‘ഭാരത് മാതാ കീ ജയ്’ തിരൂരങ്ങാടി വന്നിറങ്ങി ഊരകത്തേക്കുള്ള യാത്രയ്ക്കിടെയാണ് അയാള്‍ എതിര്‍ദിശയില്‍ നടന്നുവരുന്ന വെള്ള ഖദര്‍ധാരികളായ പത്തു പതിനഞ്ചുപേര്‍ അടങ്ങിയ സംഘത്തിന്റെ മുദ്രാവാക്യം കേട്ടത്. സൈക്കിള്‍മണി മുഴക്കിക്കൊണ്ട് അന്ത്രുമാന്‍ മുദ്രാവാക്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു. അന്ത്രുമാന്‍ എന്നുതന്നെയാണ്, തന്നെ സൈക്കിളില്‍ കയറ്റാന്‍ സന്മനസ്സ് കാണിക്കുകയും അതുമൂലം ഇപ്പോള്‍ ആയാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന അയാള്‍ അല്പം മുമ്പ് പേര് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് എന്ന് വേലായുധന്‍ ഒന്നുകൂടി ഓര്‍മ്മിച്ചെടുത്തു കൊണ്ട് ചോദിച്ചു.
”അന്ത്രൂക്കാ, ന്താ പരിപാടി ?”
”ഗാന്ധിജി വരുന്നൂന്ന്. കോഴിക്കോട്ട് മൂന്നുനാല് ദെവസം ഉണ്ടാവും’
‘ഗാന്ധിജി ?” വേലായുധനില്‍ കൗതുകത്തിന്റെ ഉണര്‍വ്.
‘അതേന്ന്. സാക്ഷാല്‍ ഗാന്ധിജി’. അന്ത്രുമാന്റെ സൈക്കിള്‍ ചവിട്ടലിന് വേഗം കൂടി. ‘പത്താം തീയതി ഒലോക്കോട് ശബരി ആശ്രമത്തിലെത്തീന്നാ കേട്ടത്. പാലക്കാട് കുറേ സ്ഥലത്ത് പരിപാടീല് പങ്കെട്ത്ത്. പിന്നെ ഗുരുവായൂരും കുന്നംകുളത്തും പട്ടാമ്പീലും പയ്യന്നൂരും പോയീന്നാ പത്രത്തില് കണ്ടത് ‘.
”ഇപ്പോ എവിടെയാണെന്ന് അറിയോ?’
‘ഇന്ന് മാഹീല്. കേളപ്പജി കൂടെയുണ്ടെന്നാ കേട്ടത്. പാക്കനാര്‍പുരത്ത് കേളപ്പജീടെ സ്‌കൂളിലും സന്ദര്‍ശനൂണ്ട്. വൈകുന്നേരം കോഴിക്കോട് എത്തും. നാളെ കടപ്പുറത്ത് പരിപാടി’.
നീണ്ടപാതയിലൂടെ ചക്രങ്ങള്‍ ഉരുണ്ടു. മുന്‍ചക്രത്തെ അന്ത്രുമാന്‍ നിയന്ത്രിച്ചു. പിന്‍ചക്രം പിന്തുടര്‍ന്നു. പിന്‍ചക്രത്തിന് മുകളിലെ കാരിയറില്‍ വേലായുധന്‍ ഇരുന്ന് നാലുവര്‍ഷങ്ങള്‍ക്കിപ്പുറത്തെ നാടിന്റെ കാറ്റേറ്റ് വാങ്ങി. മാധവിയുടെ കാത്തിരിപ്പിന്റെ ഇങ്ങേയറ്റത്ത് ഉറവിടുന്ന ആനന്ദാശ്രുവിന്റെ തണുപ്പ് കാറ്റിനൊപ്പം കലര്‍ന്നിരുന്നു.
നേര്‍പാതിയുടെ കൗതുകക്കണ്ണീരിലേക്ക് ഏതാനും വാരയകലെ വേലായുധനെ ഇറക്കി അന്ത്രുമാന്‍ സൈക്കിളോടിച്ച് അകന്നുപോയി. ഉച്ചവെയിലിലേക്ക് എണ്ണമയമില്ലാത്ത ജടകെട്ടിയ മുടി തുറന്നുവെച്ചുകൊണ്ട് അയാള്‍ തോട്ടുവക്കത്ത് കൂടി നടന്നു.
