ആനിബസന്ത് വന്നുകഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞില്ല, അപ്പോഴേയ്ക്കും അയര്‍ലണ്ടുകാരിയായ മാര്‍ഗരറ്റ് നോബിള്‍ എന്ന യുവതി വിവേകാനന്ദശിഷ്യയായി ഭാരതത്തില്‍ എത്തി. ജനിച്ചതു ക്രിസ്തുമതത്തിലായിരുന്നെങ്കിലും യുക്തിക്കും പരീക്ഷണത്തിനും മുന്‍തൂക്കം കൊടുത്ത വേദാന്തത്തില്‍ അവര്‍ ആകൃഷ്ടയായി. സ്വാമി വിവേകാനന്ദനെ അവര്‍ ഗുരുവായി കരുതി. 1898ല്‍ അവര്‍ കല്‍ക്കത്തയില്‍ എത്തി. 1911വരെ 24 കൊല്ലം അവര്‍ ഭാരതത്തില്‍ ജനസേവനവും രാഷ്ട്രസേവനവും ചെയ്തു ജീവിച്ചു. അപാര നിരീക്ഷണശക്തിയുള്ള അവര്‍ ഗുരുവിന്റെ കൂടെ അമര്‍നാഥ് പോലെയുള്ള സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. ആ നിരീക്ഷണങ്ങളൊക്കെ ഉള്‍പ്പെടുത്തി അവര്‍ ഗഹനമായ പുസ്തകങ്ങളെഴുതി. അവരെഴുതിയ പുസ്തകങ്ങളുടെ ശീര്‍ഷകങ്ങള്‍ മാത്രം ശ്രദ്ധിക്കുക. അതുതന്നെ അവരുടെ ഹൃദയത്തെ പരിചയപ്പെടുത്തും. i. The Web of Indian life (ഭാരത ജീവിതത്തിന്റെ ഊടുംപാവും), ii. Kali, the Mother (കാളി മാതാവ്), iii. Cradle Tales of Hinduism(ഹൈന്ദവതയുടെ തൊട്ടില്‍ കഥകള്‍),,iv.Religion and Dharma (മതവും ധര്‍മ്മവും) v. Myths of the Hindus and Buddhists ((ബൗദ്ധരുടേയും ഹിന്ദുക്കളുടേയും പുരാവൃത്തങ്ങള്‍),vi. Footfalls of Indian History (ഭാരതചരിത്രത്തിന്റെ കാല്‍പ്പാടുകള്‍), vii. Studies from Eastern Home (പൗരസ്ത്യഗാര്‍ഹികപാഠങ്ങള്‍), viii. Hints on National Education in India (ഭാരതത്തിലെ ദേശീയവിദ്യാഭ്യാസസൂചികള്‍), ix. Master as I saw Him (ഞാന്‍ കണ്ട ഗുരുദേവന്‍) തുടങ്ങിയവ.
സ്വാമി വിവേകാനന്ദന്റെ സമാധിക്കുശേഷം അവര്‍ ശ്രീ അരവിന്ദന്റെ ചൈതന്യവതിയായ ഒത്താശക്കാരിയായി. ഭാരതീയദേശീയതയെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ അന്നത്തെ ‘വന്ദേമാതരം’ ആനുകാലികത്തില്‍ എഴുതി. ചിലപ്പോള്‍ മുഖപ്രസംഗം തന്നെ എഴുതി. തീവ്രസ്വരമുള്ള ലേഖനങ്ങള്‍ തൂലികാനാമത്തിലെഴുതി.
