‘ഇതെന്താ വേലായുധാ, ഇന്നും പത്രം ഇറങ്ങീനാ?’ പാല്‍ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്‌കരന്‍നായര്‍ പുലര്‍വെട്ടത്തില്‍ പത്രക്കെട്ടുമായി നടക്കുന്ന വേലായുധനോട് ചോദിച്ചു.
‘ഉം, ഇന്നു മുതല്‍ എല്ലാ ദിവസവും ഉണ്ട്’. ഭാസ്‌കരന്‍ നായരുടെ പത്രം അയാള്‍ക്ക് നീട്ടി. അയാള്‍ ഒന്നാം പേജിലെ തലക്കെട്ടുകളിലൂടെ കണ്ണോടിച്ചു കൊണ്ട് മുന്നോട്ടു നടന്നു. കൂടെ വേലായുധനും. പത്തു പന്ത്രണ്ടെണ്ണം ഇനിയും കൊടുക്കാനുണ്ട്.
‘ഗാന്ധി ഇന്നാ ഉപ്പു നിയമം ലംഘിക്കുന്നത് ല്ലേ. നന്നാവുന്നുണ്ട് സമരരീതികള്’. ഭാസ്‌കരന്‍നായര്‍ പത്രത്തില്‍ നിന്ന് വാര്‍ത്ത തട്ടിയെടുത്തു.
‘നമ്മുടെ നാട്ടിലും തുടങ്ങുന്നൂന്ന്. കേളപ്പജീടെ ലേഖനുണ്ട് പത്രത്തില്. സത്യാഗ്രഹികളെ ക്ഷണിക്കുന്നൂന്ന്. പോകുന്നോ ഭാസ്‌കരേട്ടാ?’
‘ഇനിയീ പ്രായത്തില് നടക്കൂല മോനെ. നിന്നെപ്പോലുള്ള ചെറുപ്പക്കാരല്ലേ ഇറങ്ങേണ്ടത്’.
വേലായുധന്‍ തലയാട്ടി. ശരിയാണെന്ന അര്‍ത്ഥം നിറഞ്ഞൊരു തലയാട്ടല്‍.
അന്നുച്ചയ്ക്ക് ചോറുണ്ടശേഷം വേലായുധന്‍ മാധവിയോട് പറഞ്ഞു.
‘ഞാന്‍ പോകുന്നു, കോഴിക്കോട്ടേക്ക്. നീ വെര്ന്നാ?’
‘എന്താ പരിപാടി ?’ മാധവി ആകാംക്ഷയോടെ ചോദിച്ചു.
‘പത്രത്തില് കണ്ടില്ലേ, പയ്യന്നൂര്‍ക്ക് ഉപ്പ് സമരത്തിന് ആളെ വേണംന്ന’. മാധവിക്ക് സമ്മതമായിരുന്നു. എപ്പോഴാ തിരിച്ചു വരിക എന്ന ചോദ്യത്തിന് പുരികങ്ങള്‍ അടുപ്പിച്ചും ചുണ്ടുകള്‍ കീഴ്‌പ്പോട്ട് വളച്ചും ഉള്ളൊരു മറുപടിയാണ് അവള്‍ക്ക് കിട്ടിയത്. പ്രസവമടുത്ത കടച്ചിപ്പശുവുള്ളതാണ് മാധവിക്കുള്ള ബുദ്ധിമുട്ട്. ഇല്ലെങ്കില്‍ അവളും വന്നേനെ സമരത്തിന്.
കോഴിക്കോട് തളി ക്ഷേത്രത്തിന്റെ മുമ്പിലെത്തുമ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. അമ്പലത്തിനടുത്ത് വേര്‍ക്കോട്ട് വീട്. സത്യഗ്രഹികളുടെ ക്യാമ്പ് അവിടെ ഉണര്‍ന്നു കഴിഞ്ഞു. തന്നെപ്പോലെ ഏറെപ്പേര്‍ വന്നിരിക്കുന്നത് വേലായുധന്‍ കണ്ടു. ദണ്ഡിയുടെ കഥ ഒരു ആവേശക്കടലല തീര്‍ത്ത് അവിടെ നിറഞ്ഞു നില്‍പ്പുണ്ട്. ഉപ്പ് പുതിയ സമരായുധമായിരിക്കുന്നു.