ഏറെനാളായി കുളിച്ചൊരുങ്ങാത്തൊരു മൂകതാപസനെ പോലെ വീട്. പായലിന്റെ പച്ചപ്പണിഞ്ഞ മുറ്റം. പെണ്‍സ്പര്‍ശത്തിന്റെ വെടിപ്പില്ലാതെ കിടക്കുന്ന കോലായിലേക്ക് വേലായുധന്‍ കയറി. താഴിട്ടു പൂട്ടിയിരിക്കുന്ന വാതിലില്‍ മുട്ടി നോക്കി.
ഇല്ല, അകത്തുള്ള ലക്ഷണമൊന്നുമില്ല.
കോലായിലെ തിണ്ണമേല്‍ വേലായുധന്‍ നീണ്ടുനിവര്‍ന്നു കിടന്നു. പടിഞ്ഞാറുനിന്നും ഇളംകാറ്റ് വന്ന് ഇടയ്ക്കിടെ തലോടിക്കൊണ്ടിരുന്നപ്പോള്‍ പതുക്കെ മന്ദത വന്നു കണ്ണില്‍ കയറി.
സായാഹ്നം പതിവ് സാമര്‍ത്ഥ്യത്തോടെ ഒരു കാറ്റിനൊപ്പം പമ്മിവന്നപ്പോഴാണ് കണ്ണുതുറന്നത്. പടിഞ്ഞാറേ വയല്‍തുറസ്സിലേക്ക് ക്ഷീണം കലര്‍ന്ന നോട്ടം പരന്നൊഴുകി. കണ്ണുതിരുമ്മി എഴുന്നേറ്റു. വീടിന്റെ പിറകിലേക്ക് നടന്നു. ആലയില്‍ കാളകളില്ല. സാധാരണ നിര്‍ത്താറുള്ള സ്ഥലത്ത് കരിയിലകള്‍ മൂടിക്കിടക്കുന്നു. പുറത്തേക്കിറങ്ങി വരമ്പിലൂടെ നടന്നു.
സൂര്യന്‍ പടിഞ്ഞാറേ തെങ്ങിന്‍ തലകള്‍ക്കിടയിലേക്ക് താഴ്ന്നിറങ്ങും വരെ തോട്ടിന്‍കരയില്‍ ഇരുന്നു. മങ്ങിയ വെട്ടത്തില്‍ തോട്ടിലേക്കിറങ്ങി. മൂന്നുപ്രാവശ്യം മുങ്ങി നിവര്‍ന്നു. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഈ മുങ്ങിക്കുളിയില്‍ ദേഹമാകെയൊന്ന് ഇളകി. ഉടുമുണ്ടഴിച്ച് തുവര്‍ത്തി കരയ്ക്കുകയറി.
ക്ഷീണത്തിന് കുറവില്ല, വിശപ്പിനും.
വീട്ടിലേക്ക് നടക്കുമ്പോള്‍ ഇരുട്ടിലേക്കുള്ള മകരമഞ്ഞിന്റെ താണിറക്കത്തില്‍ ദേഹത്താകെയൊരു വിറ. വരമ്പിലെ ഇരുട്ടിലൂടെ വേച്ച് വേച്ചുള്ള നടത്തം കണ്ട് വയലിന്റെ വടക്കേയോരത്തെ വീടിന്റെ വരാന്തയില്‍ നിന്ന് കുഞ്ഞിക്കൊട്ടന്‍ തല പുറത്തേക്കിട്ടു.
‘ആരാ?’. വിളി വയലിലാകെ പടര്‍ന്നു.
മറുപടിക്ക് പകരം വേലായുധന്‍ അങ്ങോട്ട് തിരിഞ്ഞു.
‘വഴീലൂടെ വാ.. നല്ല ചേനത്തണ്ടന്‍മാര് ഇറങ്ങുന്ന സമയാ’. ആളെ കുഞ്ഞിക്കൊട്ടന് അപ്പോഴും പിടികിട്ടീട്ടുണ്ടായിരുന്നില്ല. ഉമ്മറത്തെ പാനീസിന്റെ വെളിച്ചത്തിന് എത്തിപ്പിടിക്കാവുന്ന അകലത്തെത്തിയപ്പോഴാണ് അയാള്‍ ആളെത്തിരിച്ചറിഞ്ഞത്.