പ്രഥമദര്‍ശനത്തില്‍ തന്നെ ശ്രീരാമകൃഷ്ണദേവന്റെ ധര്‍മ്മപത്‌നി പൂജ്യ ശാരദാദേവി നിലവിലുണ്ടായിരുന്ന സകല അയിത്താചാരങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് നിവേദിതയെ തൊട്ടടുത്തു, കട്ടിലില്‍ വിളിച്ചിരുത്തി ‘കുക്കീ’ (മിന്നൂ) എന്നു വിളിച്ചു ഓമന മകളാക്കി. അമ്മയുടെ വാത്സല്യം നുകര്‍ന്ന് അവര്‍ ഭാരതാംബയുടെ മകളായി. ശ്രവിച്ചാല്‍ ഭയക്കുന്ന വാക്കുകളില്‍ ഗുരുദേവന്‍ അവരോടു പറഞ്ഞിരുന്നു. “You have to set yourself to Hinduize your thoughts, your needs, your conceptions and your habits. Your life, internal and external, has to become all that an orthodox Brahmana Brahmacharini’s ought to be. The method will come to you, if only you desire it sufficiently. But you have to forget your own past and to cause it to be forgotten. You have to lose even its memory.”
”നിന്റെ ചിന്തകള്‍, നിന്റെ ആവശ്യങ്ങള്‍, നിന്റെ ധാരണകള്‍, നിന്റെ ശീലങ്ങള്‍ ഇവയെല്ലാം ഹൈന്ദവമാക്കാന്‍ നീ ഒരുങ്ങേണ്ടി വരും. മാമൂല്‍ക്കാരിയായ ബ്രാഹ്മണ ബ്രഹ്മചാരിണിക്കൊക്കുംവിധം നീ നിന്റെ ജീവിതത്തിന്റെ അകംപുറം പൊരുത്തപ്പെടുത്തേണ്ടിവരും. യഥായോഗ്യം ചിന്തിച്ചാല്‍ നിനക്കു നിന്റെ വഴി തെളിയും. എന്നാല്‍, നീ നിന്റെ ഭൂതകാലം മറക്കേണ്ടിവരും. അതേ, അതിനെ മറപ്പിക്കേണ്ടിവരും. അങ്ങനെ ഒന്നുണ്ടായിരുന്നു എന്നുപോലും മറക്കേണ്ടിവരും.”ആമൂലാഗ്രപരിവര്‍ത്തനത്തിനായുള്ള എന്തൊരു പ്രതീക്ഷ! എത്രമാത്രം വിപ്ലവകരമായ പ്രതീക്ഷ! എന്നാല്‍ ഗുരുവിനോളം ഉയര്‍ന്ന ശിഷ്യ ഉപരതിയോടെ അതു സാധിതമാക്കി!
‘സത്യം ശിവം സുന്ദരം’ എന്ന ആര്‍ഷാനുഭൂതി ഹൃദ്ഗതമാക്കിക്കൊണ്ട് നിവേദിത നിരീക്ഷിച്ചു:- ‘നയാഗ്ര വെള്ളച്ചാട്ടം ഹിമാലയത്തിലായിരുന്നെങ്കില്‍ അതിനു ദിവ്യതയുടെ ഉത്തുംഗത ലഭിക്കുമായിരുന്നു.’ ആ ഒരു വാചകം ഗണ്ഡകി മുതല്‍ താമ്രപര്‍ണ്ണിവരെയുള്ള നദീപ്രപാതങ്ങളുടെ കഥ പറയുന്നു. മിക്കവാറും ആ തീര്‍ത്ഥങ്ങള്‍ക്കെല്ലാം പേര് പാപനാശിനിയെന്നാണ്. ഇതിനു പുറമേ ആ വാചകം ഹൈന്ദവവും പാശ്ചാത്യവുമായ രണ്ടു കാഴ്ചപ്പാടുകളെ ദ്യോതിപ്പിക്കുന്നു. രണ്ട് സംസ്‌കാരങ്ങളുടെ വൈജാത്യം വിളിച്ചുപറയുന്ന സാരഗര്‍ഭമായ സൂത്രവാക്യമാണത്. ഗുരുവിന്റെ ഭാരതോദ്‌ബോധനം ആത്മസാല്‍ക്കരിച്ച ശിഷ്യ ഉദ്‌ബോധിപ്പിച്ചു ‘ഭൂമിയും ജനവും ധര്‍മ്മവും ഉള്‍പ്പെട്ടതാണ് ഭാരതത്തിലെ രാഷ്ട്രം’ എന്ന്. ഇതുതന്നെയല്ലേ പൃഥ്വീസൂക്തത്തില്‍ അഥര്‍വണ ഋഷി പറഞ്ഞത്?