‘കേളപ്പജി?’ വേലായുധന്‍ തന്നെ കണ്ണുകള്‍ നാലുപാടും ഓടിച്ചു കൊണ്ട് അടുത്തിരിക്കു ന്നയാളോട് ചോദിച്ചു.
‘ഇവിടില്ല. പ്രചരണത്തിനായി കാഞ്ഞങ്ങാട് പോയിരിക്കുകയാണ് ‘.
മാതൃഭൂമിയിലെ പത്രാധിപസ്ഥാനം ഉപേക്ഷിച്ച് രണ്ടും കല്പിച്ചുള്ള ഇറക്കമാണ്. സത്യഗ്രഹപ്രചരണം കേരളമെമ്പാടും ആസൂത്രണ മികവോടെ അരങ്ങേറിക്കഴിഞ്ഞു. പതിനാലിനാണ് കോഴിക്കോട്ടുനിന്നുള്ള ജാഥ. അത് കേളപ്പന്‍ നയിക്കും. പിറ്റേന്ന് ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിലുള്ള ജാഥ പാലക്കാട് നിന്നും പുറപ്പെടും. പിന്നീട് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജാഥ കോഴിക്കോട് നിന്നും. നാലാം ജാഥ പൊന്നറ ശ്രീധരന്‍ നയിക്കും. അത് തിരുവനന്തപുരത്തുനിന്ന് വരും.
ഓരോന്നിലേക്കുമായി സമരഭടന്മാരെ വിഭജിച്ചു. അയ്യരുടെ ജാഥയില്‍ ആണ് തന്റെ ഇടമെന്നറിഞ്ഞപ്പോള്‍ വേലായുധന്‍ കടുത്ത നിരാശയില്‍ വാടി. പൊടുന്നനെ ഉണര്‍വ് വീണ്ടെടുത്തു. കൊച്ചുപ്രയാസങ്ങളില്‍ വാടിത്തളരേണ്ട സന്ദര്‍ഭമല്ലിത്. പ്രധാനമായൊരു ലക്ഷ്യത്തിലേക്കുള്ള സാത്വികമായ വഴിയില്‍ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വിലകല്പിച്ചു കൂടാ.
പുഴയെല്ലാമൊഴുകുന്നത് പയ്യന്നൂര്‍ക്ക്. അവിടെ കേളപ്പജിയെ കാണും. ഉപ്പു കുറുക്കുന്ന കേരളത്തിന്റെ ഗാന്ധിയെ. മാര്‍ഗ്ഗത്തില്‍ മുന്നേറുന്ന നേതാവായല്ല ലക്ഷ്യത്തില്‍ വിജയം വരിക്കുന്ന നായകനായി കേളപ്പജിയെ ദര്‍ശിക്കും. തനിക്കതു മതി.
പാലക്കാട് ശബരി ആശ്രമത്തില്‍ ജാഥയുടെ ഒരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്. വേലായുധന്റെ നേതൃത്വത്തില്‍ കുറച്ചു പേര്‍ പിറ്റേന്നുതന്നെ അവിടെയെത്തി. അകത്തേത്തറ അഭിമാനത്തോടെ ശാന്തമായി അവരെ വരവേറ്റു. ഗാന്ധി നട്ട തെങ്ങിന്‍തൈ രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍പ്പുണ്ട്. സമപന്തിഭോജനത്തിന്റെ രുചി മാറാതെ കേരളത്തിന്റെ സബര്‍മതി. വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പോറ്റമ്മയും ഗുരുവുമായി ഈശ്വരാമ്മാള്‍.
കുലം നോക്കാതെ അക്ഷരം നല്‍കുന്ന മറ്റൊരു കേന്ദ്രം. വേലായുധന്‍ അതിന്റെ മുറ്റത്തുനിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.
വിദ്യാലയത്തിന്റെ വശത്തുള്ളൊരു മുറി സമരജാഥയ്ക്ക് ഓഫീസായി. വേലായുധന്‍ കര്‍മ്മനിരതനായി. ക്ഷണക്കത്തുകളും കയ്യെഴുത്തു പോസ്റ്ററുകളും തയ്യാറായി. കയ്യിലേന്തേണ്ട പ്ലക്കാര്‍ഡുകള്‍, ഏറ്റു ചൊല്ലേണ്ട മുദ്രാവാക്യങ്ങള്‍ എല്ലാം ഒരുങ്ങി. ആശ്രമത്തിലെ കുട്ടികളും വേലായുധനൊപ്പം ചേര്‍ന്നു.
