ശ്രീശങ്കരന്റെ കാലവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളിലൊന്നുപോലും അവിതര്‍ക്കിതമല്ല. ഇത്തരത്തില്‍ സമ്പൂര്‍ണമായ അവ്യക്തതയും ആശയക്കുഴപ്പവും എ.ഡി. 8-ാം നൂറ്റാണ്ടിലോ അതിന് ശേഷമോ ജീവിച്ചിരുന്ന ശങ്കരനെപ്പോലെ പ്രശസ്തനായ ഒരാളിന് വരാനുണ്ടായ സാഹചര്യം പാണ്‌ഡേയുടെ സമഗ്രപഠനത്തില്‍പ്പോലും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നത് വിചിത്രമാണ്. പാണ്‌ഡേ എഴുതുന്നതനുസരിച്ച്, ശങ്കരന്റെ പാരമ്പര്യജീവചരിത്രകാരന്മാരില്‍ ചിലര്‍ തീര്‍ച്ചപ്പെടുത്തുന്നത് ഗൗഡപാദര്‍ ശങ്കരന്റെ ഗുരുവിന്റെ ഗുരുവും ധാരാളം വര്‍ഷങ്ങളുടെ ഒരു യോഗിയുമായിരുന്നെങ്കിലും അദ്ദേഹം തന്റെ ശിഷ്യന്റെ ശിഷ്യനെക്കാണാനായി ജീവിച്ചിരുന്നുവെന്നാണ്. ഇതൊരു ഐതിഹ്യപരമായ ഊതിപ്പെരുപ്പിക്കലാണെങ്കിലും അടുത്തകാലത്ത് തെളിവിന്റെ ജിജ്ഞാസ നിറഞ്ഞ ഒരു ചെറിയ തുണ്ട് കിട്ടിയിട്ടുണ്ട്. അത്, ശങ്കരനെഴുതുമ്പോള്‍ ഗൗഡപാദര്‍ ജീവിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നതായി കരുതാവുന്നതായ ഛാന്ദോഗ്യഭാഷ്യത്തിലെ ഒരു ഖണ്ഡമുള്‍ക്കൊള്ളുന്നതാണ്. അതെങ്ങനെയെങ്കിലും വിശദീകരിക്കാമെന്നുവച്ചാലും ശങ്കരനും ഗൗഡപാദരും തമ്മിലുള്ള കാലവ്യത്യാസം അരനൂറ്റാണ്ടിലേറെ വരുമെന്നത് യുക്തിസഹമല്ല. എ.ഡി.546നും 569നും മധ്യേയുള്ള പരമാര്‍ത്ഥന്‍ ചൈനീസ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള സാംഖ്യകാരികാഭാഷ്യത്തിന്റെ കര്‍ത്താവാണ് ഗൗഡപാദരെന്ന് പ്രസിദ്ധമാണെന്നും ആഗമശാസ്ത്രത്തെ ഉദ്ധരിച്ചിട്ടുള്ള ഭാവവിവേകത്തിന് മുമ്പാണ് ഗൗഡപാദരെന്ന് വെല്ലസര്‍ വാദിച്ചിട്ടുണ്ടെന്നും ഭാവവിവേകന്‍ എ.ഡി. 490 നും 570 നും മധ്യേയുള്ള ധര്‍മ്മപാലന്റെ മുതിര്‍ന്ന സമകാലികനാണെന്നും ഇത് ഗൗഡപാദരെ 6-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിന് ശേഷം എ.ഡി. 500നും 550നുമിടയ്ക്ക് പ്രതിഷ്ഠിക്കുമെന്നും ഇത് ശങ്കരാചാര്യരെ അദ്ദേഹത്തിന് 2 നൂറ്റാണ്ടോ അതില്‍ക്കൂടുതലോ പിന്നിലാക്കുമെന്നും എന്നാല്‍ ഈ വാദങ്ങളെല്ലാം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നുമൊക്കെ പാണ്‌ഡേ വിശദീകരിക്കുന്നു.26 ഇങ്ങനെ ഒന്നുതൊട്ടൊന്നിലേയ്ക്ക് നീങ്ങുന്ന വാദഗതികള്‍ ഒടുവില്‍ ആകെ ഒരനിശ്ചിതത്വമാണ് അവശേഷിപ്പിക്കുന്നത്.