‘വേലായുധനാ. നീ എപ്പാ വന്നേ?’. അയാള്‍ അത്ഭുതത്തോടെ മുറ്റത്തേക്ക് ചാടിയിറങ്ങി.
‘ഉച്ചയ്ക്ക്… കൊട്ടേട്ടന്‍ മാധവിയെ കണ്ടോ ?’
‘നീ വാ കേറ്, പറയാം. വല്ലതും കഴിച്ചിരുന്നോ?’
‘ഇല്ല. വിശപ്പുണ്ട്’. വേലായുധന്‍ ഉമ്മറത്തേക്ക് കയറി തിണ്ണയിലിരുന്നു. കുഞ്ഞിക്കൊട്ടന്റെ ഭാര്യ ചേയൂട്ടി വിളമ്പിയ കഞ്ഞി ആര്‍ത്തിയോടെ കുടിക്കുന്നതിനിടയിലാണ് കുഞ്ഞിക്കൊട്ടന്‍ പറഞ്ഞത്.
‘ഓള് ഇവിടെ വരവൊക്കെ കുറവാ. എന്താ പരിപാടീന്നൊന്നും അറിഞ്ഞൂടാ. നിന്റെ കാളകളെ ഒക്കെ വിറ്റൂന്നാ തോന്ന്‌ന്നേ’.
വീട്ടിലേക്ക് നടക്കുമ്പോഴും വരാന്തയില്‍ തണുപ്പിനെ കൂട്ടുചേര്‍ന്നു കിടക്കുമ്പോഴും വേലായുധന്‍ വെറുതെ ചോദ്യം ഇരുട്ടിലേക്കെറിഞ്ഞു.
‘മാധവി എവിടെയായിരിക്കും?’
പടിഞ്ഞാറു നിന്നെത്തിയ കാറ്റ് യാതൊരു ഉത്തരവും പറയാതെ കടന്നുപോയി.
അടുത്ത ദിനം സായാഹ്നം അതേ കാറ്റിന്റെ പിന്മുറക്കാര്‍ ആഞ്ഞടിക്കുന്ന കോഴിക്കോടന്‍ കടല്‍ത്തീരത്ത് ജനസമുദ്രം. തന്റെ അര്‍ദ്ധനഗ്നമേനി തഴുകിക്കടക്കുന്ന കാറ്റിനെ മുറിച്ച് ഗാന്ധിജി വേദിയിലേക്ക് നടക്കുന്നു. പിറകില്‍ കേളപ്പനും മറ്റു നേതാക്കന്മാരും. കാറ്റിലാകെ സത്യാന്വേഷണത്തിന്റെ ഉപ്പുമണം. വിശ്രമമില്ലാത്ത സമരയാത്രയുടെ വിയര്‍പ്പുമണം. ജനസഞ്ചയം അതില്‍ ഉന്മേഷവാന്മാരായി.
കേളപ്പന്‍ ഗാന്ധിജിയെ പിന്തുടര്‍ന്നു. തിരമാലകള്‍ കണക്കെ ഉയര്‍ന്നും താഴ്ന്നും അലയടിച്ച മുദ്രാവാക്യങ്ങള്‍ക്കിടയില്‍ നേതാക്കള്‍ വേദിയില്‍ കയറി. വേദിയില്‍ ഗാന്ധിജിയെ കണ്ട ജനസമുദ്രം ഇളകി. മുദ്രാവാക്യം കനപ്പെട്ടു. ആവേശം അലതല്ലിയുയര്‍ന്നു.
ഗാന്ധിജി സംസാരിച്ചു. കാരുണ്യം കനിഞ്ഞിറങ്ങുന്ന ശബ്ദം. കഠിനകര്‍മ്മത്തിന്റെ ദൃഢതയങ്കുരിച്ച വാക്കുകള്‍. ജാതീയതയുടെ മദമിറക്കാനും മനുഷ്യനാക്കാനും ആഹ്വാനം ചെയ്യുന്ന ഭാഷണം. തലേന്ന് മുതല്‍ തന്നോടൊപ്പമുള്ള കേളപ്പനെ ചൂണ്ടി അദ്ദേഹം പറഞ്ഞു.