വേര്‍ക്കോട്ട് ക്യാമ്പില്‍ നിന്നും കോഴിക്കോട് കടപ്പുറത്തേക്ക് ജാഥ പുറപ്പെട്ടതും മൂന്നാം ഗേറ്റിലെത്തിയപ്പോള്‍ പൗരപ്രമുഖനായ റാവുസാഹിബ് പൂക്കോയതങ്ങളുടെ സില്‍ബന്തികള്‍ തടഞ്ഞതും വേലായുധന്‍ അറിഞ്ഞു. പിറ്റേന്ന് പയ്യന്നൂര്‍ക്ക് ജാഥ പോകേണ്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി കടപ്പുറത്തെ പൊതുയോഗം ഉപേക്ഷിച്ചെന്ന വാര്‍ത്തയും ആശ്രമത്തിലെത്തി.
കേളപ്പന്‍ നയിക്കുന്ന ജാഥ പയ്യന്നൂര്‍ക്ക് പുറപ്പെട്ടു. മുപ്പത്തിമൂന്ന് പേരുടെ നായകനായി കേളപ്പന്‍ മുന്നില്‍ നടന്നു. കെ മാധവന്‍നായര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. പുലരിവെട്ടം ജാഥയ്ക്ക് മുകളില്‍ വിതറി സൂര്യന്‍ കിഴക്കനാകാശത്ത് പൊങ്ങിവരികയായിരുന്നു.
വാഴ്ക വാഴ്ക ഭാരത സമുദായം വാഴ്ക
വാഴ്കവേ വീഴ്ക വീഴ്ക ബ്രിട്ടീഷ് ഭരണം
പാട്ട് പുലര്‍വെട്ടത്തില്‍ പടര്‍ന്നിറങ്ങി.
സാമുവല്‍ ആറോണിന്റെ ബംഗ്ലാവില്‍ ഉച്ചഭക്ഷണം, സി എച്ച് ഗോവിന്ദന്‍ നമ്പ്യാരുടെ തലശ്ശേരി വീട്ടില്‍ രാത്രിതാമസം.
പിറ്റേന്ന് പുത്തനുന്മേഷത്തോടെ മുന്നോട്ട്. എല്‍.എസ് പ്രഭുവിന്റെ വീട്ടില്‍ ഉച്ചഭക്ഷണം. അറബിക്കടല്‍ നല്‍കുന്ന കാറ്റിന്റെ തണുപ്പ്. കോലത്തുനാടിന്റെ ചരിത്രം ഓര്‍മ്മയായി പെയ്യുമ്പോഴുള്ള ഉണര്‍വ്. ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് എല്ലാവരും തയ്യാറായി. കേളപ്പന്‍ വരാന്തയിലെ കസേരയില്‍ താല്‍ക്കാലിക വിശ്രമത്തിന്റെ അവസാനബിന്ദുവില്‍.
എന്തോ ബഹളം കേട്ട് കേളപ്പന്‍ മുറ്റത്തേക്ക് നോക്കി. നടന്നുവരുന്ന ഒരു അലസവേഷധാരിയെ തടഞ്ഞുനിര്‍ത്തുന്ന പ്രവര്‍ത്തകന്‍.
‘അയാളെ വിടൂ’ കേളപ്പന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
‘അങ്ങയെ കാണാനാണത്രേ… പ്രാന്താണെന്ന് തോന്നുന്നു’. ഒരാള്‍ ഓടിവന്ന് പറഞ്ഞു.
‘ഭ്രാന്ത് ഒരു കുറ്റമല്ലല്ലോ’. കേളപ്പന്‍ എഴുന്നേറ്റു. വൃത്തിഹീനമായ വേഷവും വിയര്‍പ്പുപറ്റിയ മുഖവുമായി അയാള്‍ അടുത്തേക്ക് വന്നു. കീറിയ ഷര്‍ട്ടിന്റെ കീശയിലേക്ക് കൈയിട്ട് എന്തോ എടുത്ത് കേളപ്പന് നീട്ടി.