വടക്കേ ഇന്ത്യയില്‍ കനൗജിലെ ഹര്‍ഷവര്‍ദ്ധന രാജാവിന്റെയും ഡക്കാണില്‍ പുലികേശി രണ്ടാമന്റെയും മരണത്തത്തുടര്‍ന്നുള്ള കാലമാണ് ശങ്കരന്റെതെന്ന് പാണ്‌ഡേ പ്രസ്താവിക്കുന്നു. ഗുപ്തന്മാരുടെയും വാകാടകന്മാരുടെയും തകര്‍ച്ചയ്ക്ക് ശേഷം എ.ഡി. 650 മുതല്‍ പല പ്രാദേശിക രാജാക്കന്മാരും ഉയര്‍ന്നുവരുകയും അവര്‍ തമ്മില്‍ നിരന്തരമായ അധികാരമത്സരങ്ങളുണ്ടാകുകയും ചെയ്തു. വിവിധ ആക്രമണകാരികളുടെ കീഴിലുള്ള സേനകള്‍ പിന്നാലേ പിന്നാലേ ആക്രമണങ്ങള്‍ നടത്തുകയും 8-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അറബികളുടെ കടന്നുകയറ്റം അവയ്‌ക്കൊരു പുതിയ മാനം നല്‍കുകയും ചെയ്തു. ഈ നൂറ്റാണ്ടിന്റെ മുന്നേറ്റത്തില്‍ കാശ്മീരും കനൗജും ഗൗഡരും തമ്മില്‍ വടക്കും; ചാലൂക്യരും പല്ലവരും പാണ്ഡ്യരും പിന്നീട് രാഷ്ട്രകൂടരും തമ്മില്‍ തെക്കും നിരന്തരപോരാട്ടങ്ങള്‍ നടന്നു. ഇവരെല്ലാം അല്‍പ്പകാലം വീതം ആധിപത്യത്തിലിരുന്നു. സാമ്രാജ്യത്വ ഭരണങ്ങള്‍ ക്രമേണ നാടുവാഴിത്ത ഭരണങ്ങള്‍ക്ക് വഴിമാറി. പടിഞ്ഞാറന്‍ ഭൂപ്രഭുത്വവ്യവസ്ഥയില്‍ നിന്ന് വ്യത്യസ്ത മായി ഇന്ത്യയില്‍ ജാതിവ്യവസ്ഥയും ശക്തമായി സ്വാധീനം ചെലുത്തി. അത്തരമൊരു ജന്മിത്ത-ഉടമ്പടി ഭരണവ്യവസ്ഥ (ഫ്യൂഡല്‍-ഫെഡറല്‍)യുടെ സാന്നിധ്യം ശങ്കരന്റെ രചനകളില്‍ കാണാം. ‘ഇന്നെന്ന പോലെ ഒരിക്കലും ഒരു ലോകഭരണാധികാരി (സര്‍വഭൂമാ ക്ഷത്രിയോസ്ഥിതി) ഉണ്ടായിട്ടില്ലെന്ന്’ ബ്രഹ്മസൂത്ര ഭാഷ്യത്തില്‍ (1. 3. 33) ശങ്കരന്‍ പറയുന്നത് പാണ്‌ഡേ ഉദ്ധരിക്കുന്നു. ഒരു ശരിയായ സാമ്രാജ്യാധിപതിയും ശങ്കരന്റെ കാലത്തില്ലായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം സ്വതന്ത്ര ഭരണാധികാരികളെയും ആശ്രിത ഭരണാധികാരികളെയും വേര്‍തിരിക്കുന്നു. ഗുപ്തകാലത്തെ ഭരണ പദാവലികളാണദ്ദേഹം ഉപയോഗിക്കുന്നത്. രാഷ്ട്രീയാരാജകത്വം പാരമ്പര്യസാമൂഹിക വ്യവസ്ഥയ്ക്കുള്ളില്‍ തീര്‍ച്ചയായും ഒരു അവ്യവസ്ഥ വളര്‍ത്തും. ശങ്കരന്‍ തന്റെ കാലത്ത് വര്‍ണാശ്രമധര്‍മ്മങ്ങള്‍ക്കുണ്ടായ നാശം രേഖപ്പെടുത്തുന്നുണ്ട്.- ഇങ്ങനെപോകുന്നുശങ്കരന്റെ കാലത്തെ രാഷ്ട്രവ്യവസ്ഥയെക്കുറിച്ചുള്ള പാണ്‌ഡേയുടെ നിരീക്ഷണങ്ങള്‍.27 ഒരിക്കലും ലോകം മുഴുവന്‍ ഒറ്റ ഭരണാധികാരത്തിന് കീഴിലിരുന്നിട്ടില്ലെന്ന പ്രസ്താവനയെ ശങ്കരന്റെ കാലത്ത് ഒരു സാമ്രാജ്യത്വഭരണമില്ലായിരുന്നുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചാല്‍ എന്നെങ്കിലും അങ്ങനെയൊരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടേണ്ടി വരും. മറിച്ച് അത് യോജിക്കുക നന്ദവംശസാമ്രാജ്യവ്യവസ്ഥാപനത്തിന് മുമ്പുള്ള ബി.