‘ഇതാ ഒരു മനുഷ്യന്‍. നിങ്ങള്‍ പ്രതീക്ഷവെക്കുക. എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു രണ്ടുദിവസം. മാഹിയില്‍, വയനാട്ടില്‍, വടകരയില്‍. ഇദ്ദേഹത്തിന്റെ പാക്കനാര്‍പുരം ശ്രദ്ധാനന്ദ വിദ്യാലയത്തില്‍ നിങ്ങള്‍ പോയിട്ടുണ്ടോ. ഞാന്‍ പോയി. ഹരിജനങ്ങള്‍ അവിടെ അക്ഷരങ്ങള്‍ സമ്പാദിക്കുകയാണ്. പാവങ്ങള്‍ക്ക് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള അവസരമൊരുക്കുന്ന നിങ്ങളിലൊരാള്‍ ആണ് നിങ്ങളുടെ കേളപ്പന്‍’.
നിര്‍ത്താത്ത കരഘോഷം. വിനയാന്വിതനായി തലകുനിച്ചു നില്‍ക്കുമ്പോള്‍ കേളപ്പന്റെ കണ്‍പോളകള്‍ക്കകം ഈറനണിഞ്ഞു. ചെഞ്ചായം പൂശിയ കടല്‍പ്പരപ്പും മനുഷ്യസാഗരവും നനഞ്ഞ ദൃശ്യമായി അയാളുടെ കണ്ണുകളിലേക്ക് കയറി.
കേളപ്പനെ പുകഴ്ത്തി സംസാരിച്ചതടക്കമുള്ള ഗാന്ധിജിയുടെ കടപ്പുറം സമ്മേളന വിശേഷങ്ങള്‍ കുഞ്ഞിക്കൊട്ടന്റെ ചായ്പ്പിലിരുന്ന് വേലായുധന്‍ മനസ്സില്‍ കണ്ടു. നാട്ടിലെ പ്രധാന പ്രവര്‍ത്തകരായ അബ്ദുക്കോയയും നാണുക്കുട്ടിയും പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ ദൃക്‌സാക്ഷിയെന്നവണ്ണം വിവരിച്ചു കൊടുക്കുകയായിരുന്നു കുഞ്ഞിക്കൊട്ടന്‍. വേലായുധന്‍ താല്‍പര്യത്തോടെ കേട്ടു. പൊതുയോഗത്തിന് പോകണം എന്ന് കരുതിയതായിരുന്നു. പിന്നീടെന്തോ വേണ്ടെന്നുവയ്ക്കാന്‍ തോന്നി. ആവേശം കെട്ടു പോയ മധ്യാഹ്നത്തില്‍ കുഞ്ഞിക്കൊട്ടന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ ഉച്ചയൂണും ചായ്പ്പില്‍ കിടക്കാന്‍ ഒരിടവും നല്‍കി കുഞ്ഞിക്കൊട്ടനും പറഞ്ഞു.
‘പ്രാന്ത്. അത്രയ്‌ക്കെല്ലാം ദൂരെപ്പോയി കാണാന്‍ മാത്രം എന്ത് കൂത്താ അവ്‌ടെ നടക്കുന്നേ. ഇവര്‌ടെ പിന്നാലെ നടന്ന് നിന്‍ക്ക് നിന്റെ ജീവിതം പോയീന്നല്ലാതെ. നിന്റോളേം കൊണ്ടോയില്ലേ ഓര്. അബ്ദൂന്റൊപ്പാ ഓളെ സഞ്ചാരം. ഓന്‍ ഓളെ കെട്ടിയോന്ന് തന്നെ സംശയമില്ലാതില്ല എനക്ക് ‘.
ഇത് പറഞ്ഞ് കുഞ്ഞിക്കൊട്ടന്‍ വേലായുധന്റെ മുഖത്ത് നോക്കി. നിര്‍വികാരതയുടെ മരുഭൂമിയെ മുഖത്ത് വിരിയിച്ച് അയാള്‍ ചായ്പ്പിലെ പഴകിയ കട്ടിലിലേക്ക് ചായുമ്പോള്‍ കുഞ്ഞിക്കൊട്ടന്‍ തുടര്‍ന്നു. ‘നീയിനി വീടിന്റെ പൂട്ടുപൊളിക്കാനൊന്നും നിക്കണ്ട. ഇവിടെകൂട് കൊറച്ചുകാലം’.