‘തെണ്ടിയാണ് ജീവിക്കുന്നത്. സമരത്തിന് തരാന്‍ ഇന്ന് കിട്ടിയ ഇതേ ഉള്ളൂ..’ വ്യക്തതയില്ലാത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. കേളപ്പന്‍ ഉള്ളംകൈയില്‍ അത് വാങ്ങി.
രണ്ട് മുക്കാല്‍ നാണയങ്ങള്‍.
കേളപ്പന്റെ കണ്‍കോണുകളില്‍ രണ്ട് നീര്‍ച്ചാലുകള്‍. അദ്ദേഹം ആ യാചകനെ നെഞ്ചിലേക്കടുപ്പിച്ചു. വെയിലേറ്റു കിടക്കുന്ന ആഴിപ്പരപ്പില്‍ ആഹ്ലാദത്തിന്റെ ഇരമ്പം. കേളപ്പന്‍ ആവേശത്തോടെ പുറത്തേക്കിറങ്ങി.
‘നമുക്കിറങ്ങാം’
കേളപ്പന്റെ ജാഥയുടെ നീക്കങ്ങളെല്ലാം ഓരോ വിധേന അയ്യരുടെ ജാഥയിലും അറിയുന്നുണ്ടായിരുന്നു. തിരുവങ്ങാട് സ്വീകരണയോഗത്തിനിടെ കേളപ്പന്റെ ജാഥയെ ചിലര്‍ ആക്രമിച്ചതും അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതും കൂടെ നടക്കുകയായിരുന്ന ഒതേനന്‍ പറഞ്ഞപ്പോള്‍ വേലായുധന്‍ ചോദിച്ചു.
‘കേളപ്പജിക്ക് വല്ലതും?’
‘ഇല്ല. ജാഥ പയ്യന്നൂരെത്തിക്കഴിഞ്ഞു’.
‘പെരുമ്പാക്കടവില്‍ ജനസമുദ്രമായിരുന്നു. വേങ്ങയില്‍ അപ്പുക്കുട്ടന്‍നായര്‍ കേളപ്പനെ മാലയിട്ട് സ്വീകരിച്ചു. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രോച്ചാരണത്തോടെ ഉളിയത്ത് കടവിലേക്ക് ജാഥതുടങ്ങി പോലും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കറുവന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം പോലീസുകാര്‍ ഉണ്ടത്രേ’.
ചിരട്ടകൊണ്ട് ഉപ്പുമണ്ണ് ചുരണ്ടി ചാക്കുകളിലാക്കി.
ശുദ്ധി ചെയ്ത ഉപ്പ് ലേലം ചെയ്തു.
മുന്നേ നടന്നവരുടെ ചെയ്തികള്‍ അയ്യരുടെ ജാഥയില്‍ ആവേശം നിറച്ചു. പയ്യന്നൂരെത്തിയപ്പോള്‍ വേലായുധന്‍ ആവേശം കൊണ്ട് ക്ഷീണം മറന്നു. വേല ആയുധമാക്കിയ പയ്യന്റെ നാട്. സാക്ഷാല്‍ വേലായുധന്റെ നാട്.
കേളപ്പജിയെ കാണാനുള്ള സാധ്യത മങ്ങി.
അദ്ദേഹവും സംഘവും കാഞ്ഞങ്ങാട്ടേക്ക് പോയിരിക്കുന്നു.
സായന്തനം ഉളിയത്തു കടവിനെ സുന്ദരിയാക്കി നിര്‍ത്തി. കണ്ടല്‍ചെടികള്‍ക്ക് മീതെ കൊക്കിന്‍ കൂട്ടങ്ങളുടെ മൗനസഞ്ചാരം. തീവണ്ടിപ്പാത കുറച്ചകലെ ജലപ്പരപ്പിനെ മുറിച്ചുകിടക്കുന്നു. നാടുമുഴുവന്‍ നീട്ടുന്ന ശ്രദ്ധയുടെ ഭാരത്തെ പയ്യന്നൂര്‍ അഭിമാനത്തോടെ ഏറ്റുവാങ്ങുന്നു.
