ്‌ഫോട ദര്‍ശനത്തെയും ചില ബുദ്ധമത വീക്ഷണങ്ങളെയും വിമര്‍ശിച്ചിട്ടുണ്ടെന്നുള്ളതിനാലാണ്. എങ്കിലും അദ്ദേഹത്തിന്റെ പ്രാചീനത അസാദ്ധ്യമല്ലെന്നും അദ്ദേഹം ശബരനുമുമ്പായിരുന്നുവെന്നും പ്രസ്താവിക്കുന്നുണ്ട്.67 യോഗസിദ്ധിയുള്ളവര്‍ക്ക് ജീവിതകാലം നീട്ടുകയോ, പുതിയ ശരീരം സ്വീകരിച്ച് ജീവിക്കുകയോ ചെയ്യാന്‍ കഴിയുമെന്ന് ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം എന്ന ഗ്രന്ഥത്തില്‍ സ്വാമി രാമ സാക്ഷ്യപത്രം നല്‍കുന്നുണ്ട്.68 തന്റെ സൗകര്യത്തിന് ഈ കാര്യം അംഗീകരിക്കുന്ന പാണ്‌ഡേ ശങ്കരാചാര്യപരമ്പരകളില്‍ പലരും ഇപ്രകാരം ആയുസ്സ് നീട്ടിയിട്ടുണ്ടാകാമെന്ന വാദം അംഗീകരിക്കുന്നില്ല. അവരുടെ പട്ടികയെ നിരസിക്കുന്നത് പലരും ദീര്‍ഘകാലം ജീവിച്ചിരുന്നതിനാലാണുതാനും. പല ശങ്കരന്മാരുടെ സാധ്യത അംഗീകരിക്കുന്നില്ലെങ്കിലും ഒന്നില്‍ക്കൂടുതല്‍ ഉപവര്‍ഷന്മാരുണ്ടാകാമെന്ന് കരുതുന്നു.
സങ്കീര്‍ണത കൂടുന്നു
ശങ്കരാചാര്യരുടെ പേരിലറിയപ്പെടുന്ന കൃതികളത്രയും അദ്ദേഹമെഴുതിയതാണെന്ന് ഒരു കടുത്ത ശങ്കരാചാര്യഭക്തന്‍ പോലും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍, ശങ്കരാചാര്യര്‍ ഹെഗലിനെയും അക്വിനസ്സി നെയുംകാള്‍ വേഗത്തിലെഴുതിയിരുന്നോ, ഏത് പ്രായത്തിലെഴുതിത്തുടങ്ങി എന്നിത്തരം കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് യുക്തിഭദ്രമാകേണ്ടതുണ്ട്.69 ഒരാള്‍ ഒരു വര്‍ഷം ഇത്ര കൃതികള്‍ അഥവാ പുറങ്ങളേ എഴുതൂ എന്ന് തീരുമാനിക്കുന്നത് കുറഞ്ഞ പക്ഷം അപക്വമായ രീതിയാണ്. അതുപോലെ ശങ്കരന്‍ കാലടിയില്‍ നിന്ന് ഏത് മാര്‍ഗത്തിലൂടെയാകാം ആദ്യം വടക്കേ ഇന്ത്യയിലേയ്ക്ക് പോയതെന്നും ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.70 ഒറ്റയ്ക്കാണോ, ഏതെങ്കിലും തീര്‍ത്ഥാടക സംഘത്തിനൊപ്പമാണോ, കൊങ്കണ്‍ വഴിയാണോ, അല്‍ബറൂണി പറഞ്ഞിട്ടുള്ള ഗോദാവരി-ആലിസ് പൂര്‍ വഴിയാണോ എന്നെല്ലാമുള്ള ചര്‍ച്ചയ്ക്ക് ഈ ലേഖനത്തില്‍ പ്രസക്തിയില്ല. എന്തായാലും ഭാരതീയപാരമ്പര്യത്തില്‍ ദയാനന്ദസരസ്വതിയെപ്പോലുള്ളവരും യാത്രകളെ പഠന വഴികളായി സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. നേതി നേതി എന്ന അന്വേഷണ സന്ദേശം ബ്രഹ്മജ്ഞാനത്തിന്റെ അവസാനപാഠമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പരിവ്രാജകയാത്രകള്‍ പൂര്‍വനിശ്ചയപ്രകാരം മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെയായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പല ആധുനിക സന്യാസിമാരും ബോധ്യപ്പെടുത്തുന്നു. നാരായണഗുരുവിന്റെയോ, ചട്ടമ്പിസ്വാമികളുടെയോ ജീവിത ചരിത്രം പരിശോധിച്ചാലും പല യാത്രകളും വെളിപാട് പോലെ തീരുമാനിച്ച് നടത്തിയതാണെന്ന് കാണാം. എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരന്‍ പിറന്നതെന്ന മുന്‍ധാരണയോടെ അന്നത്തെ പ്രധാന യാത്രാമാര്‍ഗങ്ങളിലൂടെയായിരിക്കും അദ്ദേഹം സഞ്ചരിച്ചതെന്നൂഹിച്ച് അദ്ദേഹത്തിന്റെ യാത്രാമാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതും കൃതികളുടെ രചനാവേഗതയെപ്പറ്റിപ്പറഞ്ഞതുപോലെ വെറും പാഴ്‌വേലയാണ്. ചുരുക്കത്തില്‍, വളരെയധികം വിവരങ്ങള്‍ ശേഖരിച്ച് പ്രയത്‌നിച്ച് ധാരാളം സ്രോതസ്സുകള്‍ താരതമ്യം ചെയ്തും വിശകലനം ചെയ്തും ആധുനിക കാലത്തെഴുതപ്പെട്ട Life and Thought of Sankaraacaarya- എന്ന കൃതി മുന്‍ ധാരണകളും വീക്ഷണമില്ലായ്മയും ചരിത്രപരമായ പാരിപ്രേക്ഷ്യത്തിന്റെയും നിലപാടിന്റെയും അഭാവവും സമീപനത്തിലെ ചാഞ്ചാട്ടവും മൂലം ചരിത്രനിഷ്ഠമായില്ലെന്ന പരിമിതി നേരിടുന്നുണ്ട്. തുറന്ന മനസ്സോടെയാണ് ചരിത്രകാരന്‍ തനിക്ക് ലഭിച്ചിട്ടുള്ള സ്രോതസ്സുകളെയും വിവരങ്ങളെയും സമീപിക്കേണ്ടതെന്ന് ഈ കൃതി മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യാശയോടെ ഈ കൃതി വായിച്ചുതുടങ്ങുന്ന ഒരു തുറന്ന വായനക്കാരനെ സംബന്ധിച്ചേടത്തോളം ഇതിലെ വിവരങ്ങള്‍ ഗുണകരമാണെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതില്‍ ഗ്രന്ഥകാരനുണ്ടായ വീഴ്ച ഖേദകരംതന്നെയാണെന്ന് പറയാതെ വയ്യ. സ്രോതസ്സുകളെപ്പറ്റിയുള്ള വിശകലനത്തില്‍ പാണ്‌ഡേ എഴുതുന്നത്, 71 ഭൂതകാലസാഹിത്യരേഖകള്‍ കൂടാതെ, ആധുനിക ആശ്രമപാരമ്പര്യവക്താക്കളുടെ കൈയിലുണ്ടാകാവുന്ന യഥാര്‍ഥ ഭൂതകാല ചരിത്രത്തിലെ വൈരുദ്ധ്യങ്ങളില്‍ കേന്ദ്രീകരിക്കു മ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ യുക്തിപരമായ സംശയമുണ്ടാകാന്‍ കഴിയൂ. സൂക്ഷിക്കുന്നതിലും പുനര്‍ പ്രവൃത്തിയിലും ചരിത്രത്തോട് കാട്ടിയിട്ടുള്ള ഉദാസീനതയില്‍ നിന്നുണ്ടായിട്ടുള്ളവയാണ് ഈ രേഖകളിലെ വൈരുദ്ധ്യങ്ങളും അവ്യക്തതകളുമെങ്കിലും, 14 ഓ 15 ഓ നൂറ്റാണ്ടുകളിലേയ്ക്ക് നീണ്ടുപോകുന്ന ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹിത്യ സ്രോതസ്സുകളും പഴയ കൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ളവയും, കുറഞ്ഞത് 18-ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നുവെന്ന് കരുതാവുന്ന നേരിട്ടുള്ള അറിവിനാധാരമായ ചരിത്രപരവും അര്‍ദ്ധ ചരിത്രപരവുമായ കുറച്ച് പഴയ രേഖകളെ പരിവര്‍ത്തിപ്പിച്ച ശങ്കരൈതിഹ്യത്തിന്റെ വികാസത്തെ വെളിപ്പെടുത്തുന്നു. ആ പഴയ രേഖകള്‍ കണ്ടെത്താനാകുകയില്ലെങ്കിലും പുതിയവ ചരിത്രത്തോട് വേണ്ടത്ര ബഹുമാനമില്ലാതെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ശങ്കരനെക്കുറിച്ചുള്ള വിവിധങ്ങളായ ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതചരിത്രത്തിന്റെ വെറുമൊരു ചട്ടക്കൂട് മാത്രമാണ് നമ്മുടെ കൈയിലുള്ളതെന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നതെങ്കിലും ഈ കൃതിയുടെ രചനകൊണ്ട് അത് കൂടുതല്‍ സങ്കീര്‍ണമാക്കാനേ സാധിച്ചിട്ടുള്ളുവെന്നതാണ് അവശേഷിക്കുന്ന വസ്തുത. മേല്‍പ്പറഞ്ഞ സംശയാസ്പദമായ രേഖകളില്‍ ശൃംഗേരി മഠത്തിന്റെ വിവാദഗ്രസ്തമായ രേഖകളെ ആശ്രയിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചത്. മേല്‍പ്പറഞ്ഞ തരം മുന്‍വിധികള്‍ ചരിത്രരചനയെ വഴിപിഴപ്പിക്കുന്നതിന് ഈ കൃതി ഒരു മാതൃകയാണ്. ശങ്കരന്റെ കാലം ബി.സി. 5-ാം നൂറ്റാണ്ടാണോ, മൂന്നോ, രണ്ടോ നൂറ്റാണ്ടുകളാണോ, അതോ എ.ഡി. നാലുമുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളാണോ എന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം കൂട്ടാനോ, അല്ലെങ്കില്‍ എ.ഡി. എട്ടോ, ഒമ്പതോ നൂറ്റാണ്ടുകളാണെന്ന കാര്യത്തില്‍ കൂടുതല്‍ സംശയങ്ങളുണര്‍ത്താനോ മാത്രമാണ് ആത്യന്തികമായി ഈ കൃതി ഉപകരിച്ചിട്ടുള്ളത് – ചക്കിന് വച്ചത് കൊക്കിനുകൊണ്ടു എന്നു പറഞ്ഞതുപോലെ.
(അവസാനിച്ചു)
പരാമൃഷ്ട കൃതികള്‍
59 Life and Thought of Sankaraacaarya p.84
60 Ibid p.281þ 282
61 Ibid p. 282
62 Ibid p. 276
63 Ibid p. 149-þ150
64 Ibid p. 150
65 Ibid p. 84
66 Ibid p. 85
67 Ibid p. 146
68 ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം. പു. 412, 416, 417, 418 ഡി.സി. ബുക്‌സ് 2019
69 Life and Thought of Sankaraacaarya p.102,103
70 Ibid p. 82-þ83
71 Ibid p. 35þ36