‘ദേശസമര്‍പ്പിതന്റെ പ്രതിദിന അഭിവാഞ്ഛ’ എന്ന ശീര്‍ഷകത്തില്‍ നിവേദിത രേഖപ്പെടുത്തി: ‘I believe that India is one, indissoluble, indivisible. National unity is built on the common home, the common interest and common love. I believe that the strength which spoke in the Vedas and Upanishads, in the making of religions and empires, in the learning of scholars, and the meditation of the saints, is born once more amongst us, and its name today is Nationality.
I believe that the present of India is deep-rooted in her past, and that before her shines the glorious future.
O Nationality, come thou to me as joy or sorrow, as honour or shame!
Make me thine own ! (Vol. iv-P-205)
(”ഭാരതം ഒന്നാണ്; അക്ഷയവും അവിഭക്തവുമായ ഒന്ന് എന്നു ഞാന്‍ വിശ്വസിക്കുന്നു.
പൊതുസ്‌നേഹം, പൊതുതാല്‍പര്യം, പൊതു പാര്‍പ്പിടം ഇവയ്ക്കുമേല്‍ പടുക്കുന്നതാണ് ദേശീയൈക്യം.
വേദങ്ങള്‍ ഉദീരണം ചെയ്ത ശക്തി, മതസമ്പ്രദായങ്ങളും സാമ്രാജ്യങ്ങളും നിര്‍മ്മിച്ച ശക്തി, വിജ്ഞര്‍ ക്കുള്ളില്‍ വിജ്ഞാനം വികസിപ്പിച്ച ശക്തി, പുണ്യാത്മാക്കളുടെ ധ്യാനത്തിന് ഊര്‍ജ്ജം പകര്‍ന്ന ശക്തി ഇന്നിതാ വീണ്ടും നമുക്കിടയില്‍ അവതരിച്ചിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. അതിന് ഇന്നത്തെ പേരാണ് ദേശീയത.
ഭാരതത്തിന്റെ ഇന്ന് അതിന്റെ ഇന്നലെയില്‍ ആഴത്തില്‍ വേരുറച്ചതാണെന്നും അതിന്റെ നാളെ ദീപ്തമായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഹേ ദേശീയതേ! മോദമായോ ഖേദമായോ, മാനമായോ മാനഹാനിയായോ എന്നിലിറങ്ങി വരുക. എന്നെ ഉള്ളത്തില്‍ ഏല്‍ക്കുക.”)
ഡാര്‍ജ്‌ലിങ്ങില്‍, ജഗദീശചന്ദ്രബോസിന്റെ വീട്ടില്‍ കിടപ്പിലായി അന്തിമശ്വാസം വലിക്കുമ്പോള്‍ ആ ഭഗിനിയുടെ അധരങ്ങള്‍ ‘ഭാരത്’ ‘ഭാരത്’ ‘ഭാരത്’ എന്നു മന്ത്രിക്കുകയായിരുന്നു. അവര്‍ ഭാരതത്തെ കണ്ടെത്തി എന്നുപറഞ്ഞാല്‍ അതു അപൂര്‍ണ്ണസത്യമായിരിക്കും. അവര്‍ ഭാരതത്തെ ഉള്ളിലിരുത്തി, ഭാരതം അവരേയും ഉള്ളിലിരുത്തി. ശ്രീരംഗപ്രതിഷ്ഠയില്‍ ദേവഭക്ത ആണ്ടാള്‍ ലയിച്ചു ചേര്‍ന്നതുപോലെ ദേശഭക്ത ഭഗിനീ നിവേദിത ഭാരതത്തില്‍ അലിഞ്ഞുചേര്‍ന്നു.
