കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കാര്യങ്ങള്‍ അത്ര സുതാര്യമായല്ല നടക്കുന്നത് എന്ന് ബോധ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പരിഷ്‌കരണ വേളയിലാണ്. നോട്ട് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയെന്നോണം സഹകരണബാങ്കുകളിലുള്‍പ്പെടെ എല്ലാ അക്കൗണ്ടുകള്‍ക്കും തിരിച്ചറിയല്‍ രേഖ വേണമെന്ന് കേന്ദ്രം നയം വ്യക്തമാക്കിയതോടെ കേരളത്തില്‍ വലിയ പ്രതിഷേധമുയരുകയുണ്ടായി.
രാഷ്ട്രീയലക്ഷ്യത്തോടെ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നു വരെ ആരോപണമുയര്‍ന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെയാണ് തകര്‍ച്ചക്ക് കാരണമാകുന്നതെന്ന് വിശദീകരിക്കാന്‍ പക്ഷേ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാന്‍ മത്സരിക്കുന്ന കേരളത്തിലെ പ്രമുഖ മാധ്യമങ്ങളും ആ ചോദ്യം ചോദിച്ചില്ല. തിരുവായ്‌ക്കെതിര്‍വായില്ലെന്ന മട്ടില്‍ സിപിഎം നേതൃത്വത്തിന്റെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന കോളാമ്പികള്‍ മാത്രമായി ആ മാധ്യമങ്ങളും മാറി. നിക്ഷേപകരുടെ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തനം സുതാര്യമാവാനും നിക്ഷേപങ്ങള്‍ സുരക്ഷിതമാവാനും ആവശ്യമാണെന്ന് തിരിച്ചറിയാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല.
സഹകരണ ബാങ്കുകളെ ബാധിക്കുന്ന എന്തെങ്കിലും നിയമപരിഷ്‌കാരത്തെക്കുറിച്ചോ റിസര്‍വ്വ് ബാങ്ക് നയങ്ങളെക്കുറിച്ചോ ചര്‍ച്ചയാരംഭിച്ചാല്‍ മതി കേരളത്തില്‍ വലിയ നിലവിളി ആരംഭിക്കും. എല്ലാ നിയമത്തിനും അതീതമായ വിശുദ്ധപശുവാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ എന്ന മിഥ്യാ ധാരണയോടെയാണ് ഈ നിലവിളികളത്രയും.
കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തില്‍ സഹകരണ ബാങ്കുകള്‍ സഹായകരമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ട് സഹകരണ ബാങ്കുകള്‍ക്ക് ഒരു നിയമവും ബാധകമല്ലെന്നോ ഒരു തരത്തിലും നിയന്ത്രിക്കരുതെന്നോ വാദിക്കുന്നത് വിഡ്ഢിത്തമാണ്. എല്ലാവരും ഒരാള്‍ക്ക് വേണ്ടി, ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വം.
ഇന്ന് നാം കാണുന്ന രൂപത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളുടെ തുടക്കം പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിലാണ്. വ്യാവസായിക വിപ്‌ളവം സൃഷ്ടിച്ച ആധുനിക സമ്പദ് വ്യവസ്ഥയുടെ സഹ ഉത്പന്നമെന്ന നിലയിലാണ് സഹകരണസംഘങ്ങള്‍ രൂപം കൊണ്ടത്. വ്യാവസായിക വിപ്‌ളവത്തെത്തുടര്‍ന്നുണ്ടായ സംരംഭക ശ്രമങ്ങള്‍ക്ക് മൂലധനം കണ്ടെത്താനായിരുന്നു പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിച്ചത്. അതിവേഗം ഇത് അമേരിക്കന്‍ നാടുകളിലേക്കും ഏഷ്യയിലേക്കും വ്യാപിക്കുകയും ചെയ്തു. പ്രാരംഭ ദശയില്‍ ആരംഭിച്ച ഒട്ടുമിക്ക സഹകരണ സംരഭങ്ങളും ഏറെക്കാലം മുന്നോട്ട് പോകാതെ പരാജയപ്പെടുകയാണുണ്ടായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയില്‍ സഹകരണ സംഘങ്ങള്‍ക്ക് തുടക്കമാകുന്നത്. കേരളത്തിലാകട്ടെ വ്യവസ്ഥാപിതമായ രീതിയില്‍ സഹകരണ സംഘങ്ങള്‍ രൂപം കൊള്ളുന്നത് 1920 കള്‍ക്ക് ശേഷമാണ്.