അതുതന്നെ ശരിയെന്നു തോന്നി. മൗനവ്രതത്തിലാണ്ടു കിടക്കുന്ന വീടിന്റെ സൂക്ഷ്മ ചിന്തകളെ ശല്യപ്പെടുത്താതെ വേലായുധന്‍ വീട്ടുവളപ്പില്‍ ചേനയും ചേമ്പും നട്ടു. വാഴനട്ട് വെള്ളം നനച്ചു. വീട്ടുവരാന്ത അയാള്‍ക്ക് പകല്‍വിശ്രമത്തിനു തണലൊരുക്കി. രാത്രി നേരങ്ങള്‍ കുഞ്ഞിക്കൊട്ടന്റെ ചായ്പ്പില്‍ അയാള്‍ ഗാന്ധിജിയെക്കുറിച്ച് ചിന്തിച്ചു. കേളപ്പനെക്കുറിച്ച് ചിന്തിച്ചു.
ഏറനാടിനേയും വള്ളുവനാടിനേയും ചുടലക്കളമാക്കിയ കഴിഞ്ഞ ദശകത്തെ അയാള്‍ ഇരുട്ടില്‍ ഓര്‍ത്തെടുത്തു.
കുറച്ചു ദിവസം അബ്ദുവിനെ അന്വേഷിച്ചിരുന്നു. അയാള്‍ നാട്ടിലേ ഇല്ല എന്നറിഞ്ഞു. ഒരിക്കല്‍ ഒരു സന്ധ്യക്ക് കുഞ്ഞിക്കൊട്ടന്‍ പറഞ്ഞു.
‘അബ്ദൂം മാധവീം അകപ്പെട്ടിട്ടുണ്ടാവാനെടയുള്ള പുതിയൊരു സംഘം ഇറങ്ങിയിട്ടുണ്ട് കമ്മ്യൂണിസ്റ്റ്കാരെന്നാ അറിയപ്പെടുന്നത്. അവരുടെ കൂട്ടത്തിലെങ്ങാന്‍ പെട്ടാ പുറത്തിറങ്ങാമ്പറ്റൂല്ല’.
വേനല്‍ക്കാലത്തിലെ ഒരു തെളിഞ്ഞ പ്രഭാതത്തില്‍ പല്ലുതേച്ചുകൊണ്ടിരിക്കുന്ന വേലായുധനോട് കുഞ്ഞിക്കൊട്ടന്‍ ചോദിച്ചു.
‘ ആനേ നോക്കാന്‍ പറ്റ്വോ നിനക്ക്? ‘
പെട്ടെന്നുള്ള ചോദ്യത്തിന്റെ അമ്പരപ്പില്‍ വേലായുധന്‍ നെറ്റിചുളിച്ചു.
‘മോശമല്ലാത്ത കൂലി കിട്ടും. കണ്ണമംഗലത്ത് കൂരിക്കാടന്‍ മുഹമ്മദിന്റേതാ. പറ്റ്വോ?’
‘അതിനെനിക്ക് ആനേന നോക്കി ശീലുല്ലല്ലോ. കാളേനയാണെങ്കില് നോക്കായിരുന്നു’. വേലായുധന്‍ വെള്ളം വായ്ക്കകത്ത് നിറച്ച് പുറത്തേക്ക് തുപ്പുന്നതിനിടയില്‍ പറഞ്ഞു.
‘പിന്നേ, ജനിക്കുമ്പോ തന്നെ ആനക്കാരനായല്ലേ പാപ്പാന്‍മാരെല്ലാം ജനിക്ക്ന്നത്. നിനക്ക് പറ്റിയ പണിയാ. മമ്മദ് തന്നെ ഇന്നലെ ചന്തേന്ന് ചോദിച്ചു. ഒരാളെ കിട്ട്വോന്ന്. ഒന്നാം പാപ്പാനായി ഒരാള് ഉണ്ടത്രേ. നീ രണ്ടാമനായാ മതി. കുഞ്ഞിക്കൊട്ടന്‍ വേലായുധനെ ആനക്കാരനാവുന്നതിന്റെ ഗമയും ഗുണവും സംബന്ധിച്ച് പലതും പറഞ്ഞ് പ്രോത്സാഹിപ്പിച്ചു.