സി. 5-ാം നൂറ്റാണ്ടിനായിരിക്കുമെന്നതും ഓര്‍മ്മിക്കണം. വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ പാണ്‌ഡേ പറയുന്ന കാലത്തെല്ലാം ശക്തമായിരുന്നുവെന്നതാണ് ചരിത്രയാഥാര്‍ഥ്യം. 8-9 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ കുലശേഖരന്മാരും പാണ്ഡ്യചോളന്മാരും ഭരിച്ചിരുന്നത് സാമന്തന്മാരായിട്ടല്ല, സ്വതന്ത്ര ഭരണാധികാരികളായിട്ടാണ്. പിന്നീടാണ് അവ തകരുന്നത്. ചുരുക്കത്തില്‍ ചരിത്രഘട്ടങ്ങളുടെ കാലഗണനയില്‍ സൂക്ഷ്മത പുലര്‍ത്താത്തത് ഈ പഠനത്തെ ദുര്‍ബലമാക്കുന്നുണ്ട്. അതിനുകാരണം ശങ്കരാചാര്യരുടെ കാലത്തെക്കുറിച്ചുള്ള മുന്‍വിധിയാണെന്ന് തോന്നുന്നു. ശുകന്മാരെ തോല്‍പ്പിച്ച ഉജ്ജയിനിയിലെ ശ്രീഹര്‍ഷ വിക്രമാദിത്യനെ ഇന്തോബാക്ട്രിയനോ, ഇന്തോസിഥിയനോ ആയി കരുതുന്നതിന് കൃത്യമായ കാരണങ്ങളൊന്നും നല്‍കിക്കാണുന്നില്ലെന്ന് നാരായണ ശാസ്ത്രി പറയുന്നു. ഇങ്ങനെ കരുതുന്നതിനാലാണ് ശ്രീഹര്‍ഷ വിക്രമാദിത്യനെ ചില ഓറിയന്റിലിസ്റ്റുകള്‍ ബി.സി. 1-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.28
പ്രാചീന രേഖകള്‍
എന്നുവച്ച് മൂന്ന് മഠങ്ങള്‍ ബി.സിയില്‍തന്നെ അല്‍പ്പം വ്യത്യാസമുള്ള വര്‍ഷങ്ങള്‍ പറയുകയും ശൃംഗേരി മഠം ബി.സി. 483, 1, എ.ഡി. 8 എന്നിങ്ങനെ മൂന്നഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍ ബി.സി. അഞ്ചാം നൂറ്റാണ്ടാണ് ശ്രീശങ്കരന്റെ ജനനമെന്ന് തെളിയിക്കാന്‍ ശങ്കരവിജയങ്ങളുടെയും ചില ജീവചരിത്രമെഴുത്തുകാരുടെ ഊഹത്തിലധിഷ്ഠിതമായ പിന്‍ബലവും മാത്രം മതിയാകുമോ? ദിവ്യദ്വാരകയില്‍, ബി.സി. 486 ല്‍ ആചാര്യസ്ഥാനമലങ്കരിച്ച സുരേശ്വരന്‍ തൊട്ട് തുടര്‍ച്ചയായി പ്രവര്‍ത്തിച്ച 78 ഗുരുപരമ്പരയുടെ കാലക്രമത്തിലുള്ള പട്ടിക കൊടുക്കുന്നുണ്ട്. കൂടാതെ ശ്രീശങ്കരന്റെ ജനനം മുതല്‍ സമാധിവരെയുള്ള കാലക്രമവും നല്‍കിയിരിക്കുന്നു.29 അതനുസരിച്ച് ജനനം യുധിഷ്ഠിരവര്‍ഷം 2631 (ബി.സി. 506), സമാധി 2663(ബി.സി. 474). യുധിഷ്ഠിരവര്‍ഷം സുപരിചിതമല്ലാത്തതിനാല്‍ അല്‍പ്പമൊന്ന് വിശദീകരിക്കേണ്ടതുണ്ട്. 