7
മൗലിക ഐക്യത്തിന്റെ ദ്രഷ്ടാവ്
ഭാരതത്തെ നാനാതലത്തില്‍ കണ്ടെത്തിയവരില്‍ ആനിബസന്ത് ദാര്‍ശനികയായിരുന്നു. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, ഭഗിനി നിവേദിത ഇവരെല്ലാം ആദ്ധ്യാത്മികവിഭൂതികളായിരുന്നു. ഇവരില്‍ പെടാത്ത ഒരു പ്രതിഭാശാലിയായിരുന്നു രാധാകുമുദ മുഖര്‍ജി (മുഖോപാദ്ധ്യായ). അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് 1947 മെയ് മാസത്തില്‍ ചെന്നൈയില്‍ സംഘത്തിന്റെ പ്രഥമവര്‍ഷ ശിക്ഷണത്തിനു പോയപ്പോഴാണ്. കോളേജില്‍ ഞാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സംഘ ശിക്ഷാവര്‍ഗ്ഗുകളില്‍ ബൗദ്ധിക്കിന് എന്ന പോലെ ചര്‍ച്ചയ്ക്കും ഓരോ ദിവസം ഓരോ വിഷയമുണ്ടാകും. ഒരു ദിവസത്തെ വിഷയം ‘ഭാരതത്തിന്റെ മൗലികഐക്യം’ എന്നതായിരുന്നു. പ്രാദേശിക അപര്യാപ്തത മൂലം അക്കാലത്തു ശിക്ഷകന്മാര്‍ മഹാരാഷ്ട്രയില്‍ നിന്നാണ് വരാറ്. ഞങ്ങളുടെ ചര്‍ച്ചാധികാരി സംസ്‌കൃത പ്രൊഫസറായിരുന്ന ഡോ. രാഹുര്‍കര്‍ ആയിരുന്നു. ചര്‍ച്ചാസമാപനത്തിനിടയില്‍ അദ്ദേഹം കലാലയവിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന് ‘ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ’ ആണെന്നു പറഞ്ഞു. അതു സംബന്ധിച്ച വിശദാംശങ്ങളും പറഞ്ഞുതന്നു. പുസ്തകത്തിന്റെ രചയിതാവ് മേല്‍പ്പറഞ്ഞ മുഖര്‍ജിയായിരുന്നു. മഹാരാജാസ് കോളേജ് ലൈബ്രറിയില്‍ തിരക്കിയപ്പോള്‍ ആ പുസ്തകം കിട്ടിയില്ല. പിന്നീട് 1949 ല്‍ കണ്ണൂര്‍ ജയിലിലായിരുന്നപ്പോള്‍ അവിടത്തെ ലൈബ്രറിയില്‍ നിന്നു കിട്ടി. വല്ലാതെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളായിരുന്നു അതില്‍. എല്ലാ ഉദ്ധരണികളും സംസ്‌കൃതത്തിലായിരുന്നതുകൊണ്ട് മനസ്സിലാക്കാന്‍ വിഷമമായിരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന വി.കൃഷ്ണശര്‍മ്മയുടെ സഹായത്തോടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭാരതീയ വിദ്യാഭവന്‍ ആ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ ഒരു പ്രതിവാങ്ങി. ഞാന്‍ മൂന്നുനാലു തവണ വായിച്ച പുസ്തകങ്ങളിലൊന്നാണത്.