അന്നുതന്നെ മമ്മദിന്റെ പുരയിടത്തില്‍ എത്തി. ആനപ്പന്തി വീട്ടില്‍ നിന്നും പത്തിരുന്നൂറ് വാര അകലെയാണ്. കുഞ്ഞിക്കൊട്ടന്‍ പറഞ്ഞയച്ചതാണെന്ന് പറഞ്ഞപ്പോള്‍ മമ്മദ് പുറത്തേക്കിറങ്ങിവന്നു. നടക്കാനാംഗ്യം കാണിച്ച് മുന്നില്‍ നടന്നു.
‘അനക്ക് മുന്‍പരിചയം വല്ലതും?’ ഗാംഭീര്യമുള്ള സ്വരം.
‘ഇല്ല. കാളവണ്ടിയായിരുന്നു’. വേലായുധന്‍ മറുപടി ഒട്ടും താമസിപ്പിച്ചില്ല.
പന്തിയില്‍ ആനയ്ക്ക് പനയോല തറിച്ചുനല്‍കുന്ന കൃശഗാത്രന്‍. മമ്മദ് പറഞ്ഞു. ‘ഇത് രാമുണ്ണി. ഹൈദറ്കുട്ടിക്ക് ഇവനെ ബെല്ല്യ കാര്യാ’.
ഏതാണ് രാവുണ്ണി, ഏതാണ് ഹൈദര്‍കുട്ടി എന്ന് തിരിച്ചറിയാതെ വേലായുധന്‍ ആശയക്കുഴപ്പത്തിലായത് മനസ്സിലാക്കി മമ്മദ് തുടര്‍ന്നു. ‘ഇവന്റെ ശീലങ്ങളും രീതികളും രാമുണ്ണി വ്യക്തമായി പറഞ്ഞുതരും. അപ്പോ ഏറ്റൂലോ അല്ലേ?’
ആനയൊരു കൂറ്റന്‍ രൂപമായി മുന്നില്‍. ഇത്രയും അടുത്ത് താന്‍ ആദ്യമായാണല്ലോ ഈ ജീവിയെ കാണുന്നതെന്ന് വേലായുധന്‍ ഓര്‍ത്തു. ദൂരക്കാഴ്ചകള്‍ എത്രമാത്രം കള്ളമാണ് ധരിപ്പിക്കുന്നത്. എന്താണ് താനിപ്പോള്‍ മറുപടി നല്‍കേണ്ടത്?
‘ഉം’ ഒടുവില്‍ അങ്ങനെയൊരു മൂളല്‍ പുറത്തു നിക്ഷേപിച്ച് ഹൈദറിന്റെ തുമ്പിക്കയ്യിലൊന്നു തൊട്ടു. സ്പര്‍ശനം ആ ജീവി ആസ്വദിച്ചെന്നവണ്ണം ചെവിക്കുട മുന്‍പില്‍ വീശി തലയാട്ടി.
‘ഹൈദരൂട്ടിക്ക് ആളെ ഇഷ്ടപ്പെട്ടൂന്ന് തോന്നണ്’. രാമുണ്ണി മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
‘നന്നായി’. മമ്മദ് വീട്ടിലേക്ക് നടന്നു.
മമ്മദ് പോയശേഷം വേലായുധന്‍ രാമുണ്ണിയോട് കൗതുകത്തോടെ പറഞ്ഞു. ‘കേശവന്‍, ശങ്കരന്‍, നീലാണ്ടന്‍ന്നൊക്കെ കേട്ടിട്ടുണ്ട്. ആനക്ക് ഇങ്ങനെയൊരു പേര് ആദ്യമായി കേള്‍ക്ക്വാ’.
രാമുണ്ണി മമ്മദ് പോയ വഴിയെ ദൃഷ്ടി പായിച്ചു. ആനയുടെ പിന്‍കാലില്‍ തടവിക്കൊണ്ട് ശബ്ദംതാഴ്ത്തി പറഞ്ഞു. ഇതിന്റെ പേര് വട്ടക്കണ്ടി അച്യുതന്‍ന്നായിരുന്നു. ലഹളക്കാലത്ത് മനേന്ന് കട്ടോണ്ട് പോയതാ ഇവനെ’.