അക്കാലത്ത് തിരുവിതാംകൂറിലും കൊച്ചിയിലും വെവ്വേറെ സഹകരണ നിയമങ്ങളായിരുന്നു പ്രയോഗത്തിലുണ്ടായിരുന്നത്. മലബാറില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമങ്ങളും. സംസ്ഥാന രൂപീകരണത്തിന് ശേഷവും 1969 വരെ കാത്തിരിക്കേണ്ടി വന്നു കേരളത്തിന് ഏകീകൃതമായ ഒരു സഹകരണ നിയമം ഉണ്ടാകാന്‍.
ആദ്യകാലത്ത് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംഘങ്ങളിലേറെയും നിസ്വാര്‍ത്ഥ മതികളായ പൊതുപ്രവര്‍ത്തകരുടെ ശ്രമഫലമായി രൂപം കൊണ്ടവയാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവരും സാമൂഹ്യ നവോത്ഥാന ശ്രമങ്ങളുടെ മുന്നില്‍ നിന്നവരുമൊക്കെയാണ് സഹകരണ പ്രസ്ഥാനത്തെയും വളര്‍ത്തിയെടുത്തത്. മഹാത്മജിയുടെ അന്ത്യോദയ പോലുള്ള ആശയങ്ങളായിരുന്നു സഹകരണ മേഖലയിലൂടെ അവര്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ചത്.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നിയന്ത്രണത്തിലോ ഭാഗമോ ആയിരുന്നില്ല സഹകരണ സംഘങ്ങള്‍. നാട്ടിലെ പൊതുവായ ഒരു സ്ഥാപനം എന്ന നിലയില്‍ എല്ലാവരുടേതുമായിരുന്നു. എന്നാല്‍ അധികാര രാഷ്ട്രീയം ക്രമേണ സഹകരണ സംഘങ്ങളില്‍ പിടിമുറുക്കുകയും കേരളത്തിലെ രണ്ട് പ്രബല രാഷ്ട്രീയ കക്ഷികളായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും സഹകരണ സംഘങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ മത്സരിച്ച് ശ്രമമാരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സഹകരണ പ്രസ്ഥാനത്തില്‍ താത്പര്യമില്ലാത്തവരായിട്ടുകൂടി ഈ പാര്‍ട്ടികളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സഹകരണ സംഘങ്ങളില്‍ അംഗത്വമെടുക്കുകയും രാഷ്ട്രീയ പോര് തുടങ്ങുകയും ചെയ്തു. സഹകരണ സംഘങ്ങളുടെ ഭരണസമിതി എന്നത് താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അധികാരവും പണവും കയ്യാളാനുള്ള വേദി എന്നനിലയിലേക്ക് മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
ഈ മത്സരത്തില്‍ ഇന്ന് കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി സിപിഎം വിജയിച്ചിരിക്കുന്നു. സംസ്ഥാനത്തെ 80 ശതമാനം സഹകരണ ബാങ്കുകളുടേയും ഭരണ സമിതി ഇന്ന് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. സഹകരണ സ്ഥാപനങ്ങളുടെ ഭരണ രംഗത്തുള്ള രാഷ്ട്രീയവത്കരണത്തിന്റെ തുടര്‍ച്ചയെന്നോണം സംഭവിച്ചതാണ് നിയമനങ്ങളിലെ രാഷ്ട്രീയവത്കരണവും. പതിറ്റാണ്ടുകളായി പാര്‍ട്ടി അണികള്‍ക്ക് തൊഴില്‍ കൊടുക്കാനുള്ള ലാവണങ്ങളാക്കി സഹകരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കുന്നതില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സഹകരണസംഘങ്ങളില്‍ ജോലി ഉറപ്പുവരുത്താന്‍ അവര്‍ക്കായി. അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളോട് സിപിഎം കാണിച്ച വഞ്ചനയുടെ മറ്റൊരു രൂപമാണിത്. കഴിവും അര്‍ഹയതുമുള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ് സി വഴിയാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ലക്ഷക്കണക്കിന് തൊഴിലന്വേഷകരായ യുവാക്കള്‍ കാത്തു നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ പതിനായിരത്തിലേറെ വരുന്ന സഹകരണ സ്ഥാപനങ്ങളില്‍ ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നത്. പാര്‍ട്ടിക്കൂറിന് പുറമേ പണവും ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടു. വന്‍ തുകകള്‍ സ്ഥിര നിക്ഷേപം നടത്തിയും നേതാക്കള്‍ക്കും പാര്‍ട്ടിക്കും സംഭാവനകള്‍ നല്കിയും പലരും സഹകരണ ബാങ്കുകളില്‍ ജോലി സമ്പാദിച്ചു. ഇങ്ങനെ ജോലി നേടിയവര്‍ക്ക് സമൂഹത്തോടുള്ളതിനേക്കാള്‍ കൂറും കടപ്പാടും പാര്‍ട്ടി നേതാക്കളോടും ഭരണസമിതിയോടുമായതില്‍ അത്ഭുതമില്ല. പാര്‍ട്ടി നേതൃത്വവും ഭരണസമിതിയും ജീവനക്കാരും അറിഞ്ഞുകൊണ്ട് സഹകരണബാങ്കുകളില്‍ കോടികളുടെ വെട്ടിപ്പ് നടത്താന്‍ കളമൊരുങ്ങിയത് അങ്ങനെയാണ്.
എഴുപതോളം വിഭാഗങ്ങളിലായി പതിനയ്യായിരത്തിലേറെ സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലേറെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ അഥവാ ബാങ്കുകളാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുക, അതുപയോഗിച്ച് ആവശ്യമുള്ള അംഗങ്ങള്‍ക്ക് വായ്പ നല്കുക എന്നിവയാണ് ഈ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം. അംഗമല്ലാത്ത ഒരാളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനോ അംഗമല്ലാത്തവര്‍ക്ക് വായ്പ നല്കാനോ സഹകരണ സംഘങ്ങളെ നിയമം അനുവദിക്കുന്നില്ല. ഓരോ സഹകരണ സംഘത്തിനും പ്രവര്‍ത്തന പരിധിയുണ്ട്. ഭൂമിശാസ്ത്രപരമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ആ പ്രവര്‍ത്തന പരിധിക്ക് പുറത്ത് നിന്നുള്ളവരെ അംഗങ്ങളാക്കാനോ അവര്‍ക്ക് ബാങ്കില്‍ ഇടപാട് നടത്താനോ കഴിയില്ല. ബാങ്കുകളുടെ പ്രവര്‍ത്തനം കൃത്യതയോടെയും സുതാര്യമായും നടപ്പാക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളാണ് ഇവ.
തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ വെട്ടിപ്പ് പുറത്ത് വന്നതോടെയാണ് സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ കൊള്ളയും കള്ളപ്പണ ഇടപാടും പുറം ലോകം അറിയുന്നത്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കൊള്ളയടിക്കപ്പെട്ടിട്ടുള്ളത് 300 കോടിയിലേറെ രൂപയാണ്. നാനൂറ് കോടിയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്ക് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. നാല്പത് വര്‍ഷമായി സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. തൊണ്ണൂറ് ശതമാനം ജീവനക്കാരും സിപിഎം ഭാരവാഹികളും സഹയാത്രികരുമാണ്. പണം നഷ്ടമായവരേറെയും സാധാരണക്കാരാണ്. കര്‍ഷകര്‍,തൊഴിലാളികള്‍,ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, വിരമിച്ച അധ്യാപകര്‍ അങ്ങനെ നീളും ആ പട്ടിക. വീടു പണിയാന്‍, മക്കളുടെ വിദ്യാഭ്യാസത്തിന്, ചികിത്സക്ക് ഒക്കെയായി സ്വരുക്കൂട്ടിവെച്ച പണം നഷ്ടമായതിന് ആരോട് പരാതി പറയണമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് അവര്‍.
കേരളത്തിലെ സഹകരണബാങ്കുകളില്‍ നടക്കുന്ന വെട്ടിപ്പുകളും കള്ളപ്പണ ഇടപാടുകളും വ്യക്തമാക്കുന്ന സാമ്പിള്‍ മാത്രമാണ് കരുവന്നൂര്‍ ബാങ്ക്.
പ്രധാനമായും രണ്ട് തരം തട്ടിപ്പാണ് ഇവിടെ നടന്നിട്ടുള്ളത്. ഒന്ന് ആധാരം പണയപ്പെടുത്തി വായ്പയെടുത്തവരുടെ പേരില്‍ അവരറിയാതെ വീണ്ടും കോടികളുടെ വായ്പ എഴുതിച്ചേര്‍ത്ത് പണം തട്ടിയെടുത്തു. ഭൂമിയുടെ മതിപ്പുവില പതിന്മടങ്ങ് ഉയര്‍ത്തിക്കാണിച്ചും മറ്റ് വായ്പകള്‍ മറച്ചുവെച്ചും യഥാര്‍ത്ഥ അവകാശികളുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയുമാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ധാരണയുള്ളവര്‍ക്കറിയാം ഇത് ഒരാള്‍ക്കോ ചില ജീവനക്കാര്‍ക്കോ മാത്രമായി നടത്താന്‍ കഴിയുന്ന തട്ടിപ്പല്ലെന്നുള്ളത്. ചെറുതോ വലുതോ ആകട്ടെ വായ്പ നല്കണമെങ്കില്‍ ഭരണ സമിതി അംഗീകരിക്കണമെന്നാണ് സഹകരണ ചട്ടം. ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും സ്ഥല പരിശോധന നടത്തണം. മതിപ്പുവില പരിശോധിക്കണം, ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി ഭരണ സമിതിയോഗത്തില്‍ അവതരിപ്പിക്കണം. അതിനുശേഷമാണ് വായ്പാ അപേക്ഷയില്‍ തീരുമാനമെടുക്കുക. 13 ഭരണ സമിതിയംഗങ്ങളും സെക്രട്ടറി മുതല്‍ പ്യൂണ്‍ വരെയുള്ള ജീവനക്കാരും അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടത്താനാകില്ല എന്ന് വ്യക്തം. ഭരണസമിതിയും ജീവനക്കാരും എല്ലാം പാര്‍ട്ടി തന്നെയാകുമ്പോഴുള്ള നേട്ടമാണിത്. 2011 മുതല്‍ ഇങ്ങനെ വ്യാജവായ്പാ തട്ടിപ്പ് ബാങ്കില്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
സഹകരണ ബാങ്കുകളില്‍ ഓരോ വര്‍ഷവും വകുപ്പുതല ഓഡിറ്റിങ് നടക്കാറുണ്ട്. ക്രമവിരുദ്ധമായി വായ്പകള്‍ നല്കിയിട്ടുണ്ടെങ്കിലോ പണം ചെലവഴിച്ചിട്ടുണ്ടെങ്കിലോ ഈ ഓഡിറ്റുകളില്‍ കണ്ടെത്തേണ്ടതാണ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും പത്തുവര്‍ഷം നടന്ന ഓഡിറ്റിങ്ങുകളിലും അത് കണ്ടെത്താനായില്ല എന്ന് ആരാണ് വിശ്വസിക്കുക. തട്ടിപ്പില്‍ ബാങ്കിന് മുകളിലുള്ള സഹകരണ വകുപ്പിനും പങ്കുണ്ടെന്ന് വ്യക്തമാകുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.