2874 ല്‍ തുടങ്ങി 505 വര്‍ഷം മാത്രം നിലനിന്നിരുന്നതാണ് യുധിഷ്ഠിരവര്‍ഷമെന്ന് അതിനെപ്പറ്റി പഠിച്ചിട്ടുള്ള പി. ശിവന്‍കുട്ടി നായര്‍ വിശദീകരിക്കുന്നു. യുധിഷ്ഠിരവര്‍ഷം 1 എന്ന് തുടങ്ങുന്നത് 2624 ല്‍ ആണ്. 2, 3, 4 എന്നതിന് പകരം 2625, 26, 27 എന്നിപ്രകാരമാണ് കണക്ക് കൂട്ടുന്നതെന്നും എനിക്കയച്ച ഒരു കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. ടി.എസ്. നാരായണശാസ്ത്രി, 3139 ബി.സിയിലാരംഭിച്ച കലിയുഗവര്‍ഷത്തിന് 37 വര്‍ഷം മുമ്പ് യുധിഷ്ഠിരവര്‍ഷം ആരംഭിച്ചതായി വ്യക്തമാക്കുന്നു. പാണ്ഡവജ്യേഷ്ഠനായ യുധിഷ്ഠിരന്‍ ഭരണത്തിലേറിയ ദിനം മുതലാണ് അതിന്റെ ആരംഭം. ജൈനരും ബൗദ്ധരും മറ്റ് ഇന്ത്യയിലെ അഹിന്ദുക്കളും ഈ വര്‍ഷം ഉപയോഗിച്ചിരുന്നു. 30 3139 ബി.സിയിലാണ് യുധിഷ്ഠിര വര്‍ഷാരംഭമെന്ന് പാണേ്ഡ പറയുന്നുണ്ട്. 31 ഇന്ത്യയില്‍ സൃഷ്ട്യബ്ദം (ബി.സി. 1,955,883,101), കൃത, ദ്വാപര, ത്രേത, കലിയുഗങ്ങള്‍ ചേര്‍ന്ന ചതുര്‍ യുഗം (ദൈവങ്ങളുടെ 12,000 വര്‍ഷങ്ങള്‍ അഥവാ 4,320,000 മനുഷ്യ/സൂര്യ വര്‍ഷങ്ങളടങ്ങിയത്. കലിയുഗം (432,000 സൂര്യവര്‍ഷങ്ങളടങ്ങിയത്. ബി.സി. 3102 ല്‍ ആരംഭിച്ചു), ലൗകിക വര്‍ഷം/സപ്തര്‍ഷി വര്‍ഷം (കലി 24/ബി.സി. 3078 ല്‍ ആരംഭിച്ചു. ചില ഓറിയന്റിലിസ്റ്റുകള്‍ ഇത് കലി 27 ലാണാരംഭിച്ചതെന്നും കരുതുന്നു), യുധിഷ്ഠിര വര്‍ഷം (കലിയുഗത്തിന് 37 വര്‍ഷം മുമ്പ് (ബി.സി. 3139) ആരംഭിച്ചതായി എല്ലാ ഹിന്ദുക്കളും കരുതുന്നു. ബുദ്ധ-ജൈനന്മാരും മറ്റ് അഹിന്ദുക്കളും കലിക്ക് 468 വര്‍ഷത്തിന് ശേഷം /2634 ബി.സി. എന്ന് കരുതുന്നു), ശകവര്‍ഷം (ഉജ്ജയിനിയിലെ ഹര്‍ഷ വിക്രമാദിത്യന്‍ ശകന്മാരെ തോല്‍പ്പിച്ചതിനെത്തുടര്‍ന്ന് ബി.സി. 576) എന്നിങ്ങനെ ആറുവിധ കാലഗണനകളുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഹര്‍ഷവര്‍ഷം (ബി.സി.457), വിക്രമവര്‍ഷം (ബി.സി.57), ശാലിവാഹന വര്‍ഷം (എ.ഡി. 78), കൊല്ലവര്‍ഷം (എ.ഡി. 825) തുടങ്ങി പല വര്‍ഷങ്ങളുമുണ്ട്. ഇവയില്‍ യുധിഷ്ഠിരവര്‍ഷത്തിലാണ് ദ്വാരകാപീഠത്തിലെ കാലഗണന. നാരായണ ശാസ്ത്രി, കാഞ്ചിയിലെയും ശൃംഗേരിയിലെയും ആചാര്യരുടെ പട്ടികയും32 ബൃഹത്ശങ്കര വിജയത്തിലെ വിവരങ്ങളെ ആധാരമാക്കി തയാറാക്കിയിട്ടുള്ള ശ്രീശങ്കരന്റെ ജാതകവും നല്‍കിയിട്ടുണ്ട്.33 ശങ്കരന്റെ കാലം ബി.സി. 