മുദ്രാവാക്യങ്ങള്‍ പൊതിഞ്ഞുകെട്ടിയ അന്തരീക്ഷത്തില്‍ വേലായുധന്‍ പൂഴിപ്പരപ്പില്‍ ഇരുന്നു. ഉപ്പുവെള്ളത്തില്‍ വിരല്‍ മുക്കി കണ്‍പോളകളെ തഴുകി. കണ്ണടച്ച് ആ തണുപ്പ് ഏറ്റുവാങ്ങി.
പൊടുന്നനെ ഒരടി മുതുകത്ത് വീണു. വേലായുധന്‍ വെള്ളത്തിലേക്ക് മുഖംതൊട്ട് വീണു. പിന്നില്‍നിന്ന് ആരോ വലിക്കുന്നു. ഒരു പോലീസുകാര
നാണെന്ന് പിന്തിരിഞ്ഞു നോക്കിയപ്പോള്‍ മനസ്സിലായി. ഉപ്പുകുറുക്കാന്‍ ഇറങ്ങിയവരെയെല്ലാം പോലീസുകാര്‍ പിടിച്ചിട്ടുണ്ട്. എങ്ങുനിന്നോ ഉയര്‍ന്നുവന്ന ഒരു ആവേശത്തില്‍ വേലായുധന്‍ ഒന്നലറി. പിന്നെയൊന്ന് കുതറി. പോലീസുകാരന്‍ തെറിച്ചുവീണു. കല്ലില്‍ത്തട്ടി വീണപ്പോള്‍ നെറ്റിയില്‍ പൊടിഞ്ഞ ചോരയുമായി അയാള്‍ എഴുന്നേറ്റു. കണ്ണില്‍ തീജ്വാലകള്‍. അയാള്‍ അലറി.
‘നടക്കെടാ മുന്നോട്ട്…’
‘നടക്കെടാ മുന്നോട്ട്’
തെക്കന്‍ കര്‍ണാടകയുടെ അതിര്‍ത്തിയില്‍ നിന്നും ഉപ്പുകുറുക്കി തിരിച്ചു വരുംവഴി ചന്തേര വെച്ചാണ് കേളപ്പനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. കേളപ്പന്റെ ചുമലില്‍ പിടിച്ച് പോലീസ് വണ്ടിക്കടുത്തേക്ക് തള്ളുമ്പോള്‍ കൂടെയുണ്ടായിരുന്ന ടി.എസ് തിരുമുമ്പ് പോലീസിനോട് പറഞ്ഞു.
‘അറിയില്ലേ ഇത് കേളപ്പനാണ്’.
‘ആരായാലും’പോലീസുകാരന്‍ ക്രൂരമായി തിരുമുമ്പിനെ നോക്കി.
അറസ്റ്റ് ചെയ്തവരെ സ്റ്റേഷനിലെത്തിച്ചു. അല്പം ചില ഭീഷണിപ്പെടുത്തലുകള്‍. അര്‍ദ്ധരാത്രി മോചനം.
പയ്യന്നൂര്‍ ഉപ്പുസമരങ്ങളുടെ രംഗവേദിയായതും അത് കോഴിക്കോട്ടേക്ക് പടരുന്നതും ജയിലില്‍വച്ച് വേലായുധനറിഞ്ഞു. കോഴിക്കോട്ടും കേളപ്പന്‍ തന്നെ നേതാവ്. ഉപ്പുകുറുക്കാനുള്ള പാത്രവുമായി എത്തുന്ന സമരഭടന്മാരെ കടല്‍കാത്തിരുന്നു. തീരത്തിന് സമാന്തരമായി ആയുധമേന്തിയ പോലീസുകാരുടെ നിര. കാഴ്ചയ്ക്കായി ജനസഞ്ചയം. അച്യുതക്കുറുപ്പും കേരളീയനും കടല്‍വെള്ളം കോരി. ആമുസൂപ്രണ്ട് അടുത്തേക്ക് വന്നു. മജിസ്‌ട്രേറ്റും കൂടെയുണ്ടായിരുന്നു.
‘പിരിഞ്ഞു പോണം ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരും’. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉത്തരവ്.