ഈ പുസ്തകം ശ്രീ രാധാകുമുദ മുഖര്‍ജി പ്രസിദ്ധീകരിച്ച രീതിയില്‍ പൂര്‍ണ്ണമാക്കിയത് 1913ലാണെങ്കിലും അതു ലേഖനരൂപത്തില്‍ ആദ്യം പുറത്തുവന്നത് 1909ലാണ്. അതായത് കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ നിവേദിതയുടെ ചിന്ത വെളിപ്പെട്ടതിന് ഒരു വര്‍ഷം മുമ്പ് നിവേദിതയുടേയും മുഖര്‍ജിയുടേയുമായ രണ്ടു ചിന്തനങ്ങളും സമകാലികമെന്നര്‍ത്ഥം.
ശ്രീ രാധാകുമുദ മുഖര്‍ജി ബംഗാളിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനിലെ ചരിത്ര പ്രൊഫസര്‍ ആയിരുന്നു. 1914 ല്‍ ലണ്ടനില്‍ അച്ചടിച്ച തന്റെ പുസ്തകത്തിന്റെ സമര്‍പ്പണമായി അദ്ദേഹം എഴുതിയ വാചകം നമ്മുടെ കണ്ണും കരളും തുറക്കും. ഇന്നത്തെ തലമുറയ്ക്കായി അതു സശ്രദ്ധം പകര്‍ത്തട്ടെ.”To the promoters of the Hindu University of Benares for their Noble efforts Towards the conservation And Development of Hindu Learning And Culture In the Service of Humanity” (”മനുഷ്യവംശത്തിന്റെ സേവനാര്‍ത്ഥം ഹൈന്ദവജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും സംരക്ഷണത്തിനും സംവര്‍ദ്ധനത്തിനുംവേണ്ടി ഉല്‍കൃഷ്ടപരിശ്രമങ്ങള്‍ ചെയ്യുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പുരസ്‌കര്‍ത്താക്കള്‍ക്ക്”) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവിന്റെ സംശുദ്ധ പ്രതിബദ്ധത സംശയാതീതമായി വെളിപ്പെടുത്തുന്ന വാക്കുകളല്ലേ ഇവ!
ഭൂമിശാസ്ത്രപരമായ പരാമര്‍ശങ്ങള്‍ മാത്രമേ ഈ പുസ്തകത്തിലുള്ളൂ. ‘സാമൂഹ്യവും മതപരവുമായ വശത്തേയ്ക്കു തിരിയാതെ ഭൂമിശാസ്ത്രപരമായ വശത്തില്‍ മാത്രം ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നു’ എന്ന് ഗ്രന്ഥകാരന്‍ തന്നെ മുഖവുരയില്‍ പറയുന്നുണ്ട്. അങ്ങനെ ആണെങ്കില്‍ തന്നെയും അശോകചക്രവര്‍ത്തിയുടെ വിഖ്യാതശിലാലേഖനങ്ങള്‍ക്കു പുറമേ അദ്ദേഹത്തിന് ഐതരേയ ബ്രാഹ്മണം, ഋഗ്വേദം, വസിഷ്ഠധര്‍മ്മസൂത്രം, ശിവപുരാണം, വിഷ്ണുപുരാണം, ദേവീഗീത, അഥര്‍വവേദം, ശ്രീമദ്ഭാഗവതം, ഗരുഡപുരാണം, സ്‌കന്ധപുരാണം, ശതപഥബ്രാഹ്മണം മുതലായ ധാര്‍മ്മികഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. രാമായണത്തേയും മഹാഭാരതത്തേയും മുറുക്കെ പിടിക്കേണ്ടിവരുന്നു. പ്രാചീനഭാരതത്തെ സംബന്ധിച്ചുള്ള ഏതു മേഖലയിലെ പഠനത്തിനും ഗവേഷണത്തിനും മറ്റെവിടെ പോകാന്‍. വിവര്‍ത്തനത്തെ ആശ്രയിക്കാതെ മൂലത്തെ തന്നെ കയറിപ്പിടിച്ചു എന്നതിലാണ് ഗ്രന്ഥകര്‍ത്താവ് അഭിനന്ദനാര്‍ഹനാകുന്നത്.