509 -477 ആണെന്ന് നാരായണശാസ്ത്രി അഭിപ്രായപ്പെടുന്നു. അച്ഛന്റെ മരണശേഷം അമ്മയുടെ സമ്മതത്തോടെ സന്യാസദീക്ഷ സ്വീകരിക്കാനായി ഗുരുവിനെത്തേടി പുറപ്പെട്ട ശങ്കരന് മുന്നില്‍ ഭഗവാന്‍ അച്യുതന്‍ പ്രത്യക്ഷപ്പെട്ടനുഗ്രഹിച്ചെന്നും അതിനെത്തുടര്‍ന്നാണ് അച്യുതാഷ്ടകം രചിച്ചതെന്നുമെല്ലാമാണ് ഐതിഹ്യം. യാത്രയ്ക്കിടയില്‍ ഗോകര്‍ണത്ത് വച്ച്, കാലടി ഗുരുകുലത്തില്‍ തന്റെ സഹപാഠിയായിരുന്ന വിഷ്ണുശര്‍മ്മന്‍ ശങ്കരനോടൊപ്പം ചേര്‍ന്നെന്നും അദ്ദേഹമാണ് പിന്നീട് ബ്രഹ്മസ്വരൂപാചാര്യര്‍ക്ക് ശേഷം ദ്വാരകാപീഠത്തിലെ ആചാര്യനായിത്തീര്‍ന്ന, ബൃഹത് ശങ്കരവിജയ കര്‍ത്താവായ ചിത്സുകാചാര്യനെന്നും (ബി.സി. 448- 424) നാരായണ ശാസ്ത്രി വിശദീകരിക്കുന്നു.34 ഗോകര്‍ണത്തുകാരനായ അദ്ദേഹം ഗുരുകുല വിദ്യാഭ്യാസകാലം മുതല്‍ സമാധി വരെ ശ്രീശങ്കരനോടൊപ്പമുണ്ടായിരുന്നുവെന്നാണ് ശങ്കരവിജയത്തില്‍നിന്ന് മനസ്സിലാകുന്നത്. നര്‍മ്മദാതീരത്തെ അമരകാന്തത്തില്‍ വച്ച് മകന്‍ ഭര്‍തൃഹരിയെ കാത്തുനിന്നിരുന്ന ഗുരു ഗോവിന്ദയോഗിയെ ശങ്കരന്‍ കണ്ടുമുട്ടുമ്പോഴും അദ്ദേഹത്തോടൊപ്പം വിഷ്ണുശര്‍മ്മനുണ്ടായിരുന്നു. ഗുരുഗോവിന്ദ യോഗി തന്റെ മകന്‍ ഭര്‍ത്തൃഹരിയും ശിഷ്യരുമൊത്ത് നര്‍മ്മദാതീരത്തെ തന്റെ ആശ്രമത്തില്‍ ശങ്കരന്റെ വരവും കാത്തുനില്‍ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.35 ശങ്കരാചാര്യരുടെ ജീവിതത്തിലെ സംഭവങ്ങളെയും അവയുമായി ബന്ധപ്പെട്ട വ്യക്തികളെയും സംബന്ധിച്ച് ആധുനികരും പാരമ്പര്യവാദികളും തമ്മില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെങ്കിലും കാലഗണനയ്ക്ക് സ്വീകരിക്കുന്ന രീതികളും ആധുനികര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അസ്ഥിരതയും ആധാരമാക്കുന്ന സ്രോതസ്സുകളുടെ വിലയിരുത്തലുകളുമാണ് തര്‍ക്കങ്ങള്‍ക്കാധാരം. ആധുനിക ഗവേഷകരുടെ യൂറോകേന്ദ്രീകൃതമായ സമീപനവും സമതുലനാത്മകമായ വിലയിരുത്തലിന് തടസ്സം നില്‍ക്കുന്നുണ്ട്. മറുഭാഗത്ത് പാരമ്പര്യവാദികളുടെ വിശ്വാസാധിഷ്ഠിത നിലപാടുകളും മഠങ്ങളുടെ മൂപ്പിളമത്തര്‍ക്കങ്ങളും ശൃംഗേരിയുടെ വിവാദഗ്രസ്തമായ ശങ്കരവിജയ രഹസ്യവും ആചാര്യപട്ടികയും പ്രശ്‌നമാകുന്നു.
(തുടരും)
പരാമൃഷ്ട കൃതികള്‍
26 Life and Thought of Sankaracharya ]p. 46
27 Ibid ]p. 55-þ56
28 Age of Sankara Introduction p. 25
29 ദിവ്യദ്വാരക പു. 51
30 The Age of Sankara p. 15-17
31 Life and Thought of Sankaraacaarya p. 41
32 Ibid Appendix iii
33 Ibid p. 288
34 Ibid p. 39-þ40
35 Ibid p. 63