അലക്‌സാണ്ടറിന്റെ പുറപ്പാടിന് മുന്‍പേ ഉല്‍പ്പന്നങ്ങള്‍ തേടിയെത്തിയ അറേബ്യന്‍ ബന്ധവും ദാവീദ്, ശലോമോന്‍ എന്നീ പ്രവാചകരുടെ കാലത്ത് കപ്പലോട്ടിയെത്തിച്ച ഇസ്രായേലിന്റെ കച്ചവടക്കാലവും, സീസര്‍ ക്ലോഡിയസിന്റെ കാലത്ത് ചെങ്കടലില്‍ നിന്നും എതിര്‍കാറ്റില്‍പ്പെട്ടെത്തിയ യൗവനസൗഹൃദവും, പിന്നെ പറങ്കികളില്‍ തുടങ്ങിയ യൂറോപ്യന്‍ അധിനിവേശവും ഉപഭൂഖണ്ഡത്തിലെത്തിച്ച ആഴിപ്പരപ്പ് നിസ്സഹായയായി നിന്നു. സമരഭടന്മാര്‍ പിരിയില്ലെന്നറിഞ്ഞ പോലീസുകാര്‍ ലാത്തി വീശാന്‍ തുടങ്ങി.
കേളപ്പനെ കഴുത്തിനു പിടിച്ച് ജീപ്പിലേക്ക് വലിച്ചിഴച്ചു. കൃഷ്ണസ്വാമിഅയ്യര്‍, മാധവന്‍നായര്‍, അബ്ദുറഹ്മാന്‍ സാഹിബ്, സി.എം. കുഞ്ഞിരാമന്‍നായര്‍ തുടങ്ങി നേതാക്കന്മാരുടെ വലിയൊരു സംഘം മരണത്തിനടുത്തെത്തിയ മര്‍ദ്ദനമേറ്റു വാങ്ങി കീഴടങ്ങി.
പിറ്റേദിവസമാണ് മോചിപ്പിച്ചത്.
മെയ് രണ്ടാംവാരം. കത്തിജ്വലിക്കുന്ന സൂര്യനെ സാക്ഷിയാക്കി ഏഴിമലയുടെ പടിഞ്ഞാറെ താഴ്‌വരയില്‍ കടല്‍ക്കരയില്‍ നൂറ്റൊന്നു മണ്‍ചട്ടികള്‍ നിരന്നു. കടല്‍വെള്ളം വറ്റിക്കിടന്ന ചട്ടികള്‍ക്കകത്ത് ഉപ്പൂറിയടിഞ്ഞു.
കേളപ്പന്റെ നേതൃത്വത്തില്‍ത്തന്നെ ഉപ്പിന്റെ ലേലവും നടന്നു.
മൂഷിക വംശത്തിന്റെ രാജധാനി, പൗരാണികതയിലെ സപ്തശൈല, പാശ്ചാത്യ നാവികരെകൗതുക പ്പെടുത്തിയ മൗണ്ട് ദെലി, ഏലുമല, ഏഴിമല ഉപ്പുകാറ്റിന്റെ ഉണര്‍വില്‍ മന്ദഹസിച്ചു നിന്നു.
വിജയാഹ്ലാദത്തോടെ പയ്യന്നൂര്‍ ക്യാമ്പിലെത്തിച്ചേര്‍ന്നസത്യഗ്രഹി കളെ അറസ്റ്റ് ചെയ്തു.
വിഷ്ണുഭാരതീയന്‍, ടി.എസ് തിരുമുമ്പ്, സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍, ലക്ഷ്മണ ഷേണായി. ആറു മാസം ജയില്‍വാസം വിധിക്കപ്പെട്ട് പോലീസ് വാഹനത്തിലിരിക്കുന്നവരെ നോക്കി കേളപ്പന്‍ അഭിമാനംകൊണ്ടു.
കണ്ണൂര്‍ ജയിലിലെ ഒമ്പതു വര്‍ഷം മുമ്പ് താന്‍ കിടന്ന മുറിയെ നോക്കി കേളപ്പന്‍ ഒരു നെടുവീര്‍പ്പ് പുറത്തേക്കിട്ടു. പഴക്കമേറിയ ചൂടിപ്പായയില്‍ ദുര്‍ഗന്ധം വമിക്കുന്ന ശീലത്തലയിണ ചുമരില്‍ ചാരിവെച്ച് അദ്ദേഹം ഇരുന്നു. വിയര്‍പ്പ് പൊടിയുന്ന കൈത്തണ്ടയില്‍ നിന്നും ഉപ്പുമണം മൂക്കിലേക്കെടുത്തു.