പ്രതിപാദ്യം ഖണ്ഡിക്കാനാകാത്ത പരമാര്‍ത്ഥങ്ങളോടെ തെളിയിച്ചതിനുശേഷം ഗവേഷണപടുവായ മുഖോപാദ്ധ്യായന്‍ ഒടുവിലത്തെ പ്രകരണത്തില്‍ സ്പഷ്ടമായി രേഖപ്പെടുത്തുന്നു.”Thus has India been helped both by nature and nurture, by her geographical conditions and historic experience, by her religious ideas and political ideals, to realise herself as a unit to perceive, preserve and promote her individuality in fulfilment of her heaven – appointed mission in the culture-history of the world. Indian thought occupies a distinct place in the evolution of human thought; Indian life has its distinctive part to play in the history of humanity. Human culture would be incomplete and poor without its Indian contribution. The World is in need of India, a living, rejuvenated India – of the strength of her message, her cult, her faith.” (അങ്ങനെ, പ്രകൃതിയും പ്രകൃതവും, ഭൂപരമായ സാഹചര്യങ്ങളും ചരിത്രാനുഭവങ്ങളും മതാശയങ്ങളും രാഷ്ട്രീയാഭിലാഷങ്ങളും ഭാരതത്തെ സ്വയം ഒരേ ഏകകമാണെന്നു തിരിച്ചറിയാന്‍ സഹായിച്ചു. അതു ലോകസാംസ്‌കാരികചരിത്രത്തില്‍ ദൈവദത്തമായ ദൗത്യം നിര്‍വഹിക്കാനുതകുന്ന തനതായ വ്യക്തിത്വം ദര്‍ശിക്കാനും പാലിക്കാനും പോഷിപ്പിക്കാനും തുണയായി. മാനവികചരിത്രത്തില്‍ ഭാരതത്തിന് വ്യതിരിക്തമായ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. ഭാരതത്തിന്റെ ചിന്തനത്തിന് മാനവചിന്തയുടെ വികാസപരിണാമത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഭാരതത്തിന്റെ സംഭാവനയുടെ അഭാവത്തില്‍ മാനവസംസ്‌കൃതി അപൂര്‍ണ്ണവും വികലവുമായിരിക്കും. ശ്രദ്ധയുടേയും വിശ്വാസത്തിന്റേയും സന്ദേശത്തിന്റേയും ബലത്തില്‍ ചൈതന്യവത്തായ പുനരുജ്ജീവിത ഭാരതം ഭൂലോകത്തിന്റെ ആവശ്യമാണ്.”) (പു-138. 1914 പ്രസിദ്ധീകരിച്ചത്.)
1897ല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ അതേ ആശയമല്ലേ ഒരു വ്യാഴവട്ടത്തിനുള്ളില്‍ ഒരു പ്രകാണ്ഡപണ്ഡിതനില്‍ നിന്നു നിസ്സരിക്കുന്നത്? ഇരുപതാം നൂറ്റാണ്ടിന്റെ ആ പ്രഥമ പാദത്തില്‍ അതുപോലുള്ള അനവധി ധിഷണാശാലികളുണ്ടായിരുന്നു. ബംഗാളിലും മഹാരാഷ്ട്രയിലുമായിരുന്നു അവരിലധികം പേര്‍. അവരെല്ലാവരും ഗൃഹസ്ഥന്മാരായിരുന്നു. സ്വാമിജിയേയും നിവേദിതയേയും പോലെ യതികളായിരുന്നില്ല. നിവേദിതയ്ക്കും ആനിബസന്തിനും യഥാര്‍ത്ഥഭാരതത്തെ കണ്ടെത്താന്‍ വിദേശജന്മം വിലക്കായിരുന്നില്ല.
(തുടരും)