രാവുണ്ണി അച്യുതന്റെ കഥ പറഞ്ഞു.
മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച ഉപ്പന്‍കുട്ടി നായരുടെ കഥ. പന്തല്ലൂരില്‍ കാടു വെട്ടിത്തെളിച്ച് കൃഷിഭൂമിയൊരുക്കി. കടുവയും കാട്ടുപന്നിയും കുരങ്ങുമിറങ്ങുന്ന ഭൂമിയില്‍ ജാഗ്രതയുടെ തോക്കിന്‍കുഴല്‍ ചൂണ്ടി കൃഷിയേയും കൃഷിക്കാരേയും രക്ഷിച്ചു. ജാതിയും മതവും നോക്കാതെ തോട്ടത്തില്‍ നിയമിക്കപ്പെട്ട പണിക്കാര്‍ മുതലാളിയുടെ നന്മയുടെ രുചിയറിഞ്ഞു. പാടങ്ങളില്‍ കന്നുപൂട്ടുന്നതിനും ഞാറുനടുന്നതിനും മുമ്പേവേണ്ട നന്നാക്കല്‍ പണിക്കായി അദ്ദേഹം അവര്‍ക്കൊപ്പമിറങ്ങി. കാളപൂട്ട് മത്സരങ്ങള്‍ നടത്തി അവരില്‍ ആവേശം വിതച്ചു. അവര്‍ക്കൊക്കെ സ്വന്തമായി കൃഷിയിടവും പുരയിടവും മകളുടെ കല്യാണ ചെലവിനും മറ്റുമായി പണവും സ്വര്‍ണവും ഒക്കെ നല്‍കി മനുഷ്യത്വത്തിന്റെ തായ്‌വേര് ആഴങ്ങളിലേക്ക് ഉറപ്പിച്ചുനിര്‍ത്തി.
ഉപ്പന്‍കുട്ടിനായരുടെ പന്തിയില്‍ അച്യുതന്‍ അതേ സ്‌നേഹത്തണലേറ്റ് വളര്‍ന്നു.
ലഹള തുടങ്ങിയ ശേഷമുള്ള ഒരു സായാഹ്നത്തില്‍ കാര്യസ്ഥനായ ചോയി ഓടിക്കിതച്ചുവന്നു. ഉമ്മറത്തിരിക്കുന്ന ഉപ്പന്‍കുട്ടി നായരുടെ മുന്നില്‍ കിതച്ചുകൊണ്ട് നിന്നു.
‘നായരേമാനെ കൊല്ലാനുള്ള പരിപാടിയുണ്ട്ന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്. സൂക്ഷിക്കണം’.
രാത്രി അത്താഴം കഴിക്കാന്‍ ഇരിക്കുന്ന നായരുടെ ഇലയിലേക്ക് ചോറ് വിളമ്പുമ്പോള്‍ കാര്യസ്ഥന്‍ കുഞ്ഞൂട്ടിയുടെ കയ്യിലിരുന്ന ഓടു ചട്ടുകത്തിന്റെ തലയൊടിഞ്ഞു.
‘ദുര്‍ലക്ഷണമാണല്ലോ കുഞ്ഞൂട്ടീ’. നായര്‍ അന്ന് ഉറങ്ങിയില്ല.
പിറ്റേന്ന് ഉച്ചതിരിഞ്ഞ സമയം. പണിക്കാര്‍ പിരിഞ്ഞുപോയതേയുള്ളൂ. കുടുംബാംഗങ്ങളില്‍ ചിലര്‍ അവരവരുടെ മുറികളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. തണലിടങ്ങളില്‍ കുട്ടികള്‍ കളിക്കുന്നു. സ്ത്രീകള്‍ നടുമുറ്റത്തിന്റെ ചുറ്റും പാട്ടുപാടിയും തമാശ പറഞ്ഞും തിമിര്‍ക്കുന്നു. പെട്ടെന്ന് മുത്തശ്ശി ഉച്ചത്തില്‍ പറഞ്ഞു.
‘മിണ്ടാതിരി, ന്തോ ബഹളം കേള്‍ക്കണ്ണ്ട്’.
എല്ലാവരും ചെവികൂര്‍പ്പിച്ചു.
(തുടരും)
Comments