ദിവസമെത്രകഴിഞ്ഞു എന്നറിയില്ല. തീവണ്ടിയില്‍ക്കയറ്റി മദ്രാസിലേക്ക് കൊണ്ടുപോയതെന്തിനെന്നും. ക്രൂരശിക്ഷയുടെ അന്യഭാഷാശൈലി പ്രയോഗിക്കാനായിരുന്നു അത് എന്ന് കേളപ്പനും സംഘവും അറിഞ്ഞു.
തമിഴകത്തിന്റെ ഒത്ത മധ്യത്തിലിരുന്ന് വേലായുധന്‍ അസ്വസ്ഥനായി. ഇവിടെ സേലം ജയിലിനകത്തു നടക്കുന്ന പീഡനപര്‍വ്വം തന്നെയായിരിക്കും നേതാക്കള്‍ കിടക്കുന്ന മറ്റു ജയിലുകളിലുമെന്ന് അയാള്‍ ഊഹിച്ചു.
പോലീസിന്റെ നെറ്റിയില്‍ ചോരപൊടിപ്പിച്ച പ്രതി എന്നതിന്റെ വൈരാഗ്യം തന്നോടുള്ള അധികൃതരുടെ ഓരോ പെരുമാറ്റത്തിലും മുഴച്ചുനില്‍ക്കുന്നത് വേലായുധന്‍ അനുഭവിച്ചു. ജയില്‍ നിയമമനുസരിച്ച് കിട്ടേണ്ടിയിരുന്ന വസ്ത്രങ്ങള്‍ പോലും കിട്ടിയില്ല. ഭക്ഷണം വയറു നിറയ്ക്കാനില്ല.
വായിക്കാന്‍ ഒരു തമിഴ് പത്രമല്ലാതെ മറ്റൊന്നും ലഭ്യമല്ലാത്തതിനാല്‍ പുറത്തുള്ള വാര്‍ത്തകളൊന്നും അറിയാനും സാധിക്കുന്നില്ല.
ചകിരി തല്ലലാണ് വേലായുധനും സഹതടവുകാര്‍ക്കും ജോലി. ഗേറ്റിനു പുറത്തു നിന്നും ചീഞ്ഞചകിരി ചാക്കിലാക്കി ഉള്ളിലെത്തിക്കണം. കല്ലിന്മേല്‍ വെച്ച് ഭാരമേറിയ മുട്ടികൊണ്ട് തല്ലണം. വേഷം കൗപീനം മാത്രം. തല്ലുമ്പോള്‍ തെറിക്കുന്ന ചെളിയും വെള്ളവും ദേഹത്തെ പുതയ്ക്കും. അതുണ്ടാക്കുന്ന ചൊറിച്ചില്‍ രാത്രി ഉറക്കങ്ങളില്‍ അസ്വസ്ഥത കലര്‍ത്തും.
ഒരു വിസിറ്റര്‍ ഉണ്ട്, സൂപ്രണ്ട് വിളിക്കുന്നു എന്ന് പറഞ്ഞ് വാര്‍ഡന്‍ ഇരുമ്പഴികളില്‍ മുട്ടിവിളിച്ചപ്പോള്‍ വേലായുധന്‍ ഉച്ചമയക്കത്തിലായിരുന്നു. തന്നെ കാണാന്‍ ഇതുവരെ ആരും വന്നിട്ടില്ല. ആകാംക്ഷയോടെ വളരെ വേഗം എഴുന്നേറ്റ് പുറത്തേക്കിറങ്ങി. സൂപ്രണ്ടിന്റെ മുറിയിലെത്തിയപ്പോള്‍ മറ്റാരുമില്ല. സൂപ്രണ്ട് മേശയ്ക്കുമേല്‍ കാല്‍കയറ്റി വെച്ച് വിശ്രമത്തിലാണ്. അയാള്‍ തൊട്ടപ്പുറത്തെ മുറിയിലേക്ക് ചൂണ്ടിക്കാട്ടി.
‘അങ്കെ വിസിറ്റേഴ്‌സ് റൂമിലിറുക്ക്’….
(തുടരും)
Comments