സഹകരണ വകുപ്പിനും മുകളില്‍ ഇതിനെയെല്ലാം നിയന്ത്രിക്കുന്ന സര്‍ക്കാരും പാര്‍ട്ടി (സിപിഎം)യുമുണ്ട്. ബാങ്കില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് 2016 ല്‍ സിപിഎം നേതൃത്വത്തിന് ഒരു ജീവനക്കാരന്‍ രേഖാമൂലം പരാതി നല്കി. ഈവനിംഗ് കൗണ്ടറിന്റെ മാനേജരായിരുന്ന എം.വി.സുരേഷ് എന്നയാളായിരുന്നു പരാതിക്കാരന്‍. സുരേഷ് സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായിരുന്നു. പരാതി ലഭിച്ച നേതൃത്വം അതെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടി വിരുദ്ധനാണെന്നാരോപിച്ച് സുരേഷിനെ പാര്‍ട്ടിയില്‍ നിന്നും പിന്നീട് ബാങ്കിലെ ജോലിയില്‍ നിന്നും പുറത്താക്കി. അന്ന് സുരേഷ് പരാതി നല്കിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ഇന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. മറ്റൊരാള്‍ സംസ്ഥാനകമ്മറ്റിയംഗവും.
2019 ല്‍ നടന്ന സഹകരണ അദാലത്തില്‍ സുരേഷ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പരാതി നല്കി. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല,സുരേഷിന് നേരെയുള്ള ആക്രമണം പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം കടുപ്പിക്കുകയും ചെയ്തു. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും സഹകരണ വകുപ്പിന്റെയും ബാങ്ക് ഭരണസമിതിയുടേയും ജീവനക്കാരുടേയും അറിവോടെയാണ് കൊള്ള നടന്നത് എന്നാണ്.
വ്യാജ വായ്പകള്‍ വഴി കോടികള്‍ തട്ടിയതിന് പുറമേ 200 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാടും കരുവന്നൂര്‍ സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ വന്‍തുകകള്‍ നിക്ഷേപിക്കുകയും പിന്നീട് വായ്പയായി കാണിച്ച് പലപേരുകളിലേക്കും മാറ്റിനല്കുകയും ചെയ്തിരിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കുകയും വന്‍തുക വായ്പയായി നല്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തുനിന്നുപോലും നിക്ഷേപം സ്വീകരിച്ചതായി കണക്കുകളിലുണ്ട്. ഒരാള്‍ക്ക് നല്കാവുന്ന വായ്പയുടെ പരിധി 50 ലക്ഷമാണെന്നിരിക്കെ 23 കോടിവരെ വായ്പത്തുക ഒരാള്‍ക്ക് കൈമാറിയിട്ടുമുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സി -എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റ് -ഈ കള്ളപ്പണ ഇടപാട് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പക്ഷേ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് രേഖകളോ തെളിവുകളോ കൈമാറാതെ ഒളിച്ചുകളിക്കുകയാണ് സഹകരണ വകുപ്പ്. കേരള പോലീസ് ഇതിന് കൂട്ടുനില്ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യപ്രകാരമല്ലാതെ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സഹകരണവകുപ്പിനും പോലീസിനും കഴിയില്ല. പണം നഷ്ടപ്പെട്ടവര്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.പണം നഷ്ടമായവര്‍ക്കൊപ്പമല്ല, തട്ടിപ്പുകാര്‍ക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ നിലപാടുകള്‍.
കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ മാധ്യമ ശ്രദ്ധയില്‍ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ സഹകരണ ബാങ്ക് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ്. സമാനമായ വായ്പാത്തട്ടിപ്പ് നടത്തി പണം മുഴുവന്‍ ഭരണസമിതിയംഗങ്ങളും ബന്ധുക്കളും അപഹരിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് ബാങ്ക്. അടാട്ട് ഫാര്‍മേഴ്‌സ് സഹകരണബാങ്കിലും ഭരണസമിതി ഇത്തരത്തില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയത് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ മൂസ്‌പെറ്റ് സഹകരണ ബാങ്ക്, പറപ്പൂക്കര സഹകരണ ബാങ്ക് എന്നിവിടങ്ങളിലെല്ലാം സമാനമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ സംഘം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 പ്രചാരണ വാഹനങ്ങളാണ് തൃശ്ശൂര്‍ ജില്ലയില്‍ സിപിഎമ്മിന് വേണ്ടി സ്‌പോണ്‍സര്‍ ചെയ്തത്. പാര്‍ട്ടിനേതാക്കള്‍ക്കും അണികള്‍ക്കും സഹകരണ ബാങ്കുകള്‍ കറവപ്പശുക്കളാകുമ്പോള്‍ നഷ്ടങ്ങളെല്ലാം നേരിടേണ്ടിവരുന്നത് സാധാരണക്കാരായ പാവപ്പെട്ടവര്‍ക്കാണ്. അവര്‍ അസംഘടിതരും ദുര്‍ബലരുമായതിനാല്‍ ഭയക്കേണ്ടതില്ലെന്നതാണ് ഈ തട്ടിപ്പുകാരുടെ ധൈര്യം.
സാധാരണക്കാരുടെ പണം കൊള്ളയടിക്കുന്നതിന് പുറമേ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും സഹകരണ ബാങ്കുകള്‍ മറയായി ഉപയോഗപ്പെടുത്തുന്നുണ്ട്. അനധികൃതമായി സമ്പാദിച്ച കോടികള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ മുന്നണി ഭേദമില്ലാതെ നേതാക്കള്‍ ഒറ്റക്കെട്ടാണ്. മലപ്പുറത്തെ എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണനിക്ഷേപമുണ്ടെന്നും ഇ.ഡി. അന്വേഷിക്കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ ആദ്യം രംഗത്ത് വന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. പിന്നാലെ രമേശ് ചെന്നിത്തലയും പിണറായിയുടെ അതേ നിലപാടുമായി രംഗത്ത് വന്നു.
2017 മുതല്‍ 12 അന്വേഷണ റിപ്പോര്‍ട്ടുകളാണ് എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഒന്നില്‍പോലും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. 50,839 അംഗങ്ങളാണ് ബാങ്കില്‍ ആകെയുള്ളത്. എന്നാല്‍ 80,000 ലേറെ അക്കൗണ്ടുകളുണ്ട്. ഇന്‍കംടാക്‌സ് നടത്തിയ പരിശോധനയില്‍ 257 അക്കൗണ്ടുകള്‍ ഒരു രേഖയുമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ മാത്രമല്ല കോടികള്‍ വായ്പയെടുത്തവരുടേയും വിവരങ്ങള്‍ ലഭ്യമല്ല. അക്കൗണ്ടുകളില്‍ പകുതിയോളം വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാത്തതാണ്. ഒരു എ.ആര്‍.നഗര്‍ ബാങ്കിലോ കരുവന്നൂര്‍ ബാങ്കിലോ മാത്രം നടക്കുന്ന കാര്യങ്ങളല്ല ഇത്. സംസ്ഥാനത്ത് വ്യാപകമായി സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകള്‍ നടക്കുന്ന കാര്യം ഇപ്പോള്‍ വ്യക്തമാണ്. സഹകരണ ബാങ്കുകളെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ വരുമ്പോഴും പരിശോധനകള്‍ വരുമ്പോഴും സിപിഎം-കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ കൂട്ടനിലവിളികള്‍ക്ക് പിന്നിലെ കാരണമിതാണ്.
Comments